പ്രതീക്ഷ നല്‍കുന്നോ ജനസഞ്ചയത്തിന്റെ രാഷ്ട്രീയം
മഹാനഗരത്തിലെ ഏകാന്ത നടത്തങ്ങള്‍ക്കിടയില്‍ കയറിവരാറുള്ള ഒരു പാട്ടുണ്ട്. 1970 കളില്‍ ഇറങ്ങിയ ഗമന്‍ എന്ന ഹിന്ദിസിനിമയില്‍ ഷെഹരിയാര്‍ എന്ന വിഖ്യാത ഉറുദു കവി രചിച്ച് സുരേഷ് വഡ്ക്കര്‍ എന്ന അതുല്യഗായകന്‍ പാടിയ വരികള്‍ ഇങ്ങനെയാണ്.
സീനേ മേ ജലന്‍/ ആംഘോം മേ തൂഫാന്‍ സാ ക്യോംഹെ/ ഇസ് ശഹര്‍ മെ ഹര്‍ ശക്ഷ് പരേശാന്‍സാ ക്യോം ഹെ?
(ചങ്കില്‍ തീയും കണ്ണുകളില്‍ കൊടുങ്കാറ്റും എന്തേ/ ഈ നഗരത്തിലെ മനുഷ്യരോരോരുത്തരും പരവശരായി കാണപ്പെടുന്നത് എന്തുകൊണ്ട്?)
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം നടക്കവേ ഡിസംബര്‍ 13 ന് സഭയില്‍ അതിക്രമിച്ചുകടന്ന് മുദ്രാവാക്യം വിളിക്കുകയും പുകബോംബുകള്‍ പൊട്ടിക്കുകയും ചെയ്ത ചെറുപ്പക്കാരെ ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഈ വരികള്‍ വീണ്ടും മനസ്സിലേക്ക് കടന്നുവന്നു. നീലം ആസാദ്, അന്‍മോല്‍ ഷിന്‍ഡേ, മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ എന്നിങ്ങനെ നാലുപേരായിരുന്നു പാര്‍ലമെന്റ് പരിസരത്തുനിന്നും പിടിക്കപ്പെട്ടത്. അവര്‍ വിളിച്ച മുദ്രാവാക്യങ്ങളിലൊന്ന് ‘ഥാനാഷാഹി നഹി ചലേഗാ’ എന്നായിരുന്നു. അധികാര അപ്രമാദിത്തം നടക്കില്ല എന്ന് വ്യാഖ്യാനിക്കാം, അല്ലെങ്കില്‍ പോലീസ് വാഴ്ച തുലയട്ടെ എന്നും പറയാം. സഭയ്ക്കുള്ളില്‍ വെച്ച് അവരെ പിടികൂടി മര്‍ദ്ദിച്ച സഭാംഗങ്ങളോട് അവര്‍ പറഞ്ഞു: ഞങ്ങളെ തല്ലരുത്, ഞങ്ങള്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധം എന്തിനെതിരെയാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല എന്ന് ഹനുമാന്‍ ബേനിവാള്‍ എന്ന പ്രതിപക്ഷ എം.പി. (ലോക്താന്ത്രിക് പാര്‍ട്ടി) പിന്നീട് പത്രക്കാരോട് പറയുകയുണ്ടായി. പ്രതിഷേധം എന്തിനായിരുന്നു എന്ന വഴിക്കല്ല വാര്‍ത്താന്വേഷണം തുടര്‍ന്നത്. സഭയിലെ അതിക്രമത്തിനെ മുന്‍നിര്‍ത്തിയായിരുന്നു സഭാംഗങ്ങളും സംസാരിച്ചത്. പ്രധാനമന്ത്രിയോ ആഭ്യന്തരവകുപ്പ് മന്ത്രിയോ സഭയില്‍ നടന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. സുരക്ഷാവീഴ്ച ബിജെപി ഭരണകാലത്തുണ്ടായി എന്ന് രേഖപ്പെടുത്തിക്കൂടല്ലോ. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ഏതാണ്ട് മുഴുവന്‍ പ്രതിപക്ഷാംഗങ്ങളേയും സഭാധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷമില്ലാത്ത സന്ദര്‍ഭത്തില്‍ ഒരു ചര്‍ച്ചയുമില്ലാതെ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ (ഐ.പി.സി., സി.ആര്‍.പി.സി. എന്നിവ ഭേദഗതി ചെയ്ത് ഹിന്ദി പേരുകളില്‍ അവതരിപ്പിക്കപ്പെട്ടവ) സഭ അംഗീകരിക്കുകയും ചെയ്തു. ചെറുപ്പക്കാര്‍ തുറുങ്കുകളുടെ ഇരുട്ടിലേക്ക് മാറ്റപ്പെട്ടു. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ അനാഥരായി ദില്ലിയുടെ പുകമഞ്ഞില്‍ അലഞ്ഞു തിരിയുന്നുണ്ടാവും, ഇപ്പോഴും.
എന്തായിരുന്നു ഈ ക്ഷുഭിതയൗവനങ്ങള്‍ സഭയില്‍ അതിക്രമിച്ചുകടന്ന് പറയാന്‍ ശ്രമിച്ചത്? ആരായിരുന്നു അവര്‍? അവര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ചരിത്രസ്മരണ എന്തായിരുന്നു? അയോധ്യയിലെ രാമമന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ആഘോഷത്തിമര്‍പ്പില്‍ ആ ചെറുപ്പക്കാര്‍ സൃഷ്ടിച്ച സന്ദര്‍ഭം അകാല മറവിയിലേക്ക് പോയേക്കാം! എന്നാല്‍ എവിടെയോ കൂടുകെട്ടിക്കൊണ്ടിരിക്കുന്ന കൊടുങ്കാറ്റിന്റെ മുരള്‍ച്ച ചെവിയോര്‍ത്താല്‍ അതില്‍ കേള്‍ക്കാം. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പളപളപ്പില്‍ പണക്കാരുടെ അമിത ഉപഭോഗം പൊന്തിച്ചു നിര്‍ത്തിയിരിക്കുന്ന സാമ്പത്തിക വളര്‍ച്ചയില്‍, അന്ധഭക്തന്മാരുടെ രാമസ്തുതികളില്‍, നേതാക്കളുടെ രാജാപാര്‍ട്ട് നാടകങ്ങളില്‍ കാണാതാക്കപ്പെടുന്ന അമര്‍ഷവും നെടുവീര്‍പ്പുകളും സങ്കടങ്ങളുമുണ്ട്. അതില്‍ ചരിത്രസ്മരണകളുണ്ട്. ഭാവിയെക്കുറിച്ച് പ്രസന്നമല്ലാത്ത സൂചനകളുണ്ട്.
നീലംആസാദ്, വയസ്സ് 37, ഹര്യാനയിലെ ഹിസ്സാര്‍ എന്ന പട്ടണത്തിന് അടുത്തുള്ള ഗ്രാമത്തില്‍ നിന്നും വരുന്ന പത്രറിപ്പോര്‍ട്ടുകള്‍ പറയുന്നത് അവര്‍ ബിരുദധാരിയാണെന്നാണ്. അധ്യാപക പരീക്ഷ പാസ്സായിട്ടുണ്ട്. എന്നാല്‍ ഇന്നേവരെയും സ്ഥിര ജോലിയായിട്ടില്ല. ഗ്രാമത്തിലുള്ളവര്‍ അനീതിക്കെതിരെ എപ്പോഴും സംസാരിച്ചിരുന്ന, ആരേയും ഭയക്കാത്ത ഒരു കുട്ടി എന്നാണ് ആസാദിനെക്കുറിച്ച് പറയുന്നത്. കര്‍ഷകസമരത്തില്‍ അവര്‍ സജീവമായി പങ്കെടുത്തിരുന്നു. ‘തൊഴിലില്ലായ്മയ്‌ക്കെതിരെയാണ് അവള്‍ സംസാരിച്ചത്, അവള്‍ തെറ്റുകാരിയല്ല’ എന്നു പറഞ്ഞുകൊണ്ട് അച്ഛനമ്മമാര്‍ നീലത്തിനൊപ്പമുണ്ട്. കര്‍ഷകസംഘടനാ നേതാക്കളും നീലത്തിന് അനുകൂലമായി നിലകൊള്ളുന്നുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നുമുള്ള അന്മോള്‍ ഷിന്‍ഡേയുടെയും മനോരഞ്ജന്റേയും സാഗര്‍ ശര്‍മ്മയുടേയും അവസ്ഥ ഇതല്ല. കൂലിപ്പണിക്കാരും കര്‍ഷകരുമൊക്കെയാണ് അവരുടെ മാതാപിതാക്കള്‍. മനോരഞ്ജന്‍ കര്‍ണ്ണാടകത്തില്‍ നിന്നും ശര്‍മ്മ ലഖ്‌നൗവില്‍ നിന്നുമാണ്. അവരുടെ കുടുംബാംഗങ്ങള്‍ അന്ധാളിച്ചു നില്‍ക്കുകയാണ്. തീവ്രവാദികള്‍ എന്ന് കുട്ടികള്‍ മുദ്രകുത്തപ്പെട്ടതോടെ ഭയപ്പാടിലാണ് അവര്‍. കൂലിപ്പണിക്കാരനായ ഷിന്‍ഡേയുടെ കുടുംബത്തെ നാട്ടുകാര്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. നാട്ടില്‍ തൊഴിലില്ല എന്നുപറഞ്ഞ മകന്‍ കാരണം അവരുടെ ദിവസക്കൂലി വേലകളും ഇല്ലാതായിരിക്കുന്നു.
രാജ്യത്തിന്റെ പല ദിക്കുകളില്‍ നിന്നുംവരുന്ന ഇവരെല്ലാവരേയും ബന്ധിപ്പിക്കുന്ന കണ്ണി, പത്രറിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭഗത്‌സിംഗിനോടുള്ള ആരാധനയാണ്. ഭഗത്‌സിംഗ് ഫാന്‍സ് എന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയിലാണത്രേ ഇവര്‍ പരിചയപ്പെട്ടത്. വരുംവരായ്കകളെക്കുറിച്ചോര്‍ക്കാതെ രാഷ്ട്രീയം പ്രവര്‍ത്തിച്ചയാളാണല്ലോ ഭഗത്‌സിംഗ്. ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് സാമ്രാജ്യത്വത്തെ ഉണര്‍ത്താന്‍ ബട്‌കേശ്വര്‍ ദത്ത് എന്ന മറ്റൊരു ചെറുപ്പക്കാരനുമൊത്ത് ഭഗത്‌സിംഗ് ഏപ്രില്‍ 8, 1929 ന് ബോംബ് എറിഞ്ഞത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനീതി വിളംബരം ചെയ്യാനായിരുന്നു ആ ബോംബേറ്. It takes a loud voice to make the deaf hear” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധമായ വിശദീകരണം. രണ്ടുകൊല്ലം കഴിഞ്ഞ് മാര്‍ച്ച് 23 (1931) ന് ഭഗത്‌സിംഗ് തൂക്കിലേറ്റപ്പെട്ടു. കാലങ്ങള്‍ക്കിപ്പുറം സിംഗ് ഇന്നും ക്ഷുഭിതയൗവനങ്ങളെ ഉത്തേജിപ്പിക്കുന്നു. അന്ന് ഭഗത്‌സിംഗ് എന്നപോലെ സഭയില്‍ അതിക്രമിച്ചുകടന്ന ചെറുപ്പക്കാരും മുദ്രാവാക്യം വിളിക്കുകയുണ്ടായി: ഭാരത് മാതാ കീ ജയ്. പിന്നെ ജയ് ഭീം, ജയ് ഭാരത്. 1929 ലെ സംഭവത്തിന്റെ അനുകരണമായിരുന്നോ 2023 ലെ ഡിസംബറില്‍ ചെറുപ്പക്കാര്‍ നടത്തിയ പ്രതിഷേധം? പക്ഷേ കാലം മാറിയിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയ്ക്ക് ഈ ചെറുപ്പക്കാരെ മനസ്സിലാവുന്നതേയില്ല. അതുകൊണ്ടാണ് അവര്‍ പ്രതിഷേധിക്കുന്നത് എന്തിനെതിരെയാണെന്ന് ബേനിവാല്‍ ചോദിച്ചത്. അതുകൊണ്ടാണ് സുരക്ഷാ വീഴ്ചയെക്കുറിച്ച് (അതില്‍ കാര്യമില്ല എന്നല്ല) മാത്രം പ്രതിപക്ഷാംഗങ്ങള്‍ ശബ്ദമുയര്‍ത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ പകിട്ടുകള്‍ക്ക് പുറത്ത് വലിയൊരു തൊഴിലില്ലാപ്പട അന്തംവിട്ട് നില്‍ക്കുന്നുണ്ട് എന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയും ഓര്‍ക്കുന്നില്ല. അതോര്‍മ്മപ്പെടുത്താന്‍ മാത്രമായിരുന്നോ ഇപ്പോള്‍ രാജ്യസുരക്ഷാ നിയമനടപടികള്‍ക്ക് വിധേയരായി ജയിലില്‍ കഴിയുന്ന ആ ചെറുപ്പക്കാര്‍ ശ്രമിച്ചത്?
ഇതെഴുതുമ്പോള്‍ എന്റെ മുമ്പില്‍ ചില കണക്കുകളുണ്ട്. ഒന്ന്, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 7.3% തോതില്‍ വര്‍ദ്ധിക്കുമെന്ന് പറയുന്നു. ലോകമെമ്പാടും ദേശീയ സമ്പദ്ഘടനകള്‍ മാന്ദ്യത്തെക്കുറിച്ച് ആകുലപ്പെടുമ്പോഴാണ് ഈ അസാധാരണമായ വളര്‍ച്ചാനിരക്ക് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. രണ്ട്, ഗോള്‍ഡ്‌മെന്‍ സാക്‌സ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത് 2027 ആകുമ്പോഴേക്കും 100 മില്യണ്‍ ഇന്ത്യക്കാര്‍ ധനികരാകുമെന്നാണ്. (ലോകത്ത് 100 മില്യണില്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍ 14 എണ്ണം മാത്രം. ഇന്ത്യയുടെ ജനസംഖ്യ 1.4 ബില്യണാണ്.) 2022 ല്‍ ഈ സംഖ്യ അറുപത് മില്യണാണ് (ജനസംഖ്യയുടെ 4.1% മാത്രം.) ധനികര്‍ എന്നു വിശേഷിപ്പിക്കുന്നത് വാര്‍ഷികവരുമാനം പതിനായിരം ഡോളറില്‍ മേലെയുള്ളവരെയാണ് – ഇന്ത്യന്‍ കറന്‍സിയില്‍ ഇത് 8.3 ലക്ഷം രൂപയാണ്. ഈ അനുമാനങ്ങളെ വിശദീകരിക്കുന്ന മറ്റ് ചില കണക്കുകളുണ്ട്. വാഹനവിപണിയില്‍ വില്‍ക്കപ്പെടുന്ന വാഹനങ്ങളുടെ അമ്പതുശതമാനത്തോളം SUV കളാണ്. ആറുലക്ഷം രൂപയ്ക്ക് മേലെയാണ് ഏറ്റവും വിലകുറഞ്ഞ SUV . ഇതേ സന്ദര്‍ഭത്തില്‍ ഇരുചക്രവാഹനങ്ങളുടെ വില്പന ഇടിഞ്ഞിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ധനസ്ഥിതി കണക്കാക്കാന്‍ ഉപയോഗിക്കപ്പെടുത്തുന്ന ഒരു കണക്ക് ഇരുചക്രവാഹനങ്ങളുടെ വില്പനയാണ്. സമാനമായ രീതിയില്‍ ഉപഭോഗവസ്തുക്കളുടെ വില്പനയില്‍ ധനികര്‍ വാങ്ങുന്ന വസ്തുക്കളുടെ വില്പനയില്‍ വലിയ കുതിച്ചുകയറ്റവും സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങിയ വിലകുറഞ്ഞ ഉപഭോഗവസ്തുക്കളുടെ വില്പനയില്‍ ഇടിച്ചിലും കാണുന്നുണ്ട്. വീട്/ഫ്‌ളാറ്റ് നിര്‍മ്മാണ രംഗത്തും സമാനമായ അവസ്ഥയാണ്-വലിയ നഗരങ്ങളില്‍ 4-5 കോടി രൂപയ്ക്കുമേലെയുള്ള ലക്ഷ്വറി ഫ്‌ളാറ്റുകള്‍ വിറ്റുപോകുന്നു. ചെറിയ വിലയ്ക്ക് ലഭ്യമായവ വില്‍ക്കപ്പെടുന്നില്ല, നിര്‍മ്മിക്കപ്പെടുന്നുമില്ല. നികുതി ശേഖരണത്തിലും പ്രത്യേകിച്ച്-ആദായനികുതിയില്‍ വലിയ വളര്‍ച്ചയുണ്ടത്രേ.
ഇതിനൊരു മറുവശമുണ്ട്. ഇന്ത്യയുടെ തൊഴില്‍സേന 2017-18 ല്‍ 460 മില്യണ്‍ ആയിരുന്നുവെങ്കില്‍ 2022-23 ല്‍ 560 മില്യണ്‍ ആയി വളര്‍ന്നിട്ടുണ്ട്. അതായത്, അഞ്ചുകൊല്ലത്തെ കാലയളവില്‍ 100 മില്യണ്‍ പുതിയ തൊഴിലാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ടായിരിക്കുന്നു. എന്നാല്‍ ഉല്പാദനമേഖലയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വെറും രണ്ട് മില്യണ്‍ മാത്രമാണ്; കാര്‍ഷിക മേഖലയിലാകട്ടെ ഇത് എട്ട് മില്യനാണ്. (ഇഷാന്‍ ബക്ഷി, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഡിസംബര്‍ 26, 2023).
അപ്പോള്‍ നമ്മള്‍ കാണുന്ന ഈ സാമ്പത്തിക വളര്‍ച്ച എന്താണ്?
സ്ഥിരവരുമാനക്കാരുള്‍പ്പെടെയുള്ള – ഒക്‌ടോബര്‍ 31, 2023 വരെ 7.85 കോടി ഇന്ത്യക്കാരാണ് ആദായനികുതി അടച്ചത്; ഇന്ത്യയുടെ ജനസംഖ്യ 142 കോടിക്കു മുകളിലാണ്-ധനികര്‍ ശതമാനക്കണക്കില്‍ കുറവാണെങ്കിലും ആകത്തുക നോക്കുമ്പോള്‍ വളരെ വലുതാണ്. മധ്യവര്‍ഗ്ഗം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിന്റെ വരുമാനമെന്തെന്ന് ചോദിച്ചാല്‍ പല വ്യാഖ്യാനങ്ങളും കണക്കുകളുമുണ്ടാകും. എന്നാലും പല യൂറോപ്യന്‍ രാജ്യങ്ങളുടെ ജനസംഖ്യയെക്കാളും വലുതാണ് ഇന്ത്യന്‍ ധനികരുടെ എണ്ണം. ഇവരുടെ ആവശ്യങ്ങളും ആവേശങ്ങളുമാണ് പൊതുവായി രാജ്യത്തിന്റേത് എന്ന മട്ടില്‍ പരിഗണിക്കപ്പെടാറുള്ളത്. ഉപരിജാതികള്‍ സാമൂഹ്യ വ്യവഹാരങ്ങള്‍ നിയന്ത്രിക്കുന്നതുപോലെ ഈ സാമ്പത്തിക വരേണ്യവര്‍ഗ്ഗം രാഷ്ട്രത്തിന്റെ സാമ്പത്തിക പരിഗണനകളെ നിയന്ത്രിക്കുന്നു. ഇതില്‍ പെടാത്തവര്‍ സര്‍ക്കാരിന്റെ കരുണയില്‍ കഴിയുന്നു. ബിജെപിയുടെ ഒരു വിജയകാരണം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അത് ഇതിനുമുമ്പുണ്ടായിരുന്ന സര്‍ക്കാരുകളേക്കാളും നന്നായി നല്‍കുന്നു എന്നതാണ്. ഉദാ: 800 മില്യണ്‍ ആളുകള്‍ക്കാണ് വിലകുറഞ്ഞ ധാന്യങ്ങള്‍ ഇപ്പോള്‍ നല്‍കിവരുന്നത്. കേന്ദ്രത്തിന്റേത് എന്ന പ്രചാരണത്തോടെ അത് ഉപഭോക്താക്കളില്‍ എത്തിക്കാനും അങ്ങനെ എത്തുന്നു എന്ന് വിപുലമായി പ്രചരിപ്പിക്കാനും ബിജെപി സംഘടനയേയും ഭരണകൂടത്തേയും ഉപയോഗിക്കുന്നു. ധാന്യവും യുപിഎ കാലത്തെ തൊഴിലുറപ്പു പദ്ധതിയും ഗ്രാമീണ മേഖലയില്‍ വലിയ തോതിലുള്ള പട്ടിണി ഒഴിവാക്കിയിട്ടുണ്ട്. പട്ടിണിക്കാരില്‍ നിന്നും അല്പം മേലെ നില്‍ക്കുന്ന മനുഷ്യരുടെ – ചെറുകിട കര്‍ഷകര്‍, കച്ചവടക്കാര്‍ – സ്ഥിതി എന്നാല്‍ അപകടത്തിലാണ്. പല സാമൂഹ്യകാരണങ്ങളാലും തങ്ങളുടെ ദാരിദ്ര്യം ഒളിപ്പിക്കാനാണ് അവര്‍ ശ്രമിക്കാറ്. അത്തരമൊരു വശററലി ുീ്‌ലൃ്യേ കേരളത്തില്‍ പോലുമില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവരുടെ അരക്ഷിതാവസ്ഥയെ ഭരണാധികാരികള്‍ മുതലെടുക്കുന്നത് രാജ്യസ്‌നേഹം മുതല്‍ വര്‍ഗ്ഗീയതവരെയുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. തങ്ങളുടെ ആധികള്‍ക്ക് അറുതിവരുത്താന്‍ അവര്‍ ശക്തരായ നേതാക്കളെ തേടുന്നു; ദേവാലയങ്ങളില്‍ അഭയം തേടുന്നു. റേഷന്‍ ലഭിക്കുന്നതിന് കാരണക്കാരനായ നേതാവിനൊപ്പം അവര്‍ വായ്ത്താരിയിടുന്നു. ഈ സാമൂഹ്യാവസ്ഥ മാനേജ് ചെയ്യാന്‍ സാമര്‍ത്ഥ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നു.
തുടക്കത്തില്‍ കണ്ട ചെറുപ്പക്കാരുടെ മുദ്രാവാക്യം ആരും കേള്‍ക്കാതെ പോയത് ഈ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്താലാണ്. കഴിഞ്ഞ ദശകത്തിന്റെ രണ്ടാം പകുതിയില്‍ യൂണിവേഴ്‌സിറ്റികളെമ്പാടും കലുഷിതമായിരുന്നു. വലിയ ഉണര്‍വ്വിന്റെ കാലമായിരുന്നു അത്. രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷമുണ്ടായ പ്രക്ഷോഭങ്ങളിലും പൗരഭേദഗതി നിയമത്തിനെതിരേയും അണിനിരന്നത് ചെറുപ്പക്കാരായിരുന്നു. ഷാഹിന്‍ബാഗിലും സിംഗുബോര്‍ഡറിലെ കര്‍ഷക സമരത്തിലും ചെറുപ്പക്കാര്‍ ധാരാളമായി സന്നിഹിതരായിരുന്നു. നഗരകേന്ദ്രിതമെന്ന് തോന്നിയേക്കാമെങ്കിലും ഇവരില്‍ ബഹുഭൂരിപക്ഷവും ചെറുനഗരങ്ങളില്‍ നിന്നും വടക്കേയിന്ത്യയിലെ കസ്ബകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പഠനത്തിനും തൊഴിലിനുമായി നഗരത്തില്‍ എത്തിയവരായിരുന്നു. ജാതി-മത-ഭാഷാ വേര്‍തിരിവുകള്‍ക്കപ്പുറത്ത് അവര്‍ നൈതികമായ നിലപാടുകള്‍ ഉയര്‍ത്തിയിരുന്നു. കോവിഡ് കെടുത്തിയത് ആ തീയായിരുന്നു. ക്ഷുഭിതയൗവ്വനത്തിന്റെ രാഷ്ട്രീയം ജ്വലിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ അണയ്ക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു. ഇന്ന് ക്യാമ്പസ്സുകള്‍ നിരാശയിലാണ്. ജെഎന്‍യുവില്‍ ടാങ്ക് പ്രതിഷ്ഠിച്ച ഭരണകൂടം അതിന്റെ സന്ദേശം ഭംഗിയായിത്തന്നെ പറഞ്ഞുവെച്ചു. പരിക്ഷീണരായ ചെറുപ്പക്കാര്‍ അസ്വതന്ത്രരായി അശരണരായി നഗരങ്ങളിലുണ്ട്. യൂബര്‍ ഡ്രൈവര്‍മാരിലും സ്വിഗ്ഗി തൊഴിലാളികളിലും അവരുണ്ട്.
എന്തുകൊണ്ടായിരിക്കാം കഴിഞ്ഞ ദശകത്തിലെ ചെറുപ്പക്കാരുടെ അഗ്നി ഇങ്ങനെ കെട്ടണഞ്ഞത്?
പണ്ട് അറുപതുകളുടെ ദശകത്തില്‍ യൂറോപ്പിനെ ക്ഷുഭിതയൗവ്വനത്തിന്റെ ഭൂതം ആവേശിച്ചിരുന്നത് ഓര്‍ക്കുന്നില്ലേ? സോര്‍ബോണിലെ തെരുവുകള്‍ ചെറുപ്പക്കാര്‍ കയ്യടക്കിയ കാലം. യുദ്ധാനന്തരം യൂറോപ്പ് നേടിയ ഭൗതിക വളര്‍ച്ചയില്‍ അസംതൃപ്തരായിരുന്നു ആ ചെറുപ്പക്കാര്‍. ആ ഭൗതിക വളര്‍ച്ചയില്‍ അവര്‍ നീതികേടുകള്‍ വായിച്ചെടുത്തിരുന്നു. അങ്ങനെയാണവര്‍ പ്രക്ഷുബ്ധരായത്. ഇതേ അവസ്ഥ സമാന സാഹചര്യത്തിലല്ലെങ്കില്‍ പോലും നെഹ്‌റുവാനന്തര ഇന്ത്യയിലുണ്ടായി. ഫ്രാന്‍സില്‍ എന്നപോലെ ഇന്ത്യയിലും ആ ഉണര്‍വ്വ് അടിച്ചമര്‍ത്തപ്പെട്ടു. 1969ല്‍ ഫ്രാന്‍സില്‍ ചാള്‍സ് ഡീഗോള്‍ പഴയതിലും വലിയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദിരാഗാന്ധി 1971 ല്‍ വലിയ ഭൂരിപക്ഷം നേടുകയും പിന്നീട് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇറ്റലിയിലും മറ്റും ഇടതു പ്രസ്ഥാനങ്ങള്‍ തകരുകയും ചെറിയ അനാര്‍ക്കിസ്റ്റ് ഗ്രൂപ്പുകള്‍ രൂപപ്പെടുകയും ചെയ്തു. ഷീന്‍ പാട്രിക്ക് മാന്‍ഷെറ്റിന്റെ നോവലുകളിലും നാനി ബാലുസ്ട്രീനിയുടെ ഇറ്റാലിയന്‍ ആഖ്യാനങ്ങളിലുമൊക്കെ ഈ ശിഥിലീകരണത്തിന്റെ ചരിത്രമുണ്ട്. യൂറോപ്പെമ്പാടും വലിയ സമരങ്ങളുണ്ടായെങ്കിലും ആ ജനസഞ്ചയങ്ങള്‍ക്കൊന്നും തന്നെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സാധ്യമാക്കാനോ ഭരണകൂടങ്ങളെ തിരുത്താനോ കഴിഞ്ഞുവെന്ന് പറയാനാകില്ല. ഈ ചരിത്രം ഇന്ത്യയ്ക്കും ബാധകമാണ്.
ജനസഞ്ചയത്തിന്റെ രാഷ്ട്രീയം വലിയ ഭാവനയാണ്. തെരുവുകളെ പ്രകമ്പനം കൊള്ളിക്കാന്‍ അതിന് കഴിയും. പക്ഷേ, ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയും സംഘടനയും മൂലധനത്തിന്റെ പിന്തുണയുമുള്ള രാഷ്ട്രീയപാര്‍ട്ടികളെ ദീര്‍ഘകാലം എതിര്‍ത്തുനില്‍ക്കാനും തോല്‍പ്പിക്കാനും അതിന് കഴിയുമോ? സമീപകാല ചരിത്രം ഒട്ടും ശുഭാപ്തി വിശ്വാസം നല്‍കുന്നില്ല!
