തീരദേശം : നിലനില്‍പ്പിന്റെ തീരാവേദനയും പരിപാലനത്തിന്റെ തീരാവ്യാധിയും
കടല്‍തീരത്ത് അമ്പത് മീറ്ററിനുള്ള താമസിക്കുന്ന 18,865 കുടുംബങ്ങളെ കിഴക്കോട്ട് മാറ്റിപ്പാര്‍പ്പിക്കുന്ന ‘പുനര്‍ഗേഹം’ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. ആ ചന്ദ്രതാരത്തോളം കടപ്പുറത്തു മാത്രമേ താമസിക്കൂ എന്ന നിര്‍ബന്ധബുദ്ധി മത്സ്യത്തൊഴിലാളികള്‍ക്കും പടില്ല തന്നെ. എന്നാല്‍ ഹരിത ഇടനാഴി എന്നു പേരിട്ടുവിളിക്കുന്ന കിഫ്ബി പദ്ധതിയായ തീരദേശ ഹൈവേ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ റോഡിനിരുവശത്തും കെട്ടിടസമുച്ചയങ്ങളും, ടൂറിസ്റ്റു പദ്ധതികളും ഉയര്‍ന്നുവരുമെന്നും തീരസംരക്ഷണം തന്നെ അപകടപ്പെടുമെന്നുമുള്ള വിമര്‍ശനവും ഇപ്പോഴേ ഉയര്‍ന്നുവന്നു കഴിഞ്ഞു. വന്‍കിട പദ്ധതികള്‍ക്കുവേണ്ടി ദന്തേവാദയില്‍ ആദിവാസികളെ ബലം പ്രയോഗിച്ച് കുടിയിറക്കിയ നടപടികളുടെ മൃദുസ്വഭാവമാണിവിടെയുള്ളത് എന്ന ആക്ഷേപവുമുണ്ട് – കേരളമത്സ്യത്തൊഴിലാളി ഐക്യവേദി (ടി. യു. സി. ഐ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് എഴുതുന്നു.
എവിടെവിടെങ്ങളില്‍ ചട്ടികല-
ങ്ങള്‍ പുറത്തെറിയപ്പെടുന്നുണ്ടീപ്പാരിടത്തില്‍
അവിടവിടങ്ങളില്‍ ചേര്‍ത്തവരക്കുകൊ-
ന്നിവരുടെ രാഷ്ട്രത്തിന്നതിര്‍വരകള്‍.
-വൈലോപ്പിള്ളി (കുടിയൊഴിപ്പിക്കല്‍)
കേരളം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പ്രകൃതിയുടെ വകയായ കുടിയൊഴിപ്പിക്കലിനു തയ്യാറെടുക്കുകയാണ്. കോവിഡിന്റെ ‘ചങ്ങല അറുത്തുമാറ്റുന്നതിന്’ ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ അഴിക്കുംതോറും മുറുകുന്ന ‘ഗോര്‍ഡിയന്‍ കുരുക്ക്’ പോലെ അസംഖ്യം ചങ്ങലകള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. ഇന്നിപ്പോള്‍ കോവിഡുമായി സമരസപ്പെട്ടുപോകുന്നതിനെക്കുറിച്ച് നാം സംസാരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനും ഇത് ബാധകമാണ്.
2018-ലെ പ്രളയത്തില്‍ കേരളത്തില്‍ 483 പേരാണ് മരിച്ചത്. ആ വര്‍ഷം ഇടുക്കിയില്‍ മാത്രം അഞ്ഞൂറിലേറെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. 2019-ലാകട്ടെ മരിച്ചവരില്‍ നൂറിെേലറപ്പേര്‍ വയനാട്ടിലെ മേപ്പാടിയിലുള്ള പുത്തുമലയിലും മലപ്പുറത്തെ പോത്തുകല്ലിലെ കവളപ്പാറയിലും നിന്നുള്ളവരായിരുന്നു. മലനിരങ്ങിനീങ്ങി മണ്ണിനടിയില്‍പ്പെട്ടാണ് ഇവര്‍ മരിച്ചത്. രക്ഷാദൗത്യം വൈകിയതും രാത്രി തെരച്ചില്‍ നിര്‍ത്തിയതും മരണ സംഖ്യ വര്‍ധിപ്പിച്ചു.
ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും ഒരു യാഥാര്‍ത്ഥ്യമായി ലോകം അംഗീകരിച്ചിരിക്കുന്ന കാലമാണിത്. ഇതിന്റെ കെടുതികളില്‍ നിന്നും വിമുക്തമായ ഒരു സംസ്ഥാനമാണ് നമ്മുടേത് എന്ന മിഥ്യാധാരണയ്ക്ക് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. പ്രളയം, കാറ്റ്, വരള്‍ച്ച എന്നിവ ഒറ്റൊയ്‌ക്കൊറ്റയ്‌ക്കോ ഒരു വര്‍ഷത്തിനിടയില്‍ത്തന്നെയോ വന്നുഭവിക്കാവുന്ന ഒരിടമാണ് നമ്മുടേത്. 2018 ദര്‍ശിച്ച നൂറ്റാണ്ടിലെ പ്രളയത്തിനുശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍മാസം സാക്ഷ്യം വഹിച്ചത് നൂറ്റാണ്ടിലെ വരള്‍ച്ചയുടെ ജൂണായിരുന്നുവെന്ന വിചിത്ര യാഥാര്‍ത്ഥ്യം നാം കാണണം. പരിസ്ഥിതിയേയും വികസനത്തേയും സംബന്ധിച്ച നമ്മുടെ സമീപനങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്ന കാര്യങ്ങളാണിവിടെ സംഭവിക്കുന്നത്.
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന തീവ്രന്യൂനമര്‍ദ്ദം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ തീരത്തേക്കുള്ള പ്രവാഹത്തെ ശക്തമാക്കും. ഇതുമൂലം അറബിക്കടലിന്റെ ഉപരിതലത്തിലേക്കുള്ള നീരാവി പെട്ടെന്നുതന്നെ പശ്ചിമഘട്ടത്തിലേക്കെത്തുമെന്നും അതിന്റെ തൊട്ടു പടിഞ്ഞാറ് തീവ്രമഴയായി വര്‍ഷിക്കുമെന്നും ഇപ്പോള്‍ നമുക്കറിയാം. പ്രളയത്തെ സംബന്ധിച്ച പ്രാഥമിക പാഠം ഇവിടെ നിന്നും തുടങ്ങണം. ”മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്” എന്ന പഴയമട്ടിലല്ല ഇപ്പോഴത്തെ പ്രവചനങ്ങള്‍. കൂറെക്കൂടി വ്യക്തതയോടെ നമുക്കിത് പ്രവചിക്കാനാവുന്നുണ്ട്. എന്നാല്‍ സൂക്ഷ്മതലത്തില്‍ ഇതിന്റെ പ്രത്യാഘാതം പ്രവചിക്കാന്‍ ഇപ്പോഴുമാകുന്നുണ്ടോ? 2018-ലെ പ്രളയശേഷമുള്ള ഒരാണ്ടിനിടയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം നാല്‍പത് ദിവസങ്ങളിലെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിലെമ്പാടും കടലില്‍ പോകുന്നതിന് നിരോധനമുണ്ടായിട്ടുണ്ട്. 2019-ലാകട്ടെ 80 ദിവസമാണ് മത്സ്യബന്ധന നിരോധനം ഉണ്ടായത്. എന്ന് മത്സ്യ ബന്ധനത്തിന് പോകരുത് എന്ന് പ്രഖ്യാപിക്കുന്നതിനേക്കാള്‍ എന്നൊക്കെ പോകാം എന്ന് പ്രഖ്യാപനം നടത്തേണ്ട അവസ്ഥയിലാണ് ഇന്ന് കേരളം.
കൊച്ചിയില്‍ മത്സ്യവരള്‍ച്ചയും കോവിഡും മൂലം 6 മാസമായി കെട്ടിയിട്ടിരിക്കുന്ന 40 പേര്‍ വരെ പണിക്കുപോകുന്ന ഇന്‍-ബോര്‍ഡ് വള്ളങ്ങള്‍ മെയ് 28 മുതല്‍ മത്സ്യബന്ധനത്തിന് പോകാനായി ഫിഷറീസ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ പിന്നീട് മെയ് 28 മുതല്‍ ജൂണ്‍ 5 വരെ മത്സ്യബന്ധനത്തിന് പോകരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. പലപ്പോഴും തിരുവനന്തപുരത്ത് കടല്‍ പ്രക്ഷുബ്ധമായാലും കാറ്റും മഴയുമുണ്ടായാലും കൊച്ചിയിലും കണ്ണൂരും അതിന്റെ യാതൊരു ലക്ഷണവുമുണ്ടാകില്ല. മത്സ്യബന്ധന നിരോധനം അവര്‍ക്കും ബാധകമാണുതാനും! കേരളത്തിലെ കാലാവസ്ഥാപ്രവചനങ്ങള്‍ കുറെക്കൂടി സൂക്ഷ്മതലം (ചുരുങ്ങിയ പക്ഷം മേഖലതിരിച്ചെങ്കിലും) ആവേണ്ടതുണ്ട്.
2005-ലാണ് കേരളം അതിന്റെ ദുരന്തനിവാരണ നിയമം പാസ്സാക്കിയത്. 2012-ല്‍ മലപ്പുറത്ത് ദുരന്തനിവാരണ ആസ്ഥാനവും സ്ഥാപിച്ചു. നൂറുപേരെ പരിശീലനം നല്‍കി വിവിധ പോലീസ് വിഭാഗങ്ങള്‍ക്കയച്ചുകൊടുത്തിട്ടുമുണ്ട്. എന്നാല്‍ കേരളത്തിന്റെ ഭൂപ്രകൃതിക്കനുസൃതമായ ഒരു രക്ഷാദൗത്യസംവിധാനം ഇനിയും വികസിപ്പിച്ചെടുക്കേണ്ടതായിട്ടാണിരിക്കുന്നത്. പുഴകളും, ഇടതൂര്‍ന്ന വനങ്ങളും തോട്ടങ്ങളും ചെങ്കുത്തായ മലനിരകളും, കോണ്‍ക്രീറ്റ് എടുപ്പുകളും അടങ്ങുന്ന സങ്കീര്‍ണ്ണതകളെ ഉള്‍ക്കൊള്ളുന്ന സംവിധാനമായിരിക്കണം അത്.
യന്ത്ര തുരപ്പന്മാരുടെ നാട്
തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കൈപ്പത്തിയും അരിവാളും ചിഹ്നമാവുകയും അടുത്ത തെരഞ്ഞെടുപ്പുവരെ ജെ.സി.ബിയും, ടിപ്പറും കൊടിയടയാളമാവുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവകലവറയായ പശ്ചിമഘട്ടത്തിന്റെ ഹൃദയം തുരന്നാണ് ഈ തുരപ്പന്മാര്‍ വിരാജിക്കുന്നത്. ഒരു പഞ്ചായത്തില്‍ ആറ് ക്വാറികളെങ്കിലും എന്നതാണ് കേരളത്തിന്റെ നില. ഓരോ പാറമടയിലും ക്വാറികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവയുടെ നേരേ മുന്നിലും എതിര്‍ഭാഗത്തും കുന്നിടിയലോ ഉരുള്‍പൊട്ടലോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇതിനെ സംബന്ധിച്ച പഠനം നടത്തുന്ന കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്.
ക്വാറിയിംഗ് കുന്നിന്റേയും പാറയുടേയും മണ്ണിന്റേയും സ്ഥിരതയെ ബാധിക്കുന്നുണ്ട്. കേരളത്തില്‍ ഇന്ന് 52 സ്ഥലങ്ങളിലെങ്കിലും ക്വാറിയിംഗിന് എതിരായ പ്രക്ഷോഭം നടക്കുന്നുണ്ട്. രാഷ്ട്രീയ ഭേദമെന്യേ ബഹുജനങ്ങള്‍ അതില്‍ പങ്കെടുക്കുന്നുമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ സമീപനമെന്താണ്? അനധികൃത ക്വാറികള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതു മാത്രമല്ല, നൂറുകണക്കിന് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കുകയുമാണ്. പാറ ഖനനത്തില്‍ അനുമതി നല്‍കുവാന്‍ കളക്ടര്‍മാര്‍ റവന്യൂ വകുപ്പിന്റെ പരിശോധനമാത്രം നടത്തിയാല്‍ മതിയെന്ന വിചിത്ര നിര്‍ദ്ദേശം റവന്യൂ അഡീഷനല്‍ സെക്രട്ടറി നല്‍കിയത് കഴിഞ്ഞ പ്രളയത്തിനു ശേഷമായിരുന്നു!! ഖനനമേഖലയ്ക്ക് വനമേഖലയില്‍ നിന്നും ജനവാസകേന്ദ്രത്തില്‍ നിന്നുമുള്ള അകലം 200 മീറ്ററില്‍ നിന്നും 50 മീറ്ററാക്കി കുറച്ചുകൊണ്ട് ‘പരിസ്ഥിതി സൗഹൃദ വികസനം’ കാര്യക്ഷമമാക്കിക്കൊണ്ടിരിക്കുകയുമാണ്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം കൃഷിക്കുമാത്രമായി പതിച്ചുകൊടുത്ത ഭൂമിയില്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതും പ്രളയത്തിനുശേഷമാണ്.
1960കളില്‍ കൃഷിക്കാര്‍ക്കായി പതിച്ചുകൊടുത്ത ഈ സര്‍ക്കാര്‍ ഭൂമിയില്‍ ഭൂരിപക്ഷവും റബ്ബര്‍ തോട്ടങ്ങളാണ്. റബ്ബറിനു വിലയിടിഞ്ഞപ്പോള്‍ ഖനനത്തിനുവിട്ടുകൊടുക്കാന്‍ ഉടമകള്‍ തീരുമാനിച്ചതിനെ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. നേരത്തേ അവിടെ നടന്ന ഖനനങ്ങളെ നിയമവിധേയമാക്കാനും ഉത്തരവിറക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഏലം ഹില്‍ റിസര്‍വ്വിലെ മരങ്ങള്‍ മുറിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. ഉരുള്‍പൊട്ടല്‍ തടയാനായി മരങ്ങള്‍ മുറിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ 1986-ലെ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തതും പ്രളയത്തിനുശേഷമാണ്. കൂടാതെ ഏലപ്പട്ടയ, ഏലപ്പാട്ടഭൂമികളിലെ മരം മുറിക്കാന്‍ അനുമതി നല്‍കുന്ന മറ്റൊരുത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ഖനനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരും ഉത്തരവിറക്കിയത് അടുത്തിടെയാണ്. പശ്ചിമഘട്ടത്തിലെ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നും പുതിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ട്. തോട്ടങ്ങളുടെ പ്രതിസന്ധിയുടെ പേരില്‍ പ്ലാന്റേഷനുകളുടെ ഒരു ഭാഗം ടൂറിസവല്‍ക്കരിക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനൊക്കെപ്പുറമെ മലയോര ഹൈവേയുടെ നിര്‍മ്മാണവുമായും മുന്നോട്ടുപോവുകയുമാണ്. കിഴക്കുപടിഞ്ഞാറായി ചരിഞ്ഞുകിടക്കുന്ന ഒരു ഭൂമിയും വിലങ്ങനെ നടത്തുന്ന നിര്‍മ്മിതികളും വികസനവും സൃഷ്ടിക്കുന്ന പ്രത്യാഘാതം 1924 ലെ വെള്ളപ്പൊക്കം മുതല്‍ നമ്മെ പഠിപ്പിച്ചിട്ടും ഇതില്‍ നിന്നും നാം പാഠം ഉള്‍ക്കൊള്ളുന്നില്ല.
നദീതട സംസ്‌കാരം
‘എത്ര പിടിച്ചുകെട്ടിയാലും പുഴകള്‍ ഒഴുകുന്നതിന്റെ വഴികള്‍ മറക്കുന്നില്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ വെള്ളപ്പൊക്കവും’ എന്ന് ടോണി മോറിസണ്‍ പറഞ്ഞിട്ടുണ്. 1924-ലെ വെള്ളപ്പൊക്കം ബാധിച്ച അതേസ്ഥലങ്ങളില്‍ ത്തന്നെയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വെള്ളം കയറിയത്. ഐരാണിക്കുളത്തെ അമ്പലത്തില്‍ തൊണ്ണൂറ്റിഒമ്പതിലെ വെള്ളം കയറിയ അടയാളം ഇപ്പോഴും കാണാം. ഇത് പ്രളയം സംബന്ധിച്ച മാപ്പിംഗ് എളുപ്പമാക്കുന്നുണ്ട്. പ്രളയഭൂപടം തയ്യാറാക്കേണ്ടത് സ്ഥൂലമായി മാത്രമല്ല, മൈക്രോലെവലിലും, പഞ്ചായത്തുതലത്തിലും വേണ്ടതുണ്ട്. ഇവ വര്‍ഗ്ഗീകരിച്ച് മാപ്പുകളുണ്ടാക്കി പൊതുജനങ്ങള്‍ക്കായി ഓരോ പഞ്ചായത്തും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം ഇനിയും നടപ്പാക്കിയിട്ടില്ല. ശരിയായ ഒരു ഒഴിപ്പിക്കല്‍ നയ (evacuation policy)ത്തെ സംബന്ധിച്ചു തമിഴ്‌നാട്ടില്‍ നിന്നും, ഒറീസ്സയില്‍ നിന്നും പഠിക്കേണ്ടതുമുണ്ട്. നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയും നദീതടങ്ങളെ വിവിധ സോണുകളാക്കി തിരിച്ച് അനുവദനീയ പ്രവര്‍ത്തനങ്ങളെ മുന്‍ഗണനാടിസ്ഥാനത്തില്‍ പുനര്‍നിര്‍ണ്ണയിക്കുകയും വേണം. പുഴയോരത്ത് ഗ്രീന്‍ബെല്‍ട്ട്, പിന്നെ കൃഷിയിടം, തുടര്‍ന്ന് വ്യവസായങ്ങളും വാസഗൃഹങ്ങളും എന്ന മറ്റു രാജ്യങ്ങളിലെ സമീപനം കേരളത്തിലെ ഒരു നദീതിരത്തും സാധ്യമല്ലാതായിട്ടുണ്ട്. പെരിയാറിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.
പെരിയാര്‍ തീരത്ത് ചെറുതും വലുതുമായ 282 ഫാക്ടറികളുള്ളതില്‍ എണ്‍പതുശതമാനവും രാസവ്യവസായങ്ങളാണ്. ഏലൂര്‍-എടയാര്‍ മേഖലയിലെ മൂഴുവന്‍ വ്യവസായങ്ങളും കഴിഞ്ഞ പ്രളയത്തില്‍ മുങ്ങിപ്പോയി. ഇവിടെ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളും മാലിന്യങ്ങളും ഒഴുകി രാസപ്രളയമായി (Toxic flood) കായല്‍തീരത്തും കടലിലും നിക്ഷേപിക്കപ്പെട്ടിരിക്കുകയാണ്. പുതുവൈപ്പിലെ എല്‍.എന്‍.ജി. പ്രദേശത്ത് കായല്‍ ഡ്രഡ്ജ് ചെയ്ത് ഈ മാലിന്യം കരയിലേക്കൊഴുക്കാന്‍ ശ്രമിച്ചതിനെ തടയാന്‍ ഈ ലേഖകനടക്കമുള്ള മത്സ്യത്തൊഴിലാളി സംഘടനാപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റുചെയ്തുകൊണ്ടാണ് പോലീസ് നേരിട്ടത്. ഹൈക്കോടിതിയില്‍ പ്രൊട്ടക്ഷന്‍ കേസ് വേറെയുമുണ്ട്.
കുട്ടനാട് : ആകുലതകളുടെ തുടര്‍ക്കഥ
രണ്ടുലക്ഷത്തോളം പേരെ രണ്ടു ഘട്ടങ്ങളിലായി യുദ്ധകാലാടിസ്ഥാനത്തില്‍ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിച്ച കുട്ടനാട് സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന മേഖലയാണ്. 1930കള്‍ മുതല്‍ ഈ സവിശേഷ മേഖല വെള്ളപ്പൊക്കത്തെ നേരിട്ടാണ് അതിജീവിച്ചുവന്നത്. പക്ഷേ ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമായിരിക്കുന്നു. തോട്ടപ്പള്ളിയിലും തണ്ണീര്‍മുക്കത്തും ബണ്ട് കെട്ടി വായും, മലദ്വാരവും അടച്ചുവെച്ച അവസ്ഥയിലാണ് ഇന്ന് കുട്ടനാട്. തണ്ണീര്‍മുക്കം ബണ്ട് തുറന്നിടണമെന്നും കര്‍ഷകരടക്കമുള്ളവരുടെ സമ്മതിയുടെ അടിസ്ഥനത്തില്‍ കാര്‍ഷിക കലണ്ടര്‍ പരിഷ്‌ക്കരിക്കുകയോ ചെയ്യണമെന്ന ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. തോട്ടപ്പള്ളിയിലാകട്ടെ സ്പില്‍വേയുടെ തെക്ക് കിഴക്ക് വീയ്യപുരം വരെയുള്ള ലീഡിംഗ് ചാനലില്‍ അടിഞ്ഞുകൂടിയ മണ്ണ് ഇനിയും നീക്കം ചെയ്തുകഴിഞ്ഞിട്ടില്ല. എന്നാല്‍ ബണ്ടിന് പടിഞ്ഞാറെ കടല്‍ തീരത്ത് അടിഞ്ഞുകൂടിയ കരിമണല്‍ നീക്കുന്ന പ്രവൃത്തി ഊര്‍ജ്ജിതവുമാണ്. കടല്‍ത്തീര സംരക്ഷണത്തിനായി അവിടെ സ്ഥാപിച്ച ആയിരത്തോളം കാറ്റാടിമരങ്ങള്‍ ആയിരത്തോളം പോലീസുകാരെ അണിനിരത്തി ഒറ്റ രാത്രികൊണ്ട് മുറിച്ചുമാറ്റിയത് ഈയിടെയാണ്. തെക്ക് തൃക്കുന്നപ്പുഴ വരേയും വടക്ക് പുറക്കാട്ട് വരെയും കടല്‍കയറ്റം രൂക്ഷമാകും. ഇപ്പോള്‍ തന്നെ പുറക്കാട് നൂറ്റിയറുപതോളം വീടുകള്‍ കടലെടുത്തു പോവുകയും അഞ്ഞൂറിലധികം മത്സ്യത്തൊഴിലാളികള്‍ അഭയാര്‍തഥി കേന്ദ്രത്തിലാവുകയും ചെയ്ത സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട്.
തീരദേശം: നിലനില്‍പ്പിന്റെ തീരാവേദനയും പരിപാലനത്തിന്റെ തീരാവ്യാധിയും
കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയത്തിനു കേളികൊട്ടായി ‘കടലാക്രമണ’മാണെത്തിയത്. കടല്‍കയറ്റമുണ്ടായ പ്രധാനമേഖലകള്‍ ശ്രദ്ധേയമാണ്. വിഴിഞ്ഞത്തെ വലിയതുറ, കൊല്ലത്തെ ആലപ്പാട്, കൊച്ചിയിലെ ചെല്ലാനം എന്നിവയാണ് ആ സ്ഥലങ്ങള്‍. മൂന്നിടത്തേയും ദുരന്തത്തിന് കാരണം മനുഷ്യനിര്‍മ്മിതമാണെന്ന് വ്യക്തമാണ്. തിരുവനന്തപുരത്താകട്ടെ വിമാനത്താവളം കടല്‍കയറ്റ ഭീഷണിയിലാണ്. വിമാനത്താവളത്തിലേക്ക് കടല്‍ കയറിയാല്‍ കടലിലേക്ക് വിമാനത്താവളം എന്നമട്ടാണ് അധികൃതര്‍ക്ക്! വലിയതുറയില്‍ വിഴിഞ്ഞവും, ആലപ്പാട് മണല്‍ഖനനവും, ചെല്ലാനത്ത് കൊച്ചി-വല്ലാര്‍പാടം തുറമുഖങ്ങളുമാണ് വില്ലന്മാര്‍. ‘പിടിച്ചതിനേക്കാള്‍ വലുത് അളയില്‍’ എന്ന മട്ടില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ‘സാഗര്‍മാല’ പദ്ധതിയുമുണ്ട്. ഇതിന്റെ ഭാഗമായി ‘സ്വദേശ് ദര്‍ശന്‍ സ്‌കീം’ പ്രകാരം 11 തീംബേസ്ഡ് ടൂറിസ്റ്റ് സര്‍ക്യൂട്ടുകളും, 14 കോസ്റ്റല്‍ എക്കണോമിക് സോണുകളുടെ ഭാഗമായ ക്ലസ്റ്റര്‍ വ്യവസായങ്ങളും, ഭാരത്മാല പദ്ധതിയുടെ ഭാഗമായി 2000 കിലോമീറ്റര്‍ റോഡുകളും 2035 നകം പൂര്‍ത്തീകരിക്കേണ്ട 550 പ്രോജക്ടുകളും തീരദേശത്തേയാണ് ലക്ഷ്യം വെക്കുന്നത്. പുതിയ 6 തുറമുഖങ്ങള്‍നിര്‍മ്മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമായി 3,91,987 കോടി രൂപയുടെ നിക്ഷേപവും വരുന്നുണ്ട്. 550 പ്രൊജക്ടുകള്‍ക്കായി 8 ലക്ഷം കോടിരൂപയാണ് നീക്കിവെക്കുന്നത്. ഇന്ത്യയുടെ തീരദേശത്തിന്റെ സവിശേഷതകളൊന്നും കണക്കിലെടുക്കാതെയും പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ചുമാണ് ഈ നിര്‍മ്മിതികളൊക്കെയും നടത്താന്‍ പോകുന്നത്. ഈ ലക്ഷ്യത്തോടെ 2011ല്‍ പ്രഖ്യാപിച്ച തീരദേശ പരിപാലന വിജ്ഞാപനം പുതുക്കി 2019 ഫെബ്രുവരിയില്‍ പുതിയ വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയുടെ കടലോരങ്ങള്‍ കാലാവസ്ഥാവ്യതിയാനത്തിന്റേയും, വികസന പദ്ധതികളുടേയും അധിക സമ്മര്‍ദ്ദത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി.) ന്റെ 2018ലെ കണക്കു പ്രകാരം ഭൂമിയുടെ ചൂട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 0.19 മീറ്റര്‍ ഉയര്‍ന്നതായാണ് കണക്ക്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കോയിസിന്റെ വിലയിരുത്തല്‍ പ്രകാരം പ്രതിവര്‍ഷം 0.33 മില്ലി മീറ്റര്‍ മുതല്‍ 5.16 മില്ലീമീറ്റര്‍ വരെ കടല്‍ നിരപ്പില്‍ വര്‍ധനയുണ്ട്. തീവ്രമായ കാലാവസ്ഥാവ്യതിയാനത്തിന്റെ സമ്മര്‍ദ്ദത്തിന് ഇതുമൂലം കടല്‍ത്തീരം വിധേയമാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. സുനാമി, ഓഖി, ഗജ, വായു, ഫാനി, ഉംപുന്‍, നിസര്‍ഗ തുടങ്ങിയ സമീപകാല പ്രതിഭാസങ്ങള്‍ ഇതിന്റെ പ്രത്യാഘാതമാണ്. കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ കടല്‍ത്തീരത്തിന്റെ 45 ശതമാനവും ഇതുമൂലം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് കണക്ക്. ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തല്‍ പ്രകാരം 1998 നും 2017 നുമിടയില്‍ കടലോരത്തെ പാരിസ്ഥിതിക വ്യതിയാനത്തിന്റെ ഫലമായി നമ്മുടെ രാജ്യത്തിന് 80 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിട്ടുള്ളത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തമുഖം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ അറിയുന്നത് മത്തിയുടെ ഉല്പാദനത്തകര്‍ച്ചയിലൂടെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിലെ ചാളയുടെ ഉല്പാദനം എട്ടിലൊന്നായി കുറഞ്ഞിരിക്കുകയാണ്. 2012-ല്‍ 3.99 ലക്ഷം ടണ്‍ ചാള പിടിച്ചിടത്ത് 2018-ല്‍ അത് 77,000 ടണ്ണായി കുറഞ്ഞു. നാം ഇപ്പോള്‍ കഴിക്കുന്ന മത്തി മുഴുവന്‍ വരുന്നത് തമിഴ്‌നാട്ടിലെ രാമേശ്വരം, കടലൂര്‍, നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മംഗലാപുരത്തുനിന്നുമാണ്. ശാന്തസമുദ്രത്തില്‍ പ്രത്യക്ഷപ്പെടുന്ന എല്‍-നീനോ പ്രതിഭാസം കേരളത്തിന്റെ തീരക്കടലിലെ അപ്‌വെല്ലിംഗിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അതിന്റെ ഫലമായി മത്തിയുടെ ഉല്പാദനം ഇനിയും കുറയുമെന്നുമാണ് ഒടുവിലത്തെ വിശദീകരണം. ‘പലിശപ്പട്ടിണി പടികേറിയ’ മത്സ്യമേഖലയില്‍ ഒരു ‘മത്സ്യവരള്‍ച്ചാ പാക്കേജ്’ അനുവദിക്കണമെന്ന കടലിന്റെ മക്കളുടെ പരിദേവനം അഗണ്യകോടിയില്‍ തള്ളപ്പെട്ടിരിക്കുന്നു.
തീരദേശ പരിപാലന വിജ്ഞാപനം ഭേദഗതി ചെയ്ത് പുതിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത് 2019 ജനുവരിയിലാണ്. ‘പരിസ്ഥിതി നിയമങ്ങള്‍ നിക്ഷേപകരുടെ താല്പര്യങ്ങള്‍ക്കനുസൃതമായി ഭേദഗതി ചെയ്യണ’ മെന്ന ടി.എസ്.ആര്‍. സുബ്രഹ്മണ്യം കമ്മിറ്റിയുടേയും, ഡോ: ശൈലേഷ് നായിക്കിന്റേയും ശുപാര്‍ശകളെ തുടര്‍ന്നാണ് ഈ ഭേദഗതി വരുത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് തീരത്ത് വീടുവെയ്ക്കാനുള്ള തടസ്സങ്ങള്‍ മാറ്റാനെന്ന വ്യാജേന റിയല്‍എസ്റ്റേറ്റുകാര്‍ക്കും, ബില്‍ഡേഴ്‌സിനും, ടൂറിസ്റ്റ് ലോബികള്‍ക്കും തീരത്തെവിടേയും കെട്ടിടസമുച്ചയങ്ങള്‍ പണിയാനും, ‘സാഗര്‍മാല’ പദ്ധതി നടപ്പാക്കാനുമാണ് പുതിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
തീരപരിപാലന വിജ്ഞാപനത്തിനെതിരേ ആദ്യം രംഗത്തുവന്നത് സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റിയാണ്. ”തീരവാസികളുടേ ഉപജീവന, വാസ അവകാശത്തെ ഇത് ഹനിക്കുമെന്നും, തീരസംരക്ഷണ ദൗത്യമേറ്റെടുത്ത കണ്ടല്‍ക്കാടുകളുടെ വിനാശത്തിന് ഇത് വഴിവെക്കുമെന്നും, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമെന്നും, നിക്ഷേപകരുടേയും ബില്‍ഡേഴ്‌സിന്റേയും, കുത്തകകളുടേയും താല്പര്യങ്ങള്‍ക്ക് തീരത്തെ തീറെഴുതു” മെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് അവരുയര്‍ത്തിയത്. ‘മോദി ഭരണത്തിന്റെ വിനാശകരമായ നാലുവര്‍ഷങ്ങള്‍’ എന്ന ലഘുലേഖയിലൂടെ ഈ വിമര്‍ശനം ഇന്ത്യയിലൊട്ടാകെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരിസ്ഥിതി വിരുദ്ധമായ വിജ്ഞാപനത്തെ ആദ്യം അംഗീകരിച്ചത് കേരളമാണ്. മന്ത്രിസഭായോഗത്തില്‍ ഫിഷറീസ് വകുപ്പുമന്ത്രി ചില പ്രശ്‌നങ്ങളുന്നയിച്ചുവെങ്കിലും സംസ്ഥാന ക്യാബിനറ്റ് പുതിയ വിജ്ഞാപനം അംഗീകരിക്കുകയായിരുന്നു. ”തീരവിജ്ഞാപനത്തില്‍ വരുത്തേണ്ട ഇളവുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും മാത്രമായി നിജപ്പെടുത്തണമെന്നും, ബില്‍ഡേഴ്‌സിനും റിയല്‍ എസ്റ്റേറ്റ് വിഭാഗങ്ങള്‍ക്കും അനുവദിക്കരുതെ”ന്നുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടുപോലും ഈ മന്ത്രിസഭയ്ക്കില്ലെന്നതാണ് ദുഃഖയാഥാര്‍ത്ഥ്യം.
”ഇനിയുമൊരു പ്രളയം കേരളത്തിനു താങ്ങാനാവില്ല” എന്നു പറഞ്ഞുകൊണ്ടാണ് മരടിലെ നിയമം ലംഘിച്ചു പണിതുയര്‍ത്തിയ അഞ്ചു കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുകളയാന്‍ കഴിഞ്ഞ ജൂണ്‍ 8-നു സുപ്രിം കോടതി ഉത്തരവിട്ടത് വിധി ബാധിക്കുന്ന ഫ്‌ളാറ്റുകളിലെ നിര്‍ദ്ദോഷികളായ ഉടമസ്ഥരുടെ ആകുലതകള്‍ അഭിസംബോധന ചെയ്യപ്പെടേണ്ടതും പരിഹാരം ആവശ്യവുമാണ്. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരെയെന്നപോലെ എല്ലാ പാര്‍ട്ടികളും മുന്നണികളും സുപ്രീം കോടതി ഉത്തരവിനെതിരെ രംഗത്തിറങ്ങുകയാണുണ്ടായത്. മാര്‍ത്താണ്ഡവര്‍മ്മയിലെ ചാന്നാനെപ്പോലെ ‘അടിയന്‍ ലച്ചിപ്പോം’ എന്നു പറഞ്ഞ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഫ്‌ളാറ്റുകളില്‍ കയറിയിറങ്ങി. ഇതു യാദൃഛികമല്ല. പെരുമ്പളത്തിനടുത്ത് വേമ്പനാട്ടുകായലിന്റെ ഒത്ത നടുവില്‍ തുരുത്ത് നികത്തിയെടുത്ത് നിയമം ലംഘിച്ചു കാപ്പിക്കോ കമ്പനി പണിത 53 കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുകളയാന്‍ കേരള ഹൈക്കോടതിയിലെ ജ: കെ. എം. ജോസഫും, ജ: കെ. ഹരിലാലു മടങ്ങുന്ന ഡിവിഷന്‍ ബെഞ്ചു ഉത്തരവിട്ടത് 2013 ജൂലൈ 25 നാണ്. ആ വര്‍ഷം ആഗസ്റ്റ് 2-നു സുപ്രിം കോടതിയും ഉത്തരവു ശരിവെച്ചു വിധി പറഞ്ഞു. ഒറ്റയാള്‍ പോലും താമസിക്കാത്ത ഈ കെട്ടിട സമുച്ചയങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമേലധ്യക്ഷന്മാരും, എം.എല്‍.എ.മാരും അടങ്ങുന്ന അക്ഷൗഹിണിപ്പട മുന്നണിക്കതീതരായി രംഗത്തിറങ്ങിയതും ഒപ്പു ശേഖരണം നടത്തിയതും മറക്കാനായിട്ടില്ല. ഇവരില്‍ ചിലര്‍ ഇപ്പോഴത്തെ നിയമസഭാപരിസ്ഥിതി സമിതിയില്‍ അംഗങ്ങളുമാണ്. വേമ്പനാട്ടുകായലിന്റെ ആകുലതകള്‍ തീരാവ്യാധിയായി തുടരുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കായലിന്റെ വിസ്തൃതി കൈയ്യേറ്റം മൂലം 42,000 ഹെക്ടറില്‍ നിന്നും 12,000 ഹെക്ടറായി കുറഞ്ഞിരിക്കുന്നു. ആധുനിക പരശുരാമനായ കൊച്ചി പോര്‍ട്ട്രസ്റ്റാണ് ഏറ്റവും വലിയ കൈയ്യേറ്റക്കാര്‍. ഈ ‘രാംസര്‍ സങ്കേത’ ത്തെ ‘അതീവലോല പരിസ്ഥിതി മേഖല’ യായി പ്രഖ്യാപിച്ചു സംരക്ഷണ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ട് 9 വര്‍ഷം കഴിഞ്ഞിരിക്കുന്നു. കൈയ്യേറ്റക്കാര്‍ വര്‍ധിക്കുന്നതല്ലാതെ കായല്‍ സംരക്ഷിക്കപ്പെടുന്നുമില്ല.
ഇതൊന്നും യാദൃഛികമല്ല വിഴിഞ്ഞം, ആലപ്പാട്, പുതുവൈപ്പ് വിഷയങ്ങളോട് ഈ സര്‍ക്കാരിന്റെ നിലപാടെന്താണ്? തുടര്‍ച്ചയായി മൂന്നുദിവസവും ലാത്തിച്ചാര്‍ജ് ചെയ്യപ്പെട്ടശേഷവും സമരരംഗത്തുറച്ചു നിന്ന പുതുവൈപ്പ് സമരസമിതിയുമായി ഒടുവില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തി. അതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ”പദ്ധതി നിര്‍ത്തിവെക്കുന്നതു ഒരു മോശം മെസ്സേജ് ആണ് നല്കുക” എന്നാണ് മുഖ്യമന്ത്രി പറഞ്ഞതും. ആര്‍ക്കാണീ മോശം മെസ്സേജ്…?
പ്രളയാനന്തരമുള്ള നവകേരള നിര്‍മ്മിതിയില്‍ പരിസ്ഥിതിഘടകങ്ങളാണ് കേന്ദ്രസ്ഥാനത്തുവരേണ്ടത്. നമ്മുടെ പ്രധാനപ്പെട്ട മൂന്ന് ഗവേഷണസ്ഥാപനങ്ങള്‍ ഒരുവര്‍ഷത്തിനിടയില്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ഭൗമശാസ്ത്ര പഠനകേന്ദ്രം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ദുരന്തസാധ്യത നിര്‍ണ്ണയിച്ചു അടയാളപ്പെടുത്തുകയും. അവജനങ്ങളെ അറിയിക്കുകയും വേണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. അതുപാലിക്കപ്പെട്ടില്ല. ‘നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപെട്ടേനെ’ എന്ന് ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപെട്ട പുത്തുമലയിലെ ദുരിത ബാധിതരുടെ മുറവിളി വ്യര്‍ത്ഥമായി. ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തുന്നത് സൂക്ഷിച്ചുവേണം എന്ന ജൈവവൈവിധ്യ ബോര്‍ഡിന്റെ നിര്‍ദ്ദേശവും തണ്ണീര്‍ത്തടങ്ങള്‍ നികത്തരുത് എന്ന ജലവിഭവവിനിയോഗകേന്ദ്രത്തിന്റെ ശുപാര്‍ശയും വികസന കുത്തൊഴുക്കില്‍ ഒലിച്ചുപോയിരിക്കുകയാണ്. പ്രളയബാധിതരുടെയും അവരുടെ ദുരിതങ്ങളുടേയും കണക്കെടുപ്പുമുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും അവ സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കുകയും ചെയ്യണമെന്ന നിലപാട് ബ്യൂറോക്രസിയുടെ സമര്‍ദ്ദത്തിനുമുന്നില്‍ തോറ്റു പിന്മാറി. ആഗോളവത്കരണത്തിന്റെ ആസുരകാലത്തും, ജനകീയാസൂത്രണം പിന്മടങ്ങുന്ന കാലത്തും ഇത് സംഭവിക്കാവുന്നതേയുള്ളൂ.
കടല്‍ത്തീരം സാധ്യതയും ബാധ്യതയും
590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളതീരത്തിന്റെ 65 ശതമാനമെങ്കിലും കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളാണെന്നതാണ് വിദഗ്ധമതം. കടലാക്രമണ പ്രവണത കൂടുതലുള്ള 20 സ്ഥലങ്ങള്‍ കണ്ടെത്തി 1986-ല്‍ തന്നെ ജലസേചനവകുപ്പ് (!) പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കടല്‍കയറ്റ പ്രതിഭാസത്തെ അഭിസംബോധന ചെയ്യുമ്പോള്‍ കല്ലിട്ടു പ്രതിരോധിക്കുക എന്ന ഏകമുഖമായ സമീപനം ഇനിയങ്ങോട്ട് സാധ്യമല്ലതന്നെ. ബുദ്ധിമുട്ടേറിയ ഈ പ്രദേശത്ത് ഇനിയും ഇത്രയുമാളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ യുക്തി എന്തെന്ന ചോദ്യവുമുയരുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെന്നല്ല ലോകത്തെ തന്നെ ഏറ്റവും ഉല്പാദനക്ഷമമായ ഒരു കടലാണ് കേരള തീരത്തുള്ള അറബിക്കടലെന്നതും ഒരു വസ്തുതയാണ്. പ്രതിവര്‍ഷം ശരാശരി ആറുലക്ഷം ടണ്‍ മത്സ്യം ഇവിടെനിന്നും പിടിക്കുന്നുണ്ട്. ഒന്നര ലക്ഷം സജീവ മത്സ്യത്തൊഴിലാളികളുടേയും അവരുടെ ഏഴേമുക്കാല്‍ ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളുടേയും തൊഴിലിന്റേയും വരുമാനത്തിന്റെയും ഏക ഉറവിടവും ഇവിടം തന്നെയാണ്. ഇന്ത്യയിലെ മറ്റു തീരസംസ്ഥാനങ്ങളേക്കാളും ഇവിടം ജനസാന്ദ്രതയേറുന്നതിന്റേയും ഘടകവും ഇതുതന്നെയാണ്.
കടല്‍തീരത്ത് അമ്പത് മീറ്ററിനുള്ള താമസിക്കുന്ന 18,865 കുടുംബങ്ങളെ കിഴക്കോട്ട് മാറ്റിപ്പാര്‍പ്പിക്കുന്ന ‘പുനര്‍ഗേഹം’ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. ആ ചന്ദ്രതാരത്തോളം കടപ്പുറത്തു മാത്രമേ താമസിക്കൂ എന്ന നിര്‍ബന്ധബുദ്ധി മത്സ്യത്തൊഴിലാളികള്‍ക്കും പടില്ല തന്നെ. എന്നാല്‍ ഹരിത ഇടനാഴി എന്നു പേരിട്ടുവിളിക്കുന്ന കിഫ്ബി പദ്ധതിയായ തീരദേശ ഹൈവേ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ റോഡിനിരുവശത്തും കെട്ടിടസമുച്ചയങ്ങളും, ടൂറിസ്റ്റു പദ്ധതികളും ഉയര്‍ന്നുവരുമെന്നും തീരസംരക്ഷണം തന്നെ അപകടപ്പെടുമെന്നുമുള്ള വിമര്‍ശനവും ഇപ്പോഴേ ഉയര്‍ന്നുവന്നു കഴിഞ്ഞു. വന്‍കിട പദ്ധതികള്‍ക്കുവേണ്ടി ദന്തേവാദയില്‍ ആദിവാസികളെ ബലം പ്രയോഗിച്ച് കുടിയിറക്കിയ നടപടികളുടെ മൃദുസ്വഭാവമാണിവിടെയുള്ളത് എന്ന ആക്ഷേപവുമുണ്ട്.
590 കിലോമീറ്റര്‍ നീളവും 120 കിലോമീറ്റര്‍ വരെ വീതിയുമുള്ള ഒരു നാടവിരപോലെ കിടക്കുന്ന കേരളത്തിന്റെ വിസ്തൃതി 38863 ചതുരശ്രകിലോമീറ്ററാണ്. കടലില്‍ നിന്ന് ഏഴര മീറ്റര്‍ വരെ പൊക്കമുള്ള പ്രദേശമാണ് തീരപ്രദേശം എന്നറിയപ്പെടുന്നത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 10.25 ശതമാനം (3979 ച.കി.മീ.) മാത്രം വരുന്ന ഈ പ്രദേശത്ത് ജന സാന്ദ്രത കൂടുതലുമാണ്. കേരളത്തിലെ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 810 ആണ്. തീരപ്രദേശത്ത് ഇത് 2168 വരും. കടലോര ഗ്രാമമായ തിരുവനന്തപുരത്തെ കരികുളം പഞ്ചായത്തില്‍ ഇത് 11,000 വും വിഴിഞ്ഞം പോലുള്ള സ്ഥലങ്ങളില്‍ 10,000 വും വരും. അതിലോലമായ വൈപ്പിന്‍കര, ചെല്ലാനം പഞ്ചായത്തുകളിലും ജനസാന്ദ്രത വളരെയധികമാണ്. തീരപ്രദേശത്ത് തന്നെ കേരളത്തിന്റെ ഭൂവിസ്തൃതിയുടെ ഒന്നര ശതമാനംപോലുമില്ലാത്ത 498.5 ച.കി.മീറ്റര്‍ പ്രദേശത്തിനുമാത്രമേ തീരദേശ പരിപാലന നിയമം ബാധകമാകുന്നുള്ളൂ എന്നും അത് കുറഞ്ഞ പ്രത്യാഘാതമേ ഉണ്ടാക്കുന്നുള്ളൂ എന്നും പരിസ്ഥിവാദികള്‍ പറയുന്നുണ്ട്. എന്നാല്‍ കേരളത്തിലെ 189 പഞ്ചായത്തുകളിലും 28 മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പ്പറേഷനുകളിലും നിയമം ബാധകമാണെന്ന് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി പറയുന്നു. ഇവിടെ നിയമം ലംഘിച്ചു പണിതുയര്‍ത്തിയ 26,330 കെട്ടിടങ്ങളുണ്ടെന്ന് സുപ്രീം കോടതിക്ക് സമീപ ദിവസം അവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. കടലിന്റെ മക്കളേയും തീരവാസികളേയും കൈയ്യേറ്റക്കാരായ ടൂറിസ്റ്റ് – നിര്‍മ്മാണ ലോബിയേയും ഒരുപോലെ കണക്കാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത് എന്നത് വ്യക്തമാണ്. നിയമവാഴ്ചയെന്ന ‘പ്രോക്രുസ്റ്റസ്സിന്റെ കട്ടിലില്‍” കയറ്റി തീരത്തോടിണങ്ങി പതിറ്റാണ്ടുകളായി താമസിക്കുന്ന ‘ഇക്കോസിസ്റ്റം പീപ്പിള്‍’ വിഭാഗത്തേയും, കൈയ്യേറ്റക്കാരേയും ഒരേപോലെ കൈകാര്യം ചെയ്യുന്ന അന്ധനീതി ഗുരുതരമായ സാമൂഹിക പ്രത്യാഘാതമാണ് സൃഷ്ടിക്കുക.
ഒരു പ്രളയത്തില്‍ നിന്നും നാം എന്തു പഠിച്ചു എന്നതിന്റെ ഉത്തരമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. തലസ്ഥാനത്തിരിക്കുന്നവര്‍ എന്തു പഠിച്ചു, പഠിപ്പിച്ചു എന്നതാണ് ഇതില്‍ പ്രധാനം. ഇരുകൈകൊണ്ടും ഒരേ സമയം പ്രഹരിക്കാന്‍ കഴിയുന്ന അര്‍ജ്ജുനനെപ്പോലെ സവ്യസാചികളായി അധികാരികള്‍ മാറിയിരിക്കുന്നു എന്നതു ഒരു ദുഖഃസത്യമാണ്. പ്രളയം കഴിയുമ്പോള്‍ ‘ഹരിത കേരളം, പരിസ്ഥിതിസൗഹൃദ വികസനം’ എന്നൊക്കെപ്പറയും. അതേസമയം വികസനത്തിന്റ വിഷയം വരുമ്പോള്‍ ജീനി കെട്ടിയ കുതിരയെപ്പോലെ കുതിച്ചു പായുകയും പരിസ്ഥിതിവാദം അപകടകരം എന്നു വിമര്‍ശിക്കുകയും ചെയ്യും. ഇവ തമ്മിലുള്ള പാരസ്പര്യം ബോധ്യപ്പെടണമെങ്കില്‍ ഇനിയും പ്രളയങ്ങള്‍ തന്നെ വേണ്ടിവരും. വള്ളം തള്ളാന്‍ എണ്ണ മേടിക്കാനോ, വിഷം മേടിക്കാന്‍ പോലുമോ കാശില്ലാതെ ഉഴലുന്ന മത്സ്യത്തൊഴിലാളിയോട് അക്വാകള്‍ച്ചറിന് മുതലിറക്കുന്ന മുതലാളിമാര്‍ക്ക് ധനസഹായം ചെയ്യുമെന്ന കോവിഡ് പാക്കേജ് കേന്ദ്രമന്ത്രി പ്രഖ്യാപിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ തുര്‍ന്ന് നമുക്കു മുന്നോട്ടുപോകണമെങ്കില്‍ നമ്മുടെ ചിന്തകളെത്തന്നെ മാറ്റിപ്പണിയേണ്ടിയിരിക്കുന്നു. തലസ്ഥാനത്തു നിന്നുതന്നെ ആദ്യം ഇതു തുടങ്ങട്ടെ. ഇതിന് കടമ്മനിട്ട പാടിയപോലെ
കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴെയും
ഉള്‍ക്കണ്ണുവേണം, അണയാത്തകണ്ണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in