വിമര്‍ശനത്തിനതീതനല്ല എംടിയും
എംടിയെ കുറിച്ചും വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍. അത് സ്വാഭാവികമാണ്. കഴിഞ്ഞ ഏതാനും ദശകളില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോയല്‍റ്റി കൈപറ്റിയത് എംടിയാണ്. അതില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ എത്രമാത്രം വിറ്റഴിയുന്നു എന്നത് വ്യക്തം. മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരന്‍ എംടിതന്നെ. അത്തരം സാഹചര്യത്തില്‍ എംടിയുടെ സംഭാവനകള കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും ഏറെ കാലം തുടരുമെന്നുറപ്പ്.
കഴിഞ്ഞ അരനൂറ്റാണ്ടിനേക്കാള്‍ കൂടുതലായി മലയാളികളില്‍ മഹാഭൂരിഭാഗവും ഗൗരവമായ വായന ആരംഭിച്ചത് എംടിയിലൂടെയായിരിക്കണം. മിക്കവാറും പേരുടെ ആദ്യപുസ്തകം നാലുകെട്ടാകാം. ഇന്നും ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകങ്ങളില്‍ മുന്‍നിരയിലാണ് രണ്ടാമൂഴം. ലോകക്ലാസിക് എന്നു പറയാനാവില്ലെങ്കിലും എംടിയുടെ സിനിമകളെല്ലാം ശരാശരിയേക്കാള്‍ മീതെയാണ്. തിരകഥാ രചനയില്‍ പ്രഥമസ്ഥാനീയന്‍ മറ്റാരുമല്ല. ഒരുപക്ഷെ താഴ് വാരം, വൈശാലി പോലെ ഭരതന്‍ സംവിധാനം ചെയ്തവയൊഴികെ എം ടി തിരകഥയെഴുതിയ സിനിമകളെല്ലാം അറിയപ്പെടുന്നത് സംവിധായകന്റെ പേരിലല്ല എന്നത് പ്രത്യേകം പഠനാര്‍ഹമാണ്.
എംടിയെ കുറിച്ച് നല്ലതു പറയാനാണെങ്കില്‍ ഒരുപാടുണ്ടാകും. അതല്ല ഈ കുറിപ്പിന്റെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ ചരിത്രത്തില്‍ എംടി വഹിച്ച പങ്കിനെ വിമര്‍ശനാത്മകമായി പരിശോധിക്കുകയാണ്. അത്തരമൊരു പരിശോധന സ്വാഭാവികമായും സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ അദ്ദേഹത്തിന്റെ എഴുത്തു സഹായിച്ചോ എന്ന ചോദ്യം ഉയര്‍ന്നു വരും. സമൂഹത്തെ മുന്നോട്ടുനയിക്കുന്നതാകണം എഴുത്ത് എന്ന ആശയത്തില്‍ നിന്നല്ല ഇതു പറയുന്നത്. അത് എഴുത്തിനെ കുറിച്ച് അനിവാര്യമായ ഒന്നല്ല. എന്നാല്‍ അതും എഴുത്തിന്റെ ഭാഗമാണെന്നതില്‍ തര്‍ക്കമില്ല. അത്തരമൊരു പിരശോധനയില്‍ എംടിയുടെ റോള്‍ എന്തായിരിക്കും? തീര്‍ച്ചയായും ഒരു വിഭാഗം വായനക്കാരുടെ ഗൃഹാതുരത്വത്തെ വിളിച്ചുണര്‍ത്താന്‍ എംടിയുടെ കൃതികളിലെ ഉള്ളടക്കത്തിനും ഹൃദ്യമായ ഭാഷക്കും കഴിയും. അതുമാത്രമാണ് സാഹിത്യം എന്നു കരുതുകയാണെങ്കില്‍ അതുമതി. എന്നാല്‍ സാഹിത്യമെന്നത് അവിടെ തളക്കപ്പെട്ടുന്ന ഒന്നാണെന്ന് കരുതാനാകില്ല എന്ന നിലപാടില്‍ നിന്നാണ് ഈ കുറിപ്പെഴുതുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടിത്തട്ടില്‍ നിന്നു നവോത്ഥാനത്തിന്റെ സന്ദേശം അലയടിച്ച പ്രദേശമാണല്ലോ കേരളം. ഗുരുവും അയ്യങ്കാളിയുമൊക്കെ അതിന്റെ തിളക്കമാര്‍ന്ന ഐക്കണുകള്‍. വേറേയും നിരവധിപേര്‍. അതിന്റെ തുടര്‍ച്ചയായാണ് വിടിയും മന്നത്തുമൊക്കെ വരുന്നത്. അതിനോടൊപ്പമായിരുന്നല്ലോ എംടിയുടെ എഴുത്തുകാലം ആരംഭിക്കുന്നത്. മലയാള സാഹിത്യത്തില്‍ ആശാന്‍ വിതച്ച കൊടുങ്കാറ്റിനുശേഷം. എന്നാല്‍ ആ അലയൊലികളൊന്നും കാര്യമായി പ്രതിഫലിക്കാത്ത ഒന്നായിരുന്നില്ലേ എംടിയുടെ എഴുത്ത് എന്ന ചോദ്യമാണ് പ്രസക്തം. ഇത്രയൊക്കെ സാമൂഹ്യമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടും മലയാളി എന്നാല്‍ നായരാണെന്നും കേരളസംസ്‌കാരമെന്നാല്‍ നായര്‍ സംസ്‌കാരമാണെന്നും ദേശീയവസ്ത്രവും ഭക്ഷണവുമൊക്കെ നായരുടേതാണെന്നുമെന്ന വിശ്വാസമാണല്ലോ ശക്തമായത്. കേരളത്തിനു പുറത്തുപോയാല്‍ ഇപ്പോഴും മലയാളി എന്നാല്‍ മിസ്റ്റര്‍ നായര്‍ ആണ്. ഈയൊരവസ്ഥ വളര്‍ത്തിയെടുത്തതില്‍ അറിഞ്ഞിട്ടായാലും അറിയാതെയായാലും എംടി വഹിച്ച പങ്ക് ചെറുതല്ല. അതിനെ വിമര്‍ശിക്കാതെ മുന്നോട്ടുപോകുന്നത് സാഹിത്യത്തോടുതന്നെ ചെയ്യുന്ന ശരിയല്ലായ്മയാണ്. നാലുകെട്ടില്‍ അവസാനം അപ്പുണ്ണി പറയുന്ന, ഇതുപൊളിച്ച് കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടു പണിയണമെന്ന ഡയലോഗിലോ, നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ കാര്‍ക്കിച്ചുതുപ്പലിലോ ന്യായീകരിക്കാവുന്നതല്ല അത്. ആത്യന്തികമായി എംടിയുടെ അന്തര്‍ധാര നായര്‍ വിഹ്വലതകള്‍ തന്നെ. ചന്തുവിനും ഭീമനുമൊക്കെ മരണമില്ലാതെ മനസ്സില്‍ ജീവിക്കുമ്പോഴും ഇതൊന്നും പറയാതിരിക്കാനാവില്ല.
സാഹിത്യം രൂപം കൊള്ളുന്നതില്‍ എഴുത്തുകാരുടെ ജീവിതാനുഭവങ്ങള്‍ വലിയ പങ്കുവഹിക്കുന്നു എന്നത് ശരിയാണ്. അതിന്റെ പേരിലാണ് പലപ്പോഴും എം ടി ന്യായീകരിക്കപ്പെടുന്നത്. എന്നാല്‍ അതുകൊണ്ടുമാത്രം ന്യായീകരിക്കാവുന്നതാണോ എംടിയുടെ എഴുത്ത്? നവോത്ഥാന പോരാട്ടത്തില്‍ വലിയെ പങ്കൊന്നും വഹിച്ചില്ലെങ്കിലും അതിന്റെ തുടര്‍ച്ചയായി സാഹിത്യത്തിലുണ്ടായ ഉണര്‍വിന്റെ പ്രതീകമായിരുന്നല്ലോ ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലും ഇന്ദുലേഖ എന്ന കഥാപാത്രവും. അതിന്റെ തുടര്‍ച്ചയായി എംടിയെ കാണുന്നവരുണ്ട്. എന്നാല്‍ മനസ്സിലാക്കേണ്ട ഒന്ന് ബഷീറും പൊറ്റക്കാടും കേശവദേവും ഉറൂബും തകഴിയുമൊക്കെ എംടിയേക്കാള്‍ സീനിയറായിരുന്നു. ആനന്ദും വിജയനും കാക്കനാടനുമൊക്കെ ഏറെക്കുറെ എംടിയുടെ സമകാലികരും. മാധവിക്കുട്ടിയെപോലൊരു എഴുത്തുകാരി എംടിയേക്കാള്‍ സവര്‍ണ്ണാനുഭവങ്ങളിലൂടെയാണല്ലോ വളര്‍ന്നത്. അവരുടെയൊന്നും എഴുത്തിനെ ഗൃഹാതുരത്വം കാര്യമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ? ഒരു വിഭാഗത്തിന്റെ എഴുത്തുകാരായി അവരെയാരെങ്കിലും കാണാനാവുമോ? ലോകമാകെ പരിശോധിച്ചാലും ഈ ചോദ്യം പ്രസക്തമല്ലേ. അനുഭവങ്ങള്‍ക്ക് എഴുത്തില്‍ വലിയ പങ്കുണ്ടെങ്കിലും അവിടെ ഒതുങ്ങേണ്ട ഒന്നല്ല എഴുത്തുകാരുടെ ഭാവന. എന്നാല്‍ എംടിക്ക് കാര്യമായൊന്നും മുന്നോട്ടുപോകാനായില്ല എന്നു മാത്രമല്ല, മുകളില്‍ സൂചിപ്പിച്ചപോലെ മലയാളി എന്നാല്‍ മിസ്റ്റര്‍ നായരെന്ന പ്രതീതി സൃഷ്ടിക്കുന്നതിനും സാഹിത്യവും രാഷ്ട്രീയവും സംസ്‌കാരവുമടക്കമുള്ള സകലമേഖലകളിലും നായര്‍ ആധിപത്യം തുടരുന്നതിനുമുള്ള കാരണങ്ങള്‍ അപഗ്രഥിച്ചാല്‍ അതില്‍ എംടിയുടെ എഴുത്തിന്റെ പങ്കും കാണാനാകും. അതിന്റെ പ്രതീകം കൂടിയാണ് എം ടിയുടെ ജാതിവാല്‍. സൂക്ഷ്മമായ പരിശോധനയില്‍ അതുമാത്രമല്ല, പല കൃതികളിലും പുരുഷഹുങ്കിനെ പ്രകീര്‍ത്തിക്കുന്ന വരികളും ഇസ്ലാമോഫോബിയയുടെ സൂചനകളും കാണാം. ഇവയെല്ലാം കൂടി പരാമര്‍ശിക്കുമ്പോഴേ എം ടി പഠനം പൂര്‍ണ്ണമാകൂ എന്നതില്‍ ഒരു സംശയവുമില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എംടിക്കെതിരായ മറ്റൊരു വിമര്‍ശനം പൊതുവിഷയങ്ങളില്‍ കാര്യമായി ഇടപെടുന്നില്ല എന്നതാണ്. അതില്‍ വലിയ കാര്യമൊന്നുമില്ല. അക്കാര്യത്തില്‍ എഴുത്തുകാര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തമൊന്നുമല്ല. സാമൂഹ്യജീവിയെനിന നിലയില്‍ പൊതുവിഷയങ്ങളില്‍ ഇടപെടാന്‍ ഏതൊരു മനുഷ്യനും ഉത്തരവാദിത്തമുണ്ട്. അതുതന്നേയേ എംടിക്കുമുള്ളു. അപ്പോഴും സൈലന്റ് വാലി, ചാലിയാര്‍, മുത്തങ്ങ, എന്‍ഡോസള്‍ഫാന്‍, ആണവനിലയം, പ്ലാച്ചിമട, വര്‍ഗ്ഗീയതക്കിതരായ പലവിധ പ്രതിരോധങ്ങള്‍ എന്നിവയിലെല്ലാം എംടിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. കെ എല്‍ ഫെില്‍ പിണറായിയെ ഇരുത്തിതന്നെ ഇടതുപക്ഷമടക്കമുള്ള പ്രസ്ഥാനങ്ങളേയും നേതൃത്വങ്ങളേയും രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചതും മറക്കാനാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Gopinathan
December 29, 2024 at 10:36 am
പറയുന്നതിൽ കുറെ വാസ്തവമുള്ളപ്പോഴും അതിനുപയോഗിച്ച ,എഴുത്തു സാമൂഹ്യ പുരോഗതിക്കുതകുന്നതാകണം എന്ന അപകടകരവും കലാവിരുദ്ധവുമായ,കമ്മ്യൂണിസ്റ് നിലപാട് അസ്വീകാര്യമാണ് .
വ്യക്തിയെന്ന നിലയിൽ എല്ലാവരെയും പോലെയുള്ള ഉത്തരവാദിത്തമേ സാമൂഹ്യ സമര പങ്കാളിത്തത്തിൽMT ക്കുമുള്ളു എന്ന പ്രത്യക്ഷ ഔദാര്യംകൊണ്ട് കുറിപ്പിന്റെ ഈ നിലപാട് മറച്ചുപിടിക്കാനാവുന്നില്ല.
ഇത് രണ്ടും പരസ്പരം റദാക്കപ്പെടുകയാണ് ചെയ്യുന്നത്.
കുടഞ്ഞു കളയാണാവാത്ത മാർക്സിസമാണോ ഈ കോൺട്രാഡിക്ഷൻ നിലനിർത്തുന്നത് ?
Dr Jayakrishnan T
December 30, 2024 at 4:27 am
എം ടിയെ കുറിച്ച് ഉള്ളവിമർശനാത്മകമായ കുറിപ്പ് അപൂർണ്ണമായി, വിഷയത്തെ ഒന്നു തൊട്ട് വഴുതിമാറുന്നതായി തോന്നുന്നു.
ഈ വിഷയത്തിൽ പൂരിപ്പിക്കാനുള്ളതും ചേർത്ത് വിശദമായ ലേഖനം മലയാളഭാഷ ആവശ്യപ്പെടുന്നുണ്ട്