ചിങ്ങം നവോത്ഥാനമാസം കൂടിയാണ്
വാസ്തവത്തില്‍ ആരായിരുന്നു മഹാബലി? മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ… എന്ന വരികള്‍ പാടാത്തവരുണ്ടാകില്ല. എന്നാല്‍ സഹോദരന്‍ അയ്യപ്പന്‍ രചിച്ച ഈ ഓണപ്പാട്ടിന്റെ ബാക്കി വരികള്‍ ആരും പാടാറില്ല. ആ വരികള്‍ ആരാണ് മാവേലി എന്നു വ്യക്തമാക്കും.
ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നു വന്നി, ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശലമാര്‍ന്നൊരു വാമനനെ, വിട്ടു ചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ, ശീര്‍ഷം ചവിട്ടിയാ യാചകനും
അന്നുതൊട്ടിന്ത്യയധ:പതിച്ചു, മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.അന്ന് തൊട്ട് ഇന്ത്യ അധപതിച്ചെന്നും മന്നിലധര്‍മ്മം സ്ഥലം പിടിച്ചു എന്നുമാണ് കവി പറയുന്നത്.
കൊവിഡ് തകര്‍ത്തെറിഞ്ഞെങ്കിലും ഒരു ഓണക്കാലം കൂടി. തീര്‍ച്ചയായും ഓണത്തെ തിരിച്ചുപിടിക്കണം. കൊവിഡില്‍ നിന്നുമാത്രമല്ല, മറ്റു പലതില്‍ നിന്നും. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി മലയാളി കാണുന്ന മഹാബലിയെയാണ് ആദ്യം തിരിച്ചുപിടിക്കേണ്ടത്. ഒരു വശത്ത് സവര്‍ണ്ണനും മറുവശത്ത് കോമാളിയുമായി ചിത്രീകരിച്ചിക്കുന്ന മാവേലിയിലെ അസുരസ്വത്വമാണ് തിരിച്ചുപിടിക്കേണ്ടത്. ഇക്കാര്യം അടുത്ത കാലത്തായി കേരളത്തില്‍ സജീവചര്‍ച്ചയായിട്ടുണ്ട്. അത്തരത്തിലുള്ള മാവേലിയുടെ ചിത്രങ്ങളും പ്രചാരത്തിലായിട്ടുണ്ട്. മഹാബലിയുടെ രൂപത്തെ വികൃതമാക്കിയ നടപടിക്കെതിരേ നടപടി വേണമെന്നും അസുര ചക്രവര്‍ത്തിക്കു ചേര്‍ന്ന രൂപം നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ചില ദലിതു സംഘടനകള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കിയിരുന്നു. അതേസമയം സംഘപരിവാര്‍ ശക്തികള്‍ ഓണം മാവേലി സ്മരണയല്ല, വാമന സ്മരണയാണെന്ന വാദം ഉയര്‍ത്തി കൊണ്ടു വന്നിരുന്നു. അമിത് ഷാപോലും ഒരിക്കലങ്ങനെ പറഞ്ഞിരുന്നു. തൃക്കാക്കര വാമന ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ചിലര്‍ രംഗത്തെത്തുകയും ചെയ്തു. അസുര ഗണത്തില്‍പ്പെടുന്ന മാവേലി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ പാടില്ല എന്നായിരുന്നു അവരുടെ ആവശ്യം.
വാസ്തവത്തില്‍ ആരായിരുന്നു മഹാബലി? മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ… എന്ന വരികള്‍ പാടാത്തവരുണ്ടാകില്ല. എന്നാല്‍ സഹോദരന്‍ അയ്യപ്പന്‍ രചിച്ച ഈ ഓണപ്പാട്ടിന്റെ ബാക്കി വരികള്‍ ആരും പാടാറില്ല. ആ വരികള്‍ ആരാണ് മാവേലി എന്നു വ്യക്തമാക്കും.
ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നു വന്നി, ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശലമാര്‍ന്നൊരു വാമനനെ, വിട്ടു ചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ, ശീര്‍ഷം ചവിട്ടിയാ യാചകനും
അന്നുതൊട്ടിന്ത്യയധ:പതിച്ചു, മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.
അന്ന് തൊട്ട് ഇന്ത്യ അധപതിച്ചെന്നും മന്നിലധര്‍മ്മം സ്ഥലം പിടിച്ചു എന്നുമാണ് കവി പറയുന്നത്. മാവേലി യാഥാര്‍ത്ഥ്യമായിരുന്നിരിക്കാം, മിത്തായിരുന്നിരിക്കാം. മിത്തുകളും താനെ ഉണ്ടാകുകയില്ലല്ലോ. അക്കാലം മുന്നോട്ടുവെച്ച മനോഹരമായ സമത്വസങ്കല്‍പ്പമാണ് വാമനന്റെ വരവോടെ തകര്‍ന്നടിഞ്ഞത് എന്നര്‍ത്ഥം. ഇപ്പോഴെന്താണ് വാസ്തവത്തില്‍ നടക്കുന്നത്? മാവേലിയുടെ അപദാനങ്ങള്‍ പാടി വാമനനെ പൂജിക്കുകയാണ് നാം. ഒപ്പം ഒരു വശത്ത് മാവേലിയെ സവര്‍ണ്ണനും മറുവശത്ത് കോമാളിയുമാക്കി.
ഓണം മലയാളികളുടെ മൊത്തം ആഘോഷമായിരുന്നു എന്നതില്‍ സംശയമില്ല. പക്ഷെ വിവിധ സമൂഹങ്ങളിലെ ആഘോഷരീതികളില്‍ വലിയ അന്തരങ്ങള്‍ ഉണ്ടായിരുന്നു. കാര്‍ഷിക ജീവിതവും പ്രാദേശിക പുതുവര്‍ഷവും ഒക്കെയാണു അതിനെ ആഘോഷമാക്കി മാറ്റിയിട്ടുള്ളത്. കാലാവസ്ഥയുടേയും ഭൂമിശാസ്ത്രത്തിന്റെയും കാര്‍ഷിക വൃത്തിയുടേയും പ്രാദേശിക മിത്തിന്റെയുമൊക്കെ സ്വാധീനം ഓണത്തിനുണ്ട്. തീര്‍ച്ചയായും മാവേലി ഒരു അവര്‍ണ്ണരാജാവാണെന്നു അനുമാനിക്കാം. അതാണല്ലോ മാവേലി ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ ആ ഭരണത്തെ തകര്‍ക്കാന്‍ തീരുമാനിച്ചത്. ആദ്യകാലങ്ങളിലെ ഓണാഘോഷങ്ങളിലെ പ്രകടമായ അവര്‍ണ്ണ ആധിപത്യം ഇതേ കുറിച്ചു പഠിച്ചവര്‍ ചൂണ്ടികാട്ടുന്നുണ്ട്. പാണന്‍, വണ്ണാന്‍, മണ്ണാന്‍, വേലന്‍, പറയര്‍, പുലയര്‍, കണക്കര്‍, ചെറുമര്‍ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളില്‍ വലിയ പങ്കും പാടി നടന്നിരുന്നത്. എന്നാല്‍ ഏറെകാലമായി അതെല്ലാം മാറിയിരിക്കുന്നു. ഓണവും മാവേലിയുമൊക്കെ ഹൈജാക് ചെയ്യപ്പെട്ടിരിക്കുന്നു.
ഓണം ഹൈജാക് ചെയ്യപ്പെട്ടതില്‍ പലര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇടതുപക്ഷക്കാര്‍ അവരുടെ സോഷ്യലിസ്റ്റ് സങ്കല്‍പ്പപ്രകാരം മാവേലിയെ കമ്യൂണിസ്റ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. കര്‍ഷകയൂണിയനുകളുടെ വ്യാപനകാലത്ത് ഓണത്തിനു കാര്‍ഷിക ഉത്സവമെന്ന വ്യാഖ്യാനം വന്നു. ഐക്യകേരളപ്രസ്ഥനത്തോടെ അത് ദേശീയ ഉത്സവമായി മാറി. സവര്‍ണ്ണശക്തികള്‍ ദേശീയതയെന്നാല്‍ കാളനും കൈകൊട്ടിക്കളിയും സെറ്റുസാരിയുമാണെന്ന സങ്കല്‍പ്പവും കൂട്ടിചേര്‍ത്തു. അങ്ങനെ മാവേലിയുടെ രൂപം മാറി. കസവുപുതപ്പും ഓലക്കുടയും കുംഭവയറുമെല്ലാം പ്രത്യക്ഷപ്പെട്ടു. ദൃശ്യമാധ്യമങ്ങളും മിമിക്രിപരിപാടികളും ആ രൂപം വ്യാപകമാക്കി. പ്രവാസം ശക്തമായതോടെ ഓണത്തെ കുറിച്ചുള്ള ഗൃഹാതുരത്വ സങ്കല്‍പ്പവും ശക്തമായി. വാസ്തവത്തില്‍ കസവുസാരി എങ്ങനെയാണ് മലയാളിയുടെ ദേശീയവസ്ത്രമാകുന്നത്? കാളന്‍ എങ്ങനെയാണ് ദേശീയ ആഹാരമാകുന്നത്? കാളനൊപ്പം കാളയും മലയാളികളുടെ ഭക്ഷണമല്ലേ? സവര്‍ണ്ണവല്‍ക്കരണത്തോടൊപ്പം കച്ചവടവല്‍ക്കരണവും ആയപ്പോള്‍ ചിത്രം പൂര്‍ത്തിയായി.
സത്യത്തില്‍ കേരളത്തെ സംബന്ധിച്ച് ചിങ്ങമെന്നത് മാവേലിയുടെ വരവിന്റെ മാത്രമല്ല, നമ്മുടെ നവോത്ഥാനമാസം കൂടിയാണ്. നാരായണഗുരു, അയ്യങ്കാളി, ബ്രഹ്മാനന്ദശിവയോഗി, സഹോദരന്‍ അയ്യപ്പന്‍, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ നവോത്ഥാന നായകര്‍ ജനിച്ചത് ഈ മാസമാണ്. ഇവരെല്ലാം മാവേലിയുടെ പിന്തുടര്‍ച്ചക്കാര്‍ തന്നെ. അവരുടയെല്ലാം പോരാട്ടങ്ങളും സവര്‍ണ്ണസംസ്‌കാരത്തിനും മനുസ്മൃതിമൂല്യങ്ങള്‍ക്കുമെതിരായിരുന്നു. ചിങ്ങമാസത്തില്‍ അവരുടെ സന്ദേശങ്ങളില്‍ നിന്നും പോരാട്ടങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊള്ളാനാണ് നാം ശ്രമിക്കേണ്ടത്. ഒപ്പം യഥാര്‍ത്ഥ മാവേലിയെ തിരിച്ചുപിടിക്കാനും. അങ്ങനെയാണ് മലയാളികള്‍ക്ക് യഥാര്‍ത്ഥ ഓണം ആഘോഷിക്കാനാവുക. കൊവിഡ് പോലും അവിടെ പ്രശ്‌നമാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Narayanan U S
August 30, 2020 at 4:37 pm
എല്ലാക്കൊല്ലവും ഓണക്കാലത്ത് ആവർത്തിക്കുന്ന ഒരു നുണയുണ്ടിതിൽ.
“മാവേലി നാടുവാണീടും കാലം” എന്ന ഓണപ്പാട്ട് സഹോദരൻ അയ്യപ്പൻ്റേതാണെന്നും ബ്രാഹ്മണ്യം അതിലെ ബ്രാഹ്മണ വിരുദ്ധമായ വരികൾ തമസ്കരിയ്ക്കുന്നു എന്നൊക്കെയാണ് പ്രചരിപ്പിക്കുന്നത്.
ചരിത്രകാരന്മാരെന്ന് അവകാശപ്പെടുന്ന ചിലരാണ് ഇതിന് പിന്നിൽ എന്നതാണ് കടുപ്പം.ഓണപ്പാട്ടുകൾ എന്ന പേരിൽ പണ്ടുമുതലേ പ്രസിദ്ധമായ ഒന്നാണ് മാവേലി നാടുവാണീടും കാലം എന്ന് തുടങ്ങുന്ന പാട്ട്.
ഇത് സഹോദരൻ അയ്യപ്പൻ്റെ കാലത്ത് തന്നെ പ്രചാരത്തിലിരുന്നതാണ്. അതിൻ്റെ ആദ്യ വരികൾ ഉപയോഗിച്ച് തൻ്റേതായ ഒരു പാഠഭേദം നൽകുക മാത്രമാണ് സഹോദരൻ അയ്യപ്പൻ ചെയ്തിട്ടുള്ളത് .
സഹോദരൻ അയ്യപ്പൻ്റെ കവിതയും പഴയ ഓണപ്പാട്ടും ഒന്നല്ല.
സഹോദരൻ അയ്യപ്പൻ ജീവിച്ചിരുന്ന കാലത്ത് തിരുവനന്തപുരത്തെ ഓറിയന്റൽ മാനു സ്ക്രിപ്റ്റ്സ് ലൈബ്രറി പഴയ പാട്ടുകൾ ആയി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പാട്ട് ആരാണെഴുതിയതെന്നറിയില്ല.
ഇപ്പോൾ സഹോദരൻ അയ്യപ്പനാണ് ഇതെഴുതിയത് എന്ന മട്ടിൽ കഴിഞ്ഞ രണ്ടു മൂന്ന് കൊല്ലങ്ങളായി ചിലർ ബോധപൂർവം നുണ പ്രചരിപ്പിക്കുന്നുണ്ട്.
ഇത് ശരിയല്ല.
പഴയ പ്രസിദ്ധീകരണത്തിൻ്റെ കോപ്പി ഞാൻ കണ്ടിട്ടുണ്ട്.
Adarsh Madhavankutty
September 1, 2020 at 5:38 am
മാവേലി നാട് വാണീടും കാലം എന്നത് സഹോദരന്‍ അയ്യപ്പന്‍റെ സ്വതന്ത്രകൃതിയല്ല. അദ്ദേഹം ജനിക്കും മുന്‍പ് തന്നെ പ്രചാരത്തില്‍ ഉണ്ടായിരിക്കുകയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളകൃതികളുടെ സമാഹാരത്തില്‍ ഉണ്ടായിരിക്കുകയും ചെയ്ത ഓണപ്പാട്ടിന്റെ വ്യതിയാനമാണ്. ദി ക്രിട്ടിക് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് ഇത്തരം കാര്യങ്ങളില്‍ തെറ്റിധാരണ പരത്തുന്ന എഡിറ്റോറിയല്‍ ഒഴിവാക്കാമായിരുന്നു.