അടഞ്ഞുകിടക്കുന്നതെല്ലാം വേഗം തുറക്കണോ?
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ മലയാളികള്‍ക്കുമുന്നിലെത്തുന്ന നാലാമത്തെ അവസരമാണിത്. ഇങ്ങനെ പോയാല്‍ പറ്റില്ല എന്ന്, വലിയ പരിക്കുകള്‍ സമൂഹഗാത്രത്തില്‍ ഏല്പിച്ചുകൊണ്ടു മലയാളികള്‍ക്ക്, മൂന്നു മുന്നറിയിപ്പുകള്‍ വന്നു പോയി. ഒന്നാം ഗള്‍ഫ് യുദ്ധമായിരുന്നു ആദ്യത്തെ വാണിങ്: രണ്ടായിരത്തിയെട്ടിലെ ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു രണ്ടാമത്തെ മുന്നറിയിപ്പ്. മൂന്നാമത്തേത് പ്രളയവും. പക്ഷെ ഒരിക്കലും നാമൊരു സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയരായില്ല. ഇപ്പോഴളെങ്കിലും അടഞ്ഞുകിടക്കുന്ന സര്‍വഗുലാബി ആപ്പീസുകളും സ്ഥാപനങ്ങളും ഒരു സോഷ്യല്‍ ഓഡിറ്റിനു ശേഷമേ തുറക്കാവു എന്നൊരു കാമ്പയിനായാലോ?
കൊറോണാ ഭീതിയില്‍ അടഞ്ഞുകിടക്കുന്ന ആപ്പീസുകളും സ്ഥാപനങ്ങളും പ്രധാനമായും മൂന്നു വിഭാഗത്തില്‍ പെടുന്നവയാണ് . സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അടച്ചു പൂട്ടിയവ , സാമൂഹ്യ സമ്മര്‍ദ്ദം മൂലം പൂട്ടാന്‍ നിര്‍ബന്ധിതമായവ, സാമൂഹ്യ ബോധം മൂലം സ്വമേധയാ അടച്ചിട്ടവ…. അമ്പലങ്ങളും പള്ളികളും പൂട്ടി ദൈവം ഒളിച്ചോടിയേ എന്നു് ശാസ്ത്ര- യുക്തിവാദികളും അപ്പോള്‍ നിങ്ങളുടെ വ്യവസായ ശാലകളും ആശുപത്രികളും പൂട്ടിപ്പോയതോ എന്ന് മത – ദൈവവാദികളും പരസ്പരം പരിഹസിക്കുന്നതായിരുന്നു ഇടവേളയിലെ പ്രധാന മിമിക്രി . ഇതിന്നിടയില്‍ അടച്ചിടപ്പെട്ടവ ഓരോന്നായി തുറക്കാനുള്ള സമ്മര്‍ദ്ദം ഏറുകയാണ് .
ആദ്യ സമ്മര്‍ദ്ദമുണ്ടാകുന്നത് സര്‍ക്കാരില്‍ നിന്നു തന്നെ . ഉദാഹരണമായി മദ്യശാലകള്‍ .മദ്യം ലഭ്യമല്ലാതായാല്‍ നൂറുകണക്കിനാളുകള്‍ പിടഞ്ഞു മരിച്ചുവീഴും ,ആയിരക്കണക്കിനാളുകളെ ആസ്പത്രികളിലേക്ക് കെട്ടിയെടുക്കേണ്ടി വരും, മുക്കിനും മൂലയിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ വേണ്ടിവരും എന്നെല്ലാമുള്ള ഭീതി കെട്ടിച്ചമച്ചതായിരുന്നു എന്നു ബോധ്യമായല്ലോ ..ഡീ അഡിക്ഷന്‍ കൗണ്‍സലിങിനു പോലും സമീപിച്ചത് രണ്ടായിരത്തഞ്ഞൂറിനു താഴെപ്പേര്‍ മാത്രമാണത്രേ . എക്‌സൈസുകാരുടെ കാര്യമായ ‘ വന്‍ റെയ്ഡുകളൊന്നും റിപ്പോര്‍ട് ചെയ്യപ്പെട്ടുമില്ല . എങ്കില്‍ മദ്യം ആരുടെ ആവശ്യമാണ് ? ഏതായാലും സാദാ കുടിയന്മാരുടേതല്ല . മദ്യം വിറ്റ് ആ കൊള്ളലാഭം കൊണ്ട് ശമ്പളവും പെന്‍ഷനും പങ്കുവെയ്‌ക്കേണ്ടി വരുന്ന സര്‍ക്കാരിന്റേതാണ് ആദ്യ ധൃതി.
എങ്കില്‍ ബീവറേജ് ഔട്ട്‌ലെറ്റുകളും ഷാപ്പുകളും . ബാറുകളും വീണ്ടും തുറക്കുംമുമ്പേ നമ്മുടെ മദ്യനയത്തിന്റെ കാര്യത്തില്‍ വീണ്ടു വിചാരമാവശ്യമില്ലേ ?മിനിമം എത്ര മദ്യമാണ് നമുക്കാവശ്യമായി വരിക ? ഇവിടെത്തന്നെ ലഭ്യമായ മദ്യങ്ങളെന്തെല്ലാം ?ഉദാഹരണമായി കള്ള് ശരിക്കു ചെത്തുകയും ഷാപ്പുകളില്‍ വിളമ്പുകയും (ഇപ്പോള്‍ കറിക്കച്ചവടം നിയമപരമായി അനുവദിക്കപ്പെട്ടിട്ടുമുണ്ട്) ചെയ്യാമല്ലോ . ഗോവയിലേതുപോലെ കശുമാങ്ങയില്‍ നിന്ന് ഫെനിയുണ്ടാക്കുന്നതും പരിഗണിക്കാവുന്നതാണ്. വിദഗ്ദരുടെ സര്‍ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലോ മറ്റോ ഓണ്‍ലൈന്‍ കച്ചവടവുമാവാം . ഏതായാലും ഒറ്റയടിക്ക് പകുതിയെങ്കിലും മദ്യോപയോഗം വെട്ടിക്കുറക്കാവുന്നതേയുള്ളു .മദ്യനിരോധന സമിതി പ്രസിഡണ്ട് പെന്‍ഷന്‍ വാങ്ങുന്നത് കള്ളുകാശു കൊണ്ടാവുന്ന നാട്ടില്‍ ഇത്തിരി പരിഗണനയും പ്രാഥമിക സൗകര്യങ്ങളും കുടിയന്മാര്‍ക്ക് നല്കുകയുമാവാം.അതുകൊണ്ട് മദ്യശാലകള്‍ തുറക്കാന്‍ ധൃതി പിടിക്കല്ലേ …..
പൂട്ടിക്കിടക്കുന്ന നെടുനെടുങ്കന്‍ ആസ്പത്രികള്‍ നോക്കു .അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ആസ്പത്രി സമുച്ചയങ്ങള്‍ തന്നെ പൂട്ടിക്കിടന്നിട്ടും ഡോക്ടര്‍മാരുടെ പ്രാക്ടീസ് അമ്പേ നിലച്ചുപോയിട്ടും കൂട്ട മരണങ്ങളുണ്ടായില്ലല്ലോ . ‘ഒരുപക്ഷേ മരണനിരക്ക് കുറയുകയാണുണ്ടായത് രോഗ ചികിത്സയും .90 ശതമാനം രോഗങ്ങളും തനിയെ മാറുന്നതാണെന്ന് ഡോക്ടര്‍മാര്‍ പോലും സ്വകാര്യമായി സമ്മതിക്കും .പിന്നെന്തിനായിരുന്നു ഈ ചികിത്സാവ്യവസായം കൊഴിപ്പിച്ചെടുത്തത് ? അതുകൊണ്ട് ആസ്പത്രികളും മരുന്നുഷാപ്പുകളും അത്യാവശ്യമുള്ളത് ,അതും പ്രാഥമിക ചികിത്സക്കു വേണ്ടിയുള്ളതും സ്‌പെഷ്യലിസ്റ്റ് ചികിത്സക്കുള്ളതും മാത്രം തുറന്നാല്‍ മതിയാകും . ചികിത്സയേക്കാള്‍ രോഗ പ്രതിരോധത്തിനു പ്രാധാന്യം നല്കുന്ന ഒരാരോഗ്യ നയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ പറ്റിയ സമയം വേറെത്? ഓടിയെത്താവുന്ന ദൂരത്തൊരു പ്രാഥമികാരോഗ്യകേന്ദ്രം ,അതിലൊരു ഫാമിലി ഡോക്റ്റര്‍ .നഗ്‌നപാദ ഡോക്റ്ററും നഴ്‌സുമടങ്ങുന്ന ഒരു പാലിയേറ്റിവ് സംഘം വീടുകള്‍ ‘ കയറിയിറങ്ങുന്നതും തന്നെ മതി മിക്ക സാദാ രോഗങ്ങള്‍ക്കും.
പൂട്ടിക്കിടക്കുന്ന വ്യവസായശാലകള്‍ തുറക്കാനും ധൃതി വേണ്ട .കഞ്ചിക്കോട്ടെ കറന്റ്തീനി വ്യവസായങ്ങളും പെരിയാറിനെ കാളിന്ദിയാക്കിയ രാസ വിഷ വ്യവസായശാലകളും പ്രദേശത്തെ ജനങ്ങളുടെ എന്‍ ഒ സി കിട്ടാതെ തുറക്കാമോ ? നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ പോലുള്ളത് ഉല്‍പ്പാദിപ്പിച്ചിരുന്നവ തുറക്കുകയേ അരുത് .
തുറക്കുന്ന ആരാധാനാലയങ്ങളുടെ കാര്യത്തിലും വേണം പുനരാലോചനകള്‍ .ഒരേ വിഭാഗത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ പള്ളികള്‍ ഒരേ തെരുവില്‍ തൊട്ടടുത്ത് തുടരണമോ ? പെരുന്നാളും ഉത്സവവും കൊറോണക്കാലത്ത് സംഭവിച്ചതു പോലെ തുടര്‍ന്നും ആര്‍ഭാടരഹിതമാക്കാമല്ലോ .സംഘടിത മതങ്ങള്‍ക്ക് ആചാരശാഠ്യങ്ങളിലും ആഘോഷ പുളപ്പിലും നിന്ന് ആത്മീയതയിലേക്ക് തിരിച്ചു പോവാന്‍ ഇതാണ് പറ്റിയ അവസരം.
ഇത്രയധികം രാഷ്ടീയ പാര്‍ട്ടികളും പാര്‍ട്ടി ആപ്പീസുകളും ഇനിയും വേണോ നമുക്ക് എന്നുമാലോചിക്കണ്ടേ?ചില യുവജന സംഘടനകളും സാംസ്‌കാരിക സാമൂഹ്യ സംഘങ്ങളുമൊഴിച്ച് കാര്യമായാരും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു കണ്ടില്ല . എന്നാലെന്ത് ,കാര്യങ്ങളെന്തേലും നടക്കാതെ പോയോ ? ‘രാഷ്ട്രീയ’ പ്രവര്‍ത്തനം ഉപജീവന മാര്‍ഗമാക്കിയ ഈ അരാഷ്ടീയക്കൂട്ടത്തെ നാമെന്തിന് തീറ്റിപ്പോറ്റണം ?
സര്‍ക്കാര്‍ ആപ്പീസുകളും ഇക്കാലയളവില്‍ മിക്കവാറും ഭാഗികമായേ തുറന്നുള്ളു . ഉദ്യോഗസ്ഥന്മാര്‍ ഊഴമിട്ടാണ് ആപ്പീസുകളിലെത്തിയിരുന്നത്. സര്‍ക്കാര്‍ ഏകപക്ഷീയമായി പിടിച്ചെടുക്കാന്‍ തുനിഞ്ഞ ശമ്പള വിഹിതത്തെക്കുറിച്ച് ചില തര്‍ക്കങ്ങള്‍ ‘ നടന്നതൊഴിച്ചാല്‍ ഓ, സര്‍ക്കാരേ സ്തംഭിച്ചിരിക്കുകയാണല്ലോ എന്നൊന്നും നമുക്ക് തോന്നിയതേയില്ല .കോടതികളും പെട്ടെന്ന് തുറക്കണോ ? മജിസ്‌ട്രേറ്റുമാരും വക്കീലന്മാരും തലകുത്തിമറിഞ്ഞിട്ടാണോ നിയമവ്യവസ്ഥ നിലനില്‍ക്കുന്നത് ?
പിന്നെന്തെല്ലാം സ്ഥാപനങ്ങളാണ് സര്‍, ധൃതി പിടിച്ച് തുറക്കേണ്ടത് ? സ്വര്‍ണക്കടകളോ തുണിക്കടകളോ റെസ്റ്റോറണ്ടുകളോ ചന്തകളോ ലുലുമാളുകളോ മള്‍ട്ടിപ്പിള്‍ സിനിമാ തിയറ്ററുകളോ എന്തെല്ലാമാണ് ധൃതി പിടിച്ച് തുറക്കേണ്ടത് ?
അതോ, പ്രസാധനാലയങ്ങളും പുസ്തകശാലകളുമോ? അല്ലെങ്കില്‍ തന്നെ കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ മാലിന്യപ്രശ്‌നം പ്ലാസ്റ്റിക്കിനൊപ്പം പുസ്തകങ്ങളെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലോക്ഡൗണ്‍ പിന്‍വലിക്കപ്പെട്ടു കഴിഞ്ഞാല്‍ പുസ്തകങ്ങളുടെ ഒരു വരവുണ്ട് ,ദൈവമേ! മിക്ക അമച്വര്‍ – ‘ പ്രൊഫഷണല്‍ പാര്‍ട്ടികളും കവിതയായും മിന്നല്‍ കഥകളായും നോവലായും ഓവര്‍ടൈം പണിയെടുത്തു കൊണ്ടിരിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. പോലിസ് മേധാവി പോലും കവിതയെഴുതിക്കൊണ്ടിരിക്കുന്നു: എന്റെ കാലത്ത് സ്പര്‍ശം വേണ്ട ,ആശ്ലേഷം വേണ്ട ,ഹസ്തദാനം വേണ്ട! കടിച്ചതിനേക്കാള്‍ വലുതെന്തോ അളയില്‍ നിന്ന് പത്തി വിരിക്കാനൊരുങ്ങുന്നത്രേ …
അതെ ,അടഞ്ഞുകിടക്കുന്ന സര്‍വഗുലാബി ‘ ആപ്പീസുകളും സ്ഥാപനങ്ങളും ഒരു സോഷ്യല്‍ ഓഡിറ്റിനു ശേഷമേ തുറക്കാവു എന്നൊരു കാമ്പയിന്‍ പ്രസക്തമല്ലേ ഇപ്പോള്‍? ആക്റ്റിവിസ്റ്റുകള്‍ക്ക്, അവര്‍ പ്രതിനിധീകരിക്കുന്ന വെറും ജനങ്ങള്‍ക്ക് മുന്‍കൈ കൊടുക്കണ്ടേ? സര്‍ക്കാരിന്റേയും പൊതു സമൂഹത്തിന്റേയും പ്രതിനിധികളോടൊപ്പം വിദഗ്ദരുമുണ്ടാവട്ടെ പരിശോധനാ സമിതിയില്‍. ഇത്രയുമൊക്കെ സഹിച്ചല്ലോ .ഒരു ലോങ്‌ലീവിനു ശേഷം നാമെല്ലാം സാദാ ജീവിതത്തിലേക്കു തിരിച്ചുവരുമ്പോള്‍ പഴയതൊന്നും പഴയതായിത്തന്നെ തുടര്‍ന്നു കൂട .ജീവിതത്തിന്റെ ഓരോ മര്‍മ്മത്തിലും വിരല്‍ തൊട്ട് നാം ചോദിക്കണം: കൊറോണക്കു ശേഷമെങ്കിലും നാം മാറണ്ടേ? നാം തന്നെയുണ്ടാക്കിയ നമ്മുടെ സ്ഥാപനങ്ങളും നമ്മെപ്പോലെ മാറ്റത്തിന് വിധേയമാകണ്ടേ?
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ മലയാളികള്‍ക്കുമുന്നിലെത്തുന്ന നാലാമത്തെ അവസരമാണിത്. ഇങ്ങനെ പോയാല്‍ പറ്റില്ല എന്ന്, വലിയ പരിക്കുകള്‍ സമൂഹഗാത്രത്തില്‍ ഏല്പിച്ചുകൊണ്ടു മലയാളികള്‍ക്ക്, മൂന്നു മുന്നറിയിപ്പുകള്‍ വന്നു പോയി. ഒന്നാം ഗള്‍ഫ് യുദ്ധമായിരുന്നു ആദ്യത്തെ വാണിങ്: ഈ മണിഓര്‍ഡര്‍ സമ്പദ് വ്യവസ്ഥക്കു ദീര്‍ഘകാല നിലനില്‍പ്പില്ല. സ്ഥായിയെന്തങ്കിലും പടുത്തുയര്‍ത്താന്‍ നോക്കൂ. ആദ്യത്തെ ഒരു ‘ ഞെട്ടലിനു ശേഷം, നമ്മുടെ പ്രവാസ ആശ്രിതത്വം കൂടുകയാണുണ്ടായത്. ഭൂതപൂര്‍വമായ, അടിസ്ഥാനമില്ലാത്ത ഒരു കണ്‍സ്ട്രക്ഷന്‍ – റിയല്‍ എസ്റ്റേറ്റ് വെപ്രാളം കൊണ്ടാണ്, ‘ഗള്‍ഫ് ബൂം തീരുന്നു’, ‘പീക്ക് ഓയില്‍’ തുടങ്ങിയ അപായക്കൊടികളെ നമ്മള്‍ കണ്ണില്‍നിന്ന് മറച്ചത്.
രണ്ടായിരത്തിയെട്ടിലെ ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു രണ്ടാമത്തെ മുന്നറിയിപ്പ്. ദൗര്‍ഭാഗ്യവശാല്‍ അതിനുശേഷമുള്ള ഒരു പതിറ്റാണ്ടിലാണ് ആഗോള ഉപഭോക്തൃ ചമയങ്ങള്‍ കൊണ്ട് നമ്മുടെ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും കോലം കെട്ടുന്നതാണ് സംരഭകത്വമെന്ന തെറ്റിധാരണ കേരളത്തില്‍ രൂഢമൂലമായത്. ബ്രാന്‍ഡഡ് ഷോറൂമുകളുടെ, കോഫി ഷോപ്പുകളുടെ, ഷോപ്പിംഗ് മാളുകളുടെ പുതുയുഗം. ക്രെഡിറ്റ് എക്കണോമിയുടെ പൊയ്ക്കാലുകളില്‍ നമ്മളും വേച്ചു നടന്നു. പ്രളയം വരുന്നത് വരെ. ഇത് പഴയ കേരളമല്ല നമുക്കിനി പഴയ മലയാളികളുമാവാനാവില്ല എന്ന് ‘ഞാന്‍ പിഴയാളി’ പറഞ്ഞു പ്രളയജലത്തില്‍നിന്നു നിവരുന്ന ഒപ്റ്റിക്‌സ് നമ്മള്‍ വിജയകരമായി സൃഷ്ടിച്ചു. പിറ്റേന്ന് മുതല്‍ പശ്ചിമഘട്ടം തുരക്കാനും തുടങ്ങി.
എല്ലാം നിശ്ചലമാക്കിയ മഹാമാരിയിതാ, പുതിയ വെല്ലുവിളിയും അവസരവുമായി. ഏതു ജീവിതത്തിലേക്കാണ് തുറക്കേണ്ടത് എന്ന തീരുമാനമനുസരിച്ചല്ലേ എന്ത് തുറക്കണം എന്ന് തീരുമാനിക്കേണ്ടത്?
പ്രളയങ്ങള്‍ ഒന്നും പഠിപ്പിക്കാത്തതുപോലെ കൊറോണയും ഒന്നും നമ്മ പഠിപ്പിക്കുന്നില്ലെങ്കില്‍, ഭൂമി മലയാളമേ ,നിന്റെ തലേലെഴുത്ത്. രണ്ട് കാലില്‍ ആത്മവിശ്വാസത്തോടെയും ആത്മബോധത്തോടെയും നിവര്‍ന്നു നില്ക്കാനുള്ള വിധിയില്ലായിരിക്കും കേരളത്തിന്!
(പുതിയ ലക്കം പാഠഭേദത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in