ഇന്ത്യയുടെ തലസ്ഥാനം ഡെല്‍ഹിയല്ല, നാഗ്പൂരാണ്
വാസ്തവത്തില്‍ 2019 ഡിസംബര്‍ 12ന്റെ വിജ്ഞാപനമല്ല ഈ നിയമത്തിലെ ആശയങ്ങള്‍. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിമേല്‍ക്കോയ്മയിലാണ് അതിന്റെ വേര്. സ്വീകരിക്കിലല്ല, നിരാകരിക്കലാണല്ലോ അതിന്റെ അന്തസത്ത. അതാകട്ടെ അമൂര്‍ത്ത പ്രത്യയ ശാസ്ത്രവുമല്ല. അതു ഭരണകൂടം തന്നെയായിരുന്നു. രാഷ്ട്രീയ ദൗത്യം നിര്‍വ്വഹിച്ചിരുന്ന നിരവധി സംഘടനാരൂപങ്ങള്‍ അതിനുണ്ടായിരുന്നു.
ഫാസിസത്തെ ഇന്ത്യന്‍ ജനത സൂക്ഷ്മതലത്തില്‍ മനസ്സിലാക്കാന്‍ ആരംഭിച്ചു എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. ലോകത്തെ മുഴുവന്‍ ജനാധിപത്യ ശക്തികളും നമുക്ക് പിന്തുണയുമായി രംഗത്തുണ്ട്. തീര്‍ച്ചയായും നാം നേരിടുന്ന പ്രതിസന്ധി വലുതാണ്. ഇന്നലെ വരെ എന്തനീതി നടന്നാലും പല കാരണങ്ങളാലും – അത് തിരക്കുകളാകാം, അരാഷ്ട്രീയമാകാം, ജീവിതം നേരിടുന്ന പ്രശ്‌നങ്ങളാകാം – തല താഴ്ത്തി പോയി വീട്ടിലിരുന്നിരുന്നവര്‍ തെരുവില്‍ വന്ന് പോരാട്ടത്തിന്റെ ഭാഗമായത് അതിനു തെളിവാണ്. ഫാസിസം പരാജയപ്പെടും, ഇന്ത്യന്‍ മതേതര ജനധിപത്യം വിജയിക്കും എന്നതിന്റെ പ്രഖ്യാപനമാണത്.
സ്വാതന്ത്ര്യസമരത്തില്‍ പോലും കാണാനാവാത്ത മുന്നേറ്റമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം കണ്ടത്. 80ഉം 90ഉം കഴിഞ്ഞവര്‍ പോലും രംഗത്തിറങ്ങി. അവരില്‍ സ്ത്രീകളും പുരുഷന്മാരും ഭിന്നശേഷിക്കാരുമെല്ലാമുണ്ട്. വിദ്യാര്‍ത്ഥികള്‍ വേറെ. അവരെല്ലാം സമരത്തില്‍ പങ്കെടുക്കുകയല്ല, സമരനേതൃത്വമായി മാറുകയായിരുന്നു. അടിയില്‍ നിന്നു മുകളിലേക്കുള്ള ഐക്യം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പോലും കാണാത്ത രീതിയില്‍ സമാനതകളില്ലാത്ത അഹിംസയിലൂന്നിയ പോരാട്ടമാണവര്‍ നടത്തുന്നത്. എത്ര പ്രകോപനമുണ്ടായിട്ടും സമാധാനത്തെ അവര്‍ കൈവിട്ടില്ല. 2020നെ ലോകം അടയാളപ്പെടുത്താന്‍ പോകുന്നത് ഷാഹിന്‍ ബാഗ് പോരാട്ടത്തിന്റെ പേരിലായിരിക്കും എന്നതില്‍ സംശയം വേണ്ട. അവിടെ ജീവിതവും സമരവും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ ഇല്ലാതെ, രണ്ടും ഒന്നായി മാറുകയാണ്. സമരപന്തലില്‍ നിന്നു കുട്ടികള്‍ പഠിക്കാന്‍ പോകുന്നു, തിരിച്ചുവരുന്നു, മുദ്രാവാക്യം വിളിക്കുന്നു… ഭരണഘടനയും ദേശീയപതാകയും ഉയര്‍ത്തിപിടിക്കുന്നു. സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സൂക്ഷ്മതലമാണ് ആ സമരം. തങ്ങളും ഈ മണ്ണിന്റെ മക്കളാണെന്ന പ്രഖ്യാപനം.
ഇന്നലെവരെ നാം നേരിട്ട പ്രശ്‌നങ്ങളല്ല ഇന്നത്തേത് എന്നതാണ് ഈ പോരാട്ടങ്ങളുടെ അടിസ്ഥാനകാരണം. ഇതുവരേയും നടന്ന പോരാട്ടങ്ങള്‍ പൗരാവകാശലംഘനങ്ങള്‍ക്കെതിരെയായിരുന്നു. എന്നാലിന്നത്തെ പ്രശ്‌നം പൗരത്വം തന്നെ ഇല്ലാതാകുന്നതാണ്. പൗരത്വമില്ലാതാവുന്നതിനേക്കാള്‍ വലിയ ശിക്ഷ ജനാധിപത്യത്തിലില്ല. നിലവിളിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്ന അവസ്ഥ. നിങ്ങള്‍ ഭൂമിക്കുമേല്‍ അനീതിയെഴുതും, ഞങ്ങള്‍ ആകാശത്തില്‍ കലാപവും എന്ന ആമിര്‍ അസിസിന്റെ കവിത ലോകമാകെ വൈറലാകാന്‍ കാരണം ഈ തിരിച്ചറിവാണല്ലോ. മന്ദമാരുതനെതിരെയല്ല, കൊടുങ്കാറ്റിനെതിരം പ്രതികരിക്കുമ്പോഴാണ് സമര ഐക്യം ശക്തമാകുന്നത്. അതാണിന്നത്തെ അവസ്ഥ.
വാസ്തവത്തില്‍ പൗരത്വ ഭേദഗതി നിയമം എന്ന പേരുതന്നെ ശരിയല്ല. പൗരത്വത്തെ ഗുണപരമായി ഉയര്‍ത്തുമ്പോഴാണ് ആ പേരുപയോഗിക്കാന്‍ കഴിയുക. ഇത് അതല്ലല്ലോ. ഇത് പൗരത്വത്തിന്റെ നിരാകരണമാണ്. അതായത് പൗരത്വ വിരുദ്ധ നിയമമാണ്. അങ്ങനെതന്നെ നമ്മള്‍ പറയണം. തെറ്റായ പേര് നിരന്തരമായി പറഞ്ഞാല്‍ സത്യമായി മാറും. അതു തടയണം. വാസ്തവത്തില്‍ 2019 ഡിസംബര്‍ 12ന്റെ വിജ്ഞാപനമല്ല ഈ നിയമത്തിലെ ആശയങ്ങള്‍. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിമേല്‍ക്കോയ്മയിലാണ് അതിന്റെ വേര്. സ്വീകരിക്കിലല്ല, നിരാകരിക്കലാണല്ലോ അതിന്റെ അന്തസത്ത. അതാകട്ടെ അമൂര്‍ത്ത പ്രത്യയ ശാസ്ത്രവുമല്ല. അതു ഭരണകൂടം തന്നെയായിരുന്നു. രാഷ്ട്രീയ ദൗത്യം നിര്‍വ്വഹിച്ചിരുന്ന നിരവധി സംഘടനാരൂപങ്ങള്‍ അതിനുണ്ടായിരുന്നു. ഉദാഹരണം ഗോരക്ഷാസഭ. പശുവെന്ന സാധുജീവിയെപോലും നിരാകരിക്കാനും കൊലക്കുമായി ഉപയോഗിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. രാമസഭയാകട്ടെ അക്രമത്തിന്റെ ചിഹ്നമായ പുതിയൊരു രാമനെ സൃഷ്ടിച്ചു. പേടിവരുമ്പോള്‍ രാമ, രാമ എന്നു വിളിച്ചാല്‍ മതിയെന്നു ഗാന്ധിയോട് പറഞ്ഞത് പരിചാരികയായിരുന്നു. ഗാന്ധിക്ക് പിന്നീട് രാമന്‍ എന്നത് അഭയം എന്ന ദാര്‍ശനിക കാഴ്ചപ്പാടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ഭൂമിയും ആകാശവുമായിരുന്നു. ആ രാമനെയാണ് ഇന്ന് ശ്രീറാം എന്ന കൊലവിളിയാക്കിയത്. ഭക്തിപ്രസ്ഥാനം എല്ലാവര്‍ക്കുമായി തുറന്നു നല്‍കിയ രാമനെ ഭൂരിപക്ഷത്തെ ഭയപ്പെടുത്താനുള്ള ഒന്നാക്കിമാറ്റിയത്. ഭാരത് ധര്‍മമ മണ്ഡല്‍, പഞ്ചാബ് ഹിന്ദുമഹാസഭ, ഹിന്ദു മഹാസഭ എന്നിങ്ങനെ ഈ പട്ടിക നീളുന്നു. ഇവയെല്ലാം ജാതിമേല്‍ക്കോയ്മയുടെ സാസ്‌കാരികരൂപങ്ങളായിരുന്നു. പിന്നീടാണ് അതിന്റെ സൈനികരൂപമായ ആര്‍ എസ് എസ് രംഗത്തുവരുന്നത്.
മൂന്നു പ്രധാനപ്പെട്ട സാഹചര്യങ്ങളോടുള്ള പ്രതികരണമായിരുന്നു വാസ്തവത്തില്‍ ആര്‍ എസ് എസ് രൂപീകരണം. ഒന്ന് 1917ലെ റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് ലോകമെങ്ങും കര്‍ഷകരിലും തൊഴിലാളികളിലുമൊക്കെ ഉണ്ടായ ഉണര്‍വ്വ്. പിന്നെ ഗാന്ധിയന്‍ ആശയങ്ങളായ മതമൈത്രി, അയിത്തോച്ചാടനം, സ്വദേശി ആശയങ്ങള്‍. ഇവ മൂന്നുമായാല്‍ സ്വാതന്ത്ര്യമാകും. അത് ഇന്ത്യന്‍ സവര്‍ണതയെ ഭയപ്പെടുത്തിയിരുന്നു. തീര്‍ച്ചയായും ഗാന്ധി സവര്‍ണതയുമായി പൂര്‍മ്ണമായും അക്കൗണ്ട് തീര്‍ത്തിരുന്നില്ല. എന്നാല്‍ തിലകന്‍ യുഗത്തിന്റെ അന്ത്യം കുറിക്കുകയായിരുന്നു ഗാന്ധി. മറ്റൊന്ന് മഹാത്മാഫൂലേയുടേയും സാവിത്രി ഫൂലേയുടേയും ഇവിആറിന്റേയും നാരായണഗുരുവിന്റേയും അയ്യങ്കാളിയുടേയും മറ്റും തുടര്‍ച്ചയായി അംബേദ്കറിലെത്തിയ കീഴാളമുന്നേറ്റമായിരുന്നു. അതിനെതിരായ സൈനികസംഘടന എന്ന രീതിയില്‍ ആര്‍എസ്എസ് നടത്തിയ, സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരപ്രവര്‍ത്തനമായിരുന്നു ഗാന്ധിവധം. പക്ഷെ അതിനുശേഷം ആര്‍ എസ് എസ് നേരിട്ട പ്രതിസന്ധി മറി കടക്കാനായിരുന്നു 1956ല്‍ ജനസംഘവും 1992ല്‍ ബിജെപിയും രൂപീകരിച്ചത്. പക്ഷെ 1992ല്‍ ബാബറി മസ്ജിദ് കാലം മുതല്‍ ആര്‍ എസ് എസ് വീണ്ടും മുന്‍ നിരയിലെത്തുകയായിരുന്നു. പിന്നാലെ ഗ്രഹാം സ്റ്റെയ്ന്‍സ് കൊലപാതകം, ഗുജറാത്ത്, കണ്ഡമാല്‍, മുസാഫര്‍ നഗര്‍. അതോടെ ബിജെപിയെ പൂര്‍ണ്ണമായും പുറകിലാക്കി ആര്‍ എസ് എസ് നേതൃനിരയിലെത്തി. ആര്‍ എസ് എസാണ് നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചത്. 2001ലായിരുന്നു മോദിയുടെ രാഷ്ട്രീയപ്രവേശനം. അതുവരെ അദ്ദേഹം ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ അതു സാധ്യമായതും 2014ല്‍ മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതും 2019ല്‍ മൃഗീയ ഭൂരിപക്ഷം നേടിയതുമൊക്കെ ഈ വംശഹത്യയുടെ തുടര്‍ച്ചയായാണ്. അതോടെ ബിജെപി പൂര്‍ണ്ണമായും ആര്‍ എസ് എസ് വല്‍ക്കരിക്കപ്പെട്ടു. അവരുല്‍പ്പാദിപ്പിച്ച അപരവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണ് പൗരത്വ വിരുദ്ധ നിയമം.
സാക്ഷാല്‍ മോഹന്‍ ഭഗവത് ആര്‍ എസ് എസ് ചരിത്രത്തെ മൂന്നായി തിരിക്കുന്നുണ്ട്. ആദ്യ 20 കൊല്ലം അവഗണനയുടെ കാലം. സ്വാതന്ത്ര്യസമരത്തെ ഒറ്റിയതിന്റെ സ്വാഭാവികഫലം. പിന്നീട് 70 കൊല്ലത്തെ എതിര്‍പ്പിന്റെ കാലം. അതിനു കാരണം ഗാന്ധിവധം. ഇപ്പോള്‍ വിജയകാലം. ആര്‍ എസ് എസിനെ എതിര്‍ക്കുന്നവരുടെ മനസ്സുകളില്‍ പോലും ആര്‍ എസ് എസ് ആശയങ്ങള്‍ കടന്നു വന്നിരിക്കുന്നതായാണ് അദ്ദേഹം ഉദ്ദേശിച്ചത്. എത്രയോ ഐഡി കാര്‍ഡുകള്‍ നമുക്കുണ്ട്, ഒരു പൗരത്വകാര്‍ഡ് കൂടിയായാല്‍ എന്താണ് കുഴപ്പമെന്ന ചോദ്യമുണ്ടാകുന്നത് അങ്ങനെയാണ്. അടുത്ത് ഒരു യോഗത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ എന്നുറപ്പുള്ളവര്‍ എണീല്‍ക്കാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും എണീറ്റതും അതിനാവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുള്ളവര്‍ ഇരിക്കാനും പറഞ്ഞപ്പോള്‍ കുറെ പേര്‍ ഇരിക്കാതിരുന്നതിനും ഞാന്‍ ദൃക് സാക്ഷിയാണ്. നമ്മള്‍ തന്നെ ഉറപ്പ് എന്നു പറയാന്‍ അവര്‍ക്കായില്ല. അതുതന്നെ ആര്‍ എസ് എസിന്റെ വിജയം. ഇവിടെ ജനിച്ച്, ഭരണഘടന അനുസരിച്ച് ഇവിടെ ജീവിക്കുന്നവരെല്ലാം പൗരന്മാര്‍ എന്നതില്‍ നിന്ന് മാറി പൗരത്വത്തെ കുറിച്ച് ആലോചിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായ അട്ടിമറി. ഈ ഫാസിസ്റ്റ് അട്ടിമറിയെ തകര്‍ക്കാനായില്ലെങ്കില്‍ പൗരത്വം മാത്രമല്ല, എല്ലാം നമുക്ക് നഷ്ടപ്പെടും. അതിന്റെ പ്രഖ്യാപനമായിരുന്നു ഡെല്‍ഹി വംശീയ കൂട്ടക്കൊല. ആ കൂട്ടക്കൊലയില്‍ പോലീസ് കൂടി പങ്കാളികളായിരുന്നു. യുദ്ധത്തില്‍ പോലുമുണ്ടാകാത്ത പോലെ പരിക്കേറ്റവരെ കൊണ്ടുപോയിരുന്ന ആംബുലന്‍സുകള്‍ പോലും തടഞ്ഞ് അക്രമിച്ചു. അതും പോലീസ് തന്നെ.
ഇനി നമ്മള്‍ ഫാസിസത്തെ കുറിച്ചു പറയുമ്പോള്‍ ഉദ്ധരിക്കേണ്ടത് ജര്‍മ്മനിയേയോയ ഇറ്റലിയയോ അല്ല, ഡെല്‍ഹിയെയാണ്. ഡെല്‍ഹി ഇന്ന് ഇന്ത്യയുടെ തലസ്ഥാനമല്ലാതായിരിക്കുന്നു. അത് ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും കുരുതിക്കളമാണ്. ഇന്ന് നമ്മുടെ തലസ്ഥാനം നാഗ്പൂരാണ്. അതു തിരിച്ചറിഞ്ഞാവണം നമ്മുടെ വരുംകാല ജനാധിപത്യ പോരാട്ടങ്ങള്‍.
(പൗരത്വം ജന്മാവകാശമാണ് എന്ന വിഷയത്തില്‍ തൃശൂര്‍ സൗഹൃദവേദി സംഘടിപ്പിച്ച ചര്‍ച്ചാവേദിയില്‍ നടത്തിയ പ്രഭാഷണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in