സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മോശപ്പെട്ട പ്രവണതകള്‍
കേരളത്തിലെ പ്രമുഖമുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായിരിക്കുകയാണല്ലോ. ഇനി അങ്കത്തട്ടിലേക്കിറങ്ങുകയാണ്. ഇക്കുറി ലോകസഭാ തിരഞ്ഞെടുപ്പ് തുടക്കത്തില്‍ ശ്രദ്ധേയമാകുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മോശപ്പെട്ട പ്രവണതകളുടെ പേരിലായിരിക്കും എന്നു പറയുന്നതില്‍ തെറ്റില്ല. ഇരുമുന്നണികളും അക്കാര്യത്തില്‍ വ്യത്യസ്ഥമല്ല. കൊല്ലം സീറ്റ് എന്ന ന്യായമായ ആവശ്യം നിഷേധിച്ച് ദശകങ്ങളായി കൂടെ നില്‍ക്കുന്ന ആര്‍എസ്പിയെ പുകച്ചു പുറത്തുചാടിച്ച എല്‍ഡിഎഫ് നടപടിയാണ് ഏറ്റവും മോശമായത്. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി മത്സരിക്കുന്നു എന്നതാണ് അതിന് സിപിഎമ്മിന്റെ ന്യായീകരണം. അങ്ങനെയാണെങ്കില്‍തന്നെ ഒരു മുന്നണിയില്‍ കാണിക്കേണ്ട […]
കേരളത്തിലെ പ്രമുഖമുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായിരിക്കുകയാണല്ലോ. ഇനി അങ്കത്തട്ടിലേക്കിറങ്ങുകയാണ്. ഇക്കുറി ലോകസഭാ തിരഞ്ഞെടുപ്പ് തുടക്കത്തില്‍ ശ്രദ്ധേയമാകുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മോശപ്പെട്ട പ്രവണതകളുടെ പേരിലായിരിക്കും എന്നു പറയുന്നതില്‍ തെറ്റില്ല. ഇരുമുന്നണികളും അക്കാര്യത്തില്‍ വ്യത്യസ്ഥമല്ല.
കൊല്ലം സീറ്റ് എന്ന ന്യായമായ ആവശ്യം നിഷേധിച്ച് ദശകങ്ങളായി കൂടെ നില്‍ക്കുന്ന ആര്‍എസ്പിയെ പുകച്ചു പുറത്തുചാടിച്ച എല്‍ഡിഎഫ് നടപടിയാണ് ഏറ്റവും മോശമായത്. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി മത്സരിക്കുന്നു എന്നതാണ് അതിന് സിപിഎമ്മിന്റെ ന്യായീകരണം. അങ്ങനെയാണെങ്കില്‍തന്നെ ഒരു മുന്നണിയില്‍ കാണിക്കേണ്ട പ്രാഥമികമായ ജനാധിപത്യമര്യാദപോലും സിപിഎം കാണിച്ചില്ല എന്നാണ് ആര്‍എസ്പി പറയുന്നത്. അതുപോലെതന്നെ സിപിഎമ്മില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. 15ല്‍ 5 പേരാണ് സ്വതന്ത്രര്‍. ഇവരില്‍ സിനിമക്കാരും വ്യവസായികളും തലേന്നുവരെ കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നവരും ഉള്‍പ്പെടുന്നു. പെയ്ഡ് സ്ഥാനാര്‍ത്ഥികളുണ്ടെന്നും ആരോപണണുണ്ട്. മുന്‍ അനുഭവങ്ങളില്‍നിന്ന് പാര്‍ട്ടി പാഠം പഠിക്കുന്നില്ല. സിപിഐയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയെ കുറിച്ചും ആരോപണമുണ്ട്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, ചാലക്കുടി, പൊന്നാനി എന്നിവിടങ്ങളിലാണു സി.പി.എം. സ്വതന്ത്രര്‍ മത്സരിക്കുന്നത്. പത്തനംതിട്ടയിലെ പീലിപ്പോസ് തോമസും പൊന്നാനിയിലെ വി. അബ്ദുറഹ്മാനും കോണ്‍ഗ്രസ് വിട്ടുവന്നവരാണ്. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നിയമോപദേഷ്ടാവ് ജോയ്‌സ് ജോര്‍ജും ചാലക്കുടിയില്‍ നടന്‍ ഇന്നസെന്റും എറണാകുളത്തു ക്രിസ്റ്റി ഫെര്‍ണാണ്ടസുമാണു മറ്റ് ഇടതു സ്വതന്ത്രര്‍. പീലിപ്പോസും അബ്ദുറഹ്മാനും അവര്‍ പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമുദായങ്ങളെ തങ്ങളോട് അടുപ്പിക്കുമെന്ന വിശ്വാസം ഇടതുപക്ഷത്തിനുണ്ട്. ഇടുക്കിയിലും എറണാകുളത്തും ചാലക്കുടിയിലും ഇതേ തന്ത്രമാണ് എല്‍.ഡി.എഫിന്. ഇടുക്കിയിലെ ഇടതു സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് ഇന്നലെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും ഇടുക്കി ബിഷപ്പിനെയും കണ്ടിട്ടാണ് പൊതുജനങ്ങളിലേക്കിറങ്ങിയത്.
മറുവശത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിലിസ്റ്റില്‍ സഭ നേരിട്ട് ഇടപെടുകയായിരുന്നത്രെ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനനുകൂലമായി നിലപാടെടുത്ത പിടി തോമസിന് സീറ്റു നിഷേധിച്ചതാണ് യുഡിഎഫ് ലിസ്റ്റിലെ ഏറ്റവും വലിയ അനീതി. ഹൈക്കമാന്റിന്റെ റാങ്കിംഗില്‍ ഏറ്റവും മികച്ച എം.പിയെന്ന ബഹുമതി പിടി തോമസിനായിരുന്നു. തൃശൂരില്‍നിന്ന് ചാക്കോ മാറിയതിനു ഒരു പ്രധാന കാരണം സഭയുടെ ഇടപെടല്‍തന്നെ. പിന്നെ ഗ്രൂപ്പിസവും. പി.സി. ചാക്കോയുടെ ചാലക്കുടിയിലേക്കുള്ള യാത്രയ്ക്കു പിന്നില്‍ യാക്കോബായ സഭയുടെ താല്‍പര്യങ്ങളും പ്രതിഫലിച്ചതായി സൂചനയുണ്ട്. തൃശൂര്‍ സീറ്റിലേക്കു കെ.പി. ധനപാലന്റെ ആഗമനത്തിന് അരമനയില്‍നിന്ന് അനുമതി തേടിയിരുന്നു. സാക്ഷാല്‍ എ കെ ആന്റണിതന്നെ ബിഷപ്പിനെ വിളിച്ചെന്നാണ് റിപ്പോര്‍ട്ട്.
മുസ്ലിം ലീഗിനോട് ഇടഞ്ഞു നില്‍ക്കുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ തങ്ങള്‍ക്കു താല്‍പര്യമുള്ള രണ്ടുപേരെങ്കിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. വയനാട്ടില്‍ എം.ഐ. ഷാനവാസിനെ തന്നെ ഉറപ്പിച്ചതും കാസര്‍ഗോട്ട് ടി. സിദ്ദിഖ് വന്നതും അതിന്റെ കൂടി പ്രതിഫലനമത്രെ. ഇരുപക്ഷത്തേയും മിക്ക സ്ഥാനാര്‍ത്ഥികളും ആദ്യം പോകുന്നത് അരമനകളിലേക്കും കണിച്ചുകുളങ്ങരയിലേക്കും പെരുന്നയിലേക്കുമാണ്. തിരഞ്ഞെടുപ്പില്‍ സാമുദായിക സാന്നിധ്യം വര്‍ദ്ധിക്കുന്നതായാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ഇതിനേക്കാളേറെ ഗുരുതരമാണ് സ്ത്രീകളോടും യുവജനങ്ങളോടുമുള്ള പാര്‍ട്ടികളുടെ അവഗണനവ. ഇക്കുറി ഇരുപക്ഷത്തും അവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുണ്ടാകുമെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ ഏറക്കുറെ തോല്‍ക്കുമെന്നുറപ്പുള്ള രണ്ടുസീറ്റുകള്‍ വീതമാണ് ഇരുമുന്നണികളും വനിതകള്‍ക്ക് നല്‍കിയിരിക്കുന്നത്. ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും കാര്യമായ പങ്കാളിത്തമില്ല. സിറ്റിംഗ് എംപിമാര്‍ എന്ന പേരില്‍ ഒരുപാടുതവണ പാര്‍ലിമെന്റില്‍ പോയവരെയാണ് പിന്നേയും മത്സരിപ്പിക്കുന്നത്. അതുപോലെ ജനറല്‍സീറ്റില്‍ ഒരു ദളിതന്റെ സ്ഥാനാര്‍ത്ഥിത്വം എന്നതും കേരളത്തില്‍ മരീചികതന്നെ. തീര്‍ച്ചയായും വളരെ മോശപ്പെട്ട അവസ്ഥയിലാണ് തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ ആരംഭിക്കുന്നതെന്ന് സാരം. അല്‍പ്പം ആശ്വാസം ചില സ്വതന്ത്ര സ്ഥാനാര്‍ത്തികളും ആം ആദ്മി സ്ഥാനാര്‍ത്തികളുമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in