അരുന്ധതിയുടെ രാഷ്ട്രീയം

ശക്തമായ നിലപാടുകളാല്‍ കേരളത്തിലെ യുവതലമുറയില്‍ യുവതലമുറയില്‍ ശ്രദ്ധേയയായ അരുന്ധതി റെയിന്‍ബോയില്‍ നിന്ന് മാറി ചുവപ്പു വേഷത്തില്‍ വരുന്ന കാഴ്ച കൗതുകകരമാണ്. ആയിരം പുഷ്പങ്ങളില്‍ നിന്ന് ഒരു പുഷ്പത്തിലേക്കുള്ള മാറ്റം. ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ എസ് എഫ് ഐ മുന്നണി നേടിയ വിജയാഘോഷത്തിലാണ് അരുന്ധതി. തീര്‍ച്ചയായും ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ രാഷ്ട്രീയം കേരളത്തില്‍ നിന്ന് വ്യത്യസ്ഥമാണ്. എന്നാല്‍ അടിസ്ഥാനപരമായ ഒരു മാറ്റം, തന്റെ സമീപകാല ഇടപെടലുകളിലൂടെ അരുന്ധതി പ്രഖ്യാപിച്ച രാഷ്ട്രീയം, എങ്ങനെയാണ് ഇടതുപക്ഷത്തില്‍ നിന്നും എസ് എഫ് ഐയില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഹൈദരാബാദില്‍ […]

aru

ശക്തമായ നിലപാടുകളാല്‍ കേരളത്തിലെ യുവതലമുറയില്‍ യുവതലമുറയില്‍ ശ്രദ്ധേയയായ അരുന്ധതി റെയിന്‍ബോയില്‍ നിന്ന് മാറി ചുവപ്പു വേഷത്തില്‍ വരുന്ന കാഴ്ച കൗതുകകരമാണ്. ആയിരം പുഷ്പങ്ങളില്‍ നിന്ന് ഒരു പുഷ്പത്തിലേക്കുള്ള മാറ്റം.

ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ എസ് എഫ് ഐ മുന്നണി നേടിയ വിജയാഘോഷത്തിലാണ് അരുന്ധതി. തീര്‍ച്ചയായും ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ രാഷ്ട്രീയം കേരളത്തില്‍ നിന്ന് വ്യത്യസ്ഥമാണ്. എന്നാല്‍ അടിസ്ഥാനപരമായ ഒരു മാറ്റം, തന്റെ സമീപകാല ഇടപെടലുകളിലൂടെ അരുന്ധതി പ്രഖ്യാപിച്ച രാഷ്ട്രീയം, എങ്ങനെയാണ് ഇടതുപക്ഷത്തില്‍ നിന്നും എസ് എഫ് ഐയില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നു മനസ്സിലാകുന്നില്ല.
ഹൈദരാബാദില്‍ ദളിത് – ആദിവാസി വിദ്യാര്‍ത്ഥി സംഘടനകളുമായി മുന്നണിയുണ്ടാക്കിയാണ് എസ് എഫ് ഐ മത്സരിച്ചത്. നല്ല തീരുമാനം. വമ്പിച്ച വിജയം നേടുകയും ചെയ്തു. എന്നാല്‍ മറ്റു മാര്‍ഗ്ഗമില്ലാതെയാണ് അത്തരമൊരു സഖ്യം രൂപീകരിച്ചതെന്ന് വ്യക്തം. ആദിവാസി – ദളിത് പ്രസ്ഥാനങ്ങളെ ഇപ്പോഴും സ്വത്വരാഷ്ട്രീയമായി കാണുന്നവരാണല്ലോ ഇടതുപക്ഷം. ഹൈദരാബാദില്‍ തെരഞ്ഞടുപ്പ് പ്രചരണം നടക്കുമ്പോള്‍ തന്നെ എസ് എഫ് ഐ മുന്‍ അഖിലേന്ത്യാ നേതാവും എം പിയുമായ എം ബി രാജേഷ് ചാനല്‍ ചര്‍ച്ചയില്‍ അസന്നിഗ്ധമായി അതാവര്‍ത്തിക്കുന്നതു കേട്ടു. ഇടതുപക്ഷത്തിന്റെ അവശേഷിക്കുന്ന ഏക കോട്ടയായ കേരളത്തിലെ നിലപാടുകള്‍ തന്നെ നോക്കൂ. മുത്തങ്ങ സമരത്തിലൂടെയും ചങ്ങറ സമരത്തിലൂടേയുമുണ്ടായ ആദിവാസി – ദളിത് ഉണര്‍വ്വിനെ എങ്ങനെയാണ് ഇടതുപക്ഷം നേരിട്ടതെന്ന്. ആദിവാസി ക്ഷേമസമിതിയും പട്ടികജാതി ക്ഷേമസമിതിയുമുണ്ടാക്കി എന്താണ് ചെയ്യുന്നത്? ആദിവാസി – ദളിത് വിഭാഗങ്ങളുടെ സ്വന്തം കാലില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനെ തടഞ്ഞ് പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കുകയല്ലേ ഈ സംഘടനകള്‍ ചെയ്യുന്നത്? പാര്‍ട്ടിയുടെ കേരളത്തിലെ ഏറ്റവും വലിയ ശത്രുവല്ലേ സി കെ ജാനു? ദളിത് രാഷ്ട്രീയം പറയാതെ നിലനില്‍പ്പില്ല എന്ന ഒറ്റ ബോധ്യം കൊണ്ടുമാത്രമല്ലേ ഹൈദരബാദ് സര്‍വ്വകലാശാലയിലെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടേയും ബോര്‍ഡുകളില്‍ അംബേദ്കര്‍ നില്‍ക്കുന്നത്. ആ അംബേദ്കറെ തങ്ങള്‍ക്ക് ശക്തിയുള്ള കേരളമടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് ഏറെ കാലം വിദഗ്ധമായി തടഞ്ഞതാരാണ്? അയ്യങ്കാളിയെ പരാമര്‍ശിക്കുകപോലുമില്ലാതെയല്ലേ ഇഎംഎസ് കേരളചരിത്രമെഴുതിയത്? ഈ സാഹചര്യത്തില്‍ ഹൈദരബാദിലെ എസ് എഫ് ഐ നിലപാടിന്റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയിക്കാതിരിക്കാനാവുമോ? ഇടക്കാലത്ത് യെച്ചൂരി എന്തോ പറഞ്ഞെങ്കിലും പാര്‍ട്ടിയത് ഗൗരവമായി എടുത്തു എന്നതിന് തെളിവുകളൊന്നുമില്ല. വര്‍ഗ്ഗസമരത്തിന്റെ അപ്രമാദിത്വത്തില്‍ തന്നെയാണ് ഇന്നുമവര്‍ നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ കേരളരൂപീകരണത്തിനുശേഷമുണ്ടായ പ്രധാന ജനമുന്നേറ്റങ്ങളിലൊന്നും ഇടതുപക്ഷത്തിന്റെ പങ്കുണ്ടായിരുന്നില്ല എന്നു മാത്രമല്ല, പലതിനും എതിരുമായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഏറെ ശബ്ദിക്കുന്ന പോരാളിയാണല്ലോ അരുന്ധതി. ഇക്കാര്യത്തിലും ഇടതുപക്ഷത്തിന്റെ സമീപനം തൃപ്തികരമാണോ? ഫെമിനിസത്തോട് ദശകങ്ങളായുള്ള ഇവരുടെ നിലപാടില്‍ ഇപ്പോഴും കാര്യമായ മാറ്റമുണ്ടായിട്ടില്ല. അതേകുറിച്ച് അരുന്ധതിയടക്കമുള്ളവര്‍ക്ക് അറിയാത്തതാകാനിടയില്ലല്ലോ. ഇപ്പോഴത്തെ അവസ്ഥയും മറ്റെന്താണ്? കേരളത്തിലെ സമീപകാല പോരാട്ടങ്ങളിലെല്ലാം പ്രകടമായ പെണ്‍കരുത്തിനോട് എന്തുനിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്? അവസാനമത് മൂന്നാറിലെത്തി നില്‍ക്കുന്നു. മറുവശത്ത് കരുത്തുറ്റ ഒരു സ്ത്രീ നേതൃത്വം പാര്‍്ട്ടിക്കുണ്ടോ? തദ്ദേശ സ്ഥാപനങ്ങലിലേക്ക് നായനാരുടേയും പി കെ വിയുടേയും എം വി ആറിന്റേയും മക്കളെ മത്സരിപ്പിക്കേണ്ട അവസ്ഥയല്ലേ? നില്‍പ്പുസമരം, ഇരിപ്പുസമരം, ചുംബനസമരം തുടങ്ങി കേരളം കണ്ട പെണ്‍പോരാട്ടങ്ങളോടുള്ള നിലപാട് അവയില്‍ സജീവമായിരുന്ന അരുന്ധതിയോട് പറയേണ്ടതില്ലല്ലോ. നവനാധ്യമങ്ങളില്‍ അടുത്തയിടെ ഒരു സ്ത്രീക്കെതിരെ ഇടതുപക്ഷ സൈബര്‍ പോരാളികള്‍ നടത്തിയ പോരാട്ടവും അറിയാമല്ലോ. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശവും ഇനിയും ഇടതുപക്ഷത്തിന്റെ മുഖ്യ അജണ്ടയിലില്ലല്ലോ.
ഏതാനും വര്‍ഷം മുമ്പ് തൃശൂരിലുണ്ടായ സംഭവം. നഗരത്തിന്റെ മാലിന്യങ്ങള്‍ ചുമന്നിരുന്ന ലാലൂര്‍ ഗ്രാമ നിവാസികള്‍ നടത്തിയിരുന്ന പോരാട്ടത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ പങ്കെടുക്കാന്‍ രണ്ടു ലൈംഗികത്തൊഴിലാളികള്‍ എത്തി. അപ്പോള്‍ കുടുംബത്തില്‍ പിറന്ന ഞങ്ങള്‍ക്കും ഞങ്ങളുടെ സ്ത്രീകള്‍ക്കും അതില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് ഒരു സിപിഎം നേതാവ് പ്രശ്‌നമുണ്ടാക്കുകയും അവസാനം ആ രണ്ടുപേരേയും ഒഴിവാക്കുകയും ചെയ്തു. ഇന്നും ഇത്തരം നിലപാടില്‍നിന്ന് വിമുക്തമാകാന്‍ പാര്‍ട്ടിക്കു കഴിയുമോ?
ഇതെല്ലാം അംഗീകരിക്കുന്നവര്‍ പോലും ഇടതുപക്ഷത്തില്‍ പലരും പ്രതീക്ഷ പുലര്‍ത്തുന്നത് ഫാസിസത്തിനെതിരെ പോരാടാനുള്ള അവരുടെ കരുത്തിനെ കുറിച്ചുള്ള അവകാശവാദങ്ങള്‍ വിശ്വസിച്ചാണല്ലോ. കേരളം വ്യത്യസ്ഥമാണെന്ന അവകാശവാദം എത്ര മിഥ്യയാണെന്ന് ബോധ്യപ്പെടുന്ന കാലമാണിത്. ആര്‍ എസ് എസിന് ഏറ്റവുമധികം ശാഖ ഇവിടെയാണല്ലോ. ഒരു ഫാസിസത്തെ മറ്റൊരു ഫാസിസം കൊണ്ട് നേരിടാനാകുമോ? ഇനിയും കണ്ണൂര്‍ മോഡല്‍ ഉപേക്ഷിക്കാന്‍ തയ്യാറില്ല എന്നതിന്റെ തെളിവല്ലേ കൊലകേസ് പ്രതികളെ മത്സരിപ്പിക്കന്നതു തന്നെ. തലേ ദിവസം പോലും മറുപക്ഷത്തെ ജില്ലാതല നേതാക്കള്‍ പിറ്റേന്ന് ഈ പക്ഷത്ത് എത്തുന്നതെങ്ങിനെയാണ്? ആശയപരമായി ഫാസിസത്തെ നേരിടാനുള്ള കരുത്ത് ഇടതുപാര്‍ട്ടികള്‍ക്കുണ്ടോ? അതല്‍പ്പമെങ്കിലും പ്രകടമാക്കുന്നത് സ്വതന്ത്രരായ എഴുത്തുകാരും ചിന്തകരുമാണ്. പാര്‍്ട്ടിയുമായി ഐക്യപ്പെടുന്ന ഒരെഴുത്തുകാരനും ഇപ്പോള്‍ കേന്ദ്രപുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കാന്‍ തയ്യാറാകുന്നില്ലല്ലോ. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും സ്വതന്ത്രചിന്തക്കുമെതിരെ എത്രയോ കടന്നാക്രമണങ്ങള്‍ ഇടതുപക്ഷവും നടത്തുന്നു. കണ്ണൂരിലെ ഒരു പാര്‍ട്ടിഗ്രാമത്തില്‍ ഒരു യോഗത്തില്‍ സംസാരിക്കാന്‍ പോയപ്പോള്‍ അതനുവദിക്കപ്പെടാതെ തിരിച്ചുവന്ന വ്യക്തിയാണ് ഈ കുറിപ്പെഴുതുന്നതുതന്നെ. കേരളത്തിലെ ഒരു പാട് കാമ്പസ്സുകള്‍ മറ്റു സംഘടനകള്‍ക്ക് പ്രവേശനസ്വാതന്ത്രമില്ലാത്ത ചെങ്കോട്ടകളാണല്ലോ. കേരളവര്‍മ്മ പ്രശ്‌നങ്ങളുടെ ഒരു വശം ദശകങ്ങളായി തുടരുന്ന എസ് എഫ് ഐ – എ ബി വി പി സംഘട്ടളാണ്.
ആശയപരമായ മേഖലയിലെന്താണവസ്ഥ? കേരളം പ്രബുദ്ധമാണെന്നും അതിനു കാരണം ഇടതുപക്ഷമാണെന്നുമാണല്ലോ അവകാശവാദം. ഇന്നത്തെ പ്രബുദ്ധതെന്താണെന്നത് അവിടെ നില്‍ക്കട്ടെ. മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുണ്ടായ മുന്നേറ്റങ്ങളാണ് കേരളത്തെ മാറ്റി മറച്ചത്. അവ മുകളില്‍ നിന്നായിരുന്നില്ല. എന്നാല്‍ ആ മുന്നേറ്റങ്ങളുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തട്ടിയെടുക്കപ്പെട്ട ചരിത്രമാണ് കാണുന്നത്. ആ നവോത്ഥാനമൊരുക്കിയ മണ്ണില്‍ സ്വയം പടുത്തുയര്‍ത്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നീട് ആ കടമ കൈയൊഴിഞ്ഞു. തുടര്‍ന്ന് സംഭവിച്ചതെല്ലാം കക്ഷി രാഷ്ട്രീയവും മുന്നണി രാഷ്ടീയവുമായിരുന്നു. ഏറ്റവും അടിത്തട്ടിലായിരുന്ന ദളിത് ആദിവാസി വിഭാഗങ്ങളിലേക്ക് ഒന്നുമെത്തിയില്ല. നവോത്ഥാനത്തിനുണ്ടാകേണ്ടിയിരുന്ന തുടര്‍ച്ച സ്വത്വരാഷ്ട്രീയമായി അപഹസിക്കപ്പെട്ടു. വര്‍ഗ്ഗരാഷ്ട്രീയത്തെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചു. കേരളം ജാതി – മത ചിന്തകളെ മറികടന്നു എന്ന മിത്ത് സൃഷ്ടിക്കപ്പെട്ടു. ജാതിചിന്തയില്ലാതാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചത് കമ്യൂണിസ്റ്റുകാരായിരുന്നു എന്ന് എം എ ബേബി കഴിഞ്ഞ മാതൃഭൂമി ആഴ്ചപതിപ്പില്‍ പോലും അവകാശപ്പെടുന്നു. എന്നാല്‍ സംഭവിച്ചതെന്താണ്? കുരിപ്പുഴ ശ്രീകുമാര്‍ പറഞ്ഞ പോലെ ഭൂരിപക്ഷം മലയാളികളും രണ്ട് ജോടി ചെരിപ്പുള്‍ വാങ്ങി. മതേതരത്വത്തിന്റെ ചെരുപ്പിട്ട് അവര്‍ പുറത്തിറങ്ങും. വീടിനകത്ത് ജാതി മത ബോധത്തിന്റേയും. ആധുനിക കേരളത്തിന്റെ ശി്ല്‍പ്പിയെന്ന് ഘോഷിക്കപ്പെടുന്ന ഇഎംഎസിന്റെ നാലുമക്കളും മിശ്രവിവാഹത്തിനുപോലും തയ്യാറായില്ല എന്നിരിക്കെ ഇതേകുറിച്ച് കൂടുതല്‍ വിശദീകരിക്കണോ? അവസാനം ബേബിയുടെ മകനും. ഈ കുറിപ്പെഴുതുമ്പോള്‍ അടുത്തുള്ള സ്‌കൂളില്‍ നടക്കുന്ന എന്‍ എസ് എസ് യോഗത്തില്‍ സംസാരിക്കുന്നത് ഇവിടത്തെ പാര്‍ട്ടി നേതാവാണ്. അവര്‍ണ്ണന്‍ ജാതി പറയുന്നത് പോരാട്ടമായും സവര്‍ണ്ണന്‍ പറയുന്നത് പിന്തിരിപ്പനായും കാണാന്‍ ഇടതുപക്ഷക്കാര്‍ക്ക് കഴിയുന്നില്ല. അതാണല്ലോ ഒരുപാട് നേതാക്കള്‍ ഇപ്പോഴും പേരിനൊപ്പം സവര്‍ണ്ണവാല്‍ കൊണ്ടു നടക്കുന്നത്. ഇപ്പോള്‍ വിവാദമായ കേരളവര്‍മ്മയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് സസ്‌പെന്റ് ചെയ്യപ്പെട്ട ആറു എസ് എഫ് ഐക്കാരില്‍ ഒരാളുടെ പേരിനു പുറകില്‍ നമ്പൂതിരി എന്ന വാലുള്ള കാര്യം അരുന്ധതി അറിഞ്ഞോ? ഇടതുപക്ഷപ്രവര്‍ത്തനം കൊണ്ട് പ്രബുദ്ധമെന്ന് പറയപ്പെടുന്ന അവിടെ ഒരു മുസ്ലിം അധ്യപകനോ ദളിത് അധ്യാപകനോ ഇല്ല. അതിലാരും പ്രതിഷേധിച്ചിട്ടുമില്ല. മഹാരാജാസില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാതായപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ലല്ലോ. പാര്‍ട്ടിയുടെ സവര്‍ണ്ണ നേതൃത്വ പ്രശ്‌നമാകട്ടെ ഏറെ ചര്‍ച്ച ചെയ്തതാണല്ലോ.
തീര്‍ച്ചയായും പോരാട്ടങ്ങളുടെ കാലമാണ് വരുന്നത്. അതുപക്ഷെ കൃത്യമായ പക്ഷം പിടിച്ചായിരിക്കണം.. ദളിത് – ആദിവാസി – സ്ത്രീ പക്ഷം. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോലെ അവരോട് ഐക്യപ്പെടാന്‍ ഇടതുപക്ഷം തയ്യാറായാല്‍ നന്ന്. എന്നാല്‍ അത്തരമൊരു സമീപനം പാര്‍ട്ടി സ്വാധീനം ബാക്കി നില്‍ക്കുന്ന കേരളത്തില്‍ കാണാനില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “അരുന്ധതിയുടെ രാഷ്ട്രീയം

  1. Good article.sitharam yechuriyude abhiprayagal bhaviyil cpm annikalku anusarikedathayi varum

  2. മഹാരാജാസിൽ സ്വയം ഭരണം വന്നപ്പോൾ അതിനെതിരെ സമരം ചെയ്യാൻ ഇടതു വിദ്യാർഥി പ്രസ്ഥാനവും ഇടതു അധ്യാപക പ്രസ്ഥാനവും മാത്രമേ ഉണ്ടായിരുന്നുള്ളൂ , ദയവു ചെയ്തു കണ്ണടച്ച് ഇരുട്ടാക്കരുത് അല്ലെങ്കിൽ ദളിതരെ തെറ്റിദ്ധരിപ്പിക്കരുത്

    • സ്വയംഭരണവിഷയമല്ല സുഹൃത്തെ, ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയം

Leave a Reply