ശുദ്ധവായുവില്‍ ഏലൂര്‍ ഒന്നാമതോ?

110 ലധികം പുക കുഴലുകള്‍ ആകാശത്തേക്ക് വായു പിളര്‍ന്ന് വിഷം തുപ്പുന്ന ഒരിടത്ത് ശുദ്ധവായൂ ഉണ്ടെന്ന് പറയുന്നവരെ എന്ത് വിളിക്കണമെന്ന് കേരള സമൂഹം തീരുമാനിക്കട്ടെ

രാജ്യത്തെ ഏറ്റവും അന്തരീക്ഷമലിനീകരണം നിലനവില്‍ക്കുന്ന പ്രദേശങ്ങളിലൊന്നായ ഏലൂര്‍ ശുദ്ധവായു ലഭിക്കുന്ന രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഒന്നാമതെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്് റിപ്പോര്‍ട്ടിനെ കുറിച്ച് അവിടത്തെ മലിനീകരണത്തിനെതിരെ പതിറ്റാണ്ടുകളായി നടക്കുന്ന ജനകീയ സമരത്തിനു നേതൃത്വം നല്‍കുന്ന പുരുഷന്‍ ഏലൂര്‍ എഴുതുന്നു.

1980കളില്‍ ഞങ്ങളുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് രാവിലെ കളമശ്ശേരിക്ക് പുറപ്പെടുന്ന ബസ്സ് ഏലൂര്‍ പാട്ടുപുരക്കല്‍ ജംഗ്ഷന്‍ മുതല്‍ ഏലൂര്‍ മാര്‍ക്കറ്റ് കഴിയുന്നതുവരെ ഹെഡ് ലൈറ്റിട്ടു വേണമായിരുന്നു മുന്നോട്ടു പോകാന്‍ ഒരു മീറ്റര്‍ അടുത്തു നില്‍ക്കുന്നവരെ പോലും കാണാന്‍ കഴിയില്ലാരുന്നു അത്രക്ക് കട്ടിപുക തിങ്ങി നിന്നിരുന്ന പ്രദേശമായിരുന്നു ഏലൂര്‍ .പിന്നീട് ആ അന്തരീക്ഷത്തില്‍ മാറ്റം വന്നെങ്കിലും രൂക്ഷമായ വായു മലിനീകരണം തുടരുകയാണ്. ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയില്‍ ആകാശത്തേക്ക് വാ പൊളിച്ചിരിക്കുന്ന 110 ലധികം പുകുഴലിലൂടെ ചില സമയങ്ങളില്‍ പുറത്തുവിടുന്ന സള്‍ഫര്‍ ഡയോക്സൈസിന്റെ കാഠിന്യം കാരണം ശ്വാസം മുട്ടി നെഞ്ചും കൂട് പൊട്ടി പോകുന്നതു പോലെ തോന്നും ചിലപ്പോള്‍ ക്ളോറിന്റെ അതിരൂക്ഷ സാന്നിദ്ധ്യമാക്കും – ചിലപ്പോള്‍ ശ്വാസത്തിന് അയവ് നല്കുന്ന അമോണിയ ശ്വസിക്കാം അതുമല്ലെങ്കില്‍ നല്ല സ്വീറ്റ് മണമായിരിക്കും (പൂവ്, പഴം) അതുമല്ലെങ്കില്‍ DDT എന്റോസള്‍ഫാന്‍ മണമാകും. ഇനി ഏലൂര്‍ വടക്കുംഭാഗത്തും ഏലൂര്‍ മാര്‍ക്കറ്റ് മുതല്‍ പാതാളം വരെ രാവിലെയും വൈകീട്ടം ചീഞ്ഞു പുഴുത്ത അതിരൂക്ഷമണമായിരിക്കും. കാതികുടം നിറ്റാ ജലാറ്റിന്‍ കമ്പനിയെക്കാള്‍ രൂക്ഷമായ മലിനീകരണമുള്ള മൃഗങ്ങളുടെ പച്ചെല്ല് സംസ്‌കരിക്കുന്ന എട്ടും കമ്പനികളുണ്ട്. കൂടാതെ ചാള സംസ്‌കരിക്കുന്ന സെപ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന, മൃഗകുടല്‍ സംസ്‌കരിക്കുന്ന, മൃഗതോല്‍ സംസ്‌കരിക്കുന്ന.. നൂറുകണക്കിന് രാസ നിര്‍മ്മാണ കമ്പനികളുള്ള ഒരു പ്രദേശത്ത് കേരളത്തിലെ ഏറ്റവും പരിപാവനമായ വായു എന്നു പറഞ്ഞാല്‍ കരയണോ ചിരിക്കണോ എന്നതാണ് ഏലൂരുകാര്‍ ചിന്തിക്കുന്നത്.
ഏതാണ്ട് 285 കമ്പനികളുള്ള ഒരു വ്യവസായ സമുച്ചയമാണ് ഏലൂര്‍ എടയാര്‍ എന്നതു്. ഇതില്‍ നുറിലധികം കമ്പനികള്‍ രാസാധിഷ്ഠിത നിര്‍മ്മാണ പ്രക്രിയയില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങളാണ്. അതു കൊണ്ടു തന്നെ ഇവിടത്തെ വായു അതീവ ഗുരുതരമായി മലിനീകരിക്കെപ്പടുമെന്നും നമുക്കെല്ലാവര്‍ക്കും അറിയാം പിന്നെന്താണ് ഏലൂരിനെക്കുറിച്ച് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വന്നത് സംശയം സ്വഭാവികമാണ് എല്ലാവരും ഇതൊരു തമാശയായി – അല്ലെങ്കില്‍ ട്രോളായി കണ്ടെങ്കില്‍ ഞങ്ങള്‍ ഇതിനെ ഗൗരവമായി പരിഗണിക്കുന്നു എന്നു മാത്രമല്ല ഇതില്‍ വലിയ ഗൂഢാലോചനയും ഞങ്ങള്‍ കാണുന്നു. പ്രത്യേകിച്ച് ഒരു സ്വകാര്യ കമ്പനിയുടെ കൂലിയെഴുത്ത് പത്രമായതിനാല്‍ ..
കഴിഞ്ഞ ദിവസം പ്രസ്തുത കമ്പനിയില്‍ നിന്ന് വന്‍തോതില്‍ പുറത്തള്ളിയ കറുത്ത പുക നാട്ടുകാര്‍ PC B യില്‍ വിളിച്ചറിയിക്കുകയും അത് PC B യിലെ താത്കാലിക ജീവനക്കാരന്‍ പരിശോധിക്കുകയും കമ്പനിയുടെ വലിപ്പമറിയാത്ത താത്കാലിക AE അത് റിപോര്‍ട്ട് ചെയ്യുകയും നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇത് കമ്പനിയെ ചൊടിപ്പിക്കുകയും തുടര്‍ന്ന് ഭരണപക്ഷത്തെ ഒരു പ്രമുഖ നേതാവും PC B ബോര്‍ഡുമെമ്പറുമായ ഒരാള്‍ ഇതിലിടപ്പെട്ട് ചെയര്‍മാനെ ചീത്ത പറയുകയും പ്രസ്തുത വ്യക്തിയെ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനടുത്ത ദിവമാണി ശുദ്ധവായു വാര്‍ത്ത…. മാത്രമല്ല എലൂരില്‍ അരങ്ങേറാന്‍ പോകുന്നവന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങള്‍ക്കുള്ള എണ്ണയിടല്‍ കൂടിയാണി വാര്‍ത്ത.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എറണാകുളം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുളള ഓണ്‍ലൈന്‍ എയര്‍ മോണിറ്ററിംഗ് സംവിധാനത്തില്‍ നിന്നും ആര്‍ക്കും തത്സമയ ഡാറ്റാ ലഭ്യമാകും. കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ അംഗീകരമുള്ള സ്വകാര്യ ഏജന്‍സിയാണ് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. ഏലൂരിലൊക്കെ അതിരൂക്ഷമായതോതില്‍ അമോണിയായോ സള്‍ഫര്‍ ഡയോക്സൈസോ അല്ലെങ്കില്‍ ചിഞ്ഞ പുഴുത്ത മണം ശ്വസിക്കുമ്പോഴോ ഈ ഓണ്‍ലൈന്‍ സംവിധാനം ശാന്തമായിരിക്കും അതില്‍ ശുദ്ധവായു രേഖപ്പെടുത്തും. അതാണ് ആ യന്ത്രത്തിന്റെ പ്രത്യകത.
2005ലാണ് സുപ്രിം കോടതി മോണിറ്ററിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഏലൂരിലെ അന്തരീക്ഷവായു ആദ്യമായി പരിശോധിക്കുന്നതു്. അന്തരിക്ഷവായു സാമ്പിള്‍ ശേഖരണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ബക്കറ്റ് ബ്രിഗേര്‍ഡ്സ് എന്നറിയപ്പെടുന്ന പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തകരാണ് അന്ന് HIL ന്റെ പരിസരത്തുനിന്നും – ഏലൂര്‍ ESI യുടെ പരിസരത്തുനിന്നു സാമ്പിളുകള്‍ ശേഖരിച്ച്
കൊളംബിയ അനലിറ്റിക്കല്‍ ലാബിലയച്ചത് ‘ അവിടെ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. ഏലൂരിലെ അന്തരീക്ഷ വായുവില്‍ മാരകമായ അളവില്‍ കാന്‍സറിനു കാരണമാകുന്ന അഞ്ചോളം രാസവസ്തുക്കളുണ്ടായിരുന്നു. ഹെക്സാ ക്ളോറോ ബ്യൂട്ടാഡൈന്‍ എന്ന മാരക വിഷപദാര്‍ത്ഥ സാധാരണ വായുവില്‍ കാണുന്നതിനെക്കാള്‍ 150 ഇരട്ടിയായിരുന്നു ഏലൂരില്‍ (ഇതൊരു ഡയോക്സിന്‍ ഇന്‍ഡി കേറ്റര്‍ കൂടിയാണ് ) കൂടാതെ ബെന്‍സീന്‍, ക്ളോറോഫോം, കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്, കാര്‍ബണ്‍ ടെട്രാ ക്ളോറൈഡ് തുടങ്ങിയവയും 75 ഇരട്ടി മുതല്‍ 150 ഇരട്ടി വരെ കടുതലായി കണ്ടെത്തിയിരുന്നു. ഈ സമയത്തും ഈ ഓണ്‍ലൈന്‍ എയര്‍മോണിറ്റിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓര്‍ക്കണം.
2009 ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഡെല്‍ഹി IIT യും CPC Bചേര്‍ന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട 88 വ്യവസായ മേഖലകളെക്കുറിച്ച് സമഗ്ര പരിസ്ഥിതി അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുന്നത്. കര- ജല വായു മലിനീകരണം സംബന്ധിച്ച പഠനമാണ് നടത്തിയത്. അതില്‍ എല്ലാറ്റിലും പരമാവധി സ്‌കോര്‍ നേടി ഏലൂര്‍ ഇന്ത്യയിലെ 21-ാമത്തെ ഗുരുതര മലിനീകരണ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങളുള്ള ഗുജറാത്തിലെ വാപി, ആങ്കലേശ്വര്‍, മഹാരാഷ്ട്രയിലെ വ്യവസായ സമുച്ചയങ്ങള്‍ എന്നിവയുമായി മത്സരിച്ചാണ് നാം ഇത്തിരി പോന്ന വ്യവസായ പ്രദേശം 21 സ്ഥാനം നേടിയെന്നു പറയുമ്പോള്‍ ഇവിടത്തെ പൊലൂഷന്‍ ലോഡ് മനസിലാകുമല്ലോ?
അപ്പോഴും CPC B യുടെ അന്തരീക്ഷവായു പരിശോധന സംവിധാനത്തില്‍ ഏലൂരിലെ വായൂ സുരക്ഷിതമാണന്ന ഓര്‍ക്കണം.2005 കോഴിമുട്ടയില്‍ നടത്തിയ പഠനത്തില്‍ DDT ,H CH, PC B, ഡയോക്സിന്‍ ഇവ ഏലൂരിലെ കോഴിമുട്ടില്‍ അധികരിച്ച തോതില്‍ കണ്ടെത്തിയിരുന്നു. കോഴി ചിക്കി ചികഞ്ഞ് ആഹാരം തേടുന്ന ജീവിയാണെന്ന് നമുക്കറിയാം മണ്ണില്‍ ചെറിയ പ്രാണികളും മണ്ണിരയും ആഹരിക്കുന്ന കോഴിയില്‍ ഈ കീടനാശിനി എത്തുന്നത് മേല്‍ പറഞ്ഞ ചെറുപ്രാണികളിലൂടെയാണ് അവയില്‍ കീടനാശിനി എത്തുന്നത് വായൂവിലൂടെയും അത്ര അപകടകരമായ വായു ഉള്ളിടത്താണ് ഈ കള്ളവാര്‍ത്ത എന്നത് ഗൂഢാലോചന തന്നെയാണ്. 110 ലധികം പുക കുഴലുകള്‍ ആകാശത്തേക്ക് വായു പിളര്‍ന്ന് വിഷം തുപ്പുന്ന ഒരിടത്ത് ശുദ്ധവായൂ ഉണ്ടെന്ന് പറയുന്നവരെ എന്ത് വിളിക്കണമെന്ന് കേരള സമൂഹം തീരുമാനിക്കട്ടെ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply