വിഴിഞ്ഞത്ത് സംഭവിക്കുന്നത്
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കുന്നതിനെതിരെയാണല്ലോ യുഡിഎഫും എല്‍ഡിഎഫും നിലപാടെടുക്കുന്നത്. ഇരുകൂട്ടരുടേയും നിലപാടിലെ ആത്മാര്‍ത്ഥത വിശ്വസനീയമല്ല. അതേസമയം പാരിസ്ഥിതികമായ വന്‍ഭീഷണിയുയര്‍ത്തുന്ന വിഴിഞ്ഞം തുറമുഖം അദാനിക്കു കൊടുത്തതില്‍ ഇരുകൂട്ടരും ഒറ്റക്കെട്ടാണ്. യുഡിഎഫ് കാലത്താണ് അത്തരമൊരു തീരുമാനമുണ്ടായത്. അന്ന് എല്‍ഡിഎഫ് എതിരായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഭരണം വന്നപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ല എന്ന ന്യായീകരണത്തില്‍ മുന്നോട്ടുപോകുകയായിരുന്നു. അതിനാല്‍ തന്നെ വിമാനത്താവളവിഷയത്തില്‍ ഇരുകൂട്ടരുടേയും നിലപാടുകള്‍ സത്യസന്ധമാണെന്നു പറയാനാകില്ല.
2011-2016 കാലഘട്ടത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ ഉടമ സ്ഥതയിലും നടത്തിപ്പ് സ്വകാര്യ കമ്പനിക്കും എന്ന രീതിയില്‍ ആയിരുന്നു വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്തത്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട് ലിമിറ്റഡ് എന്നാണ് പദ്ധതിയുടെ പേര്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്‍ അദാനി ഗ്രൂപ്പുമായി (DBFOT) D ഡിസൈന്‍, B ബില്‍ഡ്, F ഫിനാന്‍സ്, O ഓപ്പറേറ്റ്, T- ട്രാന്‍സ്ഫര്‍ എന്ന രീതിയില്‍ ആണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ അന്ന് ആ പ്രൊജക്ട് നടക്കാതെ വരികയും പിന്നീട് നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മാത്രം പദ്ധതി നടപ്പാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് ആ തീരുമാനം അട്ടിമറിക്കപ്പെട്ടു. അദാനിക്ക് എല്ലാതരത്തിലും ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. 7525 കോടി രൂപയോളം ആണ് പദ്ധതിക്ക് ചെലവ്. അതില്‍ അദാനിയുടെ ചെലവ് 4089 കോടി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് വൈബലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ 800 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 800 കോടി രൂപയും ഉള്‍പ്പെടെ 1600 കോടി പദ്ധതിക്കായി കമ്പനിക്ക് വീണ്ടും ഗ്രാന്റായി കൊടുക്കും. ഈ പറയുന്ന ഗ്രാന്റ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് തിരികെ നല്‍കേണ്ടതാണ്. അപ്പോള്‍ അദാനിയുടെ മൊത്തം ചെലവ് 2489 കോടി രൂപ മാത്രം. ഈ പണം അദാനി ഗ്രൂപ്പ് കണ്ടെത്തുന്നത്, കമ്പനിക്ക് നല്‍കിയിരിക്കുന്ന 351 ഏക്കര്‍ ഭൂമിയുടെ ഈടിന്മേല്‍ എസ് ബി ടി ബാങ്ക് നല്‍കുന്ന 3000 കോടി രൂപയുടെ ബാങ്ക് വായ്പയിലാണ്. ചുരുക്കി പറഞ്ഞാല്‍ അദാനി ഗ്രൂപ്പ് പദ്ധതിക്കായി ഒട്ടും തന്നെ മുതല്‍ മുടക്കുന്നില്ല. സംസ്ഥാന താല്‍പര്യങ്ങളും പൊതു പണവും അവര്‍ക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. 500 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനു നല്‍കുക. ഇതില്‍ പദ്ധതിക്ക് ആവശ്യം 300 ഏക്കര്‍ മാത്ര മാണ്. ബാക്കി ഭൂമി അദാനിക്ക് ഇഷ്ടമുള്ള വ്യവസായത്തിന് ഉപയോഗിക്കാവുന്നതാണ്. പദ്ധതിക്കായി ഏകദേശം 6000 കോടി രൂപയുടെ ഭൂമിയും പഞ്ചാത്തലസൗകര്യങ്ങളും സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനായി ചെയ്തു കൊടുക്കും. ഇത്തരത്തിലായിരുന്നു പദ്ധതി ഡിസൈന്‍ ചെയ്തത്.
വിഴിഞ്ഞം പോര്‍ട്ട് പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നല്‍കുന്നത് 2011ലാണ്. തുടര്‍ന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം വളരെയധികം പാരിസ്ഥിതിക ലോല പ്രദേശമാണ് എന്ന് വ്യക്തമാക്കുകയും അവിടെ യാതൊരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. കേന്ദ്രര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പോര്‍ട്ടിനു വേണ്ടി രണ്ടുതവണ സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനത്തിനുള്ള അപേക്ഷ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടതലുള്ള തീരത്ത് ഒരിക്കലും തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ലാത്തതാണ്. വലിയ രീതിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള തീരമാണ് വിഴിഞ്ഞം. നിലവിലുള്ള ഹാര്‍ബര്‍ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ അവരുടെ ജീവിതോപാധിയായി ഉപയോഗിക്കുന്നുണ്ട്. പുതിയ പോര്‍ട്ട് വരികയാണെങ്കില്‍ മത്സ്യത്തൊഴിലാളികളെ ബാധിക്കും. ജനസാന്ദ്രത കൂടിയ പ്രദേശമാണ് വിഴിഞ്ഞം. ഈ കാരണങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം തുടക്കത്തില്‍ അനുമതി നിഷേധിച്ചത്.
വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് നല്‍കിയിരിക്കുന്നത് 40 വര്‍ഷത്തേക്കാണ്. ഇത് 60 വര്‍ഷത്തേക്ക് നീട്ടുകയും ആകാം. രാജ്യത്തെ മറ്റു തുറമുഖങ്ങളുടെ സ്വകാര്യകമ്പനികളുമായുള്ള കരാര്‍ 30 വര്‍ഷത്തേക്കാണ്. സംസ്ഥാന സര്‍ ക്കാരിന് വിഴിഞ്ഞം പദ്ധതിയില്‍ പ്രതിവര്‍ഷം ലഭിക്കാന്‍ പോകുന്ന ലാഭം 20 വര്‍ഷങ്ങള്‍ക്ക് ശേഷം 1 % ആണ്. അതുവരെ ലാഭം കമ്പനിക്കാണ്. നിയമപരമായി പടിഞ്ഞാറന്‍ തീരത്ത് വിനോദസഞ്ചാര മേഖലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മേഖലയില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ല എന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം സ്റ്റേ ചെയ്തിരുന്നു. അന്ന് സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലില്‍ കൊടുത്ത ഉറപ്പ് ഈ പദ്ധതിയുമായി ഇനി മുന്നോട്ടു പോവില്ല എന്നായിരുന്നു. എന്നാല്‍ അതെല്ലാം ലംഘിച്ചാണ് പിന്നീട് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്.
1970 ല്‍ വിഴിഞ്ഞത്താരംഭിച്ച ഇപ്പോഴത്തെ ഫിഷിങ് ഹാര്‍ബര്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം വലിയ തുറ, ബീമാപള്ളി, പൂന്തുറ കടപ്പുറങ്ങള്‍ 300 മീറ്റര്‍ കടലെടുത്തതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഫിഷിങ് ഹാര്‍ബറിനായി പുലിമുട്ട് നിര്‍മിച്ചതാണ് ഇതിന് കാരണം. 1000 ല്‍ അധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. അഞ്ചിലധികം മത്സ്യത്തൊഴിലാളി കോളനികള്‍ ആണ് ഇതുമൂലം രൂപം കൊണ്ടത്. ശംഖുമുഖം ബീച്ചിന്റെ പകുതിയോളം കടല്‍ കൊണ്ടുപോയതിനും ഇതു കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. കിലോമീറ്ററുകളോളം നീളത്തില്‍ ഉണ്ടാക്കുന്ന കടല്‍ ഭിത്തി അനേകം മല്‍സ്യ തൊഴിലാളി ഗ്രാമങ്ങളെയായിരിക്കും ബാധിക്കുക. പദ്ധതിക്കായി 4 കിലോമീറ്റര്‍ കടല്‍ നികത്തുമ്പോള്‍ 8 മുതല്‍ 16 കിലോമീറ്റര്‍ വരെ വടക്കു ഭാഗത്തെ കടല്‍ തീരം ഇല്ലാതാകുമെന്നും വിദഗ്ധര്‍ പറയുന്നു. അത് യാഥാര്‍ത്ഥ്യമായികൊണ്ടിരിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും കടലാക്രമണം രൂക്ഷമാകാന്‍ അതു കാരണമായെന്നും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ 2019 ജൂണ്‍ മാസത്തില്‍ തുറന്നു സമ്മതിക്കുകയുണ്ടായി. പോര്‍ട്ടിനു വേണ്ടി നിര്‍മിച്ചുകൊണ്ടിരിക്കുന്ന കടല്‍ഭിത്തി 2 കിലോമീറ്റര്‍ നീളം എത്താറായപ്പോഴേക്കും തീരം മുഴുവന്‍ ദുരന്തങ്ങളാണ്. 2019 ജൂലൈയില്‍ അതിശക്തമായ മഴ പെയ്യാതിരുന്നിട്ടും വലിയതുറയില്‍ കടല്‍കയറി 65 കുടുംബങ്ങളിലായി 282 പേരാണ് വലിയ തുറ സ്‌കൂളിലെ ക്യാമ്പില്‍ എത്തിയത്. മുന്‍വര്‍ഷങ്ങളില്‍ ഇത്ര രൂക്ഷമായ രീതിയില്‍ കടല്‍ കയറിയിരുന്നില്ല. നാല് കിലോമീറ്റര്‍ വരുന്ന കടല്‍ ഭിത്തി നിര്‍മിക്കാന്‍ 7 ലക്ഷം ടണ്‍ പാറ കടലില്‍ നിക്ഷേപിക്കേണ്ടി വരും. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തം എത്രമാത്രം ഭീകരമായിരിക്കുമെന്നു വരുംനാളുകളില്‍ അറിയാം.
4 കിലോമീറ്ററോളം നീളത്തില്‍ 66 ഹെക്ടര്‍ കടല്‍ നികത്തി ഉണ്ടാക്കുന്ന ബ്രേക്ക് വാള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങള്‍ ഗുരുതരമായിരിക്കും. 70 ലക്ഷം ടണ്‍ പാറയാണ് കടലിന്റെ സ്വാഭാവിക തീരത്തു നിക്ഷേപിക്കുന്നത്. ഇതുണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്താണെന്നു ഇപ്പോഴും പൂര്‍ണമായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഒപ്പം ഇത്രയധികം പാറയെടുക്കുന്ന പശ്ചിമഘട്ടത്തിലേയും അവസ്ഥ ഗുരുതരമായിരിക്കും. വളരെ സാവധാനം നടക്കാന്‍ പോകുന്ന പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ചു കാര്യമായ പഠനങ്ങളൊന്നും നടന്നില്ല. ഇതിനൊക്കെ ശേഷം പദ്ധതി നടപ്പാക്കി കഴിയുമ്പോള്‍ ആകെ 2650 പേര്‍ക്കാണ് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കാന്‍ പോകുന്നത് എന്നതാണ് സര്‍ക്കാരിന്റെ കണക്ക്. മറുവശത്ത് 18929 മത്സ്യ ത്തൊഴിലാളി കുടുംബങ്ങളെയാണ് പദ്ധതി ബാധിക്കുക എന്ന് സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ് വ്യക്തമാക്കുന്നത്. ഇടതുപക്ഷ സംഘടനയായ ശാസ്ത്ര സാഹി ത്യപരിഷത്തും സി പി ഐ യും പദ്ധതി നടത്തുന്നതിനോട് വിയോജിപ്പുള്ളവരാണ്. സിപിഎമ്മും ആദ്യഘട്ടത്തില്‍ പദ്ധതിക്കെതിരെ രംഗത്തുവന്നു. അദാനിക്കു നല്‍കുന്ന സൗജന്യങ്ങളെയായിരുന്നു അവര്‍ പ്രധാനമായും ആക്രമിച്ചത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം 2016 ജൂണ്‍ 9 നു പിണറായി വിജയനും അദാനിയുമായി ചര്‍ച്ച നടത്തി ധാരണയെത്തിയത് യു ഡി എഫ് സര്‍ക്കാരുമായി അദാനി സംഘം ഉണ്ടാക്കിയ കരാര്‍ പ്രകാരം തന്നെ പദ്ധതി മുന്നോട്ട് പോകും എന്നാണ്. കരാറിലെ പല വ്യവസ്ഥകളും അംഗീകരിക്കുന്നില്ല എന്നും എന്നാല്‍ ഇനിയത് റദ്ദാക്കി പുതിയ ടെന്‍ഡര്‍ സാധ്യമല്ലെന്നും കരാറുമായി ബന്ധപ്പെട്ട് മുന്‍സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ അന്വേഷിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. അതിനായി 2017 മെയില്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ കാര്യമായ അന്വേഷണമൊന്നും നടത്തുന്നില്ല എന്നതു വേറെ കാര്യം. അതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. അതിനാല്‍ തന്നെ ഇപ്പോഴുത്തെ ഈ എതിര്‍പ്പില്‍ വലിയ കാര്യമുണ്ടെന്നു വിശ്വസിക്കാനാവില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in