സതാഭയയില്‍ നിന്നും ഈജിപ്തിലേക്കുള്ള ദൂരം

ഈജിപ്തില്‍ നടന്ന ‘കോപ് 27 ‘ എന്ന ആഗോള കാലാവസ്ഥസമ്മേളനത്തിന്റെ തുടര്‍ച്ചയായി കോഴിക്കോട് നടക്കുന്ന ദേശീയ കാലാവസ്ഥാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഡോ കെ ആര്‍ അജിതന്‍ എഴുതുന്നു

സാമ്പത്തികമായും സാമൂഹികമായും ലോകത്തെ മുഴുവന്‍ പരിക്കേല്പിച്ചുകൊണ്ടും കടന്നു പോകുന്ന മഹാമാരിയുടെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് ഈജിപ്തില്‍ ‘കോപ് 27 ‘ എന്ന കാലാവസ്ഥസമ്മേളനം അരങ്ങേറിയത്. പത്തിരുനൂറ്വര്‍ഷങ്ങളായി മാനവരാശിയുടെ ചാലകശക്തിയായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ അനുദിനം ഉറവയറ്റുപോയിക്കൊണ്ടിരിക്കുന്നു എന്നുതന്നെയല്ല, അവക്ക് ലോകമാകെ മുമ്പത്തേക്കാളുമധികം വില കൊടുക്കേണ്ടിവരുന്ന കാലഘട്ടവുമാണ് ഇത്. അതേസമയത്തുതന്നെയാണ്, പുരോഗമന സമൂഹത്തിന്റെ ഭൗതിക സാഹചര്യങ്ങളെയും സാമ്പത്തിക മേഖലകളെയും നയതന്ത്ര മര്യാദകളെയും തകര്‍ത്തുകൊണ്ട്, എന്നാല്‍ ധാരാളം ഊര്‍ജം ദുര്‍വ്യയം ചെയ്തുകൊണ്ട്, അര്‍ത്ഥരഹിതമായ റഷ്യന്‍ ഉക്രൈന്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്നത്. ആഗോള കമ്പോളത്തിനു മീതെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് സാമ്പത്തിക മാന്ദ്യം പടിക്കപ്പുറമെത്തി നില്‍ക്കുന്ന കാഴ്ച ഇതിനൊക്കെപ്പുറമെയാണ്. ലോകമൊട്ടാകെയുള്ള വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ മാന്ദ്യത്തിന്റെ മറവില്‍ സംഭവിക്കാനിരിക്കുന്ന തൊഴില്‍ നഷ്ടത്തെ അതുകൊണ്ടുതന്നെ ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. നിരവധി ആഗോള പ്രശ്‌നങ്ങള്‍ സമാധാനപരമായ സാമൂഹിക ജീവിതത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന സവിശേഷമായ സാഹചര്യത്തിലാണ് മനുഷ്യജന്യമായ കാര്‍ബണ്‍ ഉദ്വമനം മൂലമുണ്ടാകുന്ന ആഗോളതാപനത്തെക്കുറിച്ചു ചിന്തിക്കാന്‍, ഈജിപ്തില്‍ ലോകനേതാക്കള്‍ ഒത്തുചേര്‍ന്നത്. അന്തരീക്ഷതാപനത്തിന്റെ ഫലമായി ലോകമാകെത്തന്നെ, ഉഷ്ണക്കാറ്റുകളും ആഫ്രിക്കയിലെ വരള്‍ച്ചയും പാകിസ്താനിലെ വെള്ളപ്പൊക്കവും സാധാരണ ജീവിതത്തെ കശക്കിയെറിയുന്ന സന്ദര്‍ഭത്തില്‍ അത് തീര്‍ത്തും അനുയോജ്യമാണ്, താനും. അതുപോലെതന്നെ, മൂലധന പ്രയോക്താക്കള്‍ സാങ്കേതിക മികവിന്റെയും അത് മൂലമുണ്ടായിട്ടുള്ള ബൗദ്ധിക പ്രഗല്‍ഭ്യത്തിന്റേയും സഹായത്താല്‍ കമ്പോളങ്ങളെ അവരുടെ മാത്രം ഉല്പന്നത്തിന്റെ വരുതിയിലാക്കി ലാഭം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന കഴുത്തറുപ്പന്‍ മാര്‍ക്കറ്റ് സ്ട്രാറ്റജികളുടെ കടന്നുവരവില്‍, പ്രത്യേകിച്ചും. ഈ മത്സരയോട്ടത്തില്‍, സൈ്വര ജീവിതം നഷ്ടപ്പെടുന്നത് വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതക്കും തദ്ദേശീയമായ തൊഴില്‍ നിഷേധവും മൂലം കുടിയിറക്കപ്പെടുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ക്കാണ് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്.

അതിനാല്‍, മനുഷ്യന്റെ നാളിതുവരെയുള്ള സംതൃപ്ത ജീവിതത്തിനും അനായാസമായ അറിവ് സമ്പാദനത്തിനുമായുള്ള പ്രയാണത്തിനിടയില്‍ അന്തരീക്ഷത്തിനും പ്രകൃതിക്കും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള പരിക്കുകള്‍ എത്രത്തോളമാണെന്നും അതില്‍ നിന്നുള്ള പരിപൂര്‍ണ്ണ മുക്തിമാര്‍ഗ്ഗങ്ങള്‍ എന്തെന്നും ആരായുന്നതിനുമുള്ള കൂടിയാലോചനകള്‍ തീര്‍ത്തും സ്വാഗതാര്‍ഹം തന്നെ. ഇരുനൂറു കൊല്ലത്തിനിടയില്‍ മനുഷ്യന്‍ സ്വാര്‍ത്ഥലാഭത്തിനും ധനസമ്പാദനത്തിനുമായി തേര്‍വാഴ്ച നടത്തിയ ഭൂമിയിലെ ജീവജാലങ്ങളുടെ വരുംകാലപൊറുതി കൂടുതല്‍ ആകര്‍ഷകമാക്കേണ്ടതിന്റെ ഉത്തരവാദിത്തം ലോകനേതാക്കള്‍ ഉള്‍ക്കൊള്ളുന്നതിന്റെ അടയാളമായിത്തന്നെ ഈ സമ്മേളനങ്ങളെ കണക്കാക്കാവുന്നതാണ്. എന്നാല്‍, ജനതയുടെ ആവശ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടു ഇതുപോലുള്ള ലോകവേദികളില്‍ ഭാഗഭാക്കാകുന്ന രാജ്യങ്ങളും നേതാക്കളും അത്തരം ചുമതലകള്‍ കാര്യക്ഷമതയോടെ ഏറ്റെടുത്തു പോംവഴികള്‍ക്കു ശ്രമിച്ചുകാണുന്നില്ല എന്നത് ഖേദകരമാണ്. സമൂഹത്തിന്റെ ആത്യന്തികവും സുദീര്‍ഘവും സുസ്ഥിരവുമായ അന്വേഷണങ്ങളെ കാര്യക്ഷമമാക്കുന്നതില്‍, മറ്റു ഉച്ചകോടികളെപ്പോലെതന്നെ, ‘കോപ് 27 ‘ ഉം, നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വഴിപ്പെട്ടുപോയി എന്നാണ് അവസാനഘട്ട വിശകലനങ്ങള്‍ വെളിവാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഗ്ലാസ്‌ഗോ സമ്മേളനത്തില്‍നിന്നും ഈജിപ്തില്‍ എത്തുമ്പോഴേക്കും യു എന്‍ കാലാവസ്ഥ ഉച്ചകോടിയിലെ 196 രാജ്യങ്ങളും കാര്‍ബണ്‍ ഉദ്വമന നിയന്ത്രണത്തിനായുള്ള സമഗ്രവും പ്രായോഗികവും ക്രിയാത്മകവുമായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്തത്, എന്ന് കാണാം. മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ദിനേന നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റം മൂലമുള്ള ബഹുമുഖമായ, ദീര്ഘകാലാടിസ്ഥാനത്തിലുള്ള ആവാസ നിഷേധം കൂടി കണക്കിലെടുക്കുമ്പോള്‍ ഈജിപ്ത് ഉച്ചകോടി തീര്‍ത്തും നിരാശാജനകമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അന്തരീക്ഷതാപവര്‍ധനമൂലമുള്ള സമുദ്രജലനിരപ്പുവര്‍ധന 6 മില്ലീമീറ്ററില്‍ തുടരുന്നതും പര്‍വത ശ്രുംഖങ്ങളിലെയും ധ്രുവപ്രദേശങ്ങളിലെയും ഹിമാനിനാശത്തിന്റെ വേഗതയും കൊട്ടിഘോഷിച്ചു കൊണ്ടാടപ്പെടുന്ന ഇത്തരം സമ്മേളനങ്ങളുടെ പ്രസക്തിതന്നെ സംശയത്തിലാവുന്നുണ്ട്. കണക്കിലെടുക്കുമ്പോള്‍ കൊട്ടിഘോഷിച്ചു കൊണ്ടാടപ്പെടുന്ന ഇത്തരം സമ്മേളനങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അവികസിത രാജ്യങ്ങള്‍ക്കു കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടു അനുഭവിക്കേണ്ടിവരുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരമായി ഒരു ‘ലോസ് ആന്‍ഡ് ഡാമേജ് ഫണ്ട്’ രൂപീകരിക്കാനുള്ള സമ്മതമൊഴിച്ചു നിര്‍ത്തിയാല്‍ ‘കോപ് 27 ‘ ന്റെ ബാക്കിപത്രം വട്ടപ്പൂജ്യമാണ്. ആ ഫണ്ട് തന്നെ വികസിത രാജ്യങ്ങള്‍ മാത്രം പിരിവെടുത്തു ഉണ്ടാക്കേണ്ടതല്ല (വികസനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന) വികസ്വര രാജ്യങ്ങളും സഹകരിക്കേണ്ടതാണെന്നു വ്യംഗ്യം. ലോകജനസംഖ്യയുടെ 16 % മാത്രം വരുന്ന വികസിത രാജ്യങ്ങള്‍ അവരുടെ വ്യാവസായിക വളര്‍ച്ചക്കായി ഭൂമിയിലെ 69 % ഖനിജ ഇന്ധനങ്ങളും ഉപയോഗിച്ച് തീര്‍ത്ത ശേഷമാണ് മേല്പറഞ്ഞ ഫണ്ട് നിര്‍മ്മാണത്തില്‍ ദരിദ്ര രാഷ്ട്രങ്ങളോട്, ഈ ഉളുപ്പില്ലായ്മ കാണിക്കുന്നത് എന്നോര്‍ക്കണം. അതേസമയം ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടായിട്ടുള്ള കാര്‍ബണ്‍ എമിഷന്റെ ഭാഗമായുണ്ടാകുന്ന അന്തരീക്ഷതാപം കൂടുതലും പെരുവഴിയാധാരമാക്കുന്നതും അന്യാധീനപ്പെടുത്തുന്നതും അവികസിതരാജ്യങ്ങളിലെ ജനങ്ങളെയാണെന്നത് ഒരു വസ്തുതയാണ്. വ്യവസായ വിപ്ലവ കാലത്തെ അപേക്ഷിച്ചു അന്തരീക്ഷ താപം, 1.5 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുക്കി നിര്‍ത്തണമെങ്കില്‍ ഇനിയും 400 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടിയേ, ഐ പി സി സി (ഇന്റര്‍ ഗവര്‍മെന്റല്‍ പാനല്‍ ഓണ്‍ ക്‌ളൈമറ്റു ചേഞ്ച്) 2021 ല്‍ പുറത്തുവിട്ട കാര്‍ബണ്‍ ബജറ്റ് പ്രകാരം അന്തരീക്ഷത്തിലേക്ക് പുറന്തള്ളാന്‍ അനുവദനീയമായിട്ടുള്ളൂ . ഇപ്പോഴത്തെ കണക്കനുസരിച്ചു ലോകം പുറത്തുവിടുന്നത് പ്രതിവര്‍ഷം 40 ബില്യണ്‍ ടണ്‍ ആകുന്നു. നവസ്വതന്ത്ര രാജ്യങ്ങളും മൂലധന അധിനിവേശത്തിന്റെ ഭാഗമായി അവികസിത രാഷ്ട്രങ്ങളും അവരുടെ വികസനത്തിനായി കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുകയാണെങ്കില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മേല്പറഞ്ഞ കാര്‍ബണ്‍ എസ്റ്റിമേറ്റുകളൊക്കെ തകിടം മറിയുകയും ആഗോളതാപനം വളരെ വേഗത്തില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ്‌നെ മറികടക്കുകയും ചെയ്യും. വികസ്വര രാഷ്ട്രങ്ങളെ വ്യാവസായിക വളര്‍ച്ചയില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയാണെങ്കില്‍, അഥവാ, കാര്‍ബണ്‍ ഉദ്വമനത്തില്‍ അവരെ നിയന്ത്രിക്കുകയാണെങ്കില്‍ അവരൊക്കെ സ്ഥിരമായി പുരോഗമനത്തിന്റെ സൗകര്യങ്ങള്‍ അനുഭവിക്കാതെ നവീന ജീവിത സാഹചര്യങ്ങള്‍ കേട്ടുകേള്‍വി മാത്രമായി ചരിത്രത്തില്‍ തുടര്‍ന്നുകൊണ്ടുപോകും. അന്തരീക്ഷതാപം എസ്റ്റിമേറ്റുകളൊക്കെ തെറ്റിച്ചുകൊണ്ടാണ് വര്‍ദ്ധിക്കുകയാണെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ പ്രഥമമായും രൂക്ഷമായും അനുഭവിക്കാന്‍ പോകുന്നത് അതേ താപവര്‍ദ്ധനവിനു കാരണക്കാരായ വികസിത രാഷ്ട്രങ്ങളെക്കാള്‍, ദരിദ്ര രാഷ്ട്രങ്ങളാണ് എന്നതാണ് സത്യം. ഉദാഹരണമായി, അന്തരീക്ഷതാപത്തിലെ രണ്ടു ഡിഗ്രിയുടെ വര്‍ദ്ധനവ് എന്നത്, സമുദ്രനിരപ്പിനേക്കാള്‍ 2.5 മീറ്റര്‍ താഴെ കിടക്കുന്ന കേരളത്തിലെ കുട്ടനാടിനെ മുഴുവന്‍ വെള്ളത്തിനടിയിലാക്കുന്നതു പോലെത്തന്നെ, ബംഗ്ലാദേശിലെ 25 % പ്രദേശങ്ങളെയും 2100 ഓടെ ജീവിതയോഗ്യമല്ലാതാക്കും. 2050 ഓടുകൂടി അഞ്ചു കോടിയോളം ബംഗ്‌ളാദേശുകാര്‍ വെള്ളപ്പൊക്കത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടു വടക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങും. സ്വാഭാവികമായും ഈ കുടിയേറ്റത്തിന്റെ അലയൊലികള്‍ അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചേക്കാം. സുന്ദര്‍ബന്‍സ് പരിപൂര്‍ണ്ണമായും അപ്രത്യക്ഷമാകും. കാലാവസ്ഥക്ക് വേലികെട്ടാനാകാത്തതുപോലെതന്നെ, കാലാവസ്ഥ അഭയാര്ഥികളെയും ‘പൗരത്വ വേലികള്‍ക്കുള്ളില്‍’ നിയന്ത്രിച്ചു, നുഴഞ്ഞുകയറ്റം പ്രതിരോധിക്കാന്‍ രാജ്യങ്ങള്‍ കഷ്ടപ്പെട്ടുപോകും. കാരണം, ഓരോ രാജ്യങ്ങളെയും ഇന്നോ നാളെയോ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന പരമമായ യാഥാര്‍ഥ്യമാണ് ആഗോളതാപനം മൂലമുള്ള സമുദ്രനിരപ്പ് വര്‍ധന എന്നത്.

ഈജിപ്ത് ഉച്ചകോടിയില്‍ കൂടിയാലോചനകളുടെ ഏക വിജയമായി ചൂണ്ടിക്കാട്ടുന്ന ‘ലോസ് ആന്‍ഡ് ഡാമേജ് ഫണ്ട്’ന്റെ നിര്‍വചനത്തില്‍ വികസ്വര രാജ്യങ്ങളെയും ബാധ്യതപ്പെടുത്തണമെന്ന നിബന്ധനയുടെ പൊള്ളത്തരത്തെയാണ് ഇവിടെ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്. വികസ്വര രാജ്യങ്ങള്‍ അവരുടെ ആര്‍ഭാടജീവിത ശൈലികളില്‍നിന്നും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്തതും കുപ്രസിദ്ധമായ കോളനിവാഴ്ചയുടെ ദയനീയമായ തുടര്‍ച്ചയുടെ ഭാഗമായി അവികസിതരാജ്യങ്ങളെ സാങ്കേതിക മികവുകളില്‍നിന്നും ആട്ടിയോടിക്കാനുള്ള ലോകനേതാക്കളുടെ താല്പര്യവുമാണ് ഈജിപ്തില്‍ വിജയം കണ്ടത്. ഫലം, കാര്‍ബണ്‍ ഉദ്വമനം, ലോകമാകെ, ക്രിയാത്മകമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ യോഗം പരാജയപ്പെട്ടു. സ്വാതന്ത്രലബ്ധിക്കു ശേഷമുള്ള വ്യവസായ വളര്‍ച്ചയുടെ ഭാഗമായി കാര്‍ബണ്‍ ഉദ്വമനത്തില്‍ കഴിഞ്ഞ പത്തറുപതു് കൊല്ലത്തെ ചരിത്രമേ അവകാശപ്പെടാനുള്ളൂ എങ്കിലും ലോക ശരാശരിയില്‍ ഇന്ന് മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയും, ആരോഗ്യകരമായ ലഘൂകരണ തന്ത്രങ്ങള്‍ ലോക വേദിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്നെ പറയേണ്ടതുള്ളൂ. ഇന്ത്യ അവതരിപ്പിച്ച ലൈഫ് (ലൈഫ് ഫോര്‍ എന്‍വിറോണ്മെന്റ് ) അഥവാ, ‘പരിസ്ഥിതി അനുയോജ്യ ജീവിതശൈലിയില്‍’ അധിഷ്ഠിതമായ രാജ്യത്തിന്റെ കാര്‍ബണ്‍ ഉദ്വമന ലഘൂകരണത്തിനുള്ള ദീര്‍ഘകാല വികസന പദ്ധതിയും കൃത്യമായി പരിശോധിച്ചാല്‍ ‘ഉണ്ടയില്ലാ വെടി’ ആണെന്ന് കാണാം. ഇന്ത്യയുടെ മൊത്തം കാര്‍ബണ്‍ പുറംതള്ളലിന്റെ സിംഹഭാഗത്തിനും ഉത്തരവാദികള്‍ ഉയര്‍ന്ന വരുമാനക്കാരാണ് എന്നതും രാജ്യത്തിനകത്തു നിലനില്‍ക്കുന്ന ഈ കാര്‍ബണ്‍ അസമത്വത്തെ കണ്ട ഭാവം നടിക്കാതെ ഭാവനയും കാവ്യാത്മകതയും സമം ചേര്‍ത്ത് ലോകത്തിനാകെ മാതൃകാപരം എന്ന ഉദാത്തമായ വീമ്പു പറച്ചിലോടെ അവതരിപ്പിച്ചിട്ടുള്ള ‘ഫിക്ഷന്‍’ മാത്രമാണ് ഈ ദീര്‍ഘകാല പരിപാടി. ഫലത്തില്‍, വികസിത രാഷ്ട്രങ്ങള്‍ എങ്ങനെയാണോ ദരിദ്ര രാജ്യങ്ങളെ കാര്‍ബണ്‍ ഉദ്വമനത്തിന്റെ ഉത്തരവാദികളായി ആരോപിക്കുന്നത്, അതില്‍നിന്നും ഒട്ടും കുറയാതെതന്നെയാണ് രാജ്യത്തെ സമ്പന്നരെയും, തൊഴില്‍ നഷ്ടത്തിനും നഗരവല്‍ക്കരണത്തിനും കാരണമാകുന്ന ഖനനമാഫിയയെയും വനം കൊള്ളക്കാരെയും പരിശുദ്ധിയുടെ ചായം പൂശി അവതരിപ്പിക്കുന്ന ഇന്ത്യന്‍ പരിസ്ഥിതി അനുയോജ്യ ജീവിതശൈലി. ഊര്‍ജം, ഗതാഗതം, നഗരവല്‍കരണം, വനം, കാര്‍ബണ്‍ ലഘൂകരണം തുടങ്ങി ഈ ദീര്‍ഘകാല പദ്ധതി മുന്നൊരുക്കം നടത്താന്‍ ഉദ്ദേശിക്കുന്ന പല മേഖലകളിലും സര്‍ക്കാരിന്റെ ചുമതലബോധത്തോടെയുള്ള മുന്‍കാല പ്രവര്‍ത്തനങ്ങളും വരും കാലത്തേക്കുള്ള ദര്‍ശനവ്യക്തതയും കാരണം, ലക്ഷ്യം പകുതിയിലേറെ നേടിക്കഴിഞ്ഞു എന്ന് വരെ പറഞ്ഞു വെക്കുന്നുണ്ട്. 2002 മുതല്‍ വര്ഷം തോറും ഇന്ത്യയുടെ വനവിസ്തൃതി നഷ്ടപ്പെട്ടുവരികയാണെന്ന ‘ഗ്ലോബല്‍ ഫോറെസ്‌റ് വാച്ച്’ ന്റെ സര്‍വേ ഫലങ്ങളെ ഔദ്യോഗിക സര്‍ക്കാര്‍ കണക്കുകള്‍ നിഷ്പ്രഭമാക്കുന്നു. വനപ്രദേശങ്ങളും വൃക്ഷത്തണലുകളും പൂന്തോട്ടങ്ങളും വനമായി കണക്കാക്കി 2030 ഓടുകൂടി രണ്ടര മുതല്‍ മൂന്നു ബില്യണ്‍ കാര്‍ബണ്‍ വലിച്ചെടുക്കാന്‍ കാടുകളെ ഉപയോഗപ്പെടുത്താമെന്ന് ഈ രേഖ അവകാശപ്പെടുന്നു. രാജ്യത്തിന്റെ ഊര്‍ജ ഉല്പാദനത്തിന്റെ സ്രോതസ്സ് 70 % വും 135 ഓളം വരുന്ന കല്‍ക്കരിഖനികളില്‍ നിന്നുമാണ് ഇന്ത്യ കണ്ടെത്തുന്നത്. ഇനിയും പത്തമ്പതു കൊല്ലത്തേക്ക് അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. കാരണം, ഏകദേശം 110000 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് ഇന്ത്യക്കു സ്വന്തമായുള്ളത്. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ പകുതിയും ഫോസ്സിലേതര ഊര്‍ജസ്രോതസ്സുകളില്‍ നിന്നും കണ്ടെത്തും എന്ന് ദേശീയ നിര്‍ണ്ണീത സംഭാവനകളില്‍ ഒന്നാമതായി പറയുമ്പോള്‍ അത്, കല്‍ക്കരി ഉപയോഗം കുറച്ചുകൊണ്ടല്ല, മറിച്ചു, ആണവ, ജല വൈദ്യുതി സ്രോതസ്സുകളെ പാരമ്പര്യേതര പുനരുപയോഗ സ്രോതസ്സുകളായി മതം മാറ്റിക്കൊണ്ടാണ് ഇന്ത്യ നേടുന്നത് എന്ന് ചുരുക്കം. അതേ സമയം, കല്‍ക്കരി ഉത്പാദനം വര്‍ധിപ്പിക്കാനായി, സര്‍ക്കാര്‍, പുതിയ ഖനികള്‍, ബ്ലോക്കുകള്‍ ലേലത്തിന് വക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഫോസില്‍ ഇന്ധന ഉപഭോഗത്തില്‍ നിന്നുള്ള താപനില വര്‍ദ്ധനവ് മാത്രമല്ല ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങളെ കൂടുതല്‍ ദയനീയമാക്കുന്നത്. ഇത്തരം ഖനികളില്‍ നാമമാത്രമായ വേതനത്തിനായി പണിയെടുക്കുന്നവരുടെ അനാരോഗ്യാവസ്ഥ, ദാരിദ്ര്യം, വൈദ്യസഹായമില്ലായ്മ, കുടിവെള്ളക്ഷാമം, തുടങ്ങിയ ഒക്ക്യൂപ്പേഷണല്‍ ഹസാര്‍ഡുകള്‍ കൂടിയാണ്. ഇന്ത്യക്ക് അന്തരീക്ഷ താപവര്‍ദ്ധനവില്‍ ചരിത്രപരമായ ഉത്തരവാദിത്തം ഇല്ലാത്തതു നിര്‍വികസനത്തിന്റെ പാപഭാരവും ദുരിതങ്ങളും ഇത്തരം ലക്ഷക്കണക്കായ തൊഴിലാളികള്‍ ഏറ്റെടുക്കുന്നതുകൊണ്ട് മാത്രമാണ്. പ്രകൃതിയെ ഹിംസിക്കാതെയും, പരിസ്ഥിതിക്ക് പരിക്കേല്‍പ്പിക്കാതെയും ഉള്ള ഉദാത്ത ജീവിതത്തെ പിന്തുണക്കുന്ന കാല്പനിക ഭാവനയെന്നതിലപ്പുറം വ്യവസായ മാലിന്യങ്ങളും കുത്തക ലാഭക്കൊതിയും മലീമസമാക്കുന്ന അന്തരീക്ഷത്തെയും ജലസ്രോതസ്സുകളെയും എങ്ങനെ പരിരക്ഷിക്കാം, ജനങ്ങളുടെ സാധാരണ ജീവിതത്തെ എങ്ങനെ അനായാസമാക്കാം എന്നിവയെക്കുറിച്ചൊന്നും ഗ്ലാസ്‌ഗോയിലെ കോപ് 26 ല്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്ന ‘പഞ്ചാമൃതത്തില്‍’ തന്നെ പ്രദിപാദിക്കുന്നില്ലല്ലോ…

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകജനസംഖ്യയുടെ മൂന്നിലൊന്നും താമസിക്കുന്നത് സമുദ്രതീരങ്ങളിലാണ്. മനസികോല്ലാസത്തിലുപരി, ഉപജീവനത്തിന് അധികം ക്ലേശിക്കേണ്ടതില്ലെന്ന തിരിച്ചറിവുകൂടിയാണ് തീരങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവരെ പ്രയോഗമതികളാക്കുന്നതു. ഒറീസ്സയിലെ അത്തരമൊരു കടല്‍ത്തീരമാണ് ‘സതാഭയ’. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഏഴു ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട ഒരു കൂട്ടം. 1971 ലെ ചുഴലിക്കാറ്റ് മൂന്നു ഗ്രാമങ്ങളെ കടലിലാഴ്ത്തുകയും ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ചെയ്തു. ഉപ്പുവെള്ളം കയറി, ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമി ഉപയോഗ ശൂന്യമായി മാറി. 1999 ലെ മറ്റൊരു ചുഴലിക്കാറ്റില്‍ വീണ്ടും രണ്ടു ഗ്രാമങ്ങള്‍ കൂടി കടല്‍ കൊണ്ടുപോയി. 2011 ല്‍ ഒരു വില്ലേജ് കൂടി ആയിരങ്ങളെ ദുരിതത്തിലാഴത്തി കടലില്‍ മുങ്ങിപ്പോയി. അവശേഷിച്ച ബെരിപൂര്‍ ഗ്രാമത്തില്‍, കടലെടുത്തുപോയ ഗ്രാമങ്ങളിലെ ജനങ്ങള്‍ അഭയാര്‍ത്ഥികളെപ്പോലെ നരക ജീവിതം തള്ളിനീക്കുന്നു. കുടിവെള്ളത്തിനായി അവര്‍ ഉപയോഗിച്ചിരുന്ന ഹാന്‍ഡ് പൈപ്പ് ദൂരെ കടലില്‍ നോക്കുകുത്തി പോലെ പൊങ്ങി നില്‍ക്കുന്നത് അപഹാസ്യമായി തോന്നാം. ഈ ദയനീയാവസ്ഥയുടെ കാരണമന്വേഷിച്ചു ചെല്ലുമ്പോഴാണ് പാരദ്വീപ് തുറമുഖത്തിന്റെ വികസനത്തിന് കൊടുക്കേണ്ടിവന്ന വില എത്രയെന്നു മനസ്സിലാവുന്നത്. പ്രകൃതിദത്തമായ കടല്‍ പ്രതിരോധമായി കണ്ടല്‍വനങ്ങളുടെ കിലോമീറ്ററുകള്‍ നീണ്ട ഇടതൂര്‍ന്ന നിര നിഷ്‌കരുണം വെട്ടിമാറ്റിയാണ് 1966 ല്‍ ഈ തുറമുഖം വന്‍ വ്യവസായ പദ്ധതികളെ മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെട്ടത്. കടലാക്രമണം തടയാനായി തീരത്തെ ബലപ്പെടുത്താന്‍ നിക്ഷേപിക്കപ്പെട്ട കൃത്രിമ കല്ലുകള്‍ മൂലം തൊട്ടടുത്ത സതാഭയാ തീരമാണ് നശിക്കാന്‍ തുടങ്ങിയത്. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള സാമ്പത്തിക വികസനം കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീകര ഹസ്തങ്ങളോട് കൂടിച്ചേരുമ്പോള്‍ ദരിദ്രജനങ്ങളെയും അവരുടെ അത്രയൊന്നും മെച്ചമല്ലാത്ത ദൈനംദിന ജീവിതത്തെയും എങ്ങനെ തകര്‍ത്തെറിയുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ‘സതാഭയാ ദുരന്തം’ കാട്ടിത്തരുന്നത്. തദ്ദേശീയര്‍ എന്ന പദവിയില്‍ നിന്നും എത്ര പെട്ടെന്നാണ് അവര്‍ കാലാവസ്ഥ അഭയാര്‍ത്ഥികള്‍ എന്ന നിലയിലേക്ക് തരം താഴ്ത്തപ്പെട്ടതു എന്ന് നോക്കൂ. ആവര്‍ത്തിച്ചുള്ള ചുഴലിക്കാറ്റുകള്‍, പ്രക്ഷുബ്ധമായ കടല്‍, തീരശോഷണം, ഉപയോഗ ശൂന്യമായ കൃഷിഭൂമി എന്നിവ ഓരോ വര്ഷം ചെല്ലുംതോറും കൂടുതല്‍ രൂക്ഷമായി ഈ പ്രദേശത്തെ വേട്ടയാടുന്നു. ഫലമോ, ഒരിക്കല്‍ സാമ്പത്തികമായി സ്വയം പര്യാപ്തമായിരുന്നു ഒരു ജനസമൂഹത്തിന് പ്രാഥമികാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടിവരുന്നു. ഈ സാമ്പത്തിക കുറ്റകൃത്യം ആരുടെ ചെലവില്‍ എന്നതാണ് നാം ചോദിക്കേണ്ട ചോദ്യം.

‘യു എന്നിലെ ഉടുത്തൊരുങ്ങിയ എല്ലാ മാന്യന്മാര്‍ക്കുമായി’ എന്ന ശീര്‍ഷകത്തില്‍ പലസ്തീന്‍ കവിയായ സാമിഹ് അല്‍ ഖാസിം എഴുതുന്നു. ‘….പായല്‍ എന്റെ ഹൃദയത്തിലും നിങ്ങളുടെ കണ്ണാടിച്ചുമരുകളിലും വളര്‍ന്നിരിക്കുന്നു. എന്നിട്ടും സമ്മേളനങ്ങള്‍, പ്രസംഗങ്ങള്‍. …..ഈ ലോകത്തു എന്റെ പാലങ്ങളെല്ലാം നഷ്ടമാവുന്നു. എന്റെ രക്തം മഞ്ഞയാവുന്നു. നൂറു വാഗ്ദാനങ്ങളുടെ ചേറില്‍ എന്റെ ഹൃദയവും താഴ്ന്നു പോവുന്നു.’ മറ്റൊരവസരത്തില്‍, മറ്റൊരു രാഷ്ട്രീയ വിഴുപ്പലക്കലില്‍ വേരറ്റുപോയ ജനതയുടെ രോദനമായി രൂപപ്പെട്ട ഈ കവിത ഇവിടെയും പ്രസക്തമാണ്. അനിയന്ത്രിതമായ ഖനിജ ഇന്ധന ഉപയോഗം, ആര്‍ഭാടത്തെയും ലാഭക്കൊതിയെയും വര്ധിപ്പിക്കുന്നതോടൊപ്പം സാധാരണക്കാരനെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവീഴ്ത്തുന്നു. അവരെ ജനിച്ച നാട്ടില്‍ തന്നെ യാചകരാക്കിമാറ്റുന്നു. ആഗോളതാപനം, വരള്‍ച്ചയും, കുടിവെള്ളമില്ലായ്മയും, അതിവൃഷ്ടിയും, അത്യുഷ്ണവും ക്ഷണിച്ചുവരുത്തുന്നു. അത് നിയന്ത്രിക്കേണ്ട പണ്ഡിതരും ജനനേതാക്കളും കുളിച്ചൊരുങ്ങി സമ്മേളനങ്ങള്‍ക്കായി സുഖ ശീതള മുറികളില്‍ കൂടിയിരുന്നു വാതോരാതെ പ്രസംഗിക്കുന്നു. പ്രകൃതിസ്രോതസ്സുകളെ കണക്കിലെടുക്കാതെ വികസനത്തിന് പുറകെപോയി മൂലധനശക്തികള്‍ സതാഭയാ പോലുള്ള ഗ്രാമങ്ങള്‍ക്കും ജനങ്ങള്‍ക്കും നിത്യദുരിതം മാത്രം സമ്മാനിക്കുന്നു. ഇന്ന് നാം അഭിമുഖീകരിക്കുന്നത് കേവലം കാലാവസ്ഥ പ്രതിസന്ധിയെയല്ല, കാലാവസ്ഥ ദുരന്തത്തെത്തന്നെയാണ് എന്ന് നമ്മുടെ നയരൂപീകരണ വിദഗ്ധര്‍ എന്നാണ് തിരിച്ചറിയാന്‍ പോകുന്നത്?

 

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply