മലബാര്‍ സിമന്റ്‌സ് – കേരളത്തിലെ വ്യാപം കേസ് അനന്തമായി നീളുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ എതിര്‍ത്തതിന്റെ പേരില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതക കേസും മറ്റു ദുരൂഹമരണങ്ങളും മലബാര്‍ സിമന്റ്‌സിലെ അഴിമതി കേസുകളും അനന്തമായി നീട്ടിയും കേസ് ഫയലുകള്‍ കോടതിയില്‍ നിന്ന് മോഷ്ടിച്ചു അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് 10 വര്‍ഷം തികഞ്ഞിരിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്തിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ പോരാട്ടവും നിയമയുദ്ധവും തുടരുകയാണ്. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ അഴിമതിയില്‍ പങ്കാളികളായ രാഷ്ട്രീയ – ഉദ്യോഗസ്ഥ – ബിസിനസ്സ് – ബിനാമി കൂട്ടുകെട്ടിലൂടെ അട്ടിമറിക്കപ്പെടുകയാണ്.

ശശീന്ദ്രനും മക്കളായ വിവേകും വ്യാസും ദുരൂഹരീതിയില്‍ 2011 ജനുവരി 24 നാണ് കഞ്ചിക്കോട്ടെ വസതിയില്‍ കൊല്ലപ്പെട്ടത്. ശശീന്ദ്രനൊപ്പം മക്കളായ വിവേക് (10), വ്യാസ് (8) എന്നിവരെ വീട്ടില്‍ ‘തൂങ്ങിയ’ നിലയില്‍ കണ്ടെത്തുകയായിരുന്നു. വി.എം.രാധാകൃഷ്ണന്നെതിരായ മൂന്നു വിജിലന്‍സ് കേസുകള്‍ കോടതിയില്‍ സമര്‍പ്പിച്ചതിന്റെ മൂന്നാം നാളാണ് ശശീന്ദ്രനും കുട്ടികളും കൊലചെയ്യപ്പെട്ടത്. ഈ മരണങ്ങള്‍ ആത്മഹത്യയാണെന്നു സമര്‍ത്ഥിക്കാനുളള നീക്കങ്ങളാണ് നടന്നത്. എന്നാല്‍ സംഭവം കൊലപാതകമാണെന്നതിന് വസ്തുതകള്‍ നിരത്തി സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ 2014ല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. മരണത്തിന് മുന്‍പ് ശശീന്ദ്രന്റെ ശരീരത്തില്‍ ചതവ് പറ്റിയിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നുള്ള സൂചനകള്‍. കൈയിലും കാല്‍മുട്ടിനുമാണ് ചതവ് പറ്റിയിരുന്നത്. രണ്ടിടത്തുമുള്ള പരുക്കുകള്‍ സമാനസ്വഭാവത്തിലാണെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. ശശീന്ദ്രന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ട മുറിയില്‍ നിന്ന് കണ്ടെത്തിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നതായി ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രം ഹൈക്കോടതിയില്‍ ഹാജരാക്കണമെന്ന കോടതി നിര്‍ദ്ദേശം സി.ബി ഐ പാലിച്ചില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനു കാരണം മലബാര്‍ സിമന്റ്‌സിലെ അഴിമതിയാണെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അതന്വേഷിക്കണമെന്നുമുള്ള ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ മാസ്റ്ററും ജോയ് കൈതാരത്തും നല്‍കിയ കേസ് ഫയല്‍ ഹൈക്കോടതിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. സി.ബി.ഐ അന്വേഷണത്തിനു വിരോധമില്ലെന്നു ചൂണ്ടി കാണിച്ച് സംസ്ഥാന വിജിലന്‍സ് മേധാവിയും പോലീസ് മേധാവിയും സര്‍ക്കാരിനെഴുതിയ കത്തിന്റെ പശ്ചാത്തലത്തില്‍ സഹോദരന്‍ നല്‍കിയ കേസിന്റെ ഫയലും അപ്രത്യക്ഷമായി. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട 13 കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ചിലതില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് അതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് ‘അപ്രത്യക്ഷമായത്. ശശീന്ദ്രന്റെ അച്ഛന്‍ വേലായുധനും ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ജോയ് കൈതാരവും സമര്‍പ്പിച്ച 20 രേഖകളാണ് നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്ചുതാനന്ദന്റെ എതിര്‍പ്പിനെ മറികടന്ന് ശശീന്ദ്രന്റെയും മക്കളുടെയും മരണം മാത്രം അന്വേഷിച്ചാല്‍ മതി, അഴിമതികള്‍ സി.ബി.ഐ അന്വേഷിക്കേണ്ടതില്ല എന്ന് മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു.

2013-ല്‍ ആത്മഹത്യാപ്രേരണ എന്ന എളുപ്പം ഊരിപ്പോരാവുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സേതുരാമയ്യര്‍ സ്റ്റൈലില്‍ ഡമ്മി പരീക്ഷിച്ചാണത്രേ സി.ബി.ഐ. സംഘം കൃത്യം ആത്മഹത്യ തന്നെയെന്നുറപ്പിച്ചത്. കൊല്ലപ്പെടുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ്, തനിക്കും ഭാര്യക്കും കുട്ടികള്‍ക്കുമുള്ള ആഹാരം ഉണ്ടാക്കുകയും, ഓഫീസിലേക്ക് പോയ ഭാര്യയെ ഫോണില്‍ വിളിച്ച് അക്കാര്യമറിയിക്കുകയും ചെയത് ശശീന്ദ്രനാണ് ആത്ഹത്യ ചെയ്തതായി വ്യാഖ്യാനിക്കപ്പെട്ടത്. സംഭവത്തില്‍ പുനരന്വേ ഷണം ആവശ്യപ്പെട്ട് 2015-ല്‍ സഹോദരന്‍ സനല്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഗുണമുണ്ടായില്ല.

അതിനിടെ വ്യാപം അഴിമതി കേസിനു സമാനമായി പല സംഭവങ്ങളും നടന്നു. ശശീന്ദ്രന്‍ വധത്തില്‍ സാക്ഷിമൊഴി കൊടുത്ത മലബാര്‍ സിമന്റ്സിലെ തന്നെ സ്റ്റാഫ് ആയിരുന്ന സതീന്ദ്രകുമാര്‍ പിന്നീട് തികച്ചും സംശയാസ്പദമായി കൊല്ലപ്പെട്ടു. സതീന്ദ്രനെ ഇടിച്ചത് കോയമ്പത്തൂരിലെ ബസ് സ്റ്റാന്‍ഡില്‍ കയറേണ്ടതില്ലാത്ത, സര്‍വീസില്‍ അല്ലാത്ത ഒരു ബസ് ആയിരുന്നു. അതും ‘അപകടമരണ’മായി എഴുതിത്തള്ളപ്പെട്ടു. ശശീന്ദ്രന്‍ കേസിലെ സാക്ഷിമൊഴി തിരുത്താന്‍ പ്രലോഭനവും ഭീഷണിയുമൊക്കെ ഉണ്ടായിരുന്നതായി സതീന്ദ്രന്റെ ഭാര്യ ടീന പറഞ്ഞിരുന്നു. ആ ബസോടിച്ച ഡ്രൈവറും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അന്ന് സതീന്ദ്രനെ ആ സ്പോട്ടില്‍ വിളിച്ചു നിര്‍ത്തിയ ആള്‍ പിന്നീട് ‘ആത്മഹത്യ’ ചെയ്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെ ടീനയും സംശയാസ്പദമായ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. അവര്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിന് ജോലി ചെയ്ത് വരികയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യനില മോശമായി. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പിന്നീടവരെ എറണാകുളത്തുനിന്ന് കോയമ്പത്തൂരിലെ ആശുപ്ത്രിയിലെത്തിച്ചു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. എന്നാല്‍ ടീന ആരോഗ്യവതിയായിരുന്നുവെന്ന് ശശീന്ദ്രന്റെ ബന്ധുക്കള്‍ പറയുന്നു. ചികിത്സാസൗകര്യങ്ങള്‍ക്കു കുറവില്ലാത്ത എറണാകുളത്തുനിന്ന് കോയമ്പത്തൂരിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ട്. മസ്തിഷ്‌ക മരണം ഉള്‍പ്പെടെ ടീനയ്ക്ക് സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കാന്‍ കാരണമെന്ന് ജനകീയ ആക്ഷന്‍ കൗണ്‍സിലും ചൂണ്ടികാട്ടുന്നു. നീതിക്കായുള്ള പോരാട്ടം ആക്ഷന്‍ കൗണ്‍സില്‍ തുടരുകയാണ്. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ കേരളത്തിലെ ഈ വ്യാപം കേസ് അനന്തമായി നീളുകയാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply