കാടര്‍ കാടു തിരിച്ചുപിടിക്കുകയാണ്
നൂറ്റാണ്ടുകളായി തങ്ങളുടെ പൂര്‍വ്വീകര്‍ കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തൂസൂക്ഷിച്ച ഭൂമി തിരിച്ചു പിടിക്കുകയാണിവര്‍. പേര് അന്വര്‍ത്ഥമാക്കുന്ന പോലെ കാടിന്റെ യഥാര്‍ത്ഥ അവകാശികളായ കാടര്‍. ഇടക്കാലത്ത് പരിഷ്‌കൃത മനുഷ്യനും കാടിന്റ അവകാശികളായി രംഗത്തുവന്ന വനംവകുപ്പും ചേര്‍ന്ന് ഇവരെ സ്വന്തം മണ്ണില്‍ നിന്നു പുറത്താക്കി. മുഴുവന്‍ ജീവജാലങ്ങള്‍ക്കും വരും തലമുറകള്‍ക്കും വേണ്ടി കാടിനെ ഒരു പോറലുമേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ചപ്പോള്‍ ഇവരുടെ മുന്‍ഗാമികള്‍ കരുതിയില്ല, അതിന് ആധാരവും കുടികിടപ്പും മറ്റും ആവശ്യമായി വരുമെന്ന്. കാടിന്റെ ഭാഗമായ തങ്ങള്‍ക്ക് ഒരു മരചില്ല പൊട്ടിക്കാന്‍, പുഴയില്‍ നിന്നൊരു […]
നൂറ്റാണ്ടുകളായി തങ്ങളുടെ പൂര്‍വ്വീകര്‍ കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തൂസൂക്ഷിച്ച ഭൂമി തിരിച്ചു പിടിക്കുകയാണിവര്‍. പേര് അന്വര്‍ത്ഥമാക്കുന്ന പോലെ കാടിന്റെ യഥാര്‍ത്ഥ അവകാശികളായ കാടര്‍. ഇടക്കാലത്ത് പരിഷ്‌കൃത മനുഷ്യനും കാടിന്റ അവകാശികളായി രംഗത്തുവന്ന വനംവകുപ്പും ചേര്‍ന്ന് ഇവരെ സ്വന്തം മണ്ണില്‍ നിന്നു പുറത്താക്കി. മുഴുവന്‍ ജീവജാലങ്ങള്‍ക്കും വരും തലമുറകള്‍ക്കും വേണ്ടി കാടിനെ ഒരു പോറലുമേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ചപ്പോള്‍ ഇവരുടെ മുന്‍ഗാമികള്‍ കരുതിയില്ല, അതിന് ആധാരവും കുടികിടപ്പും മറ്റും ആവശ്യമായി വരുമെന്ന്. കാടിന്റെ ഭാഗമായ തങ്ങള്‍ക്ക് ഒരു മരചില്ല പൊട്ടിക്കാന്‍, പുഴയില്‍ നിന്നൊരു മീന്‍ പിടിക്കാന്‍ അന്നോളം കാണാത്ത ആരുടെയൊക്കെയോ അനുമതി വേണ്ടിവരുമെന്ന്. എന്നാല്‍ സംഭവിച്ചത് അതായിരുന്നു. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്‌ഥ. മരിച്ചാല്‍ സംസ്‌കരിക്കാന്‍ ആറടി മണ്ണുപോലും.
ഇന്നവര്‍ തിരിച്ചുവരുകയാണ്. സ്വന്തം മണ്ണിന്റെ അവകാശം തിരിച്ചുപിടിച്ച്. തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ 13 കോളനികളിലെ ആദിവാസികള്‍. ഒമ്പതെണ്ണം കാടര്‍ കോളനികള്‍. രണ്ടു വീതം മലയര്‍ കോളനികളും മുതുവാന്‍ കോളനികളും. പിന്നെയൊരു മന്നാന്‍ കോളനി.
ആദിവാസികളുടെ ഊരുഭൂമി പട്ടികവര്‍ണ്മമേഖലയായി പ്രഖ്യാപിക്കുക, ആദിവാസി ഗ്രാമസഭാ നിയമം സംസ്‌ഥാനത്തും നടപ്പാക്കുക തുടങ്ങി്യ ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ക്കായി സെക്രട്ടറിയേറ്റിനുമുന്നില്‍ ആദിവാസികള്‍ അനശ്‌ചിതമായി നില്‍ക്കുകയാണല്ലോ. എന്നാല്‍ 2006ല്‍ തന്നെ കേന്ദ്രം പ്രഖ്യാപിച്ച വനാവകാശനിയമം പോലും പ്രബുദ്ധരെന്നു മേനി പറയുന്ന കേരളത്തില്‍ നടപ്പാക്കിയിട്ടില്ല എന്നതാണ് വസ്‌തുത. വനാവകാശം ആദിവാസികള്‍ക്കു നല്‍കാതെ ഇപ്പോഴും നാം കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. എന്നാല്‍ സംസ്‌ഥാനത്താദ്യമായി വാഴച്ചാല്‍ വന മേഖലയിലെ ഈ ആദിവാസികള്‍ വനാവകാശനിയമമുസരിച്ചുള്ള അവകാശങ്ങള്‍ ഒന്നൊന്നായി പൊരുതി നേടുകയാണ്. നമ്മുടെ സര്‍ക്കാരോ മാധ്യമങ്ങളോ രാഷ്ര്‌ടീയപ്രവര്‍ത്തകരോ രേഖപ്പെടുത്താന്‍ മടിക്കുന്ന ഉജ്‌ജ്വലമായ പോരാട്ടമാണ് അവര്‍ നടത്തുന്നത്.
ചാലക്കുടിയില്‍ നിന്ന് വനത്തിനുള്ളിലൂടെ നൂറോളം കിലോമീറ്റര്‍ യാത്രചെയ്‌താല്‍ കേരളത്തിന്റെ അതിര്‍ത്തിയായ മലക്കപ്പാറ. കേരളത്തിലെ അതിമനോഹരമായ കാനനപാതകളില്‍ ഒന്നാണിത്. ഇടക്ക് പ്രസിദ്ധമായ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാം. പിന്നെ വാഴച്ചാല്‍, പെരിങ്ങല്‍ കുത്ത് ഡാം, ലോവര്‍ ഷോളയാര്‍. മലക്കപ്പാറയില്‍ നിന്ന് മിനി കൊടൈക്കനാല്‍ എന്നു വിശേഷിപ്പിക്കാവുന്ന തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലേക്ക് 30 കിലോമീറ്റര്‍ മാത്രം. ഈ പ്രദശങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് കാട്ടാനകളും പുലികളും ഇറങ്ങി വരുമ്പോള്‍. മലക്കപ്പാറയിലാണ് നേരത്തെ സൂചിപ്പിച്ച ആദിവാസി ഊരുകളില്‍ അവസാനത്തേത്. അറുപതോളം കുടിലുകളുള്ള കാടര്‍ കോളനി.
ഒരുകാലത്തും സ്വന്തമായി ഭൂമിയെ കുറിച്ച് ചിന്തിക്കാത്തവരായിരുന്നു ഞങ്ങള്‍. കാടിനെ എല്ലാവരുടേയും സ്വത്തായി കണ്ടവര്‍. കാടിന്റെ ഭാഗമായി ജീവിച്ചവര്‍. ആവശ്യത്തിനുമാത്രം കാട്ടില്‍ നിന്നെടുക്കുകയും അതേസമയം ഒരു പോറലുമില്ലാത്ത സംരക്ഷിച്ചവര്‍. എന്നിട്ടും ഞങ്ങള്‍ക്ക് കാടിന്റെ അവകാശം നഷ്‌ടപ്പെട്ടു. പറയുന്നത് സന്തില്‍. മലക്കപ്പാറ ഊരുക്കൂട്ടം സെക്രട്ടറി.
ഇപ്പോഴിവര്‍ ഒരു ചരിത്രമെഴുതുകയാണ്. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ മുഴുവന്‍ ആദിവാസികളും ചേര്‍ന്ന് എഴുതാന്‍ പോകുന്ന ചരിത്രത്തിന്റെ ആദ്യ അധ്യായം. വനാവകാശനിയമമനുസരിച്ചുള്ള അധികാരങ്ങള്‍ ഒന്നൊന്നായി പിടിച്ചു വാങ്ങുകയാണിവര്‍. കരയുന്ന കുഞ്ഞിനല്ലേ പാലുള്ളു. നിയമമൊക്കെ പാസ്സാക്കിയെങ്കിലും അതാരു നടപ്പാക്കാന്‍? അന്യായമായി കൈവശപ്പെടുത്തിയിട്ടുള്ള അധികാരങ്ങള്‍ സ്വമനസ്സാലെ വിട്ടുകൊടുക്കാന്‍ ആരു തയ്യാറാകും? അതുതിരിച്ചുപിടിക്കാനും അതോടൊപ്പം കാടിനെ സ്വന്തം മക്കളെ പോലെ സംരക്ഷിക്കാനുമാണ് ഇവരിന്നു പോരാടുന്നത്. സന്തിലിനോടൊപ്പം ഊരുമൂപ്പനും ഊരുകൂട്ടം പ്രസിഡന്റുമായ മൈലാമണി, ട്രഷറര്‍ മോഹനന്‍, വടിവേലു തുടങ്ങിയവര്‍. ഊരിലെ മുഴുവന്‍ പേരും ഇവര്‍ക്കൊപ്പമുണ്ട്.
വ്യക്‌തികളുടേ പേരിലല്ല, ഊരുകൂട്ടത്തിന്റെ പേരിലാണ് സാമൂഹിക വനവിഭവ മേഖലയുടെ സംരക്ഷണവും പരിപാലനവും നിയമപരമായ എല്ലാ അധികാരങ്ങളോടെയും ഇവര്‍ നിര്‍വ്വഹിക്കുന്നത്. വനത്തിന്റെ സ്വന്തം മക്കളുടെ നിയന്ത്രണത്തില്‍ നടക്കുന്ന ഈ പങ്കാളിത്ത ഭരണപ്രക്രിയ ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ ശക്‌തമാക്കുകയാണെന്ന് കേരളം അറിയുന്നില്ല എന്നതാണ് വൈരുധ്യം.
സ്വന്തമായ ഭൂമി കാര്യമായി ഇല്ലെങ്കിലും തങ്ങള്‍ പരമ്പരാഗതമായി തന്നെ വനമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്ന് സന്തിലും കൂട്ടരും പറയുന്നു.. വനവിഭവങ്ങള്‍ ശേഖരിച്ചും മീന്‍ പിടിച്ചുമാണ് ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. അതുകൊണ്ടുതന്നെയാണ് വനവിഭവങ്ങള്‍ക്കുമേലുള്ള സാമൂഹ്യാവകാശം ഇവര്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രധാനമായിരിക്കുന്നത്. ഇപ്പോള്‍ അതിനെല്ലാം നിയമപരമായ പരിരക്ഷ കിട്ടിയിരിക്കുന്നു. പരിരക്ഷ മാത്രമല്ല, നിയന്ത്രണവും. ഷോളയാര്‍ ഡാമിന്റെ പേരില്‍ കുടിയൊഴിക്കപ്പെട്ട ഇവര്‍ക്ക് ഇനിയൊരു അതിരപ്പിള്ളിയുടെ പേരില്‍ കുടിയിറക്കപ്പെടുമെന്ന ഭയം പോലുമില്ല. കാരണം നിയമമനുസരിച്ച് ഇവരുടെ അംഗീകാരമില്ലാതെ ഇനിയൊരു കുടിയൊഴിക്കല്‍ സാധ്യമല്ല. അത്തരൊരാവശ്യം വന്നാല്‍ അതുവേണമോ എന്നു തീരുമാനിക്കുന്നത് ഡെല്‍ഹിയിലോ തിരുവനന്തപുരത്തോ തൃശൂരോ ചാലക്കുടിയിലോ പഞ്ചായത്തിലോ അല്ല, ഊരുക്കൂട്ടം യോഗത്തിലാണ്. കാട്ടിലേക്ക് പ്രവേശിക്കാന്‍ നേരത്തെ വനം വകുപ്പിന്റെ അനുമതി വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ വനം വകുപ്പിന് ഇവരോട് ചോദിക്കണം. ജീവിക്കാനാവശ്യമായ വനം വിഭവങ്ങള്‍ ശേഖരിക്കാനും നിയമം ഇവര്‍ക്ക് അവകാശം നല്‍കുന്നു.
മാറ്റക്കട എന്ന സമ്പ്രദായത്തിലൂടെയായിരുന്നു നേരത്തെ തങ്ങള്‍ നിത്യോപയോഗ വസ്‌തുക്കള്‍ വാങ്ങിയിരുന്നതെന്നു പറയുന്നത് മൂപ്പന്‍ മൈലാമണി. ഇവര്‍ ശേഖരിക്കുന്ന മലഞ്ചരക്കുകള്‍ കച്ചവടക്കാര്‍ക്ക് കൊടുക്കുകയും പകരം അവശ്യ സാധനങ്ങള്‍ വാങ്ങുകയും ചെയ്യും. സ്വാഭാവികമായും ആദിവാസികള്‍ ഭീകരമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഷോളയാര്‍ പട്ടികവര്‍ണ്മ സര്‍വ്വീസ് സഹകരണ സംഘം രൂപം കൊണ്ടത്. അതോടെ മലഞ്ചരക്കുകള്‍ക്ക് പണം കിട്ടിത്തുടങ്ങി. എന്നാല്‍ സൊസൈറ്റിയും ഇവരെ ചൂഷണം ചെയ്യുകയായിരുന്നു എന്നു മനസ്സിലായത് അടുത്തയിടെയാണ്. തുച്‌ഛം പണമാണ് ഇവര്‍ക്ക് വിലയായി നല്‍കിയിരുന്നത്. സൊസൈറ്റിയില്‍ ബോര്‍ഡ് മെമ്പര്‍മാരായി ആദിവാസികളുണ്ടെങ്കിലും കൂടുതലും പുറത്ത് നിന്നുള്ളവരാണ്. അവരുടെ ശമ്പളവും സംവിധാനങ്ങളുമൊക്കെ സംരക്ഷിക്കുന്നതിനാണ് കൂടുതല്‍ പണവും ചിലവഴിക്കുന്നത്. സൊസൈറ്റിയുടെ സെക്രട്ടറിയാണ് കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത്. . ആദിവാസികളോട് പരിഗണനയുള്ളവര്‍ സെക്രട്ടറി സ്‌ഥാനത്ത് വന്നാല്‍ എന്തെങ്കിലും ഗുണമുണ്ടാകും. അല്ലെങ്കില്‍ സൊസൈറ്റികൊണ്ടും ആദിവാസികള്‍ക്ക് ഗുണമുണ്ടാകില്ല. വനാവകാശ നിയമം വന്നതോടെ ഇവര്‍ വനവിഭവങ്ങള്‍ നേരിട്ട് മാര്‍ക്കറ്റ് ചെയ്യുന്നു. അപ്പോഴാണ് വിഭവങ്ങളുടെ യഥാര്‍ത്ഥവില മനസ്സിലായതെന്നു സന്തില്‍ പറയുന്നു. ഇപ്പോള്‍ ഭേദപ്പെട്ട വരുമാനം ലഭിക്കുന്നു. അങ്ങനെ വനാവകാശികള്‍ എന്ന പദം അന്വര്‍ത്ഥമാകുന്നു. ചാലക്കുടി പുഴയിലെ മീനും വനത്തിലെ തേനും തെള്ളി, ഏലം, ചീവയ്‌ക്ക, മഞ്ഞക്കൂവ എന്നിവയുമെല്ലാം ഇന്നിവരുടെ പ്രധാനവരുമാനമായി മാറിയിരിക്കുന്നു.
പഞ്ചായത്തിനെ പോലെതന്നെ ഭരണപരമായ അധികാരമുള്ള ഒന്നായി ഊരുക്കൂട്ടം മാറിയിരിക്കുകയാണ്. ഭൂമി ലഭിച്ചാല്‍ മാത്രം പോരല്ലോ, അതുപയോഗിക്കാനും സംരക്ഷിക്കാനുമുള്ള അധികാരവും വേണമല്ലോ. അതാണ് തിരുവനന്തപുരത്തുനടക്കുന്ന നില്‍പ്പുസമരത്തിലെയും പ്രധാന ആവശ്യവും. നമ്മുടെ രാഷ്ര്‌ടീയനേതൃത്വങ്ങളും ഉദ്യോഗസ്‌ഥരും ഈ മുന്നേറ്റത്തെ എതിര്‍ക്കുന്നതില്‍ ഇവര്‍ക്കല്‍ഭുതമില്ല. ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും ഇതുവരെ ലഭിച്ചിരുന്ന അധികാരങ്ങള്‍ ഇല്ലാതാകുന്നു. പഞ്ചായത്തിനൊപ്പം ഊരുകൂട്ടമെന്നത് അവര്‍ക്ക് സഹിക്കാനാവാത്തതാണ്. കാടിനെ അടക്കിവാഴുന്ന വനം വകുപ്പിന്റെ കാര്യം പറയാനുമില്ല. ഇവരൊന്നുംതന്നെ നിയമം വായിച്ചുനോക്കുന്നതുപോലുമില്ല എന്നാണ് ഊരുക്കൂട്ടത്തിന്റെ പരാതി. അവരെയെല്ലാം നിയമം പഠിപ്പിക്കേണ്ട ഉത്തരവാദിത്തവും ഇന്നിവര്‍ക്കാണ്.
വാഴച്ചാല്‍ ഫോറസ്‌റ്റ് ഡിവിഷനില്‍ വരുന്ന മലക്കപ്പാറ ചെക്‌പോസ്‌റ്റ് മുതല്‍ അതിരപ്പിള്ളിക്ക് താഴെ കണ്ണന്‍കുഴി തോട് വരെ ഒമ്പത് ഊരുകള്‍ ഇന്ന് സാമൂഹിക വനവിഭവ മേഖലയാണ്. കാടര്‍ ആദിവാസി ഊരുകളായ വാഴച്ചാല്‍, പൊകലപ്പാറ, പെരിങ്ങല്‍ക്കുത്ത്, മുക്കംപുഴ, വാച്ചുമരം, ആനക്കയം, ഷോളയാര്‍, പെരുമ്പാറ തുടങ്ങിയവയുടേയും മലയ ആദിവാസി ഊരുകളായ വാച്ചുമരം (കനാലിന് അക്കരെ), തവളക്കുഴിപ്പാറ എന്നിവയുടെയും പൊതു വനവിഭവ മേഖലായാണിത്. ഓരോ ഊരിന്റെ പൊതുഭൂമിക്കും അതിരുകളുണ്ട്. ആ മേഖലയിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അവകാശം പ്രസ്‌തുത ഊരിനാണ്. കാടും വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള അവകാശം കൂടിയാണിത്. അമ്പതുവര്‍ഷം മുമ്പു നിലനിന്നിരുന്ന അവകാശങ്ങളാണ് ഇവര്‍ക്ക് തിരിച്ചുലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ വീട്ടാവശ്യത്തിനായി ഒരു മരച്ചില്ല വെട്ടിയാല്‍ വനം വകുപ്പിനു കണ്ണുരുട്ടാന്‍ കഴിയില്ല. എന്നുവെച്ച് വന്യജീവികളെ വേട്ടയാടാനും വന്‍മരങ്ങള്‍ മുറിക്കാനും പാടില്ല. അതൊരിക്കലും തങ്ങള്‍ ചെയ്യില്ല എന്നാണിവരുടെ മറുപടി. സ്വന്തം വീട് ആരെങ്കിലും തകര്‍ക്കുമോ? അതോടൊപ്പം ഈ മേഖലയിലെ ചാലക്കുടി പുഴയിലെ മത്സ്യസമ്പത്തിന്റേയും പരമാധികാരം ഇവര്‍ക്കാണ്. ആ മത്സ്യ സമ്പത്താണ് ഇന്നിവരുടെ ജീവിതം വളരെയധികം മെച്ചപ്പെടുത്തിയിരുന്നത്. അടുത്തകാലംവരെ പലരും ചെയ്‌തിരുന്ന തോട്ടപൊട്ടിക്കലും വലയിടലുമെല്ലാം ഊരുകൂട്ടം നിര്‍ത്തലാക്കി. പിടിക്കുന്ന മീന്‍ ഊരുക്കൂട്ടങ്ങള്‍ നേരിട്ടു വില്‍ക്കുന്നു. വനംവകുപ്പുദ്യോഗസ്‌ഥര്‍ പോലും മനമില്ലാമനസ്സോടെ പണം നല്‍കി മീന്‍ വാങ്ങുന്നു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ട്രോളിംഗ് നിരോധനം പോലെ മത്സ്യങ്ങള്‍ പ്രജനനം നടത്തുന്ന ജൂണ്‍ മാസത്തില്‍ സാമൂഹിക വനമേഖലയില്‍ മീന്‍ പിടുത്തം നിരോധിക്കുന്നു. തങ്ങളുടെ ഊരുകളിലെ സ്വെരജീവിതം തകര്‍ക്കുന്ന അതിരുവിട്ട ടൂറിസത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് ഇവരിപ്പോള്‍ ആലോചിക്കുന്നത്.
ഊരുകള്‍ക്ക് അനുവദിച്ചുകിട്ടിയ സാമൂഹിക വനവിഭവ മേഖലയുടെ അവകാശം എങ്ങനെ ഉപയോഗിക്കണമെന്നുള്ള പ്ലാന്‍ ഊരുക്കൂട്ടം തെരഞ്ഞെടുക്കുന്ന കമ്മിറ്റി തയ്യാറാക്കുകയും അത് വനം വകുപ്പിന്റെ പ്രവര്‍ത്തന പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കുകയും വേണമെന്നാണ് വനാവകാശനിയമം പറയുന്നത്. എന്നാല്‍ പലപ്പോഴും വനം വകുപ്പ് ആ ഉത്തരവാദിത്തം കൈവിടുകയാണ്. നിയമം പഠിക്കാന്‍ പോലും അവര്‍ തെയ്യാറല്ല. അതുകൊണ്ടുതന്നെ പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. ഉദാഹരണമായി ഏലം ഉണക്കുന്നതിനായി തീ കൂട്ടുന്നതിനുള്ള ഉണങ്ങിയ വിറക് വനത്തിനുള്ളില്‍ നിന്ന് ശേഖരിച്ചതിന്റെ പേരില്‍ ആദിവാസികള്‍ക്കെതിരെ വനം വകുപ്പ് രംഗത്തുവന്നിരുന്നു. വനാവകാശ നിയമപ്രകാരം അനുവദിച്ചുകിട്ടിയ പൊതുവനവിഭവ മേഖലയില്‍ നിന്നും വിറക് ശേഖരിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കുറെ പാടുപെട്ടത്രെ. ഇക്കാരണം കൊണ്ടുതന്നെയാണ് കേരളത്തില്‍ എവിടേയും ഈ നിയമം നടപ്പാക്കാത്തത്. സാമൂഹിക വനാവകാശം ലഭിക്കണമെങ്കില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന സാമൂഹിക വനവിഭവ മേഖലയുടെ ഭൂപടം തയ്യാറാക്കണം. ഊരുക്കൂട്ടമാണ് ഭൂപടം തയ്യാറാക്കുന്നതിനുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. അവര്‍ തയ്യാറാക്കുന്ന ഭൂപടം ഊരുക്കൂട്ടങ്ങള്‍ അംഗീകരിക്കുകയും വേണം. ശേഖരിക്കുന്ന വനവിഭവങ്ങളും അവ അതിനായി ഉപയോഗിക്കുന്ന മേഖലകളും ചേരുന്നതാണ് സാമൂഹിക വനവിഭവ മേഖല. ഈ പ്രവര്‍ത്തനം പോലും എവിടേയും നടക്കുന്നില്ല. സര്‍ക്കാരിനോ രാഷ്ര്‌ടീയപാര്‍ട്ടികള്‍ക്കോ അതില്‍ താല്‍പ്പര്യമില്ല. ഹോണ്‍ബില്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ ജി.പി.എസ് ഉള്‍പ്പെടെയുള്ള സംവിധാനമുപയോഗിച്ചാണ് ഇവിടെ ഭൂപടം തയ്യാറാക്കിയത്. കൂടാതെ ഇവരുടെ പരമ്പരാഗത അറിവുകള്‍ക്കനുസരിച്ചും സ്‌ഥലങ്ങള്‍ അടയാളപ്പെടുത്തി. പരമ്പരാഗതമായി വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്ന സ്‌ഥലങ്ങളും മീന്‍ പിടിക്കാന്‍ പോകുന്ന സ്‌ഥലങ്ങളും സാമൂഹിക വനവിഭവ മേഖലയില്‍ ഉള്‍പ്പെടുത്തി. അങ്ങനെ തയ്യാറാക്കിയ ഭൂപടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ചാണ് ഇവര്‍ക്ക് സാമൂഹിക വനാവകാശം നല്‍കിയത്.
ആദിവാസികള്‍ക്ക് വനാവകാശം നല്‍കിയാല്‍ അവര്‍ കാട് വെട്ടിനശിപ്പിക്കുമെന്നാണ് യഥാര്‍ത്ഥ കാട്ടുകള്ളനാര്‍ പറയുന്നത്. അതിനുള്ള മറുപടിയാണ് ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ പറയുന്നത്. പലരും കാട് നശിപ്പിക്കുന്നതില്‍ തങ്ങളെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇവരംഗീകരിക്കുന്നു. എന്നാല്‍ അക്കാലം കഴിഞ്ഞു. ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ തങ്ങളനുവദിക്കില്ലെന്ന ദൃഢനിശ്‌ചയത്തിലാണിവര്‍.
സത്യത്തില്‍ ഊരൂക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ (എ.കെ.എസ്) പ്രവര്‍ത്തകനാണ്. ട്രഷറര്‍ മോഹനനാകട്ടെ കോണ്‍ഗ്രസ്സ് അനുഭാവി. എന്നിട്ടും ഈ പരീക്ഷണം നല്‍കുന്ന സന്ദേശം തങ്ങളുടെ പാര്‍ട്ടികള്‍ പോലും ഉള്‍ക്കൊള്ളാത്തതില്‍ ഇവര്‍ക്ക് വേദനയുണ്ട്. ഭൂമിക്കായി എകെഎസ് പലയിടത്തും സമരം നടത്തുന്നുണ്ട്. എന്നാല്‍ ഭരണഘടനാപരമായ സ്വയംഭരണാവകാശത്തിനും വനാവകാശത്തിനും വേണ്ടി ശബ്‌ദിക്കാന്‍ അവരാരും തയ്യാറാകുന്നില്ല. ഇനിയെങ്കിലും മലക്കപ്പാറയിലെത്തി ജനാധിപത്യവ്യവസ്‌ഥയെ കൂടുതല്‍ ശക്‌തിപ്പെടുത്തുന്ന ഈ മാതൃകയെ മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചെങ്കില്‍ എന്നിവര്‍ ആശിക്കുന്നു. ജാനുവിനോടൊക്കെ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഈ വിഷയമുന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന സമരത്തെ ഇവര്‍ കാണുന്നത് പ്രതീക്ഷയോടെ…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in