അതിരുകള്‍ ഭേദിച്ച്, വ്യവസ്ഥകളെ തകര്‍ത്ത് വൈറസ് വാഴുകയാണ്

ചൈനയിലെത്തും മുമ്പ് അമേരിക്കയില്‍ കൊറോണക്ക് സമാനമായ വൈറസ് വ്യാപിച്ചിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ആ വാര്‍ത്തകളെ സാധൂകരിക്കുന്ന തെളിവുകളുമായി വന്ന ചില പഠനങ്ങള്‍ ഇപ്പോള്‍ അമേരിക്കയില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഒരു പ്രത്യേക തരം ഫ്‌ളൂ ആയിട്ടാണവര്‍ അതിനെ നേരത്തെ പരിചയപ്പെടുത്തിയതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നതിലേക്കാണ് സൂചനകള്‍. അമേരിക്കയിലെ വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത് നേരത്തെയുണ്ടായിരുന്ന ഫ്‌ളൂവിന്റെ അതേ ലക്ഷണങ്ങള്‍ തന്നെയാണ് കോവിഡ്-19നുമുള്ളതെന്നാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തിലും 2020 ജനുവരിയിലും ഫെബ്രുവരിയിലും ഫ്‌ളൂ ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയപരമായ കാരണങ്ങളാല്‍ അതിനു വേണ്ടത്ര വാര്‍ത്താപ്രാധാന്യമുണ്ടായില്ല.

വൈറസുകളുടെ ലോകക്രമത്തിലാണിപ്പോള്‍ മനുഷ്യജീവിതം. ചിത്രത്തിലിപ്പോള്‍ ചൈനയില്ല. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നാണ് ചൈനയുടെ പക്ഷമെങ്കിലും രണ്ടും മൂന്നും ഘട്ടത്തിലെ രോഗബാധിതഗ്രാഫിന്റെ ഭയപ്പാടില്‍ കഴിയുന്ന നാടുകളുടെ പട്ടികയില്‍ ഒന്നാമതാണ് ചൈനയെന്നത് പിന്നാമ്പുറം. കോവിഡ്-19 മഹാമാരിയായി ലോകത്തുടനീളമുള്ള പൊതുജനജീവിതത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി അസാധാരണത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ലോകമൊന്നടങ്കം മുഖാവരണമണിഞ്ഞും സാമൂഹിക അകലം പാലിച്ചും കഴിയുകയാണ്. ക്വാറന്റീനും ഐസൊലേഷനും ന്യൂനോര്‍മലും റിവൈസ് ക്വാറന്റീനും സാധാരണക്കാര്‍ക്കിടയിലെ നിത്യോപയോഗ വാക്കുകളായി മാറിയിരിക്കുന്നു. എല്ലാവരും പൂര്‍വസ്ഥിതിയിലേക്കുള്ള തിരിച്ചുപോക്കാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യന്റെ ജീവിതശൈലിയൊന്നടങ്കം അനതിസാധാരണമായ രീതിയിലേക്ക് മാറിമറിയുമെന്നാണ് പുതിയ നിരീക്ഷണം. വൈറസിനെതിരെ ഫലപ്രദമായ ഒരു വാക്‌സിന്‍ കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ ലോകം വൈറസുമായിതന്നെ ജീവിതത്തെ മാറ്റിപ്പണിതു തുടങ്ങിയിരിക്കുന്നു. അതേസമയം വൈറസിനെതിരായ യുദ്ധത്തില്‍ വന്‍മരങ്ങള്‍ ഇടിഞ്ഞുവീഴുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.

വൈറസുകളുടെ മുന്‍തലമുറക്കാരായ മേര്‍സിന്റേയും (MERS) സാര്‍സിന്റേയും (SARS) തുടര്‍ച്ചയായി വവ്വാല്‍, ഈനാംപേച്ചി തുടങ്ങിയവയില്‍ നിന്നുമാകാം കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് വിദഗ്ധരുടെ ആദ്യ വിലയിരുത്തല്‍. ചൈനയിലെ മത്സ്യമാംസ വിപണനം നടത്തുന്ന തുറസ്സായ ചന്തയില്‍ നിന്നാണ് ഇത് മനുഷ്യരിലേക്ക് എത്തിയതെന്നും വിലയിരുത്തപ്പെടുന്നു. മൃഗങ്ങളെ തല്‍ക്ഷണം കൊലചെയ്ത് വാങ്ങുന്ന ഇത്തരം ചന്തകള്‍ ചൈനയില്‍ എമ്പാടുമുണ്ട്. പാമ്പും തവളയുമൊക്കെ സാധാരണയായി തിന്നുന്നവരാണ് ചൈനക്കാര്‍. എന്നാല്‍, നിരോധിക്കപ്പെട്ട ചില വന്യമൃഗങ്ങള്‍ പോലും ഇത്തരത്തിലുള്ള ചില ചന്തകളില്‍ സുലഭമാണത്രെ. കാട്ടുപന്നി, മരപ്പട്ടി, മൂര്‍ഖന്‍, വ്യത്യസ്ത പക്ഷികള്‍ മുതല്‍ നായ്ക്കള്‍ വരെ വാങ്ങാന്‍ ഈ ചന്തകളില്‍ നല്ല തിരക്കാണ്. ഇത്തരം ചന്തകളിലൂടെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് ചേക്കേറിയതാകാനാണ് സാധ്യതകള്‍ കൂടുതലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ചൈനയിലെ വുഹാനില്‍ നിന്നാണ് വൈറസ് ആരംഭിച്ചതെങ്കിലും ഇന്ന് ലോകവ്യാപകമായി മനുഷ്യസമൂഹം കൊറോണയുടെ ഭീതിയിലാണ്. കൃത്യമായ വാക്‌സിനോ ഫലപ്രദമായ മരുന്നോ കണ്ടെത്താന്‍ കഴിയാത്തതില്‍ ശാസ്ത്രലോകമൊന്നടങ്കം ഇത്രയും നിസ്സാരമായ ഒരു ജീവിയുടെ മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. അതേസമയം വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ അനുസ്യൂതം തുടരുകയുമാണ്. ഇതെഴുതുമ്പോള്‍ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തഞ്ച് ലക്ഷം കവിഞ്ഞിരിക്കുന്നു. രണ്ടര ലക്ഷത്തോളം ആളുകള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഈ മഹാമാരിയെ തടയാന്‍ ലോകത്തുടനീളമുള്ള വൈദ്യശാസ്ത്രസമൂഹം കൊണ്ടുപിടിച്ച പോരാട്ടം തുടരുകയാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനുള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളും വൈറസിന്റെ വ്യാപനത്തില്‍ ചൈനയെ മറികടന്നു വേഗത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

തുടക്കത്തില്‍ വൈറസ്ബാധയെ ഏറ്റവും നിസ്സാരമായിട്ടെടുത്തതിനാലാണ് അമേരിക്കയിലും യൂറോപ്പിലും കോവിഡ്-19 ഇത്രപെട്ടെന്ന് വ്യാപിച്ചതെന്നാണ് വിദഗ്ധപക്ഷം. ഏപ്രില്‍ ഒടുവിലെ കണക്കനുസരിച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചിട്ടുള്ളത്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞിരിക്കുന്നു. 55,000 ആളുകള്‍ മരണത്തിനു കീഴടങ്ങി. തൊട്ടുപിറകില്‍ സ്‌പെയിനും ഇറ്റലിയുമാണുള്ളത്. സ്‌പെയിനില്‍ 2.5 ലക്ഷത്തോളം പേര്‍ കോവിഡ് ബാധിതരാവുകയും 25,000 പേര്‍ മരണപ്പെടുകയും ചെയ്തു. ഇറ്റലിയില്‍ രണ്ട് ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടാവുകയും 27,000 പേര്‍ മരണപ്പെടുകയും ചെയ്തു. ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നിവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഫ്രാന്‍സിലും യു.കെയിലും മരണം 20,000 കടന്നപ്പോള്‍ ജര്‍മനിയില്‍ 6000 പേരുടെ മരണമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. തുര്‍ക്കിയും ഇറാനുമാണ് തൊട്ടുപുറകില്‍ കീഴടങ്ങിയത്. തുര്‍ക്കിയില്‍ രോഗബാധിതര്‍ ഒരു ലക്ഷം കവിഞ്ഞപ്പോള്‍ ഇറാനും ഒരുലക്ഷത്തിനടുത്തുണ്ട്. ഇറാനില്‍ 6,000 പേരും തുര്‍ക്കിയില്‍ 3,000 പേരും മരണത്തിനു കീഴടങ്ങി.

വൈറസിന്റെ പിതൃത്വം

ചൈനയിലെത്തും മുമ്പ് അമേരിക്കയില്‍ കൊറോണക്ക് സമാനമായ വൈറസ് വ്യാപിച്ചിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ആ വാര്‍ത്തകളെ സാധൂകരിക്കുന്ന തെളിവുകളുമായി വന്ന ചില പഠനങ്ങള്‍ ഇപ്പോള്‍ അമേരിക്കയില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഒരു പ്രത്യേക തരം ഫ്‌ളൂ ആയിട്ടാണവര്‍ അതിനെ നേരത്തെ പരിചയപ്പെടുത്തിയതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നതിലേക്കാണ് സൂചനകള്‍. അമേരിക്കയിലെ വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത് നേരത്തെയുണ്ടായിരുന്ന ഫ്‌ളൂവിന്റെ അതേ ലക്ഷണങ്ങള്‍ തന്നെയാണ് കോവിഡ്-19നുമുള്ളതെന്നാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തിലും 2020 ജനുവരിയിലും ഫെബ്രുവരിയിലും ഫ്‌ളൂ ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയപരമായ കാരണങ്ങളാല്‍ അതിനു വേണ്ടത്ര വാര്‍ത്താപ്രാധാന്യമുണ്ടായില്ല. എന്നാല്‍, ചൈനയില്‍ എത്തുകയും വ്യാപിക്കുകയും ചെയ്തപ്പോളാണ് ലോകാരോഗ്യസംഘടനയെ അവര്‍ അറിയിക്കുന്നത്. അന്ന് യു.എസ് പ്രസിഡന്റ് ”ചൈനീസ് വൈറസ്” ഊന്നിപ്പറഞ്ഞാണ് കളിയാക്കിയത്. അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ കഴിഞ്ഞ ശൈത്യത്തില്‍ 5,000 പേര്‍ക്ക് സമാനമായ രോഗമുണ്ടായിരുന്നുവെന്നു പ്രദേശവാസികള്‍ സമ്മതിച്ചതായി ന്യൂയോര്‍ക്ക് മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അതേസമയം അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (U.S. Centers for Disease Cotnrol and PrÃntion) കണക്കനുസരിച്ച് 2019 അവസാനപാദത്തില്‍ ഏതാണ്ട് 26 മില്യണ്‍ അമേരിക്കക്കാര്‍ക്ക് ഫ്‌ളൂ (പകര്‍ച്ചപ്പനി)വിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. അത് കോവിഡ് ആണൊ എന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ.

ശവപ്പുരകള്‍ നിറഞ്ഞുകവിഞ്ഞ് അമേരിക്ക

ട്രംപിന്റെ ട്വീറ്റുകള്‍ക്കപ്പുറമാണ് യാഥാര്‍ഥ്യങ്ങള്‍. അമേരിക്ക വന്‍വീഴ്ച്ചയുടെ വക്കിലാണ്. നിലക്കുകയോ കുറയുകയോ അല്ല, അമേരിക്കയില്‍ വൈറസ് അതിദ്രുതം വ്യാപിക്കുകയാണ്. കുഴമറിഞ്ഞ ജനജീവിതം. ആശുപത്രികളില്‍ നിന്നും ജീവനു വേണ്ടിയുള്ള പിടച്ചില്‍. ശവപ്പുരകള്‍ നിറഞ്ഞുകവിഞ്ഞ് ന്യൂയോര്‍ക് സിറ്റി വിയര്‍ക്കുകയാണ്. രാജ്യത്തിന്റെ മറ്റു നഗരങ്ങളിലും സമാനമായ അവസ്ഥകളാണുള്ളത്. അഭൂതപൂര്‍വ്വമായ കാഴ്ച്ചയാണ് അമേരിക്കയിലുടനീളം കാണുന്നത്. ബ്രൂക്ലിനില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ നഗരത്തില്‍ അടക്കം ചെയ്യാനാകാതെ ശീതീകരിച്ച ട്രക്കുകളിലാക്കി വിദൂരങ്ങളിലേക്ക് കൊണ്ടുപോകുന്ന കാഴ്ച്ച കണ്ണീരോട് കൂടിയല്ലാതെ കാണാനാവില്ല. കോടിക്കണക്കിനാളുകള്‍ വീട്ടിലിരിക്കുന്നു. ഭൂമിയിലും ആകാശത്തും ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങള്‍ക്കിപ്പോള്‍ വിശ്രമമാണ്. അനുദിനം അറുപതുലക്ഷമാളുകള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് ഒടുവില്‍ ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ആഴ്ച്ചയിലുമിതിന്റെ ഗ്രാഫ് കുത്തനെ മുകളിലോട്ട് പോവുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ജനുവരി 21-ന് സിയാറ്റിലിലാണ് ആദ്യ കോവിഡ്-19 സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ ഒരാളായിരുന്നു അത്. ജനുവരി 31 ആകുമ്പോഴേക്കും ചില നഗരങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.

ലോകത്തെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ടാണിപ്പോള്‍ അമേരിക്ക. രാജ്യത്ത് വൈറസ് ബാധ അനുസ്യൂതം വ്യാപിക്കുമ്പോള്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സാണ് രാജ്യത്തെ കോവിഡ് നിയന്ത്രണചുമതല വഹിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്തരത്തിലൊരു പ്രതിസന്ധി ഇതാദ്യമാണ്. പത്ത് ലക്ഷത്തിലെത്തിയ കോവിഡ് ബാധിതരെയത്രയും ചികിത്സിക്കാനുള്ള ഇടങ്ങള്‍ നിലവിലില്ലെങ്കിലും അത് മറികടക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ട്. രോഗബാധിതര്‍ക്ക് പനിയും ന്യൂമോണിയയുമാണ് പ്രധാന ലക്ഷണങ്ങളായി കാണുന്നത്. ഉയര്‍ന്ന ജീവിതശൈലിയില്‍ ജീവിച്ച അമേരിക്കന്‍ ജനത ഏറെ അസ്വസ്ഥതയിലാണ്. കോവിഡ് ബാധയില്ലാത്തവര്‍ക്ക് പോലും മാനസിക പിരിമുറുക്കവും ചടഞ്ഞിരിപ്പിന്റെ വ്യാധികളുമുണ്ട്. വാഷിംഗ്ടണ്‍ നഗരം കോവിഡ് രോഗികളാല്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. എന്നിട്ടും രാജ്യത്തലവന്‍ ഒന്നുകില്‍ വിഢിത്തം വിളമ്പുന്നു. ഏറ്റവുമൊടുവില്‍ അണുനാശിണി കുത്തിവെക്കേണ്ടിവരുമെന്ന് വലിയ വായില്‍ പറഞ്ഞ് വിവാദമായപ്പോള്‍ കൊള്ളിവാക്ക് പറഞ്ഞതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുകളഞ്ഞു. രാജ്യം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ രാജ്യതലവന്‍ ആരെയാണ് പരിഹസിക്കുന്നതെന്ന് ചോദ്യമില്ല.

ജോണ്‍ ഹോപ്കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ കണക്കനുസരിച്ച് വൈറസ് ബാധ തുടങ്ങിയത് മുതല്‍ അമേരിക്കയില്‍ 16 മില്യണ്‍ ആളുകള്‍ക്ക് ജോലി നഷ്ടമായി. ഇനിയും ഇത് ഉയര്‍ന്നേക്കാം. പെന്‍സില്‍ വാനിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ 2020 ന്റെ രണ്ടാം പാദമാകുമ്പോഴേക്കും യു.എസ് സമ്പദ് വ്യവസ്ഥ വാര്‍ഷിക വളര്‍ച്ചയില്‍ 30% ചുരുങ്ങുമെന്ന് കണ്ടെത്തിയിരിക്കുന്നു. ചരിത്രപരമെന്നു കൊട്ടിഘോഷിക്കുന്ന ഭരണകൂടത്തിന്റെ 2.2 ട്രില്യന്‍ ഡോളര്‍ ആശ്വാസപദ്ധതി ഉള്‍പ്പെടെയാണിത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കാല്‍കൊല്ലത്തെ കണക്കനുസരിച്ചുള്ള ഏറ്റവും വലിയ വീഴ്ച്ചയാണിത്.

ദിനേന ആയിരം കടന്ന് സ്‌പെയില്‍

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച യൂറോപ്യന്‍ രാജ്യമാണ് സ്പെയിന്‍. പലദിനങ്ങളിലും ആയിരത്തലധികം പേരെയാണ് കോവിഡ്-19 തട്ടിയെടുത്തത്. രാജ്യത്തിന്റെ എല്ലാ പ്രവശ്യകളിലേക്കും കോവിഡെത്തിയെങ്കിലും മദ്രീദിലാണ് ഏറ്റവുമധികം രോഗം ബാധിച്ചത്. ഇതെഴുതുമ്പോള്‍ മദ്രീദില്‍ മാത്രം 65,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാറ്റലോണിയയാണ് രണ്ടാമത് നില്‍ക്കുന്നത്. രാജ്യത്തിന്റെ ജനസംഖ്യയും അവരുടെ പ്രതിശീര്‍ഷവരുമാനവും കണക്കിലെടുത്താല്‍ യൂറോപ്പില്‍ ഏറ്റവും നാശനഷ്ടങ്ങളും സ്‌പെയിനിനുതന്നെയാണ്. കോവിഡ് ബാധിതരുടെ 10.5% ആളുകളാണു രാജ്യത്ത് മരണത്തിനു കീഴടങ്ങിയത്. കാറ്റലോണിയ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റിയുടെ അനുമാനമനുസരിച്ച് 47 മില്യണ്‍ ജനസംഖ്യയുള്ള സ്‌പെയിനില്‍ രണ്ടു മില്യണിലധികം പേര്‍ക്ക് കോവിഡ് ബാധയുണ്ടാകാം. അത്തരമൊരു സ്ഥിതി സംജാതമായാല്‍ എല്ലാ നിയന്ത്രണങ്ങളും കൈവിട്ടുപോകാനുള്ള സാധ്യതകളുമുണ്ട്. തുടക്കത്തിലുണ്ടായിരുന്ന തണുത്ത കാലാവസ്ഥ വിട്ടുപോയതിനാല്‍ വ്യാപനം മുമ്പത്തെപ്പോലെയില്ല. നന്നായി ഇടപഴകുന്ന പരസ്പര്യവും വയസ്സായവരോടുള്ള ആഴത്തിലുള്ള ബന്ധങ്ങളും അടുത്തസമ്പര്‍ക്കവുമെല്ലാം രോഗവ്യാപനത്തിനുള്ള കാരണമായി കാണിക്കുന്നു. ലോകാരോഗ്യ സംഘടന സ്‌പെയിനിലെ പൊതുജനാരോഗ്യവ്യവസ്ഥയെ ലോകത്തില്‍ പത്താം സ്ഥാനത്താണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു പകര്‍ച്ചവ്യാധിയെ തടയുന്ന തരത്തിലുള്ള അവസ്ഥയല്ല ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യമൊന്നടങ്കം അടച്ചുപൂട്ടിയത് അവരുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. സ്‌പെയിനിന് സോഷ്യല്‍ സെക്യൂരിറ്റി ഡേറ്റയനുസരിച്ച് മാര്‍ച്ച് മാസത്തോടെ ഒമ്പത് ലക്ഷം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടം സംഭവിച്ചത്.

കരാറില്‍ കുടുങ്ങി ഇറ്റലി

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ കോവിഡ് മരണം തട്ടിയെടുത്ത സ്ഥലമാണ് ഇറ്റലി. ആഗോള നഷ്ടങ്ങളുടെ സൂചികയിലും യൂറോപ്പിലെ വിനോദസഞ്ചാരകേന്ദ്രമായ ഇറ്റലിയാണ് ഉയര്‍ന്നുനിന്നത്. കോവിഡ് ബാധിതരാലും അനുദിനം ഉയരുന്ന മരണസംഖ്യയാലും എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു ഇറ്റലിയുടേത്. മരണസംഖ്യ ഒരു ലക്ഷം കവിയുമെന്ന് ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും രോഗം ബാധിച്ച രണ്ട് ലക്ഷത്തോളം ആളുകളില്‍ മരണസംഖ്യയെ 27,000-ല്‍ പിടിച്ചുകെട്ടാന്‍ ഭരണകൂടത്തിനു സാധിച്ചു. സമാനതകളില്ലാത്ത അടച്ചുപൂട്ടലുകള്‍ക്ക് വിധേയമാക്കിയതാണ് അതിന്റെ പ്രധാനകാരണം. ജനുവരിയിലാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് വിനോദ സഞ്ചാരികളില്‍ നിന്നാണ് ഇറ്റലിക്കാര്‍ക്ക് പകര്‍ന്നത്. പിന്നീട് 27 രാജ്യങ്ങളിലേക്കാണ് ഇറ്റലിയില്‍ നിന്നു കോവിഡ് പടര്‍ന്നത്. ഇറ്റലി അവരുടെ വിനോദ സഞ്ചാരം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2020 ല്‍ ചൈനയുമായുള്ള വ്യാപാരകരാര്‍ ഒപ്പിട്ടിരുന്നു. പുതിയ കരാറനുസരിച്ചു ആഴ്ച്ചയില്‍ 108 വിമാനങ്ങളാണു ചൈനയില്‍ നിന്ന് ഇറ്റലിയിലെത്തിയിരുന്നത്.

തുടക്കത്തില്‍ തെക്കന്‍ ഇറ്റലിയില്‍ മാത്രമാണ് അടച്ചുപൂട്ടിയത്. ഇത് രോഗം വ്യാപിക്കാന്‍ കാരണമായി. ഇത് മനസ്സിലാക്കി രാജ്യം മുഴുവന്‍ അടച്ചുപ്പൂട്ടി. ഇറ്റലിയിലെ ജനസംഖ്യയുടെ തോതനുസരിച്ച് ചൈനയേക്കാള്‍ രോഗബാധിതര്‍ ഇറ്റലിയിലാണ്. വേള്‍ഡ് പോപ്പിന്റെ പ്രാഥമിക കണക്കുകളനുസരിച്ച് ഇറ്റലിയുടെ പ്രധാന വരുമാനമായ ടൂറിസം മുഴുവന്‍ അടച്ചുപൂട്ടിയത് രാജ്യത്തിന്റെ ആളോഹരിവരുമാനത്തെ സാരമായി ബാധിച്ചുവെന്നും അത് കുത്തനെ താഴോട്ട് പോകുന്ന കാഴ്ച്ചയായിരിക്കും വരാനിരിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിനെ നേരിടാന്‍ ഭരണകൂടം പ്രഖ്യാപിച്ച ആശ്വാസപദ്ധതി 2.8 ബില്യണ്‍ ഡോളര്‍ പോരാതെ വരുമെന്നും അവര്‍ സൂചിപ്പിക്കുന്നു. ആര്‍.ഇ.എഫ് റിസര്‍ച്ചി എന്ന കണ്‍സല്‍ടണ്‍സി കമ്പനിയുടെ കണക്കനുസരിച്ച് 2020 ന്റെ രണ്ടാം പാദം പൂര്‍ത്തിയാകുമ്പോള്‍ ഇറ്റലിയുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ എട്ട് ശതമാനം കമ്മിയാകുമെന്ന് സൂചിപ്പിക്കുന്നു.

ആശ്വാസമേകി ഫ്രാന്‍സ്

ഫ്രാന്‍സിലും കോവിഡ് ഭീതിവിതച്ച് മുന്നേറുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്-19 ബാധിച്ച രാജ്യങ്ങളില്‍ മൂന്നാമതാണ് ഫ്രാന്‍സ്. ദേശീയ പൊതുജനാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1,65,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. രാജ്യം അടച്ചുപൂട്ടിയത് മുതല്‍ രാജ്യത്തെ 67 മില്യണ്‍ ആളുകള്‍ വീട്ടിലിരിക്കുകയാണ്. യൂറൊസോണിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയെ അത് സാരമായി ബാധിച്ചു. ആശ്വാസമായി ഭരണകൂടം 109 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട കച്ചവടക്കാരെയും താഴെക്കിടയിലുള്ളവരേയും പരിഗണിച്ചു. നികുതികളില്‍ ഇളവ് നല്‍കി. പലമേഖലകളിലും സബ്‌സിഡികള്‍ വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ് രാജ്യം വരുമാനത്തിന്റെ നാലിരട്ടി ചെലവഴിക്കുന്നത്. അതിനിയും വേണ്ടിവന്നാല്‍ വര്‍ധിപ്പിക്കുമെന്നാണ് ഫ്രഞ്ച് ബജറ്റ് മന്ത്രി ജെറാള്‍ഡ് ഡാര്‍മിനിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കോവിഡ് പ്രതിസന്ധികാലത്ത് ഫ്രാന്‍സിന്റെ ആളോഹരിവരുമാനം 2020 രണ്ടാം പാദമാകുമ്പോഴേക്കും എട്ട് ശതമാനം വരെ താഴ്ച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

മരണത്തെ തളച്ച് ജര്‍മനി

ജോണ്‍ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് ഒന്നര ലക്ഷത്തിലധികം കോവിഡ് ബാധിതരുണ്ടായിട്ടും മരണസംഖ്യയെ 6,000 ത്തില്‍ തളക്കാന്‍ ഭരണകൂടത്തിനു സാധിച്ചു. മാര്‍ച്ച് മധ്യത്തിലാണ് രാജ്യം അടച്ചുപൂട്ടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അടച്ചുപൂട്ടല്‍ വൈകിയതാകാം രോഗവ്യാപനം കൂടിയത്. എന്നാല്‍, ജര്‍മനിയുടെ ഉയര്‍ന്ന രോഗ പരിശോധനാപ്രാപ്തിയാണ് മരണം തടയാന്‍ കാരണമായത്. വിനോദസഞ്ചാര, ഹോട്ടല്‍ വ്യവസായം, സപ്ലൈ ചെയിന്‍ തുടങ്ങിയ മേഖലകളെ സാരമായി ബാധിച്ചപ്പോള്‍, കയറ്റുമതി വ്യവസായങ്ങളെ ചെറിയ രീതിയില്‍ മാത്രമാണ് ബാധിച്ചത്. വാഹനകയറ്റുമതി വിവിധ മെഷിനറികള്‍ എന്നിവയുടെ മേഖലകളിലുള്ളവര്‍ അടച്ചുപൂട്ടലിനു ശേഷം സാധാരണ രീതികളിലേക്ക് മടങ്ങും എന്ന് പ്രതീക്ഷിക്കുന്നു. ജര്‍മനിയിലെ സെന്റ് ഗാലന്‍ യൂണിവേഴ്‌സിറ്റി 15,000 കമ്പനികള്‍ക്കിടയില്‍ നടത്തിയ സര്‍വേ അനുസരിച്ച് 50% കമ്പനികളുടെ കച്ചവടത്തെ കോവിഡ് ബാധിച്ചിട്ടുണ്ട്. കോവിഡാനന്തരം ജര്‍മന്‍ സമ്പദ് വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്നാണു വിലയിരുത്തുന്നത്.

പരിശോധനയില്‍ കുറക്കാതെ യു.കെ

ജനുവരി 31നു ഇംഗ്ലണ്ടിലാണ് രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ചൈനക്കാര്‍ താമസിച്ചിരുന്ന ഒരു ഹോട്ടലില്‍ നിന്നായിരുന്നു തുടക്കം. പ്രധാനമന്ത്രി ബോറീസ് ജോണിനു പോസിറ്റീവായത് മുതല്‍ ഇടതടവില്ലാത്ത മുന്‍കരുതലാണ് ബ്രിട്ടീഷ് ഭരണകൂടം എടുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗ്രാമീണ മേഖലകളിലും കൃത്യമായി പരിശോധന നടത്താത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യത്ത് നിലവിലുണ്ടായിരുന്ന പരിശോധന 10 ഇരട്ടിയായി വര്‍ധിപ്പിച്ചാണ് ആ വിമര്‍ശനത്തെ നേരിട്ടത്. ബ്രിട്ടണില്‍ രണ്ടര ലക്ഷം ആളുകളെങ്കിലും കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം എന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേതുടര്‍ന്ന് സാമൂഹിക അകലം വര്‍ധിപ്പിച്ചും രാജ്യം മുഴുവന്‍ അടച്ചുപൂട്ടിയും നിയമം കര്‍കശമാക്കി. ഇപ്പോള്‍ കോവിഡ് ബാധിതര്‍ ഒന്നര ലക്ഷം കവിഞ്ഞെങ്കിലും രാജ്യം അടച്ചിട്ടതിനാല്‍ മരണസംഖ്യ കുറക്കാന്‍ സാധിച്ചുവെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്.

അതേസമയം രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 27% കറുത്തവര്‍ഗക്കാരും ഏഷ്യന്‍ വംശജരുള്‍പ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങളുമാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വംശീയന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോവിഡ് മൂലമുള്ള പകര്‍ച്ചവ്യാധികള്‍ കൂടുന്നതും ഏറെ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. എന്നാല്‍, എല്ലാ കോവിഡ് മരണങ്ങളേയും ദുരന്തമായിട്ടാണ് കാണുന്നതെന്നും അത്യന്തം കാഠിന്യത്തോടെ അതിനെ നേരിടുന്നുണ്ടെന്നുമാണ് ഭരണകൂടത്തിന്റെ പ്രതികരണം. സംഭവിക്കുന്നതൊന്നും സാധാരണമല്ലെന്നും എല്ലാത്തിനേയും സൂക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്നുമാണ് അധികൃതരുടെ പക്ഷം. നടപ്പുവര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 13% ചുരുങ്ങുമെന്ന് വിദഗ്ധപക്ഷം. കഴിഞ്ഞ 300 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണു ഇത്രവലിയ വീഴ്ച്ചയുണ്ടാകുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാത്രം 35% ത്തോളം അതു ചുരുങ്ങാമെന്നും സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

കോവിഡുമായി ബന്ധപ്പെട്ട അന്തിമ നിരൂപണത്തിനു ഇനിയും സമയമായിട്ടില്ല. ലോകരാജ്യങ്ങളുടെ സാമ്പത്തികരംഗത്ത് വന്‍തകര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആഗോളാടിസ്ഥാനത്തില്‍ കോവിഡ്-19 വിതച്ച നാശങ്ങളുടെ കണക്കെടുക്കാനായിട്ടില്ല. കുത്തനെ വീണുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തികരംഗം പ്രതിസന്ധിയുടെ പരിണതിയില്‍ പ്രധാനമായ ഒന്നുമാത്രമാണ്. വമ്പന്‍ രാജ്യങ്ങളുടെ വീഴ്ച്ചയില്‍ ചില അവികസിത രാജ്യങ്ങള്‍ ഉയര്‍ന്നുവരാനും ഈ പ്രതിസന്ധികാലം കാരണമായേക്കും. ഉപരോധങ്ങളില്‍ അയവ് വരുത്തേണ്ടിവരും. സാമ്രാജ്യത്വ ശക്തികള്‍ക്ക് ഉപരോധങ്ങളുടെ നിയന്ത്രണം നഷ്ടമാകും. ശാസ്ത്രസാങ്കേതിക രംഗത്ത് വരുന്ന സ്ഥാനമാറ്റങ്ങള്‍ മനുഷ്യ ജീവിതത്തെ മാറ്റിപ്പണിയും. ആഗോളവത്കരണത്തിന്റെ വിപരീതവായനക്കുള്ള സമയമാണിപ്പോള്‍. കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികളാകാം നാളിതുവരെയായി ആഗോളവത്കരണത്തെ ഏറ്റവും പ്രതികൂലമായി ബാധിച്ച ഘടകമെന്നതിനാല്‍ അതിന്റെ ദൂശ്യഫലങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്‌തേക്കും.

(ജനപക്ഷം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply