ബ്രിട്ടന്റെ കോളനി
ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്‍സ് രാജ്യത്തെ നിയമങ്ങളെയെല്ലാം അട്ടിമറിച്ചു കേരളമണ്ണില്‍ ഉടമസ്ഥത തുടരുന്നതിനു പിന്നിലെ സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ പവിത്രമായ വഞ്ചനയുടേയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ അഴിമതിയുടേയും ഏടുകള്‍ തുറന്നു കാട്ടുന്ന, ‘ ഹാരിസണ്‍സ് രേഖയില്ലാത്തെ ജന്മി’ എന്ന പുസ്തകത്തിന് ഗ്രന്ഥകര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ ആര്‍ സുനില്‍ എഴുതിയ മുഖവുര.
ഏഴ് പതിറ്റാണ്ട് മുമ്പ് കേരളഭൂമി ആരുടെതെന്ന് ചോദിച്ചത് ഇ.എം.എസാണ്. അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്നു. അദ്ദേഹത്തിന്റെ ‘ഒന്നേകാല്‍ കോടി മലയാളികള്‍’, ‘കേരളത്തിന്റെ ദേശീയ പ്രശ്‌നം’ ‘കേരളം മലയാളികളുടെ മാതൃഭൂമി’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അതിനുള്ള മറുപടിയായി. ഐക്യകേരളം രൂപം കൊള്ളുന്നതിനുള്ള നാന്ദിയായിരുന്നു ആ ചരിത്ര രചനകള്‍. കേരള ജനത ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിന് സമാന്തരമായി മലയാളദേശത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രം അന്വേഷിച്ച അദ്ദേഹത്തിന്റെ നോട്ടമെത്തിയത് ജന്മി-ജാതി നടിവഴിത്ത വ്യവസ്ഥിതിയിലും ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് കേരള രാജാക്കന്മാര്‍ വിദേശ കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കിയ ഭൂമിയിലെ വിഭവകൊള്ളയിലുമാണ്. സാമ്രാജ്യത്വ വിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ മുന്നോട്ട് വച്ച കമ്മ്യൂണിസ്‌റ് പാര്‍ട്ടി ഭൂപരിഷ്‌കരണത്തിനുള്ള മുദ്രാവാക്യമുയര്‍ത്തി, ഫ്യൂഡല്‍ പ്രഭുവര്‍ഗത്തിനെതിരെ പോരാട്ടം നടത്തിയാണ് കേരളത്തില്‍ അധികാരത്തിലെത്തിയത്. എന്നിട്ടും തോട്ടം മേഖലയിലെ ബ്രിട്ടീഷ് ഭൂവുടമസ്ഥതക്ക് മാന്ദ്യം കുറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 1947ല്‍ ബ്രിട്ടീഷ് കോളനിവാഴ്ച അവസാനിച്ചതോടെ ഈ ഭൂമി സര്‍ക്കാരിന്റെ സ്വത്തായി മാറേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല. ആ യാഥാര്‍ഥ്യം പതിറ്റാണ്ടുകളോളം ഇടതുവലതു ഭേദമില്ലാതെ മറച്ചുവെക്കുകയും വിദേശ ഭൂവുടമസ്ഥത സംരക്ഷിക്കുകയും ചെയ്തു. ആ രാഷ്ട്രീയചതിയെക്കുറിച്ചുള്ള വീണ്ടുവിചാരമാണ് ഈ പുസ്തകം.
നാട്ടുരാജാക്കന്മാര്‍ ബ്രിട്ടീഷ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പാട്ടത്തിനു ഭൂമി നല്‍കിയതിന്റെ ചരിത്രത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ് ആദ്യ അധ്യായത്തില്‍. ബ്രിട്ടീഷ് തോക്കിനുമുന്നില്‍ അമര്‍ന്നുപോയ കാലത്താണ് പശ്ചിമ ഘട്ട മലനിരകളില്‍ നിന്ന് ആദിവാസികളെ ആട്ടിയോടിച്ചു വന ഭൂമി വിദേശ കമ്പനികളും വ്യക്തികളും സ്വന്തമാക്കിയത്. അതിനെക്കുറിച്ചുള്ള ചരിത്രരേഖകളാണ് പരിശോധിക്കുന്നത്. 1947ല്‍ ബ്രിട്ടീഷ് അധിനിവേശം അവസാനിച്ചതിനു ശേഷം വിദേശതോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് നടത്തിയ നിയമ നിര്‍മാണത്തെകുറിച്ചുള്ള വിശകലനമാണ് അടുത്ത അദ്ധ്യായം. ചരിത്രം പരിശോധിച്ചാല്‍ 1957ലെയും 67ലെയും കമ്മ്യൂണിസ്‌റ് സര്‍ക്കാരുകള്‍ കേരളത്തില്‍ വിദേശ തോട്ടങ്ങള്‍ ഉണ്ടെന്നും അവര്‍ കേരളത്തെ കൊള്ളയടിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞിരുന്നു. കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ 1957ലെ തിരഞ്ഞെടുപ്പ് മാനിഫെസ്‌റോയില്‍ വിദേശതോട്ടങ്ങളുടെ ഭൂമി ഒരു പൈസയും നല്‍കാതെ ഏറ്റെടുക്കണമെന്നും വ്യക്തമാക്കിയിരുന്നു. 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രി സഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍.ഗൗരിയമ്മ അഡ്വക്കേറ്റ് ജനറലിനോട് വിദേശതോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് നിയമ നിര്‍മാണം നടത്തുന്നതിന് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി. അന്ന് നടന്ന കണക്കെടുപ്പില്‍ തിരുവിതാംകൂറില്‍ ഒമ്പതു വിദേശ കമ്പനികളുടെ ഉടമസ്ഥതയില്‍ 71 എസ്‌റേറ്റുകളുള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഏറെ താമസിയാതെ ഇ.എം. എസ് സര്‍ക്കാര്‍ നിലംപൊത്തി. പിന്നാലെ കോണ്‍ഗ്രസ് പിന്തുണയോടെ ചരിത്ര നിയോഗം സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായി. അദ്ദേഹം വിദേശ തോട്ടം ഭൂമിയെക്കുറിച്ചു പഠനം നടത്തുന്നതിന് ന്യുഡല്‍ഹി ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എക്കണോമിക്‌സ് പ്രൊഫെസര്‍ ഡോ. പി.കെ. ബര്‍ദന്‍ ചെയര്‍മാനും അതെ സ്ഥാപനത്തിലെ അസോസിയേറ്റ് പ്രൊഫ. ഡോ. എസ്.ടെന്‍ഡുല്‍ക്കര്‍ അംഗവുമായി കമ്മിറ്റി രൂപീകരിച്ചു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. അതെ സമയം, തേയില കൃഷിക്ക് കണ്ണന്‍ദേവന് നല്‍കിയ ഭൂമി തരിശിടുന്നുവെന്ന പരാതി ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങി. അങ്ങനെയാണ് കണ്ണന്‍ ദേവന്‍ മലകള്‍ (ഭൂമി വീണ്ടെടുക്കല്‍) ബില്‍ 1971 മാര്‍ച്ച് 31നു റവന്യുമന്ത്രി ബേബിജോണ്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. അതോടെ വിദേശതോട്ടമെന്നത് കണ്ണന്‍ ദേവന്‍ ഭൂമിയില്‍ അവസാനിച്ചു. ആ നിയമത്തിലെ ചതി കെ.ആര്‍.ഗൗരിയമ്മ അന്ന് തന്നെ നിയമസഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നെങ്കിലും അച്യുതമേനോന്‍ നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ചു നിയമം പാസാക്കി. കമ്പനി കോടതി കയറിയെങ്കിലും നിയമ നിര്‍മാണത്തിലൂടെ കണ്ണന്‍ ദേവന് ഭൂമി വീണ്ടെടുത്തത് സുപ്രീം കോടതിയും അംഗീകരിച്ചു. നിയമത്തിലെ വ്യവസ്ഥ അനുസരിച്ചു ലാന്‍ഡ് ബോര്‍ഡ് തീരുമാനത്തിലൂടെ കണ്ണന്‍ ദേവന് ഭൂമി തിരിച്ചു നല്‍കുകയും ചെയ്തു. ഇവിടെ ഭൂരഹിതരുടെ ന്യായമായ ആവശ്യവും സര്‍ക്കാരിന്റെ ന്യായവിരുദ്ധമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഭൂരഹിതര്‍ പരാജയപ്പെട്ടു. എ.കെ.ജിയുടെ ഭൂമിക്ക് വേണ്ടിയുള്ള സമരവും ഗൗരിയമ്മയുടെ വീറുറ്റ പോരാട്ടവും അച്യുതമേനോന്‍ പൊളിച്ചടുക്കി. നിയമത്തിലെ കൃത്രിമത്വം കണ്ണന്‍ ദേവന് തുണയായി. ഇതേ കാലത്താണ് പ്രമാണരേഖകള്‍ പോലും പരിശോധിക്കാതെ ഹാരിസണ്‍ അടക്കമുള്ള വിദേശകമ്പനികള്‍ക്ക് ലാന്‍ഡ് ബോര്‍ഡും ലാന്‍ഡ് ട്രിബുണലും വഴി ഭൂപരിധിയില്‍ ഇളവുകള്‍ നല്‍കിയത്. രാജഭരണകാലത്ത് പാട്ടത്തിനു നല്‍കിയ ഭൂമിയാണെന്ന കാര്യം പോലും ലാന്‍ഡ് ബോര്‍ഡ് പരിഗണിച്ചില്ല. അങ്ങനെ വിദേശ കമ്പനികള്‍ക്ക് മുന്നില്‍ കേരള ഭൂമി അടിയറവെച്ചത് അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ്. വിദേശ കമ്പനികളെ സഹായിക്കുകവഴി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് മുന്നില്‍ തുറന്നുവച്ചത് നരകത്തിന്റെ വാതിലാണ്.
കണ്ണന്‍ ദേവന്‍ മലകള്‍ വീണ്ടെടുക്കല്‍ നിയമവും ലാന്‍ഡ് ബോര്‍ഡ് തീരുമാനങ്ങളും പ്രത്യക്ഷത്തില്‍ പുരോഗമനമെന്നു തോന്നിയെങ്കിലും ഫലത്തില്‍ കേരളത്തിനത് വിനാശമായി. നാടിന്റെ എല്ലാത്തരം വികാസത്തെയും അത് മുരടിപ്പിച്ചു. സമൂഹത്തിലെ വിപ്ലവസാധ്യത ആരായേണ്ട കമ്യൂണിസ്‌റുകാരായ അച്യുതമേനോന്‍ വിപരീതദിശയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നത് ചരിത്രസത്യമാണ്. അച്യുതമേനോന്റെ ഭരണകാലം അടിയന്തരാവസ്ഥയുടെ പീഡനകാലം മാത്രമല്ല, ഭൂരഹിതരെ സംബന്ധിച്ചിടത്തോളം നീതിനിഷേധത്തിന്റെയും നിയമലംഘനത്തിന്റെതുമായിരുന്നു. ദളിതരെയും ആദിവാസികളെയും ആട്ടിന്‍പറ്റങ്ങളെ പോലെ ആട്ടിത്തെളിച്ച് സമൂഹത്തിന്റെ ഓരങ്ങളിലെ കോളനികളിലേക്ക് തള്ളി. കണ്ണന്‍ ദേവനുവേണ്ടി അച്യുതമേനോന്‍ നടത്തിയ നിയമനിര്‍മാണമെന്ന ചതുരംഗത്തില്‍ അദ്ദേഹം വിജയിച്ചു. ഗൗരിയമ്മ നിയമ സഭയില്‍ ഉയര്‍ത്തിയ ആരോപണം ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ അച്യുതമേനോന്‍ ബ്രിട്ടീഷ് അംബാസഡറുടെ സമ്മര്‍ദത്തിന് കീഴടങ്ങി. ആ അവിശുദ്ധ കൂട്ടുകെട്ടിന് കേരളം വലിയ വില നല്‍കി. നിയമസഭാ രേഖകള്‍ വായിക്കുമ്പോള്‍ നഷ്ടമാവുന്നത് നഷ്ടമാവുന്നത് ഭരണാധികാരി എന്ന നിലയില്‍ അച്യുതമേനോന് ലഭിചിരുന്ന ബൗദ്ധിക നായക പദവിയാണ്. വിദേശ തോട്ടമുടമകള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരുന്ന ഭൂമി സംരക്ഷിക്കുന്നതിനാണ് അന്നത്തെ സര്‍ക്കാര്‍ ജാഗ്രത കാണിച്ചത്. സ്വന്തം പ്രത്യയശാസ്ത്ര നിലപാടുകള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തീരുമാനമായിരുന്നെങ്കിലും അത് ശരിയാണെന്നു അച്യുതമേനോന്‍ വാദിച്ചു. സര്‍ക്കാരിന്റെ ഈ നടപടി ചരിത്രത്തില്‍ കേരളത്തിന്റെ പൊതുവികാസത്തെ തടഞ്ഞു. മലയാളികളുടെ ജീവിക്കാനുള്ള അവകാശമാണ് സര്‍ക്കാര്‍ നിഷേധിച്ചത്. ഇതിലൂടെ പ്രകടമായത് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ മുഖമാണ്. അധികാരത്തിന്റെ തിന്മയാണ് ഭൂരഹിതര്‍ക്ക് മേല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രയോഗിച്ചത്. അത് കേരളത്തോട് കാണിച്ച രാഷ്ട്രീയ ചതിയാണ്. ഇക്കാര്യത്തില്‍ സിപിഐക്ക് പോലും നിരാകരിക്കാനാവാത്ത തെളിവുകള്‍ നിയമസഭയില്‍ അച്യുതമേനോന്‍ ബാക്കി വച്ചിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്‌റ് നേതാക്കളില്‍ പലരും അര്‍ധ-ഫ്യൂഡല്‍ മനസിന്റെ ഉടമകളായിരുന്നുവെന്ന വിമര്‍ശനം കൂടി ഇവിടെ ചേര്‍ത്ത് വായിക്കണം. പഴയ ജന്മി-കുടിയാന്‍ ബന്ധത്തിന്റെ ജീര്‍ണസാംസ്‌കാരിക പാരമ്പര്യത്തില്‍ സ്വയമറിയാതെ അഭിരമിച്ച കമ്മ്യൂണിസ്‌റ് നേതാക്കള്‍ക്ക് കീഴാളരുടെ ജീവിതാവസ്ഥ തിരിച്ചറിയാനായില്ല. അച്യുതമേനോന് ശേഷം ശേഷം ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോഴെല്ലാം റവന്യു വകുപ്പ് സിപിഐയുടെ നിയന്ത്രണത്തിലായിരുന്നു. അതിനാല്‍ വിദേശ തോട്ടങ്ങളുടെ കരാര്‍ ഉടമ്പടികളും റവന്യു രേഖകളുടെ ആധികാരികതയും ഒരിക്കലും പരിശോധിച്ചിട്ടില്ല. 1970 ശേഷമുള്ള നിയമസഭ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്- കമ്മ്യൂണിസ്‌റ് കക്ഷിഭേദമില്ലാതെ എല്ലാവരും ബ്രിട്ടീഷ് രാജ്ഞിയുടെ ആജ്ഞക്ക് കീഴടങ്ങിയെന്ന് വ്യക്തം. തോട്ടം മേഖലയിലെ ബ്രിട്ടീഷ് അധീശത്വത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ മാത്രമല്ല അക്കാദമിക ബുദ്ധിജീവികളും മൗനം പാലിച്ചു. ഹാരിസണ്‍സ് ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാന് കൈമാറിയപ്പോള്‍ പാട്ടഭൂമി വില്‍ക്കാന്‍ അധികാരമുണ്ടോയെന്ന ചോദ്യമുയര്‍ത്തിയത് മാധ്യമപ്രവര്‍ത്തകരാണ്. വിഷയം വിവാദമായപ്പോള്‍ ഇക്കാര്യം അന്വേഷിക്കാന്‍ സര്‍ക്കാര്‍ 2005ല്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. അന്വേഷണത്തിനുള്ള നിയോഗം വന്നുചേര്‍ന്നതാകട്ടെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനും. വിദേശകമ്പനികളുടെ നിയന്ത്രണത്തിലുള്ള തോട്ടഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി നിയമസഭയില്‍ കെ ആര്‍ ഗൗരിയമ്മ 1970 കള്‍ വരെ നടത്തിയ പോരാട്ടത്തിന്റെ തുടര്‍ച്ചയായിരുന്നു നിവേദിത നടത്തിയ അന്വേഷണം. ഹാരിസണ്‍സിന്റെ കൈവശമുള്ള ഭൂമിയെക്കുറിച്ചുള്ള അന്വേഷണത്തിന് അവരുടെ നീതിബോധവും സത്യസന്ധതയും പുതുവഴി വെട്ടി. നിവേദിത സര്‍ക്കാരിന് സമര്‍പ്പിച്ചത് സത്യത്തിന്റെ ഉള്‍ക്കനമുള്ള അന്വേഷണ റിപ്പോര്‍ട്ട് ആണ്. അറിയപ്പെടാത്ത രേഖകളില്‍ ഉറങ്ങിക്കിടന്ന യാഥാര്‍ഥ്യത്തെ പുറത്തെടുത്ത് ചരിത്രത്തിലെ വലിയ തെറ്റിദ്ധാരണ തിരുത്തുകയായിരുന്നു അവര്‍. പുതിയ കാലത്തിന്റെ വെളിച്ചത്തിലാണ് ഭൂമിയുടെ പോക്കുവരവുകളുടെ ചരിത്രത്തിലേക്കിറങ്ങിയത്. അവരുടെ അന്വേഷണം ഉറച്ചുപോയ രാഷ്ട്രീയ വിശ്വാസത്തെ ചോദ്യം ചെയ്തു. ബ്രിട്ടീഷ് കമ്പനികളുടെ കൊളോണിയല്‍ ചൂഷണം ഇന്നും തുടരുന്നുവെന്ന കണ്ടെത്തല്‍ ഒരര്‍ഥത്തില്‍ നമ്മെ അമ്പരപ്പിക്കുകയാണ്. റിപ്പോര്‍ട്ട് ഹാരിസണ്‍സ് ഭൂമിയുടെ ചരിത്രത്തിലൊരു വഴിത്തിരിവായി. മൂന്നാം അധ്യായം മുതല്‍ റിപ്പോര്‍ട്ടുകളുടെ വിശാലാനമാണ്.
നിവേദിതയുടെ റിപ്പോര്‍ട്ട് പരിശോധിച്ച എല്‍. മനോഹരന്‍ കമ്മിറ്റി, ഭൂസംരക്ഷണ നിയമവും ഭൂപരിഷകരണ നിയമവും അനുസരിച്ചു ഹാരിസണ്‍സ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കാമെന്നു നിയമോപദേശം നല്‍കി. പിന്നാലെ മുന്‍ അസിസ്റ്റന്റ് ലാന്‍ഡ് കമ്മീഷണര്‍ ഡോ.ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ പ്രമരേഖകള്‍ വില്ലേജ് തലത്തില്‍ സൂക്ഷ്മ പരിശോധന നടത്തി. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഖിച്ചു 1947നു ശേഷം വിദേശ കമ്പനികള്‍ തോട്ടം ഭൂമിയുടെ ഉടമസ്ഥത നിലനിര്‍ത്തിയതിന്റെ കള്ളക്കളികളുടെ പൂര്‍ണചിത്രം അതോടെ തെളിഞ്ഞു. ഹാരിസണ്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കിയ പ്രമാണ രേഖകളില്‍ സംശയം തോന്നിയതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് നിവേദിത ഉത്തരവിട്ടു. അന്വേഷണച്ചുമതല ഡി.വൈ.എസ്.പി. എന്‍.നന്ദന്‍പിള്ളക്കായിരുന്നു. ഭൂവുടമസ്ഥത ഉറപ്പിക്കാന്‍ ഹാരിസണ്‍ ഹാജരാക്കിയ തെളിവ് രേഖകള്‍ വ്യാജമാണെന്നു ശാസ്ത്രീയമായി തെളിയിച് നിര്ണ്ണായകമായ കണ്ടെത്തലുകള്‍ അദ്ദേഹം നടത്തി. ഇതേ കാലത്ത് മനുഷ്യാവകാശ കമ്മീഷനും ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഐ.ജി.എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തി. അഞ്ചു ലക്ഷം ഏക്കര്‍ തോട്ടഭൂമി 1947നു ശേഷവും വിദേശികളുടെ കൈവശമാണെന്നും അത് നിയമപരമായി സര്‍ക്കാരിന് തിരിച്ചു പിടിക്കാമെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി അതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സമഗ്രാന്വേഷണത്തിനു സ്‌പെഷ്യല്‍ ഓഫീസറായി (ഭൂമി വീണ്ടെടുക്കല്‍) എം.ജി.രാജമാണിക്യത്തെ നിയോഗിച്ചത്. അതുവരെ നടന്ന അന്വേഷണങ്ങള്‍ ക്രോഡീകരിച്ച രാജമാണിക്യം ഭൂമി ഏറ്റെടുക്കുന്നതിന് സഭ നിയമനിര്‍മാണം നടത്തണമെന്ന് റിപ്പോര്‍ട്ട് നല്‍കി. കേരളത്തിലെ ഭൂരഹിതര്‍ക്ക് ഭാവിയിലേക്ക് സഞ്ചരിക്കാനുള്ള ഉള്‍ക്കരുത്തായി റിപ്പോര്‍ട്ട്. ജനമനസ്സില്‍ ബ്രിട്ടീഷ് കമ്പനികളുടെ ചൂഷണത്തിനെതിരായ പോരാട്ടം കൊടുങ്കാറ്റുപോലെ ആഞ്ഞു വീശാനുള്ള ഇന്ധന ശക്തിയും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലുണ്ട്. ഈ റിപ്പോര്‍ട്ടുകളൊന്നും തള്ളിക്കളയാന്‍ സര്‍ക്കാരിന് മുന്നില്‍ വഴികളുണ്ടായില്ല. എന്നാല്‍ സ്വന്തം നിലനില്പിനായി അനുഷ്ഠാന സമരങ്ങളിലൂടെ കടന്നുപോകുന്ന സാമുദായിക-രാഷ്ട്രീയ സംഘടനകള്‍ക്കു ഈ റിപ്പോര്‍ട്ടിന്റെ അന്തസത്ത തിരിച്ചറിയാനാവില്ല. സംഘാടകരുടെ വളര്‍ച്ചയുടെ പ്രധാനഘടകങ്ങള്‍ എന്ന നിലയിലാണ് അവര്‍ സമരങ്ങള്‍ നടത്തുന്നത്. അതെ സമയം ഡോ.തോമസ് ഐസക്ക് അടക്കമുള്ള ഇടതുപക്ഷ ബുദ്ധിജീവികളും വിദേശ തോട്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് മുന്നില്‍ മൗനികളായി. ആ നിഷ്ഠുരമായ മൗനം പുതിയ കാലത്തിന്റെ ദയനീയ ചിത്രമാണ്. റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് ശേഷമുള്ള സര്‍ക്കാര്‍ നടപടികളും വിധിന്യായങ്ങളുമാണ് അവസാന അധ്യായങ്ങളില്‍ വിശകലനം ചെയുന്നത്.
[widgets_on_pages id=”wop-youtube-channel-link”]
ഹൈക്കോടതിയില്‍ ഹാരിസണ്‍സ് കേസ് വാദിക്കുന്നതിന് സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍ അഡ്വ. സുശീല. ആര്‍. ഭട്ടിനെ സര്‍ക്കാര്‍ നിയോഗിച്ചത് മറ്റൊരു വഴിത്തിരിവായി. ഹാരിസണ്‍സ് കേസിന്റെ ചരിത്രം തിരുത്തിക്കുറിച്ചതു അവരാണ്. കേസ് പഠനത്തിലും പ്രമാണരേഖകളുടെ പരിശോധനയിലും ഭട്ട് പുതിയൊരു സഞ്ചാരപാത തുറന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും കോളനിവാഴ്ച അവസാനിക്കുകയും ചെയ്തെങ്കിലും ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലന്റഷന്‌സ് രാജ്യത്തെ നിയമങ്ങളെയെല്ലാം അട്ടിമറിച്ചു കേരളമണ്ണില്‍ ഉടമസ്ഥ തുടര്‍ന്നത് നമ്മുടെ ഭരണ സംവിധാനത്തെ പാട്ടിലാക്കിയാണെന്ന ഭട്ടിന്റെ വാദം ഹാരിസണ്‍സിനു കനത്ത പ്രഹരം ഏല്പിച്ചു. മലയാളികളുടെ മാതൃഭൂമിക്ക് ബ്രിട്ടീഷ് രാജ്ഞിക്ക് ഇന്നും കോളനിയുണ്ടോയെന്ന ഭട്ടിന്റെ ചോദ്യത്തിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇടതു ബുദ്ധിജീവികള്‍ക്കും ഉത്തരമുണ്ടായില്ല. തോട്ടംഭൂമി ആരുടെതെന്ന് ചോദ്യമുയര്‍ത്തിയതാകട്ടെ ഭൂരഹിത സമര പോരാളികളാണ്. വിപ്ലവത്തിന്റെ സത്ത അപ്പത്തിനുവേണ്ടി മാത്രമുള്ള സമരമല്ല, മറിച്ചു മനുഷ്യന്റെ ആത്മാഭിമാനം ഉയര്‍ത്തിപിടിക്കാനുള്ള സമരമാണെന്ന ഫ്രാന്‍സ് ഫണന്റെ ശബ്ദമാണ് അവരിലൂടെ ഉയര്‍ന്നത്. അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഭട്ട്. ഇത് തിരിച്ചറിഞ്ഞാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭട്ടിനെ പടിയിറക്കിയത്. അതോടെ അഡ്വക്കേറ്റ് ജെനറലിന്റെ ഓഫീസ് ഹാരിസണ്‍സിന്റെ നിയന്ത്രണത്തിലായി. നിയമ സെക്രട്ടറി ഹാരിസണ്‍സിന് കുഴലൂതി. കേസിന്റെ ദിശ മാറി. ഒടുവില്‍ ഇടത് സര്‍ക്കാര്‍ ഹാരിസണ്‍സിന് ഒപ്പമാണെന്നു തെളിയിച്ചു. ഭൂമിയുടെ കരം അടക്കാനും ഹാരിസണ്‍സിന് അനമതി ലഭിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനല്ല നിയമ നിര്‍മാണം കടലാസിലൊതുങ്ങി. അപ്പോഴും നിവേദിത ഹരന്‍ മുതല്‍ സുശീല ഭട്ട് വരെ നടത്തിയ അന്വേഷണങ്ങളും മലയാളിയുടെ ഭാവിക്കുമേല്‍ മുദ്രണം ചെയ്ത സത്യത്തിന്റെ അടയാളം മായുന്നില്ല. കേരളം ജനതയുടെ അപമാനീകരണത്തിന്റെ തീവ്രതയാണ് അവര്‍ വിളിച്ചു പറഞ്ഞത്. ആ റിപോര്‍ട്ടുകള്‍ ഹാരിസണിനു എതിരായ പോരാട്ടത്തിനുള്ള ആയുധങ്ങളുടെ സംഭരണശാലയാണ്.
പ്രസാധനം കേരളീയം, തൃശൂര്‍ – വില 260 രൂപ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in