ദൈവനിഷേധവാദവും ദലിത് വാദവും എങ്ങോട്ട്?

ദലിത് ബുദ്ധിജീവികളാകട്ടെ, നവ ദൈവനിഷേധികളാകട്ടെ, ഇരുവര്‍ക്കും മാതൃകാ സാമൂഹ്യഘടന കോളനിവല്‍ക്കരണം മുതല്‍ രൂപപ്പെട്ട യൂറോ-അമേരിക്കന്‍ രാഷ്ട്രീയ സാമ്പത്തിക ക്രമം തന്നെയാണ്. ഭാരതീയ സംസ്‌ക്കാരത്തെ പ്രതി ഊറ്റം കൊള്ളുന്ന ഹിന്ദുത്വ മതരാഷ്ട്രവാദത്തിന്റെ മുന്നിലും ബ്രിട്ടീഷ് ഭരണകാലം മുതല്‍ യൂറോ -അമേരിക്കന്‍ സാമ്പത്തിക ക്രമമല്ലാതെ മറ്റൊരു മാതൃകയില്ല. അതിന്റെ രാഷ്ട്രീയഘടന മത /വംശീയ ഏകാധിപത്യമായിരിക്കണം എന്ന ഒറ്റ വ്യത്യാസമേ അവര്‍ ആവശ്യപ്പെടുന്നുള്ളൂ. കമ്യൂണിസ്റ്റുകളും കോളനിവല്‍ക്കരണത്തിലൂടെ രൂപപ്പെട്ട യൂറോ-അമേരിക്കന്‍ കേന്ദ്രീകൃത ഉല്പാദന ഉപഭോഗ ക്രമത്തിന്റെ വക്താക്കള്‍ തന്നെയാണ്.

കേരളത്തിലെ ബൗദ്ധിക മണ്ഡലത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി മുന്നിട്ടുനില്‍ക്കുന്ന രണ്ടു ചിന്താപദ്ധതികളാണ് നവ ദൈവനിഷേധവും ദലിത് വാദവും. ഇന്നത്തെ പല ദലിത് ബുദ്ധിജീവികളും ദൈവനിഷേധികള്‍ കൂടിയാണ്. ഈ രണ്ടു ചിന്താപദ്ധതികളും കഴിഞ്ഞാല്‍ കത്തിത്തീര്‍ന്ന അടുപ്പിലെ ചാരച്ചൂടെന്നപോലെ കമ്മ്യൂണിസ്റ്റ് ആശയധാരയും കിടക്കുന്നുണ്ട്. അതോടൊപ്പം മതദ്വേഷത്തിലും ജാതിവെറിയിലും ലഹരി പിടിപ്പിച്ചു കേരളീയ സമൂഹത്തെ സാമൂഹ്യ-രാഷ്ട്രീയ വിചാരശൂന്യരാക്കി മാറ്റുന്ന ഹിന്ദുത്വ ദേശീയവാദമാകട്ടെ, കത്തിക്കയറിക്കൊണ്ടിരിക്കുന്നു.

ഈ നാലു ആശയധാരകളുടെയും ഉപഭോക്താക്കളോ ഉല്പാദകരോ ആശ്രിതരോ, ഇവയുടെ പലവിധ ചേരുവകളോ ആയി മലയാളി ജീവിക്കുമ്പോള്‍, അതിന്റെ പൊതു പശ്ചാത്തലത്തില്‍ അസമത്വവും അരക്ഷിതത്വവും ശാരീരിക-മാനസികാരോഗ്യ തകര്‍ച്ചയും വ്യക്തി സാമൂഹ്യ തലങ്ങളില്‍ പെരുപ്പിക്കുന്ന നവ ലിബറല്‍ ഭരണകൂട നയങ്ങളുടെ വേലിയേറ്റവും കാണാം.

ഇന്ത്യയിലെ നവ ലിബറല്‍ ഭരണകൂട നയങ്ങളോട് ദലിത് ചിന്തകരുടെയും നവ ദൈവനിഷേധികളുടെയും സമീപനം ഏറെക്കുറെ സമാനമാണ്. ഉദാഹരണമായി, ഇന്ത്യയിലെ കാര്‍ഷിക വിപണിയെ കോര്‍പ്പറേറ്റുകള്‍ക്കു വിട്ടുകൊടുക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരന്ന കര്‍ഷക സമരത്തെ, നവ ലിബറല്‍ മാര്‍ക്കറ്റ് മത്സരങ്ങളെ മാതൃകയായി വാഴ്ത്തിക്കൊണ്ട് നവ ദൈവനിഷേധികള്‍ എതിര്‍ക്കുകയുണ്ടായി. ദലിത് ചിന്തകരാകട്ടെ ഇത്തരം വിഷയങ്ങളില്‍ മൗനം പാലിച്ചുകൊണ്ടോ, അതു തങ്ങളുടെ താല്‍പ്പര്യ പരിധിയില്‍ പെടാത്ത കാര്യമാണെന്നു കരുതിയോ പരോക്ഷമായി നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ അനുകൂലിച്ചു പോരുന്നു. അതേപോലെ, കേരളത്തില്‍ കെ റെയില്‍ പദ്ധതിയും അദാനിയുടെ തുറമുഖവും വന്നപ്പോള്‍ അവയെ സര്‍വ്വാത്മനാ നവ ദൈവനിഷേധികള്‍ പിന്തുണച്ചു. പല ദലിത് ബുദ്ധിജീവികളും കെ-റെയിലിനെ സ്വാഗതം ചെയ്തിരുന്നു. ചുരുക്കത്തില്‍ നവ ലിബറല്‍ നയങ്ങളുടെ ഭാഗമായ അപകടകരമായ സ്വകാര്യവല്‍ക്കരണത്തോടും കൂട്ട കുടിയൊഴിക്കല്‍ വികസനത്തോടുമുള്ള സമീപനത്തില്‍ നവ ദൈവനിഷേധികളും ദലിത് ചിന്തകരും സമാനഹൃദയരാണെന്നു കാണാം.

എന്നാല്‍ നവ ദലിത്-പിന്നാക്ക സമുദായങ്ങളുടെ സംവരണ വിഷയത്തിലും സംവരണം അട്ടിമറിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിലും അവര്‍ രണ്ടു ചേരിയായി പിരിയുന്നുണ്ട്. നവ ലിബറല്‍ ഭരണകൂട നയങ്ങളെ എതിര്‍ക്കാത്തവരാണെങ്കിലും, അതിന്റെ ഇന്നത്തെ ഇന്ത്യന്‍ നിര്‍വ്വാഹകരായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകരാണ് നമ്മുടെ ദലിത് ബൗദ്ധിക സമൂഹം. ഹിന്ദുത്വ രാഷ്ട്രീയത്തെ കര്‍ക്കശമായി എതിര്‍ക്കുന്ന ഒരു വിഭാഗം നവ ദൈവനിഷേധികളും ദലിത് ചിന്തകരും പരസ്പരം ഒന്നിക്കുമ്പോള്‍ ഹിന്ദുത്വരാഷ്ട്രീയം, സംവരണ അട്ടിമറി എന്നിവയെ കൂടി പിന്തുണയ്ക്കുന്നവരാണ് മറ്റൊരു കൂട്ടം നവ ദൈവനിഷേധികള്‍.

കറകളഞ്ഞ ദൈവ നിഷേധികളെന്നു ഈ വിഭാഗക്കാരെ വിളിക്കാന്‍ ഒരു കാരണമുണ്ട്. കേരളത്തില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ വലതുപക്ഷ ക്രിസ്തീയ ജൂത/വംശീയ ദേശീയവാദത്തെയും നവ ലിബറല്‍ ഭരണകൂട നയങ്ങളെയും പിന്തുണക്കുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ ജാതിവ്യവസ്ഥയുടെ അനീതി പാരമ്പര്യമുള്ള ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ ഒരു വിഭാഗം നവ ദൈവനിഷേധികളും ദലിത് ചിന്തകരും സാമൂഹ്യനീതിയുടെ ശത്രുപക്ഷത്ത് ഹിന്ദുത്വ രാഷ്ട്രീയത്തെ കാണുന്നു എന്നതാണ് ഇവരിലെ വിഭാഗീയതയ്ക്കു കാരണം. അതായത്, ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തോടും അത് പ്രതിനിധാനം ചെയ്യുന്ന ജാതിവ്യവസ്ഥയോടുമുള്ള കലഹം മാറ്റി നിര്‍ത്തിയാല്‍, നവ ദൈവനിഷേധികള്‍ക്കിടയിലും അവരെ പിന്‍പറ്റുന്ന ദലിത് ചിന്തകര്‍ക്കിടയിലും പിന്നെ അഭിപ്രായവ്യത്യാസങ്ങളേതുമില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നവ ദൈവനിഷേധികളിലെ കറകളഞ്ഞ പക്ഷം ഹിന്ദുത്വ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ ഒരു കാരണം ഹിന്ദുത്വഭരണവര്‍ഗ്ഗം നവ ലിബറല്‍ നയങ്ങളുടെ ഉത്തമ നടത്തിപ്പുകാര്‍ ആയതു കൊണ്ടാണ്. രണ്ടാമത്തെ കാരണമാകട്ടെ മുസ്ലീംങ്ങളെ ലോകദ്രോഹികളായി മുദ്രകുത്തി ഇസ്ലാമോഫോബിയ പരത്തുന്നതില്‍ നവ ദൈവനിഷേധികള്‍ ആഗോള തലത്തില്‍ തന്നെ ബദ്ധശ്രദ്ധരായിരിക്കുന്നു എന്നതാണ്.

ഇന്ത്യയിലെ ഹിന്ദുത്വഭരണം മുസ്ലീങ്ങളെ വേട്ടയാടാന്‍ നേതൃത്വം നല്‍കി, ഹിന്ദുവോട്ടുകള്‍ ഏകീകരിച്ചു ഭരണം കരസ്ഥമാക്കി. നവ ലിബറല്‍ നയങ്ങളും അതിന്റെ ഭാഗമായ ഭരണകൂട ഭീകരതയും അധികാര കേന്ദ്രീകരണവും അഴിമതിയും അധാര്‍മ്മികതയും പെരുപ്പിക്കുന്നതു പോലെ, ലോകതലത്തില്‍ ഇസ്ലാമിനെ പ്രതിയാക്കി നിഴല്‍യുദ്ധം നടത്തിച്ചുകൊണ്ട് നവ ലിബറല്‍ അനീതികള്‍ക്കെതിരെയുള്ള ജനശ്രദ്ധയെ വഴി തിരിച്ചുവിടുകയാണ് നവ ദൈവനിഷേധികള്‍.

ദൈവം മനുഷ്യരെ പല ശ്രേണികളായി തന്നെ സൃഷ്ടിച്ചതിനാല്‍ സാമൂഹികമായ അസമത്വവും അനീതിയും ഈശ്വരശിക്ഷയായി അവതരിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് തഴച്ചുവളരാന്‍ ഏറ്റവും പറ്റിയ വിളനിലമാണ് മാനുഷിക നീതിയും സമത്വവും മാനിക്കാത്ത നവ ലിബറല്‍ സാമ്പത്തിക സാംസ്‌ക്കാരിക ഘടന. നവ ദൈവനിഷേധികളാകട്ടെ അനീതിയും അസമത്വവും ദൈവസൃഷ്ടിയായിട്ടല്ല, പരിണാമദൃഷ്ട്യാ തന്നെ ശാസ്ത്ര സത്യമായി ഉള്‍ക്കൊള്ളുന്നു. മനുഷ്യര്‍ തമ്മില്‍ മത്സരിച്ചു കരുത്തര്‍ അതിജീവിക്കുമ്പോള്‍, അതില്‍നിന്നും ഗുണമേന്മയുള്ളവര്‍ മാത്രം നിലനില്‍ക്കുമെന്നും, അതാണ് മാതൃകാ സമൂഹമെന്നും അവര്‍ സിദ്ധാന്തിക്കുന്നു. ഇപ്രകാരം കരുത്തരായ അര്‍ഹരെ മാത്രം നിലനിര്‍ത്തുന്ന നവ ലിബറല്‍ രാഷ്ട്രീയ സമ്പദ്ക്രമം തികച്ചും ശാസ്ത്രീയ സാമൂഹ്യഘടനയായി നവ ദൈവനിഷേധികള്‍ ആദര്‍ശമാക്കുന്നു.

എന്നാല്‍ ദലിത് ചിന്തകര്‍ നവ ലിബറല്‍ വ്യവസ്ഥയെ ആദരിക്കുന്നവരാകാന്‍ കാരണം അത് ഇന്ത്യയിലെ ജാതിഘടനയെ തകര്‍ത്ത് ദലിത് സമൂഹത്തിന് സാമൂഹ്യനീതി ഉറപ്പാക്കാന്‍ ഉതകും എന്നവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതുകൊണ്ടാണ്. അതായത് നവ ലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ പഴയ കോളനി വാഴ്ചപോലെ ഇക്കാലത്ത് ആഗോളതലത്തില്‍ സംഭവിക്കുന്നു. ബ്രിട്ടീഷ് കോളനിവാഴ്ചയും പാശ്ചാത്യ വിദ്യാഭ്യാസവും ജാതിവ്യവസ്ഥയുടെ ബന്ധനങ്ങളെ പൊട്ടിച്ചെറിയാന്‍ തങ്ങളെ പ്രാപ്തരാക്കിയതിനാല്‍, ഇന്നത്തെ നവ ലിബറല്‍ കോര്‍പ്പറേറ്റ് വികസനം തങ്ങളെ ജാതിബന്ധനത്തില്‍ നിന്നും കൂടുതല്‍ സ്വതന്ത്രരാക്കുമെന്നു കരുതുന്നവരാണ് കേരളത്തിലെ ദലിത് ബുദ്ധിജീവികള്‍.

ഇന്ത്യന്‍ സാമൂഹ്യഘടനയില്‍ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താല്‍പ്പര്യങ്ങളെ വളര്‍ത്തുന്നതിനു അനുഗുണമായ വിധത്തില്‍ ബ്രിട്ടീഷ് ഭരണം മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നത് നേരാണ്. ഉദാഹരണമായി, ദലിതുകളായ പറയരെയും മറ്റും സൈന്യത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് 1757ലെ പ്ലാസിയുദ്ധം മുതലുള്ള യുദ്ധങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് ജയിക്കാനായതും, 1857ലെ ഒന്നാം സ്വതന്ത്ര്യസമരത്തെ അവര്‍ക്ക് പരാജയപ്പെടുത്താനായതും (യഥാര്‍ത്ഥത്തില്‍ ജാതി-മത പരിഗണനകള്‍ ഇല്ലാതെ തന്നെ സൈനിക സംവിധാനം രൂപീകരിച്ചിരുന്ന ഹൈദരലി, ടിപ്പു, ശിവാജി, അക്ബര്‍, രഞ്ജിത് സിംഗ്, ബാഹ്മനി സുല്‍ത്താന്മാര്‍ എന്നിവരുടെ പാരമ്പര്യത്തെ ഉപയോഗപ്പെടുത്തുക മാത്രമാണ് ബ്രിട്ടീഷുകാരും ചെയ്തത്).

എന്നാല്‍ 1857 നു ശേഷം സവര്‍ണ്ണ ജാതികളെ പ്രീണിപ്പിച്ചു കൊണ്ടാണ് ബ്രിട്ടീഷുകാര്‍ അവരുടെ രാഷ്ട്രീയാധിപത്യം ബലപ്പെടുത്തിയതെന്നും, അതോടെ ദലിതുകളെ സൈന്യത്തില്‍ എടുക്കുന്നത് നിര്‍ത്തലാക്കി (‘പറയ റെജിമെന്റ്’പിരിച്ചുവിട്ടു)യെന്നും അംബേദ്ക്കര്‍ പറയുന്നുണ്ട് (വിശ്വസ്തരെന്നോ എതിര്‍പ്പില്ലാത്തവരെ ന്നോ കരുതിയ സിക്ക്, ഗൂര്‍ക്കാ പട്ടാളക്കാരെ കൂടുതലായി എടുത്തു, മുസ്ലീങ്ങളെ സൈന്യത്തില്‍ ചേര്‍ക്കുന്നതും ‘ശിപായി ലഹള്’ക്കു ശേഷം പരമാവധി കുറച്ചിരുന്നു). എങ്കിലും പിന്നീട് ലോകയുദ്ധങ്ങള്‍ വന്നപ്പോള്‍, പട്ടാളക്കാരെ കൂടുതല്‍ ആവശ്യമായ ഘട്ടത്തില്‍ പറയരെ വീണ്ടും താല്‍ക്കാലികമായി ബ്രിട്ടീഷിന്ത്യാ ആര്‍മിയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു.

ഇപ്രകാരം തങ്ങളുടെ താല്പര്യങ്ങള്‍ക്കപ്പുറം ഒരു അധഃകൃത പ്രണയവും കോളനി ഭരണം കാണിച്ചിട്ടില്ലെന്നു അംബേദ്ക്കര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. തദ്ദേശീയ സമൂഹത്തില്‍ സ്വാധീനവും അധികാരവും സമ്പത്തുമുള്ളവര്‍ക്കൊപ്പം നിന്നും, അവരുടെ സാംസ്‌ക്കാരികാധിപത്യ ചിഹ്നങ്ങളെ വളര്‍ത്തിക്കൊണ്ടുമാണ് കോളനിവാഴ്ച ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെങ്ങും അതിന്റെ വ്യാപനം സാധ്യമാക്കിയത്. ഒരുവശത്ത് ഹിന്ദുരാഷ്ട്രവാദത്തെയും മറുവശത്ത് അഭിജാത മുസ്ലീം ദേശീയതയെയും കോളനിഭരണം നാനാവിധത്തില്‍ പ്രോത്സാഹിപ്പിച്ചു പോന്നു. അതുപോലെ ജാതിമേധാവിത്വത്തെ സാംസ്‌ക്കാരിക തല ത്തില്‍ പുകഴ്ത്തിയും, എന്നാല്‍ തൊഴില്‍ശക്തിയെ യഥേഷ്ടം വിപണിക്കു കിട്ടുന്നതിലേക്കായി, ജന്മിത്വഘടനയില്‍ നിന്നും തൊഴില്‍ക്കൂട്ടങ്ങളെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി, സാമൂഹിക സമത്വം വിളംബരം ചെയ്തുമാണ് ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത്.

അതായത് മനുഷ്യാവകാശ വിരുദ്ധമായ ജാതിവ്യവസ്ഥയെ നേരിടുന്നതില്‍ തൊലിപ്പുറമേയുള്ള ചില ചില്ലറ ചികിത്സകള്‍ക്കപ്പുറം പോകാന്‍ കോളനി സാമ്രാജ്യത്വം തയ്യാറായില്ല. ജാതി ബന്ധനത്തിന്റെ വേരറുക്കുന്ന ആമൂലാഗ്ര ചികിത്സയില്‍ അവര്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ 1947 നു ശേഷവും ഇന്ത്യന്‍ മണ്ണില്‍ ജാതിവിവേചനം ഇത്ര മാരകമാകുമായിരുന്നില്ല. പകരം സെമീന്ദാരി സമ്പ്രദായം, ഹിന്ദു-മുസ്ലീം വ്യക്തിനിയമം എന്നീ അടിസ്ഥാനതല പൊളിച്ചെഴുത്തുകള്‍ ഭരണം തുടങ്ങിയ 18-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ തന്നെ ഏര്‍പ്പാടാക്കി ജാതിമേധാവിത്വത്തെ രാഷ്ട്രീയമായി ശാശ്വതമാക്കുക മാത്രമല്ല, ഭൂരിഭാഗം വരുന്ന അടിത്തട്ടു സമൂഹങ്ങളെയാകെ ബ്രാഹ്മണിക് ഹിന്ദുവല്‍ക്കരിക്കുന്നതില്‍ നിയമപരമായ ഭരണകൂട കാര്‍മ്മികത്വം നിര്‍വ്വഹിക്കുകയും ചെയ്തു കോളനിസാമ്രാജ്യത്വം.

പഴയ കാര്‍ഷിക സമ്പദ്ഘടനയിലെ ജാതി അടിമത്തത്തെ അപരിഷ്‌കൃതമെന്നു ചൂണ്ടിക്കാട്ടി, കാര്‍ഷിക അടിമപ്പണിയെ കൂലിവേലയാക്കി സ്വതന്ത്രമാക്കുന്ന പരിഷ്‌കൃത തേയിലത്തോട്ടങ്ങളിലേക്കും വിദേശങ്ങളിലെ കരാര്‍പണികളിലേക്കും അയിത്ത ജാതികളെ കോളനി ഭരണം ആകര്‍ഷിക്കുകയുണ്ടായി. എന്നാല്‍ തോട്ടങ്ങളെപ്പറ്റിയും കരാര്‍പ്പണികളെപ്പറ്റിയും പുറംലോകം ഇന്നറിയുന്ന തൊഴില്‍ അടിമത്തം ജാതിപീഡനങ്ങള്‍ പോലെത്തന്നെ അസ്വതന്ത്രവും അത്രയും മനുഷ്യത്വ വിരുദ്ധവുമായിരുന്നു. ഇന്നും കേരളത്തില്‍ തേയിലത്തോട്ടങ്ങളില്‍ കൂലിയടിമകളായി കഴിയുന്നവര്‍ ഫാക്ടറിയുടമ-യൂണിയന്‍-ഭരണകൂട കൂട്ടുകെട്ടിന്റെ ഇരകള്‍ തന്നെയാണല്ലോ.

അതുകൊണ്ട് കോളനി വ്യവസ്ഥയുടെ ഉത്തരാധുനിക ഘടനയായ നവ ലിബറല്‍ വ്യവസ്ഥ ദലിത് സമൂഹത്തെ സ്വതന്ത്രമാക്കും എന്നത് കൊളോണിയല്‍ വ്യാമോഹം മാത്രമാണ്. ഒരുപക്ഷേ കോളനി സമ്പ്രദായവും നവ ലിബറല്‍ വ്യവസ്ഥയും ഉള്‍ക്കൊള്ളുന്ന വിശാല ആധുനികത അധ:കൃതര്‍ക്കു നല്‍കുന്ന വ്യാമോഹവും അതിന്റെ രതിയും ആധുനികതയുടെ അധികാരവര്‍ഗ്ഗ ദൂഷ്യങ്ങളുമായി താദാത്മ്യം പ്രാപിക്കാം എന്നതാകുന്നു.

നമ്മുടെ ദലിത് വാദത്തിന്റെ അടിസ്ഥാനപരമായ ഒരു പോരായ്ക അത് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി യൂറോപ്യന്‍ ആധിപത്യത്തെ സ്വാഗതം ചെയ്യുന്നതിനാല്‍ കോളനിവാഴ്ച ലോകമാകെ ചെയ്തുകൂട്ടിയ കൊടും നൃശംസതകളെ കണക്കിലെടുക്കുന്നില്ല എന്നതാണ്. ചാതുര്‍വര്‍ണ്ണ്യം ദൈവസൃഷ്ടമാണെന്നു വാദിച്ചു അധികാരം നിലനിര്‍ത്തിയ ജാതിവാദികളെ പോലെ തന്നെ, വെളുത്ത തൊലിക്കാരല്ലാത്തവരെല്ലാം പരിണാമദശയിലെ താഴ്ന്ന തട്ടുകളില്‍ പെടുന്ന മൃഗ ജന്മങ്ങളാണെന്നു ബയോളജി വെച്ചു സ്ഥാപിക്കുന്ന സോഷ്യല്‍ ഡാര്‍വ്വനിസ്റ്റുകളായിരുന്നു കോളനി മേധാവികള്‍. വര്‍ണപരമായ ഈ ‘ശാസ്ത്രീയ ‘ മേന്മാവാദം സ്വസമൂഹത്തിലും അധിനിവേശ സമൂഹങ്ങളിലും ഒരേപോലെ സംക്രമിപ്പിച്ചു കൊണ്ടാണ് കോളനി സാമ്രാജ്യത്വം ലോകമെമ്പാടും വേരുറപ്പിച്ചു നിന്നത്.

തന്നെയുമല്ല വര്‍ണ്ണ മഹിമാവാദത്തിന്റെ കൊളോണിയല്‍ മാതൃക ആര്യവംശ സിദ്ധാന്തം ഇന്ത്യയില്‍ പ്രചരിപ്പിച്ചു, അതിനെ ഹിന്ദുമതവുമായി മിശ്രണം ചെയ്തു ഹിന്ദുത്വ വംശീയമേന്മാവാദം നിര്‍മ്മിക്കുന്നതിന് സവര്‍ക്കറെ പോലുള്ളവര്‍ക്ക് പ്രചോദനമായതും കോളനി സാമ്രാജ്യത്വത്തിന്റെ സാംസ്‌ക്കാരിക പദ്ധതികള്‍ തന്നെ.

സ്വന്തം സമൂഹത്തില്‍ സമത്വവും സ്വാതന്ത്ര്യവും സമ്പത്തും ജനായത്തവും യൂറോപ്യന്‍ കോളനി യജമാന രാഷ്ട്രങ്ങള്‍ സാധിച്ചെടുത്തത് ഇതര ഭൂഖണ്ഡങ്ങളിലെ സമത്വ-സ്വാതന്ത്ര്യ-സാമ്പത്തിക-ജനായത്ത ബഹുമുഖ വളര്‍ച്ചകളെ തളര്‍ത്തിയും വഴിതിരിച്ചു വിട്ടും, ആന്തരികമായി അവിടങ്ങളില്‍ നിലനിന്നിരുന്ന പരമ്പരാഗത അനീതികളെ ദൃഢപ്പെടുത്തിയുമാണ്. ഇന്ത്യ മാത്രമല്ല ആഫ്രിക്കയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളും അതിന്റെ ദൃഷ്ടാന്തങ്ങളത്രേ. അതിനാല്‍ ഇന്ന് നവ ലിബറല്‍ രൂപത്തില്‍ അവതരിക്കുന്ന യൂറോ-അമേരിക്കന്‍ വികസന മാതൃകകള്‍ ദലിതുകള്‍ക്ക് മാത്രമായി ഒരു സ്വര്‍ഗ്ഗരാജ്യവും വാഗ്ദാനം ചെയ്യുന്നില്ല.

നവ ലിബറല്‍ വികസന പ്രക്രിയകളിലൂടെ ദലിത് മോചനം സാധ്യമാകും എന്നതിനര്‍ത്ഥം യൂറോ-അമേരിക്കന്‍ ശൈലിയെ പിന്താങ്ങി ആഗോള തലത്തില്‍തന്നെ അടിത്തട്ടു ജനതയുടെ മേല്‍ ആഭ്യന്തരവും വൈദേശികവുമായ ആധിപത്യത്തിലും അതുവഴിയുള്ള വിഭവക്കൊള്ളയിലും പങ്കുപറ്റുക എന്നതാണ്. ആധിപത്യത്തിന്റെയും വിഭവക്കൊള്ളയുടെയും ഈ പങ്കുവെയ്പില്‍ രാജ്യത്തെ എല്ലാ ദലിതുകള്‍ക്കും പങ്കാളിയാകാന്‍ അവസരമില്ലാത്തതിനാല്‍, ഹിന്ദുത്വ രാഷ്ട്രീയം എങ്ങനെയാണോ നവ ലിബറല്‍ ഭരണവ്യവസ്ഥയുടെ മാതൃകാ ഇന്ത്യന്‍ സഹകാരികളാകുന്നത്, അതേമാതിരി ഒരു ദലിത് ന്യൂനപക്ഷം ഈ യൂറോ അമേരിക്കന്‍ വികസന സ്വപ്‌നങ്ങളാല്‍ ഉയര്‍ന്നു വരുമെന്നു മാത്രം. ഹിന്ദുത്വ ദേശീയവാദ രാഷ്ട്രീയത്തിന് ദലിത് ഇന്ത്യന്‍ രാഷ്ട്രപതിയെ പ്രതിഷ്ഠിക്കുന്നതില്‍ യാതൊരു വൈമുഖ്യവുമില്ലെന്നറിയാമല്ലോ.

ദലിത് ബുദ്ധിജീവികളാകട്ടെ, നവ ദൈവനിഷേധികളാകട്ടെ, ഇരുവര്‍ക്കും മാതൃകാ സാമൂഹ്യഘടന കോളനിവല്‍ക്കരണം മുതല്‍ രൂപപ്പെട്ട യൂറോ-അമേരിക്കന്‍ രാഷ്ട്രീയ സാമ്പത്തിക ക്രമം തന്നെയാണ്. ഭാരതീയ സംസ്‌ക്കാരത്തെ പ്രതി ഊറ്റം കൊള്ളുന്ന ഹിന്ദുത്വ മതരാഷ്ട്രവാദത്തിന്റെ മുന്നിലും ബ്രിട്ടീഷ് ഭരണകാലം മുതല്‍ യൂറോ -അമേരിക്കന്‍ സാമ്പത്തിക ക്രമമല്ലാതെ മറ്റൊരു മാതൃകയില്ല. അതിന്റെ രാഷ്ട്രീയഘടന മത /വംശീയ ഏകാധിപത്യമായിരിക്കണം എന്ന ഒറ്റ വ്യത്യാസമേ അവര്‍ ആവശ്യപ്പെടുന്നുള്ളൂ. അഥവാ ‘ഇന്ത്യന്‍ പീനല്‍ കോഡ്’ എന്നത് ‘ഭാരതീയ ന്യായ സംഹിത’ എന്നു പേരുമാറ്റി, കോളനി നിയമങ്ങളേക്കാള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ‘സ്വദേശി’യുടെ പേരില്‍ അവതരിപ്പിച്ചു കബളിപ്പിക്കുന്നതില്‍ അവര്‍ക്കു പകരം മറ്റാരുമില്ല.

കമ്യൂണിസ്റ്റുകളും കോളനിവല്‍ക്കരണത്തിലൂടെ രൂപപ്പെട്ട യൂറോ-അമേരിക്കന്‍ കേന്ദ്രീകൃത ഉല്പാദന ഉപഭോഗ ക്രമത്തിന്റെ വക്താക്കള്‍ തന്നെയാണ്. അതുകൊണ്ടാണ് സോഷ്യലിസ്റ്റ് ഉല്പാദനഭരണവ്യവസ്ഥകള്‍ തകര്‍ന്നപ്പോള്‍ അവര്‍ അതിജീവനാര്‍ത്ഥം യൂറോ-അമേരിക്കന്‍ സാമ്പത്തിക വികസന ക്രമത്തിന്റെ മത്സരബുദ്ധിയുള്ള അനുകര്‍ത്താക്കളായി മാറിയത്.

യൂറോ-അമേരിക്കന്‍ വികസനക്രമം ആശയപരമായി വിഭിന്ന ചേരികളില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം വാഗ്ദത്ത ഭൂമിയായി തീരാന്‍ കാരണമെന്ത്? നവ ദൈവ നിഷേധികളും ദലിത് ചിന്തകരും ഹിന്ദുത്വ ദേശീയവാദികളും കമ്മ്യൂണിസ്റ്റുകളും യൂറോ-അമേരിക്കന്‍ വികസനഘടനയെ അഥവാ വികസിത രാഷ്ട്രങ്ങളെ ആദര്‍ശ ഭൂമികയായി കണ്ട് അതിനെ അനുകരിക്കാന്‍ കാരണമെന്ത്?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്നാമത്തെ കാരണം, യൂറോ -അമേരിക്കന്‍ വികസന ക്രമം ഭൗതികമായ സമൃദ്ധി വ്യക്തിപരമായി തന്നെ എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യുന്നു എന്നതാണ്. രണ്ടാമത്തെ കാരണമാകട്ടെ, ഈ ഭൗതികമായ സമൃദ്ധി ആര്‍ക്കും എത്തിപ്പിടിക്കാന്‍ അവസരമുണ്ടെന്നു ഓരോരുത്തരെയും അത് പ്രലോഭിപ്പിപ്പിക്കുന്നു എന്നതത്രേ. മൂന്നാമത്തെ കാരണമാകട്ടെ, ഭൗതികമായ സമൃദ്ധി ആഗ്രഹിക്കുന്നവരെയെല്ലാം അതൊരു ഐക്യമുന്നണിയാക്കി മാറ്റി അധികാരോന്മാദത്തിന്റെയും വീതം വെപ്പിന്റെയും ഭാഗമാക്കി തീര്‍ക്കുന്നു എന്നതാണ്. നാലാമതായി, ഭൗതിക സമൃദ്ധി കാംക്ഷിക്കുന്നവര്‍ക്കെല്ലാം അതിനുള്ള ഉപാധിയായി കോളനികള്‍ നിര്‍മ്മിക്കാന്‍ അവസരം സമ്മാനിക്കുന്നു എന്നതാണ്.

കോളനികള്‍ സൃഷ്ടിച്ചു സ്വതന്ത്രമായി കൊള്ളയടിച്ചു ഭൗതിക സമൃദ്ധി നേടാന്‍ ആരൊക്കെ തയ്യാറാണോ, അവരെയെല്ലാം യൂറോ -അമേരിക്കന്‍ വികസന ക്രമം ഒരൊറ്റ വര്‍ഗ്ഗമാക്കി മാറ്റുന്നു. ‘നിങ്ങള്‍ക്കുമാകാം ഒരു കോളനി യജമാനന്‍’ എന്നതാണ് അതിന്റെ പ്രലോഭിത മന്ത്രം.

യൂറോ അമേരിക്കന്‍ വികസന മാതൃക ഊന്നുന്നത് ആര്‍ക്കും കോളനികള്‍ സൃഷ്ടിച്ചു ഭൗതിക പുരോഗതി (മോക്ഷം /സ്വര്‍ഗ്ഗരാജ്യം) നേടുന്നതിനുള്ള വ്യക്തിസ്വാതന്ത്ര്യത്തിലാണ്. കോളനിയിലെ മനുഷ്യരുടെയും വിഭവങ്ങളുടെയും അസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമാണ് കോളനി യജമാനന്റെ വ്യക്തിസ്വാതന്ത്ര്യം.

എന്നാല്‍ വ്യക്തിസ്വാത്രന്ത്ര്യത്തിന്റെ കോളനികള്‍ നിര്‍മ്മിച്ചു, അവിടങ്ങളെ അസ്വതന്ത്രമാക്കി വ്യക്തിതല ഭൗതിക പുരോഗതി നേടുന്ന ആധുനിക യൂറോ അമേരിക്കന്‍ മാതൃക അതിസമര്‍ത്ഥമായി നമ്മില്‍ നിന്നും മറച്ചു വെയ്ക്കുന്ന ഭീകരവും അപരിഹാര്യവുമായ അതിന്റെതന്നെ സ്വയം പരാജയങ്ങളിലേയ്ക്കാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ശ്രദ്ധ പതിയേണ്ടത്.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ യൂറോ-അമേരിക്കന്‍ വികസിത പറുദീസകളില്‍ ഒരുതരം ത്രികക്ഷി ബന്ധമേ സ്ഥായിയായി നിലനില്‍ക്കുന്നുള്ളൂ. വ്യക്തിസ്വാതന്ത്ര്യം പരിപോഷിപ്പിക്കുന്ന നിയമ വ്യവസ്ഥയുടെ സര്‍വ്വവ്യാപിയായ ഭരണകൂടവും, ഉല്പന്നസേവനങ്ങളാല്‍ വ്യക്തിസ്വാതന്ത്ര്യ സാക്ഷാത്ക്കാരത്തിനു സദാ സജീവമായ വിപണിയും, സാധന സേവനങ്ങള്‍ ആവോളം ഉപഭോഗിച്ച് മിഥ്യാസ്വാതന്ത്ര്യം സാധ്യമാക്കുന്ന പൗരത്വവും ചേര്‍ന്നതാണ് ഈ മുക്കൂട്ടു ബന്ധം.

ആധുനികതയുടെ അരങ്ങില്‍ പ്രതൃക്ഷമാകുന്ന പൗരത്വ വ്യക്തി, വിപണി, ഭരണകൂടം എന്നീ ത്രികക്ഷി ബന്ധങ്ങളെ നിലനിര്‍ത്തുന്ന മനുഷ്യരും ഭൂവിഭവങ്ങളും (പൗരാവകാശങ്ങളും സമത്വ സാഹോദര്യ സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട കോളനി) അദൃശ്യമായി അണിയറയിലാണ്. ഈ ആധുനിക ലോകവേദി നവ ദൈവനിഷേധികള്‍ക്ക് ആദര്‍ശ സമൂഹവും ദലിത് ചിന്തകര്‍ക്ക് തങ്ങളുടെ വിമോചന പാതയും മത ദേശീയവാദികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും (പുറമേക്കു പുച്ഛിക്കുമ്പോഴും) ഉള്ളാലെ അവരുടെ കാമിനിയുമാണ്.

ഗുരു ഓര്‍മ്മിപ്പിച്ച പോലെ ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം’ എന്ന മാനവിക ലോകതത്ത്വത്തെ യൂറോ അമേരിക്കന്‍ വ്യക്തി/പൗരത്വം, വിപണി, ഭരണകൂടം എന്നീ ത്രികക്ഷി സഖ്യം ഒട്ടുമേ മാനിക്കാത്തതിനാല്‍ അതിന്റെ തിരിച്ചടികള്‍ വ്യക്തി / സാമൂഹ്യതലത്തില്‍ വന്നു പ്രകമ്പനം മുഴക്കാതെ വയ്യ. അതിനാല്‍ വ്യക്തിസ്വാതന്ത്ര്യത്തിനും അതുവഴി വ്യക്തിസന്തുഷ്ടിക്കും തങ്ങളുടെ ഭരണഘടനയില്‍ പരമപദം നീക്കിവെച്ച അമേരിക്കന്‍ സമൂഹത്തിലാണ് മാനസികാരോഗ്യം ക്ഷയിച്ച പൗരഗണങ്ങള്‍ ഏറ്റവും കൂടുതല്‍ പെരുകുന്നത്. ഭരണകൂടം, വിപണി, വ്യക്തി എന്നീ ത്രിശക്തികളും നാള്‍ക്കുനാള്‍ ബലം വെച്ച്, അവയുടെ തള്ളിക്കയറ്റത്താല്‍ കുടുംബം, അയല്‍പക്കം, സുഹൃത് വലയം, പ്രാദേശിക കൂട്ടായ്മ എന്നീ ബന്ധങ്ങളെ പൊട്ടിച്ചുകളഞ്ഞതിനാല്‍ യൂറോ-അമേരിക്കന്‍ മാതൃകകളില്‍ ആളുകള്‍ ഒറ്റയൊറ്റയായി ചിതറിത്തെറിച്ചിരിക്കുന്നു.

വികസിത ലോകങ്ങള്‍ പരിഹാരം കാണാതെ കുടുങ്ങിക്കിടക്കുന്ന സാമൂഹികവും മാനസികവുമായ ആരോഗ്യത്തകര്‍ച്ചയുടെ ഒന്നാമത്തെ കാരണം വ്യക്തിസ്വാതന്ത്ര്യത്തിനും വ്യക്തിപരമായ ആനന്ദത്തിനും മാത്രം അതിരുകടന്ന സ്ഥാനം കൊടുക്കുന്നതും ഭരണകൂട മാര്‍ക്കറ്റ് വ്യക്തി കോമ്പിനേഷനാല്‍ പരിപോഷിപ്പിക്കപ്പെടുന്നതുമായ വ്യക്തിവാദമല്ലാതെ മറ്റൊന്നുമല്ലെന്നു തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സമൂഹവും വ്യക്തിയും തമ്മിലുള്ള പാരസ്പര്യത്തെ ഭരണകൂടം, മാര്‍ക്കറ്റ് ഇവയാല്‍ പകരം വെയ്ക്കാന്‍ കഴിയും എന്നു ധരിച്ചു മാനുഷിക ബന്ധങ്ങളെ പരിഗണിക്കാത്ത വ്യക്തിവാദം പൊട്ടിയ പട്ടങ്ങള്‍ തലച്ചോറില്‍ പേറുന്ന അശാന്ത പൗരഗണങ്ങളെ പെരുക്കുന്നു.

സാമൂഹ്യമായി ഒറ്റപ്പെടലും ഏകാന്തതയും വഴി മാനസികത്തകര്‍ച്ചയിലേക്കു വീഴുന്നവര്‍ക്കു താങ്ങാകാന്‍ കുടുംബം, സൗഹൃദം, സാമൂഹിക ആരോഗ്യം ഇവ തകര്‍ന്ന ചുറ്റുപാടുകള്‍ക്കു കഴിയുന്നില്ല. കൂട്ടുകുടുംബ ബന്ധങ്ങള്‍, അയല്‍പക്കം, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവയുടെ തിരോധാനമാണ് സാമൂഹ്യമായ ഏകാകികത്വം വരുത്തി വെച്ചിരിക്കുന്നതിനു പ്രധാന കാരണം. അനിയന്ത്രിത നഗരവല്‍ക്കരണം, തൊഴില്‍ ദേശാടനം, തൊഴില്‍മേഖലാ സമ്മര്‍ദ്ദങ്ങളും അരക്ഷിതത്വവും, സാമ്പത്തിക അസന്തുലിതത്വം, വ്യക്തിത്വ വികസനപാതയിലെ തീവ്രമാത്സര്യങ്ങള്‍, സ്ഥായീരോഗങ്ങളുടെ കുതിപ്പ്, കാലാവസ്ഥാ മാറ്റം എന്നിവയെല്ലാം ഇതിനു ആക്കം കൂട്ടുന്നു. സാമൂഹ്യ മാനസികാരോഗ്യങ്ങളുടെ പാരസ്പര്യത്തെ മാനിക്കാത്ത വ്യക്തിവാദത്തിലേക്കു ലോകത്തെ എത്തിക്കുന്ന, ചരിത്രപരവും സാംസ്‌കാരികവും സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളെ പഠിക്കാതെ, തകര്‍ന്ന കണ്ണാടിബിംബം പോലെ വ്യക്തിയെ ആയിരം കഷണങ്ങളാക്കുന്ന ആധുനികതയുടെ തമോഗര്‍ത്തങ്ങളില്‍ നിന്നും രക്ഷപ്പെടുക എളുപ്പമല്ല. യൂറോ-അമേരിക്കന്‍ രാജ്യങ്ങളെ ആദര്‍ശ സ്വര്‍ഗ്ഗങ്ങളായി അവതരിപ്പിക്കുന്ന കേരളത്തിലെ നവ ദൈവനിഷേധികളും, അതേ പാതയില്‍ സഞ്ചരിക്കുന്ന ദലിത് ചിന്തകരും അപരത്വത്തെ പരിഗണിക്കാത്ത യൂറോ-അമേരിക്കന്‍ വ്യക്തിവാദത്തിന്റെ തമോഗര്‍ത്ത വലയത്തിലാണ്.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply