രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയം കൈയൊഴിയുമ്പോള്‍ പൗരസമൂഹമല്ലാതെ മറ്റാര്?
സിവില്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന, വിജയിച്ച കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിചിന്തനം
ഒരു കൊല്ലത്തോളം നീണ്ടുനിന്ന സമരത്തിനുശേഷമാണ് കര്‍ഷക സംഘടനകളുടെ ആവശ്യപ്രകാരം പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായത്. ഗുരുനാനാക്ക് ജയന്തി ദിവസം ടെലിവിഷനില്‍ കൂടി നരേന്ദ്രമോദി തീരുമാനം അറിയിച്ചു. ജനങ്ങളോടുള്ള ഔദാര്യം എന്ന മട്ടില്‍ അനുയായികള്‍ പ്രധാനമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇത്രയേറെ ചര്‍ച്ചകള്‍ക്കും സമരങ്ങള്‍ക്കും കാരണമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭ പാസ്സാക്കാന്‍ എടുത്തത് വെറും മൂന്നു മിനിട്ടാണ്. ചര്‍ച്ച വേണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു-നിയമങ്ങള്‍ പിന്‍വലിക്കണമെന്നതില്‍ രാഷ്ട്രീയ ഐക്യം ഉള്ളതുകൊണ്ട് ചര്‍ച്ച ആവശ്യമില്ല എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
ഇതേ ധാര്‍ഷ്ട്യം തന്നെയായിരുന്നു സെപ്തംബര്‍ 2020 ല്‍ കാര്‍ഷികനിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. സഭാ കമ്മിറ്റികളുടെ സൂക്ഷ്മ പരിശോധന ആവശ്യമുണ്ടെന്നും കാര്‍ഷിക പരിഷ്‌കാരങ്ങളില്‍ രാഷ്ട്രീയ സമവായം ആവശ്യമുണ്ടെന്നുമുള്ള പ്രതിപക്ഷത്തിന്റെ നിലപാട് സര്‍ക്കാര്‍ അന്ന് അംഗീകരിച്ചില്ല. പാര്‍ലമെന്റിലെ ഭൂരിപക്ഷം തങ്ങള്‍ക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങള്‍ പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ട് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കുന്നു എന്ന നിലപാടാണ് മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ പിന്‍തുടരുന്നത്.
ഇത് ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യമെന്നത് തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല, ജനങ്ങളും ജനപ്രതിനിധികളും പൗരസമൂഹവും രാഷ്ട്രീയ സമൂഹവും പങ്കു ചേരുന്ന അനുസ്യൂതമായ പ്രക്രിയയാണത്. പ്രാതിനിധ്യ ജനാധിപത്യത്തില്‍, പ്രത്യേകിച്ചും fistrptsatheptos സംവിധാനത്തില്‍, സഭയിലെ ഭൂരിപക്ഷം എന്നത് ജനതയുടെ സമ്പൂര്‍ണ്ണ പിന്തുണയല്ലല്ലോ! (മുന്നൂറ്റി മൂന്ന് സീറ്റ് ലോക്സഭയില്‍ കിട്ടിയെങ്കിലും സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ബിജെപിക്ക് ലഭിച്ചത് നാല്പത് ശതമാനത്തില്‍ താഴെ മാത്രം വോട്ടുകളാണ്. അറുപതു ശതമാനം വോട്ടര്‍മാര്‍ ആ പാര്‍ട്ടിയെ അംഗീകരിച്ചില്ല എന്നും തിരഞ്ഞെടുപ്പ് ഫലത്തെ വ്യാഖ്യാനിക്കാം.) അതുകൊണ്ടാണ് ഭരണം എന്നത് പാര്‍ലമെന്ററി പ്രതിപക്ഷവുമായും പൊതുസമൂഹവുമായുള്ള നിലയ്ക്കാത്ത സംഭാഷണമാകണം എന്നു നമ്മള്‍ നിഷ്‌ക്കര്‍ഷിക്കുന്നത്. ഇതിന് തയ്യാറാകാത്ത ഭരണകൂടങ്ങള്‍ പാര്‍ലമെന്റേതര പ്രതിപക്ഷവുമായി കൊമ്പുകോര്‍ക്കേണ്ടിവരും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സമരത്തിനെത്തിയ കര്‍ഷകര്‍ ഒരു സംഘടിത വര്‍ഗ്ഗം ആയിരുന്നില്ല. സമരത്തില്‍ കൂടിയാണ് നിരവധി യൂണിയനുകള്‍ പ്രതിനിധീകരിച്ചിരുന്ന കര്‍ഷകര്‍ ഒരു കൂട്ടായ്മയായി രൂപപ്പെട്ടത്. പഞ്ചാബ്-ഹരിയാന-പടിഞ്ഞാറന്‍ യുപി പ്രദേശത്ത് സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതിയോട് വലിയ എതിര്‍പ്പുണ്ടായി. അങ്ങനെയാണ് ദില്ലി അതിര്‍ത്തിയില്‍ തുടങ്ങിയ സമരം ഒരു ജനകീയ പ്രക്ഷോഭത്തിന്റെ രൂപം കൈവരിക്കുന്നത്. അതിന്റെ നേതൃത്വം എടുക്കാന്‍ എന്നല്ല പാര്‍ട്ടിക്കൊടിയുമായി പങ്കെടുക്കാന്‍ പോലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരെ സമരക്കാര്‍ അനുവദിക്കുകയുണ്ടായില്ല. അങ്ങനെ നോക്കുമ്പോള്‍ സിവില്‍ സമൂഹം നേതൃത്വം നല്‍കിയ പ്രക്ഷോഭമായിട്ടുവേണം നമ്മള്‍ ഈ സമരത്തെ വിലയിരുത്തേണ്ടത്.
സിവില്‍-പൊളിറ്റിക്കല്‍ സമൂഹങ്ങള്‍ എന്ന വേര്‍തിരിവ് അംഗീകരിക്കുമ്പോള്‍ തന്നെ വളരെ പൊളിറ്റിക്കലായ ഒരു വിഷയത്തെ പൊളിറ്റിക്കല്‍ സമൂഹത്തിന്റെ വാന്‍ഗാര്‍ഡ് എന്ന് വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ടാണ് സമരം അരങ്ങേറിയത്. ഇതിലൊരു വൈരുദ്ധ്യം കാണാവുന്നതാണ്. തന്റെ Citizenship & it’s discontents: An indian history എന്ന പുസ്തകത്തില്‍ നീരജ ഗോപാല്‍ ജയാല്‍ ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയ സമൂഹം യാഥാര്‍ത്ഥ്യമാക്കിയ പൗരാവകാശങ്ങള്‍ ശക്തിപ്പെടവേ രാഷ്ട്രീയ സമൂഹത്തിന് വിശ്വാസ്യത ഇല്ലാതാവുന്ന അവസ്ഥ ജനാധിപത്യത്തിന്റെ പ്രതിസന്ധിയെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. അണ്ണാഹസാരെ സമരകാലത്ത് ഈ വൈരുദ്ധ്യം വളരെ തീക്ഷ്ണമായി പുറത്തുവരികയുണ്ടായി. പാഠഭേദത്തിന്റെ പേജുകളില്‍ അന്ന് ഈ വിഷയത്തെക്കുറിച്ച് എഴുതുകയുണ്ടായി- ”രാഷ്ട്രീയക്കാര്‍ മരിച്ചു, രാഷ്ട്രീയം നീണാള്‍ വാഴട്ടെ” എന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍.
അടിയന്തിരാവസ്ഥാ ദശകമായിരിക്കണം ഇന്ത്യന്‍ സാഹചര്യത്തില്‍ സിവില്‍സമൂഹം സജീവമായിത്തുടങ്ങിയ കാലം. മുഖ്യധാരാ രാഷ്ട്രീയത്തിന് പ്രതിപക്ഷമായി നില്‍ക്കുമ്പോഴുള്ള പരിമിതികള്‍ വെളിവായ കാലമായിരുന്നല്ലോ അടിയന്തിരാവസ്ഥാദിനങ്ങള്‍. ഭരണകൂടം സമഗ്രാധിപത്യത്തിന്റെ സ്വഭാവം കൈക്കൊള്ളുമ്പോള്‍ എന്തു രാഷ്ട്രീയ പ്രവര്‍ത്തനമാണ് സാധ്യമാവുക എന്ന ചോദ്യം അന്ന് ഉയരുകയുണ്ടായി. എന്നു മാത്രമല്ല അടിയന്തിരാവസ്ഥയുടെ പാഠങ്ങള്‍ പൗരസമൂഹത്തെ രാഷ്ട്രീയ സമൂഹത്തിന്നുപരിയായി ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തിരിച്ചറിയാന്‍ സഹായിച്ചു. പൗരാവകാശ സംഘടനകളും കോടതിയും ആക്ടിവിസ്റ്റ് സ്വഭാവമുള്ള പത്രപ്രവര്‍ത്തനവും ഇന്ത്യനവസ്ഥയുടെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളെ ചര്‍ച്ചയ്ക്ക് എടുത്തു. ജാതിപീഢനത്തിന്റെ, സ്ത്രീധന മരണങ്ങളുടെ, ഭൂമി തട്ടിപ്പുകളുടെ, സര്‍ക്കാര്‍ അഴിമതിയുടെ കഥകളും അവയെ മുന്‍നിര്‍ത്തിയുള്ള സമരങ്ങളും ഇന്ത്യയെമ്പാടും ശക്തിപ്രാപിക്കുന്നത് അങ്ങനെയാണ്. എണ്‍പതുകള്‍ മുതല്‍ക്ക് ഭരണകൂടവും ഭരണവര്‍ഗ്ഗവും കൈക്കൊണ്ടുപോന്ന വികസനസങ്കല്പവും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.
ഇന്ത്യന്‍ സ്റ്റേറ്റിന്റെ അതുവരെയുണ്ടായിരുന്ന അപ്രമാദിത്വം ജനവിരുദ്ധമാണ് എന്ന രാഷ്ട്രീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നത് പൗരസമൂഹമാണ്. ഭരണം കൈയ്യാളുന്നവര്‍ പ്രത്യയശാസ്ത്ര ഭേദമന്യേ സ്റ്റേറ്റിന്റെ താല്പര്യങ്ങളെ ജനങ്ങളുടെ താല്പര്യങ്ങളായി കണ്ടുതുടങ്ങുന്നുവെന്നും അത് മിക്കപ്പോഴും അടിസ്ഥാന വര്‍ഗ്ഗങ്ങളുടേയും പിന്നോക്ക ജാതികളുടേയും ചെറുകിട കര്‍ഷകരുടേയും ഭൂരഹിതരുടേയും ഒക്കെ താല്പര്യത്തെ അവഗണിക്കുന്നു എന്ന തിരിച്ചറിവ് പൗരസമൂഹം സൃഷ്ടിച്ചെടുത്തതാണ്. പൗര സമൂഹത്തിന്റെ സമ്മര്‍ദ്ദം പലപ്പോഴും കോണ്‍ഗ്രസ്സിന് ശക്തിക്ഷയം സംഭവിച്ചു തുടങ്ങിയതോടെ പുതിയതരം നിയമനിര്‍മ്മാണങ്ങള്‍ സാധ്യമാക്കി തുടങ്ങി. ഭൂമി, സ്ത്രീ, ആദിവാസി, ദളിത്, പൗരാവകാശങ്ങള്‍ ഇവയൊക്കെ മുന്‍നിര്‍ത്തി ഉണ്ടായിട്ടുള്ള നിയമനിര്‍മ്മാണങ്ങള്‍ പൗരസമൂഹത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടായവയാണ്. Apspa,pota,tada നിയമങ്ങളും സ്റ്റേറ്റ് നിഷ്‌ക്കര്‍ഷിച്ചുപോന്ന ദേശീയതയെക്കുറിച്ചും ദേശസ്നേഹത്തെക്കുറിച്ചും ഒക്കെയുള്ള പരികല്പനകളും ഇക്കാലയളവില്‍ പൗരസമൂഹത്തിന്റെ മുന്‍കൈയ്യില്‍ ചോദ്യം ചെയ്യപ്പെടുകയുണ്ടായി.
ഈ വേര്‍തിരിവ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിച്ചത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. വോട്ടര്‍മാര്‍ പൗരസമൂഹത്തിന്റെ പ്രതിനിധികളാണ് തങ്ങള്‍ എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടല്ല തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത്. പൗരസമൂഹവും രാഷ്ട്രീയസമൂഹവും തമ്മില്‍ കൃത്യമായ ഒരു വേര്‍തിരിവ് വോട്ടര്‍മാര്‍ കാണുന്നുണ്ട്. പൗരസമൂഹം ഭരണപക്ഷത്തിനെതിരെ സൃഷ്ടിച്ചുവെക്കുന്ന വികാരം രാഷ്ട്രീയ(പാര്‍ട്ടി) പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പുകളില്‍ അനുകൂലമാകാറുണ്ട്. എന്നാല്‍ പൗരസമൂഹത്തിന്റെ പ്രതിനിധികളോ വക്താക്കളോ ആയി ഈ രാഷ്ട്രീയപാര്‍ട്ടികളെ കാണാന്‍ ജനങ്ങള്‍ തയ്യാറല്ല.
അണ്ണാ ഹസാരേ പ്രസ്ഥാനം ഒരു നല്ല ഉദാഹരണമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടം നല്‍കാതെ ഗാന്ധിയന്‍ പരിവേഷവുമായി അഴിമതിക്കെതിരെ അണ്ണാ ഹസാരെ സത്യാഗ്രഹമിരിക്കുന്നു. യുപിഎ ഭരണത്തിന്റെ അഴിമതിക്കഥകള്‍ പത്രമാധ്യമങ്ങളില്‍ അന്ന് നിറഞ്ഞുനിന്നിരുന്നു. സര്‍ക്കാര്‍ അഴിമതിയുടെ പര്യായം തന്നെയാണ് എന്ന വിശ്വാസം ജനതയില്‍ രൂഢമൂലമായ കാലമായിരുന്നു അത്. അണ്ണാഹസാരേ സ്ഥാപിച്ചെടുത്ത ‘അഴിമതിവിരുദ്ധ’ വികാരം യുപിഎ സര്‍ക്കാരിന്റെ പരാജയത്തിന്റെ മുഖ്യകാരണമായി. ഹിന്ദിയില്‍ ‘മാഹോല്‍’എന്നും ‘ഹവാ’ എന്നും വിശേഷിപ്പിക്കാറുള്ള രാഷ്ട്രീയ കാലാവസ്ഥ പലപ്പോഴും പൗരസമൂഹത്തിന്റെ സൃഷ്ടിയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുപിഎയുടെ കാലത്ത് പൗരസമൂഹവുമായി സംവദിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചത്. അണ്ണാഹസാരേ പ്രസ്ഥാനത്തെ അന്നത്തെ സര്‍ക്കാര്‍ സമീപിച്ചതും അങ്ങനെ തന്നെ. ബിജെപിയാകട്ടെ കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ നിന്നും പഠിച്ച മുഖ്യപാഠം പൗരസമൂഹത്തിനെ തലയുയര്‍ത്താന്‍ അനുവദിക്കരുത് എന്നതായിരുന്നു. പൗരസമൂഹത്തെ ദേശവിരുദ്ധം എന്ന പരികല്പനയിലേക്ക് ചുരുക്കി വായിക്കാനാണ് ബിജെപി നേതൃത്വം ശ്രമിച്ചുപോരുന്നത്. സമഗ്രാധിപത്യ പ്രവണതയുള്ള എല്ലാ ഭരണാധികാരികളും ഭരണകൂടവും പൗരസമൂഹത്തെ മുഖ്യ പ്രതിപക്ഷമായി കണ്ടുകൊണ്ട് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. കര്‍ഷക സമരത്തോട് ഇത്രനാളും മോദി സര്‍ക്കാര്‍ പിന്തുടര്‍ന്നുപോന്ന നയം പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാവും.
ഈ സന്ദര്‍ഭത്തില്‍ നിന്നുകൊണ്ട് ദേശീയ സുരക്ഷാ മേധാവിയായി അജിത് ദോവല്‍ ഈയ്യടുത്ത് നടത്തിയ ഒരു പ്രഭാഷണത്തെ വിലയിരുത്തേണ്ടതുണ്ട്. ഐപിഎസ് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് ദോവല്‍ ഇങ്ങനെ പറയുകയുണ്ടായി: wars are no longer an effective instrument for achieving political or military means .but it is the civil osciety that can b subverted,suborned ,that can b divided to hurt the intest of a nation…
പൗരസമൂഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് ദോവല്‍ ചെയ്യുന്നത്. മോദി സര്‍ക്കാര്‍ ഇതുവരെയായി ചെയ്തുപോന്നിരിക്കുന്ന പല നടപടികളേയും ഈ പ്രസ്താവന വിശദീകരിക്കുന്നുണ്ട്. ദോവല്‍ മറ്റൊരു കാര്യം കൂടി പറയുകയുണ്ടായി: ജനാധിപത്യത്തിന്റെ കാതല്‍ തിരഞ്ഞെടുപ്പല്ല, ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളാണ്. നിയമങ്ങളേക്കാള്‍ പ്രധാനം അവയുടെ അനുശാസനമാണ്.
പൗരാവകാശ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളോടും കാര്‍ഷിക ബില്ലിനെതിരെ നടന്ന സമരത്തോടുമൊക്കെ മോദി സര്‍ക്കാര്‍ പ്രതികരിച്ചത് അതിരൂക്ഷമായാണ്. യുഎപിഎ പോലുള്ള കാടന്‍ നിയമങ്ങളും അറസ്റ്റുകളും പൊതുമധ്യത്തില്‍ അവഹേളനങ്ങളുമൊക്കെക്കൊണ്ട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ തകര്‍ക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ പാസ്സാക്കിയ നിയമങ്ങളെ എതിര്‍ക്കാന്‍ പൗരസമൂഹത്തിന് അവകാശമില്ലെന്നും എതിര്‍ക്കുന്ന പക്ഷം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതില്‍ തെറ്റില്ലെന്നും ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നു. സര്‍ക്കാരിനെ എതിര്‍ക്കുക എന്നത് രാജ്യത്തെ എതിര്‍ക്കുന്നതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഇതൊരു രാഷ്ട്രീയ നിലപാടാണ്.
നിരന്തര പ്രതിപക്ഷമായി തുടരേണ്ടുന്ന പൗരസമൂഹത്തിനുള്ള വെല്ലുവിളി ദോവലിന്റെ പ്രസ്താവനയില്‍ തെളിഞ്ഞു കാണുന്നുണ്ട്. ദോവലിന്റെ നിലപാട് ഭരണകൂടത്തിന്റെ നിലപാടാണ് എന്നും തിരിച്ചറിയേണ്ടതുണ്ട്.
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in