കുടകില്‍ കൃഷിപണിക്ക് പോകുന്ന ആദിവാസികള്‍ക്ക് സംഭവിക്കുന്നത്…..

തൊഴിലിനായി കര്‍ണാടകയിലെ കുടകിലേക്ക് കുടിയേറുന്ന ആദിവാസികളുടെ ദുരന്തജീവിതം തുടര്‍കഥയായി തുടരുകയാണ്. അടുത്ത കാലത്താണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരാനാരംഭിച്ചത്. തുടര്‍ച്ചയായി നടക്കുന്ന ചൂഷണവും അതിക്രമങ്ങളും അസ്വാഭാവിക മരണങ്ങളും മറ്റും ഇപ്പോഴാണ് പൊതുസമൂഹം അറിയാനാരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തി നിയമപീഠത്തിനു മുന്നിലെത്തിക്കാനും നീതി തേടാനും ശ്രമിച്ചെങ്കിലും ആ നീക്കം ഇതുവരേയും വിജയി്ച്ചട്ടില്ല. കാരണം കര്‍ണ്ണാടകപോലീസും കര്‍ഷകരും കൈകോര്‍ത്തുപിടിച്ചാണ് ആദിവാസി വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നത്.

പാട്ടത്തിനു ഭൂമിയെടുത്താണ് അവിടെ കര്‍ഷകര്‍ ഇഞ്ചികൃഷയും വാഴകൃഷിയും പൈനാപ്പിള്‍ കൃഷിയുമൊക്കെ നടത്തുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി കര്‍ഷകരും അവരിലുണ്ട്. അവരും വയനാട്ടില്‍ നിന്ന് ആദിവാസികളെ ഏജന്റുമാരിലൂടെ ജോലിക്കായി കൊണ്ടുപോകുന്നു. എവിടേക്കാണ് അവരെ കൊണ്ടുപോകുന്നത് എന്നുപോലും വീട്ടുകാരെ അറിയിക്കാറില്ല. പലരും ആദ്യമായിട്ടാണ് അവരുടെ ആവാസ സാഹചര്യങ്ങളില്‍ നിന്നു മാറിനല്‍ക്കുന്നത്. എവിടെയാണ് തങ്ങളെന്ന് അവര്‍ക്കറിയില്ല. ഭാഷയറിയില്ല. എന്തുജോലിയാണ് ചെയ്യേണ്ടതെന്നുമറിയില്ല. വീട്ടുകാരുമായി ഒരിക്കലും ബന്ധപ്പെടാനും കഴിയില്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ ഊരുകളില്‍ നടത്തിയ അന്വേഷണത്തില്‍ ജോലിക്കായി കുടകിലേക്കുപോകുന്ന ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ഒരു ഏകദേശ ചിത്രം ലഭ്യമായിട്ടുണ്ട്. ക്രൂരമായ പീഡനം, സംശയകരമായി മരണങ്ങള്‍, അമിതജോലിഭാരം, സുരക്ഷിതമല്ലാത്ത രീതിയില്‍ കീടനാശിനികളുടെ ഉപയോഗവും അതിന്റെ പ്രത്യാഘാതങ്ങളും, ജോലിസ്ഥിരതയില്ലായ്മ, തുച്ഛം കൂലി, ബാലവേല, പോഷകമൂല്യമില്ലാത്ത ഭക്ഷണം, ചികിത്സാസമ്പ്രദായങ്ങളുടെ അഭാവം, ചൂഷണത്തിനായി മദ്യം ഉപയോഗിക്കേണ്ടിവരുന്നത്, പര്യാപ്തമല്ലാത്ത വാസസ്ഥലം, ലൈംഗിക ചൂഷണം തുടങ്ങിയവയാണ് പ്രധാന പ്രശ്‌നങ്ങള്‍. ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ 99 മരണങ്ങള്‍ നടന്നിട്ടുണ്ട്. അവയില്‍ 34 എണ്ണം തികച്ചും അസ്വാഭാവിക മരണമാണ്. തൊഴിലുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കൊണ്ടുണ്ടായ മരണം 36 ആണ്. സ്വാഭാവിക മരണം 15ഉം കാരണം കണ്ടെത്താന്‍ കഴിയാത്ത മരണം 14ഉം ആണ്. ഏഴുപേരെ കാണാതായിട്ടുണ്ട്. 16 പേര്‍ പീഡിപ്പിക്കപ്പെട്ട് തിരിച്ചെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിന് ഇരയായി മുതലാലിമാരുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മൂന്നു പെണ്‍കുട്ടികളുണ്ട്. അവരില്‍ ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളാണ്. ഇതില്‍ രണ്ടുകേസുകള്‍ ബത്തേരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഉന്നതരുടെ ഇടപെടലും രാഷ്ട്രീയ – സാമ്പത്തിക സ്വാധിനവും മൂലം തേച്ചുമാച്ചു കളയപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന രീതിയിലായരുന്നു എ പി പി ഇവരെ കൊണ്ട് കോടതിയില്‍ സംസാരിപ്പിച്ചത് എന്ന ആരോപണവും നിലവിലുണ്ട്.

ആദിവാസികളില്‍ തന്നെ ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന പണിയ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ജോലിക്കായി കുടകിലെത്തുന്നവരില്‍ ഭൂരിഭാഗവും. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ തന്നെയാണ് ഇവര്‍ക്ക് നാടുവിടേണ്ടിവരുന്നത്. ഇവര്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി നേരിടുന്ന വനാന്തരങ്ങളില്‍ ഉള്‍പ്രദേശങ്ങളില്‍ ജീവിക്കുന്ന വിഭാഗങ്ങളാണ്. പട്ടിണിയും കടുത്ത ദാരിദ്ര്യവുമാണ് അവര്‍ നേരിടുന്നത്. വല്ലപ്പോഴും ലഭിക്കുന്ന റേഷനരി മാത്രമാണ് അവരുടെ ആഹാരം. കടുത്ത പോഷകദാരിദ്ര്യം നേരിടുന്നവരാണവര്‍.

വയനാട്ടിലെ ആദിവാസികളെ കാര്‍ഷിക തൊഴിലാളികള്‍, നാമമാത്ര കര്‍ഷകര്‍ വനാശ്രിതര്‍ എന്നിങ്ങിനെ തരം തിരിച്ച് നോക്കിയാല്‍ പരമ്പിരാഗതമായി പണിയ അടിയ. കാട്ടുനായ്ക്ക. വെട്ടക്കുറുമ വിഭാഗങ്ങള്‍ കാര്‍ഷിക തൊഴിലാളികളിലെ ബഹുഭൂരിപക്ഷമാണ്. വയനാട് ജില്ലയില്‍ 55% ആദിവാസി ജനസംഖ്യ ഉണ്ട്. ഗവ: പ്രാചീന ഗോത്ര വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കാട്ടുനായ്ക്കര്‍ പരിപൂര്‍ണ്ണമായും വനത്തെയാണ് ജീവിതോപാധിക്കായി സമീപിക്കുന്നത്. അവര്‍ വനത്തിലെ ജോലിക്കാരായിട്ടോ തടി ഒഴികെ വനവിഭവങ്ങള്‍ ശേഖരിക്കുന്നവരായിട്ടോ ആണ് ജീവിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വയനാട്ടിലെ ജനസംഖ്യയുടെ 9% വരും കുറിച്യരും . മുള്ള കുറുമരുമാണ്. അവര്‍ പാരമ്പര്യമായി കാര്‍ഷിക സമൂഹങ്ങളാണ്. അവരില്‍ 35% വരുന്നവര്‍ എറെക്കുറെ നാമമാത്ര കര്‍ഷകരാണ്. അവര്‍ പൊതുവെ നല്ല വിദ്യാഭ്യാസവും ജോലിയുമുള്ളവരുമാണ് സംസ്‌കാരികമായും രാഷ്ട്രീയപരമായും നല്ല നിലയില്‍ ജീവിക്കുന്നവരാണ്. കുറച്ച്യ, മദ്യപാനമൊക്കെ ഇവരില്‍ വളരെ കുറവാണ് ബാക്കിയുള്ളവരെല്ലാം കൂടി ആകെ ഉള്ള ആദിവാസി ജനവിഭാഗത്തിന്റെ 15% വരും

ആദിവാസി തൊഴിലാളികള്‍ കുടകില്‍ തൊഴില്‍ സ്ഥലത്ത് മരണപ്പെടുന്നത് ശ്രദ്ധയില്‍ പെടുന്നത് 2005ലാണ്. നൂല്‍പുഴ പഞ്ചായത്തില്‍ കല്ലൂര്‍ ചുണപ്പാടി ഊരിലെ കോലു എന്ന ആദിവാസി സഹോദരന്‍ ആ വര്‍ഷം ഏപ്രില്‍ 21നാണ് കുശാല്‍ നഗര്‍ കുടക് ജില്ലയിലെ കുപ്പ .എന്ന സ്ഥലത്ത് തൊഴിലിനായി പോയത്. കല്ലൂര്‍ ചുണപ്പാടി പ്രദേശവാസികളായ കര്‍ഷകര്‍ ഏലിയാസ്, കുര്യന്‍ എന്നിവരാണ് ഇഞ്ചിപ്പണിക്കായി കോലുവിനെ കൊണ്ടുപോയത്. ഒരു ദിവസം കോലുവിന്റെ സഹോദരന്‍ ബത്തേരി ഗവ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അവിടെനിന്ന് മുതലാളിമാരുടെ ആളുകള്‍ അയാളെ നിര്‍ബന്ധിച്ച് ജീപ്പില്‍ കൊണ്ടുപോയി. രണ്ടു ദിവസത്തിനുശേഷം കോലു മരണപ്പെട്ടു എന്ന വിവരമാണ് സഹോദരന്‍ ഗണപതിക്ക് ലഭിച്ചത്. കോലുവിന്റെ മൃതദേഹം കൊണ്ടുവരാന്‍ മുതലാളിമാര്‍ മകന്‍ സുരേഷിനെ ജീപ്പില്‍ കൂട്ടികൊണ്ടുപോയി. യാത്രക്കിടെ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി പറയാന്‍ പോയാല്‍ നിന്നേയും ശരിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. കൂര്‍ഗില്‍ കുപ്പ എന്ന സ്ഥലത്തെ ഇഞ്ചികൃഷി ചെയ്യുന്ന മേഖലയില്‍ അച്ഛന്‍ കൊല്ലപ്പെട്ടതാണെന്ന് സുരേഷിനു ബോധ്യമായി. നെഞ്ചിലും പുറത്തും കുത്തേറ്റ മുറിവുകളുണ്ട്. ഇടതുകണ്ണ് പൊട്ടിപുറത്തേക്കു വന്നിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നു പറഞ്ഞ് മുതലളിമാര്‍ തന്നെ ശരീരം കെട്ടിപ്പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു.

വൈകുന്നേരമായപ്പോള്‍ മൃതദേഹം ജീപ്പില്‍ കയറ്റി വയനാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ജീപ്പില്‍ വെച്ച് അവര്‍ നന്നായി മദ്യപിച്ചു. മൃതദേഹത്തിന്റെ തലയുടെ ഭാഗത്ത് മദ്യക്കുപ്പി വെച്ച് തെറിപ്പാട്ടുപാടി. കോലുവിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായിട്ടാണത്രെ അങ്ങനെ ചെയ്തത്. മുത്തങ്ങ ചെക് പോസ്റ്റില്‍ പോലും ആരും പരിശോധിച്ചില്ല. രാത്രി ഒമ്പതിന് ഊരിലെത്തി. മൃതദേഹം എത്രയും വേഗം സംസ്‌കരിക്കാനാണ് അവരാവശ്യപ്പെട്ടത്. ബത്തേരി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ച ബന്ധുക്കളോട് പോലീസ് പറഞ്ഞത് കോലു മദ്യപിച്ച് വീണു മരിച്ചതാണെന്നാണ്. വേഗം അടക്കം ചെയ്യാനും ആവശ്യപ്പെട്ടു. വിവരമെല്ലാം അവര്‍ നേരത്തെ അറിഞ്ഞിരുന്നു എന്നര്‍ത്ഥം. ഈ സംഭവം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് ഞങ്ങളറിഞ്ഞത്. ഉടനെ ഊരിലെത്തി കോലുവിന്റെ ഭാര്യയും മകനും ബന്ധുക്കളും അയല്‍ക്കാരുമൊക്കെയായി സംസാരിച്ചു. ഇവരുടെ ഊര് വനത്തോട് ചേര്‍ന്നാണ്. വനത്തില്‍ നിന്ന് വിറകു ശേഖരിക്കാന്‍ പോകുമ്പോള്‍ ആ മുതലാളിമാരും കൂട്ടുകാരും വന്യമൃഗങ്ങളെ വേട്ടയാടി പാകം ചെയ്ത് ഭക്ഷിക്കുന്നത് കാണാറുണ്ടത്രെ. കൂട്ടത്തില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും ഉണ്ടാകാറുണ്ട്. ഒരിക്കല്‍ അതുകണ്ട് കോലു ശക്തമായി പ്രതികരിച്ചത്രെ. മുതലാളിമാര്‍ക്ക് എന്തു തോന്നിവാസത്തിനും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് മൃഗങ്ങളെ വേട്ടയാടി, മരം മുറിച്ചു എന്നൊക്കെ പറഞ്ഞ് ആദിവാസികളെ പീഡിപ്പിക്കുന്നതും കള്ളക്കേസുകളില്‍ പെടുത്തുന്നതും. അതിനുശേഷമാണ് അവര്‍ക്ക് കോലുവിനോട് വൈരാഗ്യമുണ്ടായതും കൊലപതാകം നടത്തിയതുമെന്ന് സംശയിക്കപ്പെടുന്നു. കോലുവിനൈ കുടുക്കാന്‍ അവര്‍ ഊരിനോട് ചേര്‍ന്ന് തേക്കുമരം മുറിച്ച് കുഴിച്ചുമൂടി വെച്ചിരുന്നു.

അതേസമയം കുടകില്‍ മുതലാളിമാര്‍ ഇഞ്ചികൃഷിക്കു കൊണ്ടുപോകുന്ന ആദിവാസികള്‍ നേരിടുന്ന പീഡനങ്ങളേയും തിരോധാനത്തേയും മറ്റും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ സംഭവം കാരണമായി. 2008ല്‍ വയനാട്ടില നീതിവേദി എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട പീപ്പിള്‍സ് ട്രൈബ്യൂണലില്‍ മരണങ്ങളും തിരോധാനവും പീഡനങ്ങളും മര്‍ദ്ദനങ്ങളുമൊക്കെയായി 122 പരാതികളെത്തിയിരുന്നു. പക്ഷെ അതുമായി ബന്ധപ്പെട്ട് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. നൂല്‍പ്പുഴ പഞ്ചായത്തില്‍ നിന്നു മാത്രം ആദിവാസികള്‍ കൂട്ടത്തോടെ ഏപ്രില്‍ – മെയ് മാസങ്ങളില്‍ കുടക്, മൈസൂര്‍ നാഹഹോള, ഹുന്‍സുര്‍, വീരാഗ് പേട്ട, സോമര്‍ പേട്ട, ചിക്മംഗ്ലൂര്‍, കെ ആര്‍ നഗര്‍, കൂശാല്‍നാഗര്‍, ഗോണിക്കുപ്പ, ശ്രീനാഗര്‍, ശ്രീമംഗലം തുടങ്ങിയ സ്ഥലങ്ങളിലേക്കു കൂടാതെ ഗോവ വരേയും എത്തുന്നു. നിര്‍ബന്ധിച്ചും കൂടുതല്‍ കൂലി തരാമെന്നു വാഗ്ദാനം നല്‍കിയുമാണ് പലപ്പോഴും ഇവരെ കൊണ്ടുപോകുന്നത്. നൂല്‍പ്പുഴ പഞ്ചായത്തില്‍ ഏകദേശം 222 ഊരുകളുണ്ട്. അവിടെനിന്ന് ഞങ്ങള്‍ കൃത്യമായ വസ്തുതാന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. മരണപ്പെട്ട വീടുകളിലെത്തി. പല വീടുകളിലും മകന്റെ, സഹോദരന്റെ, ഭര്‍ത്താവിന്റെ, പിതാവിന്റെ മരണത്തെ കുറിച്ചറിയാത്തവരാണ്. മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് പലരും. അങ്ങനെയിരിക്കുമ്പോഴാണ് പലപ്പോഴും രാത്രി ശവശരീരം കൊണ്ടു വന്ന് രാത്രിതന്നെ അടക്കി വണ്ടികള്‍ മടങ്ങിപോകുന്നത്. നൂല്‍പ്പുഴ പഞ്ചായത്തിലെ എടത്തറ, കല്ലൂര്‍ക്കുന്ന്, ചൂണ്ടപ്പാടി, തെര്‍വയല്‍, പുലുകുക്കി, ചെക്യലാഞ്ഞൂര്‍ തുടങ്ങി പല ഊരുകളിലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഞങ്ങള്‍ അവര്‍ക്കൊപ്പം നിന്ന് ആത്മവിശ്വാസമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

ഈ മരണങ്ങളെ കുറിച്ച് കേരള പോലീസിലോ കര്‍ണ്ണാടക പോലീസിലോ പരാതികള്‍ നിലവിലില്ല. അതിനാല്‍ തന്നെ കുടുംബങ്ങള്‍ക്ക് അവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ മരണസര്‍ട്ടിഫിക്കറ്റോ ലഭിക്കുന്നില്ല. മതിയായ രേഖകള്‍ ഇല്ലത്തതിനാല്‍ വിധവാ പെന്‍ഷനുപോലും അപേക്ഷിക്കാനാകുന്നില്ല. ആദിവാസി ഊരില്‍ നിന്നു തൊഴിലിനു പോകുന്നവരുടെ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷന്‍, ഊരുമൂപ്പന്‍, എസ് ടി പ്രമോട്ടര്‍ എന്നിവരുടെ കൈവശം വേണമെനന്് 2007ല്‍ വയനാട് കളക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മുതലാളിയെ കുറിച്ചും ജോലി സ്ഥലത്തെ കുറിച്ചും കൂലിയെ കുറിച്ചുമൊക്കെ അതിലുണ്ടാകണം. തൊഴിലാളികളുടെ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ അറിയിച്ച് സെക്യൂരിറ്റിയായി 1000 രൂപ വീതം മുതലാളി കെട്ടിവെക്കണം. ഇതെല്ലാം പക്ഷം സര്‍ക്കുലറില്‍ ഒതുങ്ങുകയായിരുന്നു.

സുല്‍ത്താന്‍ ബത്തേരി താലൂക്ക് നെന്‍മേനി പഞ്ചായത്തില്‍ കായല്‍ക്കുന്ന് ഊരിലെ ബിന്ദു. വേലു എന്നിവരുടെ മകള്‍ സന്ധ്യയുടെ ഭര്‍ത്താവ് സന്തോഷും വെള്ളമുണ്ട പഞ്ചായത്തില്‍ കൊയ്ത്തുപ്പാറ കാട്ടുനായ്ക്ക ഊരിലെ രാജുവിന്റെ മകന്‍ സന്തോഷും കടുക് തൊഴില്‍ സ്ഥലത്ത് മരണപ്പെട്ടിരുന്നു. കഴിഞ്ഞില്ല, വെള്ളമുണ്ട വാളാരം കുന്ന് ഊരില്‍ ശ്രീധരന്‍ , പുല്‍പ്പള്ളി പാളക്കൊല്ലി ഊരിലെ കായ്മയുടെ മകന്‍ ശേഖരന്‍, പടിഞ്ഞാറത്തറ കൊയ്ത്തുപ്പാറ ഊരിലെ രാജന്റെ മകന്‍ സന്തോഷ് എന്നിങ്ങനെ മറ്റു പലരും അടുത്തകാലത്ത്‌സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടുണ്ട്. .

ശ്രീധരന്‍ കര്‍ണ്ണാടക കുട്ടീ എന്ന ടൗണിലെ ശ്രീമംഗലം സ്വദേശി ഗിരി എന്ന കുടകന്‍ മുതലാളിയുടെ കൃഷിസ്ഥലത്താണ് ജോലിക്ക് പോയത്. 10 ദിവസം മാത്രം ഈ മുതലാളിയുടെ തോട്ടത്തില്‍ പണിയെടുത്ത ശ്രീധരന്‍ തിരികെ വീട്ടില്‍ എത്തിയില്ല. കാണാതായ വിവരം വെച്ച് വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ missing കേസ് കൊടുത്തു. തുടര്‍ന്ന് പലപ്പോഴും ആദിവാസികളെ ജോലിക്ക് കൊണ്ടുപോകുന്ന ഏജന്റായ ആലക്കണ്ടി സുരേഷ് തന്റെ മൊബൈല്‍ ഫോണ്‍ വാട്‌സാപ്പില്‍ ശ്രീധരന്‍ ശ്രീമംഗലത്ത് കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ഫോട്ടോ കാണിച്ച് കൊടുക്കുകയായിരുന്നു. ഫോട്ടായില്‍ കണ്ടത് ശ്രീധരന്‍ തന്നെയാാണെന്ന് സഹോദരന്‍ അനില്‍ പോലീസിനോട് പറഞ്ഞു . ശവം ഒരു പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. മുഖത്ത് പരിക്ക് ഉണ്ടായിരുന്നു എന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അത് കുളത്തില്‍ മീന്‍ കൊത്തിയ പരിക്കാണെന്നായിരുന്നു പോലീസ് ഭാഷ്യം. മരണത്തില്‍ സംശയമുളളതായും തൊഴില്‍ സ്ഥലത്ത് മദ്യപിച്ചവര്‍ തമ്മില്‍ വാക്കേറ്റവും അടിയും നടന്നതായി ദൃക്‌സാക്ഷികള്‍ പറയുഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നത്

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രീധരന്റെ മരണശേഷം ഭാര്യ വസന്ത പട്ടിണിയും ദാരിദ്ര്യവും കൊണ്ട് വളരെ കഷ്ടപ്പാട് അനുഭവിക്കുകയാണ്. ഇവര്‍ക്ക് ആറ് മക്കളാണുള്ളത്. 19 വയസ്സുള്ള മൂത്ത മകള്‍ പ്രിയക്ക് വല്ലപ്പോഴും കിട്ടുന്ന ചെറിയ വരുമാന മാത്രമാണ് ഏകാശ്രയം. ഇളയ കുട്ടിക്ക് 3 വയസ് മാത്രമെ പ്രായമുള്ളു. ഈ പ്രദേശത്ത് അമ്യതാന്ദനന്ദ ആശ്രമത്തില്‍ നിന്ന് വല്ലപ്പോഴും കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത് ഹരിയാണ്. ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന വലിയ കുന്നില്‍ മുകളില്‍ എത്തിപ്പെടാന്‍ വലിയ ബുദ്ധിമുട്ടാണ്. കുട്ടികള്‍ക്ക് പഠനോപകരണങ്ങേളാ ചെരുപ്പോ പോലും ഇല്ലാത്ത അവസ്ഥയാണ്.

പുല്‍പ്പള്ളി പാളക്കൊല്ലി ഊരില്‍ ശേഖരനെ അയല്‍വാസിയായ മുള്ളന്‍ ക്കൊല്ലി സെന്റ് മേരീസ് എ യു പി സ്‌കൂള്‍ റിട്ട : അധ്യാപകനാണ് തൊഴിലിന് കോണ്ടുപോയത് . 2023 ജൂണ്‍ 15ന് ശേഖരന്‍ മരണപ്പെടുകയായിരുന്നു. തൊഴില്‍ സ്ഥലത്ത് ബോധമില്ലാതെ തളര്‍ന്നു കിടക്കുന്നതായി വീട്ടില്‍ വന്നു വിവരം അറിയിച്ച് സഹോദന്‍ ബാബുവിനെ കൂടെ കൊണ്ടുപോയി മൈസൂര്‍ വിവേകാന്ദനന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബാബു കാണുമ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞ് ശേഖരന്‍ മരിച്ചുവെന്നാണ് അറിയിച്ചത് . നെഞ്ചുവേദനമൂലം മരിച്ചുവെന്നാണ് പറഞ്ഞത്. മ്യതദേഹം ആംബുലന്‍സില്‍ കയറ്റി വിട്ടു. ശേഖരന്റെ വയറിന്റെ ഭാഗത്ത് കീറിയിരുന്നു. തുന്നിയ സ്റ്റീച്ച് അകന്നു കിടന്നിരുന്നു. പാളക്കൊല്ലി ഊരില്‍ രാത്രി എത്തിച്ച മൃതദേഹം കിടത്തിയ സ്ഥലത്ത് രക്തം താളം കെട്ടി കിടന്നിരുന്നു. ബന്ധുക്കള്‍ക്ക് 10000 രൂപ കൊടുത്ത മുതലാളി മൃതദേഹം കുളിപ്പിക്കരുതെന്നും വേഗം അടക്കാനും ആവശ്യപ്പെട്ടത്രെ. വലിയ മാനസിക സമര്‍ദ്ദത്തിലൂടെയാണെങ്കിലും അങ്ങനെ ചെയ്യുകയാണ് ബന്ധുക്കള്‍ ചെയ്തതത്. പരാതിയും കൊടുത്തില്ല.

പുലിതൂക്കി ഊരിലെ മണി (30. വയസ്) ചീനചട്ടിയില്‍ തക്കാളിയും സവാളയും അരിഞ്ഞ് എണ്ണ ഒഴിച്ച് വാട്ടിയപ്പോള്‍ ചൂടുള്ള വെളിച്ചെണ്ണയില്‍ വെന്ത് മരിച്ചെന്ന വിവരമാണ് വീട്ടിക്കാര്‍ക്ക് ലഭിച്ചത് എന്നാല്‍ ഷെഡില്‍ തീവെച്ച് കൊന്നതാണെന്ന് പിന്നീട് ബോധ്യമായി.

ആദിവാസി വിഭാഗങ്ങള്‍ക്ക് നീതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. SC/ST Act ഉം ലേബര്‍ Act വകുപ്പ് പ്രകാരവും കേസ് എടുത്ത് ഈ സംഭവങ്ങള്‍ അന്വേഷിക്കേണ്ടതാണ്. മരിച്ചവര്‍ക്ക് നീതി ലഭിക്കാനും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. 2007ലെ കളക്ടറുടെ ഉത്തരവ് നടപ്പാക്കണം. അല്ലെങ്കില്‍ പണിയ വിഭാഗം ആദിവാസികള്‍ എന്ന വിഭാഗം ഏതാനും വര്‍ഷം കഴിഞ്ഞാല്‍ അവശേഷിക്കുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. വംശഹത്യയുടെ വക്കിലാണവര്‍ എന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply