ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമും വിനയയുടെ പോരാട്ടങ്ങളും

പോലീസ് സേനയിലെ ലിംഗവിവേചനത്തിനെതിരെ നിരവധി പോരാട്ടങ്ങള്‍ വിനയ നടത്തി. അതിന്റെ പേരില്‍ പലവിധത്തിലുള്ള ശിക്ഷാനടപടികള്‍ക്കും അവര്‍ വിധേയമായി. എന്നാല്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും ആത്മബോധമുള്ളവരാക്കാനും അണിഞ്ഞൊരുങ്ങി കാഴ്ചവസ്തുക്കളാകാതെ വ്യക്തിത്വമുള്ളവരാകാനുമുള്ള സന്ദേശവുമായി അവര്‍ നാടെങ്ങും ഓടിനടന്ന് പ്രവര്‍ത്തിച്ചു. പെണ്‍കുട്ടിയാണെന്നു മറന്ന് ജീവിക്കാനായിരുന്നു അവരുടെ നിലപാട്. അതിനായി അവര്‍ പെണ്‍കുട്ടികളുടെ പന്തുകളി മത്സരങ്ങള്‍ നടത്തി, വോളിബോള്‍ മത്സരങ്ങള്‍ നടത്തി, ബൈക്ക് റൈഡിംഗ് നടത്തി, യാത്രകള്‍ പോയി, ബീച്ചുകളിലിറങ്ങി നീന്തി, അവസാനം തൃശൂരിലെ പ്രസിദ്ധമായ പുലിക്കളിയില്‍ അവര്‍ പെണ്‍പുലിയായി മാറി. എല്ലാം മറന്ന് നഗരത്തില്‍ പുലിനൃത്തമാടി.

വിദ്യാഭ്യാസമേഖലയിലെ ജന്‍ഡര്‍ ന്യൂട്രലായ ഡ്രസ് കോഡിനെ കുറിച്ചാണല്ലോ സമീപദിവസങ്ങളില്‍ സജീവചര്‍ച്ച നടക്കുന്നത്. കുട്ടിക്കാലം മുതലെ ലിംഗവിവേചനം അടിച്ചേല്‍പ്പിക്കുന്ന യൂണിഫോമുകള്‍ ഒഴിവാക്കണമെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമാണ് ഉചിതമെന്നുമുള്ള അഭിപ്രായങ്ങള്‍ ശക്തമാകുന്നു. അതോടൊപ്പം പെണ്‍കുട്ടികളുടെ ചലനസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും എപ്പോഴും വസ്ത്രത്തെ കുറിച്ച് ആകുലപ്പെടുകയും ചെയ്യേണ്ടിവരുന്ന യൂണിഫോമുകള്‍ ഒഴിവാക്കണമെന്നുമുള്ള അഭിപ്രായങ്ങളും ശക്തിപ്പെടുന്നു. പല വിദ്യാലയങ്ങളും ഈ ദിശയിലുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അധ്യാപികമാര്‍ സാരിയുടുക്കുന്നതാണ് ഉചിതമെന്ന പൊതുബോധവും തകരാന്‍ തുടങ്ങിയിരിക്കുന്നു. അനായാസമായി തൊഴില്‍ ചെയ്യാനുതകുന്ന രീതിയിലുള്ള വേഷമാണ് അധ്യാപികമാര്‍ക്കും വേണ്ടത്. ഏറ്റവും സ്വാഗതാര്‍ഹമായ കാര്യം വിദ്യാഭ്യാസമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമൊക്കെ ഈ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നു എന്നതാണ്.

കാലഹരണപ്പെട്ട ഏതൊരു പോതുബോധവും അത്ര എളുപ്പം തകരില്ല. ഭരണാധികാരികളും അത്ര എളുപ്പം മാറ്റങ്ങള്‍ക്ക് തയ്യാറാകില്ല. അതിനായി പലരുടേയും ത്യാഗോജ്ജ്വലമായ പോരാട്ടം അനിവാര്യമാണ്. ഏതു മാറ്റത്തിനു പുറകിലും അത്തരത്തിലുള്ള പോരാളികളെ കാണാം. ഈ വിഷയവും വ്യത്യസ്ഥമല്ല. തന്റെ തൊഴില്‍ മേഖലയില്‍ ലിംഗനീതിക്കായി അസാധാരണമായ പോരാട്ടം നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ വിനയയാണ് ഇത്തരമൊരു മാറ്റത്തിന് അടിത്തറയിട്ടത്. ഏതു തൊഴില്‍ മേഖലയിലും ലിംഗപരമമായ അസമത്വം നിലനില്‍ക്കുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഏറ്റവും കൂടുതല്‍ വിവേചനം നിലനില്‍ക്കുന്ന മേഖല ഏതാണെന്നു ചോദിച്ചാല്‍ അത് പോലീസ് തന്നെയെന്നു പറയാം. അവിടെയാണ് സ്വാതന്ത്ര്യബോധത്താല്‍ ഉത്തേജിതയായി വയനാട് സ്വദേശി വിനയ ലിംഗസമത്വത്തിനായി പോരാടിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബാല്യം മുതലെ കുടുംബത്തിനകത്തും സമൂഹത്തിന്റെ സമസ്തമേഖലയിലും നിലനില്‍ക്കുന്ന ലിംഗവിവേചനം വിനയയില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു. അതിനെതിരെ നിരവധി പോരാട്ടങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. പോലീസിലെത്തിയതോടെ വിവേചനത്തിന്റെ തോത് വന്‍തോതില്‍ വര്‍ദ്ധിച്ചതായും അവര്‍ക്ക് ബോധ്യമായി. സ്ത്രീയെന്ന യാതൊരു പരിഗണണനയും കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യത്തിനായിരുന്നു അവര്‍ പോരാടിയത്. അതില്‍ പ്രധാനം വസ്ത്രധാരണം തന്നെയായിരുന്നു. സാരിയുടുത്തുകൊണ്ട് ചെയ്യാവുന്ന ജോലിയല്ല പോലീസിന്റേത് എന്നവര്‍ക്ക് ബോധ്യമായി. പല സമരങ്ങളിലും അതുപോലെ വനിതാകുറ്റവാളികളെ പിടികൂടുമ്പോഴും വനിതാപോലീസിന്റെ സാരി വലിച്ചൂരി അവര്‍ രക്ഷപ്പെടുമായിരുന്നു. അത്തരം പല സംഭവങ്ങള്‍ക്കും വിനയ സാക്ഷ്യം വഹിച്ചു എന്നു മാത്രമല്ല, അത്തരം അനുഭവത്തില്‍ നിന്ന് രണ്ടു തവണയെങ്കിലും അവര്‍ രക്ഷപ്പെട്ടത് തലമുടിനാരിഴക്കായിരുന്നു. അതോടെ ഈ വിഷയവുമായി ബന്ധപ്പെട്ട് അവര്‍ സേനക്കുള്ളില്‍ പോരാട്ടമാരംഭിച്ചു. സേനക്കുള്ളില്‍ മാത്രമല്ല, പുറത്തും ചര്‍ച്ചകളിലുമെല്ലാം അവരത് ഉന്നയിച്ചത് സഹപ്രവര്‍ത്തകര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും രസിച്ചില്ല. പക്ഷെ അവരാരംഭിച്ച പോരാട്ടം വിജയകരമായി. വനിതകള്‍ക്കും പാന്റ്‌സും ഷര്‍ട്ടും ധരിക്കാമെന്ന് ഉത്തരവായി. എന്നാലവരത് അവിടേയും നര്‍ത്തിയില്ല. വനിതകള്‍ ഷര്‍ട്ട് ഇന്‍സൈഡ് ചെയ്യരുതെന്ന നിയമത്തിനെതിരായി സമരം. ഐപിഎസുകാരികള്‍ക്ക് അതാകാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്കുമായിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം. സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന വസ്ത്രധാരണരീതിക്കെതിരായിരുന്നു അവരുടെ പ്രധാന പോരാട്ടം. മുടി വളര്‍ത്തുക എന്ന ഒറ്റകാര്യം കൊണ്ട് സ്ത്രീകള്‍ നഷ്ടപ്പെടുത്തുന്ന സമയവും പണവുമെല്ലാം അനാവശ്യമാണെന്ന നിലപാടില്‍ നിന്നായിരുന്നു അവര്‍ മുടി വെട്ടിയതും ആഭരണങ്ങള്‍ ഉപേക്ഷിച്ചതും.

പോലീസ് സേനയിലെ ലിംഗവിവേചനത്തിനെതിരെ നിരവധി പോരാട്ടങ്ങള്‍ വിനയ നടത്തി. അതിന്റെ പേരില്‍ പലവിധത്തിലുള്ള ശിക്ഷാനടപടികള്‍ക്കും അവര്‍ വിധേയമായി. എന്നാല്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും ആത്മബോധമുള്ളവരാക്കാനും അണിഞ്ഞൊരുങ്ങി കാഴ്ചവസ്തുക്കളാകാതെ വ്യക്തിത്വമുള്ളവരാകാനുമുള്ള സന്ദേശവുമായി അവര്‍ നാടെങ്ങും ഓടിനടന്ന് പ്രവര്‍ത്തിച്ചു. പെണ്‍കുട്ടിയാണെന്നു മറന്ന് ജീവിക്കാനായിരുന്നു അവരുടെ നിലപാട്. അതിനായി അവര്‍ പെണ്‍കുട്ടികളുടെ പന്തുകളി മത്സരങ്ങള്‍ നടത്തി, വോളിബോള്‍ മത്സരങ്ങള്‍ നടത്തി, ബൈക്ക് റൈഡിംഗ് നടത്തി, യാത്രകള്‍ പോയി, ബീച്ചുകളിലിറങ്ങി നീന്തി, അവസാനം തൃശൂരിലെ പ്രസിദ്ധമായ പുലിക്കളിയില്‍ അവര്‍ പെണ്‍പുലിയായി മാറി. എല്ലാം മറന്ന് നഗരത്തില്‍ പുലിനൃത്തമാടി.

”ബാല്യം മുതല്‍ ആണ്‍കുട്ടികള്‍ ഓടിയും ചാടിയും കളിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ആ അവസരം നിഷേധിക്കപ്പെടുന്നു. പിന്നീട് വിവാഹവും പ്രസവവും കഴിയുമ്പോള്‍ ശാരീരികമായി അവരേറെ ക്ഷീണിക്കുന്നു. അതിനെ മറികടക്കാന്‍ ഒരുതരത്തിലുള്ള വ്യായാമവും അവര്‍ക്കു കിട്ടുന്നില്ല. പുരുഷന്മാര്‍ രാവിലെ നടക്കാനും ഓടാനും മറ്റും പോകുമ്പോള്‍ സ്ത്രീകള്‍ അടുക്കളയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. കൂലിപണി ചെയ്യുന്നവര്‍ക്കൊഴികെ മറ്റൊരു സ്ത്രീക്കും മെയ്യനങ്ങിയുള്ള ജോലിക്കോ വ്യായാമത്തിനോ കളികള്‍ക്കോ അവസരം ലഭിക്കുന്നില്ല. അങ്ങനെ അവരുടെ ശരീരത്തില്‍ ബ്ലഡ് സര്‍ക്യുലേഷന്‍ കുറയുന്നു. അതിന്റെ ഫലമായി വളരെ ചെറുപ്പത്തില്‍ തന്നെ പലരോഗങ്ങളും കടന്നാക്രമിക്കുന്നു.” ഈ സാഹചര്യത്തിലാണ് വീട്ടമ്മമാര്‍ക്കുവേണ്ടി ടൂര്‍ണമെന്റ് നടത്തിയതെന്ന് പറയുന്നു വിനയ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീശരീരം ജാതി മതദേശഭേദമന്യേ അലങ്കരിക്കപ്പെട്ട ഒരു തടവറയാണെന്നാണ് വിനയ പറയുന്നത്. ഓരോ സ്ത്രീകളും സഞ്ചരിക്കുന്ന ഓരോ ജയിലറകളെ ഓര്‍മ്മപ്പെടുത്തുന്നു. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭി ക്കുന്നു അവളിലെ അലങ്കാരപ്പണികള്‍. ആദ്യം കാതുകുത്തലാണ്. ജനിച്ച് 28-ാം നാള്‍ കുഞ്ഞുകാത് കുത്തിത്തുളച്ച് അവളുടെ ലോകം വേദനയുടേതാണെന്ന് സ്ഥിരീകരിക്കുന്നു. വേദനകൊണ്ട്പുളഞ്ഞുകരയുന്ന പിഞ്ചുകുഞ്ഞിന്റെ നിസ്സഹായത മുതിര്‍ന്നവര്‍ സന്തോഷത്തോടെ ആഘോഷിക്കുന്നു. ഈ പീഡനം ആണ്‍കുട്ടികള്‍ക്കില്ല. പിന്നീട് അവളിലെ പീഡനം മുടിയിലേക്കും വസ്ത്രത്തിലേക്കും നീളുന്നു. അത് ഒരു ആജീവനാന്ത കലാപരിപാടിയായി വികസിക്കുകയും അങ്ങനെ സ്വയം തടവറ അലങ്കരിക്കുകയും ആ തടവറയില്‍ സ്വസ്ഥതയും സന്തോഷവും കണ്ടെത്താന്‍ പരിശീലിക്കുകയും ചെയ്യുന്നു. കുഞ്ഞുനാള്‍ മുതലേ നാം ആണ്‍കുട്ടിക്ക് ട്രൗസറും ഷര്‍ട്ടും, പെണ്‍കുട്ടിക്ക് ഉടുപ്പും ശീലമാക്കുന്നു. മലര്‍ന്നുകിടന്ന് കൈകാലിട്ടടിക്കുമ്പോള്‍ തന്നെ ആണ്‍കുട്ടി ശരീരത്തിന്റെ ചലനസ്വാതന്ത്ര്യം ആവോളം ആസ്വദിച്ചു തുടങ്ങുന്നു. നാം അവന്റെ ചലനത്തെ സന്തോഷത്തോടെ ആസ്വദിക്കുന്നു. പെണ്‍കുട്ടി കാലുപൊക്കി കളിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ അവളുടെ കുഞ്ഞുടുപ്പ് പൊങ്ങിപ്പോകും.അതു കാണുന്ന നാം ഓരോരുത്തരും ആ ഉടുപ്പ് താഴ്ത്തിയിടുന്നതില്‍ ശ്രദ്ധിക്കും. ഈ അമിതശ്രദ്ധ അവളുടെ ചലനത്തെ നിയന്ത്രിതമാക്കും. കുഞ്ഞ് ഇരുന്നുതുടങ്ങുമ്പോഴേക്കും മുതിര്‍ന്നവര്‍ ഈ താഴ്ത്തിയിടല്‍ പ്രക്രിയയ്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കും.്. ഏതുതരം വിനോദങ്ങള്‍ക്കിടയിലും അവളുടെ ചലനാസ്വാദനം വസ്ത്രം അപഹരിക്കുന്നു. എന്നാല്‍ ഓടുന്നതിനോ ചാടുന്നതിനോ ഇരിക്കുന്നതിനോ ആണ്‍കുട്ടിക്ക് വസ്ത്രം തടസ്സമാകുന്നില്ല. അവരതു ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ വെറും വിശേഷങ്ങള്‍ പറഞ്ഞും അന്താക്ഷരികളിച്ചും ടിവികണ്ടുംകാലം കഴിച്ചുകൂട്ടുന്നു.

ഇത്തരത്തില്‍ ഓടുകയോ തുള്ളുകയോ ചാടുകയോ മറിയുകയോ അലറുകയോ ചെയ്തു ശീലമില്ലാതെ വളരുന്ന പെണ്‍കുട്ടി പ്രകൃതിപരമായ യാതൊരുവിധ പ്രതിരോധശേഷിയും ആര്‍ജ്ജിച്ചെടുക്കാതെയാണ് ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്കും കൗമാരത്തില്‍നിന്നും യൗവ്വനത്തിലേക്കും പ്രവേശിക്കുന്നത്.. അവിടേയും സാരിയും ഷാളുമെല്ലാം അവളുടെ ചലനത്തെ തടയുന്നു. ആണ്‍കുട്ടികള്‍ക്ക് അവിടേയും വസ്ത്രം തടസ്സമാകുന്നില്ല. വസ്ത്രം പോലതന്നെ മുടിയും ആഭരണങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും അവളെ അലങ്കരിക്കപ്പെട്ട തടവറയാക്കുന്നു. എപ്പോഴും ഇതേ കുറിച്ചുള്ള ചിന്തയില്‍ അവള്‍ക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യത്തിന്റെ ഒരു ലോകമാണ്. ശാരീരികക്ഷമത പരമാവധി പ്രയോജനപ്പെടുത്തുന്നതിനുതകുന്ന വസ്ത്രവും ചെരുപ്പും വാച്ചും ബാഗും വാഹനവും സാധ്യമാക്കി- ഊര്‍ജ്ജസ്വലതയോടെ സ്വയം പര്യാപ്തതയോടെ ജീവിക്കുന്ന ഒരു പെണ്‍ സമൂഹം ഉയര്‍ന്നുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നാണ് വിനയ പറയുന്നത്. ലിംഗവിവേചനമില്ലാത്ത ലോകത്തിനായുള്ള പോരാട്ടം അവര്‍ തുടരുകയാണ്. തീര്‍ച്ചയായും ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനായുള്ള ഇപ്പോഴത്തെ ഈ ചര്‍ച്ചകള്‍ വിനയയുടെ പോരാട്ടങ്ങളുടെ വിജയം കൂടിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply