അകത്ത് ബാക്കിയാവുന്ന ചില കണക്കുകള്‍
മതവും ജാതിയും സാമൂഹ്യമായ നിര്‍മിതിയാണ്, വിശ്വാസമല്ല .അത് നാമോരുത്തരും തെരഞ്ഞെടുക്കുന്നതുമല്ല സംവരണം വ്യക്തികള്‍ക്കുള്ളതുമല്ല, സാമൂഹ്യ തുല്യതയാണതിന്റെ ലക്ഷ്യം .ചില സാമൂഹ്യ വിഭാഗങ്ങളാട് ചെയ്ത ചരിത്രപരമായ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തവുമാണത്. മതവും ജാതിയുമില്ലാത്ത ലോകമെന്നൊരു ആഗ്രഹചിന്ത കൊണ്ട് മറികടക്കാവുന്നതല്ല ഈ സാമൂഹ്യ യാഥാര്‍ത്ഥ്യം
എന്റെ എസ് എസ് എല്‍ സി ബുക്കില്‍ ഹിന്ദു എന്നു മാത്രമേ മതത്തിന്റെയും ജാതിയുടെയും അടയാളമായുള്ളു .എന്നാല്‍ രണ്ട് മക്കളുടെയും സര്‍ടിഫിക്കറ്റുകളിലാവട്ടെ മതരഹിതര്‍ ( non religious) എന്നും .ഞാനൊരൊറ്റ പ്രാവശ്യമേ പി എസ് സി ഇന്റര്‍വ്യുവിനെ അഭിമുഖീകരിച്ചിട്ടുള്ളു .ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ ജോലി കിട്ടാന്‍ മതമോ ജാതിയോ തടസ്സമായതായി അനുഭവപ്പെട്ടതോമ്മയിലില്ല. എന്നാല്‍ ചോരത്തിളപ്പു കാലത്തെ അച്ഛന്റെ ആദര്‍ശ ഭ്രമത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ മക്കള്‍ക്ക് (ഇരുവരും ഒരിക്കല്‍ പോലും അങ്ങനെ ചെയ്തിട്ടില്ലെങ്കിലും) അനുഭവങ്ങള്‍ വേണ്ടുവോളമുണ്ടെന്ന് നേരിട്ടറിയാം .
ശരിക്കും ഞങ്ങള്‍ ഒ ബി സി ക്കാരാണ്. മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണാവകാശമുള്ളവര്‍ .ഹിന്ദു / ഈഴവ എന്ന് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ കോളേജിലും മറ്റും പ്രവേശനം ഇത്രയും ബുദ്ധിമുട്ടാകുമായിരുന്നില്ല എന്നവര്‍ ആലോചിച്ചിട്ടുണ്ടാവാം .റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള തങ്ങളുടെ ഊഴത്തിന് കുറച്ചൂടി വേഗതയുണ്ടാകുമായിരുന്നു, കുറച്ചൂടി ഉയര്‍ന്ന ജോലികള്‍ ലഭിക്കുമായിരുന്നു ചിലപ്പോള്‍ എന്നും കരുതിയിട്ടുമുണ്ടാവാമവര്‍ .
ഞങ്ങളുടെ തറവാട്ടില്‍ ആദ്യമായി എസ് എസ് എല്‍ സി പാസ്സാവുന്നത് ഞാനായിരുന്നു . ആദ്യം കോളേജില്‍ പോവുന്നതാവട്ടെ മക്കളും . ഒന്നാം തലമുറ പഠിതാക്കളുടെ മന്ദതയും പിന്‍വലിവുകളും നിശ്ചയമായും ഞങ്ങള്‍ക്കുണ്ടായിരുന്നു .സംവരണ സാധ്യതകള്‍ ഉപയോഗിക്കാന്‍ ആവാതിരുന്നിട്ടും അവരവരുടെ അക്കാദമിക് ജീവിതത്തിലോ അവര്‍ക്കു ലഭിച്ച ജോലികളിലോ പ്രകടമായ അസംതൃപ്തികളുള്ളവരല്ലെന്നത് വേറെ കാര്യം .
മക്കളുടെ സമ്മര്‍ദ്ദം സ്വയം പ്രഖ്യാപിത മതേതര രക്ഷാകര്‍ത്താക്കളുടെ മേല്‍ , അവരുടെ വിദ്യാഭ്യാസ കാലത്തോ ഉദ്യോഗാന്വേഷണ കാലത്തോ പലപ്പോഴായുണ്ടാവാം. യുക്തിവാദി സംഘത്തിന്റെ ചില ഉയര്‍ന്ന നേതാക്കള്‍ തന്നെ വയസുകാലത്ത് മക്കളുടെ പേര്‍ മെഡിക്കല്‍/എഞ്ചിനീയറിങ്/ സിവില്‍ സര്‍വീസ് ലിസ്റ്റിലെത്താന്‍ ജാതി സര്‍ട്ടിഫിക്കറ്റ് തേടി നെട്ടോട്ടമോടുന്നത് നേരില്‍ കാണാനിടവന്നിട്ടുണ്ട്. ഞാനവരെ കുറ്റപ്പെടുത്തുകയേ അല്ല . അച്ഛന്റെ പഴയ ഉച്ചക്കിറുക്കിന് മക്കളെന്തിനു വില കൊടുക്കണമെന്ന ചോദ്യം തെറ്റല്ല താനും.
കെ ടി മുഹമ്മദിന്റെ സ്ഥിതി എന്ന നാടകത്തിലാണെന്നു തോന്നുന്നു , അച്ഛനും മകനുമായൊരഭിമുഖീകരണം ഉള്ളത് ഓര്‍മ വരുന്നു .യൂണിയന്‍ പ്രവര്‍ത്തകനായൊരു പോസ്റ്റ്മാനെ റിട്ടയര്‍മെന്റ് ദിവസം വൈകീട്ട് യാത്രയയപ്പിനു ശേഷം വീട്ടിലെത്തിക്കുകയാണ് സഹപ്രവര്‍ത്തകര്‍ . അവര്‍ തിരിച്ചിറങ്ങുന്നതിനു മുമ്പേ തന്നെ മകന്‍ തടയുന്നു: പുറത്തെ കണക്കുകളെല്ലാം പറഞ്ഞു കഴിഞ്ഞു ,അല്ലേ ? എന്നാല്‍ അകത്തെ ചില കണക്കുകള്‍ ബാക്കിയുണ്ടല്ലോ . അച്ഛനെന്ന സംഘടനാപ്രവര്‍ത്തകന്റെ നേരെ തൊഴില്‍രഹിതനായ മകന്‍ മാത്രമല്ല , അവിവാഹിതയായ മകളും രോഗിയായ ഭാര്യയും വിരല്‍ ചൂണ്ടുന്നു .
ഇത്തരം വിചാരണകള്‍ അഭിമുഖീകരിച്ചിട്ടുണ്ടാവണം അമ്പതേ പ്ലസിലെ പൊതുപ്രവര്‍ത്തകര്‍ / ആദര്‍ശ വാദികള്‍ പലപ്പോഴും.ഇരു ഭാഗത്തുമുണ്ട് മതിയായ ന്യായങ്ങള്‍. യൗവ്വനത്തിലല്ലാതെ മറ്റെപ്പോഴാണ് ഒരാള്‍ ആദര്‍ശ വാദമാരംഭിക്കുക ? ഒരാള്‍ വിശ്വസിക്കുന്ന ആദര്‍ശമനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും വേണം .പക്ഷേ ഒരാള്‍ ആദര്‍ശവാനാകുന്നത് മക്കളുടെ ഭാവിയുടെ ചെലവിലാകാമോ ?
മതവും ജാതിയും സാമൂഹ്യമായ നിര്‍മിതിയാണ്, വിശ്വാസമല്ല .അത് നാമോരുത്തരും തെരഞ്ഞെടുക്കുന്നതുമല്ല സംവരണം വ്യക്തികള്‍ക്കുള്ളതുമല്ല, സാമൂഹ്യ തുല്യതയാണതിന്റെ ലക്ഷ്യം .ചില സാമൂഹ്യ വിഭാഗങ്ങളാട് ചെയ്ത ചരിത്രപരമായ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തവുമാണത്. മതവും ജാതിയുമില്ലാത്ത ലോകമെന്നൊരു ആഗ്രഹചിന്ത കൊണ്ട് മറികടക്കാവുന്നതല്ല ഈ സാമൂഹ്യ യാഥാര്‍ത്ഥ്യം മതമില്ല ,എന്നാല്‍ ജാതിയുണ്ട് എന്നു പറയാനുള്ള ഓപ്ഷന്‍ ലഭ്യമല്ല താനും . മതം മാറാനാവും ,എങ്കിലും ജാതി മാറാനാവില്ലല്ലോ എന്നത് യാഥാര്‍ഥ്യമാണെന്നിരിക്കേ , പൊതുജീവിതത്തിലെ കാര്യങ്ങളെല്ലാം , പഠിപ്പും ഉദ്യോഗവും വിവാഹവും കുടുംബവും രാഷ്ട്രീയവും മരണവുമെല്ലാം മത-ജാത്യാടിസ്ഥാനത്തിലാവുമ്പോള്‍ ആദര്‍ശവാദികള്‍ക്ക മാത്രം ഇതില്‍ നിന്നല്ലാം ഒഴിഞ്ഞു നില്ക്കാനാവുമോ ?
അച്ഛന്‍ ഒരു സങ്കല്പ ലോകത്താവാമെങ്കിലും ( വേനല്‍ക്കാലമായാല്‍ ഇരിക്കപ്പൊറുതിയില്ലാതാവുന്ന ഒരച്ഛനുണ്ട് പി കെ നാണുവിന്റെ പില്ക്കാല കഥളിലൊന്നില്‍. ഒള്ള ചില്ലറ നോട്ടുകളും നാണയങ്ങളും പെറുക്കി അയാള്‍ യാത്രയാവും: കയ്യൂര്‍ , ഒഞ്ചിയം,തിരുനെല്ലി , തൃശിലേരി… കാശേതാണ്ട് തീരുന്നതോടെ തിരിച്ചെത്തുകയും ചെയ്യുമത്രേ ഈ പഴയ അര്‍ബന്‍ ഗറില്ല ) സംവരണാനുകൂല്യമില്ലാത്ത ഒരു സവര്‍ണ ആദര്‍ശവാദിക്ക് തനിക്ക് ജാതിയും മതവുമില്ലെന്ന് പുരപ്പുറത്തു കയറി നിന്നും വിളിച്ചു കൂവാം . അയാള്‍ക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ .സവര്‍ണനെന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ മൂലധനം ഒരു സ്ഥിരം നിക്ഷേപവുമാണ്. വാല് മറച്ചുവെച്ചതുകൊണ്ടോ മുറിച്ചു കളഞ്ഞതുകൊണ്ടോ ജാതി കൊണ്ടുള്ള സാമൂഹ്യാനുകൂല്യങ്ങളൊന്നുമവര്‍ക്ക് നഷ്ടപ്പെടുന്നുമില്ല .പകരം മതമില്ലാത്ത ജീവന്റെ പൊന്‍തൂവല്‍ തൊപ്പിയിലണിയുകയുമാവാം. ദാ ,ഈ വര്‍ഷം സ്‌കൂളില്‍ ചേര്‍ന്ന വരില്‍ ഇത്രയിത്ര മതരഹിതരെന്ന ആഘോഷം വരാനിരിക്കുന്നു .
എന്നാല്‍ ഇടത്തരക്കാരനോ ദരിദ്രനോ ആയ അവര്‍ണനാ സുഖശയ്യയിലല്ല .അവരുടെ മക്കള്‍ക്ക് നഷ്ടപ്പെടാനേറെയുണ്ട് .പ്രത്യേകിച്ചും പഠിച്ചും ജോലി നേടിയുമാണ് അവര്‍ സാമൂഹ്യാന്തസ്സ് നേടാനിരിക്കുന്നത് എന്നിരിക്കേ . അതുകൊണ്ട് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മതം/ജാതി മറച്ചു വെയ്ക്കണമോ എന്ന ചോദ്യം സാധാരണക്കാരനായ ഒരു പിന്നോക്കക്കാരന്‍ /കാരി യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കേണ്ടതുണ്ട് .
പഴയ ഒരാദര്‍ശവാദിയെന്ന് കുറ്റപ്പെടുത്തി മക്കള്‍ അഴുക്കുചാലില്‍ വലിച്ചിഴച്ചതുകൊണ്ടോ ,വീട്ടില്‍നിന്ന് അടിച്ചിറക്കിയതുകൊണ്ടോ അല്ല വിവാദമാകാനിടയുള്ള ഈ ഇടപെടലിന് ഒരുമ്പെട്ടിറങ്ങുന്നത് . നേരെ മറിച്ച് അങ്ങനെ സംഭവിക്കാത്തതു കൊണ്ടുള്ള ആത്മവിശ്വാസത്തിലാണ് .
നാം പൂണൂല്‍ ബീഫ് ഫ്രൈയില്‍ മുക്കി വെട്ടി വിഴുങ്ങി മതേതരച്ചിരി ചിരിച്ചതേയുള്ളു . പൂണൂലിപ്പോഴും അന്നനാളത്തിനും മലദ്വാരത്തിനുമിടയിലെവിടെയോ ദഹിക്കാതെ കിടക്കുക മാത്രം . ആ പഴയ പൂണൂല്‍ ശൗചാലയത്തിലെത്തും വരെ നമുക്ക് ചില മുന്‍കരുതലുകളെടുക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കുക മാത്രം ഈ ഇടപെടലിന്റെ പരിമിത ലക്ഷ്യം
(സദസ്സ് സാഹിത്യവേദിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in