അധ്യാപകദിനമാചരിക്കേണ്ടത് ജനുവരി മൂന്നിന്…
ബ്രാഹ്മണ്യ ഹിന്ദുത്വത്തിന് ശക്തമായ അടിത്തറയും ആധിപത്യവുമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ, ന്യൂനപക്ഷങ്ങളായ ദളിത് മുസ്ലിം വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശക്തമായ പങ്കു വഹിച്ച രണ്ടു ധീരവനിതകളാണ് സാവിത്രിയും ഫാത്തിമയും. എന്നാല്‍ അംബേദ്കറിന്റെയടക്കം മുന്‍കൈയില്‍ മഹാരാഷ്ട്രയില്‍ പിന്നീടുയര്‍ന്നുവന്ന ദളിത് മുന്നേറ്റങ്ങള്‍ സാവിത്രിബായിയെയും അവരുടെ ജീവിതത്തെയും ഉയര്‍ത്തിപ്പിടിച്ചെങ്കിലും ഫാത്തിമ ഷെയ്ഖ് പതിയെ ചരിത്രത്തില്‍ നിന്നും മാഞ്ഞുപോവുകയാണുണ്ടായത്.
കാര്യമായ ചര്‍ച്ചകളോ ആഘോഷങ്ങളോ ഇല്ലാതെയാണ് എല്ലാവര്‍ഷവും ജനുവരി മൂന്ന് കടന്നുപോകാറുള്ളത്. ഇക്കുറിയും അങ്ങനെതന്നെ. ഈ ദിവസത്തിന്റെ പ്രാധാന്യം ഒട്ടുമറിയാത്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ നവോത്ഥാനത്തെ കുറിച്ചും സ്ത്രീമുന്നേറ്റങ്ങളെ കുറിച്ചും ഏറെ ചര്‍ച്ചചെയ്യുകയും മറന്നു പോയിരുന്ന പലതും തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയും ഇക്കാലഘട്ടത്തില്‍ ജനുവരി 3 ന്റെ പ്രാധാന്യം മലയാളികളും തിരിച്ചറിഞ്ഞേ പറ്റൂ.
അയ്യങ്കാളി എന്ന ദളിത് പോരാളിയുടെ തിരിച്ചുവരവാണല്ലോ സമീപകാല കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമൂഹ്യവിപ്ലവം. വില്ലുവണ്ടിയാത്ര, കല്ലുമാല പൊട്ടിക്കല്‍, കര്‍ഷകതൊിലാളി സമരം തുടങ്ങി സവര്‍ണ്ണാധിപത്യത്തിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഇന്നു നാം പുനര്‍വായിക്കുന്നു. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ വനിതാമതില്‍ അവസാനിച്ചത് അദ്ദേഹത്തിന്റെ പ്രതിമക്കുമുന്നില്‍. മതിലില്‍ പ്രസംഗിക്കാനെത്തിയ മുഖ്യമന്ത്രി അയ്യങ്കാളി പ്രതിമയില്‍ മാലയിടുന്നു. അയ്യങ്കാളിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമായിരുന്നല്ലോ വിലക്കപ്പെട്ട വിദ്യാലയത്തിലേക്ക് പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കൈപിടിച്ച് കയറിചെന്ന നിമിഷം. വാസ്തവത്തില്‍ കേരളത്തിന്റെ വിദ്യാരംഭദിനം അന്നായിരുന്നു. അതേസമയം അയ്യങ്കാളി ജനിച്ചത് 1863ലാണ് ജനിച്ചതെങ്കില്‍ മഹാരാഷ്ട്രയില്‍ 1831 ജനുവരി 3ന് ല്‍ ജനിച്ച ഒരു സ്ത്രീ തന്റെ ജീവിതം തന്നെ ഇത്തരത്തില്‍ വിലക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്നു. പിന്നീട് സാവിത്രി ഫൂലേയായി മാറിയ സാവിത്രി ഭായി. വര്‍ത്തമാന കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രൂപം കൊണ്ടിട്ടുള്ള ദളിത്-മുസ്ലിം ഐക്യത്തിന്റെ ആദ്യകാലരൂപവും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണാമായിരുന്നു.
9 വയസ്സുള്ളപ്പോള്‍ 13 കാരനായ ജ്യോതിറാവു ഫൂലെയുമായി സാവിത്രി ബായുടെ വിവാഹം നടന്നു. ജ്യോതിറാവുവിന്റെ പ്രോല്‍സാഹനം മൂലം പഠിച്ച് സ്‌കൂള്‍ അധ്യാപികയായി. സാമൂഹികമായി അങ്ങേയറ്റം പിന്നോക്കാവസ്ഥയിലായിരുന്ന, വിദ്യാഭ്യാസം നേടാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന മഹാരാഷ്ട്രയിലെ ചമാര്‍, മഹര്‍, മാംഗ് തുടങ്ങിയ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി് 1850 ല്‍ അവരുടെ നേതൃത്വത്തില്‍ പൂനെയില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ അയ്യങ്കാളി പിന്നീട് നേരിട്ടപോലെ മേല്‍ജാതിക്കാരായ ഗ്രാമീണരില്‍ നിന്നും കൊടിയ പീഡനങ്ങളാണ് അവര്‍ നേരിട്ടത്. തങ്ങളുടെ അടിമവേലകള്‍ ചെയ്യേണ്ട ദളിതര്‍ സ്‌കൂളില്‍ പോകുന്നതും പഠിക്കുന്നതുമൊന്നും അവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. ഇന്നുപോലും അദൃശ്യമായി നിലനില്‍ക്കുന്ന മനുസ്മൃതി തന്നെയായിരുന്നു അവരുടെ ഭരണഘടന. കല്ലും ചളിയും തുടങ്ങി ചാണകം വരെ അവര്‍ക്കെതിരെ എറിയപ്പെട്ടു. ഇതില്‍ ഭയന്ന് പിന്മാറാതെ മാറ്റിയുടുക്കാന്‍ മറ്റൊരു സാരി കയ്യില്‍ കരുതിയായിരുന്നു അവരുടെ യാത്ര. ഒന്നുകില്‍ ഈ പ്രവര്‍ത്തനം നിര്‍ത്തുക അല്ലെങ്കില്‍ ഇവിടം വിട്ടുപോവുക എന്ന താക്കീതായിരുന്നു അവര്‍ സാവിത്രിബായിക്ക് നല്‍കിയത്. സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുന്നത് പോലും കടുത്ത അപമാനമായാണ് അവര്‍ കണ്ടിരുന്നത്. മേല്‍ജാതിക്കാരുടെ ഭീഷണികളില്‍ ഭയന്നതുകൊണ്ടാവാം സ്വന്തം ജാതിയില്‍പെട്ടവരില്‍നിന്നും എന്തിന് സ്വന്തം കുടുംബത്തില്‍ നിന്നു പോലും ആരുടെയും പിന്തുണ സാവിത്രി ബായിക്ക് ലഭിച്ചില്ല. വൈകാതെ അവര്‍ക്ക് വീടും നാടും വിടേണ്ടി വന്നു.
എന്നാല്‍ സാവിത്രി ബായ് പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ തുടരാനുളള ശ്രമം അവര്‍ തുടര്‍ന്നു. അങ്ങനെയാണ് പൂനെയിലെ ‘ഗഞ്ച് പേത്ത്’ എന്ന സ്ഥലത്തുവെച്ച് അവര്‍ ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം സ്ത്രീയെ കണ്ടുമുട്ടിയത്. ഫാത്തിമ ഷെയ്ഖും സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖും അവര്‍ക്ക് സ്‌കൂള്‍ നടത്തുന്നതിനുള്ള സൗകര്യമൊരുക്കി. കൂടാതെ ഫാത്തിമ ഷെയ്ഖ് സാവിത്രിബായിയോടൊപ്പം കുട്ടികളെ പഠിപ്പിക്കാനും തയ്യാറായി. ഇന്ത്യയിലെ ആദ്യ മുസ്ലിം അദ്ധ്യാപികയെന്ന പദവി ഫാത്തിമ ഷെയ്ഖിനു സ്വന്തമാകുകയും ചെയ്തു. എന്നാല്‍ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ അടങ്ങിയിരിക്കാന്‍ തയ്യാറായിരുന്നില്ല. ഇവിടേയും നിരന്തരമായ ആക്രമണങ്ങളുണ്ടായി. സാവിത്രിബായിക്ക് നേരെ വധശ്രമങ്ങള്‍ പോലുമുണ്ടായി. പക്ഷേ ഇതൊന്നും കൂട്ടാക്കാതെ അവര്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. എല്ലാ പ്രതിസന്ധികളിലും ശക്തമായ പിന്തുണയുമായി സാവിത്രിബായുടെ ഭര്‍ത്താവ് ജോതിറാവു ഫൂലേയും ഫാത്തിമ ഷെയ്ഖിന്റെ സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖും ഉണ്ടായിരുന്നു എന്നത് എടുത്തുപറയണം. സവര്‍ണഹിന്ദുക്കളാണ് സാവിത്രിബായിയെ ആക്രമിച്ചിരുന്നതെങ്കില്‍, ഹിന്ദുക്കളിലെയും മുസ്ലിങ്ങളിലെയും യാഥാസ്ഥിതികരില്‍ നിന്നുള്ള ആക്രമണം ഫാത്തിമ ഷെയ്ഖ് നേരിടേണ്ടി വന്നു. ആക്രമണങ്ങളെ ഭയന്ന് പലരും കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ തയ്യാറായില്ല. രണ്ടുപേരും നിരന്തരം വീടുകള്‍ കയറിയിറങ്ങി രക്ഷിതാക്കളെ കണ്ടു സംസാരിച്ചു. അങ്ങനെ കുറെയേറെ ദളിത് – മുസ്ലിം കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടി.
ബ്രാഹ്മണ്യ ഹിന്ദുത്വത്തിന് ശക്തമായ അടിത്തറയും ആധിപത്യവുമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ, ന്യൂനപക്ഷങ്ങളായ ദളിത് മുസ്ലിം വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശക്തമായ പങ്കു വഹിച്ച രണ്ടു ധീരവനിതകളാണ് സാവിത്രിയും ഫാത്തിമയും. എന്നാല്‍ അംബേദ്കറിന്റെയടക്കം മുന്‍കൈയില്‍ മഹാരാഷ്ട്രയില്‍ പിന്നീടുയര്‍ന്നുവന്ന ദളിത് മുന്നേറ്റങ്ങള്‍ സാവിത്രിബായിയെയും അവരുടെ ജീവിതത്തെയും ഉയര്‍ത്തിപ്പിടിച്ചെങ്കിലും ഫാത്തിമ ഷെയ്ഖ് പതിയെ ചരിത്രത്തില്‍ നിന്നും മാഞ്ഞുപോവുകയാണുണ്ടായത്. ബ്രാഹ്മണ്യാധികാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും മുസ്ലിങ്ങളുടെയുമെല്ലാം ഒരുമിച്ചു നിന്ന ചെറുത്തുനില്‍പ്പിന്റെ മനോഹരമായ ഉദാഹരണമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. 1873 ല്‍ ജ്യോതിറാവു ഫൂലെ രൂപം നല്‍കിയ സത്യശോധക് സമാജിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സാവിത്രി ഭായിയും ഭാഗഭാക്കായിരുന്നു. പിന്നോക്ക ജാതികളായി കരുതപ്പെട്ടിരുന്നവരുടെ നേര്‍ക്ക് ഉയര്‍ന്ന സമുദായക്കാരുടെ പ്രത്യേകിച്ചും ബ്രാഹ്മണര്‍ പിന്തുടരുന്ന വിവേചനവും അയിത്തവും ചൂഷണവും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം. സംഘടനയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല, വിധവാ വിവാഹം, വിധവകളുടെ മക്കള്‍ക്കായി അനാഥാലയങ്ങള്‍ എന്നിവയും ആരംഭിച്ചു. പരമ്പരാഗതമായ ആചാരങ്ങളെയും അനാചാരങ്ങളെയും മാറ്റിനിര്‍ത്തി ബദല്‍ വിവാഹങ്ങളും നടത്തി. 1852 നവംബര്‍ 16ന് ബ്രിട്ടീഷ് ഗവണ്മെന്റ് ഫുലെ ദമ്പതികളെ ആദരിക്കുകയും വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ”മികച്ച അദ്ധ്യാപിക”യായി സാവിത്രിബായിയെ പ്രഖ്യപിക്കുകയും ചെയ്തു. പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ആ പ്രദേശങ്ങളില്‍ ചെന്ന് മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് പരിചരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രോഗം പകര്‍ന്നാണ് 1897 മാര്‍ച്ച് 10ന് സാവിത്രി ഫൂലെ അന്തരിച്ചത്.
വാസ്തവത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെ ആദരിച്ചാണ് രാജ്യത്ത് അധ്യാപകദിനം ആചരിക്കേണ്ടത്. എന്നാല്‍ തുടക്കത്തില്‍ പറഞ്ഞപോലെ ഇന്നിവരെ ആരും കാര്യമായി സ്മരിക്കുന്നില്ല. പുതിയ നവോത്ഥാന ചര്‍ച്ചകളുടെ കാലത്ത് നമ്മളെങ്കിലും അവരെ സ്മരിക്കാനും ആദരിക്കാനും തയ്യാറാകണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in