ചുട്ടുപൊള്ളുന്ന കേരളം
സൂര്യാതപം മൂലമുള്ള മരണങ്ങള്‍ വിവിധ ജില്ലകളില്‍ നിന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്നു. പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍ പോലും തളരുന്ന ഈ ചൂടില്‍ പ്രായമായവരും രോഗികളും അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്.
ഉഷ്ണതരംഗം നമ്മുടെ നാട്ടിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. താപനില 40 ഡിഗ്രിക്ക് മുകളില്‍ തുടരുകയും അത് ഈ സമയത്തെ സാധാരണ താപനിലയിലും 4.5 ഡിഗ്രിയില്‍ അധികമാവുകയും ചെയ്തതോടെയാണ് പാലക്കാട്ടും തൃശ്ശൂരും ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. ഇത്തവണ മകരമാസം മുതല്‍ തന്നെ കേരളം അക്ഷരാര്‍ത്ഥത്തില്‍ തീച്ചൂളയിലാണ്. വാസ്തവത്തില്‍ 2023 ഏപ്രില്‍ മാസം മുതല്‍ തന്നെ സംസ്ഥാനത്ത് അസാധാരണമായ ചൂട് അനുഭവപ്പെടുകയാണ്. 2023 ല്‍ വേനല്‍മഴയിലും കാലാവര്‍ഷത്തിലും ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷമാകട്ടെ, സമീപകലത്തെ ഏറ്റവും കുറഞ്ഞ വേനല്‍മഴയാണ് ഇത് വരെ കിട്ടിയത്. അതില്‍ തന്നെ തെക്കന്‍ കേരളത്തില്‍ ചെറിയ അളവിലെങ്കിലും മഴ ലഭിച്ചപ്പോള്‍ തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ മഴ തീരെയില്ല എന്ന് തന്നെ പറയേണ്ടി വരും. കേരളത്തിന്റെ മാത്രം ചിത്രമല്ല ഇത്, ഭൂമിയാകെ ചുട്ടുപൊള്ളുകയാണ്. ആഗോളതലത്തില്‍ കഴിഞ്ഞ 11 മാസവും അതാത് മാസത്തെ ഉയര്‍ന്ന ചൂടില്‍ പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. കാലാവസ്ഥ പ്രതിസന്ധി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകളെയെല്ലാം കവച്ചുവയ്ക്കുന്ന വിധത്തില്‍ അതിരൂക്ഷമാവുകയാണ്. അതിനൊപ്പം എല്‍നിനോ പ്രതിഭാസം കൂടി ഉണ്ടായിരുന്നതാണ് ചൂട് ഇത്രയും വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. ശാന്ത സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന എല്‍നിനോ അവസാനിച്ചു എന്നത് മാത്രം അല്പം ആശ്വാസമാണ്.
കൊടുംചൂട് വിവിധ മേഖലകളില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ നമ്മള്‍ ഇത് പ്രത്യക്ഷത്തില്‍ അനുഭവിക്കുന്നത് രൂക്ഷമായ ജലക്ഷാമം ആയും കടുത്ത വൈദ്യുതി പ്രതിസന്ധിയായുമാണ്. കടുത്ത ചൂട് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഏറെ ഗൗരവമാര്‍ന്നതാണ്
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ദ്ധിക്കുകയാണ്. സന്ധ്യയ്ക്ക് ശേഷമുള്ള പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത നമ്മുടെ വിതരണ ശൃംഖലയ്ക്ക് താങ്ങാവുന്ന പരമാവധിക്കും അപ്പുറം എത്തി നില്‍ക്കുകയാണ്. പലയിടത്തും ഓവര്‍ലോഡിങ് മൂലം ഫീഡറുകള്‍ ട്രിപ്പ് ആകുകയാണ്. നൂറുകണക്കിന് ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇതിനകം കത്തി നശിച്ചതായി വൈദ്യുതി ബോര്‍ഡ് പറയുന്നു. ഇടയ്ക്കിടയ്ക്ക് വൈദ്യുതി മുടക്കം വരുന്നത് പലയിടത്തും ബോര്‍ഡ് ജീവനക്കാര്‍ക്ക് നേരെയുള്ള ഉപയോക്താക്കളുടെ പ്രതിഷേധത്തിന് വഴിവയ്ക്കുന്നുണ്ട്. (കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ വൈദ്യുതി മുടങ്ങുന്നതില്‍ ഉള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഈ പ്രതിഷേധങ്ങള്‍. നിര്‍ഭാഗ്യവശാല്‍ പക്ഷേ എല്ലാ പരിമിതികള്‍ക്കുള്ളിലും നിന്നുകൊണ്ട് മുടക്കം കൂടാതെ നമുക്ക് വൈദ്യുതി എത്തിക്കാന്‍ കഠിനപ്രയത്‌നം ചെയ്യുന്ന ജീവനക്കാര്‍ ഈ പ്രതിഷേധം അര്‍ഹിക്കുന്നില്ല) പ്രതിസന്ധി മറികടക്കാന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണമെന്ന് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടുവെങ്കിലും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് സര്‍ക്കാര്‍ തല്‍ക്കാലം ലോഡ് ഷെഡിങ്ങിന് അനുമതി കൊടുത്തിട്ടില്ല. എങ്കിലും ഉപയോഗം കുറയ്ക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരിക്കുകയും ചൂട് ഇതേ പടി തുടരുകയും ചെയ്താല്‍ അടുത്ത ദിവസങ്ങളില്‍ ചിലപ്പോള്‍ പവര്‍കട്ട് ലോഡ് ഷെഡ്ഡിങ് എന്നിവ വേണ്ടിവന്നേക്കാം.
നമ്മുടെ വൈദ്യുതിയുടെ ആവശ്യകതയില്‍ ഉണ്ടാകുന്ന വാര്‍ഷിക വര്‍ദ്ധനവ് നാല് ശതമാനത്തിന് അടുത്താണ്. 2013-14 മുതലുള്ള 9 വര്‍ഷത്തെ ശരാശരി വാര്‍ഷിക വര്‍ദ്ധനവിന്റെ തോത് 3.54 ശതമാനമാണ്. എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ ഈ കണക്കുകളെല്ലാം തകിടം മറയുന്ന കാഴ്ചയാണ് കാണുന്നത്. പതിവിലും മൂന്നിരട്ടിയോളം വര്‍ദ്ധനവാണ് 2023-24 വൈദ്യുതി ഉപയോഗത്തില്‍ ഉണ്ടായത്, 10.58 ശതമാനം. 2022-23ല്‍ സംസ്ഥാനത്ത് 27977 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 2023-24 ല്‍ ഇത് 30938 MU ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 2961 ദശലക്ഷം യൂണിറ്റ് അധികം! തൊട്ടു മുന്‍പത്തെ ഒന്‍പതു വര്‍ഷങ്ങളിലെ ശരാശരി വര്‍ദ്ധനവ് 826 MU മാത്രമായിരുന്നിടത്താണ് ഈ കുതിച്ചുചാട്ടം.
മഴക്കാലത്ത്, വിശേഷിച്ച് ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ആണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും കുറഞ്ഞിരിക്കുക. ഈ സമയത്തെ പ്രതിദിന വൈദ്യുതി ആവശ്യകതയുടെ 20-25 ശതമാനം വരെയും പീക്ക് ഡിമാന്റില്‍ 30 മുതല്‍ 40% വരെയും വര്‍ദ്ധനവാണ് കടുത്ത വേനലില്‍ വരാറുള്ളത്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് വൈദ്യുതി ആവശ്യകതയില്‍ വരുന്ന മാറ്റങ്ങളും മുന്‍കാല ശരാശരികളുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും വൈദ്യുതി ആവശ്യകതയില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവും വച്ചാണ് ഡിമാന്‍ഡ് കണക്കാക്കുന്നത്. എന്നാല്‍ ലേഖനാരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ഒരു വര്‍ഷമായി മഴയില്‍ ഗണ്യമായ കുറവുണ്ടാവുകയും ചൂട് കുത്തനെ ഉയരുകയും ചെയ്തതോടെ ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ അപ്പാടെ പൊളിയുകയും 2023 ഏപ്രില്‍ മുതല്‍ വൈദ്യുതി ആവശ്യകതകുതിച്ചുയരുകയുമായിരുന്നു. ഏപ്രില്‍ മാസത്തില്‍ 2021 നെ അപേക്ഷിച്ച് 2022 ല്‍ 2.06 ശതമാനം വൈദ്യുതി മാത്രമാണ് അധികമായി വേണ്ടിവന്നത്. എന്നാല്‍ 2022ല്‍ നിന്നും 2023 ഏപ്രിലില്‍ എത്തുമ്പോള്‍ വര്‍ദ്ധനവിന്റെ തോത് 11.82% ആയി കുതിച്ചുയര്‍ന്നു. 2024 ഏപ്രിലില്‍ 2023 നെ അപേക്ഷിച്ച് 15.62% അധികം വൈദ്യുതിയാണ് നമുക്ക് വേണ്ടിവന്നത്. വേനലില്‍ മാത്രമല്ല കഴിഞ്ഞവര്‍ഷത്തെ മഴക്കാലത്തും ഉപയോഗത്തില്‍ കുത്തനെയുള്ള വര്‍ദ്ധനവ് കാണാനാകും. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20.57% അധികവൈദ്യുതിയാണ് വേണ്ടിവന്നത്. വേനല്‍ മഴയുടെ അഭാവവും ചൂട് ക്രമാതീതമായി കൂടിയതും ആണ് വൈദ്യുതിയുടെ ആവശ്യകതയില്‍ ഇത്ര വലിയ വര്‍ദ്ധനവ് വരുത്തിയത്. മഴ മാറിനിന്ന 2023 ആഗസ്റ്റ് മാസത്തില്‍ വൈദ്യുതിയുടെ ആവശ്യകത മുന്‍ വര്‍ഷത്തേക്കാള്‍ 17.11% കൂടുതലായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ പ്രതിദിന വൈദ്യുതി ആവശ്യകതയിലും പിക് ഡിമാന്റിലും തുടര്‍ച്ചയായി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയാണ്. 2023 ഏപ്രില്‍ മാസം മുതലാണ് വൈദ്യുതി ആവശ്യകത കുതിച്ചുയരാന്‍ തുടങ്ങിയത് എന്ന് സൂചിപ്പിച്ചിരുന്നുവല്ലോ. 2023 മാര്‍ച്ച് വരെ രേഖപ്പെടുത്തിയ ഉയര്‍ന്ന ഉപയോഗം 92.88 MU, പീക്ക് ഡിമാന്‍ഡ് 4385 MW എന്നിങ്ങനെയായിരുന്നു. ഏപ്രില്‍ മാസത്തില്‍ പ്രതിദിന വൈദ്യുതി ഉപയോഗവും സന്ധ്യയ്ക്ക് ശേഷമുള്ള ആവശ്യകതയും ഒരുപോലെ ഉയരുകയും ഏപ്രില്‍ 19ന് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. അന്ന് സംസ്ഥാനത്ത് 102.998 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. പീക്ക് സമയത്ത് ആവശ്യകത ആദ്യമായി 5000 മെഗാ വാട്ട് കടന്ന് 5024 MW ആയി. എന്നാല്‍ ഈ വര്‍ഷം ഇതെല്ലാം പഴങ്കഥയാവുകയാണ്. 2024 മാര്‍ച്ച് 11 നും മെയ് രണ്ടിനും ഇടയില്‍ പിക് ഡിമാന്‍ഡ് സംബന്ധിച്ച റെക്കോര്‍ഡ് 13 തവണയാണ് തിരുത്തിയത്. ഏറ്റവും ഒടുവില്‍ മെയ് രണ്ടിന് 5797 MW ആണ് കേരളത്തില്‍ വേണ്ടിവന്നത്, മുന്‍ വര്‍ഷത്തേക്കാള്‍ 15.4% വര്‍ദ്ധനവ്. പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ മാര്‍ച്ച് 26നും മെയ് 2 നുമിടയില്‍ 11 തവണയാണ് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടത്. ഏറ്റവും പുതിയ റെക്കോര്‍ഡ് മെയ് 2 ലെ 114.19 MU ആണ്, മുന്‍വര്‍ഷത്തേക്കാള്‍ 10.87% ഉയരെ.
2023-24 ല്‍ ചരിത്രത്തില്‍ ആദ്യമായി വാര്‍ഷിക വൈദ്യുതി ഉപയോഗം 30000 MU കടന്നു (30937.88 MU). 2024 ഏപ്രില്‍ മാസത്തില്‍ ആദ്യമായി പ്രതിദിന ശരാശരി വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലായി (106.37 MU). അന്തരീക്ഷ താപനിലയും വൈദ്യുതി ഡിമാന്റും തമ്മിലുള്ള ബന്ധം അടിവരയിടുന്നതായിരുന്നു ഏപ്രില്‍ 12ലെ അനുഭവം. ഏപ്രില്‍ 9ന് വൈകിട്ടത്തെ പരമാവധി ഡിമാന്‍ഡ് 5493 MW ഉം, 11 ന് 5319 MW മായിരുന്നു. ഏപ്രില്‍ 12 ന് സംസ്ഥാനത്ത് വ്യാപകമായ വേനല്‍ മഴ ലഭിച്ചു. ( ലേഖകന്‍ താമസിക്കുന്ന ചാലക്കുടി പരിയാരത്ത് 94 ദിവസത്തിനു ശേഷമാണ് അന്ന് മഴ കിട്ടിയത്) അന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ പീക്ക് ഡിമാന്‍ഡ് 4769 MW മാത്രമായിരുന്നു, മുന്‍ ദിവസത്തേക്കാള്‍ 550 MW കുറവ്.
വൈദ്യുതി ആവശ്യകതയിലെ ഈ വന്‍ വര്‍ദ്ധനവിന് പ്രധാന കാരണം എയര്‍കണ്ടീഷണറുകളുടെ വന്‍തോതിലുള്ള വ്യാപനമാണ്. പകല്‍ മാത്രമല്ല പാതിരാത്രി കടന്നും കടുത്ത ചൂടാണ് ഇപ്പോള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ നേരത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത സന്ധ്യ മുതല്‍ രാത്രി 11 വരെയായിരുന്നു എങ്കില്‍ ഇപ്പോഴത് വെളുപ്പിന് 2 മണി വരെയൊക്കെയാണ്. ചൂട് താങ്ങാവുന്ന പരിധിയും കടന്ന് പോകുമ്പോള്‍ സാധാരണക്കാര്‍ പോലും കടം വാങ്ങിയിട്ടായാലും എയര്‍ കണ്ടീഷണറുകള്‍ വാങ്ങുവാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ മുറിക്കകം മാത്രം തണുപ്പിക്കുകയും അതിന് പുറത്ത് ചൂട് വര്‍ധിപ്പിക്കുകയും ചെയ്യുന്ന എയര്‍കണ്ടിഷറുകളെ കൂടുതലായി ആശ്രയിക്കുന്നത് ആത്യന്തികമായി ചൂട് പിന്നെയും വര്‍ധിപ്പിക്കുകയാണ് ചെയ്യുക. സൂക്ഷ്മ കാലാവസ്ഥയെ അനുകൂലമാക്കാനായി നഗരവനങ്ങള്‍ ഉള്‍പ്പെടെ ഹരിതവല്‍ക്കരണം നടത്തുക, നിര്‍മിതികളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കുക, മേല്‍ക്കൂരയില്‍ ചൂട് കുറയ്ക്കാന്‍ അനുയോജ്യമായ പെയിന്റ് ഉപയോഗിക്കുക തുടങ്ങി പലതും ചെയ്യാനാകും. ചെറിയ ഒരു സ്പ്രിംഗ്ലര്‍ വച്ച് വീടിനുമുകളില്‍ ഇടയ്ക്കിടെ കൃത്രിമമഴ പെയ്യിക്കുന്ന സുഹൃത്ത്, റൂഫ്റ്റോപ് ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നവര്‍ എല്ലാം കുറേകൂടി നിലനില്‍ക്കുന്ന പരിഹാരം തേടുന്നവരാണ്. തൊട്ടടുത്ത ദിവസങ്ങളിലും തൊട്ടടുത്ത വര്‍ഷങ്ങളിലും ചൂട് കൂടും എന്നതിനാല്‍ വൈദ്യുതി ബോര്‍ഡ് ഹ്രസ്വ – ദീര്‍ഘകാല പരിഹാരങ്ങള്‍ തേടിയേ മതിയാകൂ. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുന്നതും വൈദ്യുതി ആവശ്യകത വര്‍ധിപ്പിക്കും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ശക്തമായ ഊര്‍ജ്ജസംരക്ഷണം മാത്രമാണ് വഴി. ഇതിനായി ഇപ്പോള്‍ ഉള്ള ചെറിയ പരസ്യങ്ങള്‍ മതിയാകില്ല. വിദ്യാര്‍ത്ഥികള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു ക്യാമ്പയിന്‍ ആയി ഊര്‍ജ്ജംസംരക്ഷണ സന്ദേശം എല്ലാവരിലും എത്തിക്കണം. ഇതിനായി ചെലവഴിക്കുന്ന പണത്തിന്റെ പല മടങ്ങ് നേട്ടം ബോര്‍ഡിന് ഉണ്ടാകും. ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാനും നാളത്തെ ചാര്‍ജ് വര്‍ധന പരിമിതപ്പെടുത്താനും ഉപയോക്താക്കളും സഹകരിച്ചേ മതിയാകൂ.
ദീര്‍ഘകാല നടപടികളില്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്ന് കാലാവസ്ഥ നിരീക്ഷണം ഉണ്ടാകണം. കൊച്ചി സര്‍വകലാശാലയിലെ റഡാര്‍ സെന്ററുമായി ഇതിനായി കൈകോര്‍ക്കാവുന്നതാണ്. വെയില്‍ ഉള്ളപ്പോള്‍ കൂടുതല്‍ വൈദ്യുതി തരികയും മഴയുള്ളപ്പോള്‍ കുറച്ചു തരികയും ചെയ്യുന്ന സൗരോര്‍ജ്ജത്തിന് ഭാവി വൈദ്യുതി ആവശ്യകത നിറവേറ്റുന്നതില്‍ വലിയ പങ്ക് വഹിക്കാനാകണം. പകല്‍ മാത്രമല്ല, പീക്ക് സമയത്തും നമുക്ക് സൗരോര്‍ജ്ജം ഉപയോഗപ്പെടുത്താന്‍ കഴിയണം. അതിന് വിവിധ തരത്തിലും സ്ഥലങ്ങളിലും ബാറ്ററി ഉള്‍പ്പെടെയുള്ള ബാക്കപ്പ് സംവിധാനം വേണം. ഈ വിഷയങ്ങളെല്ലാം പൊതുസമൂഹവുമായി ചര്‍ച്ച നടത്താന്‍ ബോര്‍ഡ് തയ്യാറാവണം.
കടുത്ത ജലക്ഷാമം ആണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. ഭാരതപ്പുഴയില്‍ ഐവര്‍മഠത്തില്‍ ശേഷക്രിയകള്‍ക്ക് വരുന്നവര്‍ക്ക് മുങ്ങാന്‍ പോലും വെള്ളമില്ലെന്ന് പത്രവാര്‍ത്ത വരുന്നു. വെള്ളമില്ലാതെ കൃഷി ഉണങ്ങുന്നതിന്റെ ചിത്രവും ധാരാളമാണ്. കടുത്ത വരള്‍ച്ച ദീര്‍ഘകാല വൃക്ഷവിളകളില്‍ നീണ്ടുനില്‍ക്കുന്ന ആഘാതങ്ങളാണ് സൃഷ്ടിക്കുക. കാട്ടില്‍ ചൂട് വര്‍ദ്ധിക്കുന്നത് വന്യജീവികളെയും സസ്യജാലങ്ങളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. അവിടെ സൂക്ഷ്മ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ജൈവ വൈവിധ്യത്തിന് വലിയ ഭീഷണിയാണ്‌സൃഷ്ടിക്കുന്നത്.
സൂര്യാതപം മൂലമുള്ള മരണങ്ങള്‍ വിവിധ ജില്ലകളില്‍ നിന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്നു. പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍ പോലും തളരുന്ന ഈ ചൂടില്‍ പ്രായമായവരും രോഗികളും അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്.
കാലാവസ്ഥ പ്രതിസന്ധിയുടെ രൂക്ഷത ഇനിയെങ്കിലും സമൂഹം തിരിച്ചറിഞ്ഞേ പറ്റൂ. ഭൂമിയെ ഇന്നത്തെ നിലയില്‍ എത്തിച്ച തെറ്റായ വികസന പാതകളില്‍ നിന്നും പിന്മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിയുമായി ചേര്‍ന്ന് നിലനില്‍പ്പിന്റെ താളം ഇനിയെങ്കിലും കണ്ടെത്താനായില്ലെങ്കില്‍ ‘ ഇനിവരുന്ന തലമുറകള്‍ക്ക് ഇവിടെ വാസം’ മിക്കവാറും അസാധ്യമാകും എന്ന മുന്നറിയിപ്പ് കൂടിയാണ് ഈ കാലാവസ്ഥ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in