നിലമ്പൂരിലെ ആദിവാസി പോരാട്ടം

വീട് വെക്കാനും കൃഷിചെയ്യാനുമുള്ള ഭൂമി ആവശ്യപ്പെട്ട് നീലമ്പൂരില്‍ നടക്കുന്ന ആദിവാസി സമരം 100 ദിവസത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂര്‍ എഴുതുന്നു

2002 ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം 503 ഏക്കര്‍ വനഭൂമി നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കുന്നതിനായി മാറ്റി വെച്ച വിഷയം ആദിവാസികളായ ഞങ്ങള്‍ അറിയുന്നത് 2017 ലാണ്. ഉടന്‍ തന്നെ ട്രൈബല്‍ വകുപ്പില്‍ നിന്നും അതിന്റെ രേഖകള്‍ സംഘടിപ്പിക്കുകയും അതിനായുള്ള പോരാട്ടങ്ങള്‍ തുടരുകയും ചെയ്തു.

അന്നത്തെ ജില്ലാ കലക്ടറായിരുന്ന ജാഫര്‍ മാലിക്, ഡെപ്യൂട്ടി കലക്ടര്‍റായ അരുണ്‍ കുമാറും ട്രൈബല്‍ വകുപ്പും ചേര്‍ന്ന് ഭൂമി നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ തുടണ്ടി. എന്നാല്‍ 2018 -19 ലെ പ്രളയവും തുടര്‍ന്നുള്ള ലോക് ഡൗണും ഭൂമിവിതരണത്തില്‍ വളരെ പ്രതിസന്ധിയുണ്ടാക്കി. ഭൂരഹിതരായ ആദിവാസികള്‍ ആദിവാസി ഐക്യവേദിയോടൊത്തു ചേര്‍ന്ന് പലതവണ പ്രതിക്ഷേധങ്ങളും സമരങ്ങളും നടത്തി.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാാലയത്തിന്റെയും ബഹു: സുപ്രീം കോടതി ഉത്തരവ് പ്രകാരവും 203.64 ഹെക്ടര്‍ വനഭൂമിയില്‍ നിന്ന് 109.28 ഹെക്ടര്‍ വനഭൂമി വനം വകുപ്പ് റവന്യു വകുപ്പിന് കൈമാറുകയും ചെയ്തു. നിലമ്പൂര്‍ വില്ലേജിലെ തൃകൈക്കുത്ത്, അകമ്പാടം വില്ലേജിലെ അത്തിക്കല്‍ കുറുമ്പലങ്ങോട് വില്ലേജിലെ നെല്ലിപ്പൊയില്‍ എന്നിവയാണ് 1200 പ്ലോട്ടുകളായി തിരിച്ചു കൊണ്ട് 1709 അപേക്ഷകളില്‍ അര്‍ഹരായവരെകണ്ടെത്തി ജൂലൈ 5 ന് നല്‍കിത്തുടങ്ങിയത്. 2019 ലെ പ്രളയത്തില്‍ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ മതില്‍മൂല കോളനിയിലെ പ്രളയ ബാധിതരായവര്‍ക്ക് നല്‍കിയതും 503 ഏക്കറിലുള്‍പ്പെട്ട ഭൂമിയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

20 സെന്റ് വിതരണം ചെയ്യാനൊരുങ്ങവെയാണ് ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ കുറച്ച് ആദിവാസികള്‍ ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തില്‍ ഒരു ഏക്കര്‍ ഭൂമിയാണ് തങ്ങള്‍ക്ക് ലഭിക്കേണ്ടത് എന്ന ആവശ്യമുവായി 2023 മെയ് മാസത്തില്‍ നിലമ്പൂര്‍ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിനു മുന്‍പില്‍ പ്രതിഷേധ സമരം തുടങ്ങിയത്. എന്നാല്‍ അപേക്ഷകരുടെ എണ്ണം കൂടുതലും ഭൂമി കുറവുമായതാണ് 20 സെന്റ് 10 സെന്റ് നല്‍കുവാന്‍ കാരണമെന്നാണ് കലക്ടര്‍ അറിയിച്ചത്. അപേക്ഷകരില്‍ 700 പേരും തീര്‍ത്തും ഭൂരഹിതരായിരുന്നു. ഭൂരഹിതരായ ആദിവാസികള്‍ ഒരു കിടപ്പാടം കാത്തു കഴിയുമ്പോള്‍ ഒരേക്കര്‍ നല്‍കിയാല്‍ മറ്റുള്ളവര്‍ എന്തു ചെയ്യും എന്ന ചോദ്യം ഭൂരഹിതരില്‍ ഉണ്ടായി. ഒടുവില്‍ അവരുടെ സമ്മതപത്രം വാങ്ങിയാണ് ഭൂമിക്കുള്ള നമ്പര്‍ നല്‍കിയത്. ആദിവാസി ഐക്യവേദിയുടെ അന്വേഷണത്തില്‍ അനര്‍ഹരായവര്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. കണ്ടെത്തുന്ന പക്ഷം വേണ്ടപ്പെട്ട അധികാരികളെ അറിയിക്കും.

ആദിവാസികള്‍ക്ക് ഒരേക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ നല്‍കാം എന്ന് സി കെ ജാനുവിന്റെ നില്‍പ്പുസമരത്തിനുശേഷം സര്‍ക്കാര്‍ സമ്മതിച്ചതാണ്. എന്നാല്‍ വനാവകാശ നിയമപ്രകാരം പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ആദിവാസികള്‍ക്ക് കൃഷി ചെയ്യുന്നതിനായി ഭൂമിയും മറ്റു സൗകര്യവും നല്‍കണമെന്നു തന്നെയാണ് ആദിവാസി ഐക്യവേദിയും അഭിപ്രായപ്പെടുന്നത്. അതിനായി പ്രതിഷേധ സമരങ്ങള്‍ മാത്രമല്ല കോടതിയെക്കൂടി സമീപിക്കേണ്ട രീതി തുടരണം. മഴക്കാലങ്ങളില്‍ ഡങ്കി പനി പോലുള്ള മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കെ നിലമ്പൂരിലെ സമരത്തെയോര്‍ത്ത് ആശങ്കയുണ്ട്. ഒരു ഏക്കര്‍ ഭൂമി ലഭിക്കാന്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താം എന്നാണെന്റെ അഭിപ്രായം. മാത്രമല്ല ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുന്നതായിരിക്കും ഉചിതം.

ചോലനായ്ക്കര്‍ 130 നടുത്ത കുടുബങ്ങളാണുള്ളത്. 8 കുടുംബങ്ങള്‍ക്ക് 10 ഏക്കര്‍ വനാവകാശനിയമത്തില്‍ നല്‍കണം എന്ന് DLC യില്‍ ചര്‍ച്ച തുടരുന്നു. വനാവകാശ നിയമപ്രകാരം വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് 5 ഏക്കര്‍ ഭൂമിയുള്ളത്. ആശിക്കും ഭൂമിയും വനാവകാശവും വമ്പന്‍ പരാജയമായിരിക്കെ 2000 ത്തോളം ആദിവാസികള്‍ക്ക് അന്തിയുറങ്ങാന്‍ ഭൂമിയും വീടും ഇല്ലാത്ത അവസ്ഥയിലാണ് നിലമ്പൂരില്‍ .

ഇപ്പോള്‍ നല്‍കിയത് വനഭൂമിയായിരുന്നെങ്കിലും റവന്യു വകുപ്പിന് കൈമാറിക്കൊണ്ട് റവന്യു പട്ടയമാണ് നല്‍കുന്നത് . ഇത് വനാവകാശനിയമത്തില്‍ നല്‍കാന്‍ സാധിക്കാത്ത ഭൂമിയാണ് എന്നു മനസ്സിലാക്കുന്നു. റോഡ്, ഹോസ്പിറ്റല്‍ സ്‌കൂള്‍ വാഹന സൗകര്യങ്ങള്‍ എല്ലാം ഉള്ള ഭൂമിയാണിപ്പോള്‍ നല്‍കിയത്.

മുത്തങ്ങാ സമരവും നില്‍പ്പു സമരവും വയനാട് മരിയനാട് ഭൂസമരവും ഇടമലയാര്‍ സമരവും നിലമ്പൂര്‍ സമരവും ഒക്കെ സൂചിപ്പിക്കുന്നത് ആദിവാസികളുടെ ദുരിതം തന്നെയാണ്. സര്‍ക്കാര്‍ ജോലിയോ ബിസിനസ്സോ ഒന്നും ഇല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് രക്ഷ കൃഷിഭൂമി തന്നെയാണ്. സുപ്രീം കോടതി വിധിയുള്ള ഭൂമി പോലും മരിയ നാട് വിതരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഞങ്ങള്‍ക്കായി ഒരു മന്ത്രി ഉണ്ടായിട്ടും കേരളത്തില്‍ ആദിവാസി ദുരിതം തുടരുകയാണ്.

ആദിവാസികള്‍ക്കുള്ള ഭൂമിയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ അവരുടെ ഗോത്രം, ജീവിതരീതി, വിശ്വാസങ്ങള്‍ എല്ലാം മുഖവിലയ്‌ക്കെടുക്കണം. അതേകുറിച്ചു പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന കാര്യം ഒരു ‘പറിച്ചു നടല്‍ , ഇവരിഷ്ടപ്പെടുന്നില്ല എന്നതാണ്. പുനരധിവാസ ത്താന്‍ ആചാരാനുഷ്ഠാനങ്ങള്‍ നഷ്ടപ്പെടുമെന്നും പുതിയ ഇടം തങ്ങള്‍ക്ക് സുരക്ഷിതമാകുമോയെന്നും ഇവര്‍ ആശങ്കപ്പെടുന്നു. മാത്രമല്ല കൂട്ടത്തോടെ സ്വന്തം വര്‍ഗ്ഗക്കാരോടൊപ്പം ജീവിക്കാനും ഇവര്‍ താല്‍പ്പര്യപ്പെടുന്നു. ഉദാഹരണത്തിന് പ്രാക്തന ഗോത്രവിഭാഗങ്ങളായ കാടര്‍ കാട്ടുനായ്ക്കര്‍ ചോലനായ്ക്കര്‍ കൊറഗ തുടങ്ങിയ വിഭാഗങ്ങളെ അവരുടെ വാസസ്ഥാനത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് പുനരധിവസിപ്പിച്ചാല്‍ ജന്മം (ചമ്മം) എന്ന അവരുടെ ഇടം (ഏരിയ) നഷ്ടപ്പെടുകയും അവരുടെ ദൈവമായ മലദൈവങ്ങള്‍, മരണപ്പെട്ടവരുടെ ആത്മാക്കളെ കുടിയിരുത്തിയ ഇടങ്ങള്‍ എന്നിവ ഇല്ലാതാകുകയും ചെയ്യും.

ഇതുപോലെത്തന്നെയാണ് 36 വിഭാഗങ്ങളും അതാണ് TRDM പദ്ധതി ഉപയോഗിക്കാന്‍ ഇവര്‍ തയ്യാറാകാത്തതിന്റെ പ്രധാന കാരണം. ഇവിടെയാണ് വനാവകാശനിയമവും പെസയും നടപ്പിലാക്കണമെന്ന ആവശ്യവുമായി ആദിവാസി ഐക്യവേദി പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ അധികാര പദവി ലഭിക്കുന്നതിലൂടെ ഒരുവിധ ചൂഷണങ്ങളെ തടയാന്‍ സാധിക്കും.

ആദിവാസികളുടെ വികസനം ചര്‍ച്ച ചെയ്യേണ്ടത് ഊരുകൂട്ടമായിരിക്കണം. ഊരുകൂട്ടവര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവിടെ നിന്ന് പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്യണം. ഗ്രാമസഭകള്‍ പോലെത്തന്നെ ഊരുകൂട്ടവും ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഗോത്രവര്‍ഗ്ഗ വികസനം സാധ്യമാകണമെങ്കില്‍ അവരുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കണം. അവരുടെ സംസ്‌കാരം തച്ചുടയ്ക്കാത്ത വികസനം നല്‍കണം. ഭൂമി നല്‍കുന്ന വിഷയങ്ങളിലും ഇതാണ് നടക്കേണ്ടത്.

മലപ്പുറം ജില്ലയില്‍ 294 ഊരുകളാണുള്ളത്. ഇതില്‍ 5022 കുടുംബങ്ങള്‍ താമസിക്കുന്നു. 16220 ജനസംഖ്യയും ഉണ്ട്. കാട്ടുനായ്ക്കര്‍ ചോലനായ്ക്കര്‍ തുടങ്ങിയ പ്രാക്തന ഗോത്രവിഭാഗങ്ങളും ഉണ്ട്. വനാവകാശ നിയമം ബാധകമായിട്ടുള്ള 74 ഊരുകളില്‍ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, മുതുവാന്‍, പണിയര്‍ എന്നീ വിഭാഗങ്ങള്‍ താമസിക്കുന്നു.

ജയലക്ഷ്മി മന്ത്രിയായിരുന്ന കാലത്താണ് ആശിക്കും ഭൂമി എന്ന പദ്ധതി നടപ്പിലാക്കിയത്. 25 സെന്റ് കുറയാതെ ഭൂമി വാങ്ങണം എന്നാണ് പദ്ധതിയില്‍ പറയുന്നത്. മലപ്പുറം ജില്ലയില്‍ 273 അപേക്ഷകളാണ് ഈ പദ്ധതിയിലേക്ക് ലഭിച്ചത് ഭൂമി നല്‍കിയത് 26 പേര്‍ക്ക്. ചാലിയാര്‍ ഗ്രാമ പഞ്ചായത്തില്‍ 17 പേര്‍ക്കും ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ 9 ആണ് നല്‍കിയത്.

199495 വര്‍ഷത്തില്‍ TRDM പദ്ധതി പ്രകാരം 61 പേര്‍ക്ക് വണ്ടൂര്‍ പോരൂര്‍ ജില്ലകളിലായി 75 സെന്റും അതിനുമുകളിലായും ഭൂമി നല്‍കിയതായി രേഖ കാണുന്നുണ്ട്. എന്നാല്‍ ഒരാള്‍ മാത്രമാണ് ഭൂമിയില്‍ താമസിച്ചു വരുന്നത്. ആശിക്കും ഭൂമി പദ്ധതിയും ലൈഫ് മിഷന്‍ പദ്ധതിയും ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും പല ജില്ലകളിലും TRDM പദ്ധതി പ്രകാരം ലഭിച്ച ഭൂമി ഉപയോഗിക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറായിട്ടില്ല. കൊല്ലം കാസര്‍കോഡ്, മലപ്പുറം ആലപ്പുഴ ജില്ലകള്‍ ഇതിനുദാഹരണമാണ്. തൊഴിലുകളും മറ്റ് അടിസ്ഥാന സൗകര്യവും ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ഗുണഭോക്താക്കള്‍ പറയുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനാവകാശ നിയമം ബാധകമായ 7 4ഊരുകള്‍ക്ക് 36 FRC ആണുള്ളത്. ഈ FRC കളില്‍ നിന്നായി DLC നല്‍കിയത് 945 വ്യക്തിഗത അവകാശ രേഖയാണ്. 1493 അപേക്ഷകളാണ് ലഭിച്ചതെന്ന് വിവാരവകാശ രേഖ ചൂണ്ടിക്കാണിക്കുന്നു. 2008 – 2009 വര്‍ഷത്തിലാണ് ആദ്യ FRC ചേര്‍ന്നത്. (28 FRC ) 2015-16 ല്‍ 8 FRC യും ചേര്‍ന്നു. നിലവില്‍ 36 FRCയുണ്ട്. വനാവകാശ നിയമപ്രകാരം വ്യക്തിഗത അവകാശം 10 ഏക്കര്‍ വരെ ഭൂമി കൃഷിക്കായി നല്‍കാം. ഊര് മൂപ്പന്‍ അദ്ധ്യക്ഷനായി ഊരുകൂട്ടു ചേര്‍ന്ന് FRC തെരഞ്ഞെടുത്ത് ഈ FRC യില്‍ A, B, C എന്ന ഫോറം പൂരിപ്പിച്ചു കൊണ്ട് വേണം വ്യക്തിഗതം, സാമൂഹികം, വികസനം എന്നീ അവകാശങ്ങള്‍ നേടിയെടുക്കാന്‍. എന്നാല്‍ കേരളത്തില്‍ എവിടെയും ഈ രീതിയില്‍ നടപ്പിലായിട്ടില്ല.കാരണം ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് ഈ നിയമം അറിയില്ലായിരുന്നു എന്നതുതന്നെ.

2006 ല്‍ വന്ന വനാവകാശ നിയമം നടപ്പിലാക്കാന്‍ വെമ്പല്‍ കൊണ്ട സര്‍ക്കാര്‍ വെറും 50 സെന്റില്‍ താഴെയാണ് വ്യക്തിഗത അവകാശം നല്‍കിയത്. അതായത് കേരളത്തില്‍ വനാവകാശനിയമം നടന്നിട്ടില്ല എന്നു തന്നെ പറയാം. നിലമ്പൂരില്‍ 148 സാമൂഹിക അവകാശ അപേക്ഷ ലഭിച്ചപ്പോള്‍ ഒന്നു പോലും വിതരണം നടത്താന്‍ DLC ക്ക് സാധിച്ചില്ല. കേരളത്തിലെ DLCകള്‍ അബോധാവസ്ഥയില്‍ കഴിയുന്ന അവസ്ഥയിലാണ്. നാല് കമ്മ്യൂണിറ്റികള്‍ക്ക് വനാവകാശം നിയമപരമായ രീതിയില്‍ ലഭിക്കാത്ത അവസ്ഥയാണ് മലപ്പുറം ജില്ലയിലുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply