എന്തുകൊണ്ട് ഹാദിയ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആകുന്നു?
പാഠഭേദം ഡെസ്‌ക് ഹാദിയ എന്ന യുവതി അവസാനിക്കുന്ന വര്‍ഷത്തെ ശ്രദ്ധാകേന്ദ്രമായിരുന്നു. അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍, ഉന്നതമായ നീതിന്യായ സ്ഥാപനങ്ങളില്‍, സാമൂഹ്യ നിരീക്ഷകരുടെ ആകുലതകളില്‍, വിവിധ ജാതിമതക്കാരായ ആളുകളുടെ സ്വകാര്യ അലോസരങ്ങളില്‍- എല്ലായിടത്തും നിറഞ്ഞു നിന്ന ഹാദിയ വെറുമൊരു സാധാരണ സ്ത്രീയാണ്. മധ്യ തിരുവിതാംകൂറിലെ ഒരു ശരാശരി ഈഴവ കുടുംബത്തില്‍ പിറന്ന് ശരാശരി നൈപുണ്യത്തോടെ മാത്രം സെക്കഡന്‍ഡറി തലം വരെ പഠിച്ച് തമിഴ്‌നാട്ടിലെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ ഹോമിയോപ്പതി ഡോക്ടറാവാന്‍ ചേര്‍ന്ന അഖില എന്ന പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിച്ച് ഹാദിയയായതും […]
പാഠഭേദം ഡെസ്‌ക്
ഹാദിയ എന്ന യുവതി അവസാനിക്കുന്ന വര്‍ഷത്തെ ശ്രദ്ധാകേന്ദ്രമായിരുന്നു. അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍, ഉന്നതമായ നീതിന്യായ സ്ഥാപനങ്ങളില്‍, സാമൂഹ്യ നിരീക്ഷകരുടെ ആകുലതകളില്‍, വിവിധ ജാതിമതക്കാരായ ആളുകളുടെ സ്വകാര്യ അലോസരങ്ങളില്‍- എല്ലായിടത്തും നിറഞ്ഞു നിന്ന ഹാദിയ വെറുമൊരു സാധാരണ സ്ത്രീയാണ്. മധ്യ തിരുവിതാംകൂറിലെ ഒരു ശരാശരി ഈഴവ കുടുംബത്തില്‍ പിറന്ന് ശരാശരി നൈപുണ്യത്തോടെ മാത്രം സെക്കഡന്‍ഡറി തലം വരെ പഠിച്ച് തമിഴ്‌നാട്ടിലെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ ഹോമിയോപ്പതി ഡോക്ടറാവാന്‍ ചേര്‍ന്ന അഖില എന്ന പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിച്ച് ഹാദിയയായതും തുടര്‍ന്ന് ഷെഫീന്‍ ജഹാന്‍ എന്ന യുവാവിനെ മതാചാര പ്രകാരം വിവാഹം കഴിച്ചതുമാണ്, രാജ്യത്തിന്റെ സാമുദായിക സഹവര്‍ത്തിത്വത്തിന്റെ ചരിത്രത്തില്‍, ഒരു അടയാളക്കല്ലായി തീരുമാറ് വളര്‍ന്നു വന്നത്. സാധാരണ നിലക്ക് ഒരു പ്രണയ കഥയോ, മതപരിവര്‍ത്തന കഥയോ ഏറി വന്നാല്‍ ലൗജിഹാദ് ഉമ്മാക്കിയോ ആയി അസ്തമിച്ചു പോവേണ്ടിയിരുന്ന സംഗതിയെ സഹനത്തിന്റേയും അതേസമയം പെണ്‍ കരുത്തിന്റേയും ആഖ്യാനമായി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ് ഹാദിയ, അതെ, ഹാദിയയാണ് ഇക്കൊല്ലത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍.
പ്രണയ പരവശയായ ഒരു യുവതി കണ്ടെത്തിയ രക്ഷാമാര്‍ഗമായിരുന്നില്ല ഹാദിയയെ സംബന്ധിച്ചേടത്തോളം മതം മാറ്റം. അവളുടേത് സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. അതിനു ശേഷമാണ് ഷെഫിന്‍ ജഹാന്‍ വ്യവസ്ഥാപിത വഴിയിലൂടെ അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. അയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്നു എന്നതാണ് ഹാദിയയുടെ മതമാറ്റത്തെ തീവ്രവാദത്തിലേക്കും ഐ.എസ്. ഭീകരതയിലേക്കും സിറിയയിലേക്കുള്ള കുടിയേറ്റത്തിലേക്കും മറ്റുമെത്തിച്ച് മൊത്തം സംഭവത്തെ സാമൂഹ്യ സംഘര്‍ഷത്തിലേക്കു കൊണ്ടുപോയത്. ഇക്കാര്യത്തില്‍ ആദ്യം പിഴച്ചത് കേരള ഹൈക്കോടതിക്കാണ്. കുടുംബവും മതവും ദേശവും വെടിഞ്ഞു പോവുന്ന ഏതൊരു പെണ്‍കുട്ടിയുടേയും രക്ഷിതാക്കള്‍ക്കുണ്ടാക്കുന്ന വ്യഥയും വേവലാതിയും മാത്രമേ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹരജിക്കു പിന്നിലും ഉണ്ടായിരുന്നുള്ളു. അവഗണിച്ചു കളയുന്നതിന് പകരം അനാവശ്യ സംശയങ്ങളുടെ ഇന്ധനം പകര്‍ന്ന് കോടതി അടുപ്പ് ഊതിക്കത്തിച്ചു.
തുടര്‍ന്നുണ്ടായ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെ രണ്ടു കാഴ്ചവട്ടങ്ങളിലൂടെ വേണം നോക്കിക്കാണാന്‍. അവയില്‍ ഒന്ന് ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ തലത്തില്‍ നിന്നുകൊണ്ടാണ്. ഏതു മതം സ്വീകരിക്കണം, ആരെ വിവാഹം കഴിക്കണം എന്നത് വ്യക്തിപരമായ ഇഷ്ടമാണ്. ഈ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ ആണ് കോടതി രാജ്യ താല്പര്യമെന്ന ആയുധമുപയോഗിച്ച് കൈ വെച്ചത്. എന്നാല്‍ സുപ്രീം കോടതിയില്‍ ഹാദിയ അര്‍ത്ഥശങ്കക്കിടയില്ലാതെ ‘തനിക്ക് ഒരു മനുഷ്യജീവിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം തരൂ എന്ന് ഉറച്ച മനസ്സോടെ ആവശ്യപ്പെട്ടു. പൗര സ്വാതന്ത്ര്യത്തിനു വേണ്ടി മുഴങ്ങിയ ധീരമായ സ്വരങ്ങളിലൊന്നാണ് ഹാദിയയുടേത്. അതേ സമയം, ഇതേ പൗര സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റത്തെയാണ്, നമ്മുടെ പൊതുബോധം വിറങ്ങലിച്ച മനസ്സോടെ നിസ്സംഗമായി നോക്കി നിന്നത്.
കേരളത്തിന്റെ പ്രബുദ്ധ പാരമ്പര്യം ഹാദിയാ കേസിനെ എങ്ങനെ നോക്കിക്കണ്ടു എന്നതാണ് രണ്ടാമതായി ആലോചിക്കേണ്ടത്. ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നതില്‍ നിന്ന് കേരളത്തിന്റെ പൊതുമണ്ഡലത്തെ ഏറെക്കുറെ വിടുവിച്ച് നിര്‍ത്തിയത് അവള്‍ ഭര്‍ത്താവായി തെരഞ്ഞെടുത്തയാളുടെ പോപ്പുലര്‍ഫ്രണ്ട് ബന്ധമാണ്. പേരിന് നമ്മുടെ സാംസ്‌കാരിക നായകര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹൈക്കോടതി മാര്‍ച്ച് വീണു കിട്ടുകയും ചെയ്തു. ‘നീതിന്യായക്കോടതിക്കു മുമ്പില്‍ പ്രകടനം നടത്തുകയോ, ജുഡീഷ്യറിയെ വെല്ലുവിളിക്കുകയോ, മഹാപാപം’ എന്ന മട്ടിലായി പിന്നീട് വര്‍ത്തമാനങ്ങള്‍. കോടതിയുടെ സംരക്ഷണയില്‍ കഴിയുന്ന ഹാദിയ കോടതിയോട് ചോദിക്കാതെ വിവാഹം കഴിച്ചതേ തെറ്റ് എന്ന് പറഞ്ഞു തങ്ങളുടെ നിയമപരമായ അജ്ഞത വെളിപ്പെടുത്തുക പോലും ചെയ്തു ചിലര്‍. ചുരുക്കം ചിലര്‍ മാത്രമേ ഹാദിയ കേസില്‍ അന്തര്‍ഭവിച്ചിട്ടുള്ള പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിട്ടുള്ളു.
ഇടതുപക്ഷ സര്‍ക്കാറിന്റേയും സര്‍ക്കാറിന്റെ വനിതാകമ്മീഷന്റേയും ഒളിച്ചു കളിയായിരുന്നു അതിലേറെ ഗര്‍ഹണീയം. ഉണ്ടെന്നോ ഇല്ലെന്നോ പറയാത്ത ഉല്ല നയത്തില്‍ നിന്ന് കൃത്യമായ നിലപാടെടുക്കുന്നതിലേക്ക് കേരള സര്‍ക്കാര്‍ എത്തിച്ചേരാന്‍ ഒരുപാട് കാലം വേണ്ടിവന്നു. അതിനിടയില്‍ സര്‍ക്കാറിന്റെ പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഹാദിയയെ വീട്ടു തടങ്ങലിലാക്കുകയായിരുന്നു. സ്വന്തമായ ചില തീരുമാനങ്ങളെടുത്ത വിദ്യാസമ്പന്നയായ ഒരു യുവതിയെ കടുത്ത ശാരീരിക-മാനസിക പീഡനങ്ങളിലകപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് ഒളിച്ചോടാന്‍ കഴിയുകയില്ല. ഹാദിയ മാസങ്ങളോളം ചെറുത്തു നിന്നത് ഹിന്ദുത്വ ശക്തികള്‍ ഏല്‍പിച്ച മാനസിക സംഘര്‍ഷങ്ങളെ മാത്രമല്ല, ഭരണാധികാരത്തിന്റെ ഭൗതിക സമ്മര്‍ദ്ദങ്ങളെ കൂടിയാണ്. തന്നെ പിടിച്ചു കൊണ്ട് പോകാനെത്തിയ പോലീസുകാരുടേയും ദല്‍ഹിലേക്ക് പോകാന്‍ വേണ്ടി വിമാനത്താവളത്തിലെത്തിച്ച പോലീസുകാരുടേയും മുമ്പില്‍ വെച്ച് ലോകത്തോട് ഹാദിയ വിളിച്ചു പറഞ്ഞ വാക്കുകള്‍ അവളുടെ ഉള്‍ക്കരുത്താണ് വിളിച്ചോതുന്നത്.
തന്നെ ഹാദിയയെന്നു വിളിക്കുക പോലും ചെയ്യാതെ അഖിലയെന്ന് മാത്രം വിളിക്കാന്‍ ബദ്ധപ്പെട്ട ലോകത്തോടായിരുന്നു ഹാദിയയുടെ യുദ്ധം. എത്ര വലിയ അഗ്നിപരീക്ഷയിലൂടെയാണ് ആ പെണ്‍കുട്ടി കടന്നു പോയത്! എന്‍.ഐ.എയും മാധ്യമങ്ങളും കോടതിയുമെല്ലാം ഹാദിയയെ ഒരു ലബോറട്ടറി സ്‌പെസിമെനാക്കിക്കിടത്തി സ്വന്തം പരീക്ഷണങ്ങള്‍ക്ക് വിധേയയാക്കി. സൈക്കോളജിക്കല്‍ കിഡ്‌നാപ്പിംഗ്, സ്റ്റോക്‌ഹോം സിന്‍ഡ്രോം, ഇന്‍ഡോക്ട്രിനേഷന്‍, ഡിപ്രോഗ്രാമിംഗ് തുടങ്ങിയ നിരവധി പദസൂചികകളുടെ സൂചിക്കുത്തേറ്റ് പിടയുകയായിരുന്നു ഹാദിയ. എന്നാല്‍ തികഞ്ഞ മനോദാര്‍ഢ്യത്തോടെയാണ് അവള്‍ തന്റെ സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ചത്. സ്വന്തം മതം ഏതായിരിക്കണം എന്നും സ്വന്തം ഭര്‍ത്താവ് ആരായിരിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശത്തിന് വേണ്ടി ഒരു സ്ത്രീ ഇതിനു മുമ്പ് ഇങ്ങനെ ഇത്രയുമൊരു പോരാട്ടം നടത്തിയിട്ടില്ല. സ്വന്തം അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍ വേണ്ടി ബലിയാടായ സ്ത്രീയല്ല ഹാദിയ, അതിനു വേണ്ടി പോരാടി ജീവിക്കാന്‍ ശ്രമിക്കുകയാണവള്‍. അത്‌കൊണ്ടാണ് ഹാദിയയെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി പാഠഭേദം തെരഞ്ഞെടുക്കുന്നത്.
ഹാദിയ സ്വന്തം നിലയില്‍ ചെയ്തതിനേക്കാള്‍ കൂടുതലായിരുന്നു അവള്‍ നമ്മുടെ സമൂഹത്തില്‍ പ്രകോപിപ്പിച്ച ധ്രുവീകരണം. എത്ര പെട്ടെന്നാണ് യുക്തിവാദികളുടെ അടിവസ്ത്രം കാവിയാണെന്ന് കേരളത്തിന് ബോധ്യമായത്. 1959 ല്‍ വിമോചന സമരത്തോടനുബന്ധിച്ച് രൂപപ്പെട്ടതിനേക്കാള്‍ വിചിത്രമായൊരു സഖ്യം കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രവിചന്ദ്രനും ഇ.എ.ജബ്ബാറും മുതല്‍ ടി.ജി.മോഹന്‍ദാസും കുമ്മനം രാജശേഖരനും വരെ കൈ കോര്‍ക്കുന്ന ഈ സഖ്യത്തെയാണ് അധഃസ്ഥിതരുടെ ഏതു മുന്നേറ്റത്തിനും കേരളത്തില്‍ നേരിടേണ്ടി വരുക. ഇടതാര് വലതാര് എന്ന കണ്ണുപൊത്തിക്കളി അവസാനിപ്പിക്കാന്‍ സമയമായി. ആരാണ് വലതല്ലാത്തത് എന്നു മാത്രം പറയൂ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in