കൊട്ടിയൂര്‍ പീഡനകേസും പോക്‌സോ നിയമവും
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കോടതിക്കുമുന്നില്‍ വന്നാല്‍ അതു നിഷേധിക്കാന്‍ കോടതിക്കു എളുപ്പമല്ല എന്നായിരുന്നു പൊതുവില്‍ കരുതപ്പെട്ടിരുന്നത്. അത്തരം സംഭവങ്ങള്‍ വാര്‍ത്തയാകാതെ തന്നെ നിരന്തരമായി നടക്കുന്നുമുണ്ട്. അങ്ങനെ ചെയ്തുകൂടെ എന്നു കോടതി ചോദിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ നിയമത്തിലൂടെ തന്നെ ഈ വിവാഹം നടക്കുകയാണെങ്കില്‍ അതിലൂടെ ഇദ്ദേഹം കാര്‍ക്കിച്ചുതുപ്പുന്നത് നമ്മുടെയെല്ലാം നൈതികബോധത്തിനു നേരെയാകുമായിരുന്നു. അത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ സുപ്രിംകോടതി ഇല്ലാതാക്കിയിരിക്കുന്നത്. എന്നാല്‍ പുതിയ തന്ത്രങ്ങളുമായി അയാള്‍ ഇനിയും രംഗത്തെത്തുമെന്നുറപ്പ്.
കൊട്ടിയൂര്‍ പീഡനകേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി പ്രതിയായ മുന്‍വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം നല്‍കണമെന്ന ഇരുവരുടേയും ഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയത് ആശ്വാസമാണ്. വേണമെങ്കില്‍ ഇനിയും ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലത് വിശദമായി പരിശോധിച്ച് തള്ളിയ ഹൈക്കോടതി തീരുമാനം മാറ്റാനിടയില്ല. മനുഷ്യത്വമുള്ളവര്‍ക്കും ലിംഗനീതിയില്‍ വിശ്വസിക്കുന്നവര്‍ക്കും പ്രതീക്ഷനല്‍കുന്ന ഒന്നാണ് സുപ്രിംകോടതി തീരുമാനം. രണ്ടുപേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് ഇരുവരും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വെറും അഞ്ചുമിനിട്ടാണ് കോടതി ഈ കേസിനായി ചിലവാക്കിയത്.
കേസില്‍ 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്‌സോ കോടതി ഫാദര്‍ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടി പ്രസവിച്ചത് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉഭയ സമ്മതപ്രകാരമാണെങ്കിലും ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരമാണെന്നാണ് പോക്‌സോ നിയമം. ഈ നിയമം ലംഘിച്ചതുമാത്രമല്ല, കുറ്റം മറച്ചുവെക്കാന്‍ ഇദ്ദേഹം ചെയ്ത ക്രൂരതകളുമാണ് ഈ കേസിനെ സമാനതകളില്ലാത്തതാക്കുന്നത്. സഭയില്‍ വന്‍ സ്വാധിനമുണ്ടായിരുന്ന വികാരിയായിരുന്നു ഫാ റോബിന്‍. സഭയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്‍ഫാം എന്ന കര്‍ഷകസംഘടനയുടെ പ്രാരംഭ നേതാവ്, ഫാരിസ് അബൂബക്കറിനോട് ചേര്‍ന്ന് ദീപിക പത്രത്തെ നയിച്ചു, ജീവന്‍ ടി വി യുടെ തലവനായിരുന്നു, സഭയുടെ കീഴിലുള്ള നൂറോളം സ്‌കൂളുകളുടെ തലവന്‍, ഇതിനെല്ലാം പുറമെ പല മനുഷ്യാവകാശ സമരങ്ങളിലേയും സാന്നിധ്യം. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് പള്ളിമടയില്‍ വെച്ചുനടത്തിയ പീഡനകേസ് വളച്ചൊടിക്കാന്‍ എല്ലാ ശ്രമവും നടത്തിയത്. അതിന് കന്യാസ്ത്രീകളടക്കമുള്ള സഭയിലെ പല ഉന്നതരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയിലെ പലരും കൂട്ടുനിന്നതായും ആരോപണമുയര്‍ന്നിരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പെണ്‍കുട്ടി പ്രസവിക്കുന്നതുവരെ സംഭവം രഹസ്യമാക്കി വെച്ച ശേഷം ഇദ്ദേഹം ഇന്ന് ഏറ്റെടുക്കാമെന്നു പറയുന്ന ആ ചോരക്കുഞ്ഞിനോട് ചെയ്തത് മഹാക്രൂരതയായിരുന്നു. പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നടര്‍ത്തി മാറ്റി 100 കിലോമീറ്ററകലെ അതിശൈത്യമുള്ള വയനാട്ടിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ അനാഥാലയത്തിലെത്തിച്ചു. അന്ന് വയനാട് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പി ആര്‍ ഓ കൂടിയായിരുന്ന ഫാദര്‍ തോമസ് തേരകമായിരുന്നു. അനാഥാലയത്തില്‍ എത്തപ്പെടുന്ന ഒരു കുഞ്ഞിന്റെ വിവരങ്ങള്‍ യഥാസമയം അധികാരികളെ അറിയിക്കേണ്ടതുണ്ട് എന്ന നിയമപരമായ ബാധ്യത നടത്തിപ്പുകാര്‍ നിര്‍വ്വഹിക്കാതിരുന്നതും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അനങ്ങാതിരുന്നതും എന്തുകൊണ്ടാണെന്ന് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ.
പിന്നീട് സംഭവം പുറത്തുവന്നതിനെ തുടര്‍ന്നാണ് അയാളുടെ ഏറ്റവും വലിയ ക്രൂരത അരങ്ങേറിയത്. സംഭവത്തിനുത്തരവാദി താനാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് മൊഴികൊടുത്തു, പെണ്‍കുട്ടിയും അതംഗീകരിച്ചു. പണവും അതിനേക്കാളേറെ പള്ളിയോടും പുരോഹിതനോടുമുള്ള അവരുടെ വിശ്വാസ വിധേയത്വത്തെയാവും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുക എന്നുറപ്പ്. അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയില്‍ സമാനരംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും സംഭവം മൂടിവെക്കാനാവാത്ത അവസ്ഥ വന്നപ്പോള്‍ ചെയ്്തത് കുട്ടിയുടെ പ്രായത്തെ തിരുത്തുകയായിരുന്നു. കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ 16 വയസ്സ് എന്നത് 18 വയസ്സാക്കി തിരുത്തി. എന്നാല്‍ കുട്ടിയെ മാമോദിസ മുക്കിയ രേഖകളും മറ്റും പുറത്തുവന്നപ്പോള്‍ അതും പൊളിഞ്ഞു. അങ്ങനെയാണ് അവസാനം ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.
ജയിലില്‍ കിടന്നും തന്റെ സ്വാധീനമുപയോഗിച്ച് പുറത്തുവരാനുള്ള കരുക്കള്‍ നീക്കുകയാണ് ഈ മുന്‍വൈദികന്‍. അതിന്റെ ഭാഗമായാണ് പെണ്‍കുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും അതനുവദിക്കണമെന്നും അതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചത്. പെണ്‍കുട്ടിയും ഇതേ ആവശ്യവുമായി കോടതിയിലെത്തി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കോടതിക്കുമുന്നില്‍ വന്നാല്‍ അതു നിഷേധിക്കാന്‍ കോടതിക്കു എളുപ്പമല്ല എന്നായിരുന്നു പൊതുവില്‍ കരുതപ്പെട്ടിരുന്നത്. അത്തരം സംഭവങ്ങള്‍ വാര്‍ത്തയാകാതെ തന്നെ നിരന്തരമായി നടക്കുന്നുമുണ്ട്. അങ്ങനെ ചെയ്തുകൂടെ എന്നു കോടതി ചോദിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ നിയമത്തിലൂടെ തന്നെ ഈ വിവാഹം നടക്കുകയാണെങ്കില്‍ അതിലൂടെ ഇദ്ദേഹം കാര്‍ക്കിച്ചുതുപ്പുന്നത് നമ്മുടെയെല്ലാം നൈതികബോധത്തിനു നേരെയാകുമായിരുന്നു. അത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ സുപ്രിംകോടതി ഇല്ലാതാക്കിയിരിക്കുന്നത്. എന്നാല്‍ പുതിയ തന്ത്രങ്ങളുമായി അയാള്‍ ഇനിയും രംഗത്തെത്തുമെന്നുറപ്പ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇവര്‍ക്കു പിറന്ന കുഞ്ഞ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ കൂടെയാണ്. സ്‌കൂളില്‍ ചേരാറായ കുട്ടിക്ക്് അവിടെ പിതാവിന്റെ പേര്‍ നല്‍കേണ്ടിവരുമല്ലോ. അതുകൊണ്ടു കൂടിയാണ് പെണ്‍കുട്ടി ഇത്തരമൊരു അപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് വാര്‍ത്ത. നമ്മുടെ സമൂഹം ”തന്തയില്ലാത്തവരെ” എങ്ങനെയാണ് കാണുന്നതെന്ന് ആ കുട്ടിക്കും അറിയാമല്ലോ. അല്ലെങ്കില്‍ 49 വയസായ ഒരാളെ ആ കുട്ടി വിവാഹം കഴിക്കാന്‍ തയ്യാറാകുമെന്നു കരുതാനാകില്ല. ഇത്തരമൊരു ദയനീയമായ അവസ്ഥയില്‍ ആ കുട്ടിയെ എത്തിച്ചതില്‍ കേരളീയ സമൂഹത്തിനും വലിയ പങ്കുണ്ടെന്നതാണ് വസ്തുത. മാത്രമല്ല, അരമനകള്‍ക്കുള്ളില്‍ നടക്കുന്ന പീഡനങ്ങളുടെ പരമ്പരകളേറെ പുറത്തുവന്നിട്ടും, കന്യാസ്ത്രീകള്‍ തന്നെ ആത്മകഥയിലൂടെ അത്തരം സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും അക്കാര്യത്തില്‍ ജാഗരൂകരാകാന്‍ നമുക്കായിട്ടില്ല. പതിറ്റാണ്ടുകള്‍ നീണ്ട അഭയ കേസ് മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. പോപ്പ് പറഞ്ഞിട്ടുപോലും വിവാഹം കഴിക്കാന്‍ തയ്യാറാകാത്ത പുരോഹിതന്മാരാണ് പലപ്പോഴും പീഡകരാകുന്നതെന്നത് മറ്റൊരു വൈരുദ്ധ്യം. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയല്ലാത്ത ലൈംഗികബന്ധം പാപമാണെന്നു ഇപ്പോഴും പഠിപ്പിക്കുന്നവര്‍…!! പരമാവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാനും.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ രൂപം കൊടുത്ത മികച്ച നിയമമെന്നറിയപ്പെടുന്ന പോക്സോ നിയമം നേരിടുന്ന വെല്ലുവിളികളും ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. 2012ലാണ് രാജ്യത്ത് പോക്സോ നിയമത്തിനു രൂപം കൊടുത്തത്. അതുവരെ ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നല്‍കിയിരുന്നില്ല. അതിനാല്‍തന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. തീര്‍ച്ചയായും നിയമം വളരെ ശക്തമാണ്. എന്നിട്ടും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് ഖേദകരം. സ്വന്തം വീടും സ്‌കൂളും വാഹനങ്ങളുമടക്കം ഒരിടത്തും കുട്ടികള്‍ സുരക്ഷിതരല്ല. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളുടെ വാര്‍ത്തകളാല്‍ മാധ്യമങ്ങള്‍ നിറയുന്നു. പ്രതികള്‍ കാര്യമായി ശിക്ഷിക്കപ്പെടുന്നില്ല. കേസുകള്‍ അനന്തമായി നീളുന്നതാണ് അതിനു പ്രധാന കാരണം.
സംസ്ഥാനത്ത് ആയിരകണക്കിന് കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. പ്രതികളില്‍ ഭൂരിഭാഗവും കുട്ടികളുമായോ അവരുടെ കുടുംബവുമായോ അടുപ്പമുള്ളവരായിരിക്കും. അതിനാല്‍ തന്നെ . കേസുകള്‍ അനന്തമായി നീളുമ്പോള്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദ്ദമേറുകയും അവര്‍ മൊഴി മാറ്റി പറയുന്നതും നിരന്തരമായി ആവര്‍ത്തിക്കുന്നു. പല കേസുകളിലും പീഡിപ്പിച്ചവര്‍ കുട്ടികളെ വിവാഹം കഴിക്കുന്നു. പല കേസുകളിലും ഇരു കൂട്ടരുടേയും വീട്ടുകാര്‍ ധാരണയിലെത്തുന്നു. നിരവധി സംഭവങ്ങളില്‍ വിചാരണ നടക്കുമ്പോഴേക്കും കുട്ടിയുടെ വിവാഹം തന്നെ കഴിഞ്ഞിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവിനൊപ്പം കോടതിയില്‍ വരാന്‍ അവര്‍ക്ക് താല്‍പ്പര്യം കാണില്ല. ഭര്‍ത്താക്കന്മാരും അതിനു തയ്യാറാവില്ല. ഇതൊക്കെയാണ് പോക്സോനിയമം പലപ്പോഴും ഫലപ്രദമാകാതെ പോകാന്‍ പ്രധാന കാരണം. വാളയാര്‍, പാലത്തായി, കൊട്ടിയം പോലെ പ്രതികളെ രക്ഷിക്കാന്‍ മുഴുവന്‍ സംവിധാനവും രംഗത്തിറങ്ങുന്ന സംഭവങ്ങളും കുറവല്ല. ഇവക്കെല്ലാം പരിഹാരമുണ്ടാക്കുകയും നടപടികള്‍ അതിവേഗത്തിലാക്കുയും ചെയ്തില്ലെങ്കില്‍ നിയമം കൊണ്ട് വലിയ ഗുണമുണ്ടാകില്ല. ഒപ്പം അതിനേക്കാള്‍ പ്രാധാന്യം ഇരയെ കുറ്റക്കാരായി കാണുന്ന സാമൂഹ്യബോധമാണ്. അതു മാറാത്തിടത്തോളം കാലം നിയമം കൊണ്ട് ഒരു ഗുണവുമുണ്ടാകില്ല എന്നാണ് ഈ സംഭവവും നല്‍കുന്ന പ്രധാനപാഠം. ഒപ്പം കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാനും പ്രതിരോധിക്കാന്‍ പെണ്‍കുട്ടികളേയും ലിംഗനീതി എന്നാലെന്താണെന്ന് ആണ്‍കുട്ടികളെയും പഠിപ്പിക്കാനും നമ്മള്‍ തയ്യാറാകുകയും വേണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in