അംബേദ്കറും മാര്‍ക്‌സും ഗാന്ധിയും ഐക്യപ്പെടണം – സച്ചിദാനന്ദന്‍
ഇന്ത്യയില്‍ ശക്തമാകുന്ന ഹിന്ദുത്വഫാസിസത്തിനെതിരായ ഏറ്റവും പൊട്ടന്‍ഷ്യലായ ശക്തി ദളിതരും ആദിവാസികളുമെല്ലാം ഉള്‍പ്പെട്ട സാമൂഹ്യമായി അടിത്തട്ടിലുള്ളവരാണ്. അത് തിരിച്ചറിയാന്‍ മാര്‍ക്‌സിസ്റ്റുകള്‍ തയ്യാറാകണം.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു നവജനാധിപത്യ സമീപനത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യമുയര്‍ന്നു വരുക മാര്‍ക്‌സിസ്റ്റുകളും അംബേദ്കറൈറ്റുകളും തമ്മില്‍ നടക്കേണ്ട തുറന്ന ചര്‍ച്ചയാണ്. മാര്‍ക്‌സും അംബേദ്കറും പരസ്പരം അടഞ്ഞ ചിന്താധാരകളാണെന്ന ധാരണ മാറ്റണം. എന്തായാലും ആ ദിശയിലൊരു നീക്കം ആരംഭിച്ചിട്ടുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നു. ജിഗ്നേഷ് മേവാനി, ഗോപാല്‍ ഗുരു, ആനന്ദ് തെല്‍തുംദെ തുടങ്ങിയ ദളിത് ചിന്തകരും ആക്ടിവിസ്റ്റുകളുമാണ് അതിനു തുടക്കമിട്ടിരിക്കുന്നത്.
വാസ്തവത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഐക്യത്തിന്റെ നിരവധി സാധ്യതകളുണ്ടെന്നു കാണാം. ജാതി അടഞ്ഞ വര്‍ഗ്ഗമാണെന്നു അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിലെ വര്‍ഗ്ഗം അങ്ങനെയല്ല. സാമ്പത്തിക പദവി ഉയരുമ്പോള്‍ വര്‍ഗ്ഗം മാറും. എന്നാല്‍ എത്ര ഉന്നത നിലയിലെത്തിയായലും ജാതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പീഡനങ്ങളും അവസാനിക്കില്ല. കാരണം ജാതി നിര്‍ണ്ണയിക്കുന്നത് ജനനമാണെന്നതുതന്നെ. കറുത്തവനെന്നാല്‍ ദരിദ്രനെന്ന അവസ്ഥതന്നെയാണ് ഇപ്പോഴും ഏറെക്കുറെ നിലനില്‍ക്കുന്നത്. അംബേദ്കര്‍ പറഞ്ഞ പോലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി അടഞ്ഞ വര്‍ഗ്ഗം തന്നെ. ഇതിനര്‍ത്ഥം സ്വത്വവാദത്തെ അംഗീകരിക്കണമെന്നല്ല. സാമ്പത്തിക വര്‍ഗ്ഗം എന്ന സംജ്ഞയില്‍ നിന്ന് സാമൂഹ്യവര്‍ഗ്ഗം എന്നതിലേക്ക് മാറണമെന്നാണ്. ആ പദം കീഴാളരെയെല്ലാം ഉള്‍ക്കൊള്ളുന്നു. ദളിതരും കര്‍ഷകരും ആദിവാസികളും മത്സ്യത്തൊഴിലാളികളും സ്ത്രീകളും മറ്റു ലിംഗപദവികളുള്ളവരും എല്ലാ ന്യൂനപക്ഷങ്ങളും അതിലുള്‍പ്പെടുന്നു. സബാള്‍ട്ടന്‍ എന്നു ഗ്രാംഷി പറഞ്ഞതും അതുതന്നെയായിരുന്നു. അത്തരത്തില്‍ വര്‍ഗ്ഗത്തിനൊരു പുനര്‍നിര്‍വ്വചനം അനിവാര്യമാണ്.
ഇനി മാര്‍ക്‌സിലേക്കുവരാം. ഇക്കാര്യങ്ങള്‍ തന്റെ അവസാനകാലത്തെങ്കിലും മാര്‍ക്‌സ് മനസ്സിലാക്കിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോകചരിത്രം സാമ്പത്തികാടിസ്ഥാനത്തിലുള്ള വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സമരമാണെന്നും ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കും അവിടെ നിന്ന് സംഘടിത തൊഴിലാളിവര്‍ഗ്ഗനേതൃത്വത്തില്‍ നടത്തുന്ന വിപ്ലവത്തിലൂടെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും സമൂഹം നീങ്ങുമെന്ന തന്റെ ആദ്യകാല നിലപാടൊക്കെ അദ്ദേഹം കയ്യൊഴിഞ്ഞിരുന്നു. മൂലധനത്തിന്റെ പരിഷ്‌കൃത പതിപ്പുകളിലും അവസാനകാലത്തെ പല ലേഖനങ്ങൡും അദ്ദേഹമത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവ പുറത്തുവന്നിട്ടല്ല. സ്റ്റാലിന്‍ എഡിറ്റുചെയ്ത മൂലധനത്തിന്റെ ആദ്യപതിപ്പാണ് വ്യാപകമായി പ്രചരിക്കെപ്പെട്ടത്. മറ്റുള്ളവ പുറത്തുവരുന്നതില്‍ നിന്ന് സ്റ്റാലിന്‍ തടയുകയായിരുന്നു. എന്നാലിപ്പോളവ ലഭ്യമാണ്. പൗരസ്ത്യലോകത്തെ പഠിച്ച് തന്റെ പഴയ ധാരണകള്‍ അദ്ദേഹം തിരുത്തിയിരുന്നു. മുതലാളിത്തത്തിലൂടെ കടന്നുപോകാതേയും സമൂഹത്തിനു മുന്നോട്ടുപോകാമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വെളുത്ത സംഘടിത തൊഴിലാളിയില്‍ നിന്നല്ലാതെ മോചനം സാധ്യമാകുമെന്നും. അവസാനകാലത്ത് അടിമവര്‍ഗ്ഗം എന്ന പദം തന്നെ മാര്‍ക്‌സ് ഉപയോഗിച്ചു. അത് എല്ലാവിധ പാര്‍ശ്വവല്‍കൃതരേയും ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു. മാര്‍ക്‌സും അംബേദ്കറും തമ്മിലുള്ള ഐക്യത്തിന്റെ സാധ്യതയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഇന്നു ഇന്ത്യയില്‍ ശക്തമാകുന്ന ഹിന്ദുത്വഫാസിസത്തിനെതിരായ ഏറ്റവും പൊട്ടന്‍ഷ്യലായ ശക്തി ദളിതരും ആദിവാസികളുമെല്ലാം ഉള്‍പ്പെട്ട സാമൂഹ്യമായി അടിത്തട്ടിലുള്ളവരാണ്. അത് തിരിച്ചറിയാന്‍ മാര്‍ക്‌സിസ്റ്റുകള്‍ തയ്യാറാകണം.
നവജനാധിപത്യ സമീപനത്തിലെ മറ്റൊരു പ്രധാന ഘടകം മതേതരത്വത്തെ കുറിച്ചുള്ളതാണ്. അവിടെയാണ് ഗാന്ധിയുടെ പ്രസക്തി. മതേതരത്വമെന്ന ആശയത്തെ പുനര്‍നിര്‍വ്വചിക്കാന്‍ നാം തയ്യാറാകണം. തീര്‍ച്ചയായും ഭരണകൂടം മതേതരരമാകുക എന്നതില്‍ സംശയമില്ല. അതങ്ങനെതന്നെ ആയിരിക്കുമ്പോഴും സിവില്‍ സമൂഹത്തിലെ മതേതരത്വം എന്ന ആശയത്തെയാണ് പുനപരിശോധിക്കേണ്ടത്. മതേതരത്വമെന്നാല്‍ മതവിരുദ്ധതയാകരുത്. മതം ഒരു യാഥാര്‍ത്ഥ്യമാണ്. ഏതു മതവിശ്വാസിക്കും വിശ്വാസമില്ലാത്തവര്‍ക്കും സൗഹാര്‍ദ്ദത്തോടെ ജീവിക്കാവുന്ന ഒന്നാകണം സിവില്‍ സമൂഹത്തിലെ മതനിരപേക്ഷത. മതവിശ്വാസിയായിരുന്ന ഗാന്ധി ക്ഷേത്രാരാധകനായിരുന്നില്ല. ഉപ്പും ചര്‍ക്കയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതീകങ്ങള്‍. യജ്ഞവും അയിത്തത്തേയും മാത്രമല്ല വര്‍ണ്ണത്തേയും അവസാനമദ്ദേഹം നിരാകരിച്ചു. ജാതിക്ക് മതവുമായി ബന്ധമില്ലെന്നും ഗാന്ധി പറഞ്ഞിട്ടുണ്ട്. ഗാന്ധി നിരന്തരമായി മാറുകയായിരുന്നു. എല്ലാ മതത്തിന്റേയും സാരമൊന്ന് എന്നു പ്രഖ്യാപിച്ച അദ്ദേഹം നാരായണഗുരുവിനേയും കബീറിനേയും മറ്റും അടുത്തറിഞ്ഞു. അവസാനകാലം അദ്ദേഹം അംബേദ്കറിനോടും അടുക്കുന്നു.
മതേതരത്വമെന്നാല്‍ മതമില്ലാത്ത അവസ്ഥയെന്നല്ല. മതം വര്‍ഗ്ഗീയമാകുന്നതാണ് അപകടം. ആത്മീയത എടുത്തുമാറ്റിയ മതമാണ് വര്‍ഗ്ഗീയത. അത് മതത്തിനെതിരാണ്. നുമക്കാവശ്യം മതത്തിന്റെ തന്നെ മതേതരവല്‍ക്കരണമാണ്. മതത്തിനകത്ത് മതേതരമായ ഒരുപാട് ഇടങ്ങളുണ്ട്. തിരിച്ചും. എല്ലാ മതവിശ്വാസങ്ങളുടേയും ഒന്നിച്ചുള്ള നിലനില്‍പ്പ് സാധ്യമാകണം. ശബരിമലയില്‍ പോകുന്നവര്‍ വാവരെ വന്ദിക്കുന്ന പതിവ് കേരളത്തില്‍ തന്നെയുണ്ടല്ലോ. അത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യയിലെമ്പാടുമുണ്ട്. ഈ ധാരയെ ശക്തിപ്പെടുത്തുകയാണ് ഇന്നു വേണ്ടത്. അതിനത്ഥം നമ്മളിറങ്ങി ശ്രീകൃഷ്ണ ജയന്തി ആചരിക്കണമെന്നല്ല. എല്ലാ വിശ്വാസങ്ങള്‍ക്കും ഇടമുണ്ടാകാനും അവയുടെ സഹവര്‍ത്തിത്വത്തിനും കൊടുക്കല്‍ വാങ്ങലിനുമായി നിലകൊള്ളുക എന്നതാണ്.
നവജനാധിപത്യസമീപനത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്. സാമ്പത്തിക മേഖലയില്‍ ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിന് ഈ ആഗോളവല്‍ക്കരകാലത്ത് വലിയ പ്രസക്തിയുണ്ട്. അതേ സമയം ഒരിക്കലും ദേശീയവാദമാകരുത്, ദേശസ്‌നേഹമായിരിക്കണം നാം ഉയര്‍ത്തിപിടിക്കേണ്ടത്. അതുപോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ജനാധിപത്യത്തോടു തന്നെയുള്ള നിലപാട്. നൂറുശതമാനം ജനാധിപത്യത്തെ അംഗീകരിക്കാന്‍ നാം തയ്യാറാവണം. അക്കാര്യത്തില്‍ സൗകര്യങ്ങളോ തന്ത്രങ്ങളോ അല്ല സത്യസന്ധതയാണ് ഉണ്ടാകേണ്ടത്. ഏകപാര്‍ട്ടി ഭരണമെന്ന സങ്കല്‍പ്പമെല്ലാം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യമാകട്ടെ ഭരണകൂടരൂപം മാത്രമല്ല, ദൈനംദിനജീവിതത്തിന്റെ ഭാഗമാകണം. സംസ്‌കാരത്തിന്റെ ഭാഗമാകണം. അഥവാ നമ്മുടെ ജീവിതരീതിയാകണം. അതില്ലാതെ കണ്‍മുന്നിലെത്തിയ ഫാസിസത്തെ ചെറുക്കാനാവില്ല. ജനാധിപത്യത്തോടുള്ള നവസമീപനത്തിലൂടെയല്ലാതെ വരുംകാല ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങള്‍ സാധ്യമാകില്ല എന്നര്‍ത്ഥം.
(ജനാധിപത്യത്തിന്റെ പ്രതിസന്ധിയും നവജനാധിപത്യ സമീപനത്തിന്റെ അനിവാര്യതയും എന്ന വിഷയത്തില്‍ തൃശൂരില്‍ നടത്തിയ ദീര്‍ഘമായ പ്രൊഫ എം മുരളീധരന്‍ സ്മൃതി പ്രഭാഷണത്തില്‍ നിന്നൊരു ഭാഗം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
satheesh
August 3, 2019 at 4:47 pm
👌✔️