ജാതിയും വര്‍ഗ്ഗവും: അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ?
വര്‍ഗ്ഗങ്ങള്‍ എന്ന പരികല്പ്പന സ്വീകരിക്കുകയും എന്നാല്‍ വര്‍ഗസമരത്തെ ഒരു ചരിത്രപ്രക്രിയ എന്ന നിലയില്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തുകൊണ്ട്, മാര്‍ക്‌സിസവുമായുള്ള സംവാദത്തിനുള്ള ഒരു വാതില്‍ അദ്ദേഹം തന്നെ തുറക്കുകയാണ്. കാരണം അദ്ദേഹം ജാതിവ്യവസ്ഥയെ ഈ പഠനത്തില്‍ നിര്‍വ്വചിക്കുന്നത് സവിശേഷമായ ഒരു രീതിശാസ്ത്രം പിന്തുടര്ന്ന് കൊണ്ടാണ്. വര്‍ഗ്ഗങ്ങള്‍ ജാതികളായി മാറിയ ഒരു ചരിത്രത്തെ സംഗ്രഹിച്ചുകൊണ്ട് അതൊരു സാംസ്‌കാരിക ഏകകമായി മാറുന്നത് എങ്ങനെ എന്ന നിരീക്ഷണമാണ് അംബേദ്കര്‍ നടത്തുന്നത്.
പരിസ്ഥിതി മാര്‍ക്‌സിസത്തിന്റെ കാര്യത്തിലെന്നപോലെ, മാര്‍ക്‌സിസത്തിലെ ഭാവി സോഷ്യലിസ്റ്റ് നൈതികതയോടുള്ള സംശയങ്ങള്‍ സോവിയറ്റ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സില്‍ വച്ചുകൊണ്ട് മാര്‍ക്‌സി സവുമായി സംവദിക്കാന്‍ ശ്രമിച്ച ചിന്തകനാണ് അംബേദ്കര്‍. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം മാര്‍ക്‌സ ഒരു പൂര്‍വസൂരിയാണ്. താന്‍ പ്രവര്‍ത്തി ക്കുന്ന മേഖലയെക്കുറിച്ച് ധാരണകള്‍ സ്വരൂപിക്കുന്നതിനു അത്യാശ്യമായ സൈദ്ധാന്തിക സന്നാഹങ്ങളല്ല മാര്‍ക്‌സിസത്തിലുള്ളത് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്, എന്നാല്‍ മാര്‍ക്‌സിന്റെ നിഗമനങ്ങളുടെ വിശകലനപരമായ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുമാണ്, അദ്ദേഹം മാര്‍ക്‌സിസവുമായി ഒരു സംവാദത്തിനു മുതിരുന്നത്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ശക്തമാവുന്നതിനു മുന്പ്, സാങ്കേതികമായ അര്ത്ഥത്തില്‍ റഷ്യന്‍ വിപ്ലവത്തിനും മുമ്പ്,, ജാതിയെ വര്‍ഗ്ഗമായി വിശദീകരിക്കുന്നത് ശരിയായിരിക്കുമോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു കഴിഞ്ഞിരുന്നു. അതിനദ്ദേഹം കണ്ടെത്തിയ ആദ്യ ഉത്തരം 1916-ല്‍ എഴുതിയ ‘Caste in India: Their Mechanism, Genesis and Development’ എന്ന പ്രബന്ധത്തില്‍ ഉണ്ട്. കേവലവ്യക്തികള്‍ മാത്രമായി ആരും സമൂഹത്തില്‍ നില്ക്കുന്നില്ല എന്ന ഒരു ഉറച്ച പ്രഖ്യാപനമാണ് അദേഹം നടത്തുന്നത്. കാരണം മനുഷ്യസമൂഹം വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിന്റെ രണ്ടു പരസ്പരബന്ധമുള്ള നിഗമനങ്ങളില്‍ ഒന്നാണിത്. എന്നാല്‍ മാര്‍ക്‌സിന്റെ കൂടുതല്‍ വിപ്ലവാത്മകമായ രണ്ടാമത്തെ നിഗമനത്തെ അംബേദ്കര്‍ വളരെ വേഗം അതിശയോക്തിയായി തള്ളിക്കളയുന്നു. അത് മറ്റൊന്നുമല്ല, വര്‍ഗ്ഗസമരം ആണ്. വര്‍ഗ്ഗം യാഥാര്‍ത്ഥ്യവും വര്‍ഗ്ഗസമരം അതിശയോക്തിപരവും എന്നാണു അദ്ദേഹത്തിന്റെ ആദ്യകാലത്തെ പ്രധാന വിലയിരുത്തല്‍. പിന്നീട് ഈ അഭിപ്രായം അദ്ദേഹം മാറ്റുന്നുണ്ട്. വര്‍ഗസംഘര്‍്ഷത്തിന്റെ യാഥാര്‍ത്ഥ്യത്തെ അദ്ദേഹം ബുദ്ധനോ മാര്ക്‌സോ (Buddha or Karl Marx) എന്ന ഒരു പില്ക്കാ ല പഠനത്തില്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ വര്‍ഗ്ഗം എന്നതുകൊണ്ട് താന്‍ ഉദ്ദേശിക്കുന്നത് ഒരു സാമ്പത്തികഗണത്തെ അല്ല എന്നതും അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. ഒരു ജാതി എന്നാല്‍ അത് ഒരു അടച്ചുകെട്ടപ്പെട്ട വര്‍ഗ്ഗമാണ് (A Caste is an Enclosed Class ) എന്നതാണ് അദ്ദേഹം എത്തിച്ചേരുന്ന കാതലായ നിഗമനം. ഇങ്ങനെ ബ്രാഹ്മണര്‍ സ്വയം ആദ്യം അടച്ചുകെട്ടുകയും മറ്റുള്ളവരെ അതിലേക്കു നിര്‍ബന്ധിക്കുകയു ചെയ്തു എന്ന അഭ്യൂഹമാണ് അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ മുന്നോട്ടുവച്ചത്. മറ്റുള്ളവര്‍ക്ക് പ്രവേശനം ഇല്ലാത്ത ഒരു അടഞ്ഞ സംവിധാനമായി ഓരോ ജാതിയും നിലനില്ക്കുന്നു എന്ന വസ്തുതക്ക് അടിവരയിടാനാണ് അംബേദ്കര്‍ ശ്രമിക്കുന്നത്. ജാതിയെ ഒരു വര്‍ഗ്ഗമായി കാണുന്നത് ആദ്യമായി താനല്ല എന്ന സൂചന അംബേദ്കര്‍ ലേഖനത്തില്‍ നല്കുന്നുണ്ട്. ജോണ്‍ നെസ്ഫീല്ഡ്ക ഇത് നേരത്തെ പറഞ്ഞിരുന്ന കാര്യം അദ്ദേഹം പഠനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. മാര്‍ക്‌സിസവുമായി പക്ഷെ ഇതിനെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു സൂചന അംബേദ്കര്‍ നല്കിയിരിക്കുന്നു എന്നതാണ് ഈ ചര്‍ച്ചയില്‍ പ്രസക്തമായിട്ടുള്ള കാര്യം. വര്‍ഗ്ഗങ്ങള്‍ എന്ന പരികല്പ്പന സ്വീകരിക്കുകയും എന്നാല്‍ വര്‍ഗസമരത്തെ ഒരു ചരിത്രപ്രക്രിയ എന്ന നിലയില്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തുകൊണ്ട്, മാര്‍ക്‌സിസവുമായുള്ള സംവാദത്തിനുള്ള ഒരു വാതില്‍ അദ്ദേഹം തന്നെ തുറക്കുകയാണ്. കാരണം അദ്ദേഹം ജാതിവ്യവസ്ഥയെ ഈ പഠനത്തില്‍ നിര്‍വ്വചിക്കുന്നത് സവിശേഷമായ ഒരു രീതിശാസ്ത്രം പിന്തുടര്ന്ന് കൊണ്ടാണ്. വര്‍ഗ്ഗങ്ങള്‍ ജാതികളായി മാറിയ ഒരു ചരിത്രത്തെ സംഗ്രഹിച്ചുകൊണ്ട് അതൊരു സാംസ്‌കാരിക ഏകകമായി മാറുന്നത് എങ്ങനെ എന്ന നിരീക്ഷണമാണ് അംബേദ്കര്‍ നടത്തുന്നത്. നാല് കാര്യങ്ങളാണ് അദ്ദേഹം ആ പഠനത്തില്‍ മുന്നോട്ടുവക്കുന്നത്. ഒന്ന്, ഹിന്ദുക്കള്‍ വിവിധ ഘടകങ്ങള്‍ ചേര്‍ന്ന ഒരു സംയുക്തമായിരിക്കുമ്പോഴും ആഴത്തിലുള്ള ഒരു സാംസ്‌കാരിക ഏകത കാണപ്പെടുന്നുണ്ട്( in spite of the composite make-up of the Hindu population, there is a deep cultural unity), രണ്ട്, ജാതി ഈ സാംസ്‌കാരിക ഏകകത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട ചെറുഘടകങ്ങളാണ് (caste is a parcelling into bits of a larger cultural unit), മൂന്ന്, ആദ്യം ഒരു ജാതിയെ ഉണ്ടായിരുന്നുള്ളൂ (there was one caste to start with); നാല്, വര്‍ഗ്ഗങ്ങള്‍ ജാതികളായത് അനുകരണത്തിലൂടെയും ബഹിഷ്‌കരണങ്ങളിലൂടെയുമാണ് (classes have become Castes through imitation and excommunication). അവസാനത്തെ രണ്ടു നിരീക്ഷണങ്ങള്‍ അതിന്റെ ശരിയായ അര്ത്ഥത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ബ്രാഹ്മണര്‍ ആദ്യം ഒരു ജാതിയായി മാറുകയും മറ്റുള്ളവരെ അതിലേക്കു നിര്‍ബന്ധിക്കുകയും ചെയ്തു എന്ന തന്റെ നിഗമനമാണ് അദ്ദേഹം ഇവിടെ സംഗ്രഹിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്.
ഇത് അദ്ദേഹം തുടര്‍ന്നുള്ള തന്റെ ചിന്തകളില്‍, വിശേഷിച്ച് മാര്‍ക്‌സി സവുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന ഘട്ടങ്ങളില്‍, കൂടുതല്‍ വിശദമാക്കുന്നുണ്ട്. ജ്ഞാനശാസ്ത്രപരമായയും ഭവശാസ്ത്രപരമായുമാണ് (epistemologically and ontologically) ഈ പ്രശ്‌നത്തെ അംബേദ്കര്‍ സമീപിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഈ സംവാദത്തിലെ അദ്ദേഹത്തിന്റെ നിലപാട് മനസ്സിലാക്കാന്‍ കഴിയില്ല. വര്‍ഗ്ഗം എന്നത് ഇന്ത്യന്‍ അവസ്ഥയില്‍ ജാതി രൂപപ്പെടുന്നതിന് മുമ്പുള്ള ഒരു ചരിത്രാവസ്ഥയാണ് എന്നും എന്നാല്‍ അത് പൂര്‍ണ്ണമായും മാഞ്ഞുപോയിട്ടില്ല എന്നുമാണ് അംബേദ്കര്‍ പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹം തന്റെ് ദാര്‍ശനികമായ വായനയിലൂടെ യഥാര്‍ത്ഥിത്തില്‍ ഒരേസമയം മാര്‍ക്‌സിസവുമായി ബന്ധമില്ലാത്തതും എന്നാല്‍ മാര്‍ക്‌സിസത്തിന്റെ വര്‍ഗ്ഗസങ്കല്പ്പത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നതുമായ ഒരു വര്‍ഗനിര്‍വ്വചനത്തിനു വിശകലനപരമായ പ്രാമുഖ്യം നല്കുകയാണ് ചെയ്യുന്നത് എന്ന് കാണുവാന്‍ കഴിയും. ജാതിയും വര്‍ഗ്ഗവും (Caste and Class) എന്നൊരു ലേഖനത്തില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. വര്‍ണ്ണവ്യവസ്ഥയുടെ തുടര്‍ച്ചയല്ല ജാതിവ്യവസ്ഥ. വര്‍ണ്ണവ്യവസ്ഥ വര്‍ഗ്ഗവല്ക്കരണത്തിലൂടെ കടന്നുപോവുകയും അത് ജാതിയായി പരിണമിക്കുകയുമാണ് ചെയ്തത് എന്ന് ആ പഠനത്തില്‍ അദ്ദേഹം ഊന്നിപ്പറയുന്നു. വര്‍ണ്ണവ്യവസ്ഥക്കുള്ളില്‍ നിന്നിരുന്ന വര്‍ഗ്ഗവ്യവസ്ഥയെ ആണ് ജാതി കടംകൊള്ളുന്നതെന്നു അദ്ദേഹം എടുത്തുപറയുന്നുണ്ട്. വര്‍ഗ്ഗബോധവും ജാതിബോധവും കെട്ടുപിണയുകയും തന്ത്രപരമായി സാമൂഹിക സംഘര്‍ഷങ്ങളില്‍ പരസ്പരം മാറിക്കൊടുക്കയും ചെയ്യുന്ന ഒരു ദ്രവാവസ്ഥ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ജാതിയെ വര്‍ഗ്ഗവുമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്ര-സമകാലഭൂമിക ആദ്ദേഹം നിര്‍മ്മിക്കുകയാണ്. ഇതിന്റെ സങ്കീര്‍ണ്ണതയെ തമസ്‌കരിക്കുന്ന സമീപനം അംബേദ്കറോട് നീതി പുലര്‍ത്തുന്നതാവില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
മാര്‍ക്‌സിസത്തില്‍ ഇതിന്റെ അടിസ്ഥാനമാവുന്ന അടിത്തറ-ഉപരിഘടനാ മാതൃകയെ ഒരു ഘട്ടത്തില്‍ അംബേദ്കര്‍ അതിസൂക്ഷ്മമായി സമീപ്പിക്കുന്നുണ്ട്. അതിനെ പൂര്‍ണ്ണമായും തള്ളിക്കളയുകയല്ല, മറിച്ചു അതിന്റെ ഒരു സുപ്രധാന ഉള്‍ക്കാഴ്ചയെ വ്യത്യസ്തമായി വിശദീകരിക്കുകയാണ് അംബേദ്കര്‍ ചെയ്യുന്നത്. അടിത്തറ എന്നാല്‍ സാമ്പത്തികഘടനയാണ് എന്ന വാദം അദ്ദേഹം സ്വീകരിക്കുന്നു. എന്നാല്‍ ഒരു കെട്ടിടം കേവലം അതിന്റെ അടിത്തറ മാത്രമല്ല. മതപരവും, സാമൂഹികവും, രാഷ്ട്രീയസ്ഥാപനങ്ങളുടേതുമായ ഉപരിഘടന അടിത്തറയോളം തന്നെ യഥാര്‍ത്ഥമാണ്. എന്നാല്‍ ഇതല്ല അംബേദ്കര്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന പ്രശ്‌നം. അടിത്തറ-ഉപരിഘടന എന്ന മാര്‍ക്‌സിസ്റ്റ് ആലങ്കാരിക മാതൃകയുടെ ഒരു പ്രധാന വൈരുദ്ധ്യത്തിലേക്ക് വിരല്‍ ചൂണ്ടുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു വ്യവസ്ഥ സൃഷ്ടിക്കപ്പെടുമ്പോള്‍ അടിത്തറയാണ് ആദ്യം നിര്‍മ്മിക്കുന്നത് എങ്കിലും അത് തകര്‍ക്കാന്‍ ആദ്യം ചെയ്യേണ്ടിവരിക ഉപരിഘടന പൊളിക്കുക എന്നുള്ളതാണ് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ ജാതിവ്യവസ്ഥയില്‍ സാമ്പത്തികഘടന മാറ്റാന്‍ ആദ്യം ജാതിവിരുദ്ധ സമരം ഉണ്ടാവേണ്ടതുണ്ട് എന്ന തന്റെ ഭവശാസ്ത്രപരമായ വാദമാണ് അദ്ദേഹം മുന്നോട്ടുവക്കുന്നത്. അത് അര്‍ത്ഥമശങ്കക്ക് ഇടയില്ലാത്ത വിധം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്: ”ഒരു സമൂഹത്തിന്റെ സാമ്പത്തിക ബന്ധങ്ങള്‍ മാറ്റണം എന്നുണ്ടെങ്കില്‍ ആദ്യം വേണ്ടത് നിലനില്ക്കുന്ന സാമൂഹികമോ, രാഷ്ട്രീയമോ, മറ്റു തരത്തിലുള്ളതോ ആയ സ്ഥാപനങ്ങളെ തകര്‍ക്കുക എന്നതാണ്”. മറ്റൊരര്ത്ഥരത്തില്‍ പറഞ്ഞാല്‍, സാമ്പത്തിക ബന്ധങ്ങള്‍ പുനരുല്‍പ്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്ര ഉപകരണങ്ങളെ അവഗണിച്ചുകൊണ്ട് സാമൂഹികവിപ്‌ളവം സാധ്യമല്ല എന്ന നിഗമനത്തിലാണ് ഇവിടെ അംബേദ്കര്‍ എത്തിച്ചേരുന്നത്.
പ്രായോഗിക രാഷ്ട്രീയത്തിന്റെ തലത്തില്‍ തൊഴിലാളിവര്‍ഗ്ഗ ഐക്യത്തിന്റെ മുന്നുപാധിയായി ജാതിനശീകരണത്തെ പ്രതിഷ്ഠിക്കുന്നു എന്നതാണ് അംബേദ്കര്‍ വര്‍ഗ്ഗ-ജാതി ബന്ധത്തിന്റെ നിര്‍വ്വചനത്തില്‍ നടത്തുന്ന പ്രധാനപ്പെട്ട ഇടപെടല്‍. തൊഴിലാളിവര്‍ഗ്ഗ ഐക്യം സാധ്യമാവണമെങ്കില്‍ മതപരമായ അടിമത്തവും ജാതിമേധാവിത്തവും തകരണം എന്ന് അസന്ദിഗ്ദ്ധമായി അദ്ദേഹം പ്രസ്താവിക്കുന്നു. ഇത് കേവലം ഒരു സൈദ്ധാന്തിക പ്രശ്‌നമായി അവതരിപ്പിച്ച് മാറിനില്ക്കുകയല്ല അദ്ദേഹം ചെയ്തത്. മുപ്പതുകളുടെ ഒടുവില്‍ നിരന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമരങ്ങളുമായി നേരിട്ടും, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സ്ഥാപിച്ചു അതിലൂടെയും അദ്ദേഹം തൊഴിലാളിവര്‍ഗ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു. ഒരു ഘട്ടത്തില്‍ ബ്രാഹ്മണിസവും മുതലാളിത്തവുമാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശത്രുക്കള്‍ എന്ന് തെളിച്ചു പറഞ്ഞു അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വന്തം തെറ്റുകള്‍ തിരുത്താനുള്ള ഒരു സഹായഹസ്തം നീട്ടുന്നുണ്ട്. എന്നാല്‍ ഈ സൈദ്ധാന്തിക വീക്ഷണം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ അഭിപ്രായത്തില്‍ അതില്‍ അസ്വാഭാവികതയില്ല. അങ്ങനെ നിഷ്പ്രയാസം മാര്‍ക്‌സിസത്തിന് അതിന്റെ പ്രയോഗപഥത്തില്‍ കൊണ്ടുവരാവുന്ന ഒരു നിര്‍ദ്ദേശമായി ഇതിനെ കാണുന്നതുതന്നെ ശരിയല്ല. അങ്ങനെ പ്രതീക്ഷിച്ചല്ല അംബേദ്കര്‍ ആ മുദ്രാവാക്യം മുന്നോട്ടുവക്കുന്നതും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ടു വ്യത്യസ്ത ലോകവീക്ഷണങ്ങളാണ് ഇവ എന്നത് മനസ്സിലാക്കേണ്ടതുണ്ട്. മാര്‍ക്‌സിസം ജര്‍മ്മന്‍ പ്രത്യയശാസ്ത്രം മുതല്‍ക്കുള്ള കൃതികളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമീപനവുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു പോവുന്നതല്ല ഈ നിഗമനം. പലപ്പോഴും മാര്‍ക്്‌സിന്റെ നിഗമനങ്ങളോട് അംബേദ്കര്‍ പുലര്‍ത്തുന്ന ബന്ധം ഒരു സഹയാത്രിക വിമര്‍ശകന്റെത് ആവുന്നത് തന്റെ വഴിയും മാര്‍ക്‌സിന്റെ വഴിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാതെയല്ല. മറിച്ചു തങ്ങളുടെ ലക്ഷ്യം ഏതാണ്ട് ഒന്നാണ് എന്ന തിരിച്ചറിവാണ് ആ സഹഭാവത്തിന്റെ അര്‍ത്ഥം എന്ന് പറയുവാന്‍ കഴിയും.
ഇതു വെളിവാക്കുന്ന ഒരു ഭാഗം അദ്ദേഹത്തിന്റെ ”ബുദ്ധനോ മാര്ക്‌സോ ‘ (Buddha or Karl Marx) എന്ന ലേഖനത്തില്‍ ഉണ്ട്. മാര്‍ക്‌സിസത്തിന്റെ മൊത്തം സൈദ്ധാന്തിക സംഭാവനകളില്‍ തന്റെ വിമര്‍ശനത്തിനും ശേഷം അവശേഷിക്കുന്നതെന്ത് എന്ന് അദ്ദേഹം വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട്, ഈ ലേഖനത്തില്‍. മാര്‍ക്‌സിലെ ഏതാണ്ട് പൂര്‍ണ്ണമായും നിരാകരിക്കപ്പെട്ട രണ്ടു നിഗമനങ്ങളായി അംബേദ്കര്‍ ചൂണ്ടികാണിക്കുന്നത് ഇവയാണ്: ഒന്ന്, തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം ചരിത്രത്തിലെ അനിവാര്യതയല്ല. രണ്ട്, തൊഴിലാളിവര്‍ഗ്ഗം ക്രമാനുഗതമായി പാപ്പരീകരിക്കപ്പെടും എന്ന ധാരണ ശരിയല്ല. പാശ്ചാത്യ മാര്‍ക്‌സിസം ഇത്തരം വാദങ്ങള്‍ സൈദ്ധാന്തികമായി ഉന്നയിക്കുന്നതിനും മുമ്പാണ് ഈ വിമര്‍ശനം അംബേദ്കര്‍ മുന്നോട്ടുവക്കുന്നത്. എന്നാല്‍ അദ്ദേഹം മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക സംഭാവനകളില്‍ നിലനില്ക്കുന്നവയായി ചൂണ്ടി കാണിക്കുന്നവ എന്താണ് എന്നുള്ളതും പ്രസക്തമാണ്. ഒന്ന്, തത്വചിന്തയുടെ ലക്ഷ്യം ലോകത്തെ പുനര്‍സൃഷ്ടിക്കലാണ്, കേവലം വ്യാഖ്യാനിക്കുക മാത്രമല്ല. രണ്ട്, വിവിധ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ താല്പ്പര്യ സംഘര്ഷം നിലനില്ക്കുന്നുണ്ട്. മൂന്ന്, സ്വകാര്യസ്വത്ത് വര്‍ഗ്ഗപരമായ അധികാരവും ചൂഷണവും ദു:ഖവും സൃഷ്ടിക്കുന്നു. നാല്, ചൂഷണം അവസാനിപ്പിക്കുക എന്നത് ഒരു നന്മ നിറഞ്ഞ സമൂഹസൃഷ്ടിക്കു അത്യന്താപേക്ഷിതമാണ്. ഇതിനു സ്വകാര്യസ്വത്ത് നിര്‍മ്മാ ര്‍ജ്ജനം ചെയ്യേണ്ടതുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, മാര്‍ക്‌സിന്റെ ചരിത്രശാസ്ത്രത്തെ തള്ളികളയുമ്പോഴും, അതിന്റെ ഭാവിസമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തെ തന്റെ പുതിയ ബുദ്ധിസ്റ്റ് ജ്ഞാനശാസ്ത്രത്തിന്റെയും രാഷ്ട്രീയപരിപാടിയുടെയും ഭാഗത്ത് നിന്നുകൊണ്ട് അംഗീകരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം. അതിനദ്ദേഹം സ്വകാര്യസ്വത്തിനെ ബുദ്ധിസ്റ്റ് രീതിയില്‍ ദുഃഖകാരണമായി വിശേഷിപ്പിക്കുന്നുണ്ട്. ഈ ദുഃഖം ഇല്ലാതാക്കുക എന്ന കര്‍മഃപരിപാടിയാണ് അദ്ദേഹം തന്റെ പുതിയ സമീപനത്തില്‍ മുന്നോട്ടുവക്കുന്നത്. സ്വകാര്യസ്വത്താണ് മുതലാളിത്ത ഉല്പ്പാദനരീതിയിലെ കാതലായ പ്രശ്‌നം എന്ന മാര്‍ക്‌സിന്റെ നിഗമനം, ബുദ്ധിസ്റ്റ് ദൈവമീമാംസയുമായി കൂട്ടിച്ചേര്‍ക്കു വാനല്ല, മറിച്ചു മാര്‍ക്‌സിസത്തിനെ അപേക്ഷിച്ച് അതിനുള്ള ഔന്നത്യത്തെക്കുറിച്ചു സൂചിപ്പിക്കുവാനാണ് അംബേദ്കര്‍ തുനിയുന്നത്.
ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മാര്‍ക്‌സ് -അംബേദ്കര്‍ സമന്വയം എന്നത്. ചൂടുപിടിച്ച വാദപ്രതിവാദങ്ങളും അവധാനതയോടെയുള്ള അക്കാദമിക് ചര്‍ച്ചകളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങളാണ് പരിഗണിക്കേണ്ടത്. ഒന്ന്, അംബേദ്കര്‍ തന്നെ ജാതി വിരുദ്ധ സമരവുമായി ബന്ധപ്പെടുത്തി നടത്തിയിട്ടുള്ള മാര്‍ക്‌സ് വിമര്‍ശനം. രണ്ട്, അംബേദ്കര്‍ മുന്നോട്ടു വച്ചിട്ടുള്ള ഈ ചര്‍ച്ചയില്‍ സംഗതമാകാവുന്ന മറ്റു നിരീക്ഷണങ്ങള്‍. കാരണം അംബേദ്കര്‍ സ്വീകരിച്ചില്ല എന്നതുകൊണ്ടുമാത്രം ആ സമന്വയം അസാധ്യമാണ് എന്ന് വരുന്നില്ലല്ലോ. മൂന്നാമത് നോക്കേണ്ടത് അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച ജ്ഞാന-ഭാവ ശാസ്ത്ര, നൈതിക മണ്ഡലങ്ങളുമായി മാര്‍ക്‌സിസം ചേര്‍ന്നുപോകുമോ എന്നതാണ്. എന്റെ അഭിപ്രായത്തില്‍ ഈ മൂന്നു പ്രസക്തമായ അന്വേഷണവും കേവലമായ ഒരു സമന്വയം സാധ്യമാണ് എന്ന നിഗമനത്തില്‍ എത്താന്‍ സഹായിക്കുന്നവയല്ല. അംബേദ്കര്‍ ലേബര്‍ പാര്‍ട്ടിയാണ് രൂപീകരിച്ചതെന്നതും അതിന്റെ കൊടി ചുവപ്പായിരുന്നു എന്നതും ഒരിക്കല്‍ ജിഗ്‌നേഷ് മേവാനി ഇത്തരം സമന്വയം സാധ്യമാക്കുന്ന പശ്ചാത്തലമായി എടുത്തു പറഞ്ഞിരുന്നു.
അംബേദ്കറിസത്തെക്കുറിച്ചും ജാതിരാഷ്ട്രീയത്തെക്കുറിച്ചുമുള്ള തന്റെ വ്യത്യസ്തമായ ചില ഭാവിചിന്തകള്‍, അവ എത്രമാത്രം ഭ്രൂണാവസ്ഥയിലാണ് എന്ന ക്ഷമാപണത്തോടെ തന്നെ, ജിഗ്‌നേഷ് മേവാനി അവതരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം ഹൈദരാബാദില്‍ അന്വേഷി എന്ന സംഘടനയുടെ വേദിയില്‍ അദ്ദേഹം നടത്തിയിരുന്നത് ഞാന്‍ കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. അദ്ദേഹം തനിക്കു സ്വത്വരാഷ്ട്രീയത്തോടുള്ള വിയോജിപ്പ് എന്താണ് എന്നുള്ളത് തുറന്നുപറയാന്‍ ശ്രമിച്ചിട്ടുള്ള യുവനേതാവാണ്. സ്വത്വരാഷ്ട്രീയത്തിന്റെ പ്രയോഗത്തില്‍ മുഴുകിനില്ക്കുന്ന ഒരു ആക്റ്റിവിസ്റ്റ് അതിന്റെ ചില സൈദ്ധാന്തിക പരിമിതികള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിലെ സാംഗത്യം ശ്രദ്ധയര്‍ഹിക്കുന്നതാണ്. അദ്ദേഹം പറയുന്നത് തന്റെ രാഷ്ട്രീയം ഊന്നുന്നത് ജാതിയെ ശക്തിപ്പെടുത്തുന്നതില്‍ അല്ല, അതിനെ ഇല്ലായ്മ ചെയ്യുന്നതിലാണ് എന്നാണ്. സവര്‍ണ്ണരും അവര്‍ണ്ണരും ഇല്ലാത്ത ഒരു ഇന്ത്യ ഉണ്ടാവണം എന്നാണു അദ്ദേഹം ആഗ്രഹിക്കുന്നത്. സ്വത്വത്തില്‍ മാത്രം ഊന്നിയുള്ള രാഷ്ട്രീയം ആത്യന്തികമായി സ്വത്വങ്ങളുടെ ചരിത്രപരമായ ഫലശൂന്യതയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടും എന്ന ഒരു വീക്ഷണമാണ് അദ്ദേഹത്തിനുള്ളത്. അവര്‍ണ്ണര്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്ന ജാതിശ്രേണികളെക്കുറിച്ചും അതിന്റെ പേരില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ആ പ്രഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ പോലും തികച്ചും അപരിചിതമല്ല ഈ വാദം എന്ന് നമുക്കറിയാം. സ്വത്വത്തിന്റെ ചരിത്രപരമായ പരിമിതികളെക്കുറിച്ച് സൂചിപ്പിക്കുന്നതെല്ലാം പ്രായോഗികവും സത്താവിരുദ്ധവുമായ ഒരു സ്ട്രാറ്റജിക് സ്വത്വരാഷ്ട്രീയത്തിന് എതിരാണ് എന്ന് ഒരു കാലത്തും ഞാന്‍ വിചാരിച്ചിട്ടില്ല. അതുപോലെ, മേവാനി സൂചിപ്പിച്ച മറ്റൊരു പ്രധാനകാര്യം മാര്‍ക്‌സിസത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്. നിലവിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തരുന്ന നിരാശകളെയും അദ്ദേഹം അടക്കമുള്ള ദലിത് പ്രവര്ത്തകര്‍ കേരളത്തിലെ സിപിഐ – സിപിഎം കക്ഷികളോട് പുലര്‍ത്തുന്ന അഭിപ്രായഭിന്നതകളേയും അദ്ദേഹം വിസ്മരിക്കുന്നില്ല. എന്നാല്‍ മാര്‍ക്‌സിസത്തിന്റെ ചില ധാരകളെ അദ്ദേഹംതന്നെ സൂചിപ്പിക്കുന്ന സ്വത്വവാദവിരുദ്ധമായ ഒരു രാഷ്ട്രീയവുമായി കണ്ണിചേര്‍ക്കേണ്ടതുണ്ട് എന്നും ഇതാണ് ശരിയായ അംബേദ്കറിസമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്തുകൊണ്ട് തനിക്കൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിക്കൂടാ എന്നാണു താന്‍ ചിന്തിക്കുന്നത് എന്നുകൂടി മേവാനി പറഞ്ഞിരുന്നു. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, അംബേദ്കര്‍ ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങിയപ്പോള്‍ അത് ജാതിപാര്‍ട്ടി ആയിരുന്നില്ല, ലേബര്‍ പാര്‍ട്ടി ആയിരുന്നു. അതിന്റെ കൊടി നീലയായിരുന്നില്ല, ചുവപ്പായിരിന്നു. ജാതി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്ത വ്യര്‍ത്ഥമായ ഒരു വര്‍ഗ്ഗരാഷ്ട്രീയത്തില്‍ ഇവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിരമിച്ചിരുന്ന കാലത്താണ് അംബേദ്കര്‍ ഈ പേരും കൊടിയും സ്വീകരിക്കുന്നത്. ഇന്ന് ആ സ്ഥിതി പ്രായോഗികതലത്തില്‍ ഏറെ മാറിയിട്ടുണ്ട്. എന്നാല്‍ സമന്വയം എന്നതുകൊണ്ട് കേവലം രാഷ്ട്രീയമായ സൌകര്യങ്ങളോ ഉപരിപ്ലവമായ യോജിപ്പുകാലോ അല്ലല്ലോ നാം ഉദ്ദേശിക്കുക.
വര്‍ഗ്ഗസമരം ഉള്‍ക്കൊള്ളാത്ത സ്വത്വരാഷ്ട്രീയവും സ്വത്വസമരത്തിന്റെ ചരിത്രവും സമകാലികതയും മനസ്സിലാവാത്ത ഒരു വര്‍ഗരാഷ്ട്രീയവും ഇന്ത്യന്‍ സാഹചര്യത്തില്‍ അനുയോജ്യമായി തോന്നുന്നില്ല. അപ്പോള്‍ മാര്‍ക്‌സിനെ അംബേദ്കറുമായി ബന്ധിപ്പിക്കുക എന്നത് കേവലം ജാതിയെ ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്‌സിസം ഉള്‍ക്കൊള്ളുക എന്നത് മാത്രമല്ല. ‘Class is an analytical category whereas caste is a sociological category’എന്ന് പറഞ്ഞത് ആനന്ദ് ടെല്തുംദേ (Anand Teltumbde) ആണ്. ഇത്ര കൃത്യമായി ഇങ്ങനെ പറയുന്നതിനു പരിമിതികള്‍ ഉണ്ട്. വ്യത്യസ്ത ചരിത്ര സന്ദര്‍ഭങ്ങളില്‍ വര്‍ഗ്ഗവും ഒരു സ്വത്വം തന്നെയാണ്. എങ്കിലും ഫെമിനിസ്റ്റുകള്‍ മാര്‍ക്‌സി സത്തിന്റെ വിമര്‍ശനത്തിലൂടെ ഒരു മാര്ക്‌സിസസ്റ്റ്-ഫെമിനിസ്റ്റ് സമീപനത്തിന് തുടക്കമിട്ടത് പോലെ, ജ്ഞാന-ഭവശാസ്ത്ര തലങ്ങളുള്ള അംബേദ്കറിസ്റ്റ് വിമര്‍ശനത്തിലൂടെ അംബേദ്കറിസ്റ്റ്-മാര്‍ക്‌സിസം വികസിപ്പിക്കുക എന്നതാണ് ഇവിടുത്തെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ വെല്ലുവിളി. ആനന്ദ് ടെല്തുംദേയെക്കൂടാതെ ഗെയ്ല്‍ ഓംവേദ് (Gail Omvedt), റോഡരീഗ്‌സ് വലേറിയന്‍ (Rodrigues Valerian), തുടങ്ങി നിരവധി ദളിത് പഠിതാക്കളും ദളിത് ചിന്തകരും ഈ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. അംബേദ്കര്‍ രചിച്ചിട്ടുള്ള കൃതികളില്‍ വര്‍ഗ്ഗത്തേയും ജാതിയേയും കുറിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തി ക്കുന്നതിലൂടെ മാത്രം ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമല്ല. ഇതല്ലാതെയുള്ള രാഷ്ട്രീയസാധ്യത അംബേദ്കറിസ്റ്റ് രാഷ്ട്രീയവുമായി സാര്‍ഥകമായ ജനാധിപത്യപരമായ മുന്നണി ഉണ്ടാക്കാന്‍ മറ്റു സാമൂഹിക വിഭാഗങ്ങള്‍ തയ്യാറാവുക എന്നതും പ്രധാനമാണ്. ജാതിനിര്‍മ്മാര്‍ജ്ജനം തൊഴിലാളിവര്‍ഗ്ഗ ഐക്യത്തിന്റെ മുന്നുപാധിയാണെന്നത് ഒരു ഒണ്ടോളജിക്കല്‍ നിലപാടാണ്. അതിനെ അംഗീകരിച്ചുകൊണ്ട് മാത്രമേ അംബേദ്കറിസ്റ്റ്-മാര്ക്‌സിസം സൈദ്ധാന്തികമായ അര്‍ത്ഥത്തില്‍ വികസിപ്പിക്കാന്‍ കഴിയൂ.
(ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ”പുനര്‍വായനകളിലെ മാര്‍ക്‌സിസം’ എന്ന പുസ്തകത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
radhakrishnan k.s
September 11, 2019 at 12:25 pm
വര്‍ണ്ണവ്യവസ്ഥ വര്‍ഗ്ഗവല്ക്കരണത്തിലൂടെ കടന്നുപോവുകയും അത് ജാതിയായി പരിണമിക്കുകയുമാണ് ചെയ്തത് എന്ന് അംബേദ്കര്‍ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അത് 1950 ഇൽ മാർക്സിസം ഒരു ആന തിയറി ആയിരുന്നത് കൊണ്ട് ‘caste is class’ എന്ന് എത്തിക്കുക ആയിരുന്നു പൊതുവെ കീഴാള ജാതികൾ.
വര്‍ണ്ണവ്യവസ്ഥക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന വര്‍ഗ്ഗവ്യവസ്ഥയെ ആണ് ജാതി ഉൾ കൊള്ളുന്നതെന്നു അദ്ദേഹം പറഞ്ഞു. വർഗ സിദ്ധാന്തം ഒരു ആന തിയറി ആണ് എന്ന false അറിവിൽ ആണ് അംബേദ്ക്കർ അവിടെ എത്തിയത്. . ഇന്ന് വർഗ സിദ്ധാന്തം ഒരു കൊതു ആണ്.
വര്‍ഗ്ഗബോധവും ജാതിബോധവും കെട്ടുപിണയുകയും തന്ത്രപരമായി സാമൂഹിക സംഘര്‍ഷങ്ങളില്‍ പരസ്പരം മാറിക്കൊടുക്കയും ചെയ്യുന്ന ഒരു ദ്രവാവസ്ഥ അദ്ദേഹം വിശദീകരിചതു അതുകൊണ്ടാണ്, 40, 50കളിൽ.
ജാതിയെ വര്‍ഗ്ഗവുമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്ര-സമകാലഭൂമിക ആദ്ദേഹം മിഥ്യ യായി കണ്ടെത്തി യതാവാം എന്ന് കരുതാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്.
ഇതിന്റെ ശരിമയെ ഇന്ന് തമസ്‌കരിക്കുന്ന സമീപനം തന്നെയാണ് രക്രി എടുക്കുക. അംബേദ്കറോട് അങ്ങിനെയേ നീതി പുലര്‍ത്താനാവു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹം നിയമ നിർമാണ സഭയിലേക്കു സാമൂഹ്യ നീതിയെ പിന്പറ്റുന്നവരെ നിറക്കുക എന്നാണു പരഞ്ഞത്.
ഇതു തടയുകയാ യിരുന്നു ബ്രഹ്മണ്യ വർഗ സമരം ഇന്ത്യയിൽ ചെയ്ത അടവ് നയം.