യഹൂദ സ്മാരക സംരക്ഷണം : മാളയില്‍ എല്‍.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് സാംസ്‌കാരിക നായകര്‍

2010 മുതല്‍ 15 വരെ അധികാരത്തിലിരുന്ന മാള പഞ്ചായത്ത് ഭരണസമിതി, അന്നത്തെ കൊടുങ്ങല്ലൂര്‍ എം.എല്‍.എ.യുടെ പിന്‍ബലത്തോടെ ഈ സ്മാരകങ്ങള്‍ക്കു മേല്‍ നടത്തിയ ക്രൂരമായ കയ്യേറ്റങ്ങള്‍ നിങ്ങള്‍ക്കറിയാവുന്നതാണ്. 4 ഏക്കര്‍ സെമിത്തേരിയുടെ ഒരു ഭാഗത്ത് ‘അന്താരാഷ്ട്ര’ സ്റ്റേഡിയവും മറുപകുതിയില്‍ കോണ്‍ക്രീറ്റ് പാര്‍ക്കും നിര്‍മ്മിക്കുവാനുള്ള നീക്കം വ്യാപകമായ എതിര്‍പ്പിന് ഇടയാക്കി.
ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കല്‍ സാംസ്‌കാരികമായ പ്രതിരോധ പ്രവര്‍ത്തനമാണ്. ചരിത്രത്തെ കെട്ടുകഥയും കെട്ടുകഥകളെ ചരിത്രവുമാക്കുന്ന അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കെതിരായ ബദലാണത്. പൂര്‍വ്വികമായ നന്മകള്‍ കൊണ്ട് ബഹുസ്വരമായ ജീവിത മൂല്യങ്ങള്‍ക്ക് കരുത്തു പകരലാണ്. ഈയര്‍ത്ഥത്തിലാണ് പൈതൃക സംരക്ഷണ സമിതി മാളയിലെ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരുന്നത്. സാംസ്‌കാരിക കേരളം ഈ പ്രവര്‍ത്തനങ്ങളെ നെഞ്ചേറ്റി സ്വീകരിച്ചു – പ്രസ്താവനയില്‍ പറയുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ തുടങ്ങി വച്ചിട്ടുള്ള യഹൂദ സ്മാരകങ്ങളുടെ സംരക്ഷണവും തുടര്‍ പദ്ധതികളും പൂര്‍ത്തീകരിക്കുന്നതിന് മാള ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്.ഭരണ സമിതി വീണ്ടും അധികാരത്തില്‍ വരണമെന്ന് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആറ് പതിറ്റാണ്ടുകാലം അവഗണനയും കയ്യേറ്റങ്ങളും മൂലം നാശോന്മുഖമായിരുന്ന യഹൂദ സെമിത്തേരിയും സിനഗോഗും സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് സഹായകമായത് കഴിഞ്ഞ ഭരണ സമിതിയുടെ അനുകൂല നിലപാടാണ്. ഇപ്പോള്‍ നടന്നുവരുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളും മുസിരിസ് പൈതൃക പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മ്യൂസിയങ്ങള്‍, മാള – കോട്ടപ്പുറം പൈതൃക ജലപാത പുനരുജ്ജീവനം, മാളക്കടവ് നവീകരണം, ബോട്ട് ജെട്ടി നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിക്കപ്പെടുകയും ടൂറിസം വകുപ്പിന്റെ യഹൂദ പൈതൃക വിനോദസഞ്ചാര സര്‍ക്യൂട്ടില്‍ മാള ഉള്‍പ്പെടുകയും ചെയ്യുന്നതോടെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പൈതൃക ടൂറിസം സ്പോട്ടായി മാള മാറുമെന്നുറപ്പാണ്. അതിന് ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതിക്ക് ഒരവസരം കൂടി ലഭിക്കേണ്ടത് അനിവാര്യമാണ്. 2010-15 കാലഘട്ടത്തില്‍ ചരിത്ര സ്മാരകങ്ങളുടെ നശീകരണത്തിന് നേതൃത്വം നല്‍കിയ ഭരണസമിതിയുടെ പ്രതിനിധികള്‍ വീണ്ടും അധികാരത്തിലെത്തുന്നത് മാളയെ സമഗ്രവികസനത്തിലേക്ക് നയിക്കുന്ന ഈ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് വിഘാതമാവുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ളവരും എല്‍ ഡി എഫിനെതിരെ നിലപാടുള്ളവരുമടക്കമാണ് അതെല്ലാം മാറ്റി വെച്ച് പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുള്ളത്.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം .

ഒരു തെരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കുന്ന മാളയിലെ വോട്ടര്‍മാരോട്, കേരളത്തിലെ ചരിത്ര പൈതൃകങ്ങളോട് ആഭിമുഖ്യമുള്ളവരെന്ന നിലയില്‍ ഞങ്ങള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ. കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പ്രാധാന്യമുള്ള യഹൂദ പാരമ്പര്യത്തിന്റെ സ്മാരകങ്ങള്‍ നിലകൊള്ളുന്ന അപൂര്‍വ്വം ചില പ്രദേശങ്ങളില്‍ ഒന്നാണ് മാള. പഞ്ചായത്തിന്റെ കൈവശത്തിലിരിക്കുന്ന യഹൂദ സെമിത്തേരിയും സിനഗോഗും അവയുടെ ചരിത്ര പ്രാധാന്യം തിരിച്ചറിയാത്ത ഭരണാധി കാരികളാല്‍ അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു, അരനൂറ്റാണ്ടിലേറെക്കാലം.

2010 മുതല്‍ 15 വരെ അധികാരത്തിലിരുന്ന മാള പഞ്ചായത്ത് ഭരണസമിതി, അന്നത്തെ കൊടുങ്ങല്ലൂര്‍ എം.എല്‍.എ.യുടെ പിന്‍ബലത്തോടെ ഈ സ്മാരകങ്ങള്‍ക്കു മേല്‍ നടത്തിയ ക്രൂരമായ കയ്യേറ്റങ്ങള്‍ നിങ്ങള്‍ക്കറിയാവുന്നതാണ്. 4 ഏക്കര്‍ സെമിത്തേരിയുടെ ഒരു ഭാഗത്ത് ‘അന്താരാഷ്ട്ര’ സ്റ്റേഡിയവും മറുപകുതിയില്‍ കോണ്‍ക്രീറ്റ് പാര്‍ക്കും നിര്‍മ്മിക്കുവാനുള്ള നീക്കം വ്യാപകമായ എതിര്‍പ്പിന് ഇടയാക്കി. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കല്‍ സാംസ്‌കാരികമായ പ്രതിരോധ പ്രവര്‍ത്തനമാണ്. ചരിത്രത്തെ കെട്ടുകഥയും കെട്ടുകഥകളെ ചരിത്രവുമാക്കുന്ന അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കെതിരായ ബദലാണത്. പൂര്‍വ്വികമായ നന്മകള്‍ കൊണ്ട് ബഹുസ്വരമായ ജീവിത മൂല്യങ്ങള്‍ക്ക് കരുത്തു പകരലാണ്. ഈയര്‍ത്ഥത്തിലാണ് പൈതൃക സംരക്ഷണ സമിതി മാളയിലെ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരുന്നത്. സാംസ്‌കാരിക കേരളം ഈ പ്രവര്‍ത്തനങ്ങളെ നെഞ്ചേറ്റി സ്വീകരിച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഞങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ ചരിത്രകാരന്മാരും എഴുത്തുകാരും കലാകാരന്മാരുമൊക്കെ ഈ വിഷയത്തില്‍ ഇടപെടുകയുണ്ടായി. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടപെട്ടുകൊണ്ട്, അന്നത്തെ മാള പഞ്ചായത്ത് ഭരണ സമിതിയെ പരാജയപ്പെടുത്തണമെന്ന് പൈതൃക സംരക്ഷണസമതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനയോട് അനുകൂലമായി പ്രതികരിച്ച നിങ്ങള്‍ ആ ഭരണ സമിതിയെ നിരാകരിച്ച് എല്‍.ഡി.എഫ്. ഭരണസമിതിയെ വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഈ ചരിത്ര സ്മാരകങ്ങളോട് തികച്ചും വ്യത്യസ്തമായ നിലപാടാണ് പുതിയ ഭരണസമിതി സ്വീകരിച്ചത്. സിനഗോഗും സെമിത്തേരിയും സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കുന്നതിനു് പഞ്ചായത്ത് ഭരണസമിതി എടുത്ത അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് സഹായകമായത്. തുടര്‍ന്നു് സെമിത്തേരിയില്‍ നിര്‍മ്മാണം തുടങ്ങി വച്ച സ്റ്റേഡിയം പദ്ധതി സംസ്ഥാന കായിക വകുപ്പ് ഉപേക്ഷിച്ചതോടെ വലിയൊരു തെറ്റുതിരുത്തലായി അത് മാറി.
മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെമിത്തേരിയുടെ സംരക്ഷണത്തിനായുള്ള ചുറ്റുമതില്‍ നിര്‍മ്മാണവും സിനഗോഗിന്റെ നവീകരണവും മ്യൂസിയം നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നതായും അറിയുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. ഇതിന്റെ തുടര്‍ച്ച എന്ന നിലയില്‍ മാള – കോട്ടപ്പുറം പൈതൃക ജലപാതയുടെ പുനരുജ്ജീവനം, ബോട്ട് ജെട്ടി നിര്‍മ്മാണം, മാളക്കടവിനോടു ചേര്‍ന്ന് സ്വാതന്ത്ര്യ സമര സേനാനി കെ.എ.തോമസ് മാസ്റ്ററുടെ സ്മാരകമായി രാഷ്ട്രീയ – ചരിത്ര മ്യൂസിയം എന്നിവയ്ക്കും മുസിരിസ് പദ്ധതിയില്‍ തുടക്കം കുറിച്ചതായും അറിയുന്നു. ഇവയുടെ നിര്‍മ്മാണത്തിന് മാളക്കടവിനോട് ചേര്‍ന്ന് പഞ്ചായത്തിന്റെ കൈവശമുള്ള ഒന്നരയേക്കറോളം ഭൂമി വിട്ടു നല്‍കാന്‍ ഈ ഭരണ സമിതി എടുത്ത തീരുമാനവും പ്രശംസനീയമാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നിര്‍ദ്ദിഷ്ട കേരള- ജൂത പൈതൃക ടൂറിസം സര്‍ക്യൂട്ടില്‍ മാള കൂടി ഉള്‍പ്പെടുന്നതോടെ, ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന പൈതൃക ടൂറിസം സ്‌പോട്ടായി മാള മാറുമെന്നത് വളരെ വലിയ നേട്ടമാണ്. ഇതെല്ലാം നടപ്പാക്കാന്‍ മുന്‍കൈ എടുത്ത, കാലാവധി പൂര്‍ത്തിയാക്കിയ പഞ്ചായത്ത് ഭരണസമിതിയെ ഞങ്ങള്‍ അഭിനന്ദിക്കുകയാണ്.

മുകളില്‍ സൂചിപ്പിച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് ഈ ഭരണ സമിതിയുടെ തുടര്‍ച്ച അനിവാര്യമാണ്. യഹൂദ സ്മാരകങ്ങളോട് ശത്രുത പുലര്‍ത്തിയിരുന്ന മുന്‍ ഭരണ സമിതിയുടെ പ്രതിനിധികള്‍ അധികാരത്തിലെത്തുന്നത്, പാതി വഴിയിലെത്തിയ മാളയുടെ വികസന പുരോഗതിക്ക് വിഘാതമാവുമെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കഴിഞ്ഞ രണ്ട് ഭരണസമിതിക ളുടെ നിലപാടുകളും നടപടികളും വിലയിരുത്തി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ കക്ഷിരാഷ്ട്രീയത്തിനുപരി പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ചരിത്രത്തോടും പൈതൃകത്തോടും ആദരവുള്ള, ഇപ്പോള്‍ ചുമതല ഒഴിഞ്ഞ ഭരണസമിതിക്ക് ഒരവസരം കൂടി നല്‍കി, മാളയുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് വഴിയൊരുക്കണമെന്ന്, അതിനായി വോട്ടവകാശം വിനിയോഗിക്കണമെന്ന് മാളയിലെ പ്രബുദ്ധരായ വോട്ടര്‍മാരോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എം.ജി.എസ്.നാരായണന്‍, പ്രൊഫ.എം.കെ.സാനു, ബി.ആര്‍.പി.ഭാസ്‌ക്കര്‍,
സച്ചിദാനന്ദന്‍, ആനന്ദ്, സാറ ജോസഫ്, സക്കറിയ, എം.എന്‍.കാരശ്ശേരി, കെ.വേണു, സേതു, കമല്‍, വൈശാഖന്‍ , സി.ആര്‍.നീലകണ്ഠന്‍, പ്രൊഫ.എം.കെ.പ്രസാദ്, ഖദീജ മുംതാസ്, പി.ടി.കുഞ്ഞുമുഹമ്മദ്, പ്രിയനന്ദനന്‍, എസ്.ശാരദക്കുട്ടി, സിവിക് ചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രകാശ് ബാരെ, എന്‍.എം.പിയേഴ്‌സണ്‍, എന്‍.മാധവന്‍കുട്ടി, അഷ്ടമൂര്‍ത്തി,
അശോകന്‍ ചരുവില്‍, ഐ.ഷണ്മുഖദാസ്, സച്ചിദാനന്ദന്‍ പുഴങ്കര, രാവുണ്ണി, കുസുമം ജോസഫ്, എന്‍.മൂസക്കുട്ടി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വി.ജി.തമ്പി, സബാസ്റ്റ്യന്‍, ബക്കര്‍ മേത്തല, കവിത ബാലകൃഷ്ണന്‍, പ്രൊഫ.ജോര്‍ജ് മേനാച്ചേരി, ഡോ.പി.കെ.മുഹമ്മദ് സഈദ, ഷീബ അമീര്‍, വി.ഡി.പ്രേം പ്രസാദ്, ഇ.എം.സതീശന്‍, രമേഷ് കരിന്തലക്കൂട്ടം, എം.എന്‍.വിനയകുമാര്‍, പി.കെ.ഭരതന്‍, ബാലകൃഷ്ണന്‍ അഞ്ചത്ത്, അഡ്വ.ജോര്‍ജ് പുലികുത്തിയില്‍, ഫാ.ജോണ്‍ കവലക്കാട്ട്, വര്‍ഗീസാന്റണി, ഐ.ഗോപിനാഥ്, അഡ്വ. അനൂപ് കുമാരന്‍, തുമ്പൂര്‍ ലോഹിതാക്ഷന്‍, വടക്കേടത്ത് പത്മനാഭന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply