ചില കൊറോണ കാല ചിന്തകള്‍
കഴിവതും പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള തീരുമാനമാണ് ഇപ്പോഴെടുക്കേണ്ടത്. തീര്‍ച്ചയായും പരിസ്ഥിതി മൗലികവാദികളാകരുത്. . പ്രകൃതിയില്‍ നിന്ന് ആവശ്യമുള്ളവ സ്വീകരിക്കണം. എന്നാലാവശ്യമുള്ളവ മാത്രം. അതല്ലല്ലോ ഇപ്പോള്‍ നടക്കുന്നത്. അതിന്റെ അനന്തരഫലം ഇപ്പോള്‍ ആഗോളതാപനത്തിലും കാലാവസ്ഥാവ്യതിയാനത്തിലും എത്തിയിരിക്കുന്നു. ഈ ദിശയിലുള്ള തിരിച്ചറിവുകളുടെ അവസരമായി കൊറോണകാലത്തെ മാറ്റുകയാണ് മനുഷ്യരാശി ചെയ്യേണ്ടത്
കൊവിഡ് ഭീഷണിയെ തുടര്‍ന്ന് മാനവരാശിയുടെ വലിയൊരു ഭാഗം സ്വന്തം വീടുകളില്‍ കഴിയുകയാണ്. വീടില്ലാത്ത ലക്ഷകണക്കിനു പേരുടെ അവസ്ഥ ദയനീയം തന്നെ. പലര്‍ക്കും ചികിത്സ പോയിട്ട് ഭക്ഷണം പോലും ലഭിക്കുന്നില്ല. ഇവരുടെ എണ്ണമൊന്നും പല കണക്കുകളിലും വരുന്നുമില്ല.
അതേസമയം മാനവരാശിക്ക് നിരവധി പാഠങ്ങള്‍ നല്‍കാന്‍ ഈ സന്ദര്‍ഭം കാരണമായിട്ടുണ്ട്. ഈ വന്‍ദുരന്തത്തെ അതിജീവിക്കുകയാണെങ്കില്‍ അവയില്‍ പല പാഠവും ഭാവിയിലേക്കു ഗുണം ചെയ്യുമെന്നുറപ്പ്. അതിര്‍ത്തിയുടേയും ഭാഷയുടേയും മതത്തിന്റേയും വംശത്തിന്റേയും ലിംഗത്തിന്റേയും മറ്റും പേരിലുള്ള അതിര്‍ത്തികള്‍ മായുന്ന പ്രക്രിയക്ക് ഈ മഹാമാരി ആക്കം കൂട്ടുന്നു എന്നതു തന്നെയാണ് പ്രധാനം. എടുത്തുപറയത്തക്ക ഒരു മാറ്റം ചൂണ്ടികാട്ടാം. പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളുമൊക്കെ വരുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ അതിനു കാരണമാക്കി ഒറ്റപ്പെടുത്തുന്ന അവസ്ഥ അടുത്ത കാലം വരെ നിലവിലുണ്ടായിരുന്നു. അതിന്റെ അടിത്തറ മിക്കപ്പോഴും വംശീയതയും ജാതീയതയും തന്നെയായിരുന്നു. അത്തരം ചില വിഭാഗങ്ങളാണ് സാംക്രമിക രോഗങ്ങള്‍ പൊട്ടിപുറപ്പെടുന്നതിനും പടരുന്നതിനും കാരണക്കാരെന്ന പ്രചരണം വ്യാപകമായി നടന്നിരുന്നു. പ്ലേഗുബാധയുടെ കാരണം ജൂതരാണെന്നും എയ്ഡ്സ്ന്റെ ഉത്ഭവം ആഫ്രിക്കയിലെ കറുത്തവരാണെന്നും കേരളത്തിലെ വസൂരിക്ക് കാരണം കീഴാളരാണെന്നുമൊക്കെ പ്രചരിപ്പിച്ചിരുന്നല്ലോ. 1853 ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ മഞ്ഞപ്പനി പകര്‍ച്ചവ്യാധിയുടെ സമയത്ത്, യൂറോപ്യന്‍ കുടിയേറ്റക്കാരാണ് ഈ രോഗത്തിന് കൂടുതല്‍ ഇരയാകുന്നതെന്ന് മനസിലാക്കി അവരെ അക്രമിച്ചിരുന്നു. ചൈനയില്‍ നിന്ന് ഉത്ഭവിച്ച സാര്‍സ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, കിഴക്കന്‍ ഏഷ്യക്കാരെ ലക്ഷ്യമിട്ടിരുന്നു. 2014 ല്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആഫ്രിക്കക്കാരെയും.
ഇത്തവണയും ഈ ദിശയിലുള്ള ചില നീക്കങ്ങള്‍ ഉണ്ടായെങ്കിലും പതുക്കെയവ ദുര്‍ബ്ബലമാകുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ ജനതയായ ചൈനീസ് വംശജര്‍ക്കെതിരെ വ്യാപകമായ പ്രചരണം ആദ്യഘട്ടത്തില്‍ നടന്നു. പൊതുസ്ഥലത്തു തുമ്മിയ ഒരു ചൈനക്കാരനെ അമേരിക്കയിലെ വെളുത്ത വംശീയവാദികള്‍ ഭീകരമായി മര്‍ദിച്ചു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ രോഗം വ്യാപകമായപ്പോള്‍ ഈ വികാരത്തിനു കുറവുവന്നു. അപ്പോഴും എല്ലായിടത്തും കുടിയേറിപാര്‍ക്കുന്നവര്‍ക്കെതിരായ വികാരം തീരെയില്ല എന്നു പറയാനാവില്ല. അമേരിക്കന്‍ പ്രസിഡന്റ് ഇപ്പോഴും പഴയ പല്ലവി ആവര്‍ത്തിക്കുന്നുണ്ട്. എന്തിന്, കേരളത്തില്‍ പോലും പുറത്തുനിന്നു വരുന്നവര്‍ക്കെതിരേയും ഇതര സംസ്ഥാനക്കാര്‍ക്കെതിരേയും ചെറിയ മുറുമുറുപ്പുകള്‍ കേള്‍ക്കാം..
എന്തായാലും ശാരീരിക അകലം കൂട്ടിയാണെങ്കിലും സാമൂഹ്യ അകലം കുറക്കാന്‍ ഈ അന്തരീക്ഷം സഹായകരമാകുമെന്നു കരുതാം. അത് വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, രാഷ്ട്രങ്ങള്‍ തമ്മിലും വേണം. കൊവിഡ് ബാധിച്ച രാഷ്ട്രങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ വിടുന്ന ക്യൂബ ലോകത്തിനുള്ള മാതൃകയാകട്ടെ. അതിന്റെ പേരില്‍ ആവേശം കൊള്ളുമ്പോഴും നമുക്കൊക്കെ അങ്ങനെ ചെയ്യാന്‍ എന്നാണാവോ കഴിയുക? രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതയും യുദ്ധങ്ങളും മാത്രമല്ല ഭീകരവാദങ്ങളും അവസാനിക്കാന്‍ ഈയൊരവസരം സഹായകരമായെങ്കില്‍ നന്ന്. ലോകം മുഴുവന്‍ കീഴടക്കാനാഗ്രഹിക്കുന്ന മനഷ്യര്‍ ഒരു സൂക്ഷ്മജീവിക്കു മുന്നില്‍ എത്രമാത്രം നിസ്സഹായരാണെന്നു വ്യക്തമായിരിക്കുകയാണല്ലോ. തീര്‍ച്ചയായും കോറോണക്കും വാക്‌സിനെ കണ്ടെത്തുമായിരിക്കും. അതിനെ അതിജീവിക്കുമായിരിക്കും. എന്നാല്‍ അപ്പോഴും വരും പുതിയ വൈറസുകള്‍, അഥവാ വെല്ലുവിളികള്‍.
എത്രയോ തിരക്കുപിടിച്ചു നടന്നിരുന്ന മനുഷ്യരാണ് ലോകമെങ്ങും ദിവസങ്ങളായി വീട്ടിലിരിക്കുന്നത്. എന്നിട്ടും എവിടേയും വലിയ പ്രശ്‌നങ്ങളൊന്നു ഉണ്ടായതായി കാണുന്നില്ല. തീര്‍ച്ചയായും ആരംഭത്തില്‍ സൂചിപ്പിച്ച പോലെ ഒരു വലിയ വിഭാഗം പട്ടിണിയിലേക്ക് തള്ളിവിടപ്പെടുമെന്നതില്‍ സംശയമില്ല. അതിനുള്ള പരിഹാരം കാണണം. പലര്‍ക്കും മാനസികമായ വെല്ലുവിളികളും വരാം. അതേ സമയം യന്ത്രങ്ങളായി മാറാതെ മനുഷ്യത്വം തിരിച്ചുപിടിക്കാനുള്ള സമയം കൂടിയാണത്. ഭാവിയില്‍ തിരക്കുകള്‍ കുറച്ചു ശാന്തമായി ജീവിക്കാനുള്ള റിഹേഴ്‌സലായി ഇതുമാറണം. തീര്‍ച്ചയായും പാവപ്പെട്ടവര്‍ക്കതിന് കഴിയുമോ എന്നു ചോദിക്കാം. ്‌വര്‍ക്കും അത് സാധ്യമാക്കുന്ന ഉത്തരവാദിത്തമാണ് ഭരണകൂടങ്ങള്‍ ഏറ്റെടുക്കേണ്ടത്.
കഴിവതും പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള തീരുമാനമാണ് ഇപ്പോഴെടുക്കേണ്ടത്. തീര്‍ച്ചയായും പരിസ്ഥിതി മൗലികവാദികളാകരുത്. . പ്രകൃതിയില്‍ നിന്ന് ആവശ്യമുള്ളവ സ്വീകരിക്കണം. എന്നാലാവശ്യമുള്ളവ മാത്രം. അതല്ലല്ലോ ഇപ്പോള്‍ നടക്കുന്നത്. അതിന്റെ അനന്തരഫലം ഇപ്പോള്‍ ആഗോളതാപനത്തിലും കാലാവസ്ഥാവ്യതിയാനത്തിലും എത്തിയിരിക്കുന്നു. ഈ ദിശയിലുള്ള തിരിച്ചറിവുകളുടെ അവസരമായി കൊറോണകാലത്തെ മാറ്റുകയാണ് മനുഷ്യരാശി ചെയ്യേണ്ടത്. മാത്രമല്ല എത്രയോ ജീവിവര്‍ഗ്ഗങ്ങളുടെ വംശനാശത്തിനു മനുഷ്യര്‍ ഇതിനകം കാരണമായിട്ടുണ്ട്. ഈ വിഷയത്തില്‍ യുവാല്‍ നോവ ഹരാരിയുടെ ഒരു പുസ്തകം തന്നെയുണ്ട്. ഇനിയെങ്കിലും അതു തിരി്ച്ചറിയാനും ജീവിജാലങ്ങളിലെ പരിണാമത്തിലെ അവസാനകണ്ണിയാണ് മനുഷ്യനെന്നു മനസ്സിലാക്കാനും തയ്യാറാകാം ഈ സമയം കാരണമായാല്‍ നന്ന്.
ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ മറ്റൊരു പ്രവണതയും കാണാം. പ്രകൃതിയുടെ ഭാഗമാണെന്നു നടിച്ചുകൊണ്ട് പൂര്‍ണ്ണമായും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ആശയങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണിത്. മനുഷ്യരെ പല തട്ടുകളായി വിഭജിച്ചിരുന്ന ജാതിവ്യവസ്ഥയുടെ ഭാഗമായിരുന്നു ഇവിടെ കൈകൂപ്പലും അകലം പാലിക്കലും മറ്റും. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ മുന്‍കരുതുകളെ അവയുമായി താരതമ്യപ്പെടുത്തി മനുസ്മൃതി മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണിത്. വിവേചനവും ചൂഷണവുമില്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ ആ മൂല്യങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. ആധുനിക കാല ജനാധിപത്യ – മതേതര – സാമൂഹ്യനീതി മൂല്യങ്ങളുടെ ഭാഗമായിട്ടാവണം കോറോണക്കെതിരായും മാനവരാശിയുടെ ബാവിക്കുവേണ്ടിയുമുള്ള മുന്‍കരുതലുകള്‍. ജാതിയുടേയോ മതത്തിന്റേയോ വംശത്തിന്റേയോ ലിംഗത്തിന്റേയോ മാത്രമല്ല പൗരത്വത്തിന്റെ പേരിലുമുള്ള എല്ലാ തരം വിവേചനത്തിനുമതീതമായ ഒരു ലോകത്തെ സങ്കല്‍പ്പിക്കാനാണ് ഈ കൊറോണകാലം ആഗോള മനുഷ്യര്‍ ചിലവഴിക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in