ഇന്ത്യയുടെ വീരപുത്രന്‍ ഉധം സിങിനെ സ്മരിക്കുമ്പോള്‍ – കെ സി സെബാസ്റ്റിന്‍

സ്വാതന്ത്ര്യ പ്രേമികളായവര്‍ക്ക് ആവേശം പകരുന്നതും ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രാന്വേഷകര്‍ക്ക് നെഞ്ചില്‍ കുറിക്കാവുന്നതുമായ പേരാണ് ഉധം സിങ്. 79 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1940 ജൂലൈ 31 ന് ബ്രിട്ടീഷ് ഭരണകൂടം ഉധം സിങ്ങിനെ തൂക്കിക്കൊല്ലുകയായിരുന്നു.

മൂല്യച്യുതി സംഭവിച്ച ഒരു സമൂഹത്തില്‍ നിസ്വാര്‍ത്ഥ സേവനത്തിലൂടെ സ്വന്തം ജീവന്‍ മാതൃഭൂമിക്കുവേണ്ടി ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികള്‍ വിസ്മരണീയമായാല്‍ അതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു. എന്നാല്‍ പഴയ തലമുറ മറന്നു പോയതും പുതിയ തലമുറയ്ക്ക് അജ്ഞാതവുമായ ഉധം സിങിനെ മറന്നുകളയാനാകുമോ?

 

 

 

 

 

 

 

 

നമ്മള്‍ ഇന്നും ജീവിക്കുന്ന സ്വതന്ത്ര ഭാരതത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി ജീവന്‍ ത്യജിച്ച വീരരും ധീരരുമായ മനുഷ്യരില്‍ ഭഗത് സിങ്, ആസാദ്, രാജഗുരു, മംഗള്‍ പാണ്ഡെ എന്നിവരെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന നാമമാണ് ഉധം സിങ്. സ്വാതന്ത്ര്യ പ്രേമികളായവര്‍ക്ക് ആവേശം പകരുന്നതും ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രാന്വേഷകര്‍ക്ക് നെഞ്ചില്‍ കുറിക്കാവുന്നതുമായ പേരാണ് ഉധം സിങ്. 79 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1940 ജൂലൈ 31 ന് ബ്രിട്ടീഷ് ഭരണകൂടം ഉധം സിങ്ങിനെ തൂക്കിക്കൊല്ലുകയായിരുന്നു.

ഉധം സിങിന്റെ ചരിത്രത്തിലേക്ക് പിന്‍തിരിഞ്ഞ് നടക്കുമ്പോള്‍ നമ്മള്‍ എത്തിച്ചേരുന്നത്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആഴത്തില്‍ കുഴിച്ചിടപ്പെട്ട ഒരു നാഴികക്കല്ലായ അമൃത്സറിലെ ജാലിയന്‍വാലാബാഗിലാണ്.ഇപ്പോള്‍ 100 വര്‍ഷം കൊണ്ടാടുന്ന ഈ കൂട്ടക്കുരുതിയുടെ ഓര്‍മ്മകളില്‍ ജാലിയന്‍വാലാബാഗിനൊപ്പം ഉദിച്ചു നില്‍ക്കുന്ന ഉദം സിങിനെ ഒഴിച്ചു നിര്‍ത്താനാകില്ല.

പോയകാലത്തോടൊപ്പം വിസ്മൃതിയിലേക്ക് ഒഴുകിപ്പോകാതെ, ചരിത്രത്താളുകളില്‍ ചോരകൊണ്ടു രചിക്കപ്പെട്ട ജാലിയന്‍വാലാബാഗിനെക്കുറിച്ച് പറയുകയാണെങ്കില്‍ ദേശാഭിമാനികള്‍ക്കിടയില്‍ ഇപ്പോഴും വൈകാരികമായ ഒരോര്‍മ തന്നെ.

 

 

 

 

 

 

 

 

1919 ഏപ്രില്‍ 13. ജാലിയന്‍വാലാബാഗിലെ ഒരു ഉഷ്ണകാല സായാഹ്നം.ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം ഇന്ത്യക്കാരുടെ പൗരസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് പാസാക്കിയ ‘റൗലറ്റ്’ എന്ന മര്‍ദ്ദക നിയമത്തിനെതിരെ ജാലിയന്‍വാലാബാഗിലെ കൊച്ചു മൈതാനത്ത് പൊതുയോഗത്തിനായി തടിച്ചുകൂടിയത് ഏതാണ്ട് ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടമായിരുന്നു.ഇവര്‍ക്ക് കുടിവെള്ളം നല്‍കുന്ന സന്നദ്ധേസവകനായി ഉധം സിങും ഉണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തങ്ങള്‍ ആത്മാഭിമാനമുള്ള ഒരു ജനതയാണെന്ന് പ്രഖ്യാപിച്ച, കൊച്ചുകുട്ടികളും സ്ത്രീകളുമടങ്ങുന്ന നിരായുധരും സമാധാനകാംക്ഷികളുമായ ജനക്കൂട്ടത്തിലേക്ക് ഒരു പ്രകോപനവുമില്ലാതെ വെടിവെക്കാന്‍ ജനറല്‍ റെജിനാള്‍ഡ് ഡയര്‍ ആജ്ഞാപിച്ചു.
മരണത്തിന്റെ ആര്‍ത്തനാദങ്ങളും കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളിയും വെടിയൊച്ചകളും കൊണ്ട് അന്തരീക്ഷം മുഖരിതമായി.നാലടിയോളം വീതിയുള്ള പ്രധാന പ്രവേശന കവാടം കൂടാതെ ഒരാള്‍ക്ക് വളരെ പ്രയാസപ്പെട്ട് പോകാവുന്ന രണ്ടു മൂന്ന് വഴികളും മാത്രമുള്ള ജാലിയന്‍വാലബാഗിലെ ഈ മുന്‍ തോട്ടം നിമിഷങ്ങള്‍ കൊണ്ട് മരണത്തിന്റെ തോട്ടമായി മാറി.
ഒരു മുന്നറിയിപ്പും കൂടാതെ പ്രവേശന കവാടത്തില്‍ നിന്ന് നടത്തിയ വെടിവെപ്പില്‍ സ്വതന്ത്ര്യത്തെ സ്‌നേഹിച്ച രണ്ടായിരത്തോളം മനുഷ്യരാണ് പഴുത്ത മാമ്പഴം പൊഴിയുംപോലെ മരിച്ചുവീണത്. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഇവിടത്തെ ആഴമുള്ള കിണറ്റില്‍ വീണു മരിച്ചവര്‍ നൂറോളം വരും.

സിഖും ഹിന്ദുവും മുസ്ലീമും ഉണ്ടായിരുന്ന ഈ ആള്‍ക്കൂട്ടത്തില്‍ കൊല്ലപ്പെട്ടവര്‍ ഭൂരിഭാഗവും സിഖുകാരാണ്. ഈ ദിവസം സിഖുകാരുടെ ‘ഖല്‍സ’ സ്ഥാപിത ദിനമായിരുന്നു.കൂടാതെ പഞ്ചാബിലെ കാര്‍ഷികോത്സവമായ വൈശാഖിയുമായിരുന്നു. പഞ്ചാബിന്റെ ആഹ്ലാദത്തിന്റെ ഈ സുദിനത്തില്‍ ശവങ്ങളും പരിക്കേറ്റവരും ചോരയും കണ്ണീരും കൂടിക്കുഴഞ്ഞ് ദുഃഖസാന്ദ്രമായി, ജാലിയന്‍വാലാബാഗ്. ഈ നിഷ്ഠൂര സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു ഉധം സിങ്.

സ്വേച്ഛാധിപതിയായ ഡയറിന്റെ ഈ ക്രൂരകൃത്യം ഉദം സിങിന്റെ മനസില്‍ ആഴത്തില്‍ മുറിവേല്പിച്ചു.ഈ മുറിവിന്റെ വേദന പെട്ടെന്നു തന്നെ പ്രതികാരാഗ്‌നിയായി വളര്‍ന്ന് ഈ കൂട്ടക്കുരുതിക്ക് പകരം വീട്ടുമെന്ന ദൃഢനിശ്ചയത്തിലാണെത്തിയത്.

ഉപല്ലി ഗ്രാമത്തിലെ ഒരു റെയില്‍വെ ക്രോസിങ് കാവല്‍ക്കാരനായ സര്‍ദാര്‍ തെഹല്‍ സിങിന്റെ മകനായി 1899 ഡിസംബര്‍ 26 ന് സങ്കൂര്‍ ജില്ലയിലെ സുനാമിലാണ് ഉധം സിങ് ജനിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ അനാഥാലയത്തില്‍ വളരേണ്ടി വന്നു. മെട്രിക്കുലേഷന്‍ പാസായതോടെ 1919ല്‍ അനാഥാലയം വിട്ടു. പിന്നീട് വിപ്ലവ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി.ഭഗത് സിങും അദ്ദേഹത്തിന്റെ വിപ്ലവ ഗ്രൂപ്പും ഉധം സിങിനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി ഇരുപതില്‍ ഉധം സിങ് ഇംഗ്ലണ്ടിലേക്ക് യാത്രയായി.അവിടെ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും തുടര്‍ന്ന് അമേരിക്കയിലും. അവിടെവെച്ച് ‘ഗദ്ദര്‍’ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു.1927 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ഉധം സിങ്, ഭഗത് സിങ് പറഞ്ഞതനുസരിച്ച് വെടിക്കോപ്പും റിവോള്‍വറുകളും കൊണ്ടുവന്നിരുന്നു.ഇതേ തുടര്‍ന്ന് ആയുധ നിയമപ്രകാരം അറസ്റ്റിലായി. 4 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. 1931 ല്‍ ജയില്‍ മോചിതനായ അദ്ദേഹം ബ്രിട്ടീഷ് പൊലീസിന്റെ വേട്ടയാടല്‍ നിമിത്തം കശ്മീരിലേക്കു പോകുകയും അവിടെ നിന്ന് ജര്‍മ്മനിയിലേക്ക് രക്ഷപ്പെടുകയുമുണ്ടായി.1934 ല്‍ അദ്ദേഹം ലണ്ടനില്‍ എത്തി. അവിടെ ഒരു എഞ്ചിനീയറായി ജോലിചെയ്തു. അങ്ങനെ സ്വകാര്യമായി മൈക്കല്‍ ഒ’ ഡ്വയറെ കൊല്ലുന്നതിനായി പദ്ധതിയൊരുക്കി.

ജയിലില്‍ കഴിയുമ്പോഴാണ് ഉധം സിങ് തന്റെ പേരു് രാം മൊഹമ്മദ് സിങ് ആസാദ് എന്നാക്കിയത്. മതങ്ങള്‍ സൃഷ്ടിക്കുന്ന വിഭാഗീയതക്കും വര്‍ഗീയവികാരത്തിനും സാമ്രാജ്യത്വ അധീശത്വത്തിനും എതിരെ ആയിരുന്നു ഈ പേരു മാറ്റം.ഹിന്ദുവും മുസ്ലീമും സിഖും സ്വാതന്ത്യ പോരാളിയും കൂടിച്ചേരുന്ന ഒരു മനുഷ്യനാണ് താനെന്ന് രാം മൊഹമ്മദ് സിങ് ആസാദ് എന്ന നാമത്തിലൂടെ ഉധം സിങ് പ്രഖ്യാപിച്ചു.

 

 

 

 

 

 

 

 

ഉധം സിങിന് തന്റെ പ്രതിജ്ഞ നിറവേറ്റാന്‍ നീണ്ട 21വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 1940 മാര്‍ച്ച് 13 ന് ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളില്‍ ഒരുയോഗം നടന്നു കൊണ്ടിരിക്കുമ്പോള്‍ ബ്രിട്ടീഷ് മേധാവിയായ മൈക്കല്‍ ഒ’ ഡ്വയറിനെ ഉധം സിങ് വെടിവെച്ചു കൊന്നു.മറ്റു മൂന്നു ബ്രിട്ടീഷ് മേധാവികള്‍ക്കുകൂടി ഉധം സിങിന്റെ വെടിയേല്‍ക്കുകയുണ്ടായി.
റൗലറ്റ് നിയമം നടപ്പാക്കിയത് അന്ന് പഞ്ചാബ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്ന മൈക്കല്‍ ഒ’ ഡ്വയറായിരുന്നു. വെടിവെയ്ക്കാന്‍ ആജ്ഞനല്‍കിയത് ജനറല്‍ റെജിനാള്‍ഡ് ഡയറും.ഇയാളെ കുറ്റക്കാരന്‍ എന്നു കണ്ട് പിന്നീട് സൈന്യത്തില്‍ നിന്നു പിരിച്ചുവിട്ടിരുന്നു.1927 ജൂലൈ 23 ന് പക്ഷാഘാതത്തെ തുടര്‍ന്ന് ഡയര്‍ മരിച്ചു.(1939-1940കാലത്തെ ഉധം സിങിന്റെ ഡയറി കുറിപ്പുകളില്‍ ഇടയ്ക്കിടെ മൈക്കല്‍ ഒ’ ഡ്വയറിന്റെ സര്‍നെയിം ഡയര്‍ എന്നു എഴുതിയിട്ടുണ്ട്.ഇത് തെറ്റിദ്ധാരണയ്ക്കു ഇടവരുത്തിയിട്ടുണ്ട് ).

സ്വേച്ഛാധിപതിയായ മൈക്കല്‍ ഒ’ ഡ്വയറിനെ വധിച്ച ഉധം സിങിന്റെ പ്രവൃത്തിയെ അന്ന് ഗാന്ധിജിയും നെഹ്രുവും തള്ളിപ്പറഞ്ഞു.ലോകം അംഗീകരിച്ച ധീര വിപ്ലവകാരിയായ ഉധം സിങിനെ 1962 ല്‍ അതേ നാവുകൊണ്ടു തന്നെ ജവഹര്‍ലാല്‍ നെഹ്‌റു ‘മഹാനായ രക്തസാക്ഷി’എന്നു തിരുത്തി പറഞ്ഞതായി ചരിത്രം.1974 ല്‍ സാധു സിങ് തിന്റ എന്ന എം എല്‍ എ യുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഉധം സിങിന്റെ ഉത്ഖനനം ചെയ്ത അവശിഷ്ടങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.ഇന്ദിരാഗാന്ധി,ശങ്കര്‍ ദയാല്‍ ശര്‍മ,സെയില്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് ഉധം സിങിന്റെ പേടകം സ്വീകരിച്ചത്.പിന്നീട് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ദഹിപ്പിക്കുകയും ചാരം സട്‌ലന്‍ജ് നദിയില്‍ ഒഴുക്കുകയുമുണ്ടായി. അതില്‍ കുറച്ചു ചാരം സീല്‍ ചെയ്ത കലശത്തില്‍ ജാലിയന്‍വാലാബാഗില്‍ സൂക്ഷിക്കുന്നു. 34 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലെത്തിച്ച അദ്ദേഹത്തിന്റെ ശരീരാവശിഷ്ടത്തിന് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.ഇന്ന് പഞ്ചാബിലും ഹരിയാനയിലും ഉധം സിങ് രക്തസാക്ഷിയായ ദിവസം പൊതു അവധിയാണ്.

ബ്രിട്ടണിലെ പെന്റോണ്‍വില്ലെ ജയിലില്‍ തൂക്കിലേറ്റുമ്പോള്‍ ഉധം സിങിന് 40 വയസ്സായിരുന്നു.വിചാരണ കാത്തുകഴിയുമ്പോള്‍ 42 ദിവസം നിരാഹാര സമരത്തിലായിരുന്ന അദ്ദേഹത്തെ ബലംപ്രയോഗിച്ചു ഭക്ഷണം കഴിപ്പിക്കുകയായിരുന്നു.

പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്ന സ്വേച്ഛാധിപതിയായ മൈക്കല്‍ ഒ’ ഡ്വയറിനെ കൊന്നതിനെക്കുറിച്ച് ‘ഗദ്ദര്‍’ എന്ന വിപ്ലവ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ ഉധം സിങ് പറഞ്ഞത്, ‘ഞാന്‍ അതുചെയ്തു. അയാളോട് എനിക്ക് പകയുണ്ടായിരുന്നു.അയാള്‍ അതര്‍ഹിക്കുന്നു. ഡ്വയറാണ് ആണ് യഥാര്‍ത്ഥ കുറ്റവാളി.ബ്രിട്ടീഷ്.ഭരണകാലത്ത് ഇന്ത്യയില്‍ പട്ടിണികൊണ്ടു ജനങ്ങള്‍ മരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.അതിനെതിരെ ഞാന്‍ പ്രതിഷേധിച്ചിട്ടുണ്ട്.അതെന്റെ കടമയായിരുന്നു.അയാളെന്റെ ജനങ്ങളുടെ ആത്മാവിനെ കശക്കുവാന്‍ ആഗ്രഹിച്ചു.അതുകൊണ്ടു ഞാന്‍ ഡ്വയറെ ഇല്ലാതാക്കി.21 വര്‍ഷമായി ഞാന്‍ പ്രതികാരം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.ആ കൃത്യം നിര്‍വ്വഹിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്.ഞാന്‍ മരണത്തെ ഭയപ്പെടുന്നില്ല’.

ബ്രിട്ടീഷ് ഭരണകൂടം ഉധം സിങിനെ തൂക്കിലേറ്റുമ്പോള്‍ അദ്ദേഹം അവസാനമായി പറഞ്ഞു,’എന്റെ മാതൃഭൂമിക്കു വേണ്ടി മരിക്കുന്നതിനേക്കാള്‍ എന്തു മഹത്തായ ബഹുമതിയാണ് എനിക്കു സമ്മാനിക്കാന്‍ കഴിയുക?’

കപട ദേശീയവാദികളായ ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ക്ക് ഒരിക്കലും പകരം വെയ്ക്കാനാകാത്ത ദേശീയ മതേതരവാദിയായ സ്വാതന്ത്ര്യസമര പോരാളിയാണ് ഉധം സിങ് എന്ന് അദ്ദേഹം തന്റെ ത്യാഗോജ്വലമായ ജീവിതം കൊണ്ട് തെളിയിച്ചു. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഉധം സിങിന്റെ മഹത്തായ രക്തസാക്ഷിത്വത്തിനു മുന്നില്‍ ഇന്ന് ലോകം നമിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply