കേള്‍ക്കണം കേരളം, ഈ ശബ്ദങ്ങള്‍
അധിക്ഷേപ വാക്കുകളെ വീണ്ടെടുത്ത് രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിന്റെ ചരിത്രമാണ് ക്വിയര്‍ എന്ന വാക്കിന് പോലുമുള്ളത്. വിചിത്രം അല്ലെങ്കില്‍ കുഴപ്പം ഉള്ളവര്‍ എന്ന രീതിയിലാണ് ക്വിയര്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. അതിനെതിരെ ‘വി ആര്‍ ക്വിയര്‍ വി ആര്‍ ഹിയര്‍’ ഞങ്ങള്‍ വ്യത്യസ്തരാണ് ഞങ്ങള്‍ ഇവിടെയുണ്ട്, അതിനെന്ത്? എന്ന ചോദ്യം വന്നതോടെയാണ് ക്വിയര്‍ എന്ന വാക്കിന്റെ രാഷ്ട്രീയം മാറുന്നത്. ആ രാഷ്ട്രീയം തന്നെയാണ് ‘കേള്‍ക്കാത്ത ശബ്ദങ്ങള്‍’ ഈ കൃതിയും പിന്തുടരുന്നത്.
‘മുകളില്‍ വലത്തേയറ്റത്ത് ഇരിക്കുന്നത് ”സ്വവര്‍ഗരതിക്കാര്‍ക്ക് സംഘടന വേണമെന്ന് പറയുന്നത് അശ്ലീലമല്ലേ? !” എന്ന് ചോദിച്ച എം എന്‍ വിജയന്‍ മാഷ്. ഞാനടക്കമുള്ള ക്വിയര്‍ മനുഷ്യര്‍ക്ക് structural തടസ്സങ്ങള്‍ വഴിയില്‍ തീര്‍ത്ത, ആത്മാഭിമാനമുള്ള അക്കാദമിക് – intellectual കാലഘട്ടം കനത്ത രീതിയില്‍ വൈകിപ്പിച്ചവരുടെ കൂടെയാണ് മാഷും??. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മാഷ് എന്ത് പറയുമായിരുന്നു??? അറിയില്ല. ഫാസിസത്തെ കുറിച്ചുള്ള മാഷുടെ പ്രസ്താവനകള്‍ എനിക്കും കുറേ ക്വിയര്‍ മനുഷ്യര്‍ക്കും ഇപ്പോഴും ഇതിനാല്‍ അപൂര്‍ണ്ണമാണ്……’
ക്വിയര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അനസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണിത്. അനസും വിജയരാജമല്ലികയും ചേര്‍ന്ന് എഡിറ്റു ചെയ്ത ‘കേള്‍ക്കാത്ത ശബ്ദങ്ങള്‍’ എന്ന, ക്വിയര്‍ മനുഷ്യരുടെ കവിതകളുടേയും കഥകളുടേയും സമാഹാരത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അനസ് ഈ പോസ്റ്റിട്ടത്. വിജയന്‍ മാഷ് മാത്രമല്ല, സംസ്ഥാനത്തെ ഏറെക്കുറെ പുരോഗമനവാദികളെന്ന മുദ്ര ലഭിച്ചിട്ടുള്ള മിക്കവാറും എല്ലാ സംഘടനകളുടേയും വ്യക്തികളുടേയും നിലപാട് അതു തന്നെയായിരുന്നു. അക്കാലത്തുതന്നെ നളിനി ജമീലയുടെ ആത്മകഥ പുറത്തുവന്നപ്പോള്‍ അതിനെതിരെയുണ്ടായ കോലാഹലങ്ങളും മറക്കാറായിട്ടില്ലല്ലോ. അന്ന് എം മുകുന്ദന്‍ പറഞ്ഞത് വേശ്യകളും പുസ്തകമെഴുതുന്ന കാലം എന്നായിരുന്നു.
കേള്‍ക്കാത്ത ശബ്ദങ്ങളിലേക്കു വരുന്നതിനുമുന്നെ അക്കാലത്തുണ്ടായ ഒരു സംഭവം കൂടി ചൂണ്ടികാട്ടട്ടെ. 2000ത്തിനടുത്തായിരുന്നു സംഭവം. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് അത് ലസ്ബിയന്‍ ബന്ധവുമായി ബന്ധപ്പെട്ടതാണെന്നും കോളേജില്‍ നിന്നേറ്റ അപമാനത്തെ തുടര്‍ച്ചയായിരുന്നു എന്നും തിരിച്ചറിഞ്ഞ കുറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പാലക്കാട് മംഗലം ഡാം പ്രദേശത്ത് ആ പെണ്‍കുട്ടിയുടെ നാട്ടില്‍ പോയി അന്വേഷിക്കുകയും പിന്നാലെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോളേജ് ഉടമകളായ കൊച്ചി ദേവസ്വം ബോര്‍ഡിനു മുന്നില്‍ സമരം ചെയ്യുകയും ചെയ്തു. ഒന്നും നടന്നില്ല എന്ന് ഊഹിക്കാമല്ലോ. പ്രബുദ്ധമെന്നു കൊട്ടിഘോഷിക്കുന്ന കേരളവര്‍മ്മയിലെ ഒരദ്ധ്യാപകനും വിദ്യാര്‍ത്ഥിയും പോലും അവരോട് സഹകരിച്ചില്ല എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. അതേതുടര്‍ന്നായിരുന്നു കേ വേണു എഡിറ്റു ചെയ്തിരുന്ന സമീക്ഷ എന്ന പ്രസിദ്ധീകരണത്തിലെ കെ സി സെബാസ്റ്റ്യന്‍ ഇത്തരത്തില്‍ കേരളത്തില്‍ നടന്ന നിരവധി ആത്മഹത്യകളെ കുറിച്ച് അന്വേഷിച്ച് അതിലെഴുതുകയും പിന്നീട് പുസ്തകമാക്കുകയും ചെയ്തത്.
എന്തായാലും ഏറെ കാലത്തെ പോരാട്ടങ്ങള്‍ക്കുശേഷം ചെറിയ മാറ്റങ്ങളൊക്കെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതിന്റെ ഭാഗമായി LGBTQIA+, ക്വിയര്‍ തുടങ്ങിയ വാക്കുകളൊക്കെ ഒരു വിഭാഗമെങ്കിലും പറയാനും കേള്‍ക്കാനും ആരംഭിച്ചിട്ടുണ്ട്. ഒരുവശത്ത് മനുഷ്യരായി ജീവിക്കാന്‍ പോരാടുമ്പോള്‍ മറുവശത്ത് പ്രൈഡ് പോലുള്ള പരിപാടികളും നടത്തിയാണ് അവര്‍ സമൂഹത്തില്‍ ദൃശ്യരായി കൊണ്ടിരിക്കുന്നത്. അതിന്റെ അലയൊലികള്‍ എഴുത്തിലും കാണാം. തീര്‍ച്ചയായും ആ പേരുപയോഗിച്ചിരുന്നില്ലെങ്കിലും ക്വിയര്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന പല സിനിമകളും കൃതികളും പഠനങ്ങളുമൊക്കെ പുറത്തുവന്നിട്ടുണ്ട്. ബഷീര്‍, തകഴി, മാധവിക്കുട്ടി, മുകുന്ദന്‍ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ കൃതികളില്‍ സ്വവര്‍ഗ്ഗ ലൈംഗികത കടന്നു വന്നിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗങ്ങളില്‍ നിന്നു തന്നെ അത്തരം മുന്നേറ്റങ്ങള്‍ വരാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. ആത്മഹത്യ ചെയ്യാതേയും കൊലപ്പെടാതേയും അപമാനിക്കപ്പെടാതേയും തുറിച്ചുനോക്കപ്പെടാതേയും ഓരോ ദിവസവും എങ്ങനെ അതിജീവിക്കുമെന്നു അന്വേഷിക്കുന്നവര്‍ക്ക് എഴുതാനുള്ള സാവകാശം ലഭിക്കുക എളുപ്പമല്ലല്ലോ. എന്നാല്‍ അടുത്ത കാലത്തായി ഞങ്ങളുടെ ശബ്ദങ്ങളും സമൂഹം കേള്‍ക്കേണ്ടതാണെന്നു പ്രഖ്യാപിച്ച് ക്വിയര്‍ സമൂഹത്തില്‍ നിന്നും കൃതികള്‍ പുറത്തുവന്നു തുടങ്ങി. തുടക്കം സ്വാഭാവികമായും നോണ്‍ഫിക്ഷന്‍ കൃതികള്‍ തന്നെയായിരുന്നു. പിന്നാലെ ഫിക്ഷനും. ഇപ്പോള്‍ സാഹിത്യ അക്കാദമി അംഗം കൂടിയായ വിജയരാജമല്ലികയുടെ നിരവധി കൃതികളും ആദിയുടെ ശ്രദ്ധേയമായ പെണ്ണപ്പനുമൊക്കെ ഉദാഹരണങ്ങള്‍.
”ഒരു പുസ്തകശാലയിലോ ലൈബ്രറിയിലൊ പോകാനോ, സമയമെടുത്ത് ഒരു പുസ്തകം തിരഞ്ഞെടുക്കാനോ, ആ പുസ്തകം ഇരുന്ന് വായിക്കാനോ ഒരു ക്വിയര്‍ വ്യക്തിയ്ക്ക് എളുപ്പം സാധ്യമാകുമായിരുന്നില്ല. പുസ്തകശാലയിലും, ലൈബ്രറിയിലും വരെ നേരിടേണ്ടി വരുന്ന തുറിച്ചു നോട്ടങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനാവും ഒരു ക്വിയര്‍ വ്യക്തി ആദ്യം ശ്രമിക്കുക. ഈയടുത്ത് മാത്രമാണ് ക്വിയര്‍ വ്യക്തികള്‍ക്ക് ഇതെല്ലാം സാധ്യമായി തുടങ്ങിയത്.” എന്ന് അനസ് പറയുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയുള്ള പോലെ ക്വിയര്‍ സാംസ്‌കാരിക മിത്തുകള്‍ ഒന്നും തന്നെയില്ലാത്ത ഭാഷയാണ് മലയാളം എന്നതും ഓര്‍ക്കണം. ഈ സാഹചര്യത്തിലാണ് കേള്‍ക്കാത്ത ശബ്ദങ്ങള്‍ എന്ന കൃതി ശ്രദ്ധേയമാകുന്നത്. സാഹിത്യ അക്കാദമിയാണ് ഈ കൃതി പ്രസിദ്ധീകരിക്കാന്‍ തയ്യാറായതെന്നത് ചെറിയ കാര്യമല്ല. തീര്‍ച്ചയായും സച്ചിദാനന്ദന്റേയും വിജയരാജമല്ലികയുടേയും സാന്നിദ്ധ്യമാകാം അതിനു കാരണം. സച്ചിദാനന്ദന്‍, അലീന ആകാശമിഠായിക്ക് നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. മലയാളത്തിലെ ആദ്യത്തെ ഫിക്ഷന്‍ ക്വിയര്‍ രചനകളുടെ സമാഹാരമാണ് ഈ പുസ്തകം. (നോണ്‍ ഫിക്ഷന്‍ രചനകള്‍ മുമ്പെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) 13 പേരുടെ കവിതകളും 9 പേരുടെ കഥകളുമാണ് ഈ പുസ്തകത്തിലുള്ളത്. കൂടാതെ വിജയരാജമല്ലികയുടെ ആമുഖവും അനസിന്റെ പഠനവും.
കേരളം വളരെ മുമ്പെ കേള്‍ക്കേണ്ടിയിരുന്ന ശബ്ദങ്ങളാണ് കേള്‍ക്കാത്ത ശബ്ദങ്ങള്‍ എന്ന ഈ കൃതിയിലുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. ആമുഖത്തില്‍ വിജയരാജമല്ലിക പറയുന്നു. ‘ക്വിയര്‍ സാഹിത്യം ഒരു തികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനമായി, ക്രിയാത്മകമായ ഇടപെടലാണെന്ന തിരിച്ചറിവോടെ ഓരോ ക്വിയിര്‍ വ്യക്തിയും കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ഇത് മൂന്നാം ഇടമല്ല, മൂന്നാം ലോകമല്ല, ജീര്‍ണ്ണിച്ച മനുഷ്യത്വത്തെ സാഹിത്യത്തിലൂടെ വീണ്ടെടുക്കാനുള്ള ശ്ലാഘനീയമായ ഇടപെടല്‍ തന്നെയാകുന്നു. കാഴ്ചയുടെ എല്ലാ ഇടങ്ങളിലും ക്വിയര്‍ സാന്നിദ്ധ്യങ്ങള്‍ നിറയുമ്പോള്‍ ഈ ശക്തമായ ശബ്ദങ്ങളെ കേള്‍ക്കാതെ കാതുപൊത്താന്‍ ആര്‍ക്കും ആവില്ല.’ ഇതൊടൊപ്പം ഒന്നു കൂടി ഓര്‍ക്കാം. അധിക്ഷേപ വാക്കുകളെ വീണ്ടെടുത്ത് രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിന്റെ ചരിത്രമാണ് ക്വിയര്‍ എന്ന വാക്കിന് പോലുമുള്ളത്. വിചിത്രം അല്ലെങ്കില്‍ കുഴപ്പം ഉള്ളവര്‍ എന്ന രീതിയിലാണ് ക്വിയര്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. അതിനെതിരെ ‘വി ആര്‍ ക്വിയര്‍ വി ആര്‍ ഹിയര്‍’ ഞങ്ങള്‍ വ്യത്യസ്തരാണ് ഞങ്ങള്‍ ഇവിടെയുണ്ട്, അതിനെന്ത്? എന്ന ചോദ്യം വന്നതോടെയാണ് ക്വിയര്‍ എന്ന വാക്കിന്റെ രാഷ്ട്രീയം മാറുന്നത്. ആ രാഷ്ട്രീയം തന്നെയാണ് ഈ കൃതിയും പിന്തുടരുന്നത്.
ദുഖകരവും സന്തോഷകരവുമായ ഓരോ കാര്യങ്ങള്‍ കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. കേരളത്തിലെ LGBTQ എഴുത്തുകാരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്ന കിഷോര്‍ കുമാറിന്റെ നിയമലംഘനം എന്ന കഥ ഈ സമാഹാരത്തിലുണ്ട്. എന്നാല്‍ ഈ പുസ്തകം പുറത്തുവരുമ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പില്ല. ഈ സമൂഹം തന്നെ പോലുള്ളവര്‍ക്കുള്ളതല്ല എന്നു തോന്നിയിട്ടാവാം, ക്വിയര്‍ ഫോബിയയെ കുറിച്ച് ഏറ്റവുമധികം എഴുതിയ അദ്ദേഹം മറ്റുപലരേയും പോലെ അടുത്ത കാലത്ത് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സന്തോഷകരമായ കാര്യം മറ്റൊന്നാണ്. ഈ പുസ്തകത്തിലുള്ള ആദിയുടെ പെണ്ണപ്പന്‍ എന്ന കവിതയും അനസ് എഴുതിയ പഠനവും വിജയരാജമല്ലികയുടെ പല കൃതികളും വിവിധ സര്‍വ്വകലാശാലകളിലെ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതെ, ഇനിയും ഈ ശബ്ദങ്ങള്‍ ആര്‍ക്കും കേള്‍ക്കാതിരിക്കാനാവില്ല എന്നര്‍ത്ഥം – അത് അക്കാദമികളായാലും സര്‍വ്വകലാശാലകളായാലും പ്രസാധകരായാലും വായനക്കാരായാലും സാംസ്‌കാരിക നായകരായാലും അധ്യാപകരായാലും….
കേള്‍ക്കാത്ത ശബ്ദങ്ങള്‍ (ക്വിയര്‍ രചനകള്‍)
എഡിറ്റര്‍മാര്‍ – വിജയരാജമല്ലിക, അനസ് എ എസ്
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണം
വില 160 രൂപ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in