വേണം കേരളത്തിലും അന്ധവിശ്വാസ അനാചാര നിരോധന നിയമം

വീണ്ടും സംസ്ഥാനത്ത് കൂടോത്രവിവാദം സജീവമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ബീഹാറിലും മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമൊക്കെ നിലവിലുള്ള മാതൃകയില്‍ അന്ധവിശ്വാസ – അനാചാര നിരോധന നിയമം ഇവിടേയും നടപ്പാക്കണമെന്ന ആവശ്യം കൂടുതല്‍ പ്രസക്തമാകുന്നത്. ഒപ്പം ഹഥറാസിലുള്ളതു പോലുള്ള ആള്‍ ദൈവങ്ങളൊക്കെ ‘പ്രബുദ്ധ’ കേരളത്തിലും സജീവമായ സാഹചര്യത്തില്‍… 10 വര്‍ഷം മുമ്പ്, ക്രിട്ടിക് പ്രസിദ്ധീകരിച്ച, സാഹിത്യഅക്കാദമിയില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് വേദിയില്‍ നടത്തിയ പ്രഭാഷണം Repost……

ഒരു വശത്ത് മംഗള്‍യാനെ ചൊവ്വയിലേക്കയച്ച നാം മറുവശത്ത് എന്താണ് ചെയ്യുന്നത്? കാലം മുന്നോട്ടുപോകുന്തോറും ശാസ്ത്രം പുരോഗമിക്കുന്നു എന്നു പറയുമ്പോഴും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ദ്ധിച്ചുവരുന്നു. ഇപ്പോഴത് മനുഷ്യക്കുരുതികളിലു മെത്തിയിരിക്കുന്നു. കേരളത്തില്‍ യുക്തിബോധത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു എന്നു ഞാന്‍ കരുതുന്ന 5  പേരുടെ പേരു പറയാം. ചിലര്‍ മരിച്ചു. എ വി കുഞ്ഞബു, കോവൂര്‍, എം എന്‍ രാവുണ്ണി, മജഷ്യന്‍ മുതുകാട്, പിന്നെ ഞാന്‍ തന്നെ. ഇവരാരും ദൈവത്തിലോ ജാതിയിലോ മതത്തിലോ വിശ്വസിച്ചില്ല. എന്നാല്‍ ഒരു തമാശ പറയാം. ഈ അഞ്ചുപേരും ജനിച്ചത് ഏപ്രില്‍ പത്തിനാണ്. ദൈവം ഉണ്ടെന്നതിനു ഇതിലും വലിയെ തെളിവുവേണോ … ഇത്തരത്തിലാണ് പല അന്ധവിശ്വാസികളും സംസാരിക്കാറുള്ളത്.

ഒരുവശത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ദ്ധിക്കുമ്പോഴും മറുവശവും കാണാതിരുന്നുകൂട. ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഈ യോഗം തന്നെ നോക്കുക. ഞാന്‍ കരുതിയത് ചെറിയ ഹാളിലായിരിക്കും യോഗം എന്നാണ്. എന്നാല്‍ ഇത്രയും വലിയ ഓഡിറ്റോറിയത്തില്‍ ഇത്രയധികം പേര്‍ എത്തിചേര്‍ന്നു എന്നത് ചെറിയ കാര്യമല്ല. യുക്തിപരമായി ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നുതന്നെയാണ് ഇത് തെളിയിക്കുന്നത്. അതേസമയം സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അവരെ കൂടി ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കണം. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ നിരവധിയുണ്ടെന്ന് അവരുമറിയണം. എങ്കിലേ വീടുകള്‍ക്കുള്ളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. ഉദാഹരണമായി വീട്ടില്‍ പൂജാമുറി വേണ്ട എന്നു തീരുമാനിക്കണമെങ്കില്‍ അവര്‍ക്കും അതു ബോധ്യപ്പെടണമല്ലോ. മലയാളികളുടെ പ്രിയനടി സുകുമാരി പൂജാമുറിയില്‍ ദൈവത്തിനു സ്വയം അര്‍പ്പിക്കുമ്പോഴായിരുന്നു കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്ന് പൊള്ളലേറ്റു മരിച്ചത് എന്നോര്‍ത്താല്‍ എങ്ങനെയാണ് നാം പൂജാമുറി നിര്‍മ്മിക്കുക? പക്ഷെ അത് കുടുംബത്തിനു മുഴുവന്‍ ബോധ്യമാകണം.

അതുപോലെതന്നെയാണ് ഭൂമിപൂജയുടേയും മറ്റും കാര്യം. എന്റെ അനുഭവം പറയാം. ഞാന്‍ വീടുപണിയുമ്പോള്‍ ഭൂമിപൂജ നടത്താത്തതില്‍ നിരവധി പേര്‍ കുറ്റപ്പെടു്ത്തിയിരുന്നു. എന്നാല്‍  ഭൂമിപൂജയോ വാസ്തുവോ നോക്കാതെ പണിത വീട്ടിലിരുന്ന് എഴുതിയപ്പോഴാണ് എനിക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. ജാതിമതചിന്തകളെ അതിജീവിച്ച് നിരവധി പേര്‍ പ്രണയവിവാഹങ്ങള്‍ കഴിക്കുന്നുണ്ട്. എന്നാല്‍ തുടര്‍ന്നവരുടെ ജീവിതം യുക്തിഭദ്രമാകണം. അതില്ലാത്തതിനാലാണ് പലരുടേയും ജീവിതം തകരുന്നത്.

ഈ സാഹിത്യ അക്കാദമിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ ഒരുപാട് പ്രഗത്ഭരെ നമുക്കോര്‍മ്മവരും. വിചാരവിപ്ലവത്തിന്റെ കുറ്റിപ്പുഴ, ക്രൈസ്തവപൗരോഹിത്യത്തെ ജീവിതത്തില്‍ മാത്രമല്ല മരണത്തിലും വെല്ലുവിളിച്ച പൊന്‍കുന്നം വര്‍ക്കി, സമരോത്സുക യുക്തിവാദത്തിന്റെ സാരഥിയായിരുന്ന പവനന്‍ തുടങ്ങി എത്രയോ പേര്‍ അക്കാദമിയുടേയും സാരഥിമാരായിരുന്നു.

എന്തായാലും ഇനിയിപ്പോള്‍ ചൊവ്വാദോഷത്തെ കുറിച്ച് അധികം കേള്‍ക്കാന്‍ സാധ്യതയില്ല. മറിച്ച് മറ്റുദോഷങ്ങളെ കുറിച്ചായിരിക്കും കേള്‍ക്കുക. ഗോവിന്ദച്ചാമിയോടുപോലും നമ്മുടെ ജ്യോത്സ്യന്മാര്‍ പറയും, നീ ചെയ്തത് നിന്റെ കുറ്റമല്ല, ശനി അത് ചെയ്യിച്ചതാണെന്ന്. അതുപോലെ ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ വക്കിലിന് ശുക്രദശയാണെന്നും. തങ്ങളെ കാണാന്‍ വരുന്നവരോട് ഒരു പ്രശ്‌നവുമില്ല എന്നു പറഞ്ഞാല്‍ നമ്മള്‍ പറയും ആ ജോത്സ്യനു ഒന്നുമറിയില്ല, മറ്റാരെയെങ്കിലും കാണാമെന്ന്.

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ സമയത്തെ രണ്ടു പ്രതികരണങ്ങള്‍ ഓര്‍മ്മ വരുന്നു. ഒന്ന് അക്ബര്‍ കക്കട്ടിലിന്റെ ബാപ്പയുടേത്. അദ്ദേഹം പറഞ്ഞത്, വിശ്വസിക്കാന്‍ വരട്ടെ, മുല്ലാക്കയോട് ചോദിച്ച് വിശ്വസിക്കാമെന്ന്. മറ്റൊന്ന് ശിഹാബുദ്ദിന്‍ പൊയത്തുംകടവിന്റെ പിതാവ്. അദ്ദേഹം പറഞ്ഞത് അത് ചന്ദ്രനാവില്ല, മറ്റെവിടെയെങ്കിലും ആയിരിക്കുമെന്ന്. ഇതാണവസ്ഥ.

കുറച്ചുകാലം മുമ്പുവരെ നമ്മള്‍ പൊങ്കാല ഇതുപോലെ ആഘോഷിച്ചിരുന്നോ? ഇപ്പോഴിതാ ശത്രുസംഹാരപൂജകളും സജീവമാകുന്നു. തൃശൂരിലെ വെള്ളക്കാരിത്തടത്ത് ലോകഫുട്‌ബോള്‍ മത്സരകാലത്ത് മെസിക്കുവേണ്ടി ശത്രുസംഹാരപൂജ നടത്തിയിരുന്നു. എന്നിട്ടും മെസിയുടെ ടീം തോറ്റു എന്നത് വേറെ കാര്യം. അതെന്നും അങ്ങനെയായിരുന്നു. തെരഞ്ഞെടുപ്പുവേളകളില്‍ നാമത് സ്ഥിരം കാണാറുണ്ടല്ലോ. പഴയ ഒരു സംഭവം. പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയ ഇ വി രാമസ്വാമി നായ്ക്കരെ തിരുവിതാംകൂര്‍ രാജാവ് ജയിലിലിട്ടു. ആ സമയത്ത് വൈക്കത്തെ ചില സവര്‍ണ്ണമേധാവികള്‍ നായ്ക്കര്‍ക്കെതിരെ ശത്രുസംഹാരപൂജ നടത്തി. പൂജ കഴിയുന്നതോടെ അദ്ദേഹം മരിക്കുമെന്നായിരുന്നു പ്രചരിക്കപ്പെട്ടത്. എന്നാല്‍ മരിച്ചത് മഹാരാജാവായിരുന്നു. 26 കുട്ടികളുമായി ഭിക്ഷാടനത്തിനു പോയിരുന്ന കുചേലനെ പറ്റി നായ്ക്കരുടെ ഒരു കമന്റുണ്ടായിരുന്നു. 26 കുട്ടികളുണ്ടെങ്കില്‍ മുതിര്‍ന്നയാള്‍ക്ക് മിനിമം 28 വയസ്സായിട്ടുണ്ടവില്ലേ? അവരൊന്നും പണിക്കുപോകില്ലേ എന്ന്….

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ നിയമം പാസാക്കിയത് മഹാരാഷ്ട്രയാണ്. അവിടെ മനുഷ്യക്കുരുതികള്‍ സജീവമായ സമയത്താണ് സര്‍ക്കാര്‍ അതിനു തയ്യാറായത്. മാത്രമല്ല, അതിനായി ധബോല്‍ക്കറുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ധബോല്‍ക്കറെ കൊന്നുകളഞ്ഞത് മന്ത്രവാദം നടത്തിയായിരുന്നില്ല. വെടിവെച്ചായിരുന്നു. അതേ സമയം നിയമം കൊണ്ടുമാത്രം കാര്യമില്ല. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമായിട്ടും അതിനു കുറവൊന്നുമില്ലല്ലോ. അപ്പോഴും നിയമമുണ്ടെങ്കില്‍ അതു നടപ്പാക്കാന്‍ പോരാടാമെന്ന ഗുണമുണ്ട്. ആരാധനാലയങ്ങളില്‍ കോളാബിയെപോലുള്ള മൈക്ക് ഉപയോഗിക്കരുതെന്ന നിയമം നിലവിലുണ്ട്. പലയിടത്തും അതുപയോഗിക്കുന്നുണ്ട്. എന്നാല്‍ എന്റെ വീടിനടുത്ത് ഒരു പുതിയ ക്ഷേത്രത്തില്‍ രൂക്ഷമായ രീതിയില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വിധം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചത് തടഞ്ഞത് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു.

കേരളത്തില്‍ അടുത്തയിടെ അനാചാരങ്ങളുടെ ഫലമായി മൂന്നുപേരാണ് കൊല ചെയ്യപ്പെട്ടത്. ജിന്നിനെ ഒഴിവാക്കാനെന്ന പേരില്‍ സിദ്ധന്‍ നടത്തിയ കൊലതന്നെ നോക്കൂ. സംഭവം കഴിഞ്ഞിട്ടും ആരും പോലീസില്‍ അറിയിച്ചില്ല. ജിന്നില്‍ വിശ്വസിക്കാത്ത ഒരു വിഭാഗം വിശ്വാസികളാണ് രഹസ്യമായി പോലീസിനെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെ നിരവധി പേര്‍ എതിര്‍ത്തു. പോസ്റ്റ് മോര്‍ട്ടത്തെ കുറിച്ച് മതഗ്രന്ഥങ്ങളില്‍ പറയുന്നില്ലത്രെ. മതഗ്രന്ഥങ്ങള്‍ എഴുതുന്ന കാലത്ത് പോസ്റ്റ് മോര്‍ട്ടം കണ്ടുപിടിച്ചിരുന്നില്ലല്ലോ. പോസ്റ്റ് മോര്‍ട്ടത്തില്‍ നിന്നാണ് ജിന്നിന്റെ പേരില്‍ നടന്ന പീഡനമായിരുന്നു മരണകാരണമെന്ന് വ്യക്തമായത്.

അടുത്തയിടെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയപ്പോള്‍ ഉണ്ടായ രസകരമായ ഒരനുഭവം കൂടി പറയാം. ഉച്ചക്ക് വിശ്രമസമയമായിരുന്നു. എല്ലാ ജീവനക്കാരും പുറത്തുപോയിരിക്കുന്നു. ഒരു സ്ത്രീ മാത്രം ഭക്ഷണം പോലും കഴിക്കാതെ എഴുതി കൊണ്ടിരിക്കുന്നു. അവരോട് വലിയ ബഹുമാനം തോന്നി. വിശ്രമസമയത്തിനുശേഷം മറ്റുള്ളവര്‍ തിരിച്ചെത്തി. അവിടത്തെ ഒരു സുഹൃത്തിനോട് ആ സ്ത്രീയെ പറ്റി ബഹുമാനത്തോടെ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞതെന്താണെന്നോ? ആ സ്ത്രീ ഓം നമശിവായ എന്ന് ഒരു ലക്ഷം തവണ എഴുതുകയാണെന്ന്. അങ്ങനെ എഴുതിയാല്‍ നിധി കിട്ടുമത്രെ. എങ്ങനെയുണ്ട്?

എന്തായാലും കേരളത്തില്‍ അന്ധവിശ്വാസ അനാചാര നിരോധന നിയമം ഉടനടി പാസ്സാക്കണം. അക്കാര്യമാലോചിക്കുന്നു എന്ന് ചെന്നിത്തല പറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ നിയമത്തിന്റെ മാതൃകയില്‍ യുക്തിവാദിസംഘം ഒരു കരടുബില്‍ തയ്യാറാക്കി സര്‍ക്കാരിനു നല്കിയിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി ബില്ലുണ്ടാക്കി നിയമമാക്കാന്‍ എളുപ്പമാണ്. അതിനായാണ് പുരോഗമനവാദികള്‍ ഇനി ശബ്ദമുയര്‍ത്തേണ്ടത്. ഇതാകട്ടെ അവിശ്വാസികള്‍ക്കുവേണ്ടിയല്ലതാനും, വിശ്വാസികള്‍ക്കായാണ്. അവരാണല്ലോ നിരന്തരമായി പറ്റിക്കപ്പെടുന്നത്.

വിശ്വാസികള്‍ മനസ്സിലാക്കേണ്ട മറ്റൊന്ന്. ഇതൊന്നും പുതിയ കാര്യങ്ങളല്ല. ചാര്‍വാകന്റെ കാലം മുതലെ ആരംഭിച്ച പോരാട്ടത്തിന്റെ തുടര്‍ച്ചയാണിതെന്നാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply