കേരളരാഷ്ട്രീയം കലുഷിതമാകുമ്പോള്‍

ഈ സംഭവവികാസങ്ങള്‍ കേരള രാഷ്ട്രീയത്തിനു ഗുണകരമാണോ എന്നതാണ് പ്രസക്തമായ ചോദ്യം. രാഷ്ട്രീയരംഗം സജീവമാകുന്നത് പൊതുവില്‍ ഗുണകരമാണ്. എന്നാല്‍ എന്തിനേയും കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തോടെ മാത്രം വീക്ഷിക്കുന്ന ഒരു സമൂഹത്തിലത് അങ്ങനെയാകണമെന്നില്ലല്ലോ. കേരളം അങ്ങനെയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണല്ലോ സോളാര്‍ – സ്വര്‍ണ്ണ വിഷയങ്ങള്‍. സോഷ്യല്‍ മീഡിയ മാത്രം നോക്കിയാല്‍ നാമിന്ന് എവിടെയെത്തിരിയിരിക്കുന്നു എന്നു ബോധ്യമാകും. എന്തിനേയും കണ്ണടച്ച് ന്യായീകരിക്കുകയും വ്യത്യസ്ഥമായി ചിന്തിക്കുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന സൈബര്‍ പോരാളികളുടെ ഒരു വലിയ നിര നമുക്കവിടെ കാണാം. പ്രതിഷേധങ്ങള്‍ കൊലവിളികളായി മാറുന്നതും അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണം കൊണ്ടുതന്നെയാണ്.

ഏറെ കാലത്തിനുശേഷമാണ് കേരള രാഷ്ട്രീയം ഇത്രമാത്രം കലുഷിതമാകുന്നത്. നിപ്പയും പ്രളയവും കൊവിഡുമെല്ലാം സജീവമായ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടം കാര്യമായ രാഷ്ട്രീയ സംഭവവികാസങ്ങളൊന്നുമില്ലാതെ കടന്നുപോയി. ആ ഭരണത്തിന്റെ അവസാനകാലത്ത് സ്വര്‍ണ്ണകള്ളക്കടത്തും സ്പ്രിംഗ്‌ളറും ലൈഫുമടക്കം ഒരുപാട് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു എന്നത് ശരിയാണ്. അവസാനകാലത്ത് ചില പ്രക്ഷോഭങ്ങളെല്ലാം നടത്താന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അവയൊന്നും കാര്യമായ ഫലം കണ്ടില്ല. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലാകട്ടെ ഇടതുപക്ഷം കൂടുതല്‍ സീറ്റുനേടുകയും ചെയ്തു. ജനവിധി തങ്ങള്‍ക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നു തെളിയിച്ചു എന്ന എല്‍ ഡി എഫ് അവകാശവാദത്തെ പ്രതിരോധിക്കാന്‍ യുഡിഎഫിന് ആയില്ല. ഒരു കേസിന്റെ വിധി പ്രഖ്യാപിക്കേണ്ടത് കോടതിയാണെന്നും തെരഞ്ഞെടുപ്പല്ല എന്നുമുള്ള വസ്തുതപോലും സമര്‍ത്ഥിക്കാനും അവര്‍ക്കു കഴിഞ്ഞില്ല.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം തികയുകയും കൊവിഡ് ഭീഷണിയൊക്കെ ഏറെക്കുറെ അകലുകയും ചെയ്ത സമയത്താണ് കേരളരാഷ്ട്രീയവും തെരുവുകളും സോഷ്യല്‍ മീഡിയയുമെല്ലാം അടുത്തകാലത്തൊന്നുമുണ്ടാകാത്ത രീതിയിലുള്ള സംഭവവികാസങ്ങള്‍ക്ക് സാക്ഷിയാകുന്നത്. പലരും പറയുന്നപോലെ ഏറെക്കുറെ സോളാര്‍ വിവാദകാലത്തെ സംഭവങ്ങളുമായി താരതമ്യം ചെയ്യാവുന്ന രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അന്നത്തെപോലെ ഇന്നും ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. അന്വേഷണം നടക്കുന്നു എന്നു പറയുന്നു. അന്ന് സരിത ഉന്നയിച്ച പോലെ ഇപ്പോള്‍ സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അന്ന് എല്‍ഡിഎഫ് സമരരംഗത്തിറങ്ങിയപോലെ ഇന്നു യുഡിഎഫ് ഇറങ്ങുന്നു. അന്നു യുഡിഎഫ് പ്രതിരോധിച്ചപോലെ ഇന്ന് എല്‍ഡിഎഫ് പ്രതിരോധിക്കുന്നു. എല്ലാം പതിവുപോലെ നടക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതേസമയം അന്നത്തേതില്‍ നിന്നു പ്രകടമായൊരു വ്യത്യാസമുണ്ട്. അത് സമരക്കാരെ നേരിടുന്ന രീതിയിലാണ്. മുഖ്യമന്ത്രി കടന്നുപോകുന്ന തെരുവുകള്‍ പൂര്‍ണ്ണമായി അടക്കുകയും കറുത്ത മാസ്‌ക്കും വേഷവും ധരിക്കാനനുവദിക്കാതിരിക്കുകയും പ്രതിഷേധം രേഖപ്പെടുത്താനുള്ള ജനാധിപത്യാവകാശം നിഷേധിക്കുന്നതുമാണത്. ഒരു തരത്തിലും ജനാധിപത്യസംവിധാനത്തിനു യോജിക്കാത്തതാണത്. ജനാധിപത്യത്തിന്റെ നിലനില്‍പ്പുതന്നെ പ്രതിപക്ഷത്തിലും പ്രതിഷേധത്തിലുമാണ്. ഒരിടത്തും സമരം അക്രമാസക്തമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വിമാനത്തില്‍ നടന്ന പ്രതിഷേധത്തോടെ അന്തരീക്ഷം മാറിയിരിക്കുകയാണ്. വിമാനത്തില്‍ പ്രതിഷേധിച്ചതു ശരിയോ തെറ്റോ എന്ന വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്. ആ സമരരീതിയെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു തന്നെയാണ് കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കിയത്. സമരങ്ങള്‍ നടക്കാന്‍ പാടില്ലെന്നു വിശ്വസിക്കപ്പെടുന്ന പലയിടത്തും ഇത്തരം സമരങ്ങള്‍ നടക്കാറുണ്ട്. ഇവിടെയുണ്ടായത് പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളി മാത്രമായിരുന്നു. എന്നാല്‍ അതിന് അതര്‍ഹിക്കുന്നതിനേക്കാള്‍ പ്രാധാന്യമാണ് എല്‍ഡിഎഫും സിപിഎമ്മും നല്‍കിയത് എന്നതാണ് യാഥാര്‍ത്ഥ്യം. സംഭവത്തെ മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. മദ്യപിച്ചാണ് പ്രതിഷേധം നടത്തിയതെന്നും പ്രചരിപ്പിക്കപ്പെട്ടു. അതിനുശേഷം വളരെ മോശമായ സംഭവങ്ങളാണ് അതിനുശേഷം സംസ്ഥാനത്തുടനീളം നടന്നത്. കെ പി സി സി ഓഫീസും ഗാന്ധി പ്രതിമയുമടക്കം അക്രമിക്കപ്പെട്ടു. പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് ചാടിക്കയറി. ശരത് ലാലിനേയും കൃപേഷിനേയും ഓര്‍മ്മയില്ലേ എന്നു ചോദിച്ച് തെരുവില്‍ കൊലവിളി പ്രകടനം നടന്നു. നിരവധി മേഖലകളില്‍ അക്രമങ്ങള്‍ അരങ്ങേറി. പലയിടത്തും യൂത്ത് കോണ്‍ഗ്രസ്സുകാരില്‍ നിന്നും അതേനാണയത്തില്‍ തിരിച്ചടിയുമുണ്ടായി. കേരളത്തിലെ തെരുവുകള്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഈ സാഹചര്യം സോളാര്‍ സംഭവവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ ഉണ്ടായിട്ടില്ല. അന്ന് സമരങ്ങളെ നേരിടാന്‍ കോണ്‍ഗ്രസ്സ് തെരുവിലിറങ്ങിയില്ല. ഇപ്പോഴിതാ സപ്‌ന പറയുന്നത് മുഴുവന്‍ ഇപ്പോള്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയിരിക്കുന്നു.

സത്യത്തില്‍ സ്വന്തം അണികളെ സജീവമാക്കാനുള്ള അവസരമായാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ഈയവസരത്തെ കാണുന്നതെന്നുവേണം കരുതാന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറെക്കുറെ സമയവും പ്രതിപക്ഷം ഉറക്കമായിരുന്നു. പ്രകൃതിദുരന്തങ്ങളുടെ കാലമായിരുന്നു എന്നതു ശരി. എന്നാല്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അവരുടെ കാര്യമായ പങ്കാളിത്തമുണ്ടായില്ല. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ഒരു സന്നദ്ധ സംഘടനയെപോലെ ഡിവൈഎഫ്‌ഐ തെരുവുകളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ജനങ്ങളോട് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുണ്ടാകേണ്ട ഉത്തരവാദിത്തം യുഡിഎഫ് കാണിച്ചില്ല. അതിനുള്ള തിരിച്ചടി കൂടിയായിരുന്നു നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ടത്. പതിവുപോലെ ഭരണമാറ്റമുണ്ടാകുമെന്ന യുഡിഎഫ് പ്രതീക്ഷ തകര്‍ന്നടിഞ്ഞു. അവസാനകാലത്ത് ചില പ്രക്ഷോഭങ്ങളൊക്കെ നടത്തിയെങ്കിലും അതൊന്നും ഭരണമാറ്റത്തിലെത്താന്‍ മതിയാകുമായിരുന്നില്ല. ഇനിയും അത്തരം സാഹചര്യം തുടര്‍ന്നാല്‍ കേരളം തങ്ങള്‍ക്ക് ബലികേറാമലയാകുമെന്ന് കോണ്‍ഗ്രസ്സ് തിരിച്ചറിയുന്നുണ്ട്. അതിന്റെ ഭാഗമായാണ് സംഘടനയെ ചലിപ്പിക്കാന്‍ കിട്ടിയ ഈ അവസരം അവര്‍ ഭംഗിയായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. അത് തെറ്റാണെന്നു പറയാനുമാകില്ല. അതിനിടയില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളേയും കോണ്‍ഗ്രസ്സിന് രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറുവശത്തും ഏറെക്കുറെ സമാനമാണ് അവസ്ഥ. പ്രകൃതി ദുരന്തകാലമൊക്കെ കഴിഞ്ഞതോടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് സിപിഎം അണികള്‍ – പ്രത്യേകിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. സമരസംഘടനയെന്നൊക്കെ അഭിമാനിക്കുന്ന അവര്‍ സമരം ചെയ്തിട്ട് വര്‍ഷം ആറുകഴിഞ്ഞു. പൊതിച്ചോറുവിതരണവും കായിക മത്സരങ്ങളും മറ്റു സന്നദ്ധപ്രവര്‍ത്തനങ്ങളുമൊക്കെയാണ് അവരുടെ മുന്‍ഗണന. പലപ്പോഴും തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത വിഷയങ്ങളില്‍ പോലും സര്‍ക്കാരിനെ ന്യായീകരിക്കേണ്ട ഗതികേടിലാണ് പാര്‍ട്ടിയുടെ പല പോഷകസംഘടനകളുടേയും നേതാക്കള്‍. അതിനിടയിലാണ് തങ്ങള്‍ നിരന്തരം നടത്തിയിരുന്ന സമരമുറകളാല്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തെരുവുകളെ സജീവമാക്കുന്നത് അവര്‍ കാണുന്നത്. ഉയര്‍ന്നു വരുന്ന വിഷയങ്ങള്‍ ശരിയായാലും തെറ്റായാലും കൃത്യമായ മറുപടി സര്‍ക്കാരില്‍ നിന്നു ഉണ്ടാകുന്നില്ല എന്ന തോന്നലും പലര്‍ക്കുമുണ്ട്. കോടതിയില്‍ സ്വപ്‌ന കൊടുത്തിരിക്കുന്നത് രഹസ്യമൊഴിയാണെന്നതും അതിലെന്തൊക്കെ എന്നറിയാത്തതും പലരുടേയും ഉറക്കം കെടുത്തുന്നുണ്ട്. അതിനിടയിലാണ് വിമാനത്തിലെ സംഭവം അരങ്ങേറുന്നത്. അതോടെ നിര്‍ജ്ജീവമായി കിടക്കുന്ന തങ്ങളുടെ സംഘടനാസംവിധാനങ്ങളേയും അണികളേയും സജീവമാക്കാനുള്ള അവസരമായി് അതിനെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നത് വ്യക്തം. മറുവശത്ത് ബിജെപിയും അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ സമരങ്ങള്‍ക്കുമുന്നില്‍ അവയെല്ലാം ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.

ഈ സംഭവവികാസങ്ങള്‍ കേരള രാഷ്ട്രീയത്തിനു ഗുണകരമാണോ എന്നതാണ് പ്രസക്തമായ ചോദ്യം. രാഷ്ട്രീയരംഗം സജീവമാകുന്നത് പൊതുവില്‍ ഗുണകരമാണ്. എന്നാല്‍ എന്തിനേയും കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തോടെ മാത്രം വീക്ഷിക്കുന്ന ഒരു സമൂഹത്തിലത് അങ്ങനെയാകണമെന്നില്ലല്ലോ. കേരളം അങ്ങനെയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണല്ലോ സോളാര്‍ – സ്വര്‍ണ്ണ വിഷയങ്ങള്‍. സോഷ്യല്‍ മീഡിയ മാത്രം നോക്കിയാല്‍ നാമിന്ന് എവിടെയെത്തിരിയിരിക്കുന്നു എന്നു ബോധ്യമാകും. എന്തിനേയും കണ്ണടച്ച് ന്യായീകരിക്കുകയും വ്യത്യസ്ഥമായി ചിന്തിക്കുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന സൈബര്‍ പോരാളികളുടെ ഒരു വലിയ നിര നമുക്കവിടെ കാണാം. പ്രതിഷേധങ്ങള്‍ കൊലവിളികളായി മാറുന്നതും അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണം കൊണ്ടുതന്നെയാണ്. അതോടൊപ്പം പ്രധാനമാണ് മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും. പണ്ടത്തെ സി ഡിക്കായുള്ള ഓട്ടവും ഇപ്പോഴത്തെ ശബ്ദരേഖക്കായുള്ള കാത്തിരിപ്പും മാധ്യമങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനുകാരണം ജനം അവ കാണാനും കേള്‍ക്കാനും ഇഷ്ടപ്പെടുന്നു എന്നതുതന്നെയാണ്. അര്‍ഹിക്കുന്ന ഭരണാധികാരികളെ ജനങ്ങള്‍ക്കു കിട്ടുമെന്നു പറയുന്നപോലെയാണ് അര്‍ഹിക്കുന്ന മാധ്യമങ്ങളേയും കിട്ടുമെന്നത്. സത്യത്തില്‍ അമിതമായ കക്ഷിരാഷ്ട്രീയം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് അരാഷ്ട്രീയവല്‍ക്കരണത്തിലേക്കാണെന്നു തന്നെ പറയേണ്ടിവരും.

വളരെ പ്രധാനപ്പെട്ട മറ്റൊന്നു കൂടി ചൂണ്ടികാണിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. ഈ കളിയില്‍ നമ്മള്‍ അറിയാത്ത വിധം ഒരു എല്‍ ഡി എഫ് -യു ഡി എഫ്- ബി ജെ പി സഖ്യം രൂപപ്പെട്ടിട്ടുണ്ടോ എന്ന സംശയമാണത്. 2019-20 കളില്‍ കെ പി യോഹന്നാന്‍ നിയമ വിരുദ്ധമായി കൈവശം വച്ച ചെറുവള്ളി എസ്റ്റെറ്റിനു സര്‍ക്കാര്‍, കേട്ടുകേള്‍വിയില്ലാത്ത കീഴ് വഴക്കം സൃഷ്ടിച്ച് കോടതിയില്‍ മുന്‍കൂര്‍ പണം കെട്ടിവച്ചതെന്തിനായിരുന്നു എന്ന സംശയത്തിനുള്ള ഉത്തരമാണ് ഒരര്‍ത്ഥത്തില്‍ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിലൂടെ കേരളത്തിനു കിട്ടിയത്. അതാണ് വാസ്തവത്തില്‍ ഇപ്പോഴത്തെ വിവാദങ്ങളുടേയും സമരങ്ങളുടേയും കേന്ദ്രബിന്ദുവാകേണ്ടത്. അതാകുന്നില്ല എന്നതാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ രാഷ്ട്രീയപരാജയം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply