മുസ്ലിമിന് ഇന്ത്യയില്‍ ജീവിക്കാനവകാശമില്ലെന്ന പ്രഖ്യാപനമാണ് പൗരത്വ ഭേദഗതിബില്‍
പൊതുജനം എന്ന നമുക്ക് നഷ്ടപ്പെടുന്ന വിഭാഗത്തെ തിരിച്ചുപിടിക്കണം. കക്ഷിരാഷ്ട്രീയ – വര്‍ഗ്ഗീയ അജണ്ടകള്‍ക്കുമുന്നില്‍ പൊതുജനം ഇല്ലാതാവുന്നതാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കുള്ള ശക്തി അധികാരികള്‍ക്ക് ലഭിക്കാന്‍ കാരണം. അവര്‍ തെരുവിലിറങ്ങി നടത്തുന്ന ഒരു രണ്ടാംസ്വാതന്ത്ര്യസമരമാണ് ജനാധിപത്യ – മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ഏകമാര്‍ഗ്ഗം.
എന്തൊക്ക പരിമിതികളുണ്ടെങ്കിലും ഒരു മതേതര – ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന അഭിമാനം നഷ്ടപ്പെടുകയാണ്. സ്വാതന്ത്ര്യസമരകാലത്തും തുടര്‍ന്നുള്ള കാലഘട്ടത്തിലുമെല്ലാം ജീവിച്ച തലമുറക്ക് ഇന്ത്യയെന്ന രാജ്യം അത്ഭുതകരമായ ഒരനുഭവം തന്നെയായിരുന്നു. എന്നാലതാണ് ഇപ്പോള്‍ നഷ്ടമാകുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്താകണമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അന്നത്തെ നേതാക്കള്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ബഹുസ്വരമായിരിക്കണം ഇന്ത്യ ന്നൊയിരുന്നു അവരുടെ മറുപടി. മതേതരത്വവും ജനാധിപത്യവുമാകണം അതിന്റെ അടിത്തറയെന്നും. എല്ലാ ജാതി – മത – വര്‍ഗ്ഗ – സാമൂഹ്യ വിഭാഗങ്ങളുടേയും തുല്ല്യതയിലധിഷ്ഠിതമായ സഹവര്‍ത്തിത്വമാണ് നമ്മുടെ ഭരണഘടന ലക്ഷ്യം വെക്കുന്നത്. അനന്തമായ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ രാഷ്ട്രം ആ ദിശയില്‍ മുന്നേറുന്ന മാജിക്കലായ കാഴ്ച കണ്ടവരാണ് ഞങ്ങള്‍. സംഘപരിവാര്‍ ശക്തികളൊഴികെയുള്ളവരെല്ലാം അതില്‍ അഭിമാനിച്ചു. എന്നാലവര്‍ വെറുതെയിരിക്കുകയായിരുന്നില്ല. ക്ഷമയോടെ തങ്ങളുടെ ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യം നേടാനുള്ള പദ്ധതികളായിരുന്നു അവര്‍ തയ്യാറാക്കിയിരുന്നത്. അതായിരുന്നു അവരുടെ പഥസഞ്ചലനം. ഫാസിസത്തിലേക്കുള്ള ആ യാത്രയുടെ നിര്‍ണ്ണായകമായ ഒരു പടവാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ അവര്‍ മറികടന്നിരിക്കുന്നത്. മുസ്ലിം വിരുദ്ധത എന്ന ഒറ്റ വര്‍ഗ്ഗീയ അജണ്ട മാത്രമാണ് ഇതിനു പുറകിലുള്ളത്. മുസ്ലിമില്ലാത്ത രാഷ്ട്രമാണ് ലക്ഷ്യമെന്ന് ഒരു ബിജെപി എംഎല്‍എ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ മണ്ടത്തരമെന്നു പറഞ്ഞ് തള്ളാനാകില്ല. ഇത്തരത്തിലുള്ള നിരവധി മണ്ടത്തരങ്ങളുടെ ആകത്തുകയാണ് പിന്നാലെ വരുന്ന ഓരോ നടപടിയും. അതിന്റെ ഭാഗമാണ് കുറച്ചുകാലമായി നാം കേള്‍ക്കുന്ന പാക്കിസ്ഥാനിക്കു പോകൂ എന്ന പല്ലവിയും.
പാര്‍ലിമെന്ററി സംവിധാനത്തിലൂടെതന്നെയാണ് ഹിന്ദത്വശക്തികള്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നതെന്നതാണ് ഏറ്റവും വലിയ ദുരന്തം. ഹിന്ദുസ്വരാജ് എഴുതിയപ്പോള്‍ തന്നെ ഗാന്ധിജി ഇത്തരമൊരു സാധ്യതയെ കുറിച്ച് ഭയപ്പെടുന്നുണ്ട്. ഗാന്ധി മാത്രമല്ല, അംബേദ്കറും നെഹ്‌റുവുമടക്കമുള്ളവര്‍ക്കും ഈ ഭയം ഉണ്ടായിരുന്നു. ആ ഭയമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ത്യ കൈവിടുകയാണ്. അപ്പോഴും പൂര്‍ണ്ണമായും നിരാശപ്പെടേണ്ടതില്ല. ജനങ്ങളാണ് ചരിത്രം നിര്‍മ്മിക്കുക. ലോകത്തെങ്ങും ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് നാം കാണുന്നുണ്ട്. ഇന്ത്യയിലും അതു സംഭവിക്കാതെ വയ്യ. പൊതുജനം എന്ന നമുക്ക് നഷ്ടപ്പെടുന്ന വിഭാഗത്തെ തിരിച്ചുപിടിക്കണം. കക്ഷിരാഷ്ട്രീയ – വര്‍ഗ്ഗീയ അജണ്ടകള്‍ക്കുമുന്നില്‍ പൊതുജനം ഇല്ലാതാവുന്നതാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കുള്ള ശക്തി അധികാരികള്‍ക്ക് ലഭിക്കാന്‍ കാരണം. മുസ്ലിമിനുമാത്രമല്ല, സ്ത്രീകള്‍ക്കും ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്കും എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയാണ്. ദളിത് – ആദിവാസി വിഭാഗങ്ങളുടെ ജീവിതം പുഴുക്കളുടേതിനു സമാനമാണ്. പുറത്തു ചാണകം മെഴുകി ശുദ്ധമാക്കി, അകത്ത് ജാതിവ്യവസ്ഥയുടെ ചാണകം പേറി നടക്കുന്നവരുടെ ഹിന്ദുത്വ രാഷ്ട്രപ്രഖ്യാപനമാണ് പാര്‍ലിമെന്റില്‍ നടക്കുന്നത്. അതിനവര്‍ക്ക് കരുത്തുനല്‍കുന്നത് കോര്‍പ്പറേറ്റ് ശക്തികളും. പാര്‍ലിമെന്ററി സംവിധാനത്തിലൂടെ തന്നെയാണ് ഇതെല്ലാം സംഭവിക്കുന്നത്. we the people of india എന്നാരംഭിക്കുന്ന ഭരണഘടനാ മൂല്യങ്ങളാണ് പാര്‍ലിമെന്റില്‍ തന്നെ അട്ടിമറിക്കപ്പെടുന്നത്. നമ്മള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്ക് കത്തയക്കുന്നവരെപോലും പാക്കിസ്ഥാനിലേക്കയക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവിടെയാണ് നമുക്ക് നഷ്ടമായ പൊതുജനം എന്ന ശക്തിയെ തിരി്ച്ചുപിടിക്കേണ്ടതിന്റെ പ്രസക്തി. അവര്‍ തെരുവിലിറങ്ങി നടത്തുന്ന ഒരു രണ്ടാംസ്വാതന്ത്ര്യസമരമാണ് ജനാധിപത്യ – മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ഏകമാര്‍ഗ്ഗം.
(മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
also read
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in