വേണം കേരളത്തിലും സ്‌ക്വാട്ടര്‍ പ്രസ്ഥാനം – കെ.സഹദേവന്‍

അങ്ങേയറ്റത്തെ അസമത്വം നിറഞ്ഞ മുതലാളിത്ത ഉത്പാദന-വിതരണ രീതികളോടുള്ള പ്രതിഷേധമെന്ന നിലയിലാണ് സ്‌ക്വാര്‍ട്ടേര്‍സ് മൂവ്‌മെന്റുകള്‍ വളര്‍ന്നുവരുന്നത്. അതുകൊണ്ടുതന്നെ സ്‌ക്വാര്‍ട്ടേര്‍സ് പ്രസ്ഥാനം ഒരു രാഷ്ട്രീയ ചിന്താപദ്ധതി കൂടിയാണ്. വ്യക്തികളുടെ സ്വകാര്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രകൃതി വിഭവങ്ങള്‍ ഏതുവിധേനയും ഉപയോഗപ്പെടുത്താമെന്ന ബോധ്യങ്ങളെ അത് ചോദ്യം ചെയ്യുന്നു. വ്യക്തിഗത താല്‍പര്യങ്ങള്‍ക്കപ്പുറത്ത് കൂട്ടായ്മയെയും സഹകരണത്തെയും അത് ഉത്തേജിപ്പിക്കുന്നു

മാനവ വികസന സൂചികയില്‍ കേരളത്തിന്റെ താരതമ്യം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളുമായല്ല മറിച്ച് യൂറോപ്യന്‍ രാജ്യങ്ങളുമായാണ് നടത്താറ് പതിവ്. ഉയര്‍ന്ന ജീവിത നിലവാരം, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍, കുറഞ്ഞ ശിശുമരണ നിരക്ക്, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, എന്തിന് ആത്മഹത്യാ നിരക്ക് പോലും യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്നതാണ് ഇവിടുത്തേത്. ഭൗതിക സാഹചര്യങ്ങള്‍ നല്‍കുന്ന നേട്ടങ്ങളോടൊപ്പം തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങളും കേരളത്തിന്റേതായുണ്ട്. അതിലൊന്നാണ് അടിച്ചിടപ്പെട്ട വീടുകള്‍. 2011ലെ സെന്‍സസ് അനുസരിച്ച് ദീര്‍ഘകാലമായി അടച്ചുപൂട്ടപ്പെട്ട 11, 84,147 വീടുകളുണ്ട് കേരളത്തില്‍! കേരളത്തിലെ മൊത്തം കെട്ടിടങ്ങളുടെ 11% വരും ഇത്. സ്ഥിതിവിവരക്കണക്കുകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആറ് മുറികളുള്ള 57,000 വീടുകളും അഞ്ച് മുറികളുള്ള 74,000 വീടുകളും നാല് മുറികളുള്ള രണ്ട് ലക്ഷത്തോളം വീടുകളും ഈ രീതിയില്‍ ആരാലും ഉപയോഗപ്പെടുത്താതെ അടച്ചിടപ്പെട്ട നിലയിലാണ്.
ഒരുഭാഗത്ത് ഇത്രയധികം വീടുകള്‍ ഉപയോഗമില്ലാതെ കിടക്കുമ്പോള്‍ മറുഭാഗത്ത്, സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് 12ലക്ഷത്തോളം ഭവനരഹിതരായ ആളുകള്‍ കേരളത്തിലുണ്ട് (പ്ലാനിംഗ് ബോര്‍ഡ് റിപ്പോര്‍ട്ട്). ഒരു കുടുംബത്തില്‍ ശരാശരി അഞ്ച് പേര്‍ എന്ന നിലയില്‍ പരിഗണിക്കുകയാണെങ്കില്‍ 2,40,000 കുടുംബങ്ങളാണ് അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നത് എന്നര്‍ത്ഥം. നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ ഭവനരഹിതരായ കുടുംബങ്ങളില്‍ തൊണ്ണൂറ് ശതമാനവും ആദിവാസി-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇന്ദിരാ ആവാസ് യോജന തൊട്ട് ഇഎംഎസ് പാര്‍പ്പിട പദ്ധതികള്‍ വരെ നിരവധി ഭവന പദ്ധതികള്‍ കാലാകാലങ്ങളായി നടപ്പിലാക്കിയിട്ടും ഈ ശോചനീയാവസ്ഥ തുടരുന്നതെന്തുകൊണ്ടാണ് എന്നത് ചിന്തനീയമാണ്. ഇവിടെ പ്രത്യേകം ഓര്‍മ്മിക്കേണ്ട ഒരു വസ്തുത, കേരളത്തിലെ ഭവനരഹിതരുടെ എണ്ണം ഒരു പതിറ്റാണ്ടുനുള്ളില്‍ ഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നതാണ്. 2001ലെ സെന്‍സസില്‍ നിന്നും 2011ലെ സെന്‍സസിലേക്കെത്തുമ്പോള്‍ ഭവനരഹിതരുടെ എണ്ണത്തില്‍ 27% വര്‍ദ്ധനവാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിയോ ലിബറല്‍ നയങ്ങളുടെ ആര്‍ഭാടങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ അദൃശ്യരായി പുറമ്പോക്കുകളിലേക്ക് നീങ്ങുന്നവരുടെ സംഖ്യ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ് എന്ന കാര്യം നാം വിസ്മരിക്കുകയാണ്.
താരതമ്യങ്ങള്‍ എല്ലായ്‌പോഴും യൂറോപ്പുമായി നടത്തുമ്പോഴും ഭവനരഹിതരുടെ പ്രശ്‌നങ്ങളെ ഒരു രാഷ്ട്രീയ വിഷയമായി ഉന്നയിക്കാന്‍ നാമിപ്പോഴും തയ്യാറായിട്ടില്ല. കേറിക്കിടക്കാന്‍ സ്ഥലമില്ലാത്തവരുടെയും ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങളുടെയും പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാനോ അവയോട് കലഹിക്കാനോ നാം തയ്യാറല്ല എന്നര്‍ത്ഥം. ഇത് ഗവണ്‍മെന്റുകളുടെ മാത്രം കാര്യമല്ല മറിച്ച് കേരളത്തിലെ രാഷ്ട്രീയ സംഘടനകളും ഇതര ജനാധിപത്യ പ്രസ്ഥാനങ്ങളും ഈ വിഷയത്തോട് പ്രതികരിക്കുന്നത് തികച്ചും ഉദാസീനമായാണ് എന്ന് പറയാം. അതേസമയം പാര്‍പ്പിട പെരുക്കങ്ങളുടെയും ഭവനരഹിതരുടെയും പ്രശ്‌നങ്ങളോട് യൂറോപ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യ സംഘടനകള്‍ എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്നത് മനസ്സിലാക്കുന്നത് വളരെ പ്രസക്തമായിരിക്കും എന്ന് തോന്നുന്നു.

സ്‌ക്വാട്ടേര്‍സ് മൂവ്‌മെന്റ്

 

 

 

 

 

കേരളം ഇന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഏതാണ്ട് നാല് പതിറ്റാണ്ട് കാലം മുന്നേ അനുഭവിച്ചവരാണ് യൂറോപ്യന്‍ ജനത. അടച്ചിടപ്പെട്ട വീടുകള്‍ ഒരു ഭാഗത്ത് പെരുകിക്കൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് ഭവനരഹിതരായ ആളുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥ. ഇതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് അനാര്‍ക്കിസ്റ്റുകള്‍, മാര്‍ക്‌സിസ്റ്റുകള്‍, സമാധാന പ്രസ്ഥാനങ്ങള്‍, കലാകാരന്മാരുടെ കൂട്ടായ്മ, തൊഴിലാളി സംഘടനകള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ മുന്‍കൈയ്യില്‍ സ്‌ക്വാട്ടേര്‍സ് മൂവ്‌മെന്റ് ഉദയം ചെയ്യുന്നത്. ദീര്‍ഘകാലമായി ഉപയോഗത്തിലില്ലാത്ത സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍ ഭവന രഹിതരായ ആളുകള്‍ ചേര്‍ന്ന് കൂട്ടമായി താമസിക്കുക എന്നതാണ് സ്‌ക്വാട്ടേര്‍സ് മൂവ്‌മെന്റിന്റെ രീതി. സ്വകാര്യ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് കയ്യടക്കുക എന്നതിലുപരി കൂട്ടായ്മയില്‍ അധിഷ്ഠിതമായ, രാഷ്ട്രീയമായി പ്രചോദനമുള്‍ക്കൊണ്ട സംഘങ്ങള്‍ ചേര്‍ന്ന് ഒരുമിച്ച് ചേര്‍ന്ന് ജീവിക്കുന്ന രീതിയാണ് സ്‌ക്വാട്ടേര്‍സ് പ്രസ്ഥാനങ്ങള്‍ അവലംബിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെന്നപോലെ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലും സ്‌ക്വാട്ടേര്‍സ് പ്രസ്ഥാനങ്ങള്‍ സജീവമാണ്.

 

 

 

 

 

 

അങ്ങേയറ്റത്തെ അസമത്വം നിറഞ്ഞ മുതലാളിത്ത ഉത്പാദന-വിതരണ രീതികളോടുള്ള പ്രതിഷേധമെന്ന നിലയിലാണ് സ്‌ക്വാര്‍ട്ടേര്‍സ് മൂവ്‌മെന്റുകള്‍ വളര്‍ന്നുവരുന്നത്. അതുകൊണ്ടുതന്നെ സ്‌ക്വാര്‍ട്ടേര്‍സ് പ്രസ്ഥാനം ഒരു രാഷ്ട്രീയ ചിന്താപദ്ധതി കൂടിയാണ്. വ്യക്തികളുടെ സ്വകാര്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രകൃതി വിഭവങ്ങള്‍ ഏതുവിധേനയും ഉപയോഗപ്പെടുത്താമെന്ന ബോധ്യങ്ങളെ അത് ചോദ്യം ചെയ്യുന്നു. വ്യക്തിഗത താല്‍പര്യങ്ങള്‍ക്കപ്പുറത്ത് കൂട്ടായ്മയെയും സഹകരണത്തെയും അത് ഉത്തേജിപ്പിക്കുന്നു. സ്‌ക്വാട്ടര്‍ പ്രസ്ഥാനങ്ങള്‍ പ്രധാനമായും ഉറവെടുത്തത് നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. നഗരങ്ങളുടെ ക്രമാതീതമായ വളര്‍ച്ച വിഭവങ്ങളുടെ ധാരാളിത്തത്തിലേക്ക് നയിക്കുമ്പോള്‍ തന്നെ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ പാങ്ങില്ലാത്ത സാധാരണ മനുഷ്യരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവുണ്ടാക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും നല്‍കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ ഈ സാധാരണ മനുഷ്യരെ കാഴ്ചകളില്‍ നിന്ന് മറക്കുന്നു. നഗരങ്ങളുടെ വളര്‍ച്ചയോടൊപ്പം തന്നെ വര്‍ദ്ധിക്കുന്ന ഈ മനുഷ്യര്‍ക്ക് സംഘടിക്കാതെ തരമില്ലെന്നാകുന്നു. സ്‌ക്വാട്ടര്‍ പ്രസ്ഥാനങ്ങളുടെ ആരംഭം അവിടെ നിന്നാണ്.
സ്‌ക്വാട്ടര്‍ പ്രസ്ഥാനങ്ങളെ നിയമവിരുദ്ധ സംഘങ്ങളായാണ് സര്‍ക്കാരുകള്‍ പരിഗണിക്കുന്നതെങ്കിലും വികസന പ്രതിസന്ധികളോടുള്ള ഗുണാത്മക മനോഭാവത്തോടുകൂടിയാണ് മിക്കവാറും പ്രസ്ഥാനങ്ങളും സമൂഹത്തില്‍ ഇടപെടുന്നത്. പൊതുവായ വിഭവ വിനിയോഗം, സമതയെ അടിസ്ഥാനപ്പെടുത്തിയുള്ള വിഭവ വിതരണം എന്നിവ ഇത്തരം പ്രസ്ഥാനങ്ങളുടെ മുഖമുദ്രയാണ്. പാര്‍പ്പിട പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങളില്‍ നിന്നാണ് അവ ഉടലെടുത്തതെങ്കിലും സഹകരണത്തിലധിഷ്ഠിതമായ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിവിധങ്ങളായ നവീന ആശയങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. നഗര കേന്ദ്രീകൃത ഭക്ഷ്യോത്പാദന സംഘങ്ങള്‍, സൈക്കിള്‍ സംഘങ്ങള്‍, നഗര കമ്യൂണുകള്‍, ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ പ്രസ്ഥാനങ്ങള്‍ എന്നിവ സ്‌ക്വാട്ടര്‍ മൂവ്‌മെന്റുകളിലൂടെ ശക്തിപ്പെട്ടിട്ടുണ്ട്. ഉപയോഗപ്പെടുത്താതെ കിടക്കുന്ന സ്ഥലങ്ങളില്‍ പഴം-പച്ചക്കറികള്‍ ഉത്പാദിപ്പിച്ചുകൊണ്ട് സ്വാശ്രയത്വത്തിന്റെ പുതിയൊരദ്ധ്യായം അവര്‍ തുറന്നിടുകയുണ്ടായി. സ്‌ക്വാട്ടര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന നഗര കൃഷിയിടങ്ങള്‍ പില്‍ക്കാലത്ത് ഗംഭീര ആശയമായി സ്വീകരിക്കപ്പെടുകയുണ്ടായി. യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി സൈക്കിളുകള്‍ ഉപയോഗിക്കുകയും ആവശ്യമുള്ളവര്‍ക്ക് അവ എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്ന പുതുപ്രവണതയും സ്‌ക്വാട്ടര്‍ മൂവ്‌മെന്റുകളിലൂടെ ആരംഭിക്കപ്പെട്ടതാണെന്ന് പറയാം. വിഭവ പരിമിതികളില്‍ നിന്നാണ് ഇത്തരം ആശയങ്ങള്‍ക്ക് തുടക്കമിട്ടതെങ്കിലും നഗരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന പാരിസ്ഥിതിക മലിനീകരണങ്ങള്‍ക്കും മാനസിക പിരിമുറുക്കങ്ങള്‍ക്കും ഇത് ചെറുതല്ലാത്ത ആശ്വാസം നല്‍കിക്കൊണ്ടിരുന്നു.

 

 

 

 

 

 

 

കോപന്‍ഹാഗനിലെ ‘ഉംഗ്ഡംഹുസെറ്റ്’ (ungdomhuset-youth house), ന്യൂയോര്‍ക്കിലെ അംബ്രല്ലാ ഹൗസ് തുടങ്ങിയ നിരവധി സ്‌ക്വാര്‍ട്ടര്‍ സെറ്റില്‍മെന്റുകള്‍ പിന്നീട് സഹകരണ പ്രസ്ഥാനങ്ങളുടെ ഉദാത്ത ഉദാഹരണമായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഉംഗ്ഡംഹുസെറ്റ് 2007ല്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ പിരിച്ചുവിട്ടെങ്കിലും അംബ്രല്ലാ ഹൗസ് ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അനിയന്ത്രിത വിഭവ വിനിയോഗം, നഗരങ്ങളുടെ ക്രമാതീത വളര്‍ച്ച, മലിനീകരണം, ജനപ്പെരുപ്പം തുടങ്ങിയവ ഇന്ത്യയിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പ്രസ്ഥാനമെന്ന നിലയില്‍ ആസൂത്രിതമായ രീതിയില്‍ രൂപപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലും സ്‌ക്വാട്ടര്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ, ഉപയോഗപ്പെടുത്താത്തതോ ആയ സ്ഥലങ്ങള്‍ കൈയ്യേറി താമസമാരംഭിക്കുന്ന രീതി ഇന്ത്യയിലും കാണാവുന്നതാണ്. കേരളത്തില്‍ ചെങ്ങറ, അരിപ്പ എന്നീ ഭൂസമര വേദികള്‍ സ്‌ക്വാട്ടര്‍ പ്രസ്ഥാനങ്ങളുടെ കേരളീയ ഉദാഹരണങ്ങളാണ്. ജൈവ കാര്‍ഷിക രീതികളിലൂടെ വിപണിയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ചെങ്ങറ മാതൃകയുടെ സാധ്യതകള്‍ ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല.
പാര്‍പ്പിടമെന്നത് എല്ലാ മനുഷ്യരുടെയും അടിസ്ഥാന അവകാശമാണ്. അത് പൂര്‍ത്തീകരിക്കാന്‍ നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയുള്ള നിയമലംഘന പ്രസ്ഥാനങ്ങള്‍ രൂപപ്പെടുക തന്നെ ചെയ്യും. നിര്‍മ്മാണാത്മകവും സര്‍ഗ്ഗാത്മകവുമായ സ്‌ക്വാര്‍ട്ടര്‍ പ്രസ്ഥാനങ്ങള്‍ നല്‍കുന്ന സൂചനകള്‍ അതാണ്. കേരളം എന്തിന് മടിച്ചു നില്‍ക്കണം?

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply