പത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നത് അടിമ-ഉടമ സംസ്‌കാരം
സി. നാരായണന്‍ / പി.എം. ജയന്‍ മാതൃഭൂമി ദിനപത്രത്തിലെ തൊഴിലന്തരീക്ഷത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. കോര്‍പ്പറേറ്റ്‌വത്കരിക്കപ്പെട്ട ഒരു പത്ര മാനേജ്‌മെന്റിന് എത്രമാത്രം മനുഷ്യത്വവിരുദ്ധമായി പെരുമാറാന്‍ കഴിയും എന്ന് മാതൃഭൂമിയുടെ മുതലാളിമാര്‍ കാണിച്ചുതരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു പത്രസ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ പത്രപ്രവര്‍ത്തകനായ മാതൃഭൂമി ജീവനക്കാരന്‍ സി. നാരായണന്‍ പത്രമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. നാരായണന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് നടത്തിയ സംഭാഷണം ‘ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ […]
മാതൃഭൂമി ദിനപത്രത്തിലെ തൊഴിലന്തരീക്ഷത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. കോര്‍പ്പറേറ്റ്‌വത്കരിക്കപ്പെട്ട ഒരു പത്ര മാനേജ്‌മെന്റിന് എത്രമാത്രം മനുഷ്യത്വവിരുദ്ധമായി പെരുമാറാന്‍ കഴിയും എന്ന് മാതൃഭൂമിയുടെ മുതലാളിമാര്‍ കാണിച്ചുതരുന്നു.
ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു പത്രസ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ പത്രപ്രവര്‍ത്തകനായ മാതൃഭൂമി ജീവനക്കാരന്‍ സി. നാരായണന്‍ പത്രമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. നാരായണന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് നടത്തിയ സംഭാഷണം
‘ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ മാത്രം ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യപത്രപ്രവര്‍ത്തകന്‍.’ മാതൃഭൂമിയില്‍ നിന്ന് ഈയിടെ പിരിച്ചുവിടപ്പെട്ട ചീഫ് സബ് എഡിറ്റര്‍ സി. നാരായണനെക്കുറിച്ച് അതേ പത്രത്തിന്റെ മുന്‍ പത്രാധിപസമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എന്‍.പി രാജേന്ദ്രന്റെ വിലയിരുത്തലാണിത്. പത്രസ്ഥാപനത്തിലെ ജീവനക്കാരുടെ ക്ഷേമവും വേതനവര്‍ധനവും നടപ്പാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാറിന്റെ മജീദിയ വേജ്‌ബോര്‍ഡ് മാതൃഭൂമിയില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരിലാണ് നാരായണന്‍ പുറത്താക്കപ്പെട്ടത്. ഇതേ ആവശ്യമുന്നയിച്ച് സമരം ചെയ്തതിന്റെ പേരില്‍ നിരവധി തൊഴിലാളികളെ ഇന്ത്യയിലെ അതിവിദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള പീഡനവും അവിടെ നടക്കുകയാണ്. മറ്റേത് രംഗത്തുമെന്നതുമെന്നതുപോലെ കോര്‍പ്പറേറ്റ് മൂലധനം മാധ്യമസ്ഥാപനങ്ങളെയും പിടിമുറിക്കികൊണ്ടിരിക്കുകയാണിന്ന്. കോര്‍പ്പറേറ്റ് സ്വഭാവം ആര്‍ജിച്ച മാനേജ്‌മെന്റുകള്‍ തൊഴിലാളികള്‍ക്കുനേരെ അമിതാധികാരപ്രയോഗം നടത്താന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍തന്നെ അവിടങ്ങളിലെ തൊഴില്‍ അന്തരീക്ഷത്തിനും മാറ്റം വന്നു. അടിമവേലയായി പത്രപ്രവര്‍ത്തനം അധഃപതിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയില്‍ ഈ സ്വഭാവം അസഹനീമായ തോതില്‍ വളരുകയാണ്. ഓരോ തൊഴിലാളിയും സദാ നിരീക്ഷണവലയത്തില്‍ ജോലി ചെയ്യേണ്ട, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണ് അവിടെയിപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി, മാധ്യമസ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ്‌വല്‍ക്കരണം, പത്രമേഖലയിലെ ട്രേഡ് യൂണിയന്റെ പരിമിതി, തന്റെ പിരിച്ചുവിടല്‍ അനുഭവം എന്നിവയെക്കുറിച്ച് നാരായണന്‍ സംസാരിക്കുന്നു
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും നിരവധി ആശയങ്ങള്‍ പ്രചരിപ്പിച്ച, സ്വാതന്ത്ര്യസമരചരിത്രപാരമ്പര്യം അവകാശപ്പെടുന്ന ‘മാതൃഭൂമി’ എങ്ങനെയാണ് തൊഴില്‍ പീഡനങ്ങളുടെ കൂത്തരങ്ങായി പരിണമിച്ചത്. മാതൃഭൂമിയില്‍ സംഭവിക്കുന്ന അപചയത്തെക്കുറിച്ച് വിശദമാക്കാമോ?
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി കണ്ണിചേര്‍ത്ത് രൂപം കൊണ്ട ഒരു മാധ്യമസ്ഥാപനമാണ് മാതൃഭൂമി. അതിനാല്‍തന്നെ അവിടെ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ധാര്‍മികതയാല്‍ പ്രചോദിപ്പിക്കപ്പെട്ട സ്വാതന്ത്ര്യബോധം ഏറെ ഉണ്ടായിരുന്നു. മാനേജീരിയല്‍ സെക്ഷനെ അപേക്ഷിച്ച് പത്രാധിപര്‍ക്കും പത്രാധിപവിഭാഗത്തിനും മുന്തിയ പരിഗണന ആദ്യകാലംമുതലേ ഇവിടെ ഉണ്ടായിരുന്നു. എല്ലാറ്റിന്റെയും അന്തിമതീരുമാനം പത്രാധിപര്‍തന്നെയായിരുന്നു എടുത്തിരുന്നത്. വിംസിയുടെയും വി.പി രാമചന്ദ്രന്റെയുമൊക്കെ കാലംവരെ അത് ഏതാണ്ട് പുലര്‍ന്നുപോന്നു. മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് പത്രാധിപ തീരുമാനത്തില്‍ ഇടപെടാന്‍ അവസരം കൊടുത്തിരുന്നില്ല. പിന്നീട് എണ്‍പതുകളില്‍ എം.ഡി നാലപ്പാട് എന്ന പത്രാധിപരെ പുകച്ച് പുറത്ത് ചാടിക്കാനുള്ള പദ്ധതിയോടെയാണ് എഡിറ്റോറിയല്‍-മാനേജ്‌മെന്റ് അകല്‍ച്ച കുറഞ്ഞുവന്നത്. അഗ്രസീവ് ജേര്‍ണലിസത്തിന്റെ വക്താവായിരുന്നു എം.ഡി നാലപ്പാട്. ഷെയര്‍ഹോള്‍ഡര്‍ കൂടിയായ അദ്ദേഹത്തിന് മാതൃഭൂമിയുടെമേല്‍ വലിയ തോതിലുള്ള നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ആ നിയന്ത്രണം വീരേന്ദ്രകുമാര്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ പൊതുശത്രുവിനെതിരെ ഇതര ഷെയര്‍ഹോള്‍ഡര്‍മാരും ഒന്നിച്ചു. നാലപ്പാട് പോയപ്പോഴാണ് മാനേജിംഗ് എഡിറ്റര്‍ തസ്തിക രൂപം കൊണ്ടത്. എഡിറ്ററെ നിയന്ത്രിക്കാന്‍ ഷെയര്‍ ഹോള്‍ഡര്‍മാരുടെ പ്രതിനിധി എന്ന നിലയിലാണീ തസ്തിക വന്നത്. അതുവരെ സബ് എഡിറ്റര്‍മാരടക്കമുള്ള പത്രപ്രവര്‍ത്തകരെ നിയമിക്കാനുള്ള പൂര്‍ണ അധികാരം എഡിറ്റര്‍ക്കായിരുന്നെങ്കില്‍ പിന്നീടത് മാനേജിംഗ് എഡിറ്ററിലേക്ക് മാറി. നാലപ്പാട് പോയതിനുശേഷം എന്‍.വി കൃഷ്ണവാര്യരെ പത്രത്തിന്റെയും ആഴ്പ്പതിപ്പിന്റെയും എഡിറ്ററാക്കി. അദ്ദേഹം മരണപ്പെട്ടതോടെ താല്‍ക്കാലിക അധികാരം വി.കെ മാധവന്‍കുട്ടിയില്‍ (എഡിറ്റര്‍ ഇന്‍ ചാര്‍ജ്) എത്തി.
മാനേജിംങ് എഡിറ്ററുടെ വരവ് എഡിറ്റോറിയലിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിന് കാരണമായതോടെ ചില അസ്വാരസ്യങ്ങള്‍ ജേര്‍ണലിസ്റ്റുകള്‍ക്കിടയില്‍ ഉടലെടുത്തു. മാനേജ്‌മെന്റ് നടപടിയെ ചോദ്യം ചെയ്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം 26ഓളം പേര്‍ കത്ത് തയ്യാറാക്കി. കത്ത് മാനേജ്‌മെന്റിന് കൈമാറുന്നതിന് മുമ്പ് ഇതില്‍ ഒപ്പിട്ട ചിലര്‍ തീരുമാനത്തില്‍നിന്ന് പിന്മാറി. എന്നാല്‍ അതിനിടയില്‍ കത്ത് പുറത്തായി. വിഷയം വലിയ പ്രശ്‌നമായതോടെ ഒപ്പിടാന്‍ സന്നദ്ധത പ്രകടിപ്പിച്ചവരോട് മാനേജ്‌മെന്റ് വിശദീകരണം ചോദിച്ചു. മറുപടി കൊടുക്കേണ്ട ചുമതല വി.കെ മാധവന്‍കുട്ടിക്കായിരുന്നു. എഡിറ്റോറിയല്‍പരമായ എന്തുതരം വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് അധികാരമുണ്ടെന്നും അതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടി എടുക്കേണ്ടതില്ലെന്നുമാണ് മാധവന്‍ കുട്ടി സധൈര്യം നല്‍കിയ വിശദീകരണക്കുറിപ്പ്. മാധവന്‍കുട്ടി മാനേജ്‌മെന്റിന്റെ അടുപ്പക്കാരനായിരുന്നെങ്കിലും പത്രാധിപരുടെ അവകാശത്തെ മുറുകെപ്പിടിക്കുന്ന നിലപാടാണ് അന്ന് കൈക്കൊണ്ടത്.
പിന്നീട് പത്രാധിപന്മാരുടെ അധികാരം മെല്ലെ മെല്ലെ മാനേജ്‌മെന്റിലേക്ക് കേന്ദ്രീകരിക്കാന്‍ തുടങ്ങി. എന്നാല്‍ ഞാന്‍ 18 കൊല്ലം മുമ്പ് മാതൃഭൂമിയില്‍ ജോലിക്ക് ചേരുന്ന ഘട്ടത്തിലും അവിടെ ഒരു തരത്തിലുള്ള ലിബറലിസം ഉണ്ടായിരുന്നു. മാനേജ്‌മെന്റിന്റെ അമിതാധികാരപ്രയോഗത്തിന് പരിധിയുണ്ടായിരുന്നു.
ഈ ലിബറിലിസം സ്ഥാപനത്തില്‍ കുറഞ്ഞുവന്നത് എന്നുമുതല്‍ക്കാണ്. മാനേജ്‌മെന്റിന്റെ കോര്‍പ്പറേറ്റ്‌വല്‍ക്കരണമാണോ അതോ വേജ് ബോര്‍ഡ് വിഷയമാണോ അതിന് കാരണമായത്?
തൊണ്ണൂറുകളുടെ അവസാനത്തില്‍തന്നെ ഘടനാപരമായ ചില മാറ്റങ്ങള്‍ മാതൃഭൂമിയില്‍ വന്നുതുടങ്ങിയിരുന്നു. അതിലൊന്ന് പത്രത്തിന് പുറത്തുനിന്ന് പത്രാധിപരെ കൊണ്ടുവന്നതാണ്. അതുവരെ പത്രത്തിലെ സീനിയര്‍ ജേര്‍ണലിസ്റ്റാണ് പത്രാധിപരായി വന്നിരുന്നത്. കെ.കെ ശ്രീധരന്‍നായര്‍ എഡിറ്ററായ ഘട്ടത്തില്‍ അദ്ദേഹത്തെ പീരിയോഡിക്കല്‍ എഡിറ്ററാക്കി എഡിറ്റര്‍ പദവിയിലേക്ക് പുറത്തുനിന്ന് കെ. ഗോപാലകൃഷ്ണനെ അവരോധിച്ചാണ് ഇതിന് തുടക്കം. അതുവരെ മനോരമയിലും ദീപികയിലുമൊക്കെ സേവനമനുഷഠിച്ചിരുന്ന അദ്ദേഹത്തെ നേരിട്ട് പത്രാധിപരായി നിയമിച്ചു. പത്രം നന്നാക്കാനാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും മാനേജ്‌മെന്റിന് മറ്റെന്തെങ്കിലും താല്‍പര്യം അതിന് പിന്നിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. പ്രത്യേകിച്ച് ഗോപാലകൃഷ്ണന് ദില്ലിയിലെ അധികാരകേന്ദ്രങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹം വന്നതിനുശേഷമാണ് ടി.വി.ആര്‍ ഷേണായിയെപ്പോലുള്ളവരുടെ കോളം തുടങ്ങുന്നത്. മാനേജ്‌മെന്റുമായി അടുപ്പം സൂക്ഷിക്കുമ്പോള്‍തന്നെ പത്രാധിപരുടെ അധികാരം നല്ല നിലയില്‍ ഉപയോഗിച്ചിരുന്നു ഗോപാലകൃഷ്ണന്‍. എന്നാല്‍ ഒരു പ്രത്യേകഘട്ടത്തില്‍ മാനേജ്‌മെന്റുമായി ഇടയേണ്ടിവന്ന് പുറത്തുപോയപ്പോഴാണ് ഇപ്പോഴുള്ള കേശവമേനോന്‍ വന്നത്.
എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയിലാണ് സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന അവസ്ഥ അവിടെ സംജാതമായത്. മാനേജ്‌മെന്റിന് കോര്‍പ്പറേറ്റ് സ്വഭാവം വന്നുകഴിഞ്ഞപ്പോഴാണ് ഈ മാറ്റം പ്രകടമായത്. അതിന്റെ ഭാഗമായി അധികാരേകന്ദ്രം എഡിറ്ററില്‍നിന്ന് മാനേജിംഗ് എഡിറ്റര്‍ വീരേന്ദ്രകുമാറിലേക്ക് മാത്രമല്ല മാര്‍ക്കറ്റിംങ് ആന്റ് ഇലക്‌ട്രോണിക് മീഡിയ ഡയറക്ടര്‍ ശ്രേയംസ്‌കുമാറിലേക്കും കേന്ദ്രീകരിക്കപ്പെട്ടു. വീരേന്ദ്രകുമാറിന്റെ നിഴലായാണ് ശ്രേയംസ്‌കുമാറിന്റെ ആദ്യരംഗപ്രവേശം. പുതിയൊരു ശൈലിയിലുള്ള അധികാരമായിരുന്നു പിന്നീടു പ്രയോഗിച്ചുതുടങ്ങിയത്. സ്ഥാപനത്തിനകത്തെ സ്വാതന്ത്ര്യം പൂര്‍ണമായും ഹനിച്ചുതുടങ്ങിയത് ഇതോടെയാണ്. സോഷ്യലിസ്റ്റ് സ്വഭാവമോ ജനാധിപത്യമര്യാദയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത സമീപനമാണ് തൊഴിലാളികളോട് അദ്ദേഹം സ്വീകരിച്ചത്. എന്തിനെയും പണവുമായും ലാഭവുമായുംമാത്രം താരതമ്യം ചെയ്യുന്ന ശൈലി! വീരേന്ദ്രകുമാറിന് പത്രപ്രവര്‍ത്തകനെ മനസ്സിലാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മകന് അതൊട്ടുമില്ലായിരുന്നു. സംസ്‌കാരത്തിന്റെയും മൂല്യത്തിന്റെയും ഭാഗമായിരുന്ന പത്രപ്രവര്‍ത്തനത്തെ വെറും കച്ചവടച്ചരക്കായി കാണുകയായിരുന്നു. പത്രപ്രവര്‍ത്തകനും മാര്‍ക്കറ്റിങ് ഡയറക്ടറും തമ്മിലുള്ള സംഘര്‍ഷംതന്നെയായിരുന്നു ഗോപാലകൃഷ്ണന് പുറത്തേക്ക് പോകാനുള്ള വഴിതുറന്നത്. നേരത്തെ ശ്രേയംസ് വീരേന്ദ്രകുമാറിന്റെ നിഴലിലായിരുന്നെങ്കില്‍ ഇപ്പോള്‍ ശ്രേയംസിന്റെ നിഴലിലായി മാറി വീരേന്ദ്രകുമാര്‍. അധികാരം നേരിട്ട് പ്രയോഗിക്കാന്‍ മകന്‍ വളര്‍ന്നുകഴിഞ്ഞു. ഇതെല്ലാം പുറത്തേക്ക് പ്രകടമാക്കാനുള്ള ഒരു അവസരം മാത്രമായിരുന്നു വേജ്‌ബോര്‍ഡ് വിഷയം.
ഡയറക്ടര്‍ബോര്‍ഡില്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ പൂര്‍ണപിന്തുണ ഇതിനെല്ലാമുണ്ടാകുമോ? അവരുടെ പിന്തുണ എങ്ങനെയാണ് ആര്‍ജിച്ചെടുക്കുന്നത്?
ഡയറക്ടര്‍ബോര്‍ഡില്‍ പി.വി ചന്ദ്രന്റെയും മറ്റ് ചെറിയ ചെറിയ ഷെയറുകളും ചേര്‍ന്നാല്‍ വീരേന്ദ്രകുമാറിന്റ ഷെയറിനോളമോ അതില്‍കൂടുലോ വരാനിടയുണ്ട്. എന്നാല്‍ വീരേന്ദ്രകുമാറിന്റെ ‘കരിസ്മാറ്റിക് പവറിനു’മുന്നില്‍ മറ്റാരും ശബ്ദിക്കില്ല. അധികാരകേന്ദ്രങ്ങളുമായി നിരന്തരം ബന്ധം സ്ഥാപിക്കുന്നയാള്‍, തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍, എഴുത്തുകാരന്‍ എന്നിങ്ങനെ സകല മേഖലയിലും വീരേന്ദ്രകുമാറിന് മേല്‍കൈയുള്ളതിനാല്‍ മറ്റെല്ലാ ഷെയര്‍ഹോള്‍ഡര്‍മാരെയും തന്റെ ഇംഗിതത്തിന് കീഴില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നു. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ മകനും കഴിയുന്നു. മാനേജിംഗ് ഡയറക്ടറാകാനാണ്(എം.ഡി) ശ്രേയംസിന്റെ അടുത്ത നീക്കം. എന്നാല്‍ വീരേന്ദ്രകുമാറിനോട് മറ്റ് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള താല്‍പര്യം ശ്രേയംസ്‌കുമാറിനോടില്ല. എന്തുതന്നെയായാലും ഇപ്പോള്‍ എല്ലാറ്റിന്റെയും അന്തിമതീരുമാനം എടുക്കുന്നത് ശ്രേയംസാണ്. മജീദിയ വേജ്‌ബോര്‍ഡ് വിഷയത്തിലും ഇതുതന്നെയാണ് നടന്നത്. വേജ്‌ബോര്‍ഡ് മാതൃഭൂമിയില്‍ നടപ്പാക്കാന്‍ പറ്റില്ലെന്ന് നിലപാട് എടുത്തതിന്റെ പേരില്‍ പ്രതിഷേധമറിയിച്ചപ്പോള്‍ തന്റെ അധികാരം പ്രയോഗിക്കാനുള്ള അവസരമായി ശ്രേയംസ് അതിനെ ഉപയോഗിച്ചു. പലരെയും സ്ഥലംമാറ്റുന്നതിലും എന്നെ പുറത്താക്കുന്നതിലുമെല്ലാം അന്തിമ കൈയൊപ്പ് ചാര്‍ത്തിയത് അദ്ദേഹമാണ്.
വേജ്‌ബോര്‍ഡ് വിഷയം വന്നപ്പോള്‍ എങ്ങനെയാണ് തൊഴിലാളികള്‍ പ്രതികരിച്ചത്. നോണ്‍ജേര്‍ണലിസ്റ്റുകള്‍ മാത്രമല്ല ജേര്‍ണലിസ്റ്റുകളിലെ ഒരു വിഭാഗവും എങ്ങനെയാണ് മാനേജ്‌മെന്റിന് അനുകൂലമായി മാറിയത്?
മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ക്ക് മാനേജീരിയല്‍ വിഭാഗത്തിനോട് അമിതകൂറ് ഒരിക്കലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ്, പരസ്യവിഭാഗമടക്കമുള്ള ഓഫീസ് സ്റ്റാഫുകളോടുള്ള അത്ര മമത മാനേജ്‌മെന്റിന് പത്രപ്രവര്‍ത്തകരോട് ഇല്ലായിരുന്നു. പലപ്പോഴും പരിഹാസരൂപേണയാണ് മാധ്യമപ്രവര്‍ത്തകരോട് മാനേജ്‌മെന്റിന്റെ സമീപനം. ‘ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം’ എന്നതുപോലെ. ഒരു സ്ഥാപനത്തില്‍തന്നെ രണ്ട് നയമാണ്. ഇതരമേഖലയില്‍ പ്രൊമോഷനും മറ്റും കൃത്യമായി നല്‍കുമ്പോള്‍ എഡിറ്റോറിയല്‍ ഭാഗത്തുള്ളവര്‍ക്ക് അത് വൈകിപ്പിക്കുന്ന പ്രവണതയായിരുന്നു. ഈ അസമത്വം ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവന്നതാണ്.
ഈയൊരു ഘട്ടത്തിലാണ് വേജ്‌ബോര്‍ഡ് ഇഷ്യൂ കടന്നുവരുന്നത്. നടപ്പാക്കില്ലെന്ന് മാനേജ്‌മെന്റ് പറഞ്ഞു. ജേര്‍ണലിസ്റ്റുകളെയും നോണ്‍ ജേര്‍ണലിസ്റ്റുകളെയും ഒരേപോലെ ബാധിക്കുന്ന വിഷയമായതിനാല്‍ വേജ്‌ബോര്‍ഡ് നടപ്പാക്കുന്നതിന് ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു. മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്താന്‍ തീരുമാനിച്ചതും രണ്ടു യൂണിയനുകളും ചേര്‍ന്നായിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ അവര്‍ വിട്ടുനിന്നു. കമ്പനിക്കെതിരെ സമരം ചെയ്യാന്‍ ഞങ്ങളില്ല. എന്നാല്‍ വേജ്‌ബോര്‍ഡ് വേണമെന്നും പറഞ്ഞു. അന്നൊക്കെ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ മാനേജ്‌മെന്റിന്റെ ഇഷ്ടക്കാരുടെ കൈയിലായിരുന്നു. അവര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുന്നു. വേജ്‌ബോര്‍ഡ് നടപ്പാക്കാനാകില്ലെന്നും ശംബളവര്‍ധനവ് സംബന്ധിച്ച് സ്‌പെഷ്യല്‍ ഹോം സ്‌കെയില്‍ ഉണ്ടാക്കാമെന്നുമുള്ള മാനേജ്‌മെന്റ് ഉപദേശം അവര്‍ ശിരസാവഹിക്കുന്നു. ഇക്കാര്യം അംഗങ്ങളെക്കൊണ്ട് സമ്മതിപ്പിക്കാന്‍ കൊച്ചിയില്‍ യൂണിയന്‍ മീറ്റിങ് വിളിച്ചു. മാനേജ്‌മെന്റുമായി ഏറ്റുമുട്ടാതെ പ്രീണനത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാമെന്നായിരുന്നു യൂണിയന്‍ ഭാരവാഹികള്‍ കരുതിയത്. എന്നാല്‍ അംഗങ്ങള്‍ അതിനെ എതിര്‍ത്തു. വേജ്‌ബോര്‍ഡ് വാങ്ങിത്തരാനാണ് യൂണിയനെ ചുമതലപ്പെടുത്തിയതെന്നാണ് അംഗങ്ങള്‍ പറഞ്ഞത്.
ആ യോഗത്തിനുശേഷം 2012 മെയ് 1ന് പാലക്കാട്ട് മലമ്പുഴയില്‍ നടന്ന യോഗത്തിലാണ് ഞാന്‍ സെക്രട്ടറിയായി വരുന്നത്. മാനേജ്‌മെന്റിന്റെ പിന്തുണയില്ലാത്ത മാതൃഭൂമിയിലെ ആദ്യ കമ്മിറ്റിയായിരുന്നു അത്. അന്നുമുതലേ മാനേജ്മന്റിന് എന്നോട് ശത്രുത തുടങ്ങിയിരുന്നു. അതുവരെ മാനേജ്മന്റിന് ഇഷ്ടമുള്ളവര്‍മാത്രമാണ് നേതൃസ്ഥാനത്തേക്ക് വരാറ്. മുന്‍കാലങ്ങളില്‍ യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നത് എം.പി വീരേന്ദ്രകുമാറായിരുന്നെങ്കില്‍ അത്തവണ എന്‍.പി രാജേന്ദ്രന്‍ ആണ് അത് നിര്‍വഹിച്ചത്. വേജ്‌ബോര്‍ഡ് നടപ്പാക്കണമെന്ന നിലപാടുമായി ഞങ്ങള്‍, പുതിയ യൂണിയന്‍ ശക്തമായി മുന്നോട്ടുപോയതോടെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പ്രതികാരനടപടികളും തുടങ്ങി. നിരവധിപേരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നു. എനിക്കെതിരെ സസ്‌പെന്‍ഷന്‍ വരുന്നു. അടുത്ത യോഗമാകുന്നതോടെ യൂണിയന്‍ പിടിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ നടക്കുന്നു. മാനേജ്‌മെന്റിന് വേണ്ടപ്പെട്ടവരെ വീണ്ടും യൂണിയന്‍ തലപ്പത്തേക്ക് കൊണ്ടുവരുന്നത് അങ്ങനെയാണ്. മാനേജ്‌മെന്റിനോട് ചേര്‍ന്നുനില്‍ക്കുന്ന ന്യൂനപക്ഷവും അതിനെതിരായ ഭൂരിപക്ഷവും എന്ന നിലയിലാണ് ഇപ്പോഴവിടെയുള്ള വിഭജനം. എന്നാല്‍ ന്യൂനപക്ഷത്തിന്റെ കൈയിലാണ് യൂണിയന്‍ അധികാരം എന്നതിനാല്‍ അതിനെതിരെ ആരും ശബ്ദിക്കാതെയായി.
മാതൃഭൂമിയിലെ ജീവനക്കാരുമായി ഓഫീസിന് വെളിയില്‍വെച്ച് സംസാരിക്കുമ്പോള്‍പോലും അവര്‍ വല്ലാത്ത ഭയത്തിന്റെ പിടിയിലാണെന്ന് വ്യക്തമാകും. സദാ മാനേജ്‌മെന്റിന്റെ നിരീക്ഷണത്തിലാണ് (ൗെൃ്‌ലശഹഹമിരല) തങ്ങളെന്ന ബോധമാണവരില്‍. മാതൃഭൂമിയില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണെന്ന് മുന്‍ പത്രാധിപസമിതി അംഗം എന്‍.പി രാജേന്ദ്രനും വെളിപ്പെടുത്തിയല്ലോ. എങ്ങനെയാണ് അന്വോന്യം ഭയപ്പെടുന്ന തരത്തില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടമായി മതൃഭൂമി മാറിയത്?
പേടിപ്പിച്ചും നിരന്തരം നിരീക്ഷണവിധേയമാക്കിയും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുക എന്നതാണ് അവിടെ ഇപ്പോഴുള്ള മാനേജ്‌മെന്റ്‌രീതി. ഇതൊരു ഫാഷിസ്റ്റ് ആശയമാണ്. അടിയന്തരാവസ്ഥാവേളയില്‍ ഭരണകൂടവും ഇതേ നയമാണ് സ്വീകരിച്ചത്. വയലിലോ തോട്ടത്തിലോ പണിയെടുപ്പിക്കുമ്പോള്‍ വരമ്പത്ത് സായിപ്പ് തോക്കും പിടിച്ച് നില്‍ക്കുന്ന/ജന്മിമാര്‍ കുടയും പിടിച്ചുനില്‍ക്കുന്ന പ്രാകൃതരൂപമില്ലേ. അതാണിപ്പോള്‍ മാതൃഭൂമിയുടെ അകത്തളം ഓര്‍മിപ്പിക്കുന്നത്. തൊഴിലാളികളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുകയാണവര്‍. ഓരോരുത്തരെയും സൂക്ഷ്മമായി നിരീക്ഷണവിധേയമാക്കുന്നു. സ്ഥാപനത്തിനെതിരെ യാതൊരു വിമര്‍ശനവും അനുവദിക്കാതെ നിശബ്ദരാക്കുന്നു. ന്യൂസ് ഡസ്‌കില്‍തന്നെ എതിരഭിപ്രായമോ വാര്‍ത്ത സംബന്ധിച്ച ചര്‍ച്ചയോ നടക്കുന്നത് കുറഞ്ഞു. തൊഴിലാളികളെ മാനേജ്‌മെന്റിന്റെ പോക്കറ്റിലാക്കിയതിനാലാണ് യൂണിയന്‍ സംസ്ഥാനകമ്മിറ്റി നടത്തിയ നിലനില്‍പ് സമരത്തിനെതിരെ അവിടുത്തെ യൂണിയനെക്കൊണ്ട് നിലപാട് എടുപ്പിച്ചത്.
താങ്കള്‍ക്കെതിരായ മാനേജ്‌മെന്റ് നീക്കത്തില്‍ എഡിറ്റര്‍ക്ക് എന്തെങ്കിലും നിലപാട് കൈക്കൊള്ളാമായിരുന്നില്ലേ. മുമ്പ് വി.കെ മാധവന്‍കുട്ടി കാണിച്ച ധൈര്യമെങ്കിലും. അങ്ങനെയൊന്നും കണ്ടിരുന്നില്ലല്ലോ?
പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഉയര്‍ന്ന അധികാരി എഡിറ്ററാണ്. എഡിറ്റര്‍ക്ക് നിലപാട് എടുക്കാവുന്നതാണ്. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായില്ല. ഒന്നുകില്‍ മാനേജ്‌മെന്റിന്റെ അമിതാധികമാരമുള്ളതിനാല്‍ എല്ലാം മനസിലാക്കി ഒതുങ്ങിക്കഴിയുകയാകാം. ഇതുവരെ അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം നിലപാടെടുത്തിരുന്നെങ്കില്‍ ചെറിയ അച്ചടക്കനടപടിയില്‍ ഒതുക്കാമായിരുന്നു എന്റെ കേസ്.
നിലവിലുള്ള യൂണിയന്‍ നേതൃത്വം താങ്കളുടെ വിഷയത്തില്‍ മൃദുസമീപനമാണ് എടുക്കുന്നതെന്ന ആരോപണം കെ.യു.ഡബ്ല്യു.ജെ മുന്‍ സംസ്ഥാന പ്രസിഡന്റ്‌കെ.സി രാജഗോപാല്‍ ഉന്നയിച്ചിരുന്നുവല്ലോ. ഇതിന് യൂണിയന്‍ സെക്രട്ടറി പത്മനാഭന്‍ മറുപടി എഴുതുക കൂടി ചെയ്തതോടെ സോഷ്യല്‍ മീഡിയയിലും മറ്റും വിഷയം വലിയ ചര്‍ച്ചയുമായിരുന്നു. അത്തരം ആരോപണത്തിനോട് എന്താണ് താങ്കളുടെ പ്രതികരണം?
രാജഗോപാല്‍ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ പൂര്‍ണമായും ശരിയായിരുന്നു. എന്നെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് നീങ്ങുന്ന സാഹചര്യത്തില്‍ ഞാന്‍ യൂണിയന് കത്തയച്ചതുമായി ബന്ധപ്പെട്ടാണ് രാജഗോപാല്‍ സംസ്ഥാനകമ്മിറ്റിക്ക് കത്തെഴുതിയത്. വേജ്‌ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂണിയന്റെ പേരില്‍ സമരം നടത്തിയതിനാണ് ഞാനടക്കമുള്ള നിരവധിപേര്‍ക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ തുടങ്ങിയത്. എന്നാല്‍ തക്കസമയത്ത് എന്നെപ്പോലുള്ളവരെ സംരക്ഷിക്കാനോ വിഷയത്തില്‍ പരിഹാരം കാണാനോ കെ.യു.ഡബ്ല്യു.ജെ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കത്തെഴുതിയത്. 2014 ജൂലായ് മൂന്നിന് എന്നെ മാനേജ്‌മെന്റ്‌സസ്‌പെന്‍ഡ് ചെയ്തു. 11 മാസം സസ്‌പെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഒരു തവണപോലും യൂണിയന്‍ ഭാരവാഹികള്‍ എന്നെ ബന്ധപ്പെട്ടിരുന്നില്ല. തൊഴില്‍പ്രശ്‌നത്തില്‍ വളരെ നെഗറ്റീവായ സമീപനമാണ് അവര്‍ സ്വീകരിച്ചത്. എനിക്കെതിരെ ഡൊമസ്റ്റിക് എന്‍ക്വയറി പ്രഖ്യാപിച്ചവേളയില്‍ സസ്‌പെന്‍ഷനെതിരെ കേസ് കൊടുക്കുന്ന കാര്യം ഉന്നയിച്ച് യൂണിയനെ സമീപിച്ചപ്പോഴും അനുകൂല സമീപനമുണ്ടായില്ല. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പണം സമാഹരിച്ച് അഡ്വ. ജയശങ്കറെ കേസ് നടത്താന്‍ ചുമതലപ്പെടുത്തുകയായിരുന്നു.
എനിക്കെതിരായ നടപടിക്കുമുമ്പേ സമരവുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ അകാരണമായി 26 ഓളം പേരെ സ്ഥലം മാറ്റിയിരുന്നു. രാജഗോപാല്‍ പ്രസിഡന്റും മനോഹരന്‍ മോറായി സെക്രട്ടറിയുമായിരുന്ന വേളയിലാണത്. അന്ന് ഞാന്‍ സംസ്ഥാനകമ്മിറ്റിയംഗവും മാതൃഭൂമി യൂണിയന്റെ ജന.സെക്രട്ടറിയുമാണ്. എന്റെ സമ്മര്‍ദ്ദപ്രകാരം സ്ഥലംമാറ്റവിഷയത്തില്‍ സംസ്ഥാനകമ്മിറ്റി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പൊതുവെ മാനേജ്‌മെന്റുകള്‍ സ്ഥലംമാറ്റുന്ന വിഷയത്തിലൊന്നും കോടതി പരാതി ഫയലില്‍ സ്വീകരിക്കാറില്ല. മാനേജ്‌മെന്റിന്റെ അവകാശമാണെന്ന് പറഞ്ഞ് തള്ളുകയാണ് പതിവ്. എന്നാല്‍ ബ്യൂറോ പോലുമില്ലാത്ത സ്ഥലത്ത് കൂട്ടത്തോടെ ആളുകളെ മാറ്റിയതിനാലാകാം അന്ന് പരാതി ഫയലില്‍ സ്വീകരിച്ചത്. ഇത് മാനേജ്‌മെന്റിന് വലിയ ക്ഷീണമായി. അതിനുശേഷമാണ് അതുവരെ തടഞ്ഞുവെച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം സ്ഥലംമാറ്റത്തിന് ഇരയായവര്‍ക്ക് ലഭിച്ചത്. എന്നാല്‍ കെ.യു.ഡബ്ല്യു.ജെയുടെ പുതിയ സംസ്ഥാനകമ്മിറ്റി നിലവില്‍ വന്നപ്പോള്‍ ഹൈക്കോടതിയിലെ കേസ് പിന്‍വലിച്ചു. മാതൃഭൂമിയിലെ ജേര്‍ണലിസ്റ്റ് യൂണിയനുമായി ആലോചിച്ചാണ് കേസ് പിന്‍വലിച്ചതെന്നാണ് അവരുടെ വിശദീകരണം. എന്നാല്‍ മാനേജ്‌മെന്റിന്റെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്ന യൂണിയനായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. ഇതറിഞ്ഞിട്ടും അവരുമായി ആലോചിച്ച് കേസ് പിന്‍വലിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. മാനേജ്‌മെന്റ് യൂണിയനെക്കൊണ്ട് സമ്മര്‍ദ്ദം ചെലുത്തി കേസ് പിന്‍വലിപ്പിക്കുകയായിരുന്നു. കേസ് പിന്‍വലിക്കുമ്പോള്‍ കിട്ടിയിരുന്നു എന്ന് പറയുന്ന ഉറപ്പ് എല്ലാവരെയും തിരികെ കൊണ്ടുവരുമെന്നായിരുന്നു. പേരിന് ചിലരെ തിരിച്ചുകൊണ്ടുവന്നതല്ലാതെ മറ്റൊന്നും നടന്നില്ല. ലൈബ്രറിപോലുമില്ലായിരുന്ന സ്ഥലത്തേക്ക് ലൈബ്രേറിയനെ മാറ്റിയപ്പോള്‍ മാതൃസ്ഥാപനത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. അതിനാല്‍ അയാളെപ്പോലുള്ള ചിലരെ തിരിച്ചുകൊണ്ടുവന്നു. സസ്‌പെന്‍ഷനിലിരിക്കുന്ന എന്നെ പുറത്താക്കാന്‍ സാധ്യതയില്ലെന്നായിരുന്നു യൂണിയന്റെ വിശദീകരണ കത്തില്‍ ഉള്ളത്. ഈ ഉറപ്പ് ആരാണ് കൊടുത്തതെന്നറിയില്ല. അവസാനം എനിക്ക് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയപ്പോഴേക്ക് എല്ലാവരെയുംപോലെ യൂണിയനും അമ്പരന്നു. അതോടെ ധൃതിപിടിച്ച് അവര്‍ക്ക് നിലപാട് എടുക്കേണ്ടിവന്നു. അങ്ങനെയാണ് നിലനില്‍പ് സമരത്തിലേക്ക് വരെ യൂണിയന്‍ എത്തിയത്. യൂണിയന്റെ തിരഞ്ഞെടുപ്പും അടുത്ത മാസം വരാന്‍ പോകുകയാണ്. അതും സമരത്തിലേക്ക് എടുത്തുചാടാന്‍ ഒരു കാരണമായിരിക്കാം.
മറ്റേത് പൗരനും ഇല്ലാത്ത എന്തോ പ്രത്യേക അധികാരമുണ്ടെന്ന തെറ്റായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കുമേലും ഇതരസമരങ്ങള്‍ക്കുനേരെയും കുതിര കയറുന്നവരെപ്പോലെ പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ പെരുമാറാറുണ്ട്. സ്വന്തം നിലനില്‍പ് ഭീഷണിയിലായപ്പോള്‍ പൊതുജനം അതിനെ വേണ്ടത്ര ഗൗരവത്തിലെടുക്കാത്തതിന് പിന്നില്‍ ഇതും ഒരു കാരണമല്ലേ?
ഈയൊരു വിമര്‍ശനത്തില്‍ കഴമ്പുണ്ട്. എങ്കിലും പത്രപ്രവര്‍ത്തകരുടെ നീറുന്ന പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് ഇതര ട്രേഡ് യൂണിനുകള്‍ സഹകരിക്കാന്‍ തയ്യാറായി എന്നത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. യൂണിയന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന നിലനില്‍പ് സമരത്തിന്റെ വിജയം അതാണ് കാണിക്കുന്നത്. സമരത്തിന് മുമ്പ് വിളിച്ചുചേര്‍ത്ത സംഘാടനസമിതിയോഗത്തില്‍ പുറത്തുനിന്ന് വന്ന ഒരു ട്രേഡ് യൂണിയന്‍ നേതാവ് ഇങ്ങനെയാണ് പറഞ്ഞത്: ”എല്ലാ അവകാശങ്ങളും അനുഭവിക്കുന്ന ഏതോ ഉയരത്തിലിരിക്കുന്നവരാണ് നിങ്ങളെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. മാസങ്ങളോളം വേതനം കിട്ടാത്ത അവസ്ഥയടക്കം നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരാണ് പത്രപ്രവര്‍ത്തകരും എന്ന് ഇപ്പോഴാണ് മനസിലായത്. ഇത്തരം കാര്യങ്ങളൊന്നും നിങ്ങള്‍ തുറന്നുപറയാറില്ലല്ലോ…”
സ്വതന്ത്രമായ ഒരു ട്രേഡ് യൂണിയന്‍ സ്വഭാവം പത്രപ്രവര്‍ത്തക സംഘടനയ്ക്കില്ല. രാഷ്ട്രീയ ഇടപെടലും മാനേജ്മന്റ്തലത്തിലുള്ള ഇടപെടലും യൂണിയനിലുണ്ടാകുന്നു. നിലനില്‍പ്പ് സമരത്തില്‍ സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുമെന്ന് പറഞ്ഞിട്ടും അവസാനനിമിഷം വരാതിരുന്നതിലും ഇത്തരം ഇടപെടലുണ്ടാകുമോ? സമരവേദിക്ക് സമീപത്തെ മറ്റൊരു പരിപാടിയില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നു.
അതേക്കുറിച്ച് വ്യക്തമായ അറിവില്ല. നിലനില്‍പ് സമരത്തില്‍ യെച്ചൂരി പങ്കെടുക്കുമെന്ന് യൂണിയന്‍ അംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടാണോ അങ്ങനെ അറിയിപ്പുണ്ടായതെന്നറിയില്ല. സമരത്തില്‍ സി.പി.എം നേരിട്ട് ഇടപെട്ടിട്ടില്ല. ചിലപ്പോള്‍, സംസ്ഥാനഘടകം ഇടപെടാത്തിടത്ത് അഖിലേന്ത്യാനേതൃത്വം നേരിട്ടിടപെടേണ്ടതില്ല എന്നതിനാല്‍ വരാതിരുന്നതാകാം. വീരേന്ദ്രകുമാര്‍ ഇത് സംബന്ധിച്ച് നേരിട്ട് അദ്ദേഹത്തെയോ പാര്‍ട്ടിയെയോ ബന്ധപ്പെട്ടിട്ടുണ്ടാകുമോ എന്നും പറയാനാകില്ല.
വേജ്‌ബോര്‍ഡ് വിഷയം വന്നപ്പോള്‍ മാതൃഭൂമി പോലെ കൂടുതല്‍ തൊഴിലാളികളുള്ള മനോരമയിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരേണ്ടതല്ലേ. അവിടെയും ഈ ശമ്പളകമ്മീഷന്‍ അധികബാധ്യതയുണ്ടാക്കുന്നില്ലേ. സമരം ചെയ്തതിന്റെ പേരില്‍ ചിലരെ അവിടെയും ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട് എന്ന് സംസ്ഥാനപ്രസിഡന്റ് പറയുന്നു. എന്നാല്‍ മാതൃഭൂമിയിലുണ്ടായതുപോലെ വിഷയം മനോരമയില്‍ ഉണ്ടായതുമില്ല?
മനോരമ കാര്യങ്ങള്‍ പ്രൊഫഷണലായും വളരെ തന്ത്രപരവുമായുമാണ് കൈകാര്യം ചെയ്തത് എന്നാണ് തോന്നുന്നത്. തൊഴിലാളികളുടെ സംഘടനാപ്രവര്‍ത്തനം അനിവാര്യമാകുന്ന തരത്തിലുള്ള സാഹചര്യം അവര്‍ പരമാവധി സൃഷ്ടിക്കാതെ നോക്കുന്നു. അതിനാല്‍ തൊഴിലാളികള്‍ പ്രകോപിതരാകുന്നുമില്ല. ട്രേഡ് യൂണിയനിസം ഒട്ടുമിഷ്ടപ്പെടാത്തതിനാല്‍ അവര്‍ സംഘടിക്കാനുള്ള സാധ്യത ഇല്ലാതാക്കിക്കളയുന്നു. വേജ്‌ബോര്‍ഡ് വിഷയം വന്നപ്പോള്‍ മനോരമ പറഞ്ഞത് ‘കേസ് സുപ്രീംകോടതിയിലാണുള്ളത്, വിധി എന്താണോ വരുന്നത് അതിവിടെ നടപ്പാക്കുമെന്നാണ്’. മാതൃഭൂമി മാനേജ്‌മെന്റാകട്ടെ ‘നടപ്പാക്കില്ല’ എന്നാണ് പറഞ്ഞത്. വിധി വന്നപ്പോള്‍ മനോരമ നടപ്പാക്കി എന്ന് മാത്രമല്ല ഇപ്പോള്‍ സഌബ് രണ്ടില്‍ നിന്ന് ഒന്നിലേക്ക് ഉയര്‍ത്തി. ബുദ്ധിപൂര്‍വമുള്ള സമീപനമാണവരുടേത്. ഇപ്പോള്‍ യൂണിന്റെ സമരവാര്‍ത്തകള്‍ അവര്‍ കൊടുക്കുന്നു. മുഖം മിനുക്കാനും മാതൃഭൂമിയെ ഇകഴ്ത്താനുമാണത്. സംതൃപ്തരായ തൊഴിലാളികളാണ് ഏതൊരു സ്ഥാപനത്തിന്റെയും സമ്പത്ത്. അസംതൃപ്തരുടെ താവളമായി മാതൃഭൂമി മാറുന്നു. ഇതെന്ത് പ്രൊഫഷണല്‍ മാനേജ്‌മെന്റാണെന്ന് മനസിലാകുന്നില്ല.
മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവവും മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യവും തമ്മില്‍ അന്വോന്യം ബന്ധിതമല്ലേ. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പല തൊഴിലവകാശസമരത്തിലും മാധ്യമപ്രവര്‍ത്തകര്‍ എടുത്ത തെറ്റായ സമീപനത്തിന്റെ പരിണിതിയുമല്ലേ ഈ പ്രശ്‌നത്തിന് വേണ്ടത്ര പൊതുജനപിന്തുണ കിട്ടാതിരുന്നത്?
ശരിയാണ്. പാവപ്പെട്ട പത്ര ഏജന്റുമാരുടെ സമരത്തെപോലും പൊളിക്കാന്‍ കൂട്ടുനിന്നവരാണ് പത്രപ്രവര്‍ത്തകര്‍. ഇപ്പോള്‍ അതിലും ദയനീയമായ അവസ്ഥ പത്രപ്രവര്‍ത്തകര്‍ നേരിടുകയാണ്. എജന്റുമാരുടെ സമരം പൊളിക്കാന്‍ മാനേജ്മന്റിനുവേണ്ടി കരിങ്കാലിപ്പണി ചെയ്തവരാണ് നമ്മളെന്ന് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ മലപ്പുറം സമ്മേളനത്തില്‍ ഒരാള്‍ വിമര്‍ശനമുന്നിയിച്ചിരുന്നു. അന്ന് ആരോപണം ഉന്നയിച്ചയാളെയും മാനേജ്‌മെന്റ് പിന്നീട് സ്ഥലം മാറ്റിയെന്ന് അറിയണം. നല്ല മാധ്യമപ്രവര്‍ത്തനവും നല്ല തൊഴിലാളിപ്രവര്‍ത്തനവും മാധ്യമസ്ഥാപനങ്ങളില്‍ നടക്കുന്നില്ല. എഡിറ്റോറിയല്‍ എന്നതിലുപരി അഡ്വറ്റോറിയല്‍ എന്ന നിലയിലേക്ക് മാറുകയാണ്. പോസീറ്റീവ് ന്യൂസ് എന്ന കണ്‍സെപ്റ്റ് കൊണ്ടുവരികയാണ്. അങ്ങനെയൊരു ന്യൂസ് ഉണ്ടോ? പുകഴ്ത്തിക്കൊണ്ടുള്ള വാര്‍ത്തകളും ഡെവലപ്മന്റ് ന്യൂസും കൂടുന്നു. അണ്ടര്‍ ഡെവലപ്ഡ് ആയിട്ടുള്ള ആളുകളുടെ പ്രശ്‌നങ്ങള്‍, വാര്‍ത്തകള്‍ എവിടെ? അന്വോന്യം ഉയര്‍ച്ചതാഴ്ചകളില്ലാതെ ജേര്‍ണലിസ്റ്റുകള്‍ തര്‍ക്കിക്കുന്ന, സംവാദാത്മക ഇടം ന്യൂസ് ഡസ്‌കില്‍നിന്ന് ഇല്ലാതാകുകയാണ്. ഭയപ്പാടില്ലാതെ വാര്‍ത്തകളെ സമീപിക്കുന്ന ഇടം നഷ്ടമാകുമ്പോള്‍ ജനാധിപത്യ ഇടവും വാര്‍ത്തകളുടെ വ്യത്യസ്ത വീക്ഷണങ്ങളും ഇല്ലാതാകും. ഇതിന്റെ പ്രതിഫലനം സമൂഹത്തിലേക്കും വ്യാപിക്കും.
കേരളത്തില്‍ പുതുതായി ഉയര്‍ന്നുവരുന്ന നിരവധി സമരങ്ങളുമുണ്ട്. നേരത്തെ നാം കണ്ടുപരിചയിച്ച രീതിയിലുള്ളതല്ല ആ സമരങ്ങള്‍. അത്തരത്തിലൊന്നാണ് പത്രപ്രവര്‍ത്തനമേഖലയിലെ തൊഴില്‍പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന സമരവും. പുതുസമരങ്ങളെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് അഭിസംബോധന ചെയ്യാന്‍ കഴിയുന്നില്ല. ഇതേ ഘട്ടത്തില്‍ ഒട്ടും ട്രേഡ് യൂണിയനിസം അവകാശപ്പെടാനാകാത്ത കെ.യു.ഡബ്ല്യു. ജെയ്ക്ക് ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാനാകുമോ?
പൂര്‍ണമായും ശരിയാണീ നിഗമനം. ട്രേഡ് യൂണിയന്‍ മെമ്പര്‍ഷിപ്പിനുവേണ്ടി തൊഴില്‍ദാതാവിന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ട ഏക തൊഴില്‍പ്രസ്ഥാനമാണ് കെ.യു.ഡബ്ല്യു.ജെ പത്രപ്രവര്‍ത്തകമേഖലയിലും പഴയ ശൈലിയിലുള്ള ട്രേഡ്‌യൂണിയന്‍ ഇന്ന് അപ്രസക്തമാകുകയാണ്. പുതിയ കാലത്തെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാന്‍ അതിന് കഴിയുന്നില്ല. മാധ്യമസ്ഥാപനത്തിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അടിമുടി മാറ്റേണ്ടതുണ്ട്. തൊഴില്‍ അസ്ഥിരത, കരാര്‍വല്‍ക്കരണം, കോര്‍പ്പറ്റേറ്റ്‌വല്‍ക്കരണം എന്നിവ കൂടിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ പത്രങ്ങളില്‍ ഏറെക്കാലമായി ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പൊതുവായ പ്രശ്‌നങ്ങളായി പലതും വളര്‍ന്നിരുന്നില്ല. അതാത് സ്ഥാപനത്തില്‍തന്നെ പരിഹാരിക്കാവുന്ന തൊഴില്‍ പ്രശ്‌നങ്ങളായിരുന്നു അവയൊക്കെയും. എന്നാലിപ്പോള്‍ മിക്കസ്ഥാപനങ്ങളിലും തൊഴിലാളികള്‍ പൊതുവായ പല പീഡനങ്ങളും നേരിടുന്നുണ്ട്. അധികാരകേന്ദ്രവുമായി ഒട്ടിനിന്ന് കാര്യങ്ങള്‍ നേടിയെടുക്കാമെന്നും അവരുമായി സംസാരിച്ച് സമവായത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും കരുതുന്നതാണ് നിലവിലുള്ള യൂണിയന്‍ പ്രതിനിധികളുടെ പലരുടെയും പൊതുസമീപനം. എന്നാല്‍ അങ്ങനെ പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നമല്ല ഇന്നു രൂപം കൊള്ളുന്നത്. ഈ മേഖലയില്‍ കരാര്‍ ജീവനക്കാര്‍ കൂടുകയാണ്. 10 കൊല്ലത്തിനകം അവരാകും കൂടുതല്‍. അവരുടെ വിഷയം ആരാണ് ഏറ്റെടുക്കുക? ഒന്ന് രണ്ട് സമ്മേളനത്തില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. കൃത്യമായി നിലപാട് എടുക്കാനായില്ല. ഇപ്പോഴും ഈ വിഷയം സമസ്യയായി നില്‍ക്കുന്നു. ശക്തമായ ട്രേഡ് യൂണിനാകണമെങ്കില്‍ അവരെയും ഉള്‍പ്പെടുത്തണം. ധനലക്ഷ്മി ബാങ്കില്‍ ഒരു മാനേജരെ പുറത്താക്കിയപ്പോള്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങി. മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിയപ്പോള്‍ അങ്ങനെയൊരു സമരം ഉയര്‍ന്നുവരാതിരുന്നത് ഇത് ശരിയായ തോതിലുള്ള ട്രേഡ് യൂണിയന്‍ അല്ലാത്തതുകൊണ്ടാണ്. ഏതെങ്കിലും പ്രമുഖ ട്രേഡ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് കൂടുതല്‍ സമരസജ്ജരായ തൊഴിലാളിവിഭാഗമായി കെ.യു.ഡബ്യു.ജെ മാറേണ്ടതുണ്ട്.
വ്യക്തിപരമായ ചില കാര്യങ്ങളിലേക്ക് വരാം. മാധ്യമപ്രവര്‍ത്തന ജീവിതവും അതിന് മുമ്പുള്ള കാലവും രാഷ്ട്രീയവും. പിരിച്ചുവിട്ടശേഷമുള്ള ജീവിതാവസ്ഥ?
18 വര്‍ഷംമുമ്പ് സെന്‍ട്രല്‍ സര്‍വീസില്‍ ലക്ഷദ്വീപില്‍ അധ്യാപകനായിരുന്നു. അത് രാജിവെച്ചാണ് മാതൃഭൂമിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ 12 കൊല്ലം സര്‍വീസ് ബാക്കിയിരിക്കെയാണ് പിരിച്ചുവിടല്‍. പിരിച്ചുവിടപ്പെട്ടശേഷമുള്ള ജീവിതത്തെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. സമരാവേശത്തില്‍ മുഴുകുന്നവര്‍ക്ക് പിരിച്ചുവിടപ്പെട്ടയാളുടെ മാനസിക-സാമ്പത്തികാവസ്ഥയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. അഭിമാനക്ഷതം സംഭവിച്ച യഥാര്‍ത്ഥ ഇരയുടെ അവസ്ഥ വേറൊന്നുതന്നെയാണ്. അതിലൂടെ കടന്നുപോകുകയാണ് ഞാനിപ്പോള്‍. കണ്ണൂര്‍ ധര്‍മശാലയിലാണ് വീട്. ഭാര്യയും ഒരു കുഞ്ഞുമുണ്ട്. പഠനകാലത്ത് എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം. പിന്നീട് തളിയില്‍ സി.പി.എം ബ്രാഞ്ച് അംഗം. അധ്യാപകനായതോടെ രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. പിന്നീട് പത്രപ്രവര്‍ത്തനത്തില്‍മാത്രം മുഴുകുകയായിരുന്നു.
(കേരളീയം കടപ്പാട്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in