
അമേരിക്ക സ്വേച്ഛാധിപത്യമായി മാറുന്ന വിധം
പുത്തനച്ചി പൊരപ്പുറം തൂക്കും എന്ന് കേട്ടിട്ടേയുള്ളൂ, കണ്ടിട്ടില്ല എങ്കില്‍, അമേരിക്കയിലോട്ട് വന്നാല്‍ കാണാം. ഡോണള്‍ഡ് ട്രംപ് തികച്ചും പുത്തനച്ചി അല്ല; നാല് വര്‍ഷത്തേക്ക് ബന്ധം ഒഴിഞ്ഞുപോയ മുടിയനായ മരുമകനെ നട്ടെല്ലില്ലാത്ത കാരണവര്‍ തിരിച്ചുവിളിച്ചു കുടുംബത്തില്‍ കയറ്റിയതാണ്. വന്നു കയറിയപാടേ ദിവസേന എന്ന പോലെ ട്രംപ്, അയാള്‍ ചെയ്യും എന്ന് അയാളുടെ ആള്‍ക്കാരോട് അമേരിക്കയിലെ റെയ്‌സിസ്റ്റുകളോട് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
2021ലെ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിച്ചതിനെത്തുടര്‍ന്ന് ട്രംപിന്റെ അനുയായികള്‍ നടത്തിയ capitol insurrectionല്‍ കുറ്റാരോപിതരായി ജയിലടയ്ക്കപ്പെട്ടവരെ അവരുടെ കുറ്റകൃത്യങ്ങള്‍ മാപ്പാക്കി ഉടനടി മോചിപ്പിക്കും, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കും, രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്നവരെ നാടുകടത്തും, അനധികൃത കുടിയേറ്റം അവസാനിപ്പിക്കും, ആദായ നികുതി വെട്ടിക്കുറയ്ക്കും, കമ്പോളങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കും, മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ മതില് കെട്ടും, യുക്രയിനിലെയും ഗാസയിലെയും യുദ്ധം അവസാനിപ്പിക്കും, അന്താരാഷ്ട്ര കൂട്ടായ്മകളില്‍ നിന്നും അമേരിക്കയെ വിടുതലാക്കും, മെക്‌സിക്കോ-കനഡ- ചൈന എന്നിവടങ്ങളില്‍ നിന്നുള്ള ഇറക്കുമതികളില്‍ കനത്ത തീരുവ ചുമത്തും, അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഫെഡറല്‍ ഗവണ്‍മെന്റിനെ വെട്ടിച്ചുരുക്കും, എല്ലാ ഫെഡറല്‍ സ്ഥാപനങ്ങളില്‍ നിന്നും DEI (Diverstiy, Equtiy, Inclusion) പ്രോഗ്രാമുകള്‍ ഒഴിവാക്കും – പല പല വാഗ്ദാനങ്ങള്‍ ആണ് ട്രംപ് നടത്തിയത്. ഇയാള്‍ക്കുവേണ്ടി വോട്ട് ചെയ്തവര്‍ക്ക് പ്രിയപ്പെട്ട വാഗ്ദാനങ്ങള്‍. ട്രംപിന്റെ ഡേ 1 വാഗ്ദാനങ്ങളും അവയുടെ പരിണത ഫലങ്ങളും ഇതുവരെ ഇപ്രകാരമാണ്:
1. രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്നവരെ നാടുകടത്തും, അനധികൃത കുടിയേറ്റം അവസാനിപ്പിക്കും: അധികാരത്തിലേറിയ ആദ്യ മാസത്തില്‍, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം അമേരിക്ക 37,660 പേരെ നാടുകടത്തി. ഇതില്‍ 332 ഇന്‍ഡ്യാക്കാരും ഉള്‍പ്പെടും. ഇത് ബൈഡന്റെ കാലഘട്ടത്തില്‍ നാടുകടത്തിയവരുടെ നമ്പര്‍ വെച്ച് നോക്കുമ്പോള്‍ കുറവാണ്. ബൈഡന്‍ ഭരണകാലത്ത് പ്രതിമാസ ശരാശരി 57,000 നീക്കം ചെയ്യലുകളാണ് നടത്തിയിരുന്നത്.
2. ജനുവരി 6, 2021 മാപ്പാക്കല്‍: പ്രസിഡന്‍ഷ്യല്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം, യുഎസ് ക്യാപിറ്റല്‍ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരോ കുറ്റക്കാരോ ആയ 1,500ലധികം ആളുകള്‍ക്ക് ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി മാപ്പു നല്‍കി ശിക്ഷ റദ്ദാക്കി. 4 ക്യാപ്പിറ്റല്‍ പോലീസുകാര്‍ മരിച്ചതുള്‍പ്പടെ 174 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് ഈ കലാപം. കലാപകാരികള്‍ ഇപ്പോള്‍ സ്വതന്ത്രരാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
3. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കും: തന്റെ രണ്ടാമത്തെ പ്രസിഡന്‍സിയുടെ ആദ്യ പ്രവൃത്തികളൊന്നില്‍ അമേരിക്കന്‍ മണ്ണില്‍ ജനിച്ച ഏതൊരാള്‍ക്കും നിലവില്‍ ലഭിക്കുന്ന അമേരിക്കന്‍ പൗരത്വത്തിനുള്ള സ്വയമേവയുള്ള അവകാശം അവസാനിപ്പിക്കാന്‍ ട്രംപ് ഉത്തരവിട്ടു. അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയുടെ ആദ്യ വാചകം ജന്മാവകാശ പൗരത്വത്തിന്റെ തത്വം സ്ഥാപിക്കുന്നു: ‘യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ ജനിച്ചവരോ സ്വാഭാവികമാക്കപ്പെട്ടവരോ ആയ എല്ലാ വ്യക്തികളും, അതിന്റെ അധികാരപരിധിക്ക് വിധേയമായി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെയും അവര്‍ താമസിക്കുന്ന സംസ്ഥാനത്തിലെയും പൗരന്മാരാണ്.’ ഈ കോണ്‍സ്റ്റിട്യൂഷനല്‍ അമെന്‍ഡ്‌മെന്റ് ആണ് ട്രംപ് എക്‌സികുട്ടീവ് ഓര്‍ഡര്‍ വഴി തടഞ്ഞിരിക്കുന്നത്. അനധികൃതമായോ താല്‍ക്കാലിക വിസയിലോ (എ1 സ്റ്റുഡന്റ് വിസ, ഒ1 ജോലി വിസ എന്നിവയും ഉള്‍പ്പെടും) അമേരിക്കയില്‍ കഴിയുന്നവരുടെ, ഇവിടെ ജനിച്ച മക്കള്‍ക്ക് പൗരത്വം നിഷേധിക്കാനാണ് ട്രംപിന്റെ ഉത്തരവ്. എന്നാല്‍, നീണ്ട പോരാട്ടത്തിനൊരുങ്ങിക്കൊണ്ട് ഈ ഉത്തരവിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോടതികള്‍ ഇത് തടഞ്ഞുകഴിഞ്ഞു. അമേരിക്കന്‍ ഭരണഘടനാ ഭേദഗതിയെ (constitutional amendment) അടിസ്ഥാനമാക്കിയുള്ള ഈ നിയമപരമായ അവകാശം ഏകപക്ഷീയമായി മാറ്റാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമില്ല എന്നാണ് കോടതിയുടെയും ഭരണഘടനാ നിയമ പണ്ഡിതന്മാരുടെയും നിലപാട്.
4. യുക്രയ്ന്‍/ ഗാസ യുദ്ധങ്ങള്‍ അവസാനിപ്പിക്കും: ഫെബ്രുവരിയില്‍ സൗദി അറേബ്യയില്‍ വെച്ച് ട്രംപിന്റെ ദൂതന്മാര്‍ യു.എസ്.- റഷ്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് യുക്രയ്‌നില്‍ സമാധാനം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്നായിരുന്നു വെപ്പ്. എന്നാല്‍ യുക്രയ്‌നിന്റെ പങ്കാളിത്തമില്ലാതെ നടത്തപ്പെട്ട ഈ കൂട്ടായ്മയുടെ അവസാനം അമേരിക്ക റഷ്യയുടെയും പുട്ടിനിന്റെയും ആവശ്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിട്ടാണ് ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. അമേരിക്കക്കും റഷ്യക്കും വേണ്ടുന്ന സാമ്പത്തിക-പ്രാദേശിക രാഷ്ട്രീയ ഇളവുകള്‍ യുക്രയ്‌നില്‍ നിന്നും പിടിച്ചുവാങ്ങിക്കാനാണ് ഇപ്പോള്‍ ട്രംപിന്റെ ശ്രമം. അമേരിക്ക ഇതുവരെ യുക്രയ്‌നിനു നല്‍കിയിരുന്ന പിന്തുണ ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ ഉണ്ടാവില്ല എന്നാണ് നിരീക്ഷകരുടെ അനുമാനം.
ഫെബ്രുവരി 25-ാം തീയതി ട്രംപ് അയാളുടെ ട്രൂത് സോഷ്യല്‍ (Truth Social) എന്ന ചാനലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മ്മിച്ച ‘ട്രംപ് ഗാസ’ എന്നൊരു വീഡിയോ പങ്കിട്ടിരുന്നു. ഇസ്രേലി ആക്രമണത്തില്‍ തകര്‍ന്ന ഗാസ ട്രംപ് വികസിപ്പിക്കുന്നതാണ് 33 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ പ്രമേയം. ട്രംപും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെറ്റന്യാഹുവും, കോടീശ്വരനും ട്രംപിന്റെ അനുയായിയും ട്രംപിന്റെ ക്യാബിനറ്റിലെ ഫെഡറല്‍ നയങ്ങളുടെ മുഖ്യ ശില്പിയുമായ ഇലോണ്‍ മസ്‌കുമാണ് പ്രധാന കഥാപാത്രങ്ങള്‍. യുദ്ധത്തില്‍ തകര്‍ന്ന ഗാസയ്ക്ക് പകരം അംബരചുംബികളായ കെട്ടിടങ്ങള്‍, തിളങ്ങുന്ന കടല്‍ത്തീരം, ട്രംപിന്റെ പടമുള്ള ബലൂണുകള്‍ പറത്തുന്ന വെളുത്ത വര്‍ഗ്ഗക്കാരുടെ കുഞ്ഞുങ്ങള്‍ എന്നിവര്‍ ഗാസയിലൂടെ ഓടിക്കളിക്കുന്നു. ട്രംപും നെറ്റന്യാഹുവും മസ്‌കും ചിരിച്ചുകൊണ്ട് ശീതളപാനീയങ്ങള്‍ കുടിക്കുന്നു. വീഡിയോ സൗണ്ട്ട്രാക്ക് ഇങ്ങനെ പാടുന്നു: ‘ഇനി തുരങ്കങ്ങള്‍ ഉണ്ടാവില്ല, ഭയം ഒട്ടും വേണ്ട; ഒടുവില്‍ ‘ട്രംപ് ഗാസ’ ഇവിടെ എത്തിക്കഴിഞ്ഞു. ട്രംപ് ഗാസ: തിളങ്ങുന്ന, സുവര്‍ണ്ണ ഭാവി, പുതിയ വെളിച്ചം.’ ന്യൂയോര്‍ക്കിലെ ‘ട്രംപ് പ്ലാസ’പോലെ പലസ്തീനില്‍ ഇയാള്‍ ‘ട്രംപ് ഗാസ’ ഉണ്ടാക്കുന്നതാണ് ഇസ്രേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രധാന പ്രചോദനം എന്നുവേണം അനുമാനിക്കാന്‍. പലസ്തീനികള്‍ക്ക് ഒരിക്കലും പലസ്തീനിലേക്ക് Right of Return ഉണ്ടാവില്ല എന്നും, യുദ്ധത്തില്‍ മാറ്റി താമസിപ്പിക്കപ്പെട്ട പലസ്തീനികള്‍ വേറെ നാടുകളില്‍ പോയി പാര്‍ത്തോളണം എന്നുമാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഗാസ മിഡില്‍ഈസ്റ്റിലെ ‘ഫ്രഞ്ച് റിവിയേറ’ (French Riviera) ആക്കി മാറ്റുമത്രേ.
5. മെക്‌സിക്കോ, ചൈന, കനഡ എന്നിവടങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള തീരുവ: ഈ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25% താരിഫ് ഈടാക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. കനഡയും മെക്‌സിക്കോയും ചൈനയും, പ്രത്യേകിച്ചും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ മെക്‌സിക്കോയും ക്യാനഡയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് retaliatory tariffs നടത്തും എന്ന് തിരിച്ച് ഉറപ്പു നല്‍കിക്കഴിഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍, ദ്രവീകൃത പ്രകൃതി വാതകം, കാര്‍ഷിക യന്ത്രങ്ങള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ 10% മുതല്‍ 15% വരെ താരിഫ് ഈടാക്കുമെന്ന് ചൈനയും ഏറ്റുകഴിഞ്ഞു. ഇപ്പോള്‍ അമേരിക്കയിലുള്ള കടുത്ത ഇന്‍ഫ്‌ളേഷന്‍ കൂടുമെന്ന ഭയം, ഈ താരിഫുകളുടെ ആഘാതം, സാമ്പത്തികഭാരം എന്നിവ സാധാരണ ഉപഭോക്താക്കളിലേക്ക് മാറുമെന്ന ഭീതി എന്നിവ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ വലിയ തോതിലുള്ള അനിശ്ചിതത്വം പടര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്.
6. നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കല്‍: ഈ വകയില്‍ ചെലവും വിലയും വേഗത്തില്‍ കുറയ്ക്കാന്‍ തന്റെ സകല ശക്തികളും ഉപയോഗിക്കും എന്നാണ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അമേരിക്കയിലെ ഉപഭോക്താക്കളുടെ കമ്പോള നിലവാരത്തിലുള്ള ആത്മവിശ്വാസം ഫെബ്രുവരിയില്‍ 31/2 വര്‍ഷത്തിനുള്ളില്‍ അതിന്റെ ഏറ്റവും വേഗതയില്‍ വഷളായി എന്ന് വേണം മനസ്സിലാക്കാന്‍. ഇപ്പോളിവിടെ ഒരു ഡസന്‍ കോഴിമുട്ടയ്ക്ക് 6 ഡോളര്‍ ആണ് വില.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
7. ഫെഡറല്‍ ഗവണ്‍മെന്റിനെ വെട്ടിച്ചുരുക്കും, എല്ലാ ഫെഡറല്‍ സ്ഥാപനങ്ങളില്‍ നിന്നും DEI (Diverstiy, Equtiy, Inclusion) പ്രോഗ്രാമുകള്‍ ഒഴിവാക്കും: ഇലോണ്‍ മസ്‌കിന്റെ അധീനതയില്‍ ട്രംപ് ഉണ്ടാക്കിയ പുതിയ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) ന്റെ അധികാരത്തില്‍ 30,000 ഫെഡറല്‍ തൊഴിലാളികളെ ഇതുവരെ പിരിച്ചുവിട്ടു കഴിഞ്ഞു. വരും മാസങ്ങളില്‍ 300,000 സിവില്‍ സര്‍വീസ് തൊഴിലാളികളെ വരെ പിരിച്ചുവിടുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഏകദേശം 75,000 ഫെഡറല്‍ ജീവനക്കാര്‍ സ്വമേധയാ പിരിച്ചുവിടല്‍ പാക്കേജുകള്‍ സ്വീകരിച്ചുകഴിഞ്ഞു. അതുപോലെ തന്നെ, വൈവിധ്യം (Diverstiy), തുല്യത (Equtiy), ഉള്‍പ്പെടുത്തല്‍ (Inclusion) എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ അവസാനിപ്പിക്കുവാനും രാജ്യവ്യാപകമായി DEI സംരംഭങ്ങള്‍ ഇല്ലാതാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. ഇതില്‍ പ്രത്യേകിച്ചും ശ്രദ്ധേയമായത് സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ യാതൊരു വിധ DEI സംരക്ഷണങ്ങളുമില്ല എന്നുള്ളതാണ്.
ട്രംപ് ഇപ്പോള്‍ അമേരിക്കയില്‍ കാട്ടിക്കൂട്ടുന്നത് ഭരണകൂടത്തിന്റെ ശുദ്ധീകരണമല്ല. ഇതത്ര പുതിയ കാര്യവുമല്ല. ഇടത്തോട്ടോ വലത്തോട്ടോ നോക്കുന്ന എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളും തങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന അധികാര ഘടനകളെ തകര്‍ക്കുന്നതായിട്ടാണ് ചരിത്രം. അത് ബോള്‍ഷെവിക് റഷ്യയിലായാലും, നാസി ജര്‍മനിയിലായാലും, 1979ലെ ഇറാനിലായാലും, 2025 ലെ അമേരിക്കയിലായാലും, അധികാരം പിടിച്ചെടുത്തുകഴിഞ്ഞാല്‍, പഴയ സിവില്‍ സര്‍വീസിനെ പിരിച്ചു വിടുകയും ആക്രമണാത്മകമായി ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ് നാം കണ്ടിരിക്കുന്നത്. അതായത് ഇംഗ്ലീഷില്‍ purge എന്ന ഉപയോഗം കൊണ്ടുദ്ദേശിക്കുന്ന അവസ്ഥ. അതുതന്നെയാണ് അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
ട്രംപ് deep state എന്ന് വിളിച്ചധിക്ഷേപിക്കുന്ന സിവില്‍ സര്‍വീസ് പ്രസ്ഥാനങ്ങളെ purge ചെയ്യുന്നത് സാധാരണ മനുഷ്യരെ സഹായിക്കാനുള്ള ശ്രമമല്ല. കോഴിമുട്ടയുടെ വില കുറയ്ക്കാനോ, കാന്‍സര്‍ ചെറുക്കാനോ, മോര്‍ട്ടഗേജ് ഇന്‌ട്രെസ്‌റ് റേറ്റ് കുറയ്ക്കാനോ അല്ല. തങ്ങളുടെ കൈവശമുള്ള അധികാരം യാതൊരു വിധത്തിലുള്ള ചോദ്യം ചെയ്യലിന്റെയും ആഘാതമേല്‍ക്കാതെ, നിയമത്തിന് വെളിയില്‍ നിന്നുകൊണ്ട്, ഏകാധിപത്യ ഭരണത്തെ സംരക്ഷിക്കാന്‍ മാത്രമാണ്. ഇത്രയധികം ഫെഡറല്‍ ജീവനക്കാരെ ഒരുമിച്ചു പിരിച്ചുവിട്ടിരിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില്‍ ഏകാധിപത്യ ഭരണത്തിന്റെ അങ്ങേയറ്റം രഹസ്യമായ ചുവടുവെപ്പുകള്‍ പോലും തടസ്സപ്പെടുത്തുന്ന ഏതൊരു നിയമങ്ങളും നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളും സ്വേച്ഛാധിപതിയുടെ വഴിയില്‍ നിന്നും വെട്ടിമാറ്റാനാണ്. പൊതുജനങ്ങളെ സംരക്ഷിക്കാനാണ് ഏതൊരു ജനാധിപത്യ സര്‍ക്കാരും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരിമിതമായ അധികാരത്തിനുള്ളില്‍ നിന്നാണ്, checks and balances വെച്ചുകൊണ്ടാണ്, ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളും അവകാശങ്ങളും അപ്രസക്തമാക്കിക്കൊണ്ട് നേതാവിനെ ആരാധിക്കാനുള്ള ഒരു പുതിയ deep state ആണ് ട്രംപ് ഇപ്പോള്‍ അമേരിക്കയില്‍ പണിതു കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ മാധ്യമങ്ങളുടെ നേരെയുള്ള താണ്. ഇനി മുതല്‍ അസോസിയേറ്റഡ് പ്രസ്സിന് (Associated Press) വൈറ്റ് ഹൌസിനെയോ ട്രംപിനെയോ കവര്‍ ചെയ്യാന്‍ അനുവാദമില്ല. ട്രംപ് പറയുന്ന മാധ്യമങ്ങള്‍ക്കേ ഇനിമുതല്‍ ട്രംപിനെ കവര്‍ ചെയ്യാന്‍ അനുവാദമുള്ളൂ. ഇങ്ങനെയൊക്കെയാണ് ജനാധിപത്യം സ്വേച്ഛാധിപത്യമായി മാറുന്നത്.
കടപ്പാട് പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in