നിശബ്ദതയുടെ ദേശീയഗാനം മുഴങ്ങുകയാണ്.
കൊറോണ വൈറസിനെ പാത്രം കൊട്ടി ചെറുക്കാം എന്നു തീരുമാനിച്ചതുപോലെ മൊബൈല്‍ ഫോണില്‍ ത്രിവര്‍ണ്ണ പതാകയുയര്‍ത്തി സ്വതന്ത്ര ഇന്ത്യയുടെ പിറന്നാള്‍ ആഘോഷിക്കാമെന്ന് പ്രധാനമന്ത്രി കരുതുന്നു. ആള്‍ക്കൂട്ട മനോഭാവത്തെ (mob mentality) ജനാധിപത്യമായി തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു മനസ്സിന്റെ കാഴ്ചപ്പാടാണ് രണ്ട് പ്രസ്താവനകളിലും കാണപ്പെടുന്നത്.
ഭരണഘടനയുടെ കാലാള്‍ പടയാളി എന്ന തന്റെ ഓര്‍മ്മക്കുറിപ്പില്‍ തീസ്ത സെതല്‍വാദ് ഇങ്ങനെ എഴുതുകയുണ്ടായി: ”നിയമസംവിധാനം ഒരു തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കണം. ഇന്ത്യയുടെ സന്ദര്‍ഭത്തില്‍ ആ തത്വശാസ്ത്രം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭരണഘടനാപരമായ വീക്ഷണമായിരിക്കണം. കോടതികള്‍, ജീവിതവും അന്തസ്സും വസ്തുവകകളും നഷ്ടപ്പെട്ട ഹിംസയുടെ ഇരകള്‍ക്ക്, നീതി ലഭ്യമാക്കേണ്ട സ്ഥാപനങ്ങളായിരിക്കണം.” ഈ ഭരണഘടനാവീക്ഷണം ഭരണകൂടത്തില്‍ നിന്നും തീസ്ത പ്രതീക്ഷിച്ചിരുന്നു. അതിന്റെ അഭാവത്തില്‍ അതിനോട് കലഹിച്ചുപോന്നു. ആ ‘കുറ്റ’ത്തിന് തന്നെയാണ് സ്വതന്ത്ര ഇന്ത്യയ്ക്ക് എഴുപത്തഞ്ചു തികയുമ്പോള്‍ തീസ്ത ജയിലില്‍ കഴിയേണ്ടി വന്നിരിക്കുന്നത്. തീസ്തയും മലയാളി കൂടിയായ പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറും സഞ്ജയ് ഭട്ടുമൊക്കെ 2002 ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി നിലകൊണ്ടതുകൊണ്ടാണ് തടവില്‍ കഴിയേണ്ടി വന്നിരിക്കുന്നത്. ജൂണ്‍ 26ന് തീസ്തയേയും ശ്രീകുമാറിനേയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ രണ്ടിന് കോടതി അവരെ ജയിലിലേക്ക് അയച്ചു. അതിനുശേഷം അവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. അവരുടെ അറസ്റ്റാകട്ടെ ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല എന്നും അത് കോടതി ഇടപെട്ട് നടപ്പിലാക്കേണ്ടതുണ്ട് എന്നും കാണിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ കൊടുത്ത കേസിന്മേല്‍ നടത്തിയ വിധി പ്രസ്താവത്തെ അടിസ്ഥാനമാക്കിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടു നടത്തിയ ഗൂഢാലോചനയാണ് തീസ്തയുടേയും മറ്റും കോടതി നടപടികള്‍ എന്ന് ജഡ്ജി വിധി എഴുതി. ഈ വിധി പ്രസ്താവനയും പിന്നീടുണ്ടായ അറസ്റ്റും ‘പുതിയ’ ഇന്ത്യയെ അടയാളപ്പെടുത്തുന്നു. ഇങ്ങുനിന്ന് എങ്ങോളം എന്ന ചോദ്യം ഈ ‘അമൃതകാല’ത്ത് നല്‍കുന്ന സൂചനകള്‍ ഒട്ടും ശുഭകരമല്ല.
കൊറോണ വൈറസിനെ പാത്രം കൊട്ടി ചെറുക്കാം എന്നു തീരുമാനിച്ചതുപോലെ മൊബൈല്‍ ഫോണില്‍ ത്രിവര്‍ണ്ണ പതാകയുയര്‍ത്തി സ്വതന്ത്ര ഇന്ത്യയുടെ പിറന്നാള്‍ ആഘോഷിക്കാമെന്ന് പ്രധാനമന്ത്രി കരുതുന്നു. ആള്‍ക്കൂട്ട മനോഭാവത്തെ (mob mentality) ജനാധിപത്യമായി തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു മനസ്സിന്റെ കാഴ്ചപ്പാടാണ് രണ്ട് പ്രസ്താവനകളിലും കാണപ്പെടുന്നത്. ആള്‍ക്കൂട്ടം എന്ന ഭൂരിപക്ഷമാണ് ജനാധിപത്യത്തിന്റെ ആധാരം എന്ന് കരുതുകയും അതിന് ഭരണഘടന അനുശാസിക്കുന്ന ക്രമങ്ങളോ ഭരണഘടനയുടെ ധാര്‍മ്മികതയോ ബാധകമല്ല എന്നും കരുതുന്ന രാഷ്ട്രീയവിചാരം ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളും (institution) കൈയ്യാളുന്നുണ്ട്. ഈ തത്വവിചാരം സ്വതന്ത്ര ഇന്ത്യയുടെ അടിത്തറയെ തന്നെ തകര്‍ത്തേക്കാം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വര്‍ഷങ്ങളില്‍ പ്രത്യേകിച്ചും ഭരണഘടനയും മറ്റും തയ്യാറാക്കപ്പെടുന്ന വേളയില്‍ ഭൂരിപക്ഷവാദത്തിനെതിരായ ഒരു രാഷ്ട്രീയ സമവായം നിലനിന്നിരുന്നു. ഗാന്ധിയും നെഹ്‌റുവും അംബേദ്ക്കറും സോഷ്യലിസ്റ്റുകളുമൊക്കെ ഭൂരിപക്ഷവാദത്തിന് എതിരെ നിലപാട് എടുത്തവരാണ്. വിഭജനത്തിന്റെ ഇരുണ്ട നിഴലിലായിരുന്നു ഭരണഘടനാ നിര്‍മ്മാണം. എന്നിട്ടുപോലും ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശമായതുകൊണ്ട് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുള്ള വാദത്തെ ഒരു ന്യൂനപക്ഷം മാത്രമാണ് പിന്‍താങ്ങിയത്. ഹിന്ദു മഹാസഭയും ആര്‍എസ്എസ്സും ഗാന്ധിവധത്തിന്റെ നിഴലില്‍ ഒട്ടുമേ തന്നെ വിശ്വാസ്യത ഇല്ലാത്ത സംഘടനകളായാണ് നിലനിന്നുപോന്നത്.
രാഷ്ട്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട നേതാക്കളാകട്ടെ ഭൂരിപക്ഷവാദത്തിനെതിരായുള്ള സമവായത്തെ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനും ഭരണം നടത്തിപ്പോന്ന സ്ഥാപനങ്ങളില്‍ അതിനെയൊരു ജനാധിപത്യ മൂല്യമായി ഉള്‍ച്ചേര്‍ക്കാനും ശ്രമിച്ചിരുന്നു. നിയമനിര്‍മ്മാണ സഭകളുടേയും എക്‌സിക്യൂട്ടീവിന്റെയും കോടതികളുടേയും പ്രവര്‍ത്തനങ്ങളില്‍ ഒരു വലിയ അളവില്‍ തുല്യനീതി എന്ന ആശയം വ്യാപിച്ചിരുന്നു. ഇന്ത്യന്‍ സെക്കുലറിസം ഒരു ഞാണിന്മേല്‍ കളിയാണെന്നു മാത്രമല്ല ഒരുപാട് അബദ്ധങ്ങള്‍ കാട്ടിക്കൂട്ടിയിട്ടുള്ള അഭ്യാസം കൂടിയാണ്. കോടതിയാകട്ടെ പലപ്പോഴും ഹിന്ദുമത നവീകരണം ഏറ്റെടുത്തു നടത്തേണ്ട ചുമതലക്കാര്‍ കൂടിയാണ് തങ്ങളെന്ന് കരുതിപ്പോന്നിട്ടുമുണ്ട്. എന്നിരിക്കിലും ഈ സ്ഥാപനങ്ങളോരോന്നും തങ്ങളുടേതായ രീതിയില്‍ അവയ്ക്ക് നിശ്ചയിച്ചുപോന്ന അധികാരവും അവകാശവും ഓട്ടോണമിയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ (institutional balance) നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഭരണാധികാരികള്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യവര്‍ഷങ്ങളില്‍ ബോധവാന്മാരായിരുന്നു.
ജനാധിപത്യം പൊതുബോധമായി വികസിച്ചിരുന്നില്ലെങ്കില്‍ പോലും 1950കളിലേയും മറ്റും രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ തെളിയുന്ന ചിത്രം ഭൂരിപക്ഷവാദത്തിനെതിരായ ബഹുസ്വരതയേയും ന്യൂനപക്ഷ സംരക്ഷണത്തേയുമൊക്കെ പറ്റി തീവ്രമായി ചിന്തിക്കുന്ന ഭരണാധികാരികളുടേതാണ്. നെഹ്‌റുവും അംബേദ്ക്കറും മൗലാനാ ആസാദും ജെപിയും ലോഹ്യയും തൊട്ട് പിസി ജോഷിയെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെയുള്ളവര്‍ വീണ്ടുമൊരു വിഭജനം ഉണ്ടായിക്കൂടാ എന്ന് കരുതിയവരാണ്. ഈ സമവായമാണ് ജാതിസംവരണവും ന്യൂനപക്ഷസംരക്ഷണ നിയമങ്ങളും ഭാഷാബഹുസ്വരതയെ അംഗീകരിക്കുന്ന വ്യവസ്ഥയുമൊക്കെ നിലവില്‍വരാന്‍ കാരണമായത്. ദ്രാവിഡ പ്രസ്ഥാനമുയര്‍ത്തിയ ഭാഷാദേശീയതയുടെ വെല്ലുവിളിയും ജമ്മു കശ്മീരില്‍ ജമാഅത്തും മറ്റും ഉയര്‍ത്തിയ മുസ്‌ലിം ദേശീയതാവാദവും ഇന്ത്യന്‍ ഭരണഘടന നല്‍കിയ പ്രതീക്ഷയ്ക്ക് മുന്നിലാണ് പിന്‍മടങ്ങിയത്. നിയമനിര്‍മ്മാണ സഭകളും കോടതികളും ജനാധിപത്യത്തെ കൂടുതല്‍ സുതാര്യവും നീതിപരവുമാക്കുന്ന രീതിയില്‍ ഭരണഘടനയെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയും ചെയ്തു. വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ഭാഷാ സംരക്ഷണം, മനുഷ്യാവകാശം, മൃഗസംരക്ഷണം എന്നു തുടങ്ങി നീതി എന്ന സങ്കല്പത്തിന് വലിയ വ്യാപ്തി അമ്പതുമുതല്‍ക്ക് ഇന്ത്യയില്‍ കൈവരുന്നുണ്ട്. അത് പ്രാവര്‍ത്തികമാക്കാനുള്ള സംവിധാനങ്ങളും സ്ഥാപനങ്ങളും ഭരണകൂടം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. നിയമവാഴ്ചയില്‍ (rule of law) പൗരസമൂഹം വിശ്വസിച്ചു തുടങ്ങുന്നത് അങ്ങനെയാണ്. രാജഭരണകാലത്ത് ഭയമാണ് അച്ചടക്കത്തിന്റെ അടിസ്ഥാനമെങ്കില്‍ പ്രജാഭരണത്തില്‍ ജനങ്ങള്‍ക്ക് ഭരണകൂടവുമായി ഉണ്ടാക്കുന്ന ഉടമ്പടിയുടെ ആധാരം rule of lawയിലുള്ള വിശ്വാസമാണ്. ഭരണകൂടം അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വഴി നീതി നല്‍കുമെന്ന് ജനങ്ങള്‍ കരുതുന്നു. ജനാധിപത്യത്തില്‍ നീതി അവകാശമാണ്, ഔദാര്യമല്ലല്ലോ! തീസ്തയെയും ശ്രീകുമാറിനെയും പോലെയുള്ളവരുടെ പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം ഈ നീതിബോധമാണ്. ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നുള്ളത് അതുകൊണ്ടാണ് പൗരാവകാശ പ്രശ്‌നമാകുന്നത്, ഓരോ ജനാധിപത്യ വിശ്വാസിയുടേയും ആവശ്യമായി മാറുന്നത്. അതിനെ ഗൂഢാലോചനയായി കോടതി കണ്ടു എന്നത് കഷ്ടമാണ്. തീസ്തയും ശ്രീകുമാറും ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാ ജനാധിപത്യ വാദികളേയും പ്രതിനിധീകരിക്കുന്നുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മുന്നോട്ടു നോക്കുമ്പോള്‍ കാണുന്ന കാഴ്ച ഒട്ടും ശുഭകരമല്ല. അമ്പതുകളിലെ രാഷ്ട്രനിര്‍മ്മാണം സാധ്യമാക്കിയ ഇന്ത്യയെ അഴിച്ചുപണിയുകയാണ് പുതിയ ഭരണാധികാരികള്‍. ഭരണകൂടം ഏതാണ്ട് മുഴുവനായി ഈ പ്രക്രിയയില്‍ അധികാരികള്‍ക്ക് ഒപ്പമുണ്ട്. ഭൂരിപക്ഷവാദം തെറ്റല്ല എന്ന് കരുതുന്ന ഒരു പൗരസമൂഹം ഇന്ന് ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയ ഭൂരിപക്ഷം ഏതു വിധേനയും സൃഷ്ടിക്കാമെന്നു കരുതുന്ന ഭരണകക്ഷി അതിന്റെ ശിക്ഷാധികാരങ്ങളെ (penal powers) ഉപയോഗിച്ചുകൊണ്ട് എതിര്‍സ്വരങ്ങളെ, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നു. ഭരണത്തിന്റെ ആയുധം ഇന്ന് വിശ്വാസമല്ല, ഭയമാണ്. പ്രതിപക്ഷത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഭരണകക്ഷിയുടെ രാഷ്ട്രീയ അശ്വമേധം അരങ്ങേറുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഛിന്നഭിന്നമാകുന്നതുപോലും എങ്ങും പരക്കുന്ന ഭയത്തില്‍ ശ്വാസം മുട്ടിയാണ്. എല്ലാ സ്ഥാപനങ്ങളും-മാധ്യമങ്ങള്‍ അടക്കം-ഭയത്തിന്റെ നിഴലിലാണ്. ഭയത്തെ പിന്‍പറ്റിയാണ് ഭൂരിപക്ഷവാദം ഇന്ന് ഭരണകൂടത്തിന്റെ രൂപം കൈവരിച്ചിരിക്കുന്നത്. അതിന്റെ ഭവിഷ്യത്ത് ഭയപ്പെടുത്തുന്നതാണ്. സ്വതന്ത്ര ഇന്ത്യ നേരിട്ട എല്ലാ വിള്ളലുകളും (faultlines) ഇപ്പോള്‍ വീണ്ടും ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു. മതം, ഭാഷ, ദേശീയ-സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, മറ്റ് അരക്ഷിതാവസ്ഥകള്‍ എല്ലാം വര്‍ദ്ധിച്ചുവരുന്നു. ഒരു കപട ദേശീയതയുടെ മുദ്രാവാക്യ അലര്‍ച്ചകളില്‍ ഇപ്പോള്‍ അവ മുങ്ങിത്താഴുന്നുണ്ടാകാം. ശ്രദ്ധിച്ചാല്‍ അസംഖ്യം മുറുമുറുപ്പുകളുടെ മര്‍മ്മരം നമുക്ക് കേള്‍ക്കാവുന്നതേയുള്ളൂ. വരുംകാലങ്ങളില്‍ അവയ്ക്ക് എന്തുരൂപം കൈവരുമെന്ന് പറയാന്‍ സാധിക്കില്ല.
ഹിന്ദു-ഹിന്ദി ദേശീയതയുടെ പിടിയില്‍ ഒതുങ്ങുന്നതല്ല ഇന്ത്യ എന്ന ദേശം. ഭൂരിപക്ഷ ഭാഷാ ദേശീയതയുടെ വിജയാരവം ഉച്ചത്തില്‍ ഉയര്‍ന്ന രാജ്യങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും മ്യാന്‍മറും. വലിയ പൊതുജനമുന്നേറ്റത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഒരു ഗതിമാറ്റത്തിനുള്ള സാധ്യത തെളിഞ്ഞുകാണുന്നു. വിമതസ്വരങ്ങളെ കൊന്നൊടുക്കി മ്യാന്‍മാറിലെ സൈനിക ഭരണകൂടം ഒരു രാഷ്ട്രത്തെ കശാപ്പു ചെയ്യുകയാണ്. പാക്കിസ്ഥാന്റെ അവസ്ഥ ഒട്ടും മെച്ചമല്ല. 2026ല്‍ ജനസംഖ്യാനുപാതികമായി പാര്‍ലമെന്റ് മണ്ഡലങ്ങളുടെ delimitation നടക്കാനിടയുണ്ട്. അങ്ങനെ വന്നാല്‍ തെക്കേ ഇന്ത്യയുടെ സ്ഥിതി ഏതാണ്ട് കിഴക്കേ ഇന്ത്യയുടെ അവസ്ഥയിലാവും. അതായത് ഇന്ത്യന്‍ രാഷ്ട്രീയം സമ്പൂര്‍ണ്ണമായും ഹിന്ദിമേഖലയുടെ കൈപ്പിടിയിലാവും. രാഷ്ട്രീയ ഭൂപടം പരിശോധിക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയുന്ന ഒരു കാര്യം ബിജെപിയുടെ ഭൂരിപക്ഷം ഹിന്ദു-ഹിന്ദി മേഖലയില്‍ നിന്നുമാണ് വരുന്നത് എന്നതാണ്. അത് കൂടുതല്‍ ശക്തിപ്പെടാനിടയുണ്ട്. സഭയില്‍ പ്രാദേശിക വൈവിധ്യവും ബലാബലവും ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണത്തില്‍ കൂടി ഉറപ്പുവരുത്തിയാല്‍ മാത്രമേ ഇന്ത്യയുടെ ഭാഷാ ബഹുസ്വരത ഭരണത്തില്‍ പ്രതിഫലിക്കുകയുള്ളൂ. ബിജെപിക്കെതിരെയുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ വിമര്‍ശനം ഭാഷാ ദേശീയതയുടെ രൂപത്തിലാണ് ഉയരുന്നത്. തമിഴ്‌നാടും ബംഗാളുമൊക്കെ ഉദാഹരണങ്ങള്‍. മുസ്‌ലിം സമുദായത്തിലെ ഉയര്‍ന്ന ജാതി വിഭജനത്തെ മുതലാക്കിക്കൊണ്ട് (അഷ്‌റഫ്-പസ്മന്ത വ്യത്യാസം) ഹിന്ദുത്വ രാഷ്ട്രീയം മുസ്‌ലിങ്ങള്‍ക്ക് എതിരല്ല എന്ന പ്രതീതി ജനിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഹിന്ദുത്വ ദേശീയതയ്ക്ക് ഒരു ടിപ്പണി ചേര്‍ത്തുകൊണ്ട് അഷ്‌റഫ് ജാതികള്‍ വിദേശ മുസ്ലിങ്ങളാണെന്നു പസ്മന്ത മുസ്‌ലിങ്ങള്‍ തദ്ദേശവാസികള്‍ മാര്‍ഗ്ഗം കൂടിയതാണെന്നും ഈ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ പറയുന്നു. വിഭജനം തന്നെയാണ് എവിടേയും ലക്ഷ്യമെന്ന് ചുരുക്കം.
സ്വാതന്ത്ര്യത്തിന് 75 തികയുമ്പോള്‍ വീണ്ടും വിഭജനമാണ് ഓര്‍മ്മ വരുന്നത്. വിഭജിച്ചു നില്‍ക്കുന്ന ജനത എങ്ങനെയാണ് സ്വാതന്ത്ര്യം ആഘോഷിക്കുക എന്നാണ് സ്വാതന്ത്ര്യദിനത്തിനു മുമ്പുള്ള ദിനങ്ങളില്‍ ഗാന്ധിജി വ്യാകുലപ്പെടുന്നത്. നമ്മളിപ്പോഴും വിഭജനത്തിന്റെ നിഴലില്‍ തന്നെയാണ്. അതിര്‍ത്തികള്‍ മാഞ്ഞുപോവുകയല്ല അതിര്‍ത്തികള്‍ ശക്തിപ്പെടുകയാണ്. മുള്ളുവേലികള്‍ക്കും മതിലുകള്‍ക്കും ഉയരം കൂടിവരുന്നു. തീവണ്ടിയിലിരിക്കുമ്പോള്‍ ഒരുപാട് തീപിടിച്ച പുരകള്‍ കാണുന്നു, തീപിടിച്ച മനുഷ്യരെ കാണുന്നു. എന്നിട്ടും അന്‍വര്‍ മെഹബൂബ് എക്‌സ്പ്രസ്സില്‍ എഴുതിയതുപോലെ, നിശ്ശബ്ദതയുടെ ദേശീയഗാനം മുഴങ്ങുകയാണ്.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in