ഫെബ്രൂവരി 18ല്‍ നിന്ന് 19ലേക്ക് – വര്‍ഗ്ഗീസില്‍ നിന്ന് ജാനുവിലേക്കും

ഫെബ്രൂവരി 18 – അടിയോരുടെ പെരുമന്‍ വര്‍ഗ്ഗീസിന്റെ ധീരരക്തസാക്ഷിദിനം. 19 മുത്തങ്ങ ദിനം. ഈ രണ്ടുദിനങ്ങളും അടുത്തടുത്ത് വന്നത് കേവലം യാദൃശ്ചികമാകാം. എന്നാല്‍ അതു നല്‍കുന്ന സന്ദേശം ഇങ്ങനെ വായിച്ചെടുക്കാം – വര്‍ഗ്ഗീസില്‍ നിന്ന് ജാനുവിലേക്ക്. കേരളം കണ്ട ഏറ്റവും ധീരനായ പോരാളിയും രക്തസാക്ഷിയും വര്‍ഗ്ഗീസ് തന്നെയെന്നതില്‍ കാര്യമായ തര്‍ക്കമുണ്ടാവില്ല. തിരുത്തല്‍വാദത്തിലേക്ക് സിപിഎം നീങ്ങുമ്പോഴായിരുന്നു വസന്തത്തിന്റെ ഇടിമുഴക്കം കേട്ട് വര്‍ഗ്ഗീസ് വയനാട് കേന്ദ്രീകരിച്ച് ആദിവാസികള്‍ക്കുവേണ്ടി പോരാട്ടം നയിച്ചതും ഭരണകൂടത്താല്‍ ഭയാനകമായി കൊല്ലപ്പെട്ടതും. ഒരുപക്ഷെ സ്വതന്ത്ര ഇന്ത്യ ആദം […]

x

ഫെബ്രൂവരി 18 – അടിയോരുടെ പെരുമന്‍ വര്‍ഗ്ഗീസിന്റെ ധീരരക്തസാക്ഷിദിനം. 19 മുത്തങ്ങ ദിനം. ഈ രണ്ടുദിനങ്ങളും അടുത്തടുത്ത് വന്നത് കേവലം യാദൃശ്ചികമാകാം. എന്നാല്‍ അതു നല്‍കുന്ന സന്ദേശം ഇങ്ങനെ വായിച്ചെടുക്കാം – വര്‍ഗ്ഗീസില്‍ നിന്ന് ജാനുവിലേക്ക്.
കേരളം കണ്ട ഏറ്റവും ധീരനായ പോരാളിയും രക്തസാക്ഷിയും വര്‍ഗ്ഗീസ് തന്നെയെന്നതില്‍ കാര്യമായ തര്‍ക്കമുണ്ടാവില്ല. തിരുത്തല്‍വാദത്തിലേക്ക് സിപിഎം നീങ്ങുമ്പോഴായിരുന്നു വസന്തത്തിന്റെ ഇടിമുഴക്കം കേട്ട് വര്‍ഗ്ഗീസ് വയനാട് കേന്ദ്രീകരിച്ച് ആദിവാസികള്‍ക്കുവേണ്ടി പോരാട്ടം നയിച്ചതും ഭരണകൂടത്താല്‍ ഭയാനകമായി കൊല്ലപ്പെട്ടതും. ഒരുപക്ഷെ സ്വതന്ത്ര ഇന്ത്യ ആദം കണ്ട വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം. അതിന്റെ സത്യസന്ധമായ വിവരണം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരില്‍ നിന്ന് നമുക്ക് ലഭിക്കുകയും ചെയ്തു.
മാവോയിസ്റ്റുകള്‍ കേരളത്തില്‍ ആദിവാസിമേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം വര്‍ഗ്ഗീസ് ദിനം ആചരിക്കുന്നത്. മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. അത് സായുധപരമാകണോ എന്ന ചോദ്യം വേറെ. ഇന്ത്യയില്‍ പല ഭാഗത്തും വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതുപോലെ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നുണ്ട്. വികസനത്തിന്റെ അവകാശം അടിസ്ഥാനവിഭാഗങ്ങള്‍ക്ക് ലഭിക്കാത്തതാണ് മാവോയിസ്റ്റ് വളര്‍ച്ചക്കുകാരണമെന്ന് പ്രധാനമന്ത്രിപോലും സമ്മതിക്കുമ്പോഴും ഭരണകൂടം തുടരുന്നത് ഇത്തരം നയങ്ങളാണെന്നത് ശക്തമായി വിമര്‍ശിക്കപ്പെടേണ്ടതുതന്നെ.
അതേസമയം ആദിവാസികളുടെ വിമോചനം നക്‌സലിസവും മാവോയിസവും വഴിയോ എന്ന ചോദ്യത്തിന്റെ പ്രസക്തിയും വര്‍ദ്ധിക്കുകയാണ്. മാര്‍ക്‌സിസം – ലെനിനിസം – മാവോയിസത്തിന്റെ നിയതമായ ചട്ടക്കൂടില്‍ ഒതുക്കാവുന്ന വിഭാഗമല്ല ആദിവാസികള്‍. അവരുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ദത്തുപുത്രന്മാര്‍ ആവശ്യമില്ല. ഭൂമിക്കും വിഭവങ്ങള്‍ക്കും മേല്‍ ആദിവാസികളുടെ അവകാശത്തെ അംഗീകരിക്കുന്നവര്‍ അവരുടെ പോരാട്ടത്തെ പിന്തുണക്കുകയാണ് വേണ്ടത്. അവരുടെ പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജം അവര്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. പോരാട്ടങ്ങളുടെ പാരമ്പര്യവും ചരിത്രവും അവര്‍ക്കുണ്ട്. അങ്ങനെയാണ് ജാനു എന്ന നേതാവ് ഉയര്‍ന്നു വന്നതും മുത്തങ്ങ പോലെ, കേരളചരിത്രത്തിലെ മഹത്തായ ഒരു പോരാട്ടത്തിനു വഴി തുറന്നതും. കേരളത്തിലെ ആദിവാസികളുടെ ചരിത്രം മുത്തങ്ങക്കുമുമ്പും പിമ്പും എന്ന രീതിയില്‍ വിഭജിക്കാവുന്ന അവസ്ഥയാണ്. ആദിവാസികളുടെ മാത്രമല്ല, ദളിത് വിഭാഗങ്ങളുടെ ഭൂപ്രശ്‌നം മുഖ്യധാരയില്‍ എത്തിക്കാനും തുടര്‍ന്ന് നിരവധി പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാനും അത് കാരണമായി. കുറെ മേഖലകളില്‍ അതുമൂലം നേട്ടങ്ങള്‍ നേടി. പല മേഖലകളിലും പോരാട്ടം തുടരുന്നു. ആ പോരാട്ടങ്ങളോടാണ് ഐക്യപ്പെടേണ്ടത്. സിപിഎം അടക്കമുള്ള പ്രസ്ഥാനങ്ങള്‍ ആദിവാസി മേഖലകളില്‍ പോഷകസംഘടനകള്‍ ഉണ്ടാക്കി ഈ പോരാട്ടങ്ങളെ ഹൈജാക് ചെയ്യുന്നു. മാവോയിസ്റ്റുകളുടെ നീക്കവും ആ ദിശയില്‍ തന്നെ. അതുണ്ടാക്കുന്ന ഫലം നിഷേധാത്മകമായിരിക്കും. എന്തുകൊണ്ട് പുറകില്‍ നിന്ന് അവരുടെ പോരാട്ടത്തെ പിന്തുണക്കാന്‍ ഇവര്‍ക്കാകുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply