ഇല്ല, ഇന്ത്യന്‍ ജനാധിപത്യം തകരില്ല

നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഇന്ത്യന്‍ ജനാധിപത്യം തകരില്ല എന്നു തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. 2019ല ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ ഭരണഘടനതന്നെ മാറ്റിയെഴുതാമെന്ന ചിലരുടെ വ്യാമോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാണ് സാക്ഷാല്‍ നരേന്ദ്രമോദിയുടെ സംസ്ഥാനം വിധിയെഴുതിയിരിക്കുന്നത്. വിജയത്തിനു തുല്ല്യമായ പരാജയമാണ് അവിടെ കോണ്‍ഗ്രസ്സ് നേടിയതെങ്കില്‍ പരാജയത്തിനു തുല്ല്യമായ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. അതിനേക്കാളുപരി ജിഗ്നേഷ് മേവാനി എന്ന ദളിത് യുവാവിന്റെ വിജയം വരും കാല ഇന്ത്യന്‍ രാഷ്ട്രീയം അംബേദ്കര്‍ക്കൊപ്പമാണെന്ന സൂചനയും നല്‍കുന്നു. തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി […]

demo

നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഇന്ത്യന്‍ ജനാധിപത്യം തകരില്ല എന്നു തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. 2019ല ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ ഭരണഘടനതന്നെ മാറ്റിയെഴുതാമെന്ന ചിലരുടെ വ്യാമോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാണ് സാക്ഷാല്‍ നരേന്ദ്രമോദിയുടെ സംസ്ഥാനം വിധിയെഴുതിയിരിക്കുന്നത്. വിജയത്തിനു തുല്ല്യമായ പരാജയമാണ് അവിടെ കോണ്‍ഗ്രസ്സ് നേടിയതെങ്കില്‍ പരാജയത്തിനു തുല്ല്യമായ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. അതിനേക്കാളുപരി ജിഗ്നേഷ് മേവാനി എന്ന ദളിത് യുവാവിന്റെ വിജയം വരും കാല ഇന്ത്യന്‍ രാഷ്ട്രീയം അംബേദ്കര്‍ക്കൊപ്പമാണെന്ന സൂചനയും നല്‍കുന്നു.
തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നതെന്നതുശറി തന്നെ. എന്നാല്‍ അവരുടെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുകയും ചെയ്തു. പ്രതേകിച്ച് ഗ്രാമീണണേഖലയില്‍. അതിനുകാരണം വ്യക്തം. കൊട്ടിഘോഷിക്കപ്പെടുന്ന മോദിയുടെ വികസനം നഗരകേന്ദ്രീകൃതം മാത്രമാണ്. ഗ്രാമങ്ങളുടെ അവസ്ഥ പരമദയനീയമാണ്. അതോടൊപ്പം ജാതിപീഡനങ്ങള്‍ ഇപ്പോഴും അതിരൂക്ഷമായി നിലനില്‍ക്കുന്നു. മുഖ്യമന്ത്രി വിജയ് രൂപാനിയോ, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലേ മറ്റു പ്രാദേശിക നേതാക്കളോ വലിയ ഘടകമല്ലാതാകുകയും, ഹാര്‍ദ്ദിക് പട്ടേലിന്റെ നേൃത്വത്തില്‍ പട്ടേല്‍ മുന്നേറ്റവും തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് കൂട്ടുകെട്ടും ജിഗ്നേഷിന്റെ പോരാട്ടവും ബിജെപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ജിഎസ്ടിയും നോട്ടുനിരോധനവും സൃഷ്ട്ിച്ച പ്രശ്‌നങ്ങള്‍ വേറെ. അമിത് ഷായുടെ പ്രഭാവം പോലും നഷ്ടപ്പെട്ടപ്പോള്‍ മോഡിയുടെ വ്യക്തി പ്രഭാവം ഒന്നുകൊണ്ട് മാത്രമാണ് ബിജെപിയുടെ തിരിച്ചുവരവ്. പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിലാകട്ടെ വികസന മുദ്രാവക്യങ്ങളില്‍ നിന്ന് വൈകാരിക പ്രചരണത്തിലേക്കും വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലേക്കും പാക്കിസ്ഥാനെ വലിച്ചിടുന്നതിലും മോദിക്ക് പോകേണ്ടിവന്നു.
ഇത്തരത്തിലുള്ള വിശകലനങ്ങളെല്ലാം നടക്കും, നടക്കട്ടെ. അതിനേക്കാളെല്ലാം പ്രധാനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത് തന്നെയാണ്. 1947ല്‍ അതു ജനിച്ചുവീണതുതന്നെ കടുത്ത പ്രതിസന്ധിയിലേക്കായിരുന്നു. അതിനുമുമ്പും കാര്യങ്ങള്‍ ഗുണകരമായിരുന്നില്ല. കോണ്‍ഗ്രസ്സ് എന്ന ദേശീയപ്രസ്ഥാനം തന്നെ ഹൈന്ദവരാഷ്ട്രീയക്കാരുടെ കൈപിടിയല്‍ എത്തുമായിരുന്നുയ പാക്കിസ്ഥാനൊപ്പം ഒരു ഹിന്ദുസ്ഥാന്‍ കൂടി രൂപം കൊള്ളുമായിരുന്നു. എന്നാല്‍ അതിനു തടയിട്ടതില്‍ വലിയൊരു പങ്ക് ഗാന്ധിക്കായിരുന്നു. കോണ്‍ഗ്രസ്സിനേയും രാജ്യത്തേയും ഹൈന്ദവമാകാതിരിക്കാന്‍ ഗാന്ധി ജീവന്‍ തന്നെ നല്‍കി. താര്‍ച്ചയായും ജാതിവിഷയത്തിലും മറ്റും ഗാന്ധിക്കെതിരെയുള്ള അംബേദ്കര്‍ നിലപാട് ശറിയാണ്. അപ്പോഴും ഗാന്ധിയുടെ ഈ ചരിത്രപരമായ പങ്ക് നിസ്സാരകമല്ല. കോണ്‍ഗ്രസ്സിനെ കൈപ്പിടിയിലൊതുക്കാനാകാത്തതിനെ തുടര്‍ന്ന് ആര്‍ എസ് എസിനെ ശക്തമാക്കാനുള്ള തീരുമാനം. എന്നാല്‍ ഗാന്ധിവധത്തെ പോലും ഇന്ത്യ അതിജീവിച്ചു. ഹൈന്ദവവര്‍ഗ്ഗീയവാദികലെ ദശകങ്ങളോളം തടയനും ഇന്ത്യന്‍ ജനതക്കു കഴിഞ്ഞു. അതിനിടയില്‍ നമ്മുടെ ജനാധിപത്യത്തിനും മതേതരത്തത്തിനും ശക്തമായ അടിത്തറ പാകാന്‍ നെഹ്‌റുവിനും അംബേദ്കര്‍ക്കും കഴിഞ്ഞു. അവരിട്ട അടിത്തറയിലാണ് ഏതൊരു ഫാസിസ്റ്റ് കടന്നാക്രമണത്തേയും അതിജീവിക്കാനുള്ള കരുത്ത് രാജ്യം നേടിയത്. അതു തിരിച്ചറിഞ്ഞുതന്നെയാണ് ഭരണഘടനപോലും തിരുത്താനുള്ള നീക്കം ശക്തമാകുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ പാര്‍ലിമെന്റ് ചേര്‍ന്നത് വെറും 57 ദിവസം മാത്രമാണെന്നത് ചെറിയ കാര്യമല്ല. വരും കാല വിപത്തിന്റെ സൂചന തന്നെയാണിത്. അപ്പോഴും നിരാശരാകേണ്ടതില്ല എന്നതുതന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.
ഇന്ന് അഖിലേന്ത്യാതലത്തില്‍ ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റത്തില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് സിപിഎം മാത്രമേ തള്ളിക്കളയാന്‍ സാധ്യതയുള്ളു. കോണ്‍ഗ്രസ്സിനെ ഒഴിവാക്കി അതു സാധ്യമാണെന്നു കരുതുന്നത് മൗഢ്യമാണ്. കോണ്‍ഗ്രസ്സിനാകട്ടെ അതൊരു പ്രായശ്ചിത്തവുമാണ്. നേരത്തെ പറഞ്ഞപോലെ ഗാന്ധിവധത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട വര്‍ഗ്ഗീയ ശക്തികള്‍ വീണ്ടും രംഗത്തുവരാന്‍ കാരണം കോണ്‍ഗ്രസ്സ് തന്നെയാണ്. അതാകട്ടെ ഇന്ദിരാഗാന്ധി ചെയ്ത രാഷ്ട്രീയ അധിനിവേശം അടിയന്തരാവസ്ഥയായിരുന്നു. അതിനു കൊടുക്കുന്ന വിലയാണ് സത്യത്തില്‍ ഇപ്പോഴും രാജ്യം അനുഭവിക്കുന്നത്. കാരണം അടിയന്തരാവസ്ഥക്കെതിരായ മുന്നേറ്റത്തിലൂടെയാണ് ബിജെപിയുടെ മുന്‍ഗാമികളായി ജനസംഘം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചുവന്നത്. ജയപ്രകാശ് നാരായണന്‍ രൂപീകരിച്ച് ജനതാപാര്‍ട്ടിയില്‍ ജനസംഘം ലയിക്കുകയും പിന്നീട് കേന്ദ്രഭരണത്തില്‍ പങ്കാളികളാകുകയും ചെയ്തു. തടര്‍ന്നാണ് ജനാധിപത്യസംവിധാനങ്ങളിലൂടെ തന്നെ ഈ ശക്തികള്‍ തിരിഞ്ഞുനോക്കാതെ മുന്നേറിയ ചരിത്രം ആരംഭിച്ചത്. ജനതാഭരണം തകര്‍ന്നതോടെ ജനസംഘം ബിജെപിയായി മാറി. തുടര്‍ന്ന് വളരെ തന്ത്രപൂര്‍വ്വം ബാബറി മസ്ജിദ്, മുംബൈ കൂട്ടക്കൊല, ഗുജറാത്ത് വംശീയഹത്യ തുടങ്ങി പടിപടിയായി ബിജെപി ഒറ്റക്കു രാജ്യം ഭരിക്കാനാരംഭിച്ചു. വാജ്‌പേയിയേക്കാല്‍ തീവ്രനിലപാടായിരുന്നു അദ്വാനിക്കെങ്കില്‍ അതിനേക്കാല്‍ തീവ്രമാണ് മോദി. അദ്വാനിയെ മാറ്റിനിര്‍ത്തി വാജ്‌പേയെ പ്രധാനമന്ത്രിയാക്കിയ പാര്‍ട്ടി പിന്നീട് അദ്വാനിയെ മാറ്റി മോദിയെ അധികാരിയാക്കിയ മാറ്റം വളരെ പ്രധാനമാണ്. ഇനിയൊരുപക്ഷെ മോദിയുടെ പിന്‍ഗാമി യോഗി ആദിത്യനാഥാകാം. അത്തരത്തില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കുക എന്ന പഴയ അജണ്ടയാണ് അവര്‍ നടപ്പാക്കുന്നത്.
അപ്പോഴും ജനാധിപത്യ ചരിത്രം നേര്‍രേഖയിലല്ല. മസ്ജിദിലൂടെ ബിജെപി സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെ മണ്ഡല്‍ പ്രതിരോധിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിലെ സുന്ദരമായ കാഴ്ചയായിരുന്നു. അദ്വാനിയുടെ അശ്വമേധത്തെ ലല്ലു പ്രസാദ് യാദവ് തടഞ്# ചരിത്രവും ആവേശകരമായി. സഹസ്രാബ്ദങ്ങളായി അധികാരത്തിന്റെ കോട്ടക്കൊത്തലങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു വിഭാഗങ്ങളുടെ പ്രതിനിധിയായി കന്‍ഷിറാമും മായാവതിയുമൊക്കെ ഉയര്‍ന്നു വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലല്ലാതെ എവിടെ സാധ്യമാകാന്‍ ? രോഹിത് വെമുല മരണത്തിലൂടെ പുറത്തുവിട്ട ഭൂതം. ഉനയിലൂടെ ജിഗ്നേഷ്. ഇപ്പോഴിതാ ജിഗ്നേഷിന്റെ വിജയം.. അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവ്.. രാജ്യമെങ്ങും ഫാസിസത്തിനെതിരെ പ്രാദേശിക പ്രസ്ഥാനങ്ങള്‍. എഴുത്തുകാര്‍..സാസ്‌കാരികപ്രവര്‍ത്തകര്‍.. തകര്‍ന്നെന്നു കരുതിയ കോണ്‍ഗ്രസ്സ് പോലും തിരിച്ചുവരുന്നു. കരുത്തനല്ല എന്നു കരുതിയ രാഹുലിനെ പോലൊരു നേതാവ് പുലിമടയില്‍തന്നെ പോയി പുലിയെ വെല്ലുവിളിക്കുന്നു. താര്‍ച്ചയായും ഭാവി ആശങ്കയോടൊപ്പം പ്രതീക്ഷയുടേതുകൂടിയാണ്.
ഇന്ത്യന്‍ ജനാധിപത്യം കുറ്റമറ്റതാണ് എന്നല്ല പറയുന്നത്. വളരെയധികം ദൗര്‍ബ്ബല്ല്യങ്ങള്‍ അതിനുണ്ട്. ഗുണപരമായി അതിനിയും മുന്നേറണം. അതാണല്ലോ ഭൂരിപക്ഷ മതവികാരം ഉയര്‍ത്തിയാല്‍ അധികാരത്തിലെത്താന്‍ കഴിയുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സും മൃദുഹിന്ദുത്വമാണ് ഉപയോഗിച്ചതെന്ന വിമര്‍ശനം പൂര്‍ണ്ണമായും തള്ളാനാകില്ലല്ലോ. മസ്ജിദ് പൊളിക്കാന്‍ മൗനാനുവാദം നല്‍കിയ അവസ്ഥയില്‍ നിന്ന് കോണ്‍ഗ്രസ്സ് ഇനിയും മുന്നേറണം. ഇനിയും സമൂഹത്തിന്‍െ അടിത്തട്ടില്‍ നിന്നുള്ളവരും സ്ത്രീകളുമൊന്നും അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം നേടിയിട്ടില്ല. ഇന്ത്യയിലെ വൈവിധ്യങ്ങളനുസരിച്ചുള്ള പ്രവര്‍ത്തനശൈലി രൂപീകരിക്കാന്‍ പ്രസ്ഥാനങ്ങള്‍ക്കാകുന്നില്ല. നമ്മുടെ ഭരണസംവിധാനം ഇനിയും യഥാര്‍ത്ഥ ഫെഡറലല്ല. രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ മിക്കതിലും ഉള്‍പാര്‍ട്ടി ജനാധിപത്യമില്ല. കോണ്‍ഗ്രസ്സില്‍ അത് വളരെ പ്രകടമാണെങ്കിലും സൂക്ഷ്മപരിശോധനയില്‍ ആരും മോശമല്ല എന്നു കാണാം. സ്വന്തം സംഘടനയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ കഴിയാത്തവര്‍ക്ക് രാജ്യത്ത് അത് കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. അതിനേക്കാളും ഗൗരവമാണ് പല പാര്‍ട്ടികളും ഇപ്പോഴും ജനാധിപത്യത്തില്‍ സത്യസന്ധമായി വിശ്വസിക്കുന്നില്ല എന്നത്. വര്‍ഗ്ഗാധിപത്യം മുതല്‍ മതാധിപത്യം വരെ ലക്ഷ്യമാക്കുകയും എന്നാല്‍ അതു മറച്ചു വെച്ച് ജനങ്ങളേയും ജനാധിപത്യത്തേയും വഞ്ചിക്കുന്ന പാര്‍ട്ടികള്‍ നിരവധിയാണ്. ഇതിനൊക്കെ പുറമെയാണ് ജനങ്ങള്‍ ജനാധിപത്യത്തിലുള്ള വിശ്വാസം പോലും നഷ്ടപ്പെടുത്തുന്ന അഴിമതിയുടെ വളര്‍ച്ച്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളേയും പരിമിതികളേയും മറികടക്കാന്‍ ജനാധിപത്യവ്യവസ്ഥക്കും അതിലെ സജീവ പങ്കാളികളായ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കഴിയണം. എങ്കില്‍ മാത്രമാണ് ജനാധിപത്യസംവിധാനത്തിലൂടെതന്നെ ഫാസിസം നടപ്പാക്കാനാവുമെന്നു കരുതുന്ന ശക്തികള്‍ക്ക് തടയിടാന്‍ ഇന്ത്യന്‍ ജനതക്കു കഴിയൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply