ജാഞാനപീഠപുരസ്‌കാരവേളയില്‍ ചര്‍ച്ച ചെയ്യേണ്ടത്
ജാതിവാല്‍ എന്നതു സ്വാഭാവികസംഭവം മാത്രമായി കണ്ടാല്‍ മതിയെന്നതാണ് ഇവരുന്നയിക്കുന്ന പ്രധാന വാദം. അങ്ങനെയാണോ? ആണെങ്കില്‍ എന്തുകൊണ്ട് പുലയനെന്നും പറയനെന്നുമുള്ള ജാതിവാല്‍ ആരുടെപേരിലും നാം കാണുന്നില്ല? ഈ പറയുന്നവര്‍ പ്രസ്തുത ജാതികളിലാണ് ജനിച്ചതെങ്കില്‍ ജാതിവെല്‍ വെക്കുമായിരുന്നോ? ഇല്ലെന്നതല്ലേ യാഥാര്‍ത്ഥ്യം?
അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചതിനെ തടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന ചര്‍ച്ചകളും സംവാദങ്ങളും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ, പലരും മറച്ചുവെക്കാനാഗ്രഹിക്കുന്ന തലങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ഏതു പുരസ്‌കാരം പ്രഖ്യാപിച്ചാലും വിവാദങ്ങള്‍ സ്വാഭാവികമാണ്. കായികമത്സരംപോലെ കൃത്യമായ അളവുകോലുകളൊന്നും സാഹിത്യപുരസ്‌കാരങ്ങള്‍ക്ക് സാധ്യമല്ലല്ലോ. ദസ്തവോസ്‌കിക്ക് സാഹിത്യത്തിനുള്ള നോബല്‍ ലഭിച്ചിട്ടില്ല. ഗാന്ധിജിക്ക് സമാധാനത്തിനുളള നോബല്‍ ലഭിച്ചിട്ടില്ല. ബഷീറിന് ജ്ഞാനപീഠം ലഭിച്ചിട്ടില്ല. അത്രയൊക്കെ വിശ്വാസ്യതയേ ഈ പുരസ്‌കാരങ്ങള്‍ക്കുള്ളു. അത്ര പ്രാധാന്യമേ അവക്ക് കൊടുക്കേണ്ടതുമുള്ളു. അതാതു കാലത്തു കമ്മിറ്റിയിലുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് എല്ലാ പുരസ്‌കാരവും. പ്രായോഗകമായി അതേ സാധിക്കൂ. എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനമെടുക്കുക സാധ്യവുമല്ല. തീരുമാനങ്ങളില്‍ കമ്മിറ്റി അംഗങ്ങളുടെ രാഷ്ട്രീയവും മതപരവും ജാതിപരവും വ്യക്തിപരവുമായ ഘടകങ്ങളൊക്കെ സ്വാധീനിച്ചു എന്നും വരാം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളിലടക്കം അത്തരം ആരോപണങ്ങള്‍ നിരന്തരം ഉയരാറുണ്ടല്ലോ. അക്കിത്തത്തിനു പുരസ്‌കാരം ജ്ഞാനപീഠം നല്‍കിയതിലും അത്തരം നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തച്ചിരിക്കാം. അതിനാല്‍ തന്നെ തപസ്യയില്‍ പ്രവര്‍ത്തിച്ചതിനും സഘപരിവാര്‍ സഹയാത്രികനായതിനുമൊക്കെയാണ് പുരസ്‌കാരം എന്ന വിമര്‍ശനം, ശരിയായാല്‍ തന്നെ അതുന്നയിക്കുന്നതില്‍ വലിയ കാര്യമനൊന്നുമില്ല. അവസരം കിട്ടിയാല്‍ ആരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണവ. പ്രഭാവര്‍മ്മക്ക് മികച്ച കവിക്കുള്ള പുരസ്‌കാരം നല്‍കി കെ ജി ശങ്കരപിള്ളക്ക് പ്രോത്സാഹനസമ്മാനം നല്‍കിയ ചരിത്രം കേരള സാഹിത്യ അക്കാദമിക്കുണ്ടല്ലോ.
അതേസമയം പരിശോധിക്കേണ്ട വിഷയം മറ്റൊന്നാണ്. കേരളത്തില്‍ നിന്ന് ജ്ഞനപീഠം ലഭിച്ച് ആറുപേരേയും പരിശോധിക്കുക. ജി ശങ്കരക്കുറുപ്പ്, ശങ്കരന്‍കുട്ടി പൊറ്റെക്കാട് അഥവാ എസ് കെ പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍, ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് അഥവാ ഒ.എന്‍.വി. കുറുപ്പ്, അക്കിത്തം അച്യുതന്‍ നമ്പൂതിരി. ഇവരില്‍ എ,സ് കെ പൊറ്റക്കാട് ഒഴികെയുള്ളവര്‍ എല്ലാം സവര്‍ണ്ണരും തങ്ങള്‍ സവര്‍ണ്ണരാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നവരുമാണ് എന്നതാണത്. മുകളില്‍ സൂചിപ്പിച്ചപോലെ ഇവര്‍ക്ക് പുരസ്‌കാരത്തിനു അര്‍ഹതയുണ്ടോ, അതിനേക്കാള്‍ അര്‍ഹതയുള്ളവരില്ലേ എന്നതെല്ലാം അപ്രസക്തമാണ്. പ്രശ്‌നം എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതാണ്? ഇവരൊക്കെ പഴയ തലമുറയിലെ ആളുകളല്ലേ എന്ന ന്യായീകരണത്തിലും അര്‍ത്ഥമില്ല. കാരണം ഈ ചര്‍ച്ചയില്‍ പുതുതലമുറയിലെ എത്രപേരാണ് സവര്‍ണ്ണവാലുമായി രംഗത്തുവരുന്നതും സംവരണമടക്കമുള്ള ഭരണഘടനാവകാശങ്ങള്‍ക്കുനേരെ പോലും ആക്രോശിക്കുന്നതും. അതിനാല്‍ തന്നെ ഈ വിഷയം വളരെ പ്രസക്തം തന്നെയാണ്.
ജാതിവാല്‍ എന്നതു സ്വാഭാവികസംഭവം മാത്രമായി കണ്ടാല്‍ മതിയെന്നതാണ് ഇവരുന്നയിക്കുന്ന പ്രധാന വാദം. അങ്ങനെയാണോ? ആണെങ്കില്‍ എന്തുകൊണ്ട് പുലയനെന്നും പറയനെന്നുമുള്ള ജാതിവാല്‍ ആരുടെപേരിലും നാം കാണുന്നില്ല? ഈ പറയുന്നവര്‍ പ്രസ്തുത ജാതികളിലാണ് ജനിച്ചതെങ്കില്‍ ജാതിവെല്‍ വെക്കുമായിരുന്നോ? ഇല്ലെന്നതല്ലേ യാഥാര്‍ത്ഥ്യം? അതിന്റെ കാരമം വളരെ ലളിതമാണ്. നമ്പൂതിരിപ്പാടെന്നോ നായരെന്നോ വാല്‍ വെക്കുമ്പോള്‍ ലഭിക്കുന്ന സാമൂഹ്യപ്രിവിലേജ് പറയനെന്നോ പുലയനെന്നോ വെക്കുമ്പോള്‍ ലഭിക്കില്ല എന്നതുതന്നെ. ഈ പച്ചയായ യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് ഈ വിഷയത്തെ വളരെ ലളിതമായി കാണാന്‍ പലരും ശ്രമിക്കുന്നത്്. പ്രത്യേകിച്ച് അറിഞ്ഞും അറിയാതേയും ഈ പ്രിവിലേജ് അനുഭവിക്കുന്നവര്‍. ഒരു കാലത്ത് അയിത്തവും വിവേചനവുമൊക്കെ പ്രകടമായിരുന്നെന്നും ഇന്നതില്ല എന്നും ഇവര്‍ കൂട്ടിചേര്‍ക്കുന്നു. ചെറിയ മാറ്റങ്ങളെങ്കിലുമുണ്ടാകാന്‍ എത്രയോ പോരാട്ടങ്ങള്‍ നടത്തേണ്ടി എന്നിവര്‍ പറയാറില്ല. എന്നിട്ടും ഇന്നും മനസ്സില്‍ അയിത്തം സൂക്ഷിക്കുന്നവര്‍ തന്നെയല്ലേ നമ്മള്‍. അല്ലെങ്കില്‍ ഒരു നമ്പൂതിരി, പുലയന്റെ വീട്ടില്‍ സാധാരണ രീതിയനുസരിച്ച് വവാഹാലോചന നടത്തുമല്ലോ…വല്ലപ്പോഴും വല്ല പ്രണയവിവാഹവുമല്ലാതെ അത്തരത്തില്‍ അരേഞ്ച് മാരേജ് നടക്കുന്നുണ്ടോ? എസ് സി / എസ് ടി ഒഴികെയുള്ളവരെ ജാതിരഹിതവിവാഹത്തിനു ക്ഷണിച്ചുള്ള പരസ്യങ്ങള്‍ കാണുകയില്ലല്ലോ. ഇത്രയധികം കമ്യൂണിറ്റി മാട്രിമണി സ്ഥാപനങ്ങള്‍ ഉണ്ടാകുകയില്ലല്ലോ. അവയുടെ പരസ്യങ്ങളില്‍ കെ പി എ സിയുടെ ഉല്‍പ്പന്നമായ ലളിതയെ പോലുള്ളവര്‍ പ്രത്യക്ഷപ്പെടുല്ലല്ലോ.. പ്രണയത്തിന്റെ പേരില്‍ കെവിന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലല്ലോ. വിനായകന്മാരും മധുമാരും ജിഷമാരും വാളയാര്‍ സഹോദരിമാരുമൊന്നും ഉണ്ടാകില്ലല്ലോ. മുപ്പതിനായിരത്തോളം ദളിത് കോളനികള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ.
ജാതീയമായ വിവേചനമൊന്നും ഇവിടെയില്ല, സവര്‍ണ്ണജാതിയും അവര്‍ണ്ണജാതിയും നമുക്കുവേണ്ട എന്നു വാദിക്കുന്ന പലരേയും കണ്ടു. ജാതീയവിവേചനമൊന്നും നേരിടാത്തവര്‍ സ്വാഭാവികമായും സവര്‍ണ്ണരായിരിക്കുമല്ല. തങ്ങളെ മനുഷ്യരായി കാണുകപോലും ചെയ്യാത്ത മേല് #സൂചിപ്പിച്ച വിവാഹപരസ്യമൊന്നും അവര്‍ക്ക് ജാതിവിവേചനവമായി തോന്നില്ലല്ലോ. തങ്ങള്‍ പോലും അരിയാതെ പ്രിവിലേജുകള്‍ക്കുമുന്നില്‍ അവര്‍ക്കിതെങ്ങിനെ മനസ്സിലാകാന്‍? സവര്‍ണ്ണ വേഷവും സവര്‍ണ്ണഭക്ഷണവും സവര്‍ണ്ണ ആഘോഷങ്ങളുമൊക്കെ കേരളീയമെന്നാഗോഷിക്കുമ്പോള്‍ അപരരുടെ പ്രശ്‌നങ്ങള്‍ ഇവര്‍ക്കെങ്ങിനെ മനസ്സിലാകും? ജാതിചിന്തയേ വേണ്ട എന്നു പറയുന്ന ഇവരിലെ ഒരു ശതമാനമെങ്കിലും വിവാഹമടക്കം ജീവിതത്തില്‍ അത് പ്രായോഗികമാക്കിയിട്ടുണ്ടോ? ഇതെഴുതുമ്പോള്‍ വന്ന വാര്‍ത്ത, ബാംഗ്ലൂരില്‍ ഇലക്ട്രോണിക് സിറ്റിയില്‍ ജോലി ചെയ്യുന്ന മലയാളിയുവാവും യുവതിയും ആത്മഹത്യ ചെയ്ത വാര്‍ത്തയാണ്. കാരണം, വ്യത്യസ്ഥ ജാതിയായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് അനുവദിക്കാത്തതുതന്നെ.
ജാതിയില്ലാ വാദികളുടെ ഏറ്റവും വലിയ കാപട്യം കാണുക സംവരണത്തോടുള്ള നിലപാടിലാണ്. എന്തിനാണ് ഭരണഘടനയില്‍ ജാതി സംവരണം ഉള്‍പ്പെടുത്തിയത് എന്നതു മനസ്സിലാക്കി അതിനെയാണ് വിമര്‍ശിക്കുന്നതെങ്കില്‍ മനസ്സിലാക്കാം. എന്നാലതുപോലും മനസ്സിലാക്കാതെയാണ് തുല്ല്യതയുടെ പേരില്‍ സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നതും ജാതീയസംവരണം ജാതിചിന്ത വളര്‍ത്തുമെന്ന് പറയുന്നതും. യോഗ്യതയായിരിക്കണം മാനദണ്ഡം എന്നു പറയുമ്പോള്‍ അതുണ്ടാകുന്നതില്‍ സാമൂഹ്യജീവിതത്തിന്റെ പങ്ക് എന്താണിന്നിവര്‍ പറിശോധിക്കുന്നുണ്ടോ? സമൂഹത്തിലെ പാവപെട്ടവരെ കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനുള്ള മാര്‍ഗമല്ല സംവരണം എന്നതുപോലും അവര്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യന്‍ സമൂഹത്തില്‍ സഹസ്രാബ്ദങ്ങവായി സാമുഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌ക്കാരികമായും അടിച്ചമര്‍ത്തപെടുകയും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന ജനസമൂഹങ്ങളെ അവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട്, മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നല്‍കുന്ന പരിരക്ഷകളില്‍ ഒന്നുമാത്രമാണ്. ഇന്നോലം നിഷേധിക്കപ്പെട്ടിരുന്നു അദികാരസ്ഥാനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് സംവരണം. അതാരുടേയും ഔദാര്യമല്ല, അവകാശമാണ്. സാമ്പത്തികനീതിക്കല്ല, സാമൂഹ്യനീതിക്കാണ് പ്രാഥമികമായും സംവരമം നടപ്പാക്കുന്നത്. കാലങ്ങളായി അടിമകളെപോലെയും ചൂഷണത്തിന് വിധേയരായും അവകാശങ്ങള്‍ നിഷേധിക്കപെട്ടും മൃഗതുല്യമായ ജീവിതംനയിക്കാന്‍ വിധിക്കപെട്ട ജനവിഭാഗങ്ങങ്ങളോട് എല്ലാമനുഷ്യരും തുല്യരാണ് എന്നുപറഞ്ഞുകൊണ്ട്, നൂറ്റാണ്ടുകളായി മുഴുവന്‍ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തില്‍ ചുരുക്കംവരുന്ന സവര്‍ണ്ണരോട് മത്സരിച്ച് ജയിക്കാനും അതാണ് ‘തുല്യത’ എന്നും പറഞ്ഞാല്‍, നീതിബോധമുള്ള/ചരിത്രബോധമുള്ള ആര്‍ക്കും അതംഗീകരിക്കാന്‍ കഴിയില്ല. സംവരണം കാലാകാലത്തെക്കുള്ളതല്ല. എന്നതച് ശരിയാണ്. ജനസംഖ്യആനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങള്‍ രാഷ്ട്രീയ/സാമുഹ്യ/സാമ്പത്തിക/സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ തുല്യതയില്‍ എത്തുന്നതുവരെയാണ് സംവരണത്തിന്റെ പ്രസക്തി. എന്നാലതിന്റെ അടുത്തൊന്നും ഇന്നും നമ്മളെത്തിയിട്ടില്ല. മാത്രമല്ല, മുളയന്‍ മജിസ്ട്രാറ്റായാല്‍ എന്ന പൊതുബോധമാണ് ഇന്നും സമൂഹത്തില്‍ പ്രബലം. അവിടെയാണ് നിഷ്‌കളങ്കരെന്നു നടിച്ച് കുറെ പേര്‍ ജാതിയില്ലെന്നും സംവരണമാവശ്യമില്ലെന്നും പറഞ്ഞ് രംഗത്തെത്തുന്നത്.
ജാതിയെന്നത് നമ്മള്‍ വിചാരിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല. ഏറ്റവും മുകളില്‍ നിന്ന് ഏറ്റവും താഴെവരെ അടിമുടി ജനാധിപത്യവിരുദ്ധമായി നിലനില്‍ക്കുന്ന ഒരു സംവിധാനമാണ്. ജാതിയില്ലെന്ന് ഒരാളോ കുറെ പേരോ വിചാരിച്ചാല്‍ ഇല്ലാതാകുന്നതല്ല അത്. അതൊരു സാമൂഹ്യയാഥാര്‍ത്ഥ്യമാണ്. സവര്‍ണ്ണവിഭാഗങ്ങള്‍ക്ക് എന്നുമതിന്റെ ആനുകൂല്യം ലഭിക്കുന്നു. അതിന്റെ പ്രകടമായ ഉദാഹരണമാണ് നമ്പൂതിരിമാരും നായന്മാരും പിള്ളമാരുമൊക്കെ ജ്ഞാനപീഠം നേടുന്നത്. ആ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതിനുള്ള ഏറ്റവും മികച്ച ്‌വസരം തന്നെയാണിത്. അക്കിത്തത്തിന് പുരസ്‌കാരത്തിന് അര്‍ഹതയുണ്ടോ, അതിനേക്കാള്‍ അര്‍ഹതയുള്ളവരില്ലേ എന്നതിന് ഈ ചര്‍ച്ചയില്‍ വലിയ പ്രസക്തിയൊന്നുമില്ല. ചര്‍ച്ച ചെയ്യേണ്ടത് ഏതൊരു സംവിധാനത്തേയും അതിജീവിക്കുന്ന ജാതിയെന്ന ജനാധിപത്യവിരുദ്ധ സംവിധാനത്തെ കുറിച്ചാണ്. ആധുനികരെന്നഭിമാനിക്കുമ്പോഴും നിലനില്‍ക്കുന്ന ജാതീയ വിവേചനങ്ങളേയും പീഡനങ്ങളേയും കുറിച്ചാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in