നിപ്പ വൈറസും അലോപ്പതി മാത്ര വാദികളും

നിപ്പ ഭീതി ഏറെക്കുറെ ഒഴിഞ്ഞതായാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. 16 പേര്‍ മരിച്ചെങ്കിലും അതിനേക്കാള്‍ ദുരന്തത്തിനു സാധ്യതയുണ്ടായിരുന്നെന്നും ചടുലമായ ഇടപെടലുകളിലൂടെ അതു തടായാനായെന്നുമാണ് അവകാശവാദം. അത് ശരിയായിരിക്കാം. ഇക്കാര്യത്തില്‍ തങ്ങളുടെ തൊഴിലാണെങ്കിലും അത് കൃത്യമായി ചെയ്തവരെ അഭിനന്ദിക്കണം. ഒപ്പം രക്തസാക്ഷിയായ ഒരു പാവം നഴ്‌സിനെ കേരളം സ്മരിക്കുകയും വേണം. അതേസമയം വളരെ നിഷേധാത്മകമായ പല പ്രവണതകളും ഇക്കാലയളവില്‍ കേരളം കണ്ടു. പല അലോപ്പതി ഡോക്ടര്‍മാരുടെയും അഹങ്കാരത്തേയും മറ്റു വൈദ്യശാഖകളോടുള്ള അവരുടെ അസഹിഷ്ണുതാപൂര്‍ണ്ണമായ സമീപനവുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. തങ്ങളുടേതൊഴികെ മറ്റെല്ലാ […]

aaa

നിപ്പ ഭീതി ഏറെക്കുറെ ഒഴിഞ്ഞതായാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. 16 പേര്‍ മരിച്ചെങ്കിലും അതിനേക്കാള്‍ ദുരന്തത്തിനു സാധ്യതയുണ്ടായിരുന്നെന്നും ചടുലമായ ഇടപെടലുകളിലൂടെ അതു തടായാനായെന്നുമാണ് അവകാശവാദം. അത് ശരിയായിരിക്കാം. ഇക്കാര്യത്തില്‍ തങ്ങളുടെ തൊഴിലാണെങ്കിലും അത് കൃത്യമായി ചെയ്തവരെ അഭിനന്ദിക്കണം. ഒപ്പം രക്തസാക്ഷിയായ ഒരു പാവം നഴ്‌സിനെ കേരളം സ്മരിക്കുകയും വേണം.
അതേസമയം വളരെ നിഷേധാത്മകമായ പല പ്രവണതകളും ഇക്കാലയളവില്‍ കേരളം കണ്ടു. പല അലോപ്പതി ഡോക്ടര്‍മാരുടെയും അഹങ്കാരത്തേയും മറ്റു വൈദ്യശാഖകളോടുള്ള അവരുടെ അസഹിഷ്ണുതാപൂര്‍ണ്ണമായ സമീപനവുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. തങ്ങളുടേതൊഴികെ മറ്റെല്ലാ വൈദ്യശാസ്ത്രശാഖകളും തട്ടിപ്പാണെന്നു വിശ്വസിക്കുന്ന പല അലോപ്പതി ഡോക്ടര്‍മാരും ഈയവസരം ഭംഗിയായി ഉപയോഗിക്കുകയായിരുന്നു. നിപ്പക്ക് അലോപ്പതിയില്‍ പോലും ഫലപ്രദമായ മരുന്നില്ലെന്നിരിക്കെ, മരുന്നില്ലെന്നു പറഞ്ഞ് മറ്റു ശാഖകളെ അക്രമിക്കാനുള്ള അവസരമായാണ് പലരും നിപ്പ കാലഘട്ടത്തെ ഉപയോഗിച്ചത്.
ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) എന്നിവയെല്ലാം അല്ലോപ്പതിയെപോലെ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള വൈദ്യശാസ്ത്ര ശാഖകളാണ്. എന്നാല്‍ പല അലോപ്പതി ഡോക്ടര്‍മാര്‍ക്കും ശാസ്ത്രമാത്രവാദികള്‍ക്കും അവയെല്ലാം മന്ത്രവാദം പോലെ തട്ടിപ്പാണ്. ഓരോ വൈദ്യശാസ്ത്രശാഖക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പല അസുഖങ്ങള്‍ക്കും പല വ്യക്തികളിലും വ്യത്യസ്ഥശാഖകളായിരിക്കും ഗുണം ചെയ്യുക. അത്തരത്തിലുള്ള അനുഭവങ്ങളുള്ള എത്രയോ പേര്‍ ഇവിടെയുണ്ട്. എന്നാല്‍ ആ അനുഭവങ്ങളെപോലും തള്ളിക്കളഞ്ഞാണ് എല്ലാം തട്ടിപ്പാണെന്ന പ്രചരണം. തട്ടിപ്പുകാര്‍ സ്വാഭാവികമായും എല്ലാ മേഖലയുലുമുണ്ടാകും. അലോപ്പതി രംഗത്താണ് തട്ടിപ്പുകാര്‍ ഏറ്റവും കൂടുതലെന്ന് ആര്‍ക്കാണറിയാത്തത്്?
അലോപ്പതിയുടെ മാഹാത്മ്യത്തെ പറ്റി ഘോരഘോരം പറയുന്നവര്‍ ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. എന്നാല്‍ അവയെയൊന്നും അഭിമുഖീകരിക്കാതൊണ് മറ്റുള്ളവരെ പഴി ചാരി രക്ഷപ്പെടുന്നത്. ഇത്രമാത്രം ആശുപത്രികളും ഡോക്ടര്‍മാരും മരുന്നുവില്‍പ്പനയും പരിശോധനകളുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് കേരളം ഇന്ന് രോഗാതുരമായ സമൂഹമായി മാറി എന്നതുതന്നെയാണ് പ്രധാന ചോദ്യം? എല്ലാ മഴക്കാലത്തും നമ്മെ സ്വീകരിക്കുന്നത് വൈവിധ്യമാര്‍ന്ന പനികളാണ്. ഇത്തവണ അത് നിപ്പപനിയാണെന്നു മാത്രം. ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്തെന്നഹങ്കരിക്കുമ്പോഴാണ് പനിവന്നുപോലും നിരവധ ിപേര്‍ മരിക്കുന്നത്. വര്‍ഷം തോറും മരിക്കുന്നവരില്‍ മിക്കവരും അലോപ്പതി ചികിത്സ തേടിയവരാണെന്നു മറച്ചുവെച്ചാണ് മറ്റു വൈദ്യശാസ്ത്രശാഖകളെ അക്രമിക്കുന്നത്.
മലയാളിയുടെ ആരോഗ്യത്തെ കുറിച്ചുള്ള വാചാടോപങ്ങള്‍ നിര്‍ത്തി യാഥാര്‍ത്ഥ്യബോധത്തോടെ വിഷയത്തെ സമീപിക്കുകയാണ് വേണ്ടത്. പ്രാഥമിക ആരോഗ്യരംഗത്ത് ആദ്യകാലത്തുണ്ടായ നേട്ടങ്ങളുടെ ഗുണം കൊയ്തത് സ്വകാര്യമേഖലയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കഴുത്തറപ്പന്‍ കച്ചവടമായി ആരോഗ്യമേഖല മാറികഴിഞ്ഞു. പൊതുമേഖലയാകട്ടെ പരിമിതികളിലും ആധുനിക സൗകര്യങ്ങളില്ലാതേയും വീര്‍പ്പുമുട്ടന്നു. നേരത്തെയുണ്ടായ മാറ്റങ്ങളുടെ ഫലമായുണ്ടായ ആയുര്‍ദൈര്‍ഘ്യവര്‍ദ്ധനയുണ്ടായെങ്കിലും രോഗാതുരതയില്‍ നമ്മള്‍ വളരെ മുന്നില്‍ തന്നെയാണ്. ചികിത്സക്കും മരുന്നുകള്‍ക്കുമായി ഏറ്റവുമധികം തുക ചിലവാക്കുന്നതും നമ്മള്‍ തന്നെ. അവയില്‍ വലിയൊരു ഭാഗം അനാവശ്യവും സ്വകാര്യ ആശുപത്രികളും മരുന്നു നിര്‍മ്മാണക്കാരും നടത്തുന്ന കൊള്ളയുമാണ്. അതെല്ലാം നടക്കുന്നത് ഡോക്ടര്‍മാരുടെ ഒത്താശയോടെയാണുതാനും.
രോഗികളോടുള്ള സമീപനത്തില്‍ പൊതുവില്‍ അലോപ്പതി ഡോക്ടര്‍മാര്‍ വളരെ മോശം നിലപാടാണഅ സ്വീകരിക്കുന്നത്. രോഗിയുടെ പ്രശ്‌നങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും പലര്‍ക്കും സമയമില്ല. അതുവഴി രോഗിയുടെ സ്വാഭാവികമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. ചികിത്സയുടെ കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ രോഗിയുടെ അറിവോടും, പങ്കാളിത്തത്തോടും, സ്വതന്ത്രമായ സമ്മതത്തോടും കൂടിയായിരിക്കണം. അതിന് പാകമായ അവസ്ഥയിലല്ല രോഗിയെങ്കില്‍, അടുത്ത കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സമ്മതവും ഉറപ്പുവരുത്തണം, എന്താണ് രോഗം, നല്‍കാന്‍ പോകുന്ന ചികിത്സ എന്തൊക്കെ, തുടര്‍ നടപടികള്‍ എന്തായിരിക്കും, ഭവിഷ്യത്തുക്കള്‍ ഉണ്ടെങ്കില്‍ അവയുടെ സാധ്യത എത്രത്തോളം ചിലവ് എത്രത്തോളം എന്നിവ രോഗി/അടുത്ത ബന്ധുക്കള്‍ എന്നിവരെ അറിയിക്കണം, രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കണം, രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാര്‍ഹിക പാശ്ചാത്തലവും പരിഗണിച്ച്, ആസ്പത്രിയിലോ സമീപ പ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം, രോഗിക്ക് ലഭിക്കേണ്ട ആദരം, സ്വകാര്യത, മാന്യത- രോഗിയുടെ ശരീരം, ആത്മാഭിമാനം, സ്വകാര്യത ഇവയെല്ലാം ആദരിക്കപ്പെടണം, രോഗം ഏതെങ്കിലും വിധത്തിലുള്ള അയോഗ്യതയായി രോഗിക്ക് തോന്നാനിടയാകരുത്, രോഗിയുടെ രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാവിധികള്‍ക്ക് പുറമെ ലഭ്യമായ മറ്റ് രോഗനിവാരണമാര്‍ഗ്ഗങ്ങള്‍ (ആയുര്‍വ്വേദം, ഹോമിയോ, പ്രകൃതിജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികള്‍ക്ക് നല്‍കണം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ചികിത്സാപദ്ധതികള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, അതത് കാലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് രോഗിയെ/ ബന്ധുക്കളെ ധരിപ്പിക്കണം, തന്നെ ആരാണ് ചികിത്സിക്കുന്നത്, ഡോക്ടറിന്റെ പേര്, അദ്ദേഹത്തിന്റെ സവിശേഷ യോഗ്യതകള്‍ എന്നിവ രോഗിക്ക് അറിയാന്‍ കഴിയണം, ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള രോഗിയുടെ അവകാശം, മറ്റൊരു ഡോക്ടറേയോ ആസ്പത്രിയിലോ ബന്ധപ്പെട്ട് വിദഗ്ദ്ധാഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം, ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗിക്ക് തന്റെ രോഗം സംബന്ധിച്ച കണ്ടെത്തലുകള്‍ എന്തൊക്കെ, നല്‍കപ്പെട്ട ചികിത്സകള്‍ എന്തൊക്കെ, തുടര്‍ ചികിത്സകള്‍, രോഗസാധ്യതകള്‍, എന്നിവ സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് രേഖാമൂലം ലഭിക്കണം, പരാതികളുണ്ടെങ്കില്‍, ആരുടെപക്കല്‍ എപ്രകാരം നല്‍കണം, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമോ, പരാതിയിന്മേല്‍ നടത്തപ്പെട്ട അന്വേഷണം, സ്വീകരിച്ച നടപടികള്‍-എന്നിവ സംബന്ധിച്ച വ്യക്തത രോഗിക്ക് ലഭിക്കണം, പരീക്ഷണത്തിലിരിക്കുന്ന മരുന്ന്/ രാസവസ്തുവാണ് രോഗിക്ക് നല്‍കുന്നതെങ്കില്‍ ആ വിവരം മുന്‍കൂട്ടി വ്യക്തമായും വിശദമായും രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ രോഗിയുടെ അടുത്ത ബന്ധുക്കളും അറിഞ്ഞിരിക്കണം. പരീക്ഷിക്കപ്പെടുന്ന മരുന്നിന്റെ ഗുണദോഷങ്ങള്‍, അതുമൂലം രോഗിക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍, നഷ്ടപരിഹാര സാധ്യതകള്‍ എല്ലാം രോഗിയെ/ബന്ധുക്കളെ രേഖാമൂലം അറിയിച്ചിരിക്കണം, ആസ്പത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും കാണത്തക്കവിധം ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പരസ്യബോര്‍ഡുകള്‍ ആസ്പത്രിയുടെ കവാടത്തിലും, വിവരങ്ങള്‍നല്‍കുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കേണ്ടതാണ് തുടങ്ങി രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയല്ലേ മറുപടി? രോഗിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന രീതിയില്‍ മരുന്നുകളുടെ പേരുപോലും എഴുതാനവര്‍ തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം. രോഗത്തെ കുറിച്ച് വ്യക്തമായ ചിത്രവും രോഗിക്കോ ബന്ധുക്കള്‍ക്കോ നല്‍കാറുമില്ല.
ഒരു രോഗിയെ കി്ടിയാല്‍ എങ്ങനെ അവന്റെ പോക്കറ്റ് കാലിയാക്കാം എന്ന അവസ്ഥയിലേക്ക് കേരളത്തിലെ സ്വകാര്യ വൈദ്യമേഖല മാറികഴിഞ്ഞിരിക്കുന്നു. അനാവശ്യചികിത്സകളും ശസ്ത്രക്രിയകളും പരിശോധനകളും മരുന്നുകളും മുതല്‍ ശവശരീരത്തെ പോലും ചികത്സിക്കല്‍ വരെ അത് നീളുന്നു. രോഗിക്ക് ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ പറയാനുമില്ല. മരുന്നുകമ്പനികളാണ് പൊതുവില്‍ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്നത്. വന്‍തുക കൊടുത്ത് ഡോക്ടറായി വരുന്നവര്‍ ആ പണം പളിശയടക്കം തിരിച്ചുപിടിക്കാന്‍ സ്വാഭാവികമായും സംഭവിക്കുന്നതാണ് ഇവിടെ നടക്കുന്നത്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍ ഇതാണ് മുഖ്യപ്രവണത. എന്തെങ്കിലും നൈതികത സൂക്ഷിക്കുവരാണ് ഒറ്റപ്പെട്ട സംഭവം. ഈ നിലയിലെത്തിയ അലോപ്പതി വൈദ്യമേഖലയെ ശരിയാക്കിയെടുക്കാന്‍ ചെറുവിരല്‍ പോലും അനക്കാതെയാണ് പല അലോപ്പതി മൗലികവാദികളും മറ്റു വൈദ്യശാസ്ത്രശാഖകളെല്ലാം തട്ടിപ്പാണെന്ന പ്രചരണം നടത്തുന്നത്. അവര്‍ക്കു സുവര്‍ണ്ണാവസരമായിരുന്നു നിപ്പ വൈറസ് നല്‍കിയത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply