ഒബാമക്കും പറയാം

ഇന്ത്യയിലെ മത അസഹിഷ്ണുത ഗാന്ധിജിയെപ്പോലും ഞെട്ടിച്ചേനെയെന്ന പ്രസിഡന്റ് ഒബാമയുടെ പ്രസംഗത്തിന് വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് ഗാന്ധിജിയുടെ സന്ദേശങ്ങള്‍ നിത്യപ്രചോദനമാണെന്ന് വൈറ്റ് ഹൗസ് വക്താവ് മാര്‍ക് സ്‌ട്രോ അഭിപ്രായപ്പെട്ടു. ഒബാമയുടെ പരാമര്‍ശം ഇന്ത്യന്‍ നേതാക്കളിലുണ്ടാക്കിയ അതൃപ്തിയാണ് പ്രസംഗം മയപ്പെടുത്തിയുള്ള വിശദീകരണത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതപരമായ അസഹിഷ്ണുതയെക്കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശത്തിന് സഹിഷ്ണുതയുടെ വന്‍ സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി പറഞ്ഞിരുന്നു. ടിബറ്റിന്റെ ആത്മീയആചാര്യനായ ദലൈ ലാമയെപ്പോലുള്ള […]

obamaഇന്ത്യയിലെ മത അസഹിഷ്ണുത ഗാന്ധിജിയെപ്പോലും ഞെട്ടിച്ചേനെയെന്ന പ്രസിഡന്റ് ഒബാമയുടെ പ്രസംഗത്തിന് വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് ഗാന്ധിജിയുടെ സന്ദേശങ്ങള്‍ നിത്യപ്രചോദനമാണെന്ന് വൈറ്റ് ഹൗസ് വക്താവ് മാര്‍ക് സ്‌ട്രോ അഭിപ്രായപ്പെട്ടു. ഒബാമയുടെ പരാമര്‍ശം ഇന്ത്യന്‍ നേതാക്കളിലുണ്ടാക്കിയ അതൃപ്തിയാണ് പ്രസംഗം മയപ്പെടുത്തിയുള്ള വിശദീകരണത്തിന് പ്രേരിപ്പിച്ചത്.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതപരമായ അസഹിഷ്ണുതയെക്കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശത്തിന് സഹിഷ്ണുതയുടെ വന്‍ സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി പറഞ്ഞിരുന്നു.
ടിബറ്റിന്റെ ആത്മീയആചാര്യനായ ദലൈ ലാമയെപ്പോലുള്ള ഒരാള്‍ വീടുണ്ടാക്കാന്‍ തിരഞ്ഞെടുത്തത് ഇന്ത്യയെയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയുടെ വന്‍സാംസ്‌കാരിക ചരിത്രമുണ്ട് ഇന്ത്യക്ക്. എന്തെങ്കിലും തരത്തിലുള്ള പിഴവ് ആ ചരിത്രത്തെ മാറ്റിമറിക്കില്ല. ഒബാമയുടെ തൊട്ടടുത്ത്് ലാമയ്ക്ക് ഇരിക്കാനായത് ഈ സഹിഷ്ണുത കൊണ്ടാണ്. ഇതേ സഹിഷ്ണുതമൂലമാണ് ഇന്ത്യയെ സ്വന്തം നാടായി ലാമയ്ക്ക് കാണാനായതും നമുക്ക് അദ്ദേഹത്തെ സ്വീകരിക്കാനായതും ജെയ്റ്റ്്‌ലി പറഞ്ഞു.
മതസ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ ഇന്ത്യക്ക് അതിവേഗം മുന്നേറാനാവുമെന്ന് രണ്ടാഴ്ചമുമ്പ് ഇന്ത്യാസന്ദര്‍ശനത്തിന് ഒടുവില്‍ ഒബാമ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ‘നാഷണല്‍ പ്രെയര്‍ ബ്രേക്ഫാസ്റ്റ്’ എന്ന ചടങ്ങില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വീണ്ടും പരാമര്‍ശിച്ചത്.
‘…അതിശയിപ്പിക്കുന്ന, മനോഹരമായ രാജ്യമാണ് ഇന്ത്യ. വൈവിധ്യങ്ങള്‍ നിറഞ്ഞ നാട്. പക്ഷേ, കഴിഞ്ഞ വര്‍ഷങ്ങളില്‍ അവിടെ വിവിധ മതക്കാര്‍ അവരുടെ വിശ്വാസങ്ങളുടെയും പൈതൃകത്തിന്റെയും പേരില്‍ പരസ്പരം പോരടിച്ചു. അസഹിഷ്ണുത നിറഞ്ഞ അത്തരം പെരുമാറ്റങ്ങള്‍, ആ രാജ്യത്തിന്റെ മോചനത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെപ്പോലും ഞെട്ടിക്കുമായിരുന്നു.’
‘പക്ഷേ, ഈ അസഹിഷ്ണുത ഒരു മതത്തിനോ വിഭാഗത്തിനോമാത്രം ബാധകമായതല്ല. നമ്മുടെയെല്ലാം ഉള്ളില്‍ അത്തരം പ്രവണതയുണ്ട്. വാസ്തവത്തില്‍ നമ്മുടെ വിശ്വാസത്തെ വഴിതെറ്റിക്കുന്ന, അതിന്റെ സത്തയ്ക്കുതന്നെ എതിരായ തെറ്റായ പ്രവണത. ഇന്ന് ട്വിറ്റര്‍പോലുള്ള മാധ്യമങ്ങളിലൂടെ ഒളിവിലിരുന്നാണ് അസഹിഷ്ണുത പ്രചരിപ്പിക്കുന്നത്…’ എന്നായിരുന്നു ഒബാമയുടെ പ്രസംഗം. ടിബറ്റ് ബുദ്ധമതാചാര്യന്‍ ദലൈലാമ ഉള്‍െപ്പടെയുള്ള ലോക ആത്മീയനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.
മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഡല്‍ഹിയില്‍ ഒബാമ നടത്തിയ പ്രസംഗം ബി.ജെ.പി.യെ ലക്ഷ്യമിട്ടാണെന്ന പ്രചാരണങ്ങള്‍ക്കിടെ വീണ്ടും അദ്ദേഹം ഇന്ത്യയെ പരാമര്‍ശിച്ചത് കേന്ദ്രസര്‍ക്കാറിനെ ചൊടിപ്പിച്ചിരുന്നു.
അതിനാണ് വൈറ്റ് ഹൗസ് മറുപടിയുമായി രംഗത്തെത്തിയത്. ഇന്ത്യയിലും പ്രെയര്‍ ബ്രേക്ഫാസ്റ്റിലും നടത്തിയ പ്രസംഗത്തില്‍ മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്ന സന്ദേശമാണ് പ്രസിഡന്റ് പ്രകടിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ‘ഭയമോ വിവേചനമോ ഇല്ലാതെ എല്ലാവര്‍ക്കും വിശ്വാസസ്വാതന്ത്ര്യം നല്‍കുന്ന രാജ്യങ്ങളാണ് കരുത്താര്‍ജിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഏതെങ്കിലും ഒരു മതത്തെക്കുറിച്ചോ വിഭാഗത്തെക്കുറിച്ചോ അല്ല തന്റെ പരമാര്‍ശങ്ങള്‍ എന്ന് പ്രസിഡന്റ് പ്രസംഗത്തില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു’ വക്താവ് വിശദീകരിച്ചു. ഡല്‍ഹിയില്‍ നടത്തിയ പ്രസംഗം ബി.ജെ.പി.യെ ലക്ഷ്യമിട്ടാണെന്ന പ്രചാരണം നേരത്തെ വൈറ്റ്ഹൗസ് തള്ളിയിരുന്നു.
പതിവുപോലെ പറയുന്നത് ഒബാമയായതുകൊണ്ട് തള്ളിക്കളയാമെന്നാണ് പലരുടേയും നിലപാട്. ഇന്നത്തെ കാലത്ത് ഏതുരാജ്യത്തെ വിഷയത്തിലും ആര്‍ക്കും അഭിപ്രായം പറയാം. ദലൈലായ്മ വേദിയിലിരിക്കുമ്പോഴാണ് മതേതരത്വം എന്ന വാക്കൊഴിവാക്കി പരസ്യം വന്നതും പള്ളി അക്രമിക്കപ്പെട്ടതുമെന്നൊന്നും മറക്കരുത്. ആണവവിഷയമടക്കം എത്രയോ വിഷയങ്ങളില് ഒബാമയെ നാം അനുസരിക്കുന്നു. സമകാലിക ലോകത്ത് വളരെ പ്രസക്തമായ ഒരു വിഷയം തന്നെയാണ് അദ്ദേഹം ഉന്നയിച്ചത്. അമേരിക്കയിലെ വംശീയവിവേചനത്തെ കുറിച്ച് നമുക്ക് പറയാനുള്ള അവകാശം പോലെതന്നെയാണത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply