വരാപ്പുഴ ശ്രീജിത് – വിനായകന്‍ കേസുകളില്‍ കുറ്റവാളികള്‍ രക്ഷപ്പെടരുത്

വരാപ്പുഴ കേസിലെ കുറ്റപത്രത്തില്‍ എസ് ഐ ആയിരുന്ന ദീപക്കടക്കം നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. , ഏങ്ങണ്ടിയൂരില്‍ കസ്റ്റഡി മര്‍ദനത്തില്‍ മനംനൊന്ത് ദലിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പോലിസുകാരായ സാജന്‍, ശ്രീജിത് എന്നിവരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പോലീസിന്റെ അതിക്രമങ്ങളുടടെ വാര്‍ത്തകളില്ലാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കേരളം. എന്തുണ്ടായാലും പിന്നീട് പിന്‍വലിക്കുന്ന ഒരു സസ്‌പെന്‍ഷന്‍ മാത്രമാണ് കുറ്റവാളികള്‍ക്ക് ലഭിക്കുന്നത്. എടുത്തു പറയത്തക്ക ശിക്ഷ പോലീസിനു ലഭിച്ചത് ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ മാത്രമാണ്. അതിനിടയിലാണ് ഏറെ വിവാദമായിരുന്ന വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലും ഏങ്ങണ്ടിയൂരില്‍ കസ്റ്റഡി മര്‍ദനത്തില്‍ മനംനൊന്ത് ദലിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത കേസിലും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഉദയകുമാര്‍ കൊലകേസ് പോലെ ഈ രണ്ടുകേസുകളിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നുറപ്പുവരുത്താന്‍ ജനകീയ ജാഗ്രത അനിവാര്യമാണ്.
വരാപ്പുഴ കേസിലെ കുറ്റപത്രത്തില്‍ എസ് ഐ ആയിരുന്ന ദീപക്കടക്കം നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. റൂറല്‍ ടാസ്‌ക് ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ് ജിതിന്‍ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികള്‍. വടക്കന്‍ പറവൂര്‍ സിഐയായിരുന്ന ക്രിസ്പിന്‍ സാം ആണ് അഞ്ചാം പ്രതി. ആരോപണവിധേയനായ ഡിഐജി എ.വി. ജോര്‍ജിനെ സാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ശ്രീജിത്തിനെയടക്കം 10 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതിന്റെ രേഖകള്‍ കൃത്യമമായി സൃഷ്‌ക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

 

 

 

 

 

2018 ഏപ്രില്‍ 9ന് നിരപരാധിയായിരുന്ന എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിന്റെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടര്‍ന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമര്‍ദിക്കുകയായിരുന്നു.
ഒരു സംഘം ആളുകള്‍ വാസുദേവന്റെ വീടിന് നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. തുടര്‍ന്നു 14 പേരെ പ്രതിചേര്‍ത്തു വരാപ്പുഴ പൊലീസ് കേസ് രജിറ്റര്‍ ചെയ്തു. ശ്രീജിത്തും സഹോദരന്‍ സജിത്തും കേസിലെ പ്രതികളായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങളുടെ ഭാഗമായി ശ്രീജിത്തിന്റെ വന്‍കുടല്‍ പലതായി മുറിഞ്ഞു. പുറമേ രക്തം വരാത്ത രീതിയിലുള്ള മൂന്നാം മുറ പ്രയോഗമായിരുന്നു പോലീസ് നടത്തിയത്. വയറു വേദനിക്കുന്നുവെന്നു പലവട്ടം പറഞ്ഞ് കരഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാനോ ചികിത്സ നല്‍കാനോ തയ്യാറായില്ല. കുടിക്കാന്‍ വെള്ളം ചോദിച്ചിട്ടു നല്‍കിയില്ല. പിന്നീട് പോലീസ് തന്നെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെയാണ് വന്‍ കുടലിന് മുറിവേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കിയെങ്കിലും ശ്രീജിത് മരണപ്പെടുകയായിരുന്നു. അതിനിടെ പറവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്ററേറ്റ് ആശുപത്രിയിലെത്തി ശ്രീജിത്തിന്റെ മൊഴിയെടുത്തിരുന്നു.
ശ്രീജിത്തിന്റെ ജനനേന്ദ്രിയത്തില്‍ ഗുരുതരപരുക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. വൃഷണങ്ങളില്‍ രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തി. ചെറുകുടല്‍ മുറിഞ്ഞ് വിട്ടുപോകാറായ നിലയിലായിരുന്നു. പൊലീസ് മര്‍ദനത്തില്‍ സംഭവിക്കുന്ന വിധം ശരീരമാകെ ചതവുകളും കണ്ടെത്തി. എന്നാല്‍ ഉരവുകളോ മുറിവുകളോ കാര്യമായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായിതന്നെ രംഗത്തിറങ്ങി. ബിജെപിയും സജീവമായി രംഗത്തുവരുകയും പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തെ കുറിച്ചന്വോഷിക്കാന്‍ ഐ ജി ശ്രീജിത്തിനെ ചുമതലപ്പെടുത്തി. ശ്രീജിത് സിഐക്കും എസ്ഐക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. പിന്നീട് ഇരുവരേയും സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു. എസ്ഐ ജി.എസ്.ദീപക്കിനെയും ആദ്യ മൂന്ന് പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് എസ്ഐ ദീപക്കിനെതിരെ ചുമത്തിയത്്. പിന്നീട് വാസുദേവനുമായി സംഘര്‍ഷമുണ്ടായ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീടങ്ങുകയും ശ്രീജിത് സംഭവത്തില്‍ നിരപരാധിയാണെന്നറിയിക്കുകയും ചെയ്തു. അതോടെ വാസുദേവനുമായി ഉണ്ടായ സംഘര്‍ഷത്തിലെ പരിക്കാണ് ശ്രീജിത്തിന്റെ മരണകാരണമെന്നു സ്ഥാപിക്കാനുള്ള പോലീസ് നീക്കവും പൊളിഞ്ഞു. അതിനായി വ്യാജരേഖ ഉണ്ടാക്കിയെന്നും തെളിഞ്ഞു. 2019 ജൂണില്‍ നെടുങ്കടത്ത് രാജ് കുമാര്‍ ലോക്കപ്പ് കൊല്ലപ്പെട്ടപ്പോഴാണ് ശ്രീജിത് കൊലയില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും മിക്ക പോലീസുകാരും സര്‍വ്വീസില്‍ തന്നെ തുടരുന്നു എന്നുമുള്ള സത്യം പുറത്തുവന്നത്. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് ഇപ്പോഴെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

 

 

 

ഏങ്ങണ്ടിയൂരില്‍ കസ്റ്റഡി മര്‍ദനത്തില്‍ മനംനൊന്ത് ദലിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പോലിസുകാരായ സാജന്‍, ശ്രീജിത് എന്നിവരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇരുവരും പാവറട്ടി സ്റ്റേഷനില്‍ വെച്ച് വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിനായകന് ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മര്‍ദ്ദനമേറ്റിരുന്നു. വിനായകനെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. അന്യായമായി തടങ്കലില്‍ വെക്കല്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമം തടയുന്നതിനുളള വകുപ്പുകളും പോലിസുകാര്‍ക്കതിരെ ചുമത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് പോലിസും ക്രൈംബ്രാഞ്ചിന്റെ ആദ്യ സംഘവും അന്വേഷിച്ചെങ്കിലും സാജന്‍, ശ്രീജിത് എന്നീ പോലിസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിനെ എല്‍പ്പിക്കുകയായിരുന്നു. ഉല്ലാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലിസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ദളിത് യുവാവ് വിനായകന്റെ ആത്മഹത്യ കേരളീയസമൂഹവും ഭരണകൂടവും എത്രമാത്രം ജാതിവെറി പൂണ്ടതാണെന്നു ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു. മണ്ണുത്തിയില്‍ ഹെയര്‍ കട്ടിങ് പഠിക്കുകയായിരുന്നു വിനായകന്‍. സുഹൃത്തായ പെണ്‍കുട്ടിയോട് സംസാരിച്ചു നിന്നതിനു അതുവഴി വന്ന ശ്രീജിത്ത് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. വിനായകന്റെ ജോലി, അവന്റെ അച്ഛന്റെ ജോലി, അവന്റെ ജാതി തുടങ്ങിയവയൊക്കെയായിരുന്നു പോലീസിന്റെ ചോദ്യങ്ങള്‍. വിനായകനോടും സുഹൃത്ത് ശരത്തിനോടും പോലീസ് തട്ടിക്കയറുകയും മര്‍ദിക്കുകയും ഒരു മാല മോഷ്ടിച്ച കേസ് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആരോപണം നിഷേധിച്ചതിന് വീണ്ടും ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു. മുടിനീട്ടിവളര്‍ത്തിയതിന്റെ പേരിലായിരുന്നു കൂടുതല്‍ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ വിനായകന്റെ നെഞ്ചിലും പുറത്തും നാഭിയിലും ഗുഹ്യഭാഗത്തും മാരകമായി പരിക്കേറ്റു. പുറത്തു മുട്ടുകൈകൊണ്ടു മര്‍ദിക്കുകയും നാഭിയില്‍ ബൂട്‌സ് ഇട്ടു ചവിട്ടുകയും ചെയ്തു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് പാദങ്ങള്‍ ചവിട്ടി ചതച്ചു. നീണ്ട മുടിയില്‍ കുത്തിപ്പിടിച്ചു വലിച്ചു പറിക്കുകയും പരിഹസിച്ചുകൊണ്ട് മുടി വെട്ടണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം വിനായകന്റെ അച്ഛനായ കൃഷ്ണന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും വിനായകന്‍ കഞ്ചാവിനടിമയാണെന്നു നുണ പറഞ്ഞു പിതാവിനെയും കൂട്ടം ചേര്‍ന്ന് അപമാനിച്ചു. വിനായകന്‍ മുടി വെട്ടാതെ കണ്ടാല്‍ തല്ലുകിട്ടുക തനിക്കായിരിക്കുമെന്നും അവര്‍ കൃഷ്ണന്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
സ്റ്റേഷനില്‍ നിന്ന് തിരിച്ചിറങ്ങിയ വിനായകന്‍ കടുത്ത മാനസിക പിരിമുറുക്കത്തിലും സംഘര്‍ഷത്തിലും ആയിരുന്നു. സുഹൃത്തുക്കളോടോ വീട്ടുകാരോടോ കൃത്യമായി സംസാരിച്ചില്ല. എന്നാല്‍ സ്ഥലത്തെ സിപിഎം ഏരിയ സെക്രട്ടറി സുല്‍ത്താനോടും മറ്റൊരു സുഹൃത്തിനോടും തനിക്ക് നേരിട്ടത് മനുഷ്യത്വ വിരുദ്ധമായ പോലീസിന്റെ മര്‍ദനത്തെക്കുറിച്ചും ജാത്യാപമാനങ്ങളെക്കുറിച്ചും പറഞ്ഞു. പിറ്റേന്ന് ജൂലൈ 18 നു വിനായകന്‍ സ്വന്തം കിടപ്പറയില്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ടു.
വിനായകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കടുത്ത മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായതായി രേഖപെടുത്തിയിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ നെഞ്ചിലും പുറത്തും നാഭിയിലും ഗുഹ്യഭാഗത്തും മാരകമായി പരിക്കേറ്റിരുന്നു. പുറത്തു മുട്ടുകൈകൊണ്ടു മര്‍ദിക്കുകയും നാഭിയില്‍ ബൂട്‌സ് ഇട്ടു ചവിട്ടുകയും ചെയ്ത പാടുകള്‍ വ്യക്തമായിരുന്നു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് പാദങ്ങള്‍ ചവിട്ടി ചതഞ്ഞിട്ടുണ്ടായിരുന്നു. മുല ഞെട്ടുകള്‍ ചതഞ്ഞിട്ടുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ദളിത് സമൂഹങ്ങളില്‍ നിന്നും പ്രതിഷേധവും രോഷവുമുയര്‍ന്നു. വിനായകന്റേതു ജാതിക്കൊലപാതകം തന്നെയായിരുന്നു എന്നവര്‍ പ്രഖ്യാപിച്ചു. ദുര്‍ബലരായ സാമൂഹിക പരിസരങ്ങളില്‍ നിന്ന് വരുന്ന ദളിതുകളോടു ഭരണകൂട സംവിധാനത്തില്‍ നിന്ന് നേരിടുന്ന ജാതി വിവേചനത്തിന്റേയും ജാതിപരമായ അടിച്ചമര്‍ത്തലിന്റെയും ഇരയായിരുന്നു വിനായകന്‍. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രണ്ടുപേരെയും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ആറുമാസത്തിനു ശേഷം ഇരുവരും സര്‍വീസില്‍ തിരിച്ചു കയറിയിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply