കീടനാശിനികള്‍ നിരോധിക്കാന്‍ നടപടിയെടുക്കണം

പ്രകൃതിക്കും മനുഷ്യനും അപകടകാരിയായ രാസ കീടനാശിനികള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന  അന്താരാഷ്ട്ര സംഘടനയാണ് പേസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ്വര്‍ക്ക് (PAN) . ഇതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് 2013 ല്‍ രൂപീകരിച്ച പേസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ഇന്ത്യ എന്ന സംഘടന ആണ് (PAN India). പരമ്പരാഗത അറിവുകളും , കാര്‍ഷിക സമ്പ്രദായ ങ്ങളും , കാര്‍ഷിക ജൈവവൈവിധ്യവും എന്നിവ സംരക്ഷിക്കുന്നതില്‍ കര്‍ഷകരെ സഹായിക്കുക, അതിലൂടെ സുസ്ഥിരവും വൈവിധ്യമാര്‍ന്നതുമായ കാര്‍ഷിക പരിതസ്ഥിതി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളില്‍ ഊന്നിയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് പോകുന്നത്.

കാര്‍ഷിക പരിശീലനങ്ങള്‍ , കീടനാശിനികളുടെ ആരോഗ്യ, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുക, അപകടകരമായ രാസവസ്തുക്കള്‍ക്ക് പകരം ഉപയോഗിക്കാവുന്ന തനത് കീട നിയന്ത്രണ രീതികള്‍ പരിചയപ്പെടുത്തുക പരമ്പരാഗത അറിവുകള്‍ പങ്കുവയ്ക്കുക മുതലായ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും PAN ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഈ സംഘടന അതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2020 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലെ ഗ്ലൈഫോസ്ഫേറ്റ് കീടനാശിനി ഉപയോഗത്തിന്റെ അവസ്ഥയെക്കുറിച്ചു ഒരു റിപ്പോര്‍ട്ട് പുറത്തിറക്കുകയുണ്ടായി. അതില്‍ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്.

1. ഇന്ത്യയില്‍ ഗ്ലൈഫോസ്ഫേറ്റ് അധിഷ്ഠിത കളനാശിനികള്‍ തേയില തോട്ടങ്ങളിലെ കള നിയന്ത്രണത്തിന് വേണ്ടി മാത്രം ഉപയോഗിക്കാന്‍ ആണ് അനുമതി ഉള്ളത്. എന്നാല്‍ ഈ പഠന പ്രകാരം ഈ കളനാശിനി പച്ചക്കറി ഉള്‍പ്പടെ ഉള്ള മിക്കവാറും എല്ലാ കൃഷിയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു.ഏറ്റവും സുലഭമായ കളനാശിനി ബെയര്‍ കമ്പനിയുടെ ‘റൗണ്ടപ്പ്’ (Round up) ആണ്

2 . ഇന്ത്യയില്‍ ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലും രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കളനാശിനി ആണ് ഗ്ലൈഫോസ്ഫേറ്റ് അധിഷ്ഠിത കളനാശിനികള്‍. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഈ കളനാശിനികളുടെ കയറ്റുമതിയെക്കുറിച്ചു കൃത്യമായ കണക്കുകള്‍ ലഭ്യമല്ല എന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

3 . കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ ഗ്ലൈഫോസ്ഫേറ്റ് കളനാശിനികളുടെ ഉല്‍പ്പാദനവും വില്‍പ്പനയും ഉപഭോഗവും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.

4 . ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്ന് മൂന്ന് വ്യത്യസ്ത ചേരുവകളില്‍ ഉള്ള 24 ഗ്ലൈഫോസ്ഫേറ്റ് അധിഷ്ഠിത കളനാശിനി ബ്രാന്‍ഡുകള്‍ കര്‍ഷകര്‍ ഉപഗയോഗിക്കുന്നതായി കണ്ടെത്തി. ഈ കളനാശിനികള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ള തേയില ചെടി വളരാത്ത സ്ഥലങ്ങളില്‍ പോലും ഇത് സുലഭമാണ് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തല്‍.

5. ഈ കളനാശിനി ഉപയോഗിക്കുന്ന ഭൂരിഭാഗം കര്‍ഷകര്‍ക്കും, ഇവയുടെ ശരിയായ ഉപയോഗം, സുരക്ഷാ മുന്‍കരുതലുകള്‍, ഉപയോഗിക്കുമ്പോള്‍ ധരിക്കേണ്ട വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ (PPE) എന്നിവയെക്കുറിച്ചും യാതൊരു ധാരണയും ഇല്ല. ഈ പഠനവുമായി ബന്ധപ്പെട്ട് സമീപിച്ച ഒരു കര്‍ഷകന്‍ പോലും ഉപയോഗ സമയത്ത് യാതൊരു വ്യക്തി സുരക്ഷാ ഉപകരണങ്ങളും ധരിക്കാറില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു.

6. മിക്ക കീടനാശിനി കടകളിലും ഇത്തരം ഉപകരണങ്ങള്‍ ലഭ്യമല്ല.

7. മിക്ക ബ്രാന്‍ഡുകളുടെയും ലേബലുകളില്‍ ഉപയൊക്കേണ്ട അളവ്, ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍, ഉപയോഗ ശേഷം കുപ്പികള്‍ കൃത്യമായി നശിപ്പിക്കേണ്ട വിധം, മുതലായവ ചേര്‍ത്തിട്ടില്ല.

8 . താഴെ പറയുന്ന കാരണങ്ങള്‍ മൂലം വ്യക്തികള്‍ ഗ്ലൈഫോസ്ഫേറ്റ് കളനാശിനികളുമായി നേരിട്ട് സമ്പര്‍ക്ക വിധേയമാകുന്നതായി കണ്ടെത്തി.കര്‍ഷകര്‍ കളനാശിനികള്‍ വീടുകളില്‍ സൂക്ഷിക്കുന്നത്, കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെ ഉള്ള ഉപയോഗം, ഉപയോഗശേഷം ഉപകാരണങ്ങളും കുപ്പികളും കുടിവെള്ള സ്രോതസുകളുടെ അടുത്ത് കഴുകുന്നത്, ഒഴിഞ്ഞ കളനാശിനി കുപ്പികള്‍ വീടുകളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

9. സ്‌പ്രേയറുകളില്‍ നിന്ന് തൂവിപോയും കാറ്റടിച്ചും കര്‍ഷകരും തൊഴിലാളികളും കളനാശിനികളുമായി നേരിട്ട് സമ്പര്‍ക്ക വിധേയമാകുന്നു. ഇതുമൂലം 52 .6 ശതമാനം ആളുകള്‍ക്ക് പൊള്ളല്‍, കണ്ണ് വേദന, തലകറക്കം, ചൊറിച്ചില്‍, ശര്ദ്ധി, മൂത്രാശയ രോഗങ്ങള്‍, ഹൃദയ ഇടിപ്പില്‍ ക്രമവ്യത്യാസം, തളര്‍ച്ച മുതലായവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

10 ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ നയ പ്രകാരം ഗ്ലൈഫോഫെറ്റ് അംശം ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ടെസ്റ്റ് ചെയ്യാറില്ല. അതുകൊണ്ട് തന്നെ നാം കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈഫോസ്ഫേറ്റ് അളവ് ഇപ്പോഴും അജ്ഞാതമാണ്. കൂടാതെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഗ്ലൈഫോസ്ഫേറ്റ് കളനാശിനികളുള്‍ടെ അളവിനെ കുറിച്ചും അത് മൂലമുള്ള മറ്റ് ആരോഗ്യ പരിസ്ഥിതി ആഘാതങ്ങളെ കുറിച്ചും കൃത്യമായ വിവരം ഇല്ലാത്തതും കടുത്ത ആശങ്ക ഉളവാക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019 ഫെബ്രുവരിയില്‍ ആണ് കേരളം ഗ്ലൈഫോസ്‌ഫെറ്റ് കളനാശിനികളുടെ വില്‍പ്പനയും ഉപയോഗവും പൂര്‍ണമായി നിരോധിച്ചത്. വിവിധ തരത്തിലുള്ള ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ മുഴുവനായി ഗ്ലൈഫോസ്‌ഫെറ്റ് നിരോധിക്കണം എന്ന ആവശ്യം വ്യാപകമായതിനെ തുടര്‍ന്ന് ഇതിന്റെ ഉപയോഗം കീട നിയന്ത്രണ ഏജന്‍സികള്‍ (Pest Control Agency) വഴി മാത്രം ആക്കാന്‍ ഉള്ള ഒരു നീക്കം കേന്ദ്ര സര്ക്കാര് നടത്തുകയുണ്ടായി. ഇതിന്റെ ഒരു കരട് ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിച്ചു. ഒരു മാസത്തിനുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരും എന്ന് പറഞ്ഞിരുന്നു എങ്കിലും ഇതേ വരെ ഇക്കാര്യത്തില്‍ തീരുമാനം ഒന്നും ആയിട്ടില്ല. വന്‍കിട തോട്ടം ലോബികളുടെയും കീടനാശിനി കമ്പനികളുടെയും സമ്മര്‍ദമാണ് ഇതിന് പിന്നില്‍.

എന്നാല്‍, നിര്‍മാണവും വില്‍പ്പനയും നിരോധിക്കാതെ ഉപയോഗം കീട നിയന്ത്രണ ഏജന്‍സികള്‍ വഴി മാത്രം ആക്കും എന്ന പ്രഖ്യാപനം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നിലവിലെ നിയന്ത്രണങ്ങള്‍ പോലും യാതൊരു ഫലവും ഉണ്ടാക്കിയിട്ടില്ല എന്നതിന്റെ തെളിവായി മുകളില്‍ സൂചിപ്പിച്ച പഠനം നമ്മുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഇത്തരം ഒരു നീക്കം കൊണ്ട് ഇനി എന്ത് മാറ്റം ഉണ്ടാകാനാണ് എന്ന ആശങ്ക മാത്രം ബാക്കിയാകുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply