
മന്‍സിയ : നൃത്തം ചവിട്ടേണ്ടത് വിലക്കപ്പെട്ട വേദിയില്‍ തന്നെ
മൂന്നുവര്‍ഷം കേരളത്തിലാകെ കോളിളക്കമുണ്ടായ ശബരിമല സ്ത്രീപ്രവേശന വിഷയം തന്നെ നോക്കുക. തികച്ചും ഭരണഘടനാവിരുദ്ധവും സുപ്രിംകോടതി വിധിയെ തള്ളുന്നതും ആധുനികകാലത്തെ അയിത്തവുമായ ഒരു ആചാരം സംരക്ഷിക്കാനാവശ്യപ്പെട്ടായിരുന്നല്ലോ കേരളത്തില്‍ ഒരു വിഭാഗം കലാപക്കൊടിയുയര്‍ത്തിയത്. എന്നാല്‍ അതിനെതിരെ നിലപാടെടുത്തവരില്‍ സിംഹഭാഗവും വിലക്കിനെ മറികടക്കാന്‍ തയ്യാറായില്ല. പകരം ചെയ്തതോ കുറെ സെമിനാറുകളും വനിതാമതിലും. ഇപ്പോഴാ വിഷയം എവിടെയെത്തി നില്‍ക്കുന്നു എന്നറിയാമല്ലോ.
ആദ്യം പ്രഖ്യാപിക്കുകയും നോട്ടീസെല്ലാം അടിക്കുകയും ചെയ്ത ശേഷം മന്‍സിയ എന്ന നര്‍ത്തകിയുടെ നൃത്താവതരണം നിഷേധിച്ച ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രം ദേവസ്വത്തിന്റെ നടപടി ഏറെ വിമര്‍ശന വിധേയമായിട്ടുണ്ടെങ്കിലും ഒരു തരത്തിലുള്ള മാറ്റത്തിനും അതു കാരണമാകുമെന്നു കരുതാനാകില്ല. കുറെ ദിവസത്തെ ചര്‍ച്ചകളും ഏറിവന്നാല്‍ എവിടെയെങ്കിലും ചില പ്രതിഷേധ നൃത്താവതരണങ്ങള്‍ക്കും ശേഷം ഈ സംഭവം എല്ലാവരും മറക്കും. പിന്നീടൊന്നും സംഭവിക്കാനിടയില്ല. കഴിഞ്ഞ കുറെ ദശകങ്ങളായി നടന്ന സമാനമായ സംഭവങ്ങളുടെയെല്ലാം അവസാനം അങ്ങനെതന്നെയായിരുന്നു. ഇപ്പോള്‍ തന്നെ പല പൊതുയിടങ്ങളിലും മന്‍സിയയുടെ നൃത്തപരിപാടി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടെന്തു ഗുണം? കോഴിക്കോട് ടൗണ്‍ഹാളില്‍ പ്രതിഷേധനൃത്തം വരുന്നു. തൃശൂരില്‍ ഐക്യദാര്‍ഢ്യസമ്മേളനവും. അവിടെയൊന്നും നൃത്തം ചവിട്ടുന്നതിനെ ആരും വിലക്കുകയോ അയിത്തം കല്‍പ്പിക്കുകയോ ചെയ്തിട്ടില്ലല്ലോ. വിലക്കപ്പെട്ടയിടങ്ങളില്‍ വിലക്കു ലംഘിക്കുന്നതാണ്, അയിത്തം കല്‍പ്പിക്കുന്നിടങ്ങളില്‍ അതിനെ വെല്ലുവിളിക്കുന്നതാണ് നമ്മുടെ നവോത്ഥാനപോരാട്ട ചരിത്രം. നിര്‍ഭാഗ്യവശാല്‍ അത്തരം പോരാട്ടങ്ങളെ കേരളീയ സമൂഹം എന്നേ കയ്യൊഴിഞ്ഞിരിക്കുന്നു.
മൂന്നുവര്‍ഷം കേരളത്തിലാകെ കോളിളക്കമുണ്ടായ ശബരിമല സ്ത്രീപ്രവേശന വിഷയം തന്നെ നോക്കുക. തികച്ചും ഭരണഘടനാവിരുദ്ധവും സുപ്രിംകോടതി വിധിയെ തള്ളുന്നതും ആധുനികകാലത്തെ അയിത്തവുമായ ഒരു ആചാരം സംരക്ഷിക്കാനാവശ്യപ്പെട്ടായിരുന്നല്ലോ കേരളത്തില്‍ ഒരു വിഭാഗം കലാപക്കൊടിയുയര്‍ത്തിയത്. എന്നാല്‍ അതിനെതിരെ നിലപാടെടുത്തവരില്‍ സിംഹഭാഗവും വിലക്കിനെ മറികടക്കാന്‍ തയ്യാറായില്ല. പകരം ചെയ്തതോ കുറെ സെമിനാറുകളും വനിതാമതിലും. ഇപ്പോഴാ വിഷയം എവിടെയെത്തി നില്‍ക്കുന്നു എന്നറിയാമല്ലോ. ഇതായിരുന്നില്ല പക്ഷെ കേരളത്തിന്റെ നവോത്ഥാന ചരിത്രം. വിലക്കപ്പെട്ട പൊതുവീഥിയിലൂടെ കാളവണ്ടിയില്‍ തലപ്പാവു ധരിച്ച് യാത്ര ചെയ്യുകയാണ് അയ്യങ്കാളി ചെയ്തത്. അതുപോലെ ദളിത് കുട്ടികള്‍ക്ക് പ്രവേശനമില്ലാതിരുന്ന പള്ളിക്കൂടത്തേക്ക് പഞ്ചമിയുടെ കൈ പിടിച്ച് കടന്നു ചെന്നു. വിലക്കപ്പെട്ട വീഥികളില്‍ പ്രവേശിച്ചായിരുന്നു വൈക്കത്ത് പ്രക്ഷോഭം നടന്നത്. ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ കയറി മണിയടിച്ചും. ഒന്നിച്ചിരിക്കാന്‍ പാടില്ലാത്തവരെ ഒന്നിച്ചിരുത്തിയാണ് സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ മിശ്രഭോജനം നടന്നത്. അവര്‍ണ്ണക്ക് പ്രതിഷ്ഠ നടത്താനാകില്ല എന്ന അനാചാരത്തെയായിരുന്നു അരുവിപ്പുറത്ത് ഗുരു ലംഘിച്ചത്. മാറുമറക്കാനുള്ള അവകാശത്തിനുള്ള സമരം മാറുമറച്ച് പൊതുസ്ഥലത്തുകൂടി നടന്നുകൊണ്ടുതന്നെയായിരുന്നു. എന്തിനേറെ, ഇപ്പോള്‍ വിവാദമായിരിക്കുന്ന കൂടല്‍ മാണിക്യക്ഷേത്രപരിസരത്തുകൂടി ആര്‍ക്കും നടക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു കുട്ടംകുളം സമരം നടന്നത്. വിലക്കില്ലാത്ത സ്ഥലങ്ങളില്‍ കൂടി നടന്നല്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം. ഈ പോരാട്ടങ്ങളുടെയെല്ലാം അനന്തരഫലമാണ് ആധുനിക ജനാധിപത്യ കേരളം. ഇന്ത്യയില്‍ തന്നെ ജാതിവിരുദ്ധസമരങ്ങളുടേയും നവോത്ഥാന പോരാട്ടങ്ങളുടേയും വലിയ ചരിത്രങ്ങളാണല്ലോ നമുക്കുള്ളത്. അതാകട്ടെ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നായിരുന്നു എന്നതാണ് ഏറ്റവും പ്രധാനം. കേരളം വലിയ സാമൂഹ്യപുരോഗതി നേടി എന്ന അവകാശവാദത്തിന്റെ അടിത്തറ ആ പോരാട്ടങ്ങളായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവക്ക് തുടര്‍ച്ചയുണ്ടായില്ല. ആ പോരാട്ടങ്ങള്‍ സൃഷ്ടിച്ച സാമൂഹ്യവേലിയേറ്റങ്ങളെ മൂലധനമാക്കിയ പ്രസ്ഥാനങ്ങള്‍ പിന്നീട് ആ ധാരയെ മുന്നോട്ടുകൊണ്ടുപോയില്ല. വില്ലുവണ്ടിസമരത്തിനും മാറുമറക്കല്‍ പ്രക്ഷോഭത്തിനും ക്ഷേത്രപ്രവേശനവിളംബരത്തിനും മിശ്രഭോജനത്തിനും വഴിനടക്കല്‍ പോരാട്ടങ്ങള്‍ക്കും അരുവിപ്പുറം പ്രതിഷ്ഠക്കുമൊക്കെ കാലത്തിനനുസൃതമായ തുടര്‍ച്ചയുണ്ടാകാതിരുന്നത് അതുകൊണ്ടാണ്. അതിനാലാണ് ക്ഷേത്രങ്ങളില്‍ ഇപ്പോഴും മറ്റു മതസ്ഥര്‍ക്ക് പ്രവേശനമില്ലാത്തതും പൂജാദികര്‍മ്മങ്ങളിലും ക്ഷേത്രകലകളിലും മറ്റും അവര്‍ണ്ണര്‍ക്കും സ്ത്രീകള്‍ക്കും കാര്യമായ പങ്കാളിത്തമില്ലാത്തതും സ്ത്രീകള്‍ക്ക് ശബരിമലയിലടക്കം പ്രവേശനമില്ലാത്തതും നവോത്ഥാനത്തിന്റെ നേരവകാശികള്‍ എന്നവകാശപ്പെടുന്നവര്‍ പോലും അതിനെ പിന്തുണക്കുന്നതും മുന്നോക്ക സംവരണം നിലവില്‍ വന്നതും ബ്രാഹ്മണരുടെ ശുചിമുറിയില്‍ പോലും മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലാത്തതും തൃശൂര്‍ പൂരം കമ്മിറ്റിയില്‍ പോലും അവര്‍ണരില്ലാത്തതും പ്രണയമില്ലാതെ കാര്യമായി മിശ്രവിവാഹങ്ങള്‍ നടക്കാത്തതും പേരില്‍ ജാതിവാലുകള്‍ കൂടിവരുന്നതും പുലയന്‍ മജിസ്ട്രേട്ടായാല്‍ പോലുള്ള പഴഞ്ചൊല്ലുകള്‍ നിലനില്‍ക്കുന്നതും ജാതിവിരുദ്ധരെന്നു സ്വയം അഭിമാനിക്കുന്നവര്‍ പോലും എസ് സി/എസ് ടി ഒഴികെ എന്നു വിവാഹപരസ്യം കൊടുക്കുന്നതും കേരളീയതയെന്നാല്‍ സവര്‍ണ്ണതയാണെന്ന് നിരവധി ചിഹ്നങ്ങളിലൂടെയും ആഘോഷങ്ങളിലൂടേയും നിരന്തരമായി സ്ഥാപിക്കുന്നതും ദളിതര്‍ കോളനികളില്‍ അരികുവല്‍ക്കരിക്കപ്പെടുന്നതും ജാതി, മത വിവാഹബ്യൂറോകള്‍ നിലനില്‍ക്കുന്നതും ഹാദിയമാരും കെവിന്‍മാരും വിനായകന്മാരും മധുമാരും ജിഷമാരുമൊക്കെ ഉണ്ടാകുന്നതും…. ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാനാകും. അതിലാണ് മന്‍സിയയുടെ വിലക്കും ഇടം നേടുന്നത്.
നവോത്ഥാനത്തിന്റേയും സാമൂഹ്യനീതിയുടേയും രാഷ്ട്രീയത്തെ വഴിയിലുപേക്ഷിച്ച് നടന്ന, കക്ഷിരാഷ്ട്രീയത്തിലും വര്‍ഗ്ഗരാഷ്ട്രീയത്തിലും ഊന്നിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥക്ക് പ്രധാന കാരണമായത്. നേടിയെന്നു നമ്മള്‍ കരുതിയ സാമൂഹ്യനേട്ടങ്ങളെയെല്ലാം വേലിയിറക്കങ്ങള്‍ തിരിച്ചുകൊണ്ടുപോയി കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ മറ്റനവധി ഭാഗങ്ങളിലെന്നപോലെ ഇവിടേയും മുന്‍കൈ നേടിയിരിക്കുന്നത് ഭരണഘടനാമൂല്യങ്ങളല്ല, മനുസ്മൃതി മൂല്യങ്ങളാണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ സംഭവവും. ഇതിന്റെ ഉത്തരവാദിത്തത്തില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുക്തരല്ല. ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്ന വേദികളിലെല്ലാം അവരുടെയെല്ലാം പങ്കാളിത്തമുണ്ട്. ഇരിങ്ങാലക്കുടയിലടക്കം. ഒരഭിപ്രായഭിന്നതയുമില്ലാതെ, വളരെ ഐക്യത്തോടെയാണ് അവര്‍ അത്തരം വേദികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. അല്ലായിരുന്നെങ്കില്‍ ഗുരുവിനുശേഷം പേരിനുപുറകിലെ സവര്‍ണവാലുകള്‍ മുറിക്കലും മിശ്രഭോജനത്തിനുശേഷം മിശ്രവിവാഹങ്ങളും ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവും ഇവിടെ നടപ്പാകേണ്ടതായിരുന്നു. ക്ഷേത്രങ്ങളില്‍ പൂജാരികളായോ കലാകാരന്മാരായോ മറ്റേതെങ്കിലും സ്ഥാനത്തോ അവര്‍ണ്ണര്‍ക്കും സ്ത്രീകള്‍ക്കും സ്ഥാനമുണ്ടാകുമായിരുന്നു. സവര്‍ണരിലെ അബ്രാഹ്മണ ജാതിവിഭാഗങ്ങള്‍ക്കും പട്ടികജാതിപിന്നാക്ക ജനവിഭാഗങ്ങള്‍ക്കും ശ്രീകോവില്‍ പ്രവേശനം ഉണ്ടാകുമായിരുന്നു. ക്ഷേത്രങ്ങളില്‍ കാലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ കലോപാസന സമര്‍പ്പിക്കാന്‍ അവസരം നിഷേധിക്കപ്പെടുമായിരുന്നില്ല. സാക്ഷാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ കല്ലൂര്‍ ബാബുവെന്ന ഇലത്താള കലാകാരനെ പഞ്ചവാദ്യ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തി അധികം കാലമായില്ലല്ലോ. തന്ത്രിയുടെ വാക്കാണ് അവസാനത്തേത് എന്നു പറഞ്ഞാണ് ദേവസ്വം അധികൃതര്‍ അതിനെ ന്യായീകരിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന പല ക്ഷേത്രങ്ങള്‍ക്കുമുന്നിലും കാണുന്ന ബോര്‍ഡ് കാര്‍ക്കിച്ചു തുപ്പുന്നത് നമ്മുടെ കപടമായ പ്രബുദ്ധതക്കുനേര്‍ക്കാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആചാരങ്ങളും വിശ്വാസങ്ങളും ആകാം. എന്നാല്‍ അവയാണോ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളാണോ പ്രധാനം എന്ന ചോദ്യമുയര്‍ന്നാല്‍ രണ്ടാമത്തേതാണ് പ്രധാനം എന്നു പറയേണ്ടിവരും. ഏതൊരു തരത്തിലുള്ള അയിത്തവും ഭരണഘടനാവിരുദ്ധമാണ്. മന്‍സിയക്കെതിരെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും അയിത്തം തന്നെയാണ്. അതിനാല്‍ തന്നെ അതിനെതിരായ പോരാട്ടം ന്യായവും ഭരണഘടനാനുസൃതവുമാണ്. അതു നടത്തേണ്ടത് ടൗണ്‍ഹാളുകളിലോ മറ്റു പൊതുയിടങ്ങളിലോ അല്ല, അയിത്തം പ്രഖ്യാപിക്കപ്പെടുന്ന ഇടങ്ങളില്‍ തന്നെയാണ്. അതിനുള്ള ആര്‍ജ്ജവം നവോത്ഥാനധാരയെ കൈവിട്ട മലയാളിക്കുണ്ടോ എന്നതാണ് ചോദ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in