കൊറോണാകാലത്തെ രാമായണം : ജനാധിപത്യം വിശ്രമിക്കുമ്പോള്‍ ഫാസിസം മുന്നോട്ടുതന്നെ

വൈവിധ്യമാര്‍ന്ന നിരവധി രാമസങ്കല്‍പ്പങ്ങളെ അട്ടിമറിച്ച്് ഏകീകൃതമായ ഒരു ടെക്‌സറ്റ് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതായിരുന്നു 1987ല്‍ സംപ്രേഷണം ചെയ്ത രാമായണ സീരിയല്‍. അതിന്റെ ലക്ഷ്യമെന്തായിരുന്നു എന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. തുടര്‍ന്ന് സംഭവിച്ചതെല്ലാം ഇന്ത്യന്‍ ചരിത്രമാണല്ലോ. രാമജന്മഭൂമി പ്രശ്‌നം കത്തിപ്പടര്‍ത്താനും ബാബറി മസ്ജിദ് തകര്‍ക്കാനും പിന്നീട് നടത്തിയ നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും വംശഹത്യക്കും അവസാനം ഹിന്ദുത്വവാദികളെ അധികാരത്തിലെത്തിക്കുന്നതിനും അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതില്‍ ഈ സീരിയല്‍ വഹിച്ച പങ്ക് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. അവസാനം ശ്രീറാം എന്നു വിളിച്ചില്ലെങ്കില്‍ നിഷ്ഠൂരമായി കൊല ചെയ്യുന്നതുവരെയെത്തി അതിന്റെ ചരിത്രം.

ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ശാരീരിക അകലം കൂട്ടി പരസ്പരം അടുക്കുന്ന കാലഘട്ടമായി ഈ കൊറോണകാലം മാറിയിട്ടുണ്ട്. ഒപ്പം കൂടുതല്‍ ശാസ്ത്രബോധം ആര്‍ജ്ജിക്കാനും അവര്‍ തയ്യാറാകുന്നു. ഒരേസമയം ശാസ്ത്രബോധവും മാനവികതയും സമ്മേളിച്ച് മാനവസമൂഹം ആന്തരികമായി വികസിക്കുക കൂടിയാണ് ലോക് ഡൗണ്‍ കാലത്ത് സംഭവിക്കുന്നത്. ഇതുമായി സഹകരിക്കാനാണ് മുഴുവന്‍ ജനങ്ങളും തയ്യാറാകേണ്ടത്. രാജ്യത്തെ പല ഭാഗത്തുനിന്നു മാനവികതയെ ഉയര്‍ത്തിപിടിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുപിയില്‍ നിന്നുവന്ന ഒരു വാര്‍ത്ത ഇങ്ങനെയായിരുന്നു. ഗോവധത്തിന്ഞരേയും ശ്രീറാം വിളിക്കാത്തതിന്റേയും പേരില്‍ കൊലപാതകം വരെ നടന്ന സ്ഥലത്തുനിന്നാണ് വാര്‍ത്ത. അവിടെ രവിശങ്കര്‍ എന്നൊരാള്‍ മരിച്ചപ്പോള്‍ കൊറോണ ഭീതിയില്‍ സംസ്‌കാരം നടത്താന്‍ പോലും തയ്യാറാകാതെ ആളുകള്‍ മാറിനില്‍ക്കുകയായിരുന്നു. അപ്പോഴായിരുന്നു ഏതാനും മുസ്ലിം യുവാക്കള്‍ രംഗത്തുവന്ന്, എല്ലാ സുരക്ഷിതത്വ നടപടികളും സ്വീകരിച്ച്, രാമനാമം ചൊല്ലി, മുഴുവന്‍ ഹിന്ദു ആചാരങ്ങളോടേയും സംസ്‌കാരം നടത്തിയത്. രവിശങ്കറിന്റ മകന്‍ ചിതക്കു തീ കൊളുത്തുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ചൊല്ലിയ രാമജപം വര്‍ത്തമാനകാലത്ത് രാജ്യമെങ്ങും ഉയര്‍ന്നതായിരുന്നില്ല, മറിച്ച് ഭക്തിപ്രസ്ഥാനകാലത്ത് ഉയര്‍ന്നു കേട്ട രാമജപത്തിന്റെ ആവര്‍ത്തനമായിരുന്നു. ഇതെല്ലാം നടന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്ഥാനത്താണെന്നതാണ് ശ്രദ്ധേയം. ഇതാണ് കൊറോണകാലത്തെ ഉന്നതമായ മാനവികതയുടെ മാതൃക.

തീര്‍ച്ചയായും ലോകത്തെങ്ങുനിന്നും ഇത്തരത്തിലുള്ള മാതൃകകളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഭരണകൂടങ്ങളും മാധ്യമങ്ങളുമെല്ലാം അതില്‍ പങ്കാളികളാകുന്നുമുണ്ട്. എന്നാല്‍ അതിനിടയിലാണ് വളരെ നിരാശാജനകമായ ഒന്ന് ഇന്ത്യയില്‍ നടക്കുന്നത്. അതു മറ്റൊന്നുമല്ല, 1987ല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയത് രാമായണം സീരിയലിന്റെ പുനസംപ്രേക്ഷണമാണ്. പ്രാഥമികമായ കാര്യം ഈ സാഹചര്യത്തില്‍ നാം എന്തിനാണ് മുന്‍ഗണന കൊടുക്കുന്നത് എന്നതാണ്. ലോകം ഒന്നടങ്കം കൊറോണയെ പ്രതിരോധിക്കാനും വാക്‌സിന്‍ കണ്ടെത്താനുമുള്ള അന്വേഷണങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ നമ്മുടെ സര്‍ക്കാരും അനുയായികളും ചെണ്ടകൊട്ടിയും ടോര്‍ച്ചടിച്ചും ഗോമൂത്രം കുടിച്ചും കൊറോണ വൈറസിനെ ഓടിക്കാമെന്നാണല്ലോ പ്രചരിപ്പിക്കുന്നത്. ഭാരത യുദ്ധം നടന്നത് 18 ദിവസമാണെന്നും അതുപോലെതന്നെ 18 ദിവസം കൊണ്ട് കൊറോണയേയും നാം ജയിക്കുമെന്നും പ്രചരിപ്പിക്കുന്നു. ഡെമോക്രസിക്കുപകരം മിത്തോക്രസിയിലാണിവര്‍ അഭിരമിക്കുന്നത്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ തീരുമാനവും.

സമീപകാലത്ത് മാനവരാശി നേരിട്ട ഏറ്റവും വെല്ലുവിളി നേരിടാന്‍ മറ്റെല്ലാം മാറ്റിവെച്ച് എല്ലാ ജനവിഭാഗങ്ങളും പ്രസ്ഥാനങ്ങളും ഐക്യപ്പെടുമ്പോള്‍ ഫാസിസം ഇതൊരു സുവര്‍ണ്ണാവസരമായി കാണുകയാണ്. ഒരര്‍ത്ഥത്തില്‍ ജനാധിപത്യവും ജനാധിപത്യപ്രസ്ഥാനങ്ങളും വിശ്രമിക്കുകയാണ്. ഇന്ത്യയില്‍ തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രക്ഷോഭങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണല്ലോ. കൊറോണ കാലത്തെ എല്ലാ പ്രോട്ടോക്കോളും അനുസരിച്ച് തുടര്‍ന്നിരുന്ന ഷാഹിന്‍ ബാഗ് സമരം പോലും സര്‍ക്കാര്‍ ഇടപെട്ട് ബലമായി നിര്‍ത്തുകയായിരുന്നു. എന്നിട്ടോ, ഭേദഗതിയുമായി മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരമായാണ് ഫാസിസ്റ്റുകള്‍ ഈയവസരത്തേയും ഉപയോഗിക്കുന്നത്. അതിനാലാണ് ഇപ്പോള്‍ പോലും സാഹോദര്യത്തിനു പകരം വിഭജനത്തിന്റെ ഭാഷ അവര്‍ സംസാരിക്കുന്നത്. അതിന്റെ ഭാഗം തന്നെയാണ് രാമായണ പുനസംപ്രേക്ഷണവും.

തീര്‍ച്ചയായും ഇന്ത്യന്‍ സംസ്‌കാരത്തിലും മിത്തുകളിലുമെല്ലാം ശ്രീരാമന് വലിയ പ്രാധാന്യമുണ്ട്. എന്നാലത് രാമാനന്ദസാഗറിന്റെ സീരിയലിലെ രാമനല്ല. ലോകത്തിനു തന്നെ അത്ഭുതമായ വൈവിധ്യങ്ങളുടെ അനന്തമായ സാമ്രാജ്യമാണല്ലോ ഇന്ത്യ. എത്രയോ ഭാഷകള്‍, സംസ്‌കാരങ്ങള്‍, മതങ്ങള്‍, ജാതികള്‍, ദര്‍നങ്ങള്‍, ജീവിതരീതികള്‍… ആ ബഹുസ്വരതയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ. ഇന്ത്യന്‍ സംസ്‌കാരമെന്നു പറയുന്നതുതന്നെ തെറ്റാണ്. ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ എന്നു തന്നെ പറയണം. ഈ വൈവിധ്യം നമ്മുടെ മിത്തുകളിലും ദേവന്മാരിലുമെല്ലാം പുരാണങ്ങളിലുമെല്ലാം കാണാം. രാമനും രാമായണവും അതില്‍ നിന്നും വ്യത്യസ്ഥമല്ല. എത്രയോ രാമന്മാരാണ് നമുക്കുള്ളത്. രാമായണങ്ങളും. രാമനെ തള്ളിക്കളയുന്ന പാരമ്പര്യവും അനവധിയാണ്. ഫൂലേയും അംബേദ്കറുമെല്ലാം ഉദാഹരണം. ഫൂലേ രാമനുപകരം ബലിസങ്കല്‍പ്പമാണ് ഉയര്‍ത്തിപിടിച്ചത്. ഗാന്ധിയുടെ രാമനില്‍ നിന്ന് എത്രയോ അകലെയാണ് ഗോഡ്‌സെയുടെ രാമന്‍. ഇ വി ആര്‍ ആകട്ടെ രാവണനെയാണ് ആരാധിച്ചത്. തമിഴ് നാട്ടില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും രാവണ ഭക്തരാണ്. നാരായണഗുരു രാമനേയോ രാമായണത്തേയോ കാര്യമായി പിന്തുടര്‍ന്നിട്ടില്ല. വില്ലാളിവീരനൊപ്പം സ്‌നേഹസമ്പന്നനായ രാമനെയാണ് ഭക്തിപ്രസ്ഥാനത്തില്‍ കാണുന്നതെങ്കില്‍ ഗോഡ്‌സെയിലെത്തിയപ്പോള്‍ ആ രാമന്‍ വിധ്വംസകനായി തീര്‍ന്നു.

വൈവിധ്യമാര്‍ന്ന നിരവധി രാമസങ്കല്‍പ്പങ്ങളെ അട്ടിമറിച്ച്് ഏകീകൃതമായ ഒരു ടെക്‌സറ്റ് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതായിരുന്നു 1987ല്‍ സംപ്രേഷണം ചെയ്ത രാമായണ സീരിയല്‍. അതിന്റെ ലക്ഷ്യമെന്തായിരുന്നു എന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. വാസ്തവത്തില്‍ ്ഒരു കേവലം ടി വി സീരിയല്‍ ആയിട്ടല്ല അന്നത് അവതരിപ്പിക്കപ്പെട്ടതും ജനം സ്വീകരിച്ചതും. ക്ഷേത്രത്തിലേക്കു പോകുന്നപോലെ കുളിച്ച് ശുദ്ധമായി, പ്രാര്‍ത്ഥനക്കു സമാനമായിട്ടായിരുന്നു അന്ന് ജനങ്ങള്‍ ടിവിക്ക് മുന്നിലിരുന്നത്. ശ്രീരാമനായി അഭിനയിച്ച അരുണ്‍ കോവിലിനെ എവിടെ കണ്ടാലും ജനം പൂജിക്കുമായിരുന്നു. വൈവിധ്യമാര്‍ന്ന രാമസങ്കല്‍പ്പങ്ങളെ അവതരിപ്പിരുന്ന രാമലീലാ സംഘങ്ങളും കലാരൂപങ്ങളുമെല്ലാം പിന്നീട് അപ്രസക്തമായി. മറ്റെല്ലാ രാമസങ്കല്‍പ്പങ്ങളും തകര്‍ന്നു തരിപ്പണമായി. തുടര്‍ന്ന് സംഭവിച്ചതെല്ലാം ഇന്ത്യന്‍ ചരിത്രമാണല്ലോ. രാമജന്മഭൂമി പ്രശ്‌നം കത്തിപ്പടര്‍ത്താനും ബാബറി മസ്ജിദ് തകര്‍ക്കാനും പിന്നീട് നടത്തിയ നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും വംശഹത്യക്കും അവസാനം ഹിന്ദുത്വവാദികളെ അധികാരത്തിലെത്തിക്കുന്നതിനും അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതില്‍ ഈ സീരിയല്‍ വഹിച്ച പങ്ക് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. അവസാനം ശ്രീറാം എന്നു വിളിച്ചില്ലെങ്കില്‍ നിഷ്ഠൂരമായി കൊല ചെയ്യുന്നതുവരെയെത്തി അതിന്റെ ചരിത്രം.

കൊറോണകാലത്ത്, എല്ലാവരും അതിനെ പ്രതിരോധിക്കാനായി വീടിനകത്തിരിക്കുമ്പോള്‍ ഇതേ രാമായണം പുനസംപ്രേഷണം ചെയ്യുന്നത് ആളുകള്‍ക്ക് നേരം പോകാനാണെന്ന വാദം എത്രമാത്രം കപടമാണ്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ, ജനാധിപത്യം പോലും മഹാമാരിയെ പ്രതിരോധി്ക്കാന്‍ വിശ്രമമെടുക്കുമ്പോള്‍ ഫാസിസം സ്വന്തം അജണ്ടയുമായി മുന്നോട്ടുപോകുകയാണ്. സംഹാരമൂര്‍ത്തിയായ രാമനെ അവര്‍ക്കിനിയും ആവശ്യമുണ്ട്. പ്രത്യേകിച്ച് സംഘപരിവാര്‍ ശക്തികള്‍ മോദിയുടെ രണ്ടാംവരവോടെ ഹിന്ദുത്വരാഷ്ട്ര അജണ്ട കൂടുതല്‍ ശക്തമായി പുറത്തെടുത്ത സാഹചര്യത്തില്‍. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയ കരാര്‍ റദ്ദാക്കിയപ്പോഴും പൗരത്വ രജിസ്റ്റര്‍ പ്രഖ്യാപിച്ചപ്പോഴും മറ്റനവധി ദലിത് – മുസ്ലിം വിരുദ്ധ നടപടികള്‍ക്കു രൂപം കൊടുത്തപ്പോഴും ഉണ്ടാകാതിരുന്ന ശക്തമായ പ്രതിരോധമാണല്ലോ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ ആഞ്ഞടിച്ചത്. വിദ്യാര്‍ത്ഥികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ, ജാതി, മത, ലിംഗഭേദമില്ലാതെ മുഴുവന്‍ ജനാധിപത്യ – മതേതരവാദികളും പങ്കെടുത്ത ആ മുന്നേറ്റം ശക്തമായി മുന്നോട്ടുപോകുമ്പോഴാണല്ലോ കൊറോണ വൈറസിന്റെ വ്യാപനം. പ്രക്ഷോഭങ്ങള്‍ക്ക് താല്‍ക്കാലിക അവധി നല്‍കിയെങ്കിലും ഈ പോരാട്ടം തുടരുമെന്നും അത്രപെട്ടന്നൊന്നും തങ്ങളുടെ വര്‍ഗ്ഗീയ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ഇന്ത്യന്‍ ജനത അനുവദിക്കില്ലെന്നും സംഘപരിവാറിനു നന്നായിട്ടറിയാം. അതുകൊണ്ടുതന്നെയാണ് ഈ ഇടവേളയും തങ്ങളുടെ ലക്ഷ്യത്തിനായി അവരുപയോഗിക്കുന്നത്. തങ്ങള്‍ സൃഷ്ടിച്ച ഏകമാന രാമന്റെ പേരില്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജനതയെ സാംസ്‌കാരികമായി വരുതിയിലാക്കാനാണ് ഈ നീക്കം. അതിനാല്‍ തന്നെ തികച്ചും സര്‍ഗ്ഗാത്മകമായി തന്നെ നമ്മളതിനോട് പ്രതികരിക്കണം. രാമായണം സംപ്രേക്ഷണം ചെയ്യുമ്പോള്‍ ടി വി ഓഫാക്കണം. ആ ദിശയിലുള്ള പ്രചരണം രാജ്യമെങ്ങും നടത്തമം. സോഷ്യല്‍ മീഡിയടക്കം കിട്ടാവുന്ന എല്ലാ മാധ്യമങ്ങളും അതിനായി ഉപയോഗിക്കണം. കോറോണകാലത്തും ഫാസിസം നമ്മെ വിശ്രമിക്കാന്‍ അനുവദിക്കില്ലെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കണം. ഫാസിസത്തിനും വര്‍ഗ്ഗീയതക്കും വിശ്രമില്ലെങ്കില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും വിശ്രമമില്ല എന്നു പ്രഖ്യാപിക്കേണ്ട കാലം കൂടിയായിരിക്കുകയാണ് ഈ കൊറോണകാലം എന്നര്‍ത്ഥം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply