നവ രാഷ്ട്രീയം ഇന്ത്യയില്‍
ഐ ഗോപിനാഥ് ആകാശവാണിയില്‍ നടത്തിയ പ്രഭാഷണം ഇന്ത്യയില്‍ ഒരു നവ രാഷ്ട്രീയം ഉയര്‍ന്നു വരുന്നുണ്ടോ? തീര്‍ച്ചയായും വളരെ പ്രസക്തമായ ചോദ്യമാണത്. സൂക്ഷ്മമായ പരിശോധനയില്‍ അതിനുള്ള മറുപടി ഉണ്ട് എന്നുതന്നെ. അത് സ്വാഭാവികമാണു താനും. എന്തൊക്കെ പരിമിതികളുമുണ്ടെങ്കിലും ജനാധിപത്യവ്യവസ്ഥയെന്നത് ചലനാത്മകമാണ്. അത് ജീര്‍ണ്ണത നേരിടുമ്പോള്‍ അതിനകത്തുനിന്നു തന്നെ ജീര്‍ണ്ണതക്കെതിരായ ശക്തികള്‍ രൂപപ്പെടും. ആന്തരികവൈരുദ്ധ്യങ്ങളാണ് ഒരു വസ്തുവിന്റേയോ പ്രതിഭാസത്തിന്റേയോ സ്വഭാവം നിര്‍ണ്ണയിക്കുക എന്ന് കാറല്‍ മാര്‍ക്‌സും നിരീക്ഷിച്ചിട്ടുണ്ടല്ലോ. പുറത്തുള്ള സംഭവങ്ങള്‍ക്ക് അതിനെ സ്വാധീനിക്കാന്‍ കഴിയുമായിരിക്കും. ഇന്ത്യയുടെ മുന്‍ചരിത്രം തന്നെ പരിശോധിക്കുക. […]
ആകാശവാണിയില്‍ നടത്തിയ പ്രഭാഷണം
ഇന്ത്യയില്‍ ഒരു നവ രാഷ്ട്രീയം ഉയര്‍ന്നു വരുന്നുണ്ടോ? തീര്‍ച്ചയായും വളരെ പ്രസക്തമായ ചോദ്യമാണത്. സൂക്ഷ്മമായ പരിശോധനയില്‍ അതിനുള്ള മറുപടി ഉണ്ട് എന്നുതന്നെ. അത് സ്വാഭാവികമാണു താനും. എന്തൊക്കെ പരിമിതികളുമുണ്ടെങ്കിലും ജനാധിപത്യവ്യവസ്ഥയെന്നത് ചലനാത്മകമാണ്. അത് ജീര്‍ണ്ണത നേരിടുമ്പോള്‍ അതിനകത്തുനിന്നു തന്നെ ജീര്‍ണ്ണതക്കെതിരായ ശക്തികള്‍ രൂപപ്പെടും. ആന്തരികവൈരുദ്ധ്യങ്ങളാണ് ഒരു വസ്തുവിന്റേയോ പ്രതിഭാസത്തിന്റേയോ സ്വഭാവം നിര്‍ണ്ണയിക്കുക എന്ന് കാറല്‍ മാര്‍ക്‌സും നിരീക്ഷിച്ചിട്ടുണ്ടല്ലോ. പുറത്തുള്ള സംഭവങ്ങള്‍ക്ക് അതിനെ സ്വാധീനിക്കാന്‍ കഴിയുമായിരിക്കും.
ഇന്ത്യയുടെ മുന്‍ചരിത്രം തന്നെ പരിശോധിക്കുക. നമ്മുടെ ജനാധിപത്യസംവിധാനം വെല്ലുവിളികള്‍ നേരിട്ടപ്പോഴെല്ലാം ഇത്തരത്തിലുള്ള പ്രതിഭാസം കാണാം. അപ്പോഴെല്ലാം ജനാധിപത്യം പുതിയ രൂപഭാവങ്ങള്‍ കൈകൊണ്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും വില ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ എന്നു വിശേഷിപ്പിക്കുന്നത് രാജ്യത്തിന്റെ വലുപ്പം കൊണ്ടല്ല. മറിച്ച് ലോകത്തെ നിരവധി രാഷ്ട്രങ്ങള്‍ ഫാസിസത്തിലേക്കും മതരാഷ്ട്രത്തിലേക്കും മറ്റും നീങ്ങിയപ്പോള്‍ അനവധി വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യം പിടിച്ചു നില്‍ക്കുന്നു, വെല്ലുവിളികളനുസരിച്ച് അത് സ്വയം നവീകരിക്കുന്നു എന്നതിലാണ്. ഇത്രയധികം വൈവിധ്യങ്ങള്‍ നിലനിന്നിട്ടും അതിനു കഴിയുന്നു എന്നത് നിസ്സാരകാര്യമല്ല. ഇവിടെ എന്തു ജനാധിപത്യം എന്നു ചോദിക്കുന്നവര്‍ ഇതിനുനേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.
തീര്‍ച്ചയായും നിരവധി പോരായ്കള്‍ നമ്മുടെ ജനാധിപത്യത്തിനുമുണ്ട്. അതിലേക്ക് പിന്നാലെ കടന്നു വരാം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചലനാത്മകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സുപ്രധാന സംഭവങ്ങള്‍ ആദ്യം പരിശോധിക്കാം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് രാജ്യം ഫാസിസത്തെ നേരിട്ട നാളുകള്‍ മറക്കാറായിട്ടില്ലല്ലോ. ജനാധിപത്യത്തിനു കൂച്ചുവിലങ്ങുവീണകാലം. പ്രതിഷേധിച്ചവരെയെല്ലാം കാരാഗൃഹത്തിലടച്ച കാലം. നാവടക്കാനും പണിയെടുക്കാനും മാത്രം ജനങ്ങള്‍ നിര്‍ബന്ധിതരായ കാലം. എന്നാല്‍ തുടര്‍ന്നെന്താണ് സംഭവിച്ചത്? തടവറകളില്‍നിന്നായിരുന്നു അതിനെതിരായ പ്രസ്ഥാനം രൂപം കൊണ്ടത്. ഇന്ത്യ മുഴുവന്‍ ആ പ്രസ്ഥാനം ആഞ്ഞടിക്കുകയും ചെയ്തു. ആ കൊടുങ്കാറ്റില്‍ ഏകാധിപത്യത്തിന്റെ സിംഹാസനങ്ങളെല്ലാം തകര്‍ന്നുവീണു. കഴിഞ്ഞില്ല. സമാനമായ പ്രതിഭാസം പിന്നീടുമുണ്ടായി. ദുര്‍വ്യാഖ്യാനം ചെയ്ത ചരിത്രത്തിന്റേയും ആരാധനാലയങ്ങളുടേയും പേരില്‍ രാജ്യത്തെങ്ങും വര്‍ഗ്ഗീയ വികാരങ്ങളും സാമുദായവല്‍ക്കരണവും ശക്തിപ്പെടുത്താന്‍ ശ്രമിച്ച കാലവും മറക്കാറായിട്ടില്ലല്ലോ. രാജ്യം ഒന്നടങ്കം കലാപത്തിലേക്ക് വഴുതിവീഴുമെന്ന് എല്ലാവരും ഭയപ്പെട്ടകാലം. അപ്പോഴാണല്ലോ ഇന്ത്യയുടെ സങ്കീര്‍ണ്ണമായ ആന്തരിക വൈരുദ്ധ്യങ്ങളെ പുറത്തുകൊണ്ടുവന്ന് മണ്ഡല്‍ തരംഗം ആഞ്ഞടിച്ചത്. ആ മണ്ഡല്‍ തരംഗം തകര്‍ത്തത് ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യനങ്ങളെ മാത്രമായിരുന്നില്ല. സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന അധികാര കോട്ടകൊത്തളങ്ങളേയുമായിരുന്നു. എന്നും അധികാരത്തിനു പുറത്തായിരുന്ന കീഴാളവിഭാഗങ്ങളെ അവിടേക്ക് എത്തിക്കുന്ന സാമൂഹ്യവിപ്ലവമായിരുന്നു അന്നു നടന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറെ നിര്‍ണ്ണായകമായ രണ്ടു സംഭവങ്ങളായിരുന്നു അവ.
പിന്നീട് സ്വാഭാവികമായും ഈ മുന്നേറ്റങ്ങള്‍ക്കും ജീര്‍ണ്ണത സംഭവിച്ചെന്ന കാര്യം മറക്കുന്നില്ല. അത് ചരിത്രനിയമമാണ്. ചാക്രികമായ ഇത്തരം പ്രക്രിയകളിലൂടെയാണ് എന്നും ചരിത്രം കടന്നുപോകുന്നത്. അതില്‍ ക്രിയാത്മകമായി ഇടപെടുകയാണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്.
നേരത്തെ സൂചിപ്പിച്ച രണ്ടുചരിത്ര സന്ദര്‍ഭങ്ങള്‍ക്ക് സമാനമായ ഒരവസ്ഥയിലാണ് ഇന്ന് രാജ്യം എത്തിയിരിക്കുന്നതെന്ന് കാണാന്‍ ബുദ്ധിമുട്ടില്ല. അന്ന് ജനാധിപത്യത്തിന് ഭീഷണിയായി വന്നത് ഫാസിസവും വര്‍ഗ്ഗീയതയുമായിരുന്നെങ്കില്‍ ഇന്നത് മുഖ്യമായും അഴിമതിയാണ്. ചെറുതും വലുതുമായ പാര്‍ട്ടികളെല്ലാം തന്നെ അഴിമതിയുടെ ചളിക്കുണ്ടിലാണ്. എല്ലാ പാര്‍ട്ടിക്കാരും നേതാക്കളും അഴിമതിക്കാരാണെന്ന പ്രതീതിയാണ് ഇത് വളര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉന്നതര്‍പോലും ഇത്തരം ആരോപണങ്ങളില്‍നിന്ന് വിമുക്തരല്ല. വര്‍ഷങ്ങളായി ഇതുകണ്ടുകൊണ്ടിരിക്കുന്ന ജനങ്ങള്‍ നിരാശരാണ്. സാധാരണക്കാര്‍ക്ക് ജനാധിപത്യത്തിലെ വിശ്വാസം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുമൂലം സംജാതമായത്. ആരു ഭരിച്ചാലും ഒരുപോലെയാണെന്ന നിരീക്ഷണം നാം എപ്പോഴും കേള്‍ക്കുന്നതാണല്ലോ. കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ ഇടതുകാലിലെ ചെളി വലതുകാലിലേക്കും തിരിച്ചും വെച്ചുമാറുന്ന അവസ്ഥയാണ് തിരഞ്ഞെടുപ്പുകളില്‍ നാം കണ്ടത്. അതിനാല്‍ തന്നെയാകണം പോളിംഗ് ശതമാനവും കുറഞ്ഞുവന്നു. കഴിവുള്ളവരും അറിവുള്ളവരും രാഷ്ട്രീയരംഗത്തേക്ക് കടന്നുവരാതായി. തലയെടുപ്പുള്ള നേതാക്കള്‍ നമുക്കില്ലാതായി.
തീര്‍ച്ചയായും നേരത്തെ സൂചിപ്പിച്ച പോലെ ഇത്തരമൊരവസ്ഥക്ക് അധികകാലം മുന്നോട്ടുപോകാനാവില്ലല്ലോ. ഈ വ്യവസ്ഥയില്‍നിന്നുതന്നെ ബദല്‍ ശക്തികള്‍ ഉയര്‍ന്നു വരാതെ കഴിയില്ല. അത്തരമൊരവസ്ഥയാണ് ഇപ്പോള്‍ പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നത്. നാഗരിക ജനതയും യുവജനങ്ങളും മറ്റും രാഷ്ട്രീയരംഗത്തുനിന്നും അകലുന്നു, അരാഷ്ട്രീയവാദം ശക്തമാകുന്നു എന്നത് ഏറെകാലമായുള്ള പരാതിയാണല്ലോ. അഴിമതി രൂക്ഷമായതോടെ ആ പ്രവണത കൂടുതല്‍ ശക്തമാകുകയായിരുന്നു. ഒരുപക്ഷെ നിഷേധവോട്ടുകള്‍ക്ക് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയാണ് പല നഗരങ്ങൡുമുണ്ടായിരുന്നത്. തിരഞ്ഞെടുപ്പുകമ്മീഷന്‍ നിഷേധവോട്ട് എന്ന ആവശ്യം അംഗീകരിച്ചിട്ടുമുണ്ട്. നിഷേധവോട്ടിനുള്ള അവകാശം തീര്‍ച്ചയായും ജനാധിപത്യത്തിന്റെ ഭാഗമാകണം. എന്നാല്‍ അതിനു ഭൂരിപക്ഷം കിട്ടുന്ന അവസ്ഥ ജനാധിപത്യത്തിനു ഗുണകരമാണെന്നു പറയാന്‍ കഴിയില്ലല്ലോ. എന്നാല്‍ ഇപ്പോഴത്തെ പ്രതിഭാസം നോക്കുക. അഴിമതിക്കെതിരായ മുന്നേറ്റത്തിലെ പ്രധാനശക്തികളായി നഗരവാസികളും മധ്യവര്‍ഗ്ഗവും യുവജനങ്ങളും മറ്റും മാറുന്ന കാഴ്ചയാണ് രാജ്യമെങ്ങും കാണുന്നത്. നിഷേധത്തിനുപകരം പോസറ്റീവ് ആയിതന്നെ അവര്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തെരുവിലിറങ്ങാനും തയ്യാറാകുന്നു. ഗുണാത്മകമായ പ്രതിഭാസമാണത്.
തീര്‍ച്ചയായും ഈ പ്രതിഭാസം ഒറ്റപ്പെട്ടതല്ല. ലോകം മുഴുവന്‍ ഇത്തരത്തിലുള്ള ജനമുന്നേറ്റങ്ങള്‍ ദൃശ്യമാണ്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട മുല്ലപ്പൂവിപ്ലവവും തെരുവുകള്‍ കയ്യടക്കലുമൊക്കെ ഈ പ്രവണതക്ക് കാരണമായിട്ടുണ്ട്. ആധുനിക വിവര സാങ്കേതികവിദ്യയും ഈ മുന്നേറ്റത്തില്‍ ഭാഗഭാക്കാണ്. ഇന്ത്യയില്‍തന്നെ അന്നാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധപോരാട്ടങ്ങളും ഡെല്‍ഹി പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനമുന്നേറ്റങ്ങളും ഈ പ്രസ്ഥാനത്തിന് ആക്കം കൂട്ടി. അന്നാഹസാരെ സത്യത്തില്‍ ഒരു പ്രതീകം മാത്രമായിരുന്നു. തങ്ങളുടെ ദൈനിദിന ജീവിതത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും കയറിയിറങ്ങുന്ന സാധാരണക്കാര്‍ കാണുന്ന അഴിമതിക്കെതിരായ വികാരമാണ് ആ പോരാട്ടത്തിന് ശക്തിയായത്. പ്രത്യകിച്ച് ആധുനിക സാങ്കേതിക വിദ്യയില്‍ ജീവിക്കുന്ന നഗരവാസികളായ യുവജനങ്ങള്‍ക്ക് ഇതു സഹിക്കാനാവുന്നതിനേക്കാള്‍ കൂടുതലായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ വന്‍ അഴിമതികളിലാണ് ഹസാരേ കേന്ദ്രീകരിച്ചതെങ്കിലും ആ സമരവുമായി ഐക്യപ്പെട്ടവരുടെ മനസ്സില്‍ സ്വന്തം അനുഭവങ്ങള്‍ തന്നെയായിരുന്നു. ജനലോക്പാല്‍ ബില്‍ എന്ന സംവിധാനത്തിനായുള്ള ആവശ്യം ജനപ്രീതിയാര്‍ജ്ജിച്ചതും അങ്ങനെതന്നെ. തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം സാധാരണനിലക്ക് 5 വര്‍ഷം ജനപ്രതിനിധികള്‍ക്കുമേല്‍ ജനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ് പലപ്പോഴും അഴിമതിക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ അയാള്‍ക്കെതിരെ വോട്ടുചെയ്യാമെന്നു പറയാമെങ്കിലും ആരും വ്യത്യാസമില്ലാത്ത അവസ്ഥ വന്നാല്‍ എന്തുചെയ്യാനാകും? അങ്ങനെയാണ് പോളിംഗ് ശതമാനം പോലും കുറയുന്നതും ക്രിമിനലുകള്‍ ജനപ്രതിനിധികളാകുന്നതും. അതില്‍നിന്നൊരു മാറ്റമാണ് ലോക്പാല്‍ വിഭാവനം ചെയ്യുന്നത്. ജനപ്രതിനിധികളെ ചോദ്യം ചെയ്യാനുള്ള അവസരമാണത് ജനങ്ങള്‍ക്ക് നല്‍കുന്നത്. അതേസമയം നേരത്തെ സൂചിപ്പിച്ചപോല അതും ജീര്‍ണ്ണിച്ചേക്കാം. ചരിത്രം എവിടേയും അവസാനിക്കില്ല എന്നാണ് അതിനു നല്‍കാനുള്ള മറുപടി.
ഇതുപോലെതന്നെ പ്രധാനമായിരുന്നു ഡെല്‍ഹി പെണ്‍കുട്ടിക്കുണ്ടായ ദുരന്തത്തെ തുടര്‍ന്നുണ്ടായ അഭൂതപൂര്‍വ്വമായ യുവജനമുന്നേറ്റം. നാഗരിക പ്രതിഭാസമെന്നതിനെ ആക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍ അതുതന്നെയാണ് അതിന്റെ പ്രസക്തി. എന്തുസംഭവിച്ചാലും പ്രതികരണ ശേഷിയില്ലാത്തവര്‍ എന്നരോപിക്കപ്പെടുന്നവര്‍ തെരുവിലിറങ്ങുന്നത് മോശപ്പെട്ട കാര്യമല്ലല്ലോ. അതാകട്ടെ ഒരു നേതാവോ പ്രസ്ഥാനമോ പുറകിലില്ലാതെ. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും അതേതുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കാണുന്നത്. ഈ മുന്നേറ്റത്തെ ഏതെങ്കിലും പാര്‍ട്ടിയുടെ മുന്നേറ്റമായി വിലയിരുത്താനാകില്ല. അങ്ങനെ വിലിയരുത്തേണ്ടതുമില്ല. മറിച്ച് ചുരുങ്ങിയപക്ഷം അഴിമതിക്കെതിരായ ജനമുന്നേറ്റമായിതന്നെ ഇതിനെ വിലയിരുത്തണം. വരാന്‍ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഈ ചിന്താരീതിയുണ്ടാക്കാന്‍ പോകുന്ന മാറ്റം ചില്ലറയാകില്ല. പതിവില്‍നിന്ന് വ്യത്യസ്ഥമായ രീതിയില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയും അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്നവരെ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍പോലും ജനകീയ ഇടപെടലുകള്‍ സാധ്യമാകുന്ന അവസ്ഥയിലേക്ക് ഈ മാറ്റം എത്തിക്കൂട എന്നില്ല. നമ്മുടെ ജനപ്രതിനിധി സഭകളിലെ ക്രിമിനല്‍ സാന്നിധ്യം പരമാവധി കുറക്കാനെങ്കിലും ഈ മുന്നേറ്റം സഹായിക്കാതിരിക്കില്ല. കേരളത്തില്‍തന്നെ ചിലപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വരുന്ന മാറ്റംതന്നെ ഇതിന്റെ സ്വാധീനമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ടല്ലോ.
ഹൈക്കമാന്റോ പോളിറ്റ് ബ്യൂറോയോ ഇല്ലാത്ത ഒരു പ്രസ്ഥാനമാണ് ഈ ജനമുന്നേറ്റം വഴി രൂപം കൊള്ളേണ്ടത്. ജനാധിപത്യപരമായി അയഞ്ഞ ചട്ടക്കൂടുള്ളതും തീരുമാനങ്ങള്‍ മുകളില്‍നിന്ന് അടിച്ചേര്‍പ്പിക്കാത്തുമായ ഒന്നായിരിക്കണമത്. നേരത്തെ പറഞ്ഞപോലെ പാര്‍ട്ടി നേതൃത്വത്തേയും സ്ഥാനാര്‍ത്ഥികളേയും നയങ്ങളേയും തിരഞ്ഞെടുപ്പ് പ്രകടന പത്രികയേയും മറ്റും തീരുമാനിക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ടാകണം. സംഘടനാതീരുമാനങ്ങള്‍ പരസ്യമാകണം. കമ്മിറ്റി മീറ്റിംഗുകളും മിനിട്‌സും വരവുചിലവു കണക്കുമെല്ലാം സുതാര്യമാകണം. അധികാരികള്‍ മാത്രമല്ല, അധികാരികളെ നിയന്ത്രിക്കുന്ന പാര്‍ട്ടികളും വിവരാവകാശത്തിന്റെ പരിധിയില്‍ വരണം. ഒരാള്‍ ഒരു തവണ മാത്രമേ പാര്‍ട്ടി നേതാവും ജനപ്രതിനിധിയും അധികാരിയും മറ്റുമാകാവൂ. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം വേണം. കുടുംബാധിപത്യം അനുവദിക്കരുത്. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ പാര്‍ട്ടികള്‍ക്കാവശ്യമില്ല. അതില്‍നിന്നാണ് അഴിമതിയും ഫാസിസ്റ്റ് പ്രവണതകളും ശക്തമാകുന്നത്. ജീവിതമാര്‍ഗ്ഗത്തിന് വേറെ ജോലിചെയ്തുവേണം രാഷ്ട്രീയ പ്രവര്‍ത്തനവും ജനസേവനവും മറ്റും നിര്‍വ്വഹിക്കാന്‍. ഇത്തരത്തില്‍ സ്വയം ജനാധിപത്യവല്‍ക്കരണത്തിനു വിധേയമാകാന്‍ തയ്യാറാകുന്ന പ്രസ്ഥാനങ്ങള്‍ക്കേ രാജ്യത്തെ യഥാര്‍ത്ഥ ജനാധിപത്യത്തിലേക്ക് നയിക്കാനാവൂ.
സ്വാഭാവികമായും ഇന്നു കാണുന്ന ഈ ഉണര്‍വ്വിനും പരിമിതികളുണ്ട്. ഇന്ത്യയിലെ അനന്തമായ വൈവിധ്യങ്ങള്‍ അതെത്രമാത്രം ഉള്‍ക്കൊള്ളുന്നു എന്ന് സംശയമുണ്ട്. പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങളോടും ഇന്ത്യയിലെ അനന്തമായ ഗ്രാമങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ട ജനവിഭാഗങ്ങളോടും നഗരവാസികള്‍ നേതൃത്വം നല്‍കുന്ന മുന്നേറ്റങ്ങള്‍ എത്രമാത്രം ഐക്യപ്പെടുമെന്ന സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്നു ചൂണ്ടികാട്ടിയ ഗാന്ധിയുടേയും അധസ്ഥിതന്റെ രാഷ്ട്രീയ അധികാരത്തെ കുറിച്ച് സൂചിപ്പിച്ച അംബേദ്കറുടേയും ഇന്ന് കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിലെത്തിയ മുതലാളിത്തത്തിന്റ ചൂഷണരീതികളെ പ്രതിരോധിക്കാന്‍ ശ്രമിച്ച മാര്‍ക്‌സിന്റേയും സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തേയും വിമോചനത്തേയും മുഖ്യപ്രമേയമാക്കുന്ന ഫെമിനിസ്റ്റുകളുടേയും ചിന്തകളില്‍ പലതും ഇപ്പോഴും പ്രസക്തം തന്നെയാണ്. അതെത്രമാത്രം ഉള്‍ക്കൊള്ളപ്പെടുന്നു എന്ന ചോദ്യവും പ്രസക്തം തന്നെ. സംവരണത്തോടും അഴിമതിക്കുപുറകിലെ കോര്‍പ്പറേറ്റ് താല്‍പ്പര്യത്തോടുമുള്ള നിലപാടുകള്‍ സമകാലികാവസ്ഥയില്‍ ചര്‍ച്ച ചെയ്യപ്പെടണം.
ഇനി കേരളത്തിലേക്ക് വന്നാല്‍.. തീര്‍ച്ചയായും ഇന്ത്യയിലെ മറ്റുമിക്ക സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് കേരളത്തിലെ അവസ്ഥ. ഒരു തരത്തിലുള്ള രാഷ്ട്രീയ മൗലികവാദത്തിന് അടിമകളാണ് പൊതുവില്‍ മലയാളി. നമ്മുടെ ശരിതെറ്റുകള്‍ മിക്കവാറും നിര്‍ണ്ണയിക്കപ്പെടുന്നത് കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തിനനുസരിച്ചാണ്. നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രബുദ്ധത അതിന്റെ ജീര്‍ണ്ണതയുടെ കൊടുമുടിയിലാണ്. ഭൂതകാലത്തെ താലോലിക്കുകയും മാറ്റങ്ങളെ ഭയപ്പെടുകയും ചെയ്യുന്നവരാണ് നാം. ഇപ്പോള്‍ നേടിയെന്നു അവകാശപ്പെടുന്ന നേട്ടങ്ങളിലും സുരക്ഷിതത്വത്തിലും അഭിരമിക്കുകയാണ് നാം. നേരത്തെ സൂചിപ്പിച്ച രണ്ടു നിര്‍ണ്ണായക രാഷ്ട്രീയ സംഭവവികാസങ്ങളോടും മലയാളി മുഖം തിരിച്ചു നില്‍ക്കുകയായിരുന്നല്ലോ. ഈ നിര്‍ണ്ണായക സമയത്തും നമ്മുടെ അവസ്ഥയില്‍ കാര്യമായ വ്യത്യാസമുണ്ടാകാനിടയില്ല.
ഇത്തരമൊരു മുന്നറ്റത്തോട് തലമുതിര്‍ന്ന രാഷ്ട്രീയക്കാരും എഴുത്തുകാരും മറ്റും സ്വീകരിക്കുന്ന നിലപാടുകളും പ്രസക്തമാണ്. തീര്‍ച്ചയായും ഇത്തരം മുന്നേറ്റങ്ങള്‍ പിന്തുണക്കപ്പെടേണ്ടത്. എന്നാല്‍ പുതിയ ചിന്താധാരകള്‍ക്കുമുന്നില്‍ അറിഞ്ഞോ അറിയാതേയോ വിലങ്ങുതടിയാകാന്‍ അവര്‍ തയ്യാറാകാതിരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയത്തിലെ ഈ പുതിയ വിഭാഗം അവരുടെ രീതിയില്‍ മുന്നോട്ടുപോകട്ടെ. അവരുടെ പ്രധാനപ്രചരണരംഗം തന്നെ സോഷ്യല്‍ മീഡിയയാണല്ലോ. ദൈനംദിനരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ രീതിയാണ് അവര്‍ അവലംബിക്കുന്നത്. പരമ്പരാഗതമായി തുടരുന്ന ശൈലിയില്‍ നിന്ന് മാറാന്‍ പഴയ തലമുറക്ക് എളുപ്പമാകില്ല. പുതിയ തലമുറക്കാകട്ടെ പഴയ രീതികളോടും സമരസപ്പെടുക എളുപ്പമല്ല. അതിനാല്‍തന്നെ വിനയത്തോടെ, പുതുമുഖങ്ങള്‍ക്കും ചിന്തകള്‍ക്കും അവസരം കൊടുത്ത്, പുറത്തുനിന്ന് ഇത്തരം രാഷ്ട്രീയ പരീക്ഷണങ്ങളെ പിന്തുണക്കുകയാണ് ചെയ്യേണ്ടത്. അതിനുള്ള ആര്‍ജ്ജവമാണ് കാലം ആവശ്യപ്പെടുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
P. Krishnakumar
February 17, 2014 at 4:11 am
Well said