വാളയാര്‍ കേസില്‍ കൊലകുറ്റം ചുമത്തി അന്വേഷണം സി.ബി.ഐ.ക്ക് വിടണം
വാളയാര്‍ അട്ടപ്പള്ളത്തെ കുരുന്നുകളുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പര്യാപ്തമല്ല.
വാളയാര്‍ കേസില്‍ കൊലകുറ്റം ചുമത്തുന്ന എഫ്.ഐ.ആര്‍. തയ്യാറാക്കി അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന് വിവിധ ദളിത് – ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. ഈആവശ്യമുന്നയിച്ച് നീതിക്ക് വേണ്ടി ജനാധിപത്യ കേരളം എന്ന പേരില്‍ നവം. 16 ന് അട്ടപ്പള്ളത്തേക്ക് മാര്‍ച്ച് ചെയ്യും. എം. ഗീതാനന്ദന്‍ (ആദിവാസി ഗോത്രമഹാസഭ), സി.എസ്. മുരളി (കേരള ദലിത് മഹാസഭ), സെലീന പ്രാക്കാനം (ഡി എച്ച് ആര്‍ എം), സി.ജെ. തങ്കച്ചന്‍ (ആദിജന സഭ) എന്നിവരാണ് ഇക്കാര്യമറിയിച്ചത്. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം താഴെ.
വാളയാര്‍ അട്ടപ്പള്ളത്തെ കുരുന്നുകളുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പര്യാപ്തമല്ല. കൊലക്കുറ്റം ചുമത്തി അന്വേഷണം നടക്കേണ്ട അങ്ങേയറ്റം ഹീനമായ ഒരു കുറ്റകൃത്യത്തെ പോലീസ്, പൊസിക്യൂഷന്‍, രാഷ്ട്രീയ-ഭരണസംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് അട്ടിമറിച്ചു എന്ന് വ്യക്തമായി തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയവും ദുര്‍ബ്ബലവുമായി പടച്ചുണ്ടാക്കിയ കേസില്‍ അപ്പീല്‍ നല്‍കിയാല്‍ നീതികിട്ടുമെന്ന് കരുതുന്നത് മൗഢ്യമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍ മാത്രമെ ഇരകള്‍ക്ക് നീതി കിട്ടുകയുള്ളൂ. ആത്മഹത്യാസിദ്ധാന്തത്തെ കേന്ദ്രീകരിച്ചുകൊണ്ട് തല്ലിക്കൂട്ടിയ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണവും പ്രഹസനമായി മാറും. കൊല്ലപ്പെട്ട ബാലികമാരുടേത് ആത്മഹത്യ അല്ലെന്നും, ആസൂത്രിതമായ കൊലപാതകമാണെന്നും പ്രഥമദൃഷ്ട്യാ നിഗമനത്തിലെത്തിച്ചേരാനുള്ള തെളിവുകളുണ്ടായിട്ടും ആ വഴിക്കുള്ള ശാസ്ത്രീയ അന്വേഷണം ഭരണതല സ്വാധീനമുപയോഗിച്ച് പ്രതികള്‍ക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടു എന്നതാണ് വസ്തുത. ഈ വസ്തുത അംഗീകരിക്കാതെ അപ്പീല്‍ പോയി ഇരകള്‍ക്ക് നീതി നേടിക്കൊടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ബഹുജനങ്ങളെ കബളിപ്പിക്കാനുള്ളതാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, നീതിയുക്തവും നിയമാനുസൃതവുമായ നടപടിക്ക് തയ്യാറാകണം. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്.ഐ.ആര്‍. തയ്യാറാക്കുന്നതിന്റെ നിയമസാധ്യത സര്‍ക്കാര്‍ തേടണം. കേസന്വേഷണം ബാഹ്യ ഏജന്‍സി ആയ സി.ബി.ഐ.ക്ക് വിടാനും സര്‍ക്കാര്‍ തയ്യാറാകണം.
ദലിതര്‍ക്കെതിരെ നടക്കുന്ന സംഘടിതമായ അതിക്രമത്തിനെതിരെ ദേശീയതലത്തില്‍ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ടെന്ന വസ്തുത ഇടതുപക്ഷ സര്‍ക്കാര്‍ അംഗീകരിക്കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം രാജ്യത്തെ പരമോന്നത നീതിപീഠം ദുര്‍ബ്ബലപ്പെടുത്തിയതിനെതിരെ ദേശീയതലത്തില്‍ മുന്നേറ്റമുണ്ടായത് അടുത്തകാലത്താണ്. നിരവധി പേര്‍ ജീവന്‍ ബലിയര്‍പ്പിച്ചാണെങ്കിലും സുപ്രീം കോടതിയുടെ നിലപാട് തിരുത്തിച്ച സംഭവവും അടുത്തകാലത്തുണ്ടായതാണ്. ഇതില്‍ നിന്നും കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും യാതൊരു പാഠവും പഠിക്കുന്നില്ല എന്നത് സങ്കടകരമാണ്. അങ്ങേയറ്റം ഹീനമായ ദലിത്-സ്ത്രീ കൊലകള്‍ വിവാദമായാല്‍ പോലും പൂര്‍ണ്ണമായും നീതികിട്ടാറില്ല എന്നത് ശ്രദ്ധേയമാണ്. ജിഷ വധം, സൗമ്യ വധം, വിനായകന്‍ വധം, കെവിന്‍ വധം തുടങ്ങിയ സംഭവങ്ങളിലെല്ലാം പോലീസിന്റെ ചാഞ്ചാട്ടം കേരളം കണ്ടതാണ്. അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി കൊല ചെയ്ത കേസില്‍ ഇപ്പോഴും നല്ലൊരു പ്രൊസിക്യൂട്ടറെ നിയോഗിക്കാന്‍ പണമില്ലെന്ന് പറയുന്നവരാണ് ഈ സര്‍ക്കാര്‍. എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമമനുസരിച്ച് നാളിതുവരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ (2002-ന് ശേഷം 10,000 ലധികം കേസുകള്‍ വിചാരണക്കെത്തിയിട്ടുണ്ട്). ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ക്രിമിനലുകള്‍ക്ക് ഭരണകൂട പരിരക്ഷ കിട്ടുന്നു; ഇരകള്‍ ദലിതരും സ്ത്രീകളുമാകുമ്പോള്‍ ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം ജാതിക്കാരായ പ്രതികളെ കുറ്റവാളികളായി കാണാന്‍ കഴിയാത്ത പോലീസ്-പ്രൊസിക്യൂട്ടര്‍ മാരുടെയും ഒരു പരിധി വരെ ജഡ്ജിമാരുടെയും പൊതുബോധമാണ് ഇരകള്‍ക്ക് നീതി കിട്ടാത്തത്തിന് മുഖ്യകാരണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെയോ, പോക്‌സൊ നിയമത്തിന്റെയോ നൈതിക സാധ്യത ഭരിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ‘പോസ്‌കൊ’ നിയമം നിലവില്‍ വന്നതിന് ശേഷം ആദിവാസികളെ തുറുങ്കിലടക്കാനാണ് നിയമം ഏറെ ഉപയോഗിച്ചതെന്നും ശ്രദ്ധേയമാണ്. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ ബാദ്ധ്യസ്ഥനായ ഒരു ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ബഹു. ശ്രീ. പിണറായി വിജയന്‍ അവസരത്തിനൊത്ത് ഉയരുമോ എന്നാണ് പൗരലോകം ഉറ്റുനോക്കുന്നത്.
അട്ടപ്പളം കുരുന്നുകള്‍ക്ക് നീതികിട്ടാന്‍ കേരളത്തിലെ ആദിവാസി-ദലിത് സമൂഹം ശക്തമായി പ്രതികരിക്കും. നവംബര്‍ 16 ന് (ശനി) നീതിക്ക് വേണ്ടി, കേരളത്തിലെ ജനാധിപത്യ ലോകം അട്ടപ്പള്ളത്തേക്ക് മാര്‍ച്ച് ചെയ്യും. സംസ്ഥാന ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടി കളെക്കുറിച്ച് ആലോചിക്കാന്‍ നവംബര്‍ 3ന്, (2 മണിക്ക്) എറണാകുളം ശിക്ഷക് സദനില്‍ വിവിധ സംഘടനകളുടെ നേതൃത്വ കണ്‍വെന്‍ഷന്‍ ചേരുന്നതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in