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അറബ് വസന്തത്തിന്റെ പരിണതി നോക്കുക. ഇറാനിലെ ക്ഷുഭിതയൗവ്വനം ഇന്നും തെരുവിലുണ്ട്. ആയിരക്കണക്കിന് പേര്‍ ജയിലിലാണ്. ശ്രീലങ്കയില്‍ അത് രജ്പക്‌സേ കുടുംബത്തെ അധികാരഭ്രഷ്ടരാക്കി. എന്നാല്‍ പഴയ അതേ എലീറ്റ് രാഷ്ട്രീയവും അധികാരവും പിടിച്ചെടുത്തു. ഇന്ത്യയില്‍ തന്നെ ജല്ലിക്കെട്ടിനെ മുന്‍നിര്‍ത്തി മറീനയില്‍ അരങ്ങേറിയ ആള്‍ക്കൂട്ടത്തെ ഓര്‍മ്മയില്ലേ? ആ തിര എന്നേ ഒടുങ്ങി. എവിടെപ്പോയി ആ പ്രതീക്ഷകള്‍? സമാനമാണ് എണ്‍പതുകളില്‍ അസം പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ അധികാരത്തില്‍ വരികയുണ്ടായി. ആ ചെറുപ്പക്കാര്‍ക്ക് പിന്നാലെ വന്നത് ഉള്‍ഫ എന്ന മിലിറ്റന്റ് സംഘടനയായിരുന്നു. ദേശീയതയെ അവര്‍ പ്രശ്‌നവല്‍ക്കരിച്ചുവെങ്കിലും ഉള്‍ഫയുടെ രാഷ്ട്രീയം ഹിംസയുടേതാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉള്‍ഫ സമാധാനക്കരാര്‍ ഒപ്പുവെച്ചത്. ”ഞങ്ങള്‍ സായുധ സമരത്തില്‍ വിശ്വസിച്ചിരുന്നു. ഞങ്ങള്‍ കീഴ്‌പ്പെടുത്തപ്പെട്ടു” എന്ന ഉള്‍ഫയുടെ നേതാക്കളിലൊരാളായ ശശാധര്‍ ചൗധരി പറയുകയുണ്ടായി. War of attrition എന്നൊരു പ്രയോഗമുണ്ട്. പൊതുവില്‍ ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയവും മേല്‍ക്കൈ നേടുന്നത് ഈ War of attrition ല്‍ കൂടിയാണ്. ചെറിയ വിജയങ്ങള്‍ അനുവദിച്ചുകൊണ്ട് അവര്‍ ജനസഞ്ചയത്തെ ഉത്തേജിപ്പിക്കും, പിന്നെ കാര്യങ്ങള്‍ പഴയപടിയാകും.
എന്നിരിക്കിലും കനലുകള്‍ അണയാതെയിരിക്കും. ഒരുപാട് ചെറുപ്പക്കാരുടെ ജയില്‍വാസ കാലമാണിത്. അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവല്‍ക്കരണം പ തുക്കെയുള്ള പ്രക്രിയയായി തുടരുന്നുണ്ട്. രക്ഷാപുരുഷന്മാരുടെ രാഷ്ട്രീയത്തിന്റെ വേലിയേറ്റം ഇനിയും കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്നാല്‍ ഭരണകൂടത്തിന് അതറിയാം. അവര്‍ ജാഗരൂകരാണ്. ഭാവി അയോധ്യയുടെ രൂപത്തിലാണ് വരുന്നതെന്നും 2047 ല്‍ ഭാരതം വികസിതമാകുമെന്നും പറയുമ്പോള്‍ ആര്‍പ്പുവിളിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. നീലം ആസാദും മനോരഞ്ജനും ലളിത് ഝായും അന്മോള്‍ ഷിന്‍ഡേയും സാഗര്‍ ശര്‍മ്മയും മറ്റൊരു ഇന്ത്യയെ ഓര്‍മ്മപ്പെടുത്തുന്നു. അവര്‍ ഭഗത്‌സിംഗിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചത് യാദൃച്ഛികമല്ല. അതില്‍ ബാലിശമെന്ന് തോന്നാവുന്ന ഒരു രാഷ്ട്രീയ സന്ദേശമുണ്ട്. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയത്തിന് അത് കേള്‍ക്കാന്‍ കഴിയുന്നില്ല.
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in