ആര്‍ക്കാണ് യുദ്ധം വേണ്ടത്….? യുക്രെയ്‌നിയന്‍ പ്രസിഡന്റ് യുദ്ധം തുടങ്ങുന്നതിനു മുമ്പ് ചെയ്ത പ്രസംഗം.

യുക്രെയ്‌നിയന്‍ പ്രസിഡന്റ് വ്‌ലോഡൊമിയര്‍ സെലെന്‍സ്‌കി, യുദ്ധം തുടങ്ങുന്നതിനു മുമ്പ് റഷ്യന്‍ ഭാഷയില്‍ റഷ്യക്കാരോട് ചെയ്ത പ്രസംഗം.

ഇന്ന് റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റുമായി സംസാരിക്കാന്‍ ഞാന്‍ മുന്‍കയ്യെടുത്തു. അതിന്റെ ഫലം നിശ്ശബ്ദതയായിരുന്നു. ഡോണ്‍ബാസില്‍ നിശ്ശബ്ദതയാണ് ഇപ്പോള്‍ അഭികാമ്യമെങ്കിലും. അതുകൊണ്ടാണ് റഷ്യയിലെ പൗരന്മാരുടെ മുന്നിലേക്ക് ഒരു നിവേദനവുമായി ഞാന്‍ വന്നിട്ടുള്ളത്. ഒരു പ്രസിഡന്റെന്ന നിലയ്ക്കല്ല. ഞാന്‍ റഷ്യന്‍ ജനങ്ങളോട് ഒരു യുക്രൈയ്‌നിയന്‍ പൗരനെന്ന നിലയ്ക്കാണു സംസാരിക്കുന്നത്.

നമ്മള്‍ രണ്ടായിരം കിലോമീറ്ററുകള്‍ നീളം വരുന്ന അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിനു ചുറ്റും ഇന്ന് നിങ്ങളുടെ സൈന്യമാണ്; ഏകദേശം രണ്ടുലക്ഷം സൈനികര്‍, ആയിരക്കണക്കിനു സൈനികയൂണിറ്റുകള്‍. നിങ്ങളുടെ നേതൃത്വം ഞങ്ങള്‍ക്കെതിരെയുള്ള അവരുടെ നീക്കത്തിന് അനുമതി നല്കിയിരിക്കുന്നു. മറ്റൊരു രാഷ്ട്രത്തിന്റെ ഭൂപ്രദേശത്തിലേക്ക്. ഈ നടപടി യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഒരു വലിയ യുദ്ധം തുടങ്ങിവെച്ചേക്കാം. എന്നുവേണമെങ്കിലും സംഭവിച്ചേക്കാവുന്നതിനെക്കുറിച്ച് ലോകം മുഴുവന്‍ ഇപ്പോള്‍ സംസാരിക്കുകയാണ്. ഒരു കാരണം എന്നുവേണമെങ്കിലുമുണ്ടാവാം. ഒരു തീപ്പൊരി. എല്ലാത്തിനെയും ചുട്ടെരിച്ചു കളയാന്‍ ശേഷിയുള്ള ഒരു തീപ്പൊരി.

ഈ ജ്വാല യുക്രെയ്‌നിയന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുമെന്നാണ് നിങ്ങളോട് അവര്‍ പറയുന്നത്. പക്ഷെ യുക്രെയ്‌നിയന്‍ ജനത സ്വതന്ത്രരാണ്. അവര്‍ അവരുടെ ചരിത്രം ഓര്‍മ്മിക്കുകയും ഭാവികാലത്തെ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ടി.വി.യില്‍ നിങ്ങളോടു പറയുന്നതു പോലെ യുക്രെയ്‌നിയന്‍ ജനത അതു നശിപ്പിക്കുകയല്ല, അവര്‍ അതു നിര്‍മ്മിക്കുകയാണ്. നിങ്ങളുടെ വാര്‍ത്തകളിലെ യുക്രെയ്‌നും യാഥാര്‍ത്ഥ്യത്തിലെ യുക്രെയ്‌നും തീര്‍ത്തും വ്യത്യസ്തമായ രണ്ടു രാഷ്ട്രങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഞങ്ങളുടേത് യഥാര്‍ത്ഥമാണെന്നതാണ്.

നിങ്ങളോട് അവര്‍ പറയുന്നത് ഞങ്ങള്‍ നാത്സികളാണെന്നാണ്. നാത്സിസത്തെ ഇല്ലാതാക്കാന്‍ എണ്‍പതു ലക്ഷം പേര്‍ ജീവത്യാഗം ചെയ്ത ഒരു രാഷ്ട്രത്തെ നാത്സികള്‍ എന്നു വിളിക്കാന്‍ എങ്ങനെ സാധിക്കും? സോവിയറ്റ് സൈന്യത്തിന്റെ ഭാഗമായിരുന്നു കൊണ്ട് എന്റെ മുത്തശ്ശന്‍ ഒരു യുദ്ധം മുഴുവനും പോരാടുകയും സ്വതന്ത്ര-യുക്രെയ്‌നില്‍ ഒരു കേണലായിട്ടു മരിക്കുകയും ചെയ്തിട്ടുണ്ടെന്നിരിക്കെ എനിക്കെങ്ങനെയാണു നാത്സിയാവാന്‍ സാധിക്കുക? ഞങ്ങള്‍ റഷ്യന്‍ സംസ്‌കാരത്തെ വെറുക്കുന്നു എന്നാണ് അവര്‍ നിങ്ങളോടു പറയുന്നത്. എങ്ങനെയാണ് ഒരു സംസ്‌കാരത്തെ ഏതു സംസ്‌കാരത്തെയും വെറുക്കാനാവുക? അയല്‍ക്കാര്‍ എല്ലായ്‌പ്പോഴും സാംസ്‌കാരികമായി പരസ്പരം സമ്പന്നരാക്കുകയാണു ചെയ്യുക. അത് അവരുടെ അസ്തിത്വത്തെ ഒന്നുചേര്‍ക്കുകയില്ല. അത് ജനങ്ങളെ ‘അവര്‍’ എന്നും ‘ഞങ്ങള്‍’ എന്നും വേര്‍തിരിക്കുകയുമില്ല. നമ്മള്‍ വ്യത്യസ്തരാണ്. അതു പക്ഷെ ശത്രുതയ്ക്കുള്ള കാരണമല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ചരിത്രം നിര്‍മ്മിക്കണം. സമാധാനത്തോടെ, ശാന്തതയോടെ, സത്യസന്ധതയോടെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഡോണ്‍ബാസില്‍ ആക്രമണത്തിനു ഞാന്‍ ഉത്തരവിട്ടു എന്നാണ് അവര്‍ നിങ്ങളോടു പറയുന്നത്. വെടിവെയ്ക്കാന്‍. ചോദ്യങ്ങളില്ലാതെ ബോംബ് ചെയ്യാന്‍. പക്ഷെ അവിടെ ചോദ്യങ്ങളുണ്ട്. ആരെ വെടിവെയ്ക്കാന്‍? എന്തിനെ ബോംബ് ചെയ്യാന്‍?
ഡുണ്യെസ്‌കില്‍? ഞാന്‍ പലതവണ പോയിട്ടുള്ള പ്രദേശത്ത്? ഞാനവരുടെ മുഖവും കണ്ണുകളും കണ്ടിട്ടുണ്ട്.
അര്‍ത്തെമ തെരുവില്‍? ഞാന്‍ സുഹൃത്തുക്കളോടൊത്ത് പലതവണ നടക്കാനിറങ്ങിയിട്ടുള്ള സ്ഥലത്ത്?
ഡോണ്‍ബാസ് ചത്വരത്തില്‍? യൂറോ കപ്പ് നടക്കുമ്പോള്‍ നമ്മുടെ കുട്ടികളോടൊത്ത് ഞാന്‍ ആര്‍പ്പു വിളിച്ച സ്ഥലത്ത്?
ഷര്‍ബ്ബക്കോവ പാര്‍ക്കില്‍? നമ്മുടെ ടീം കളി തോറ്റപ്പോള്‍ നമ്മള്‍ ഒരുമിച്ചിരുന്നു മദ്യപിച്ച ഇടത്തില്‍?
ലുഗാന്‍സ്‌കില്‍? എന്റെ അടുത്ത സുഹൃത്തിന്റെ അമ്മയുടെ വീട്ടില്‍? എന്റെ സുഹൃത്തിന്റെ അച്ഛന്‍ അന്ത്യവിശ്രമം കൊള്ളുന്ന നാട്ടില്‍?

ഞാനിപ്പോള്‍ റഷ്യന്‍ ഭാഷയിലാണു സംസാരിക്കുന്നതെന്നു നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും; പക്ഷെ റഷ്യയില്‍ ആര്‍ക്കും ഈ പേരുകളുടെയോ തെരുവുകളുടെയോ സംഭവങ്ങളുടെയോ ആഴം മനസ്സിലാക്കാനാവില്ല. ഇതെല്ലാം നിങ്ങള്‍ക്ക് അന്യമാണ്. അജ്ഞാതമാണ്. ഇതു ഞങ്ങളുടെ നാടാണ്. ഞങ്ങളുടെ ചരിത്രമാണ്. എന്തിനു വേണ്ടിയാണ് നിങ്ങള്‍ പോരാടാന്‍ പോവുന്നത്? ആര്‍ക്കെതിരെയാണ്?

നിങ്ങളില്‍ പലരും മുന്‍പ് യുക്രെയ്‌നില്‍ വന്നിട്ടുള്ളവരാവും. നിങ്ങളില്‍ പലര്‍ക്കും ഇവിടെ ബന്ധുക്കളുണ്ടാവും. നിങ്ങളില്‍ ചിലര്‍ ഇവിടത്തെ സര്‍വ്വകലാശാലകളില്‍ പഠിച്ചവരായിരിക്കും. യുക്രെയ്‌നിയന്‍ സുഹൃത്തുക്കളുള്ളവരായിരിക്കും. ഞങ്ങളുടെ രീതികളും ഞങ്ങളുടെ ജനങ്ങളും ഞങ്ങളുടെ ആദര്‍ശങ്ങളും നിങ്ങള്‍ക്കു പരിചയമുള്ളതു തന്നെയാണ്. എന്തിനാണു ഞങ്ങള്‍ വലിയ വിലകല്പിക്കുന്നത് എന്നു നിങ്ങള്‍ക്കറിയാം. നിങ്ങളിലേക്കു തന്നെ തിരിഞ്ഞുനോക്കൂ, നിങ്ങള്‍ക്കുള്ളിലെ വിവേകത്തിനും സാമാന്യബുദ്ധിക്കും ചെവികൊടുക്കൂ. നിങ്ങള്‍ക്കു ഞങ്ങളുടെ ശബ്ദംകേള്‍ക്കാം. യുക്രെയ്‌നിയന്‍ ജനത്തിനു വേണ്ടതു സമാധാനമാണ്. യുക്രെയ്‌നിയന്‍ അധികാരികള്‍ക്കു വേണ്ടതു സമാധാനമാണ്. ഞങ്ങള്‍ക്ക് അതു വേണം; ഞങ്ങള്‍ അതുണ്ടാക്കുകയും ചെയ്യും. ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം അതിനായി ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ ഒറ്റയ്ക്കല്ല. സത്യമാണ്; യുക്രെയ്‌നിനു പിന്തുണയുമായി ഒരുപാടു രാഷ്ട്രങ്ങളുണ്ട്. എന്തുകൊണ്ടാണത്? കാരണം, ‘എന്തു വില കൊടുത്തും’ സമാധാനം നേടണമെന്നല്ല ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ പറയുന്നത് സമാധാനത്തെക്കുറിച്ചും ആദര്‍ശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചുമാണ്. ഓരോരുത്തരുടെയും ഭാവിയുടെയും സുരക്ഷയുടെയും മേലുള്ള അവരവരുടെ അവകാശത്തെക്കുറിച്ചാണ്. ഭീഷണികളില്ലാതെ ജീവിക്കാനുള്ള ഓരോരുത്തരുടെയും അവകാശത്തെക്കുറിച്ചാണ്. ഇതെല്ലാം ഞങ്ങള്‍ക്കു പ്രധാനമാണ്. ഇതെല്ലാം സമാധാനത്തിനും പ്രധാനമാണ്. ഒരു യുദ്ധം ഞങ്ങള്‍ക്കു വേണ്ടെന്നു ഞങ്ങള്‍ക്കു തീര്‍ച്ചയുണ്ട്. ശീതയുദ്ധമായാലും ഉഷ്ണമുള്ള യുദ്ധമായാലും ഇതു രണ്ടും ചേര്‍ന്നതായാലും അതു ഞങ്ങള്‍ക്കു വേണ്ട.

പക്ഷെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍… ആരെങ്കിലും ഞങ്ങളുടെ രാജ്യത്തെ അപഹരിക്കാന്‍ ശ്രമിച്ചാല്‍, ഞങ്ങളുടെ സ്വാതന്ത്യത്തെ, ഞങ്ങളുടെ ജീവിതത്തെ, ഞങ്ങളുടെ കുട്ടികളുടെ ജീവിതങ്ങളെ… ഞങ്ങള്‍ ഞങ്ങളെ പ്രതിരോധിക്കും. ആക്രമിക്കുകയല്ല, പ്രതിരോധിക്കും. ഞങ്ങളെ ആക്രമിച്ചാല്‍ നിങ്ങള്‍ കാണുക ഞങ്ങളുടെ മുഖങ്ങളാണ്. ഞങ്ങളുടെ പിറകല്ല. ഞങ്ങളുടെ മുഖങ്ങള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുദ്ധം ഒരു മഹാദുരിതമാണ്. അതിനു വലിയ വിലയുണ്ട് – എല്ലാ അര്‍ത്ഥത്തിലും. ആളുകള്‍ക്ക് അവരുടെ ധനം, സല്‍പ്പേര്, നല്ല ജീവിതം, സ്വാതന്ത്ര്യം, ഇതെല്ലാം നഷ്ടപ്പെടും. ഇതിനെക്കാളൊക്കെ പ്രധാനമായി ആളുകള്‍ക്ക് അവരുടെ ബന്ധുക്കളെയും മിത്രങ്ങളെയും നഷ്ടപ്പെടും. അവരവരെത്തന്നെ നഷ്ടപ്പെടും. യുദ്ധം ഒരുപാടു കാര്യങ്ങളെ ഇല്ലാതാക്കും. ഒരുപാടു കാര്യങ്ങളെ സമൃദ്ധമാക്കുകയും ചെയ്യും: വേദന, അഴുക്ക്, രക്തം, മരണം.. ആയിരക്കണക്കിന്.. പതിനായിരക്കണക്കിന് മരണം.

യുക്രെയ്ന്‍ റഷ്യയ്ക്ക് ഒരു ഭീഷണിയാണെന്നാണ് അവര്‍ നിങ്ങളോടു പറയുന്നത്. അത് ഇതിനു മുന്‍പ് സത്യമായിരുന്നില്ല, ഇപ്പോള്‍ സത്യമല്ല, ഇനിയൊരിക്കലും സത്യമാവുകയുമില്ല. നാറ്റോയില്‍ നിന്ന് സുരക്ഷാവാഗ്ദാനങ്ങള്‍ നിങ്ങളാവശ്യപ്പെടുന്നു. ഞങ്ങളും സുരക്ഷാവാഗ്ദാനങ്ങള്‍ ആവശ്യപ്പെടുകയാണ്. നിങ്ങളില്‍ നിന്നുള്ള യുക്രെയ്‌നിന്റെ സുരക്ഷ. റഷ്ഷയില്‍ നിന്നുള്ള സുരക്ഷ. ബുഡാപെസ്റ്റ് മെമ്മറാന്‍ഡത്തില്‍ ഒപ്പുവെച്ച മറ്റു കക്ഷികളില്‍ നിന്നുമുള്ളതും. ഇന്ന് പലപാടുള്ള സുരക്ഷാമുന്നണികളില്‍ ഞങ്ങള്‍ ഭാഗഭാക്കല്ല. യുക്രെയ്‌നിന്റെ സുരക്ഷ അതിന്റെ അയല്‍രാഷ്ട്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് യൂറോപ്പിന്റെ മുഴുവന്‍ സുരക്ഷയെക്കുറിച്ചും നമ്മളിപ്പോള്‍ സംസാരിക്കുന്നത്. പക്ഷെ ഞങ്ങളുടെ പ്രധാനലക്ഷ്യം യുക്രെയ്‌നിലെ സമാധാനമാണ്, ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയാണ്. യുക്രെയ്‌നിയക്കാരുടെ സുരക്ഷ. അത്, നിങ്ങളുള്‍പ്പെടെ, എല്ലാവരെയും അറിയിക്കാന്‍ ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. യുദ്ധം എല്ലാവരില്‍ നിന്നും എല്ലാ വാഗ്ദാനങ്ങളും ഇല്ലാതാക്കും. സുരക്ഷയെക്കുറിച്ച് ഉറപ്പ് ആര്‍ക്കുമുണ്ടാവില്ല.

ആരാണ് ഇതില്‍ ഏറ്റവും നരകിക്കാന്‍ പോവുന്നത്? ജനങ്ങള്‍. ആര്‍ക്കാണ്, മറ്റാരേക്കാളും, ഇതു വേണ്ടെന്നുള്ളത്? ജനങ്ങള്‍ക്ക്. ആര്‍ക്കാണ് ഇതെല്ലാം സംഭവിക്കുന്നതു തടയാനാവുക? ജനങ്ങള്‍ക്ക്. അങ്ങനെയുള്ള ജനങ്ങള്‍ നിങ്ങള്‍ക്കിടയിലുണ്ടെങ്കില്‍ ഉണ്ടെന്ന് എനിക്കുറപ്പുണ്ട് പൊതുകാര്യപ്രസക്തര്‍, പത്രക്കാര്‍, സംഗീതജ്ഞര്‍, അഭിനേതാക്കള്‍, കായികതാരങ്ങള്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, ബ്ലോഗേഴ്‌സ്, സ്റ്റാന്‍ഡ്-അപ് കൊമേഡിയന്‍സ്, ടിക്‌ടോക്കേഴ്‌സ്, മറ്റുള്ളവര്‍… സാധാരണക്കാര്‍. ശരാശരി സാധാരണ മനുഷ്യര്‍. സ്ത്രീകള്‍, പുരുഷന്മാര്‍, വയസ്സായവര്‍, ചെറുപ്പക്കാര്‍, അച്ഛന്മാര്‍ അതിനെക്കാള്‍ പ്രധാനമായി, അമ്മമാര്‍. യുക്രെയ്‌നിലുള്ളതു പോലെ തന്നെ ഇവര്‍ നിങ്ങള്‍ക്കിടയിലുണ്ട്; മറിച്ച് അവര്‍ എന്തൊക്കെ പറഞ്ഞാലും.

റഷ്യന്‍ ടെലിവിഷനില്‍ എന്റെ പ്രഖ്യാപനം അവര്‍ സംപ്രേഷണം ചെയ്യില്ല എന്ന് എനിക്കറിയാം. പക്ഷെ റഷ്യന്‍ പൗരന്മാര്‍ ഇതു കാണണം. അവര്‍ സത്യം അറിയേണ്ടത് ആവശ്യമാണ്. വല്ലാതെ വൈകിപ്പോവുന്നതിനു മുന്‍പ് ഇത് അവസാനിക്കേണ്ടതുണ്ട് എന്നതാണു സത്യം. റഷ്യന്‍ അധികാരികള്‍ സമാധാനത്തിനായി ഞങ്ങളോടു സംസാരിക്കുന്നില്ലെങ്കിലും, ഒരുപക്ഷെ നിങ്ങളോട് അവര്‍ സംസാരിച്ചേക്കും.

റഷ്യയിലെ ജനങ്ങള്‍ക്ക് യുദ്ധം വേണോ? അതിനുള്ള ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു. പക്ഷെ ആ ഉത്തരം നിങ്ങളെ റഷ്യന്‍ ഫെഡറേഷനിലെ പൗരന്മാരെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്.

(കടപ്പാട് – പ്രജേഷ് പണിക്കര്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply